Friday, May 25, 2012

അഴിമതി: കള്ളനാടകങ്ങള്‍ പോരാ

ലോക്പാല്‍- ലോകായുക്ത ബില്‍ മുന്‍നിര്‍ത്തി രാജ്യത്തെയും ജനങ്ങളെയും അപഹസിക്കുന്ന അസംബന്ധ നാടകങ്ങളാണ് പാര്‍ലമെന്റില്‍ തുടരുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഫലത്തില്‍ ബില്‍ ശീതസംഭരണിയിലാക്കുന്ന വിധത്തിലുള്ള രാജ്യസഭയുടെ "സെലക്ട് കമ്മിറ്റിക്കുവിടല്‍" തീരുമാനം. നാല്‍പ്പത്തിരണ്ടുവര്‍ഷമായി നമ്മള്‍ ഈ നിയമനിര്‍മാണത്തെക്കുറിച്ച് കേള്‍ക്കുന്നു. എന്നാല്‍, കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ ഇത്തരമൊരു നിയമനിര്‍മാണത്തിനെതിരാണെന്നതുകൊണ്ടുതന്നെ ബില്‍ നിയമമാകുന്നില്ല. ഒരുവശത്ത് അതിഭീമമായ തോതില്‍ അഴിമതി നടത്തുക; മറുവശത്ത് അഴിമതിക്കെതിരെ പ്രസംഗിക്കുക. ഈ ഇരട്ടത്താപ്പിന്റെ ഇരയായി മാറുകയാണ് ലോക്പാല്‍- ലോകായുക്ത 2011 ബില്‍. ബില്ലിനുണ്ടാകുന്ന ഈ അനിശ്ചിതാവസ്ഥയ്ക്ക് കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ ഉത്തരവാദികളാണ്.

