Sunday, May 20, 2012

കക്കയം ക്യാമ്പിന്റെ പ്രേതം

ഒന്‍പതാം ഭാഗം: കരള്‍ പിളര്‍ത്തിയ ഗ്രൂപ്പുവൈരം

പാടിക്കുന്നിന്റെ വിശാലതയില്‍ ഒരു ചുവന്ന പൊട്ടായി അകലെ നിന്നുതന്നെ ചെങ്കൊടി കാണാം. പൊലീസിനെ ഉപയോഗിച്ചു കോണ്‍ഗ്രസ് നടത്തിയ കൂട്ടക്കൊലയുടെ സ്മാരകമാണ് ആ ചുവപ്പ്. 1950 മെയ് മൂന്നിന് അര്‍ധരാത്രിയാണ് പാടിക്കുന്നില്‍ മൂന്ന് കമ്യൂണിസ്റ്റുകാരെ മലബാര്‍ സ്പെഷ്യല്‍ പൊലീസ് വെടിവച്ചുകൊന്നത്. പൊലീസുമായി ഏറ്റുമുട്ടി മൂന്ന് കമ്യൂണിസ്റ്റുകാര്‍ മരിച്ചെന്നാണ് പ്രചരിപ്പിക്കപ്പെട്ടത്. ചിറക്കല്‍ താലൂക്കില്‍ ചുവപ്പുപടര്‍ന്ന കാലം.

1940ല്‍ തന്നെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ രഹസ്യകേന്ദ്രം പ്രവര്‍ത്തിച്ചുതുടങ്ങിയ, "മുന്നോട്ട്" എന്ന രഹസ്യ മാസിക ഇറക്കിയ, കര്‍ഷക- കമ്യൂണിസ്റ്റ് മുന്നേറ്റങ്ങള്‍ കൊടുങ്കാറ്റായി ആഞ്ഞടിച്ച ചിറക്കല്‍ പുത്തന്‍ ഭരണാധികാരികളുടെ മനസ്സില്‍ തീകോരിയിട്ടു. അവിടത്തെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ വേരറുക്കാന്‍ കോണ്‍ഗ്രസ്- പൊലീസ് ഗൂഢാലോചന രൂപപ്പെട്ടു. പ്രധാന പ്രവര്‍ത്തകരെ കൊല ചെയ്ത് ഭീഷണി പടര്‍ത്തണമെന്നായിരുന്നു തീരുമാനം. കള്ളക്കേസില്‍ കസ്റ്റഡിയിലെടുത്തവരില്‍ "അപകടകാരികളെ" കൊല്ലാന്‍ നിശ്ചയിച്ചു. കയരളത്തെ പൊലീസ് ക്യാമ്പില്‍ നിന്ന് ഗോപാലനെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രൈരു നമ്പ്യാര്‍, കുട്ട്യപ്പ എന്നിവരെയും പാടിക്കുന്നിലെത്തിച്ചു. നിരായുധരും നിസ്സഹായരുമായ സഖാക്കളെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റേ നേര്‍ക്കുനേര്‍ വെടിവച്ചുകൊന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരായ രൈരു നമ്പ്യാരെയും കുട്ട്യപ്പയെയും പൊലീസും കോണ്‍ഗ്രസ് നേതൃത്വവും കള്ളജാമ്യത്തിലെടുത്താണ് പുറത്തിറക്കിയത്. രാഷ്ട്രീയാവശ്യത്തിനുവേണ്ടി പൊലീസിനെ വേട്ടമൃഗങ്ങളാക്കിയതിന്റെ ആദ്യാനുഭവങ്ങളിലൊന്ന്.

