Monday, October 1, 2012

എറിക് ഹോബ്സ്ബാം: വിപ്ലവങ്ങളുടെ ചരിത്രകാരന്‍

വിഖ്യാത ബ്രിട്ടീഷ് ചരിത്രകാരനും മാര്‍ക്സിസ്റ്റ് ചിന്തകനുമായ എറിക് ഹോബ്സ്ബാം അന്തരിച്ചു. 95 വയസ്സായിരുന്നു. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ഹോബ്സ്ബാമിന്റെ അന്ത്യം തിങ്കളാഴ്ച പുലര്‍ച്ചെ ലണ്ടനിലെ റോയല്‍ ഫ്രീ ഹോസ്പിറ്റലിലായിരുന്നു. ഭാര്യ മര്‍ലീന്‍. മൂന്നു മക്കളുണ്ട്.

1936ല്‍ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായ അദ്ദേഹം ദശാബ്ദങ്ങളോളം പാര്‍ടി അംഗമായി തുടര്‍ന്നു. മരണംവരെ മാര്‍ക്സിസത്തില്‍ ഉറച്ചവിശ്വാസം പുലര്‍ത്തി. കേംബ്രിജ് സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ ഹോബ്സ്ബാം 1947ല്‍ ലണ്ടന്‍ സര്‍വകലാശാലയിലെ ബിര്‍ക്ബെക് കോളേജില്‍ അധ്യാപകനായി. കമ്യൂണിസ്റ്റുകാരനായതിനാല്‍ ഏറെ കാലം അദ്ദേഹത്തിന് സ്ഥാനക്കയറ്റം നിഷേധിക്കപ്പെട്ടു. ബ്രിട്ടന്റെയും അമേരിക്കയുടെയും അധിനിവേശയുദ്ധങ്ങളുടെ കടുത്ത വിമര്‍ശകനായിരുന്നു ഹോബ്സ്ബാം. പതിനെട്ടാംനൂറ്റാണ്ടിലെ ഫ്രഞ്ച് വിപ്ലവംമുതല്‍ (1789) ഇരുപതാംനൂറ്റാണ്ടിന്റെ അവസാന പതിറ്റാണ്ടില്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചവരെയുള്ള (1991) പാശ്ചാത്യചരിത്രം രേഖപ്പെടുത്തിയ നാലു കൃതികളാണ് ഹോബ്സ്ബാമിന്റെ പ്രധാന സംഭാവന. ദി ഏജ് ഓഫ് റവല്യൂഷന്‍: യൂറോപ് 1789-1848 (വിപ്ലവയുഗം), ദി ഏജ് ഓഫ് ക്യാപിറ്റല്‍: 1848-1875 (മൂലധനയുഗം), ദി ഏജ് ഓഫ് എംപയര്‍: 1875-1914 (സാമ്രാജ്യയുഗം), ദി ഏജ് ഓഫ് എക്സ്ട്രീംസ്: 1914-1991 (വിപരീതങ്ങളുടെ യുഗം) എന്നിവയാണ് ഈ നാലു കൃതികള്‍. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ "ഹൗ ടു ചേഞ്ച് ദ വേള്‍ഡ്: ടെയില്‍സ് ഓഫ് മാര്‍ക്സ് ആന്‍ഡ് മാര്‍ക്സിസം" ആണ് അവസാന കൃതി.