മൊറാര്‍ജിദേശായിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഒന്നാം കോണ്‍ഗ്രസിതര ഭരണത്തിന്റെ കാലത്താണ് അഴിമതിക്കെതിരായി ലോക്പാല്‍ നിയമം എന്ന ആശയം ഉയര്‍ന്നുവന്നത്. സിപിഐ എം ആണ് അന്ന് ആദ്യമായി ഈ ആവശ്യം മുന്നോട്ടുവച്ചത്. വി പി സിങ്ങിന്റെയും ദേവഗൗഡയുടെയും സര്‍ക്കാരുകളുടെ കാലത്ത് ഇത് പ്രാവര്‍ത്തികമാക്കാനുള്ള കാര്യമായ നീക്കങ്ങളുണ്ടായി. എന്നാല്‍, അകാലത്തില്‍ തകര്‍ന്നുപോയ ആ സര്‍ക്കാരുകള്‍ക്ക് കാര്യമായി നടപടി നീക്കാന്‍ കഴിഞ്ഞില്ല. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പിന്തുണയ്ക്കുള്ള ഉപാധിയായി ഇടതുപക്ഷം ഈ നിയമനിര്‍മാണനിര്‍ദേശം മുന്നോട്ടുവച്ചതോടെയാണ് കോണ്‍ഗ്രസിന് തത്വത്തിലെങ്കിലും ഇതിനോട് യോജിക്കുന്നതായി നടിക്കേണ്ടിവന്നതും കരടുബില്ലിന് രൂപം നല്‍കേണ്ടിവന്നതും. എന്നാല്‍, അപര്യാപ്തമായ ബില്ലിനാണ് യുപിഎ സര്‍ക്കാര്‍ രൂപം നല്‍കിയത്. പിന്നീട് സ്പെക്ട്രമടക്കമുള്ള മഹാകുംഭകോണങ്ങള്‍ പുറത്തുവരികയും കോണ്‍ഗ്രസ് നേതൃത്വം പ്രതിക്കൂട്ടിലാകുകയും അതിനെതിരായി വമ്പിച്ച ജനവികാരമുയരുകയും ചെയ്തപ്പോഴാണ് അതിന് മറയിടാനെന്നോണമാണെങ്കിലും ലോക്പാല്‍ ആശയവുമായി വീണ്ടും വരാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമായത്. എന്നാല്‍, ഒരുവിധ ഉദ്ദേശശുദ്ധിയും അതിനുപിന്നിലില്ലായിരുന്നു. നിയമം നിര്‍മിക്കണമെന്ന കാര്യത്തില്‍ ഒരുവിധ ആത്മാര്‍ഥതയുമില്ലായിരുന്നു. നിയമമാകുന്നുവെങ്കില്‍ത്തന്നെ, പല്ലും നഖവുമില്ലാത്ത രൂപത്തിലാകണമത് എന്ന കാര്യത്തില്‍ അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നുതാനും. പ്രധാനമന്ത്രിയെ ലോക്പാല്‍ അധികാരപരിധിയില്‍നിന്ന് ഒഴിച്ചുനിര്‍ത്താനും സര്‍ക്കാര്‍സംവിധാനത്തില്‍നിന്ന് സ്വതന്ത്രമായ അന്വേഷണസംവിധാനം ഏര്‍പ്പെടുത്താതിരിക്കാനും കോണ്‍ഗ്രസ് കാണിച്ച നിര്‍ബന്ധം ഇതാണ് സൂചിപ്പിക്കുന്നത്. എന്നാല്‍, അപര്യാപ്തമായ നിലയില്‍പ്പോലും ആ ബില്‍ നിയമമാകരുത് എന്നു ശഠിക്കുകയാണിപ്പോള്‍ യുപിഎ സര്‍ക്കാര്‍. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ അവതരിപ്പിക്കപ്പെട്ട ബില്‍ നേരിട്ട് നിയമനിര്‍മാണ പ്രക്രിയയിലൂടെ കടന്നുപോകുന്നതിനു പകരം സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്കു പോകട്ടെ എന്നു നിശ്ചയിച്ചത് മനഃപൂര്‍വമായി കാലവിളംബമുണ്ടാക്കാനാണ്. ഏതു ഘട്ടത്തിലും പൊതുതെരഞ്ഞെടുപ്പുണ്ടാകാമെന്നും അതിന് സജ്ജരായി ഇരുന്നുകൊള്ളണമെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി അണികളെ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ അഴിമതിക്കെതിരായ നടപടികളെടുക്കുന്നുണ്ടെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കണം. അതിനുള്ള ചെപ്പടിവിദ്യയായിരുന്നു രാജ്യസഭയിലെ ബില്‍ അവതരണവും തുടര്‍ന്നുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടലും എന്നു മനസിലാക്കാന്‍ വിഷമമില്ല. ബില്‍ സെലക്ട് കമ്മിറ്റിക്കു വിടാനുള്ള നീക്കത്തോട് ധൃതിപിടിച്ചുതന്നെ ബിജെപി അനുകൂലമായി പ്രതികരിച്ചത് ശ്രദ്ധേയമാണ്. ഇത്തരമൊരു ബില്‍ നിയമമാകുന്നതിലുള്ള ബിജെപിയുടെ അസഹിഷ്ണുതയാണ് അതില്‍നിന്ന് വ്യക്തമാകുന്നത് എന്ന് എടുത്തുപറയേണ്ട കാര്യമില്ല. അഴിമതിക്കെതിരായ നീക്കമുണ്ടാകാതെ നോക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും പരസ്പരം മത്സരിക്കുകയാണ് എന്നു വ്യക്തം. കാര്‍ഗില്‍ യുദ്ധത്തില്‍ രക്തസാക്ഷിത്വം വരിച്ച സൈനികര്‍ക്കായി ശവപ്പെട്ടി വാങ്ങുന്നതില്‍വരെ അഴിമതി നടത്തിയ പാര്‍ടിയാണ് ബിജെപി. അതിന്റെ പ്രസിഡന്റായിരുന്ന ബംഗാരു ലക്ഷ്മണ്‍ നോട്ടുകെട്ടുകള്‍ വാങ്ങി മേശയിലിടുന്നതിന്റെ ദൃശ്യങ്ങള്‍ ജനങ്ങളുടെ മനസ്സില്‍നിന്ന് ഇപ്പോഴും മാഞ്ഞിട്ടില്ല. അത്തരമൊരു പാര്‍ടി അഴിമതിക്കെതിരായ ബില്‍ നിയമമാകുന്നതിന് തടസ്സം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിനോട് സഹകരിക്കുന്നതില്‍ അത്ഭുതമില്ല. പതിനഞ്ചംഗ സെലക്ട് കമ്മിറ്റിക്ക് ബില്‍ അയച്ചത് അടുത്തകാലത്തൊന്നും അത് സഭയില്‍ വരരുത് എന്ന ഉദ്ദേശത്തോടെയാണ്. എന്നാല്‍, ആ തരത്തിലുള്ള ഒരു വിമര്‍ശവും ബിജെപിയില്‍നിന്നുയരാത്തത് കോണ്‍ഗ്രസുമായി ചേര്‍ന്നുള്ള അവരുടെ കള്ളക്കളി കൂടുതല്‍ വെളിവാക്കിത്തരുന്നുണ്ട്. രാജ്യസഭാ സമ്മേളനം സമാപിക്കാന്‍ ഒരുനാള്‍മാത്രം ശേഷിച്ച ഘട്ടത്തിലേ ബില്ലുമായി സര്‍ക്കാര്‍ സഭാതലത്തില്‍ വന്നുള്ളൂ. രാജ്യസഭയുടെ ശീതകാല സമ്മേളനത്തിന്റെ സമാപനത്തില്‍ സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ച നാടകത്തിന്റെ തനിയാവര്‍ത്തനംതന്നെയായി ഇത്. അന്നും അവസാനഘട്ടത്തില്‍മാത്രമാണ് സര്‍ക്കാര്‍ ബില്ലുമായി എത്തിയത്. അന്ന് സഭാതലത്തിലുണ്ടായ ബഹളമയമായ അന്തരീക്ഷത്തെ മുതലാക്കി ബില്‍ പാസാകാത്ത നിലയുണ്ടായി. ഇന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിട്ടും സമാനമായ നിലയുണ്ടായി. ഇത്തവണ എസ്പിയിലെ ഒരു അംഗത്തെ ഉപയോഗിച്ച് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്ന നിര്‍ദേശം വയ്പിക്കുകയും സഭ ശബ്ദവോട്ടോടെ അത് ചെയ്യുകയുമായിരുന്നു.

