Monday, May 28, 2012

മൂടിവയ്ക്കാനാകില്ല യാഥാര്‍ഥ്യങ്ങള്‍

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ജനങ്ങളുമായി ബന്ധപ്പെടുന്ന പ്രശ്നങ്ങളൊന്നും ചര്‍ച്ചചെയ്യപ്പെടരുതെന്ന നിര്‍ബന്ധമാണ് വലതുപക്ഷ രാഷ്ട്രീയ- മാധ്യമ ശക്തികളെ നയിക്കുന്നത്. രാജ്യം നേരിടുന്ന അഭൂതപൂര്‍വമായ വിലക്കയറ്റത്തെക്കുറിച്ചും അത് അനുനിമിഷം രൂക്ഷമാക്കുന്ന യുപിഎ സര്‍ക്കാരിന്റെ നടപടികളെക്കുറിച്ചും ചര്‍ച്ചചെയ്യാന്‍ പാടില്ലത്രേ. വിലക്കയറ്റം ചരക്കുകള്‍ വാങ്ങുന്ന സാധാരണക്കാരുടെ വരുമാനത്തെ ചോര്‍ത്തി, ചരക്കുകള്‍ വില്‍ക്കുന്ന പണക്കാരുടെ കൈകളിലെത്തിക്കുന്നു. കോര്‍പറേറ്റുകളുടെയും സാമ്രാജ്യത്വശക്തികളുടെയും താല്‍പ്പര്യം സംരക്ഷിക്കുന്ന ആഗോളവല്‍ക്കരണനയങ്ങള്‍തന്നെയാണ് ഈ അവസ്ഥ സൃഷ്ടിച്ചത്. യുപിഎ ഭരണത്തില്‍ ശതകോടീശ്വരന്മാരുടെ എണ്ണം ഒമ്പതില്‍നിന്ന് 53 ആയി വര്‍ധിച്ചു. ദിവസം ശരാശരി 20 രൂപ ചെലവഴിക്കാന്‍മാത്രം ശേഷിയുള്ള 77 ശതമാനം ജനങ്ങള്‍ ജീവിക്കുന്ന രാജ്യത്താണ് ഇത് സംഭവിക്കുന്നത്. സമ്പന്നര്‍ കൊഴുക്കുകയും പാവപ്പെട്ടവര്‍ കൂടുതല്‍ ദുരിതത്തിലേക്ക് എടുത്തെറിയപ്പെടുകയും ചെയ്യുന്ന പ്രവണതയ്ക്ക് ആക്കംകൂട്ടുന്നത് വിലക്കയറ്റമാണ്.

ആദ്യഘട്ടങ്ങളില്‍ ഭക്ഷ്യപദാര്‍ഥങ്ങളുടെ വിലയാണ് ഉയരാന്‍ തുടങ്ങിയത്. 2008 സെപ്തംബറിനും 2011 ഒക്ടോബറിനും ഇടയിലുള്ള 38 മാസത്തില്‍ ഭക്ഷ്യവില ശരാശരി 10 ശതമാനംവീതം ഉയര്‍ന്നു. സ്വാതന്ത്ര്യാനന്തരം ഭക്ഷ്യവിലക്കയറ്റം ഇത്ര ദീര്‍ഘനാളില്‍ തുടര്‍ന്നിട്ടില്ല. കാര്‍ഷികമുരടിപ്പും ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ദൗര്‍ലഭ്യവുമാണ് ഭക്ഷ്യവിലക്കയറ്റത്തിന്റെ പശ്ചാത്തലം. ആഗോളവല്‍ക്കരണനയങ്ങളുടെ ഫലമായി, കാര്‍ഷികമേഖലയിലെ ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്നതിലും വിതരണംചെയ്യുന്നതിലും സര്‍ക്കാരിന് ഉണ്ടായിരുന്ന നിയന്ത്രണം പടിപടിയായി ഇല്ലാതായി. വന്‍ കോര്‍പറേറ്റുകള്‍ അവധിവ്യാപാരവും ഊഹക്കച്ചവടവും നടത്തി, കര്‍ഷകന് ലഭിച്ച വിലയേക്കാള്‍ എത്രയോ ഇരട്ടി വിലയില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ പൊതുകമ്പോളത്തില്‍ വിറ്റഴിച്ചു. കര്‍ഷകന് തുച്ഛമായ വില ലഭിച്ചപ്പോള്‍ കോര്‍പറേറ്റുകള്‍ വന്‍ ലാഭം കൊയ്തു. 2009 ജൂണില്‍മാത്രം 15 ലക്ഷം കോടി രൂപയുടെ ഊഹക്കച്ചവടമാണ് നടന്നത്. ഉള്ളിയുടെയും പഞ്ചസാരയുടെയും വിലക്കയറ്റം തെറ്റായ കയറ്റുമതിനയത്തിലൂടെ കേന്ദ്രസര്‍ക്കാര്‍തന്നെ സൃഷ്ടിച്ചതാണെന്ന് തെളിഞ്ഞിട്ടുണ്ട്.

