Tuesday, May 8, 2012

ചരിത്രമെഴുതി ഫ്രാന്‍സും

സില്‍വിയോ ബെര്‍ലുസ്കോണി, ഗോര്‍ഡന്‍ ബ്രൗണ്‍ എന്നീ പ്രമാണിമാരടക്കം 10 ഭരണാധികാരികള്‍ യൂറോപ്പില്‍ മൂന്നുവര്‍ഷത്തിനിടെ പുറത്താകുന്നതിനിടയാക്കിയത് ഭൂഖണ്ഡത്തെ അഗാധമായ കുഴപ്പത്തിലാക്കിയ സാമ്പത്തിക പ്രതിസന്ധിയാണ്. ഇപ്പോള്‍ അതിന്റെ പ്രഹരം യൂറോപ്പിന്റെ ഹൃദയഭൂമിയായ ഫ്രാന്‍സിലും എത്തിയിരിക്കുന്നു. എലിസി കൊട്ടാരത്തില്‍ രണ്ടാം ഊഴം തേടിയ നിക്കോളാസ് സര്‍ക്കോസിയുടെ അധികാരഗര്‍വിന് കനത്ത പ്രഹരമേല്‍പ്പിച്ച് സോഷ്യലിസ്റ്റ് പാര്‍ടിയുടെ ഫ്രാന്‍സ്വാ ഓളന്ദ് ഫ്രഞ്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 17 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇവിടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് വിജയം.

2008ല്‍ അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ട് വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്ന സാമ്പത്തിക പ്രതിസന്ധിയുടെയും 2009 മുതല്‍ യൂറോപ്യന്‍ രാജ്യങ്ങളെ വലയ്ക്കുന്ന വായ്പാ പ്രതിസന്ധിയുടെയും ആഘാതം എത്ര രൂക്ഷമാണെന്നതിന് മികച്ച ദൃഷ്ടാന്തമാണ് സര്‍ക്കോസിയുടെ പതനം. 1981ല്‍ വലേറി ഷിസ്കാദ് ദെസ്താങ്ങിനുശേഷം ഒറ്റ ഊഴംമാത്രം ഭരിക്കാനായ പ്രസിഡന്റാണ് സര്‍ക്കോസി. യൂറോപ്യന്‍ രാജ്യങ്ങളിലെ വായ്പാപ്രതിസന്ധിക്ക് പരിഹാരമായി നിര്‍ദേശിക്കപ്പെടുന്ന, പല ജനക്ഷേമ പദ്ധതിയും വെട്ടിക്കുറയ്ക്കണമെന്ന് ശഠിക്കുന്ന, കടുത്ത ചെലവുചുരുക്കല്‍ നയത്തിന്റെ പ്രധാന വക്താക്കളില്‍ ഒരാളാണ് സര്‍ക്കോസി. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെക്കൊണ്ട് ചെലവുചുരുക്കല്‍ നടപ്പാക്കിക്കാനുള്ള ധന ഉടമ്പടി അംഗീകരിപ്പിക്കുന്നതിന് മുന്‍കൈയെടുത്തത് സര്‍ക്കോസിയും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലുമാണ്. യൂറോപ്പിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തികശക്തികളെ ഭരിച്ചുവന്ന ഇവര്‍ ചേര്‍ന്ന വലതുപക്ഷ കൂട്ടുകെട്ട് "മെര്‍ക്കോസി" എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്. ആ സഖ്യം തകര്‍ത്ത് ഇപ്പോള്‍ ഫ്രാന്‍സില്‍ വലതുപക്ഷം അധികാരത്തിനു പുറത്താകുന്നത് ഭൂഖണ്ഡത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക നിലപാടുകളില്‍ കാര്യമായ മാറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കാനാകില്ലെങ്കിലും അവര്‍ക്ക് ഇന്നത്തെ നിലയില്‍ മുന്നോട്ടുപോകാനാകില്ലെന്നതിന്റെ സൂചനകള്‍ വന്നുകഴിഞ്ഞു. ഫ്രാന്‍സിലെ സോഷ്യലിസ്റ്റ് വിജയം ജര്‍മനിയില്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം എന്താകുമെന്നതിന്റെ സൂചനയുമാകാം.

