Wednesday, October 3, 2012

ഒക്ടോബർ 3 : അന്താരാഷ്ട്ര പ്രക്ഷോഭദിനം

എല്ലാവർക്കും ഭക്ഷണം, കുടിവെള്ളം, വൈദ്യസഹായം, വിദ്യാഭ്യാസം, പാർപ്പിടം എന്നത് സാധ്യമാണിന്ന്. എന്നിട്ടുമെന്താ ഇങ്ങനെ?


ലോകത്താകെയുള്ള ജനങ്ങളുടെ പോഷകാവശ്യം നിറവേറ്റാന്‍ വേണ്ടതിന്റെ ഇരട്ടിയിലേറെ ഭക്ഷ്യധാന്യങ്ങള്‍  വിളയിച്ചെടുക്കാന്‍ നമുക്കായിട്ടുണ്ട്.  എന്നിട്ടും 5 കോടി ജനങ്ങള്‍ 2008 ല്‍ മാത്രം പുതുതായി പട്ടിണിക്കാരായി. ലോക ബാങ്ക് കണക്കാണിത്.എന്തുകൊണ്ട്?

എല്ലാവര്‍ക്കും വേണ്ട കുടിവെള്ളത്തിനുള്ള പ്രകൃതി സ്രോതസ്സുകള്‍ ലോകത്തുണ്ട്.  എന്നിട്ടും 46 കോടിയിലേറെ മനുഷ്യര്‍ കുപ്പിവെള്ളത്തെയോ സ്വകാര്യ ജലവിതരണക്കമ്പനികളെയോ ആശ്രയിക്കേണ്ടി വരുന്നു. 5 വയസ്സിന് താഴെയുള്ള 15 ലക്ഷം കുട്ടികളാണ് ശുദ്ധജലം കിട്ടാതെ ഓരോ വര്‍ഷവും പിടഞ്ഞു ചാവുന്നത്. എന്തുകൊണ്ട്?

സാമൂഹിക സ്വഭാവമുള്ള ഒന്നാണ് അറിവ്. മാനവരാശി ഇതുവരെ ആര്‍ജിച്ച അതിന്റെ പൊതു പൈതൃകം എങ്ങനെയാണ് മനുഷ്യരില്‍നിന്നും തട്ടിയെടുക്കപ്പെടുന്നത് ? എന്തുകൊണ്ട് നിരക്ഷരത പെരുകുന്നു?

എന്തുകൊണ്ടാണ് ഫീസ് വര്‍ദ്ധനവിനെതിരെ ലോകത്തെങ്ങും കുട്ടികള്‍ തെരുവിലിറങ്ങേണ്ടി വരുന്നത്?

വന്‍ കുതിച്ചു ചാട്ടമാണ് ആരോഗ്യമേഖലയില്‍. എന്നിട്ടുമെന്തെ രോഗികള്‍ പെരുകുന്നു? മരുന്നുകള്‍ കിട്ടാക്കനിയാവുന്നു?8000 രൂപക്ക് ഇന്ത്യയില്‍ ഉണ്ടാക്കുന്ന ക്യാന്‍സറിനുള്ള മരുന്നു 1,20,000 രൂപ കൊടുത്തുവേണം ഇന്ത്യക്കാര്‍ വാങ്ങാന്‍ എന്ന നില വരുന്നതെന്തുകൊണ്ട്?

21ാം നൂറ്റാണ്ടിലെത്തിയിട്ടും എന്തുകൊണ്ട് 160 കോടി ജനങ്ങള്‍ ചേരി പ്രദേശങ്ങളില്‍ പുളയേണ്ടിവരുന്നു    ?

ഉത്തരം ഒന്നുമാത്രം :

അത്യാര്‍ത്തി പൂണ്ട ബഹുരാഷ്ട്ര കുത്തകക്കമ്പനികള്‍ ഈ മേഖലകളിലൊക്കെ പിടിമുറുക്കിയതുകൊണ്ട്. അവ പ്രകൃതിയേയും വിഭവങ്ങളേയും മനുഷ്യരേയും കടുത്ത ചൂഷണത്തിന് വിധേയമാക്കുന്നതുകൊണ്ട്.മുതലാളിത്തത്തിന് മനുഷ്യരുടെ ഈ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ല.ചൂഷണവിമുക്തമായ ഒരു ലോകത്ത് മാത്രമേ സാധാരണ മനുഷ്യര്‍ക്ക് വേണ്ട ഭക്ഷണവും കുടിവെള്ളവും മരുന്നും വിദ്യാഭ്യാസവും പാര്‍പ്പിടവും ലഭ്യമാവൂ.

എല്ലാവര്‍ക്കും ഭക്ഷണം കുടിവെള്ളം വൈദ്യസഹായം വിദ്യാഭ്യാസം പാര്‍പ്പിടം  വേണ്ടെന്ന് പറയാന്‍ ആര്‍ക്കെങ്കിലും ആകുമോ?

മുതലാളിത്തത്തിനു കീഴില്‍ ഭക്ഷണവും കുടിവെള്ളവും മരുന്നും, പുസ്തകവും പാര്‍പ്പിടവും വെറും ചരക്കുകളാണ്. മതിയായ ലാഭ ശതമാനം കൂടുതല്‍ കൂടുതലാക്കുക  എന്നതാണ് മുതലാളിത്ത ഉല്‍പാദനത്തിന്റെ നിയമം. എന്ത്/ എത്ര/ എവിടെ/ എപ്പോള്‍ ഉല്‍പാദിപ്പിക്കണം എന്നതിന്റെ മാനദണ്ഡം അതു മാത്രമാണ്.

ഇന്ന് ഒക്റ്റോബർ 3 : അന്താരാഷ്ട്ര പ്രക്ഷോഭദിനം

വരൂ..നമുക്കോരോരുത്തർക്കും ഇതിൽ കണ്ണിചേരാം...........

എല്ലാവര്‍ക്കും ഭക്ഷണം

ഇന്ന് നിലവിലുള്ള ജനസംഖ്യയുടെ പോഷകാവശ്യങ്ങളുടെ രണ്ടിരട്ടി നിറവേറ്റാന്‍ ഇപ്പോഴുള്ള കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് കഴിയും.