പൊതുവിതരണസമ്പ്രദായത്തെയും യുപിഎ സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തി. നാലരക്കോടി ടണ്‍ ധാന്യം സ്റ്റോക്കുണ്ടെന്നാണ് ഭക്ഷ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ കേന്ദ്ര ഭക്ഷ്യമന്ത്രി ശരദ് പവാര്‍ വ്യക്തമാക്കിയത്. ഭക്ഷ്യസുരക്ഷയ്ക്കുവേണ്ടത് യഥാര്‍ഥത്തില്‍ 1.6 കോടി ടണ്‍മാത്രമാണ്. എന്നിട്ടും പൊതുവിതരണസമ്പ്രദായത്തിലൂടെ എല്ലാ കുടുംബങ്ങള്‍ക്കും മിനിമം ധാന്യം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. പകരം മില്ലുടമകള്‍ക്കും കച്ചവടക്കാര്‍ക്കും ലേലംവിളിച്ച് വീതിക്കുന്ന ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സാണ് നടത്തുന്നത്. ധാന്യം വേണമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകളും ഈ വില നല്‍കണം. എഫ്സിഐ ഗോഡൗണുകള്‍ റിലയന്‍സുപോലുള്ള കമ്പനികള്‍ക്ക് പാട്ടത്തിന് നല്‍കി ഭക്ഷ്യസംഭരണത്തെ സ്വകാര്യവല്‍ക്കരിക്കുന്നു. ഇത് പൂഴ്ത്തിവയ്പിനെ പ്രോത്സാഹിപ്പിക്കുന്നു. ഇപ്പോള്‍ പരിഗണനയിലിരിക്കുന്ന ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കിയാല്‍ നിലവിലുള്ള ബിപിഎല്‍- എപിഎല്‍ വിഭജനം കൂടുതല്‍ ശക്തിപ്പെടുകയേ ഉള്ളൂ. കേന്ദ്രസര്‍ക്കാര്‍ നയം പൂര്‍ണമായി അംഗീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകളെ ഈ നിയമം ബാധ്യസ്ഥരാക്കുന്നു. റേഷനുപകരം ഭക്ഷ്യകൂപ്പണുകള്‍ നല്‍കുന്നതിനുള്ള നയവും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ജിഡിപിയുടെ ഏതാണ്ട് 1.8 ശതമാനംമാത്രമാണ് ഭക്ഷ്യസബ്സിഡിക്കായി ഇന്ത്യ ചെലവാക്കുന്നത്. മറ്റു പല രാജ്യങ്ങളും ജിഡിപിയുടെ 2.7 ശതമാനം നീക്കിവയ്ക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാരിന്റെ പിശുക്ക്. എന്നാല്‍, 2009-10ലെ ബജറ്റില്‍ കോര്‍പറേറ്റ് മേഖലയ്ക്ക് നികുതി ഇളവിനായി നാലുലക്ഷം കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. ഭക്ഷ്യസബ്സിഡിക്ക് വെറും 52,489 കോടി രൂപ ചെലവഴിക്കുന്ന സ്ഥാനത്താണിത് എന്നോര്‍ക്കുക. ജിഡിപിയുടെ എട്ട് ശതമാനത്തോളം ഇളവ് കോര്‍പറേറ്റ് മേഖലയ്ക്ക് നല്‍കുമ്പോഴാണ്, ഭക്ഷ്യസബ്സിഡിക്കായി തുക നീക്കിവയ്ക്കാനാകില്ലെന്ന് പറയുന്നത്. സാധാരണക്കാര്‍ക്കുവേണ്ടിയല്ല, സമ്പന്നര്‍ക്കുവേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഭരിക്കുന്നതെന്ന് വ്യക്തം.

രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ പെട്രോളിന് നാലു രൂപയും ഡീസലിന് രണ്ടു രൂപയും വര്‍ധിപ്പിച്ചു. തുടര്‍ന്ന് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലകളുടെ മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം നീക്കി, തന്നിഷ്ടപ്രകാരം വില നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം റിലയന്‍സ് അടക്കമുള്ള എണ്ണക്കമ്പനികള്‍ക്ക് നല്‍കി. കമ്പനികളുടെ നഷ്ടം ഇല്ലാതാക്കുക എന്ന പേരിലാണ് എണ്ണവില നിരന്തരം ഉയര്‍ത്തുന്നത്. പെട്രോളിയം കമ്പനികള്‍ നഷ്ടത്തിലേയല്ല എന്നതാണ് യാഥാര്‍ഥ്യം. വളരെ ഉയര്‍ന്ന നികുതിയാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെമേല്‍ കേന്ദ്രസര്‍ക്കാര്‍ ചുമത്തുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ന്നതോടെ ഭക്ഷ്യവിലക്കയറ്റം പൊതുവിലക്കയറ്റമായി രൂപപ്പെട്ടു. ഡീസലിനുമേലുള്ള വിലനിയന്ത്രണവും എടുത്തുമാറ്റുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

