Saturday, May 5, 2012

എന്‍ജിഒ യൂണിയന്‍ കരുത്തോടെ മുന്നോട്ട്

വിമോചനസമരത്തിനും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പിരിച്ചുവിട്ട് കോണ്‍ഗ്രസ് നടത്തിയ ജനാധിപത്യ കശാപ്പിനുംശേഷം അത്യന്തം കലുഷമായ സാമൂഹ്യരാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് നടുവിലാണ് 1962ല്‍ എന്‍ജിഒ യൂണിയന്‍ രൂപം കൊണ്ടത്. രൂപീകരണകാലം മുതലിങ്ങോട്ട് ജീവനക്കാരുടെയും പൊതുസമൂഹത്തിന്റെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് സംഘടന സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും ഏറ്റെടുത്ത പ്രക്ഷോഭങ്ങളും ഭരണവര്‍ഗത്തിന് അലോസരം സൃഷ്ടിക്കുന്നതായിരുന്നു. സസ്പെന്‍ഷന്‍, പിരിച്ചുവിടല്‍, കൂട്ടസ്ഥലംമാറ്റം, ശിക്ഷണനടപടികള്‍ തുടങ്ങിയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സംഘടനയെ തകര്‍ക്കുന്നതിനുള്ള ശ്രമം ഭരണാധികാരികള്‍ നടത്തി. എല്ലാത്തരം അടിച്ചമര്‍ത്തലുകളെയും അതിജീവിച്ച് സംഘടന ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളും പ്രക്ഷോഭങ്ങളുമാണ് ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന അവകാശങ്ങള്‍ ജീവനക്കാര്‍ക്ക് ലഭ്യമാക്കിയത്. സംഘടനയില്‍ രാഷ്ട്രീയമാരോപിച്ച് പിളര്‍ത്തുന്നതിന് നടത്തിയ ശ്രമങ്ങളെയും ശക്തമായി നേരിട്ടു.

കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലിരുന്ന എല്ലാ ഘട്ടത്തിലും സമയബന്ധിത ശമ്പളപരിഷ്കരണതത്വം സംരക്ഷിക്കാനും പുതിയ ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്താനും കഴിഞ്ഞിരുന്നു. യുഡിഎഫ് സര്‍ക്കാരുകള്‍ അഞ്ചുവര്‍ഷതത്വം അട്ടിമറിച്ച് വേതനഘടനയെ ദുര്‍ബലപ്പെടുത്താനാണ് എല്ലാ കാലയളവുകളിലും ശ്രമിച്ചിട്ടുള്ളത്. ആ ഘട്ടങ്ങളിലെല്ലാം അനിശ്ചിതകാല പണിമുടക്ക് നടത്തിയാണ് വേതനപരിഷ്കരണം കേരളത്തില്‍ യാഥാര്‍ഥ്യമാക്കിയിട്ടുള്ളത്. 2002ല്‍ യുഡിഎഫ് സര്‍ക്കാര്‍ സമയബന്ധിത ശമ്പളപരിഷ്കരണം അട്ടിമറിച്ച്് 2002ല്‍ ലഭിക്കേണ്ട ശമ്പളപരിഷ്കരണം 2004 വരെ നീട്ടിക്കൊണ്ടുപോവുകയും 2005 ഏപ്രില്‍ മുതല്‍മാത്രം ആനുകൂല്യങ്ങള്‍ അനുവദിക്കുകയുമാണ് ചെയ്തത്.