ഹോംബ്സ്ബാം എഴുതിയ മുപ്പതില്‍പ്പരം കൃതികളില്‍ "ദ ജാസ് സീന്‍" എന്ന ജാസ് സംഗീത നിരൂപണ ഗ്രന്ഥവുമുണ്ട്. ന്യൂ സ്റ്റേറ്റ്സ്മാന്‍ പത്രത്തിനുവേണ്ടി ഫ്രാന്‍സിസ് ന്യൂട്ടന്‍ എന്ന പേരില്‍ ഒരു പതിറ്റാണ്ട് ജാസ് നിരൂപണം എഴുതിയിരുന്നു. തെക്കന്‍ യൂറോപ്യന്‍ കൊള്ളക്കാരെക്കുറിച്ച് എഴുതിയ പ്രീമിറ്റിവ് റിബല്‍സ്(1959) ആണ് ആദ്യ പ്രശസ്ത പുസ്തകം. നിരവധി രാജ്യങ്ങളിലെ സര്‍വകലാശാലകള്‍ ആദരബിരുദം സമ്മാനിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കിലെ ന്യൂ സ്കൂള്‍ ഫോര്‍ സോഷ്യല്‍ റിസേര്‍ച്ചിലും അധ്യാപകനായിരുന്നു. 1998ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കമ്പാനിയന്‍ ഓഫ് ഓണര്‍ ബഹുമതി സമ്മാനിച്ചു. 1917ല്‍ ഈജിപ്തിലെ അലക്സാന്‍ഡ്രിയയില്‍ ബ്രിട്ടീഷ് ജൂതകുടുംബത്തിലാണ് ജനിച്ചത്. പിതാവ് പോളിഷ് വംശജനായ ബ്രിട്ടീഷ് കൊളോണിയല്‍ ഉദ്യോഗസ്ഥന്‍ ലിയോപോള്‍ഡ് പേഴ്സി ഒബ്സ്ത്ബോം. മാതാവ് ഓസ്ട്രിയക്കാരി നെല്ലി ഗ്രൂണ്‍. ഓസ്ട്രിയ, ജര്‍മനി, ഇംഗ്ലണ്ട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 12-ാംവയസ്സില്‍ പിതാവിനെയും 14-ാംവയസ്സില്‍ മാതാവിനെയും നഷ്ടപ്പെട്ട് അനാഥനായ ഹോബ്സ്ബാമിനെയും സഹോദരിയെയും പിന്നീട് പിതൃസഹോദരനാണ് വളര്‍ത്തിയത്.1933ല്‍ ജര്‍മനിയില്‍ അധികാരത്തിലെത്തിയ ഹിറ്റ്ലര്‍ ജൂതവേട്ട ആരംഭിച്ചതിനെതുടര്‍ന്ന് കുടുംബം ബ്രിട്ടനിലേക്ക് രക്ഷപ്പെടുകയായിരുന്നു.

വിപ്ലവങ്ങളുടെ ചരിത്രകാരന്‍

ഇരുപതാം നൂറ്റാണ്ടിലെ ചരിത്ര ശാസ്ത്രജ്ഞരില്‍ പ്രമുഖനാണ് എറിക് ഹോബ്സ്ബാം (1917-2012). കിഴക്കന്‍ യൂറോപ്പിലാണ് ജനിച്ചതെങ്കിലും അദ്ദേഹവും കുടുംബവും ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു. 1933ല്‍ ഹിറ്റ്ലര്‍ ജര്‍മനിയില്‍ അധികാരം പിടിച്ചെടുത്തു. നാസിസത്തിന്റെ ഈ കടന്നുവരവാണ് ഹോബ്സ്ബാമിനെയും കുടുംബത്തെയും ഇംഗ്ലണ്ടിലേക്ക് കുടിയേറാന്‍ പ്രേരിപ്പിച്ചത്. ചരിത്ര സംബന്ധിയായ പല ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. എങ്കിലും ഫ്രഞ്ച് വിപ്ലവത്തിനു (1789) ശേഷമുള്ള കാലഘട്ടത്തിലാണ് അദ്ദേഹം പ്രധാനമായും കേന്ദ്രീകരിച്ചത്. ആര്‍നോള്‍ഡ് ടോയന്‍ബി മുതലായവരുടെ ശൈലിയിലല്ല ഹോബ്സ്ബാം ചരിത്രരചന നടത്തിയത്. ജീവിതത്തിന്റെ എല്ലാ വശങ്ങളും അദ്ദേഹത്തിന് ചരിത്രവിവരണത്തിന് വിഷയമാണ്. ചക്രവര്‍ത്തിമാരുടെയും രാജാക്കന്മാരുടെയും പോരാളികളുടെയും വിവരങ്ങള്‍ മിതമായി മാത്രമേ ഹോബ്സ്ബാമിന്റെ ചരിത്രരചനയില്‍ കാണൂ.