അഴിമതിക്കെതിരായ ചെറുനീക്കംപോലും സഹിക്കാനാകാത്ത മനോഭാവമാണ് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങും കൂട്ടരും പ്രകടിപ്പിക്കുന്നത്. രാജ്യത്തിന് അപമാനകരമാണ് ഈ നിലപാട്. ബില്‍ നിയമമാകാതെ നോക്കാനുള്ള ഈ കള്ളക്കളികള്‍ ജനങ്ങള്‍ മനസിലാക്കില്ല എന്നാണിവര്‍ കരുതുന്നത് എങ്കില്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണിവര്‍ കഴിയുന്നത് എന്നേ പറയാനാകൂ. 545 അംഗ ലോക്സഭയില്‍ രാത്രി പത്തരയോടെ അവസാനിപ്പിച്ച ചര്‍ച്ചയാണ് കഴിഞ്ഞ ഡിസംബര്‍ 29ന് 243 അംഗങ്ങള്‍മാത്രമുള്ള രാജ്യസഭയില്‍ അനന്തമായി നീട്ടിക്കൊണ്ടുപോയി ബില്‍ അന്ന് തല്‍ക്കാലത്തേക്കെങ്കിലും ഒഴിവാക്കിയെടുക്കുക എന്നയിടത്തെത്തിച്ചത്. സിപിഐ എം, സിപിഐ കക്ഷികള്‍ നല്‍കിയ സുപ്രധാന ഭേദഗതി നിര്‍ദേശങ്ങള്‍ നിരാകരിച്ചതും സര്‍ക്കാര്‍ ഒത്തുകളിച്ച് രേഖകള്‍ വലിച്ചുകീറി ബഹളമയമായ അന്തരീക്ഷമുണ്ടാക്കി അതിനുമറവില്‍ ബില്‍ അട്ടിമറിച്ചതും രാജ്യം മറന്നിട്ടില്ല. ഇത്തവണ മറ്റൊരു തന്ത്രത്തിലൂടെ അതേ അവസ്ഥയുണ്ടാക്കിയെടുത്തു. അഴിമതിക്കെതിരായ നിയമം നിര്‍മിക്കാന്‍ നീക്കമുണ്ടെന്ന പ്രതീതി ജനിപ്പിച്ച് അഴിമതിക്കേസുകളിലെ പ്രതിസ്ഥാനത്തുള്ള അംഗങ്ങളുടെ സാന്നിധ്യത്തിന് മറയിടാമെന്നാവാം യുപിഎ കരുതുന്നത്. എന്നാലിത് രാഷ്ട്രീയ കള്ളക്കളിയായിത്തന്നെ ജനങ്ങള്‍ തിരിച്ചറിയുമെന്ന കാര്യത്തില്‍ സംശയമില്ല.

*
ദേശാഭിമാനി മുഖപ്രസംഗം 25 മേയ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ലോക്പാല്‍- ലോകായുക്ത ബില്‍ മുന്‍നിര്‍ത്തി രാജ്യത്തെയും ജനങ്ങളെയും അപഹസിക്കുന്ന അസംബന്ധ നാടകങ്ങളാണ് പാര്‍ലമെന്റില്‍ തുടരുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഫലത്തില്‍ ബില്‍ ശീതസംഭരണിയിലാക്കുന്ന വിധത്തിലുള്ള രാജ്യസഭയുടെ "സെലക്ട് കമ്മിറ്റിക്കുവിടല്‍" തീരുമാനം. നാല്‍പ്പത്തിരണ്ടുവര്‍ഷമായി നമ്മള്‍ ഈ നിയമനിര്‍മാണത്തെക്കുറിച്ച് കേള്‍ക്കുന്നു. എന്നാല്‍, കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ ഇത്തരമൊരു നിയമനിര്‍മാണത്തിനെതിരാണെന്നതുകൊണ്ടുതന്നെ ബില്‍ നിയമമാകുന്നില്ല. ഒരുവശത്ത് അതിഭീമമായ തോതില്‍ അഴിമതി നടത്തുക; മറുവശത്ത് അഴിമതിക്കെതിരെ പ്രസംഗിക്കുക. ഈ ഇരട്ടത്താപ്പിന്റെ ഇരയായി മാറുകയാണ് ലോക്പാല്‍- ലോകായുക്ത 2011 ബില്‍. ബില്ലിനുണ്ടാകുന്ന ഈ അനിശ്ചിതാവസ്ഥയ്ക്ക് കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ ഉത്തരവാദികളാണ്.