എന്നിട്ടും, 2007 ല്‍ ലോക ഭക്ഷ്യവില നാടകീയമായി ഉയര്‍ന്നു. കഴിഞ്ഞ 30 വര്‍ഷത്തിനിടക്കുണ്ടായ ഏറ്റവും ഉയര്‍ന്ന ഘട്ടത്തിലാണ് അതിപ്പോള്‍.  മുതലാളിത്ത വ്യവസ്ഥക്ക് പോഷകാഹാരത്തിന്റെ പ്രശ്നം പരിഹരിക്കാനാവില്ല . ദരിദ്ര- വികസ്വര രാജ്യങ്ങളില്‍ ഏറെ പ്രധാനപ്പെട്ട പ്രക്ഷോഭങ്ങള്‍ ഇക്കാര്യത്തില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ഭക്ഷ്യവില സൂചിക തയ്യാറാക്കാന്‍ തുടങ്ങിയതിനു ശേഷം ഇതുവരെയുണ്ടായിട്ടില്ലാത്ത അത്രക്ക് ഉയരത്തിലാണ് 2011 ജനുവരിയിലെ സൂചിക.
ലോകബാങ്ക് കണക്കാക്കിയിരിക്കുന്നത് 2008 ല്‍ മാത്രം ഭക്ഷ്യവിലക്കയറ്റം കാരണം 5 കോടി ജനങ്ങള്‍ ദരിദ്രരുടെ പട്ടികയില്‍ പുതുതായി ഇടം പിടിച്ചുവെന്നാണ്.

 ഭക്ഷ്യവില കുതിച്ചുയരുന്നതോടെ ഭക്ഷ്യോല്‍പാദനത്തിന്റെയും അതിന്റെകടത്തിന്റെയും  (transport) കച്ചവടത്തിന്റെയും മേഖലകളില്‍ ആധിപത്യം ചെലുത്തിക്കൊണ്ട് ആഗോളമാര്‍ക്കറ്റിനെ നിയന്ത്രിക്കുന്ന കുത്തകകളുടെയും ബഹുരാഷ്ട്ര കുത്തക ഗ്രൂപ്പുകളുടെയും ലാഭം അത്രക്ക് കണ്ട് വര്‍ധിച്ചിട്ടുമുണ്ട്. ചെറുകിട ഉല്‍പാദകര്‍ ഭീകരമായ ചൂഷണത്തിനാണ് വിധേയരാകുന്നത്. അതേ അവസ്ഥതന്നെയാണ് മണ്ണില്‍ പണിയെടുക്കുന്നവരുടെത്; ഭക്ഷ്യമേഖലയില്‍ പണിയെടുക്കുന്നവരുടേതും. ഉപഭോക്താക്കളും ഇതേ തോതില്‍തന്നെ ചൂഷണത്തിനിരയാവുന്നു. ആഗോള മാര്‍ക്കറ്റിന്റെ സിംഹഭാഗവും കൈവിരലില്‍ എണ്ണാവുന്ന കമ്പനികളാണ് കൈകാര്യം ചെയ്യുന്നത്.

സര്‍ക്കാരുകളും ഭക്ഷ്യക്കുത്തകകളും ഒരേ പോലെ പറയുന്നത് ഭക്ഷ്യധാന്യ വിലക്കയറ്റത്തിന് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നാണ്. വികസ്വര രാജ്യങ്ങളിലെ മനുഷ്യര്‍ ആര്‍ത്തിപിടിച്ചു തിന്നാന്‍ തുടങ്ങിയതാണെന്നും! ഭക്ഷ്യസ്റോക്ക് കുമിഞ്ഞുകൂടിയാല്‍ അത് വിലയിടിവിന് ഇടയാക്കും എന്നറിയാവുന്ന കമ്പനികളും അവര്‍ക്കുവേണ്ടി സഹായങ്ങള്‍ ഒരുക്കുന്ന ഗവണ്‍മെന്റുകളും ഉല്‍പാദനം കുറയ്ക്കാനായി കര്‍ഷകര്‍ക്ക് സബ്സിഡികള്‍ നല്‍കുകയാണ്!

വന്‍കിട ബഹുരാഷ്ട്ര കുത്തക കോര്‍പ്പറേഷനുകള്‍ കാര്‍ഷിക- ഭക്ഷ്യസംസ്കരണ മേഖലകളില്‍ പിടിമുറുക്കുകയാണ്. പരിസ്ഥിതിമലിനീകരണത്തിനും മാനവരാശിയുടെ നിലനില്‍പ്പിനു തന്നെയും ഭീഷണിയുയര്‍ത്താവുന്ന ജനിതക വക്രീകരണം കാര്‍ഷിക മേഖലയില്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. പ്രകൃതിയിലും മറ്റു സസ്യജാലങ്ങളിലും ഉണ്ടാക്കാവുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ച് ഓരാലോചനയുമില്ലാതെയാണ് അത് നടക്കുന്നത്.

ജനിതക മേഖലയില്‍ മേധാവിത്വം സ്ഥാപിച്ച മൊന്‍സാന്റോ കമ്പനി  144 കോടി ഡോളര്‍ ലാഭമാണ് 2007 ഡിസംബറിലുണ്ടാക്കിയിരുന്നത്.രണ്ട് മാസത്തിനകം 2008 ഫെബ്രുവരിയില്‍ ആ ലാഭം 222 കോടിയായി ഉയര്‍ത്തിയത് സാമ്പ്രദായിക കാര്‍ഷിക ജീവിതവൃത്തി പറിച്ചെറിഞ്ഞ് അവിടങ്ങളിലെല്ലാം തങ്ങളുടെ കൃത്രിമ ജനിതക വക്രീകരണം നടത്തിയ ഭക്ഷ്യധാന്യങ്ങള്‍ അടിച്ചേല്‍പ്പിച്ചാണ്. ഇറച്ചി മൃഗങ്ങളെ കൊഴുപ്പിക്കുന്നതിനുവേണ്ടിയാണ് അമേരിക്കയിലെ ആന്റി ബയോട്ടിക്കുകളുടെ 80 ശതമാനവും ഉപയോഗപ്പെടുത്തുന്നത്!

 ഭക്ഷ്യസാധനങ്ങള്‍ വിശപ്പു മാറ്റാനല്ല, മറിച്ച് എണ്ണ ഉല്‍പാദിപ്പിക്കാനാണ് വന്‍തോതില്‍ ഉപയോഗപ്പെടുത്തുന്നത്.ജനിതക വക്രീകരണത്തില്‍ ഏര്‍പ്പെട്ട മൊണ്‍സാന്റോ, ഡൌെ, ബേയര്‍ മുതലായ എല്ലാ കമ്പനികളും ജൈവ ഇന്ധനത്തിന്റെ മേഖലയിലും വന്‍ നിക്ഷേപങ്ങളാണ് നടത്തുന്നത്. ഭക്ഷ്യസാധനവിലകള്‍ കുത്തനെ കയറാനും വന്‍കിട കുത്തക കമ്പനികളുടെ ലാഭം കുന്നു കൂട്ടാനും അത് ഇടവരുത്തും. ഇങ്ങനെ ഭക്ഷ്യധാന്യങ്ങള്‍ ഉപയോഗിച്ച് ഇന്ധനമുണ്ടാക്കുന്നതിനുവേണ്ടി നികുതിപ്പണമുപയോഗിച്ച് നല്‍കുന്ന സബ്സിഡി 730 കോടി ഡോളറാണ് എന്ന് ഇന്റന്‍ നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സസ്റെയിനബിള്‍ ഡവലപ്പ്മെന്റ് പറയുന്നു.