1789 മുതല്‍ 1848 വരെയുള്ള കാലഘട്ടത്തെക്കുറിച്ച് അദ്ദേഹമെഴുതിയ "ഏജ് ഓഫ് റെവല്യൂഷന്‍" (വിപ്ലവത്തിന്റെ യുഗം) ഏറെ വിലപ്പെട്ടതാണ്. 1884 വരെയുള്ള ചരിത്രം ക്യാപ്പിറ്റല്‍ അഥവാ മൂലധനം എന്ന പേരിലാണ് എഴുതിയത്. തുടര്‍ന്ന് ഒന്നാം ലോക മഹായുദ്ധംവരെയുള്ള കാലഘട്ടത്തിന് ഏജ് ഓഫ് എമ്പയര്‍ അഥവാ സാമ്രാജ്യത്വ യുഗം എന്നാണ് അദ്ദേഹം പേര് നല്‍കിയത്. തുടര്‍ന്ന് സോവിയറ്റ് യൂണിയന്റെ 1991ലെ തകര്‍ച്ചവരെയുള്ള കാലഘട്ടത്തെ ദി ഷോര്‍ട്ട് സെഞ്ച്വറി (ഹ്രസ്വ ശതകം) എന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. പിന്നീടുള്ള കാലഘട്ടത്തെക്കുറിച്ചും അദ്ദേഹം ഒരു പുസ്തകമെഴുതി. ഇവയില്‍ ആദ്യം പറഞ്ഞ ഏജ് ഓഫ് റെവല്യൂഷന്‍ യൂറോപ്പിന്റെ മുഖഛായയും അതിന്റെ പദവിയും മാറ്റിമറിച്ച രണ്ട് വിപ്ലവത്തെക്കുറിച്ചാണ് വിവരിക്കുന്നത്. ആദ്യം യൂറോപ്പിലും പിന്നീട് ലോകമാകെയും ജനാധിപത്യ പരിവര്‍ത്തനത്തിന് വഴിവച്ച ഫ്രഞ്ച് വിപ്ലവത്തെയും ബ്രിട്ടീഷ് സാമ്പത്തിക പരിവര്‍ത്തനത്തിന് വഴിവയ്ക്കുകയും അവരുടെ ലോകാധിപത്യത്തിന് വഴിതെളിക്കുകയും ചെയ്ത വ്യവസായിക വിപ്ലവത്തെയുമാണ് ഇരട്ടവിപ്ലവമെന്ന് ഹോബ്സ്ബാം നാമകരണം ചെയ്തത്. ഈ കാലഘട്ടത്തിലാണ് ഇംഗ്ലീഷ് ഭാഷയിലെ നിരവധി പദങ്ങള്‍ക്ക് പുതിയ അര്‍ഥം കല്‍പ്പിക്കുകയോ പഴയ അര്‍ഥങ്ങള്‍ക്ക് പുതിയ മാനം നല്‍കുകയോ ചെയ്തത് എന്ന് ഹോബ്സ്ബാം പറയുന്നു.

സയന്‍സ്, ജേര്‍ണലിസം, ട്രെയിന്‍, ഇന്‍ഡസ്ട്രി, സ്ട്രൈക് തുടങ്ങിയ നിരവധി പുതിയ പദങ്ങള്‍ നിലവില്‍ വന്നത് ഈ കാലഘട്ടത്തിന്റെ സവിശേഷ സ്വഭാവത്തെ ഊന്നിക്കാണിക്കുന്നു. ഇവയ്ക്കു പുറമെ അന്നത്തെ വിദ്യാഭ്യാസം, ആഹാര രീതി, വേഷ ഭൂഷാദികള്‍, പെരുമാറ്റ മര്യാദകള്‍ എന്നിവയും വിശദീകരിക്കപ്പെടുന്നുണ്ട്. രണ്ട് ലോകമഹായുദ്ധങ്ങളും റഷ്യന്‍ വിപ്ലവത്തെത്തുടര്‍ന്ന് ലോകമെങ്ങും വ്യാപിച്ച സ്വാതന്ത്ര്യസമര വേലിയേറ്റവുമാണ് "ഷോര്‍ട്ട് സെഞ്ച്വറി"യില്‍ ഹോബ്സ്ബാം വിവരിക്കുന്നത്. ഹാബ്സ്ബാം ആത്മകഥ എഴുതിയിട്ടുണ്ട്. ചരിത്രപഠനത്തെ സംബന്ധിച്ച ശാസ്ത്രീയഗ്രന്ഥവും എഴുതിയിട്ടുണ്ട്.