2009ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ശമ്പളപരിഷ്കരണത്തില്‍ താഴെതട്ടിലുള്ള ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട പരിഗണന നല്‍കി. അതുവഴി ഉയര്‍ന്ന തസ്തികകളും താഴെതട്ടിലുള്ള തസ്തികകളും തമ്മില്‍ ശമ്പളഘടനയിലെ പാരസ്പര്യം സംരക്ഷിക്കാന്‍ കഴിഞ്ഞു. ഈ പാരസ്പര്യം വീണ്ടും അട്ടിമറിക്കുന്നതിനാണ് യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. മാത്രമല്ല, ഒന്‍പതാം ശമ്പളപരിഷ്കരണത്തിലൂടെ എല്‍ഡിഎഫ് സര്‍ക്കാര്‍ താഴെതട്ടിലെ ജീവനക്കാരുടെ വേതനഘടന ഉയര്‍ത്തി നിശ്ചയിച്ചത് അനാവശ്യമാണെന്നും ഇത് ഖജനാവിന് ബാധ്യത സൃഷ്ടിക്കുമെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. അടുത്ത ശമ്പളപരിഷ്കരണത്തില്‍ താഴെതട്ടിലെ ജീവനക്കാര്‍ക്ക് നല്‍കിയ പരിഗണന ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നു. ജീവനക്കാരെ ഒന്നടങ്കം അവഹേളിക്കുന്ന നടപടിയാണിത്. ശമ്പളപരിഷ്കരണ കാര്യത്തിലെന്നപോലെ ക്ഷാമബത്തയടക്കമുള്ള എല്ലാ സാമ്പത്തിക ആവശ്യങ്ങളും യഥാസമയം അനുവദിക്കാന്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായി. നാടിന്റെ സമഗ്രവളര്‍ച്ചയ്ക്കും വികസനത്തിനും സിവില്‍സര്‍വീസിന്റെ വിപുലീകരണം അനിവാര്യമാണെന്ന ബദല്‍നയമാണ് ഇടതുസര്‍ക്കാരുകള്‍ നടപ്പാക്കിയത്. എല്ലാ രംഗങ്ങളില്‍നിന്നും സിവില്‍സര്‍വീസിനെ ഒഴിവാക്കുന്ന നവലിബറല്‍ നയങ്ങള്‍ ശക്തമായി പിന്‍തുടര്‍ന്ന യുഡിഎഫ് സര്‍ക്കാരുകള്‍ ഓരോ കാലയളവിലും ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും തസ്തിക വെട്ടിക്കുറയ്ക്കാനും നടപടി സ്വീകരിച്ചിരുന്നു. 2001-06 കാലയളവില്‍ 11,658 തസ്തിക വെട്ടിക്കുറച്ചതും ഇപ്പോള്‍ തസ്തിക വെട്ടിക്കുറയ്ക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചതും ഈ നിലപാടിന്റെ അടിസ്ഥാനത്തിലാണ്.

നാടിന്റെ സമസ്ത മേഖലകളിലും വളര്‍ച്ച കൈവരിക്കുന്നതിന് ഉതകുന്ന പദ്ധതികളാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയത്. മികച്ച ധനകാര്യമാനേജ്മെന്റിലൂടെ സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം വര്‍ധിപ്പിക്കുകയും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ലോഭം പണം അനുവദിക്കുകയുംചെയ്തു. എന്നാല്‍, ഈ നേട്ടങ്ങളെല്ലാം വീണ്ടും ഇല്ലാതാക്കുകയാണ്. കര്‍ഷക ആത്മഹത്യ നിത്യസംഭവമായി. പവര്‍കട്ടും ലോഡ്ഷെഡിങ്ങും അടിച്ചേല്‍പ്പിച്ചു. വിലക്കയറ്റം അതിരൂക്ഷമായി. മാവേലിസ്റ്റോറുകള്‍ നോക്കുകുത്തികളായി. ഭരണത്തിന്റെ എല്ലാ തലങ്ങളിലും വര്‍ഗീയശക്തികള്‍ പിടിമുറുക്കുകയാണ്. എല്‍ഡിഎഫ് ഭരണം അഞ്ചുവര്‍ഷവും പുതിയ നികുതികളൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ 2012-13 ലെ ബജറ്റില്‍ 1200 കോടി രൂപയുടെ അധിക നികുതിഭാരം ജനങ്ങളുടെ മേല്‍ യുഡിഎഫ് അടിച്ചേല്‍പ്പിച്ചു. തദ്ദേശവകുപ്പിനെ മൂന്നായി വിഭജിച്ചതുമൂലം പദ്ധതിപ്രവര്‍ത്തനങ്ങള്‍ അട്ടിമറിച്ചു. നാടിന്റെ സമ്പത്ത്, മത സാമുദായിക ശക്തികള്‍ക്ക് കൊള്ളയടിക്കാനുള്ള അവസരം സര്‍ക്കാര്‍ സൃഷ്ടിക്കുകയാണ്. സ്വകാര്യ ട്രസ്റ്റുകള്‍ക്ക് തദ്ദേശസ്ഥാപനങ്ങളുടെ പണവും സര്‍വകലാശാല ഭൂമിയും യഥേഷ്ടം അനുവദിക്കാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്. വിദ്യാഭ്യാസമേഖലയില്‍ കോര്‍പറേറ്റുകള്‍ക്ക് ഇടപെടാന്‍ അവസരമൊരുക്കിയ നടപടി പൊതുവിദ്യാഭ്യാസത്തെ ദുര്‍ബലപ്പെടുത്തും. ഉന്നത വിദ്യാഭ്യാസമേഖലയില്‍ സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് സര്‍ക്കാര്‍ പൂര്‍ണമായി കീഴടങ്ങി. പൊതുസ്വകാര്യപങ്കാളിത്തമെന്ന പേരില്‍ വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, വൈദ്യുതി, ഗതാഗതം തുടങ്ങി എല്ലാ മേഖലകളിലും വ്യാപകമായ സ്വകാര്യവല്‍ക്കരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനുസൃതമായി ധാരണാപത്രത്തില്‍ ഒപ്പിടണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം കേരളാ സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നു.