പരിസ്ഥിതിയെയും ജന്തുജാലങ്ങളെയും ഭക്ഷ്യസുരക്ഷയെയും ആകെത്തന്നെ ഇങ്ങനെ അമ്മാനമാടാന്‍ ഏതാനും ചില ബഹുരാഷ്ട്രക്കുത്തകകള്‍ക്ക് വിട്ടു കൊടുത്തുകൂടാ എന്ന് ഡബ്ളിയു.എഫ്.ടി.യു ഉറച്ചു പറയുന്നു.

എല്ലാവര്‍ക്കും കുടിവെള്ളം:

ശുദ്ധജലം എന്നത് ഒരടിസ്ഥാന അവകാശമാണ്. സാര്‍വ്വലൌകികമായ ഒരവകാശം. എന്നിട്ടും ഇന്നും ഭൂമിയില്‍88.5 കോടി ജനങ്ങള്‍ക്ക് ശുദ്ധജലം കിട്ടാനില്ല. അതിന്റെ മൂന്നിരട്ടി ജനങ്ങള്‍ക്ക് അടിസ്ഥാന ശുചിത്വ സൌകര്യങ്ങളേയില്ല. ലോക ജനതയുടെ 39 ശതമാനം വരും ഇവര്‍. യൂനിസെഫിന്റെ 'ശുചിത്വത്തിന്റെയും കുടിവെള്ളത്തിന്റെയും കാര്യത്തിലുള്ള പുരോഗതി' സംബന്ധിച്ച റിപ്പോര്‍ട്ട് 2010 ല്‍ പറയുന്ന കാര്യങ്ങളാണിത്. കുടിവെള്ളവും ശുചിത്വപൂര്‍ണമായ ചുറ്റുപാടുകളും കിട്ടാത്തതുകാരണം 5 വയസ്സില്‍ താഴെയുള്ള 15 ലക്ഷം കുട്ടികളാണ് ഓരോ വര്‍ഷവും ചത്തു പോകുന്നത്. എന്നാല്‍ അതേസമയം കുടിവെള്ളമെന്നത് ചില വന്‍കിട കുത്തകക്കമ്പനികള്‍ക്ക് കൂറ്റന്‍ ലാഭം ഊറ്റിയെടുക്കാനുള്ള ഒരു ചരക്കായി മാറിയിരിക്കുകയാണ്. ലോകത്ത് ഇപ്പോള്‍ ശുദ്ധജല സേവനത്തിനായി 46 കോടി ജനങ്ങള്‍ സ്വകാര്യ കമ്പനികളെയാണ് ആശ്രയിക്കുന്നത്. 1990 ല്‍ ഇത് 5 കോടി പേര്‍ മാത്രമായിരുന്നു. കുത്തകക്കമ്പനികളെ തങ്ങളുടെ ശുദ്ധജലാവശ്യത്തിനായി ആശ്രയിക്കുന്നവരുടെ എണ്ണം 9 ഇരട്ടിയായി വര്‍ദ്ധിച്ചു എന്നര്‍ത്ഥം. പത്തു കുത്തകക്കമ്പനികളാണ് ഇതത്രയും കൈകാര്യം ചെയ്യുന്നത്.

ബെഷ്തെല്‍ ഇക്കൂട്ടത്തില്‍പെട്ട ഒരു കമ്പനിയാണ്. യുദ്ധത്തിന്റെ പിന്തുണയാല്‍ കുടിവെള്ളത്തിന്റെ സ്വകാര്യവല്‍ക്കരണം ഉറപ്പാക്കിയ ഈ കമ്പനി 2003 ലെ അധിനിവേശത്തിനുശേഷം ഇറാഖിനെ "പുനര്‍ നിര്‍മ്മിക്കാനായി'' ഏറ്റെടുത്തത് 68 കോടി ഡോളറിന്റെ കരാറാണ്. 2011 ല്‍ 2900 കോടി യൂറോ വരുമാനമുള്ള വിയോലിയയുടെ ലാഭം 100 കോടി യൂറോ ആണ.് ജല- മാലിന്യ മാനേജ്മെന്റാണ് കമ്പനിയുടെ ഏര്‍പ്പാട്. 2010 ല്‍ 1380 കോടി യൂറോ ലാഭമുണ്ടാക്കി ഒറ്റ വര്‍ഷം കൊണ്ട് അത് 1480 കോടിയാക്കി ഉയര്‍ത്തിയ സൂയസ് ആണ് മറ്റൊരു വെള്ളക്കമ്പനി!

1990 കള്‍ മുതല്‍ ലോകബാങ്കും ഐ. എം.എഫും വഴി അടിച്ചേല്‍പ്പിക്കപ്പെട്ട സ്വകാര്യവല്‍ക്കരണ നയങ്ങള്‍ കാരണം ബൊളീവിയയിലും ചിലിയിലും അര്‍ജന്റീനയിലും നൈജീരിയയിലും മെക്സിക്കോയിലും മലേഷ്യയിലും ആസ്ട്രേലിയയിലും ഫിലിപ്പൈന്‍സിലുമെന്ന പോലെ ഇന്ത്യയിലും സ്വകാര്യവല്‍ക്കരണത്തിനുള്ള കടുത്ത പരിശ്രമത്തിലാണ് സര്‍ക്കാര്‍. ഐ.എം.എഫും യൂറോപ്യന്‍ യൂണിന്‍ സെന്‍ട്രല്‍ ബാങ്കും ഇപ്പോള്‍ ഗ്രീസിനോടാവശ്യപ്പെടുന്നതും വെള്ളത്തിന്റെ സ്വകാര്യവല്‍ക്കരണമാണ്. ഘാനയിലെ ജലസ്വകാര്യവല്‍കരണത്തിനു വേണ്ടി ഐ.എം.എഫും, ലോകബാങ്കും കര്‍ശന നിര്‍ദ്ദേശം നല്‍കി. ഫലം, ദരിദ്ര ജനങ്ങള്‍ തങ്ങളുടെ വരുമാനത്തിന്റെ 50 ശതമാനവും കുടിവെള്ളത്തിനു വേണ്ടി നീക്കി വെക്കേണ്ടി വന്നിരിക്കുന്നു.
കുടിവെള്ളത്തിന്റെ കാര്യത്തില്‍ ബൊളീവിയയിലെ  കൊച്ചബാംബയില്‍ നടന്ന കടുത്ത സമരം ക്ഷണിച്ചു വരുത്തിയത് ഈ മേഖലയിലെ സ്വകാര്യവത്കരണമാണ്. അവിടെ സ്വകാര്യ മൂലധനത്തിന്റെ ആര്‍ത്തിയെ ബഹുജനപ്രക്ഷോഭത്തിന്റെ പ്രതിരോധനിര വഴി തടഞ്ഞുനിര്‍ത്താനായി. വെള്ളത്തിന്റെ കാര്യത്തില്‍ നടന്ന വിജയകരമായ ചെറുത്തു നില്‍പ്പുകളുടെ കൂട്ടത്തില്‍ പ്രഥമ ഗണനീയമായ ഒരു മഹാസംഭവമായി മാറി കൊച്ചബാംബ പ്രക്ഷോഭം.