ഫ്രാന്‍സില്‍ തൊഴിലില്ലായ്മ ഇപ്പോള്‍ 10 ശതമാനത്തിനപ്പുറമാണ്. 13 വര്‍ഷത്തിനിടയിലെ ഏറ്റവുമുയര്‍ന്ന തൊഴിലില്ലായ്മയാണ് ഇത്. രാജ്യത്തിന്റെ കടം മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 90 ശതമാനത്തിലധികമാണ്. അതായത് 1,70,000 കോടി യൂറോ (1.17 കോടിക്കോടി രൂപ, അതായത് 15 അക്ക സംഖ്യ). ബജറ്റ് കമ്മി യൂറോമേഖലാ രാജ്യങ്ങളില്‍ (യൂറോ നാണ്യമായ രാജ്യങ്ങള്‍) ജിഡിപിയുടെ മൂന്നു ശതമാനത്തില്‍ അധികമാകരുതെന്ന് നിഷ്കര്‍ഷിച്ചിരിക്കുമ്പോള്‍ ഫ്രാന്‍സില്‍ അത് 5.2 ശതമാനമാണ്. കൂനിന്‍മേല്‍ കുരു എന്നപോലെയാണ് ലോകത്തെ പ്രധാന റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേഡ് ആന്‍ഡ് പുവേഴ്സ് ഫ്രാന്‍സിന്റെ വായ്പാക്ഷമത "എഎഎ"യില്‍ നിന്നു താഴ്ത്തിയത്.

ഈ പ്രതിസന്ധിയില്‍ നിന്നു രക്ഷപ്പെടാന്‍ കടുത്ത ചെലവുചുരുക്കല്‍ വേണമെന്ന് വാദിക്കുന്ന ആളാണ് സര്‍ക്കോസി. എന്നാല്‍, ഇതിനെ എതിര്‍ക്കുന്ന ഫ്രാന്‍സ്വാ ഓളന്ദ് ജനക്ഷേമ, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ പണം മുടക്കുന്നതിനെ തടയുന്ന യൂറോമേഖലാ ധന ഉടമ്പടി പൊളിച്ചെഴുതണമെന്ന് വാദിക്കുന്നു. ഇതിന് മറ്റു രാജ്യങ്ങളുമായി ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ചെലവുചുരുക്കാന്‍ തൊഴിലുകള്‍ വെട്ടിക്കുറച്ച സര്‍ക്കോസിയുടെ നടപടിയില്‍ നിന്ന് വ്യത്യസ്തമായി സര്‍ക്കാരിന്റെ മുന്‍കൈയില്‍ കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് ഓളന്ദിന്റെ പ്രഖ്യാപനം. 60,000 അധ്യാപകര്‍ക്ക് സര്‍ക്കാരിനു കീഴില്‍ തൊഴില്‍ നല്‍കുമെന്നും അതിനുപുറമേ സര്‍ക്കാര്‍ സഹായത്തോടെ ഒന്നരലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. തൊഴിലാളികളുടെ മിനിമം കൂലി വര്‍ധിപ്പിക്കുന്നതിനും 10 ലക്ഷം യൂറോയിലധികം വാര്‍ഷിക വരുമാനമുള്ള സമ്പന്നര്‍ക്ക് 75 ശതമാനം നികുതി ചുമത്തുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ ഓളന്ദ് മുന്നോട്ടുവച്ചിട്ടുണ്ട്.