ആസൂത്രണക്കമീഷന്‍ അംഗീകരിച്ച വാര്‍ഷിക പദ്ധതിയില്‍ പൊതുവിതരണം, കൃഷിക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍, റോഡ്, പാലം തുടങ്ങിയ പ്രധാനപ്പെട്ട മേഖലകളില്‍ പദ്ധതി ഗണ്യമായി വെട്ടിക്കുറച്ചു. സിവില്‍സര്‍വീസിനെ തകര്‍ക്കുന്ന ജനദ്രോഹ നയങ്ങള്‍ക്ക് മറയിടുന്നതിന് പെന്‍ഷന്‍പ്രായത്തെ സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നു. പെന്‍ഷന്‍പ്രായപ്രശ്നത്തില്‍ യുവജനസമൂഹത്തെക്കൂടി വിശ്വാസത്തിലെടുത്തും സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്തിയും അവധാനതയോടെ തീരുമാനമെടുക്കുന്നതിനുപകരം ഏകപക്ഷീയമായി നടത്തിയ പ്രഖ്യാപനം പൊതുസമൂഹത്തില്‍ വമ്പിച്ച എതിര്‍പ്പിന് കാരണമായി. എല്‍ഡിഎഫ് സര്‍ക്കാര്‍ സിവില്‍ സര്‍വീസിനെ ശക്തിപ്പെടുത്തുന്നതിനും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും വേണ്ടി ഭരണപരിഷ്കരണനടപടിയുടെ ഭാഗമായി നടപ്പാക്കിയ വിരമിക്കല്‍ തീയതി ഏകീകരണം അട്ടിമറിച്ചതിലൂടെ സിവില്‍ സര്‍വീസിനെ ദുര്‍ബലപ്പെടുത്തുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

വിനാശകരമായ പിഎഫ്ആര്‍ഡിഎ ബില്‍ നിയമമാക്കുമെന്ന് കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. നവലിബറല്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കനുസൃതമായ ധനകാര്യബില്ലുകള്‍ പാസാക്കുന്നതിന് ബിജെപി അകമഴിഞ്ഞ പിന്തുണയാണ് യുപിഎ സര്‍ക്കാരിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. കേരളത്തില്‍ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നിലനിര്‍ത്തുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാകുമോ എന്ന കടുത്ത ആശങ്കയിലാണ് ജീവനക്കാര്‍. പെന്‍ഷന്‍പ്രായവര്‍ധനയുടെ മറവില്‍ പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

യുപിഎ സര്‍ക്കാര്‍ മൂലധന താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങി നവ ഉദാരവല്‍ക്കരണനയങ്ങള്‍ തീവ്രമായി നടപ്പാക്കുകയാണ്. വിലക്കയറ്റം, ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയ സാമൂഹ്യപ്രശ്നങ്ങള്‍ മൂര്‍ച്ഛിക്കുന്നു. അതിരൂക്ഷമായ വിലക്കയറ്റംമൂലം ഇന്ത്യയിലെ 60 ശതമാനം ജനങ്ങളും ദാരിദ്ര്യത്തിലാണെന്ന് ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ നടത്തിയ സര്‍വേ വെളിപ്പെടുത്തുന്നു. നവ ഉദാരവല്‍ക്കരണനയങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ ലോകത്താകെ എന്നപോലെ ഇന്ത്യയിലും ശക്തിപ്പെടുകയാണ്. ഫെബ്രുവരി 28ന്റെ പണിമുടക്ക് തൊഴിലാളികളുടെ ഐക്യത്തിന്റെയും പ്രക്ഷോഭസന്നദ്ധതയുടെയും വിളംബരമായി മാറി. പ്രത്യയശാസ്ത്ര ഭിന്നത മറന്ന് പത്തു കോടിയിലേറെ തൊഴിലാളികള്‍ അണിനിരന്ന ഈ പണിമുടക്കിലൂടെ മൂലധനവാഴ്ചക്കെതിരെ ശക്തമായ പ്രതിരോധമാണ് സൃഷ്ടിച്ചത്. സര്‍വീസ് മേഖലയില്‍ പണിമുടക്ക് സമ്പൂര്‍ണമാക്കുന്നതിന് നേതൃപരമായ പങ്ക് വഹിക്കാന്‍ എന്‍ജിഒ യൂണിയന് കഴിഞ്ഞിട്ടുണ്ട്.

കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങി കേന്ദ്ര- സംസ്ഥാന ഭരണാധികാരികള്‍ നടപ്പാക്കുന്ന ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നയങ്ങളെയും നടപടികളെയും ചെറുത്തുതോല്‍പ്പിക്കാന്‍ കരുത്തുറ്റ പ്രക്ഷോഭങ്ങളിലൂടെമാത്രമേ കഴിയൂ. എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തിയുള്ള തീക്ഷ്ണമായ സമരങ്ങളാണ് വര്‍ത്തമാനകാലം ആവശ്യപ്പെടുന്നത്. യോജിച്ച പ്രക്ഷോഭങ്ങളെ ദുര്‍ബലപ്പെടുത്താന്‍ സങ്കുചിത ജാതിചിന്തകള്‍ക്കനുസൃതമായി ജീവനക്കാരെ സംഘടിപ്പിക്കാനുള്ള ശ്രമത്തെ ജാഗ്രതയോടെ വീക്ഷിക്കേണ്ടതുണ്ട്. അഴിമതിരഹിതവും കാര്യക്ഷമവുമായ സിവില്‍സര്‍വീസ് കെട്ടിപ്പടുത്തുമാത്രമേ സിവില്‍സര്‍വീസിനെ സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ വിജയിപ്പിക്കാന്‍ കഴിയൂ. ഇതിന് പര്യാപ്തമായ നിലയില്‍ സംഘടനയെ കൂടുതല്‍ കരുത്തുറ്റതാക്കി മാറ്റാന്‍ 49-ാം സംസ്ഥാന സമ്മേളനം വഴിയൊരുക്കും. സ്ഥലംമാറ്റമടക്കമുള്ള ഭീഷണികളിലൂടെ സംഘടനാപ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്താമെന്ന വ്യാമോഹമാണ് സര്‍ക്കാരിനെ നയിക്കുന്നത്.

അഞ്ചുപതിറ്റാണ്ടിന്റെ പ്രവര്‍ത്തനാനുഭവങ്ങളെ സ്വാംശീകരിച്ച് വര്‍ത്തമാനകാലം ആവശ്യപ്പെടുന്ന ദൗത്യം നിര്‍വഹിക്കാന്‍ പര്യാപ്തമാവുംവിധം പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്താനും ജീവനക്കാരുടെ വിശാല ഐക്യം രൂപപ്പെടുത്തി കരുത്തുറ്റ പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കാനുമുള്ള തീരുമാനങ്ങള്‍ക്ക് സംസ്ഥാന സമ്മേളനം വേദിയാകും.

*
എ ശ്രീകുമാര്‍ (കേരള എന്‍ജിഒ യൂണിയന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

ദേശാഭിമാനി 05 മേയ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വിമോചനസമരത്തിനും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പിരിച്ചുവിട്ട് കോണ്‍ഗ്രസ് നടത്തിയ ജനാധിപത്യ കശാപ്പിനുംശേഷം അത്യന്തം കലുഷമായ സാമൂഹ്യരാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് നടുവിലാണ് 1962ല്‍ എന്‍ജിഒ യൂണിയന്‍ രൂപം കൊണ്ടത്. രൂപീകരണകാലം മുതലിങ്ങോട്ട് ജീവനക്കാരുടെയും പൊതുസമൂഹത്തിന്റെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് സംഘടന സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും ഏറ്റെടുത്ത പ്രക്ഷോഭങ്ങളും ഭരണവര്‍ഗത്തിന് അലോസരം സൃഷ്ടിക്കുന്നതായിരുന്നു. സസ്പെന്‍ഷന്‍, പിരിച്ചുവിടല്‍, കൂട്ടസ്ഥലംമാറ്റം, ശിക്ഷണനടപടികള്‍ തുടങ്ങിയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സംഘടനയെ തകര്‍ക്കുന്നതിനുള്ള ശ്രമം ഭരണാധികാരികള്‍ നടത്തി. എല്ലാത്തരം അടിച്ചമര്‍ത്തലുകളെയും അതിജീവിച്ച് സംഘടന ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളും പ്രക്ഷോഭങ്ങളുമാണ് ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന അവകാശങ്ങള്‍ ജീവനക്കാര്‍ക്ക് ലഭ്യമാക്കിയത്. സംഘടനയില്‍ രാഷ്ട്രീയമാരോപിച്ച് പിളര്‍ത്തുന്നതിന് നടത്തിയ ശ്രമങ്ങളെയും ശക്തമായി നേരിട്ടു