ഡബ്ളിയു എഫ്.ടി യുവിനെ സംബന്ധിച്ചിടത്തോളം മനുഷ്യാവശ്യത്തിനുള്ള വെള്ളം ഒരു കച്ചവടച്ചരക്കല്ല.അതിന്റെ അളവിലും ഗുണത്തിലും തീര്‍ത്തും സംരക്ഷിച്ചു നിര്‍ത്തേണ്ട അമൂല്യമായ പ്രകൃതി വിഭവമാണ്. ഭക്ഷണത്തിന്റെ ഗണത്തില്‍ പെടുത്തി വേണ്ടതോതില്‍ ജനങ്ങള്‍ക്ക് കിട്ടുന്നു എന്നുറപ്പുവരുത്തേണ്ട ബാധ്യത സര്‍ക്കാരുകളുടേതാണ്. അതിനെ കമ്പോളത്തിന്റെ നിയമങ്ങള്‍ക്ക് വിട്ടുകൊടുത്തു കൂടാ.

സൌജന്യ പൊതുവിദ്യാഭ്യാസം  എല്ലാവര്‍ക്കും.

സാമൂഹിക സ്വഭാവമുള്ള ഒന്നാണ് അറിവ്. അത് ആര്‍ജിക്കുന്നതാകട്ടെ, സമൂഹത്തിന്റെ പരിണാമത്തിലൂടെയാണ്. സ്കൂളില്‍ നിന്നും സാങ്കേതിക സ്ഥാപനങ്ങളില്‍ നിന്നും യൂനിവേഴ്സിറ്റികളില്‍ നിന്നുമൊക്കെ പുറത്തു വരുന്ന അഭ്യസ്ത വിദ്യര്‍ അവര്‍ സ്കില്‍ഡ് തൊഴിലാളികളായാലും ശാസ്ത്രജ്ഞരായാലും ഗവേഷകരായാലും, സാമൂഹികമായി ആര്‍ജ്ജിച്ച അറിവിന്റെ ഒരു ഭാഗം സ്വാംശീകരിക്കാന്‍ സമുദായത്താല്‍ പ്രാപ്തരാക്കപ്പെട്ടവരാണ്. ഈ അറിവിനെ ഉപയോഗിക്കുകയും വികസിപ്പിക്കുകയും ചെയ്യേണ്ടത് അതുകൊണ്ടു തന്നെ അവരുടെ കടമയുമാണ്. ഉല്‍പാദനോപകരണങ്ങള്‍ കൈവശമുള്ള  ഏതാനും ചില വ്യക്തികള്‍ക്ക് വേണ്ടി ഉപയോഗിക്കേണ്ടതല്ല ആ അറിവ്.

മുതലാളിത്ത ഉല്പാദന ബന്ധങ്ങളില്‍ നിന്നുയര്‍ന്നു വരുന്ന പ്രശ്നങ്ങള്‍ ഇവയാണ്:

- വിദ്യാഭ്യാസ സമ്പ്രദായങ്ങളുടെ വിവിധ നിലവാരങ്ങളില്‍ ഉടനീളം വര്‍ഗാടിസ്ഥാനത്തിലുള്ള തടസ്സങ്ങള്‍ കാരണം വന്നു ചേരുന്ന നിരക്ഷരതയുടെ ഉയര്‍ന്ന തോത്; മുതലാളിത്ത ലാഭക്ഷമത ഉറപ്പു വരുത്തുന്നതിനു വേണ്ടിയുള്ള സ്കില്‍ഡ് വര്‍ക്കര്‍മാരുടെ വ്യാപനം.

- വിദ്യാഭ്യാസച്ചെലവ്, താണതോ മോശപ്പെട്ടതോ ആയ പശ്ചാത്തല സൌകര്യങ്ങള്‍

- അധ്യാപകരുടെ പ്രവര്‍ത്തന സാഹചര്യങ്ങള്‍.

ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് ഏഷ്യനാഫ്രിക്കന്‍ നാടുകളില്‍ നിന്ന് പുറത്തു വരുന്നത്. ഏഴരക്കോടിയിലേറെ പേര്‍ നിരക്ഷരര്‍! ഏഴുകുട്ടികളില്‍ ഒരാള്‍ പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും ചേരുന്നില്ല. സബ്സഹാറന്‍ ആഫ്രിക്കന്‍ നാടുകളില്‍ എത്യോപ്യയിലും ടാന്‍സാനിയായിലും കുട്ടികളില്‍ മൂന്നിലൊന്നു സ്കൂള്‍ പടവുകള്‍ കയറിയിട്ടേയില്ല.

15 നും 24 നും മിടക്ക് പ്രായമുള്ളവരുടെ ഇടയിലുള്ള നിരക്ഷരത ആഫ്രിക്കയില്‍ ആണ്‍കുട്ടികള്‍ക്ക് 23 ശതമാനവും പെണ്‍കുട്ടികള്‍ക്ക് 32% വും ആണ്. (ഉത്തരാഫ്രിക്കയെ ഒഴിവാക്കിയുള്ള കണക്കാണിത്) സിയാറ ലിയോണില്‍ ഇത് ഇനിയും കൂടും. ആണ്‍കുട്ടികളില്‍ 36% വും പെണ്‍കുട്ടികളില്‍ 56% വുമാണ് നിരക്ഷരത. ബുക്കിനാ ഫാസോയില്‍ ഇത് യഥാക്രമം 53% വും 67 ശതമാനവുമാണ്. മാലിയില്‍ 64 ശതമാനവും 77 ശതമാനവും!