ചെലവുചുരുക്കലിനല്ല, വളര്‍ച്ചയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. ഈ നിലപാടുകള്‍ വലതുപക്ഷ സാമ്പത്തിക ബുദ്ധികേന്ദ്രങ്ങളെ അസ്വസ്ഥമാക്കുന്നുണ്ട്. രാജ്യത്തിന്റെ സാമ്പത്തികപ്രശ്നങ്ങള്‍ക്ക് ഓളന്ദ് നിര്‍ദേശിക്കുന്ന പരിഹാരമാര്‍ഗങ്ങള്‍ വളരെ മോശം ഉത്തരമാണെന്നാണ് ലണ്ടന്‍ കേന്ദ്രമായുള്ള ധനകാര്യ വാരിക "ഇക്കണോമിസ്റ്റ"് പുതിയ ലക്കത്തില്‍ വിമര്‍ശിക്കുന്നത്. "അപകടകാരിയായ ഓളന്ദിന്റെ" നയങ്ങളെ ഭയക്കണമെന്ന് വാരിക എഴുതുന്നു. സര്‍ക്കോസി അധികാരത്തില്‍ എത്തിയശേഷം ഫ്രാന്‍സ് അന്താരാഷ്ട്രരംഗത്ത് നടത്തിവരുന്ന സാമ്രാജ്യത്വ ഇടപെടലുകളില്‍ നിന്നുള്ള മാറ്റത്തിനും ഓളന്ദിന്റെ വിജയം കാരണമായേക്കുമെന്ന് സൂചനയുണ്ട്. 43 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സര്‍ക്കോസിയാണ് 2009ല്‍ ഫ്രാന്‍സിനെ നാറ്റോയുടെ ഉന്നത കമാന്‍ഡ് സംവിധാനത്തില്‍ തിരിച്ചുകൊണ്ടുവന്നത്. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ലിബിയയില്‍ മുഅമ്മര്‍ ഗദ്ദാഫിയെ അട്ടിമറിക്കാന്‍ നാറ്റോയുടെ ആക്രമണം നയിച്ചത് അമേരിക്കയായിരുന്നില്ല, സര്‍ക്കോസിയുടെ നേതൃത്വത്തില്‍ ഫ്രാന്‍സായിരുന്നു (അഞ്ചുവര്‍ഷം മുമ്പ് സര്‍ക്കോസി പ്രസിഡന്റായത് ഇതേ ഗദ്ദാഫിയില്‍ നിന്ന് ശതകോടിക്കണക്കിനു രൂപ വരുന്ന ഭീമമായ അവിഹിത സംഭാവന പറ്റിയാണെന്ന് ഇത്തവണ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പുറത്തുവന്നത്). സര്‍ക്കോസിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൈപിടിച്ചുയര്‍ത്തിയ മുന്‍ഗാമി ജാക് ഷിറാക്കും വലതുപക്ഷ നേതാവായിരുന്നെങ്കിലും അദ്ദേഹത്തിന്റെ കീഴില്‍ ഫ്രാന്‍സ് ജര്‍മനിയിലെ മധ്യ ഇടത് സോഷ്യല്‍ ഡെമോക്രാറ്റ് സര്‍ക്കാരുമായി ചേര്‍ന്ന് ഇറാഖിലെ അമേരിക്കന്‍ കടന്നാക്രമണത്തെ ശക്തമായി എതിര്‍ത്തിരുന്നു. ഈ പാരമ്പര്യം നശിപ്പിച്ച സര്‍ക്കോസി ഫ്രാന്‍സിനെ പഴയ കോളനിയധിപതിയുടെ പാരമ്പര്യത്തിലാണ് പുനഃസ്ഥാപിച്ചത്. ഇത് തിരുത്തുന്നതിന് സഹായകമായ പ്രഖ്യാപനവും ഓളന്ദില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലുള്ള ഫ്രഞ്ച് സൈനികരെ ഈ വര്‍ഷം തന്നെ തിരികെ കൊണ്ടുവരുമെന്ന അദ്ദേഹത്തിന്റെ നിലപാട് നാറ്റോയുടെ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.

ഫ്രാന്‍സില്‍ ഓളന്ദിന്റെ വിജയം യൂറോപ്യന്‍ യൂണിയന്റെ തലപ്പത്തെ വലതുപക്ഷാധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. അതുകൊണ്ടുതന്നെ അദ്ദേഹം ജയിക്കാതിരിക്കാന്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പരസ്യമായി തന്നെ സര്‍ക്കോസിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രചാരണവേളയില്‍ ഓളന്ദ് മെര്‍ക്കലുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ചോദിച്ചപ്പോള്‍ അതിന് അവര്‍ വിസമ്മതിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഓളന്ദിന്റെ വിജയം യൂറോപ്യന്‍ യൂണിയന്റെ നിലപാടുകളെ എങ്ങനെ സ്വാധീനിക്കുമെന്നാണ് കാണേണ്ടത്. വിശേഷിച്ച് ഇറാനും സിറിയക്കും മറ്റും ഭീഷണി ഉയര്‍ത്തി അമേരിക്കയുടെ നേതൃത്വത്തില്‍ പാശ്ചാത്യലോകം കൂടുതല്‍ ആക്രമണോത്സുകമാകുമ്പോള്‍.

*
എ ശ്യാം ദേശാഭിമാനി 08 മേയ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സില്‍വിയോ ബെര്‍ലുസ്കോണി, ഗോര്‍ഡന്‍ ബ്രൗണ്‍ എന്നീ പ്രമാണിമാരടക്കം 10 ഭരണാധികാരികള്‍ യൂറോപ്പില്‍ മൂന്നുവര്‍ഷത്തിനിടെ പുറത്താകുന്നതിനിടയാക്കിയത് ഭൂഖണ്ഡത്തെ അഗാധമായ കുഴപ്പത്തിലാക്കിയ സാമ്പത്തിക പ്രതിസന്ധിയാണ്. ഇപ്പോള്‍ അതിന്റെ പ്രഹരം യൂറോപ്പിന്റെ ഹൃദയഭൂമിയായ ഫ്രാന്‍സിലും എത്തിയിരിക്കുന്നു. എലിസി കൊട്ടാരത്തില്‍ രണ്ടാം ഊഴം തേടിയ നിക്കോളാസ് സര്‍ക്കോസിയുടെ അധികാരഗര്‍വിന് കനത്ത പ്രഹരമേല്‍പ്പിച്ച് സോഷ്യലിസ്റ്റ് പാര്‍ടിയുടെ ഫ്രാന്‍സ്വാ ഓളന്ദ് ഫ്രഞ്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 17 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇവിടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് വിജയം.