1948ല്‍ കണ്ണൂര്‍ ചേലേരിയിലെ കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ പി സി അനന്തന്‍ എന്ന ഇരുപതുകാരനെ കൊല്ലാക്കൊല ചെയ്ത് പായയില്‍ കെട്ടി വളപട്ടണം പുഴയില്‍ എറിഞ്ഞുകൊന്നതും കോണ്‍ഗ്രസ്- പൊലീസ് കൂട്ടുകെട്ടായിരുന്നു. പൂഴ്ത്തിവയ്പിനെതിരായ സമരം ചേലേരിയിലും നടന്നു. സമരനാളില്‍ സ്ഥലത്തില്ലാതിരുന്ന പി സി അനന്തന്‍ പിറ്റേന്നാണ് ഇരിക്കൂറില്‍ നിന്ന് നടന്ന് നാട്ടിലെത്തുന്നത്. ആനപ്പാപ്പാനായ അച്ഛനെ കാണാനാണ് ഇരിക്കൂറില്‍ പോയത്. പനിപിടിച്ച് നടന്ന് തളര്‍ന്നെത്തിയ അനന്തന്‍ കടയില്‍ നിന്ന് ചായപ്പൊടിയും പഞ്ചസാരയും വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്നു. പൊടുന്നനെ കോണ്‍ഗ്രസ് സംഘം അനന്തനെ വളഞ്ഞു. പിടിച്ചുകെട്ടി ചേലേരി മുതല്‍ കമ്പില്‍ വരെ തല്ലി വീഴ്ത്തിയും പിടിച്ചെഴുന്നേല്‍പ്പിച്ച് വീണ്ടും തല്ലിയും നടത്തിച്ചു. വഴിയില്‍ പൊലീസും ഒപ്പം കൂടി. കമ്പില്‍ പൊലീസ് ക്യാമ്പും കോണ്‍ഗ്രസ് ഓഫീസും ഒന്നിച്ചാണ്. അനന്തനെ അവിടെ കൊണ്ടിട്ട് മര്‍ദനം തുടര്‍ന്നു. മരിച്ചിട്ടുണ്ടാകുമെന്നു കരുതി പായയില്‍ കെട്ടി പുഴയില്‍ ഒഴുക്കി. കമ്പില്‍- കയരളം പൊലീസ് ക്യാമ്പുകള്‍ കോണ്‍ഗ്രസിന് ഇന്നും മാതൃക തന്നെ.

വടകരയിലെ പൊലീസ് ക്യാമ്പിലും ഇന്ന് പുതിയ കഥകള്‍ പിറക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ ഇത്തരം ക്യാമ്പുകള്‍ പുതിയതല്ല. 1976 ഫെബ്രുവരി 28നു ചിലര്‍ കായണ്ണ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് ഒരു തോക്ക് കവര്‍ന്നു. ആ കേസ് തെളിയിക്കാനാണ്, കക്കയത്ത് പൊലീസ് ക്യാമ്പ് സ്ഥാപിച്ചത്. പലരെയും പിടിച്ചു; ചോദ്യംചെയ്തു. സൂചനയൊന്നും കിട്ടിയില്ല. മര്‍ദനത്തിന്റെ പുതിയ രീതികള്‍ ഓരോ ശരീരത്തിലും പരീക്ഷിക്കപ്പെട്ടു. റീജണല്‍ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് കേസുമായി ബന്ധമുണ്ടോ എന്ന് പൊലീസ് സംശയിച്ചു. സ്റ്റേഷന്‍ ആക്രമണം നടന്ന 1976 ഫെബ്രുവരി 28നു രാത്രി പി രാജന്‍ ഫാറൂഖ് കോളേജില്‍ കലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോണ്‍ യൂത്ത്ഫെസ്റ്റിവലിലായിരുന്നു. പിറ്റേന്നു രാവിലെ ആര്‍ഇസി ഹോസ്റ്റല്‍ മുറ്റത്ത് കോളേജ് ബസില്‍ കൂട്ടുകാരോടൊപ്പം വന്നിറങ്ങിയ രാജനെ പൊലീസ് പിടിച്ച് കക്കയം ക്യാമ്പിലേക്ക് കൊണ്ടുപോയി. നിരപരാധിത്വം കരഞ്ഞുപറഞ്ഞിട്ടും വിട്ടില്ല. തല്ലിയും ഇടിച്ചും ഉരുട്ടിയും അവര്‍ ആ ചെറുപ്പക്കാരന്റെ ജീവനെടുത്തു. മൃതദേഹം എവിടെ നശിപ്പിച്ചെന്ന് ഇന്നും അറിയില്ല. കൊലപാതകികള്‍ കോണ്‍ഗ്രസിന്റെ ചിറകില്‍ സുരക്ഷിതരായി. അതിലൊരാള്‍ ഇന്ന് മറ്റൊരു കേസില്‍ ജീവപര്യന്തം തടവിലാണ്- വര്‍ഗീസ് വധത്തിന് ഉത്തരവിട്ട അന്നത്തെ ഡിവൈഎസ്പിയും പിന്നത്തെ ഐജിയുമായ ലക്ഷ്മണ.

ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം പുരോഗമിക്കുമ്പോള്‍ കക്കയം ക്യാമ്പിന്റെയും വര്‍ഗീസ് വധത്തിന്റെയും സ്മരണകള്‍ ഉണരുകയാണ്. അടിയന്തരാവസ്ഥയ്ക്കു മുമ്പാണ് വര്‍ഗീസ് കൊല്ലപ്പെട്ടത്. സിപിഐ എം വിട്ട് തീവ്രവാദത്തിന്റെ വഴിയിലൂടെയാണ് വര്‍ഗീസ് നടന്നത്. പാര്‍ടിയുടെ ശത്രുപാളയത്തില്‍. അദ്ദേഹത്തെ പൊലീസ് പിടിച്ചുകെട്ടി വെടിവച്ചുകൊന്നു. ഏറ്റുമുട്ടലില്‍ വര്‍ഗീസ് കൊല്ലപ്പെട്ടെന്ന് സര്‍ക്കാരും മാധ്യമങ്ങളും പറഞ്ഞു. സിപിഐ എം മാത്രമാണ്; ദേശാഭിമാനി മാത്രമാണ് വര്‍ഗീസിനെ ക്രൂരമായി കൊല്ലുകയായിരുന്നെന്ന് വിളിച്ചുപറഞ്ഞത്. ആ കൊലപാതകത്തില്‍ ശക്തമായി പ്രതിഷേധിച്ച് സത്യം വിളിച്ചുപറഞ്ഞ പാര്‍ടിയെ മലയാളമനോരമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ അപഹസിച്ചു. "ഏറ്റുമുട്ടലിന്റെ" സങ്കല്‍പ്പകഥകള്‍ അവര്‍ ആവര്‍ത്തിച്ചുറപ്പിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം രാമചന്ദ്രന്‍നായര്‍ എന്ന പൊലീസുകാരന്റെ കുറ്റസമ്മതം വന്നപ്പോഴാണ്, സിപിഐ എം പറഞ്ഞതാണ് ശരി എന്ന് അവര്‍ക്ക് സമ്മതിക്കേണ്ടിവന്നത്.