ഉല്‍പാദന പ്രക്രിയയുടെ മൊത്തം സ്ഥിതി മനസ്സിലാക്കാതെ, തങ്ങളുടെ സവിശേഷ ജോലിയില്‍ മാത്രം പ്രാഗത്ഭ്യം നേടുന്ന സ്കില്‍ഡ് വര്‍ക്കര്‍മാരെ പടച്ചു വിടാന്‍ പറ്റിയ സാങ്കേതിക വിദ്യാഭ്യാസത്തിലേക്കാണ് കൂടുതല്‍ കൂടുതല്‍ കുട്ടികള്‍ ആട്ടിത്തെളിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഉല്‍പാദന പ്രക്രിയയുടെ പൊതു സ്വഭാവത്തെപ്പറ്റിയും സമ്പദ് വ്യവസ്ഥയിലെ ഉല്‍പാദന ബന്ധങ്ങളെപ്പറ്റിയും യാതൊരു ധാരണയുമില്ലാതെ അവര്‍ പണിചെയ്യുംയന്ത്രങ്ങളായി മാറിത്തീരുകയാണ്. പ്രകൃതി നിയമങ്ങളെക്കുറിച്ചോ സമൂഹത്തിന്റെ  പരിണാമത്തെക്കുറിച്ചോ തീര്‍ത്തും അജ്ഞരായിരിക്കും ഈ വിഭാഗം. തങ്ങളുടെ കഴിവുകളും പ്രതിഭകളും ഉപയോഗിച്ച് മൊത്തം സമൂഹത്തെ എങ്ങനെ അഭിവൃദ്ധിയിലേക്ക് നയിക്കാമെന്നതിനെക്കുറിച്ച് അവര്‍ക്ക് യാതൊരു ധാരണയും ഉണ്ടാകാനിടയില്ല. അതില്ലാതാക്കാനാണ് വ്യവസ്ഥ ബോധപൂര്‍വ്വം ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

തങ്ങളുടെ സമൂഹത്തെക്കുറിച്ചോ ലോകത്തുയര്‍ന്നുവരുന്ന ജനകീയ പ്രസ്ഥാനങ്ങളെക്കുറിച്ചോ യാതൊരു ധാരണയുമില്ലാത്ത ഈ വിഭാഗത്തെ ഉപയോഗപ്പെടുത്തുന്നത് വന്‍കിട കുത്തകകളാണ്. അവരുടെ അഭീഷ്ടാനുസരണം ഇവര്‍ ഇരകളാക്കപ്പെടുകയാണ്.

ഫീസ് വര്‍ദ്ധനവിനെതിരായും വിദ്യാഭ്യാസം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരായും ലോകത്തെങ്ങും ശ്രദ്ധേയമായ ഒട്ടേറെ സമരങ്ങള്‍ നടന്നു പോരുന്നുണ്ട്. ട്രെയ്ഡ് യൂണിയനുകള്‍ ഇവയോട് ഐക്യദാര്‍ഢ്യപ്പെടേണ്ടതുണ്ടെന്ന് ഡബ്ള്യിയു, എഫ്.ടിയു കരുതുന്നു. അത്രയും പോരാ, വിദ്യാഭ്യാസ പ്രശ്നം പ്രഥമവും പ്രധാനവുമായ സാമൂഹിക പ്രശ്നങ്ങളില്‍ ഒന്നാണെന്ന് കണ്ടറിഞ്ഞ് അതിനെ നേരിട്ട് ഏറ്റെടുക്കുകയും വേണം.  മേന്മയേറിയതും സൌജന്യവുമായ പൊതു വിദ്യാഭ്യാസം- കിന്റര്‍ ഗാര്‍ട്ടര്‍ മുതല്‍ പി.എച്ച്.ഡി വരെ ലഭ്യമാക്കുന്നതിനു വേണ്ടി പോരാടുക. ഉന്നതമായ ആശയങ്ങളും ആശയങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന വിദ്യാര്‍ത്ഥികളെ രൂപപ്പെടുത്തിക്കൊടുക്കുന്നതിന്  നമുക്ക് വിദ്യാഭ്യാസ പ്രവര്‍ത്തകരെ ആവശ്യമുണ്ട്. പണിയെടുക്കുന്നവരുടെയും മൊത്തം സമൂഹത്തിന്റെ തന്നെയും അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ഉശിരന്മാരായ യുവജനങ്ങളെ വളര്‍ത്തിയെടുക്കുന്നതിനായി നമുക്ക് ഏറെ വിദ്യാഭ്യാസ പ്രവര്‍ത്തകരെ വേണം.

നല്ല, മെച്ചപ്പെട്ട നിലവാരം പുലര്‍ത്തുന്ന പുസ്തകങ്ങള്‍ സമയത്തിനു തന്നെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും എത്തിക്കും എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്ന് ഞങ്ങള്‍ കരുതുന്നു.

വിദ്യാഭ്യാസ പ്രക്രിയയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതും എല്ലാ സുരക്ഷാ മുന്‍കരുതലുകളും ഉള്ളതുമായ പശ്ചാത്തല സൌകര്യം വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാക്കിയെടുക്കാനായി പോരാടേണ്ടതുണ്ട്.
സ്വതന്ത്രരായ ജനതകളെ വളര്‍ത്തിയെടുക്കാനുതകുന്ന തരത്തിലുള്ള ഗുണമേന്മയേറിയതും സര്‍ഗാത്മകവുമായ വിദ്യാഭ്യാസം നല്‍കാന്‍ വേണ്ട എല്ലാവിധ ഭരണകൂട പിന്തുണയും കിട്ടുന്ന നല്ല നിലവാരമുള്ള അധ്യാപകരുടെ സേവനത്തിനായി നമുക്ക് പോരാടേണ്ടതുണ്ട്.

സൌജന്യമായ മരുന്ന്  എല്ലാവര്‍ക്കും

ലോകജനസംഖ്യയുടെ മൂന്നിലൊന്നിനെങ്കിലും വേണ്ടതരത്തിലുള്ള ഔഷധങ്ങള്‍ കിട്ടാനില്ല. ആരോഗ്യ ശുശ്രൂഷാമേഖലയിലെ അസമത്വത്തിന്റെ ഒരു ഭാഗം മാത്രമാണിത്.