ഹോബ്സ്ബാമിന്റെ കൊള്ളക്കാര്‍ എന്ന കൃതി എങ്ങനെയാണ് കൊള്ളക്കാര്‍ ഉണ്ടായതെന്നും കൊള്ളക്കാരുടെ പിറവി കൃഷിക്കാരെ ചൂഷണംചെയ്യുന്ന ഭൂപ്രഭുത്വത്തിലും കൊളോണിയല്‍ വാഴ്ചയിലും ആണെന്നും സ്ഥാപിക്കുന്നു. ഹോബ്സ്ബാമിനെ അനുപമനായ ചരിത്രകാരനായി ഉയര്‍ത്തിയത് അദ്ദേഹത്തിന്റെ മാര്‍ക്സിസ്റ്റ് വീക്ഷണമാണ്. ഗോര്‍ഡന്‍ ചെല്‍ഡ് തുടങ്ങിയ ബ്രിട്ടീഷ് മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാരുമായി സഹകരിച്ച് ചരിത്രകാരന്മാരുടെ ശില്‍പ്പശാലയും കൂട്ടായ്മയും സംഘടിപ്പിക്കാന്‍ 1950ല്‍ ഹോബ്സ്ബാം പ്രധാന പങ്ക് വഹിച്ചു. മാര്‍ക്സിസം അദ്ദേഹത്തിന്റെ വീക്ഷണത്തിന് രൂപംനല്‍കിയെങ്കിലും മാര്‍ക്സ് എഴുതിയ കാര്യങ്ങളെല്ലാം അതുപോലെ ഉള്‍ക്കൊള്ളുന്ന സ്വഭാവം അദ്ദേഹത്തിന് ഇല്ലായിരുന്നു. ഒരു വിമര്‍ശനാത്മക സമീപനമാണ് അദ്ദേഹം കൈക്കൊണ്ടത്. എം എ ബേബി വിദ്യാഭ്യാസമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അനാരോഗ്യവും വാര്‍ധക്യവും അദ്ദേഹത്തിന്റെ വരവിന് തടസ്സമായി. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ശക്തിയില്‍ അദ്ദേഹത്തിന് നല്ല മതിപ്പുമായിരുന്നു.
(പി ഗോവിന്ദപ്പിള്ള)
 
ഹൗ ടു ചേഞ്ച് ദ വേള്‍ഡ് ടെയില്‍സ് ഒഫ് മാര്‍ക്സ് ആന്റ് മാര്‍ക്സിസം എന്ന കൃതിയെപ്പറ്റി ചന്ദ്രദത്ത് എഴുതിയ പുസ്തക പരിചയം താഴെ:

ലോകത്തെ എങ്ങനെ മാറ്റാം

*
ദേശാഭിമാനി 02 ഒക്ടോബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇരുപതാം നൂറ്റാണ്ടിലെ ചരിത്ര ശാസ്ത്രജ്ഞരില്‍ പ്രമുഖനാണ് എറിക് ഹോബ്സ്ബാം (1917-2012). കിഴക്കന്‍ യൂറോപ്പിലാണ് ജനിച്ചതെങ്കിലും അദ്ദേഹവും കുടുംബവും ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു. 1933ല്‍ ഹിറ്റ്ലര്‍ ജര്‍മനിയില്‍ അധികാരം പിടിച്ചെടുത്തു. നാസിസത്തിന്റെ ഈ കടന്നുവരവാണ് ഹോബ്സ്ബാമിനെയും കുടുംബത്തെയും ഇംഗ്ലണ്ടിലേക്ക് കുടിയേറാന്‍ പ്രേരിപ്പിച്ചത്. ചരിത്ര സംബന്ധിയായ പല ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. എങ്കിലും ഫ്രഞ്ച് വിപ്ലവത്തിനു (1789) ശേഷമുള്ള കാലഘട്ടത്തിലാണ് അദ്ദേഹം പ്രധാനമായും കേന്ദ്രീകരിച്ചത്. ആര്‍നോള്‍ഡ് ടോയന്‍ബി മുതലായവരുടെ ശൈലിയിലല്ല ഹോബ്സ്ബാം ചരിത്രരചന നടത്തിയത്. ജീവിതത്തിന്റെ എല്ലാ വശങ്ങളും അദ്ദേഹത്തിന് ചരിത്രവിവരണത്തിന് വിഷയമാണ്. ചക്രവര്‍ത്തിമാരുടെയും രാജാക്കന്മാരുടെയും പോരാളികളുടെയും വിവരങ്ങള്‍ മിതമായി മാത്രമേ ഹോബ്സ്ബാമിന്റെ ചരിത്രരചനയില്‍ കാണൂ.