യൂറിയ ഒഴികെയുള്ള വളങ്ങളുടെ വിലനിയന്ത്രണവും നീക്കി. യൂറിയവിലയില്‍ 2010നെ അപേക്ഷിച്ച് 20 ശതമാനം വര്‍ധന വരുത്തി. യഥാര്‍ഥത്തില്‍ കരിഞ്ചന്തയില്‍ ഇവയുടെ വില ഇരട്ടിയാണ്. അവശ്യമരുന്നുപട്ടിക തുരങ്കംവച്ചതിന്റെ ഫലമായി മരുന്നുകളുടെ വിലയും കുത്തനെ ഉയരുന്നു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിലക്കയറ്റത്തിനെതിരെ ഫലപ്രദമായ നടപടികളാണ് സ്വീകരിച്ചത്. വിശേഷാവസരങ്ങളില്‍ വിപുലമായ ചന്തകള്‍ സംഘടിപ്പിക്കുകയും മാവേലി സ്റ്റോറുകളെയും സഹകരണസംഘങ്ങളെയും ആസ്പദമാക്കി പൊതുകമ്പോളത്തില്‍ ഇടപെടുകയും ചെയ്തു. ഇവയെല്ലാം ഇപ്പോള്‍ ദുര്‍ബലപ്പെട്ടിരിക്കുകയാണ്. എല്‍ഡിഎഫിന്റെ അവസാന നാലുവര്‍ഷം ഒരിക്കല്‍പ്പോലും ഈ മേഖലകളില്‍ ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ത്തുകയുണ്ടായില്ല. എന്നാല്‍, യുഡിഎഫ് ഭരണത്തിലേറിയതിനുശേഷം ഈ നയവും തിരുത്തി. വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ തിരുത്തിക്കുന്നതിനും കേരള സര്‍ക്കാരിനെക്കൊണ്ട് ഫലപ്രദമായി ഇടപെടുവിക്കുന്നതിനുമുള്ള സമ്മര്‍ദത്തിന് കരുത്തുകൂട്ടാനുള്ള ഒന്നായി നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പുഫലം മാറേണ്ടതുണ്ട്.

*
ദേശാഭിമാനി മുഖപ്രസംഗം 28 മേയ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ജനങ്ങളുമായി ബന്ധപ്പെടുന്ന പ്രശ്നങ്ങളൊന്നും ചര്‍ച്ചചെയ്യപ്പെടരുതെന്ന നിര്‍ബന്ധമാണ് വലതുപക്ഷ രാഷ്ട്രീയ- മാധ്യമ ശക്തികളെ നയിക്കുന്നത്. രാജ്യം നേരിടുന്ന അഭൂതപൂര്‍വമായ വിലക്കയറ്റത്തെക്കുറിച്ചും അത് അനുനിമിഷം രൂക്ഷമാക്കുന്ന യുപിഎ സര്‍ക്കാരിന്റെ നടപടികളെക്കുറിച്ചും ചര്‍ച്ചചെയ്യാന്‍ പാടില്ലത്രേ. വിലക്കയറ്റം ചരക്കുകള്‍ വാങ്ങുന്ന സാധാരണക്കാരുടെ വരുമാനത്തെ ചോര്‍ത്തി, ചരക്കുകള്‍ വില്‍ക്കുന്ന പണക്കാരുടെ കൈകളിലെത്തിക്കുന്നു. കോര്‍പറേറ്റുകളുടെയും സാമ്രാജ്യത്വശക്തികളുടെയും താല്‍പ്പര്യം സംരക്ഷിക്കുന്ന ആഗോളവല്‍ക്കരണനയങ്ങള്‍തന്നെയാണ് ഈ അവസ്ഥ സൃഷ്ടിച്ചത്. യുപിഎ ഭരണത്തില്‍ ശതകോടീശ്വരന്മാരുടെ എണ്ണം ഒമ്പതില്‍നിന്ന് 53 ആയി വര്‍ധിച്ചു. ദിവസം ശരാശരി 20 രൂപ ചെലവഴിക്കാന്‍മാത്രം ശേഷിയുള്ള 77 ശതമാനം ജനങ്ങള്‍ ജീവിക്കുന്ന രാജ്യത്താണ് ഇത് സംഭവിക്കുന്നത്. സമ്പന്നര്‍ കൊഴുക്കുകയും പാവപ്പെട്ടവര്‍ കൂടുതല്‍ ദുരിതത്തിലേക്ക് എടുത്തെറിയപ്പെടുകയും ചെയ്യുന്ന പ്രവണതയ്ക്ക് ആക്കംകൂട്ടുന്നത് വിലക്കയറ്റമാണ്.