മുതലാളിത്തത്തിനു കീഴില്‍ മരുന്നുകള്‍ ലാഭവര്‍ദ്ധനവിനായുള്ള ഒരു ചരക്ക് മാത്രമാണ്.  കാന്‍സര്‍ രോഗത്തിനുള്ള മരുന്ന് ഗ്ളീവക്കിന് ഒരു മാസത്തേക്ക് ചെലവാകുക 1,20,000 രൂപയാണ്. എന്നാല്‍ ഇന്ത്യയില്‍ വികസിപ്പിച്ച മരുന്നിനുള്ള ചെലവ് 8000 രൂപ. ഇതിനെതിരെയാണ് കമ്പനി ഇന്ത്യാ ഗവണ്‍മെന്റിനെ കോടതികയറ്റിയത.് ലോകത്താകെയുള്ള എയ്ഡ്സ,്ക്യാന്‍സര്‍ രോഗികള്‍ക്കുള്ള സമാശ്വാസ രക്ഷാവാല്‍വാണ് ഇന്ത്യന്‍ പാറ്റന്റ് നിയമത്തിലെ 3(ഡി) വകുപ്പ്. അത് ഊരിയെറിഞ്ഞു കളയാനാണ് നൊവാര്‍ട്ടിസ് ശ്രമിക്കുന്നത്.

ലോക ജനതയെ വേട്ടയാടുന്ന മാരകരോഗങ്ങള്‍ക്കെതിരെയുള്ള മരുന്നുല്‍പ്പാദനത്തിന്ന് അവര്‍ക്ക് ഒട്ടും നേരമില്ല. മലമ്പനി പോലുള്ള രോഗങ്ങള്‍ക്കടിപ്പെടുന്നത് പാവപ്പെട്ടവരാണല്ലോ. ലാഭം ഊറ്റിയെടുക്കാനാവാത്ത അമ്മാതിരി മേഖലകളില്‍ നിന്ന് പുറം തിരിഞ്ഞ് നില്‍ക്കുകയാണ് ഈ കമ്പനികള്‍.

മൂന്നാം ലോകത്തെ സാധാരണ മനുഷ്യരെ പക്ഷേ ദയാപുരസ്സരം അവര്‍ ചികിത്സിക്കുന്നുണ്ട്- അവരുടെ മേല്‍ തങ്ങളുടെ മരുന്നുകള്‍ പ്രയോഗിക്കാനുള്ള ഗിനിപ്പന്നികളാക്കി മാറ്റിക്കൊണ്ട് അമേരിക്കയില്‍ മാത്രം ലോബിയിങ്ങിനായി മരുന്നു കമ്പനികള്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ചെലവാക്കിയത് 300 കോടി ഡോളറിലും ഏറെയാണ്. തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി അവര്‍ രാഷ്ട്രീയക്കാരെ വന്‍തുക നല്‍കി വിലക്കെടുക്കുന്നു.

ആരോഗ്യം കച്ചവടത്തിനുള്ളതല്ല എന്ന് ഡബ്ളിയു. എഫ്.ടി.യു വിശ്വസിക്കുന്നു  ലാഭമൂറ്റാനും ഊഹക്കച്ചവടം ചെയ്യുന്നതിനുമായി ഉപയോഗപ്പെടുത്താനുള്ളതല്ല തൊഴിലാളികളുടെ ജീവിതം.

ഇരുപതാം നൂറ്റാണ്ടില്‍ മിക്ക രാജ്യങ്ങളിലും തൊഴിലാളി വര്‍ഗം നേടിയെടുത്ത പ്രധാന നേട്ടം സാമൂഹികസുരക്ഷിതത്വമാണ്. പ്രതികാരാത്മകമായി മൂലധന ശക്തികള്‍ ഇപ്പോള്‍ തിരിച്ചാക്രമിക്കുകയാണ്. ലോകത്തെ മിക്ക രാജ്യങ്ങളിലും റിട്ടയര്‍മെന്റ് പ്രായപരിധി വര്‍ദ്ധിപ്പിക്കുകയാണ്. പെന്‍ഷന്‍ വെട്ടിച്ചുരുക്കുകയാണ്. ആരോഗ്യം കച്ചവടച്ചരക്കാക്കി മാറ്റുകയാണ്.മരുന്നുകള്‍ കൂടുതല്‍ കൂടുതല്‍ ചെലവേറിയതാവുകയാണ്, ആരോഗ്യ മേഖല സ്വകാര്യവല്‍ക്കരിക്കപ്പെടുകയാണ്. സ്വകാര്യ ഇന്‍ഷൂറന്‍സും ഊഹക്കച്ചവടവും പെരുകുകയാണ്.

സാമൂഹിക സുരക്ഷക്കായുള്ള പോരാട്ടത്തില്‍ അണിനിരന്ന ലോകത്തെങ്ങുമുള്ള തൊഴിലാളികള്‍ക്കൊപ്പം നിന്നിട്ടുണ്ട് ഡ്ബ്ളിയു.എഫ്.ടി.യുവും വര്‍ഗ ബോധമുള്ള തൊഴിലാളി പ്രസ്ഥാനങ്ങളും. ശാസ്ത്രസാങ്കേതിക മേഖലയിലെ വന്‍ കുതിച്ചു ചാട്ടത്തോടെ തൊഴിലിന്റെ ഉല്‍പാദനക്ഷമത വര്‍ദ്ധിച്ച ഇന്നത്തെ സാഹചര്യത്തില്‍ സാര്‍വ്വത്രികവും പൊതു ഉടമയിലുള്ളതും സംരക്ഷണം ഉറപ്പു വരുത്തുന്നതുമായ സാമൂഹിക സുരക്ഷാ സമ്പ്രദായം എല്ലാ രാജ്യങ്ങളിലുമുള്ള തൊഴിലാളികള്‍ക്ക് ലഭിക്കണമെന്ന് ഞങ്ങളാവശ്യപ്പെടുന്നു- സൌജന്യ വൈദ്യ സഹായവും ചുരുങ്ങിയ റിട്ടയര്‍മെന്റ് പ്രായവും പെന്‍ഷന്‍ വര്‍ദ്ധനവും ഞങ്ങളാവശ്യപ്പെടുന്നു. ഇങ്ങനെ മാത്രമേ തൊഴിലാളികള്‍ക്ക് മാന്യമായി ജീവിനാക്കാനാവൂ.

ആരോഗ്യമേഖലയിലെ ഗവേഷണവും ഔഷധങ്ങളുടെ നിയന്ത്രണവും വളരെ കാര്യക്ഷമമായി ഏറ്റെടുക്കുന്ന ഒരു സര്‍ക്കാര്‍ സംവിധാനം ഉണ്ടാവണമെന്നും അതുവഴി ഔഷധ നിര്‍മ്മാണ മേഖലയില്‍ പുതിയ പാതകള്‍ കണ്ടെത്താനാവണമെന്നും അതിന് സ്വകാര്യ ഔഷധക്കമ്പനികളല്ല, ഭരണകൂടങ്ങളാണ് മുന്‍കൈ എടുക്കേണ്ടതെന്നും ആവശ്യപ്പെട്ടു കൊണ്ടള്ള പ്രക്ഷോഭങ്ങള്‍  നാം വളര്‍ത്തിയെടുക്കണം. സാങ്കേതിക വിദ്യയുടെയും ജനിതക ശാസ്ത്രത്തിന്റെയും പുരോഗതി ലോകത്തെങ്ങുമുള്ള സാധാരണ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കുതകും വിധം ഉപയോഗപ്പെടുത്തേണ്ടതുണ്ട്.