വര്‍ഗീസ് വധക്കേസിലെന്ന പോലെ വ്യാജ പ്രചാരണവും രാജന്‍ കേസിലെന്ന പോലെ പൊലീസിന്റെ അഴിഞ്ഞാട്ടവുമാണ് വടകരയിലും. കസ്റ്റഡിയിലെടുക്കുന്ന ആളെ 24 മണിക്കൂറിനകം കോടതിയില്‍ ഹാജരാക്കുകയോ വിട്ടയക്കുകയോ വേണമെന്നാണ് നിയമം. സിപിഐ എം കൂത്തുപറമ്പ് ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറി സി ബാബുവിനെ കസ്റ്റഡിയിലെടുത്ത് നേരത്തോടുനേരമായിട്ടും വിടാന്‍ തയ്യാറായില്ല. കോടതിയില്‍ എത്തിച്ചതുമില്ല. അതു ചൂണ്ടിക്കാട്ടി പൊലീസ് ക്യാമ്പിനു മുന്നില്‍ കുത്തിയിരുന്ന അഭിഭാഷകര്‍ക്കെതിരെ കേസ്, ഭീഷണി, കേസില്‍ ഇടപെടുന്നുവെന്ന ആരോപണവും. അടിയന്തരാവസ്ഥയുടെ പ്രേതം വടകരയില്‍ ചുറ്റിത്തിരിയുകയാണ്. പൊലീസ് ചോദ്യംചെയ്യല്‍ രഹസ്യമാണ്. ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങളെന്ന പേരില്‍ ഓരോ ദിവസവും മനോരമയും മാതൃഭൂമിയും കഥകള്‍ കൊണ്ടുവരുന്നു. പൊലീസ് ഉദ്യോഗസ്ഥരില്‍ മാധ്യമപ്രവര്‍ത്തകരില്ല. പിന്നെങ്ങനെ ചില മാധ്യമങ്ങള്‍ക്കുമാത്രം ചോദ്യംചെയ്യലിന്റെയും അന്വേഷണത്തിന്റെയും വിവരങ്ങള്‍ തുടര്‍ച്ചയായി കിട്ടുന്നു? ജയറാം പടിക്കലും മധുസൂദനും ലക്ഷ്മണയുമെല്ലാം പുനര്‍ജനിക്കുകയാണ് വടകരയില്‍. (അവസാനിക്കുന്നില്ല)

*
പി.എം.മനോജ് ദേശാഭിമാനി 20 മേയ് 2012

അവസാന ഭാഗം: തന്തൂരി അടുപ്പിലെ മാംസഗന്ധം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം പുരോഗമിക്കുമ്പോള്‍ കക്കയം ക്യാമ്പിന്റെയും വര്‍ഗീസ് വധത്തിന്റെയും സ്മരണകള്‍ ഉണരുകയാണ്. അടിയന്തരാവസ്ഥയ്ക്കു മുമ്പാണ് വര്‍ഗീസ് കൊല്ലപ്പെട്ടത്. സിപിഐ എം വിട്ട് തീവ്രവാദത്തിന്റെ വഴിയിലൂടെയാണ് വര്‍ഗീസ് നടന്നത്. പാര്‍ടിയുടെ ശത്രുപാളയത്തില്‍. അദ്ദേഹത്തെ പൊലീസ് പിടിച്ചുകെട്ടി വെടിവച്ചുകൊന്നു. ഏറ്റുമുട്ടലില്‍ വര്‍ഗീസ് കൊല്ലപ്പെട്ടെന്ന് സര്‍ക്കാരും മാധ്യമങ്ങളും പറഞ്ഞു. സിപിഐ എം മാത്രമാണ്; ദേശാഭിമാനി മാത്രമാണ് വര്‍ഗീസിനെ ക്രൂരമായി കൊല്ലുകയായിരുന്നെന്ന് വിളിച്ചുപറഞ്ഞത്. ആ കൊലപാതകത്തില്‍ ശക്തമായി പ്രതിഷേധിച്ച് സത്യം വിളിച്ചുപറഞ്ഞ പാര്‍ടിയെ മലയാളമനോരമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ അപഹസിച്ചു. "ഏറ്റുമുട്ടലിന്റെ" സങ്കല്‍പ്പകഥകള്‍ അവര്‍ ആവര്‍ത്തിച്ചുറപ്പിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം രാമചന്ദ്രന്‍നായര്‍ എന്ന പൊലീസുകാരന്റെ കുറ്റസമ്മതം വന്നപ്പോഴാണ്, സിപിഐ എം പറഞ്ഞതാണ് ശരി എന്ന് അവര്‍ക്ക് സമ്മതിക്കേണ്ടിവന്നത്.