എല്ലാവര്‍ക്കും പാര്‍പ്പിടം

ലോകം ഒരു ആഗോള ഭവന പ്രതിസന്ധി നേരിടുകയാണ്. 160 കോടിയിലേറെ ജനങ്ങള്‍ ചേരി പ്രദേശങ്ങള്‍ പോലുള്ള തരംതാണ പാര്‍പ്പിടങ്ങളിലാണ് കഴിയുന്നത്. 10 കോടി പേര്‍ തീര്‍ത്തും ഭവന രഹിതരാണ്. ബ്രസീലില്‍ മാത്രം   19 ദശലക്ഷം പേരാണ് സുരക്ഷിതമായ പാര്‍പ്പിടങ്ങളില്ലാതെ, കുടിവെള്ളമില്ലാതെ, അഴുക്കു വെള്ളപരിചരണ സംവിധാനമില്ലാതെ, മറ്റടിസ്ഥാന പൊതു സേവനങ്ങളില്ലാതെ കഴിയുന്നതു എന്നാണ് ബ്രസീലിയന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ജ്യോഗ്രഫി ആന്റ് സ്റാറ്റിസ്റിക്സിന്റെ 2012 -ലെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
മുതലാളിത്ത പ്രതിസന്ധിയുടെ വര്‍ത്തമാനകാല സാഹചര്യങ്ങളില്‍ കെട്ടിടങ്ങളില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്നത് കൂടിക്കൂടിവരികയാണ്. വര്‍ഷങ്ങളായി വളരെ സത്യസന്ധമായി വാടക കൃത്യമായി കൊടുത്തു പോന്നിരുന്നവര്‍ തങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുകയോ, കൂലി വെട്ടിക്കുറക്കപ്പെടുകയോ ചെയ്തതോടെ വാടക നല്‍കാനാവാതെ തെരുവിലാവുകയാണ്.

പാര്‍പ്പിടമെന്നത് ഒരു കച്ചവടച്ചരക്കല്ല; ഓരോ തൊഴിലാളിയുടെയും അവകാശമാണത്.
മാന്യവും താങ്ങാനാവുന്നതുമായ പാര്‍പ്പിട ലഭ്യത കുറഞ്ഞു വരുന്നത് മനുഷ്യവകാശങ്ങളുടെ അഗാധ പ്രതിസന്ധിയെയാണ് അനാവരണം ചെയ്യുന്നത്. ലോകത്താകെ പട്ടണങ്ങളും വന്‍ നഗരങ്ങളും വന്‍തോതില്‍ വളര്‍ന്നിട്ടുണ്ട്. അവയില്‍ പലതും പുതുക്കിപ്പണിതത് അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങള്‍ ഉറപ്പു വരുത്താതെയാണ്. പൊതു പാര്‍പ്പിടങ്ങള്‍ തകര്‍ക്കപ്പെടുകയാണ്. മുമ്പ് താങ്ങാനാവുന്ന വാടകക്ക് കിട്ടിയിരുന്ന പാര്‍പ്പിടങ്ങള്‍ ഇപ്പോള്‍ അങ്ങേയറ്റം ചെലവേറിയതായിരിക്കുന്നു. അതുകൊണ്ടുതന്നെ തലമുറകളായി പാര്‍ത്തു പോന്നിരുന്ന പാര്‍പ്പിടങ്ങളില്‍ നിന്ന്, പാവപ്പെട്ട തൊഴിലാളി സമുദായങ്ങളാകെ ആട്ടിയകറ്റപ്പെടുകയാണ്. അധികരിച്ചുവരുന്ന പാര്‍പ്പിടങ്ങളില്ലായ്മ, അമിതമായി വരുന്ന ആള്‍പ്പെരുപ്പം, കുടുംബങ്ങളിലെ തകര്‍ന്നു വരുന്ന ജീവിതഗുണമേന്മ-ഇതെല്ലാം വേദനാപൂര്‍വ്വം വെളിപ്പെടുത്തുന്നത് കാടന്‍ മുതലാളിത്ത സമ്പ്രദായത്തിന് നല്‍കേണ്ടി വരുന്ന മാനുഷിക വിലയാണ്.

ഭൂകമ്പങ്ങളും വെള്ളപ്പൊക്കത്തിനിടവരുത്തുന്ന പ്രകൃതി പ്രതിഭാസങ്ങളും തടയാനോ നിയന്ത്രിക്കാനോ കഴിയാതെ വരുന്നു. എന്നിരിക്കിലും മനുഷ്യ ജീവിതത്തിനുമേല്‍ അവ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാനുള്ള കഴിവ് ശാസ്ത്ര സാങ്കേതിക മേഖലയിലെ നേട്ടങ്ങള്‍ ആര്‍ജ്ജിച്ചിട്ടുണ്ട്. പക്ഷേ കെട്ടിട നിര്‍മ്മാണത്തിലെ മുതലാളിത്ത അരാജകത്വ പ്രവണത കാരണം സര്‍ക്കാരുകളുടെ കേന്ദ്രീകൃത പ്ളാനിങ്ങ് ഇല്ലാത്തതുകൊണ്ട് ഈ പ്രകൃതി പ്രതിഭാസങ്ങളുടെ ദയാദാക്ഷിണ്യത്തിന് വിട്ടു കൊടുത്തിരിക്കുകയാണ് ജനങ്ങളെയാകെ.
അമിത ജനപ്പെരുപ്പമുള്ള പട്ടണങ്ങള്‍, ഇടതൂര്‍ന്ന കെട്ടിട നിരകളുള്ള തലസ്ഥാനനഗരങ്ങള്‍. അടിയന്തിര ഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് നീങ്ങി നില്‍ക്കാനുള്ള പൊതുസ്ഥലങ്ങള്‍ ഇല്ലാതാവുകയാണ്. ആംബുലന്‍സുകളുടെയും ഫയര്‍ എഞ്ചിനുകളുടെയും കടന്നു വരവിനെ തടയുന്ന തരത്തിലുള്ള അനുചിതമായ റോഡ് സൌകര്യങ്ങള്‍. അപായകരമായ കെട്ടിടങ്ങള്‍. ജനവാസ കേന്ദ്രങ്ങളില്‍ തിങ്ങി നിറയുന്ന താണ നിലവാരത്തിലുള്ള സുരക്ഷിതത്വമില്ലാത്ത പണിയിടങ്ങള്‍. ജനവാസകേന്ദ്രങ്ങളിലൂടെയുള്ള വാതക പൈപ്പുകള്‍ യാതൊരുവിധ നിയന്ത്രണവുമില്ലാതെ, സുരക്ഷാ സംവിധാനങ്ങളില്ലാതെ പരന്നൊഴുകുന്നത്. മുന്‍ഭൂകമ്പങ്ങളില്‍ തകര്‍ന്നടിഞ്ഞ വീടുകള്‍ ഇനിയും അസ്ഥിഭംഗം വന്ന് കിടക്കുന്നത്; പുഴകളൊഴുകി വരുന്നേടങ്ങളിലൂടെ പണിതുയരുന്ന മഹാനഗരങ്ങള്‍.

എല്ലാവര്‍ക്കും പാര്‍പ്പിടത്തിനുള്ള മനുഷ്യാവകാശമുണ്ട്. എന്നുവെച്ചാല്‍, വരുമാന പരിഗണനയില്ലാതെ സുരക്ഷിതവും ഭദ്രവും ജീവിതവ്യവുമായ താങ്ങാനാവുന്ന വാടകക്ക് കിട്ടുന്ന പാര്‍പ്പിടത്തില്‍ സമാധാനത്തോടെയും മാന്യമായും കുടിയൊഴിക്കല്‍ ഭീഷണിയില്ലാതെയും താമസിക്കുന്നതിന് ഏവര്‍ക്കുമുള്ള അവകാശം.
ഈ അവകാശത്തെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും നിറവേറ്റുകയും ചെയ്യേണ്ടത് ഓരോ സര്‍ക്കാറിന്റെയും ബാധ്യതയാണ്. മനുഷ്യാവകാശത്തെപ്പറ്റിയുള്ള സര്‍വ്വ ലൌകിക പ്രഖ്യാപനത്തിന്റെ 25-ാം പട്ടിക പ്രകാരം ഈ അവകാശം ജനങ്ങള്‍ക്കാകെ ഉറപ്പാക്കേണ്ടതാണ്.

തന്റെയും തന്റെ കുടുംബത്തിന്റെയും ആരോഗ്യത്തിനും നിലനില്‍പ്പിനും ഉതകത്തക്കവിധത്തിലുള്ള, ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും പാര്‍പ്പിടത്തിന്റെയും വൈദ്യ ശുശ്രൂഷയുടെയും മറ്റു സാമൂഹിക സേവനങ്ങളുടെയും കാര്യങ്ങള്‍കൂടി പരിഗണിച്ചുള്ള ജീവിത നിലവാരം എന്നത് ഓരോ മനുഷ്യന്റെയും അവകാശമാണ്.

അതേപോലെത്തന്നെ തൊഴില്‍ നഷ്ടപ്പെടല്‍, രോഗം, അംഗവൈകല്യം, പ്രായാധിക്യം, തങ്ങളുടെ നിയന്ത്രണങ്ങള്‍ക്കപ്പുറമുള്ള  കാര്യങ്ങളാല്‍ ഉപജീവനമാര്‍ഗം നഷ്ടപ്പെടല്‍ തുടങ്ങിയ കാര്യങ്ങളിലും സുരക്ഷിതത്വം കിട്ടുക എന്നത് ലോകത്തെങ്ങുമുള്ളവരുടെ മനുഷ്യാവകാശമാണ്.

ഡബ്ളിയു എഫ്.ടിയുവിന്റെ അംഗങ്ങളോടും സുഹൃത്തുക്കളോടും തങ്ങളുടെ ഡിമാന്റുകളില്‍ ജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും പാര്‍പ്പിടം ഉറപ്പു വരുത്തുക എന്നതു കൂടി ചേര്‍ക്കണമെന്ന് ഞങ്ങളാവശ്യപ്പെടുന്നു.

ഇതില്‍ നിന്നും നാം എത്തുന്ന നിഗമനങ്ങള്‍:

1. മുതലാളിമാര്‍ക്ക് ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയവ ചരക്കുകളാണ .ലാഭദായകങ്ങളാണ്. എന്നാല്‍ നേരെ മറിച്ച് ഡബ്ളിയു. എഫ്.ടി യുവിനും ഉശിരന്‍ ട്രെയ്ഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ക്കുമാകട്ടെ, അവ സാമൂഹിക ഉല്‍പന്നങ്ങളാണ്. അവ സൌജന്യമായോ ചുരുങ്ങിയ ചെലവിലോ വേണ്ടത്ര ഗുണനിലവാരമേന്മയോടെ  കിട്ടാനുള്ള അവകാശം എല്ലാവരുടേതുമാണ്.

2. രാഷട്രാന്തരീയ കോര്‍പ്പറേഷനുകളുടെയും കുത്തകകളുടെയും തന്ത്രങ്ങള്‍ കാരണം ഇവയുടെ വില വര്‍ദ്ധിപ്പിക്കുകയും തൊഴിലാളികളുടെ ജീവിത നിലവാരം തകരുകയും ചെയ്യുകയാണ്. അവ പാവപ്പെട്ട കര്‍ഷകരെ അക്രമിക്കുന്നു. പരിസ്ഥിതിയെ എതിരായി ബാധിക്കുന്നു.

3. മുതലാളിമാരും അവരുടെ കാര്‍ട്ടലുകളും, രാഷ്ട്രങ്ങളുടെയും ജനങ്ങളുടെയും സമ്പത്തുല്‍പാദന വിഭവങ്ങളെ വിശേഷിച്ച് മൂന്നാം ലോക രാജ്യങ്ങളില്‍ കൊള്ളയടിക്കുന്നു.

4. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും മരുന്നിന്റെയും അളവും ഗുണവും നിയന്ത്രിക്കാന്‍ വന്‍ മുതലാളിമാര്‍ക്ക്  കഴിയുന്നു. സാധാരണ ജനങ്ങളുടെ നടപ്പു രീതിയെയും അവരുടെ മനഃശാസ്ത്രത്തെയും അവരുടെ ആയുര്‍ദൈര്‍ഘ്യത്തെത്തന്നെയും ബാധിക്കത്തക്കരീതിയില്‍ കാര്യങ്ങള്‍ നീക്കാന്‍ കുത്തകകള്‍ക്ക്  അവസരമൊരുക്കുകയാണ് ബയോടെക്നോളജി.

5.ഡബ്ളിയു. എച്ച്.ഓ,എഫ്.എ.ഓ തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്നത് ബഹുരാഷ്ട്ര കുത്തകകളാണ്. അവയുടെ തീരുമാനങ്ങള്‍ അതുകൊണ്ടുതന്നെ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കും, പാവപ്പെട്ട കര്‍ഷകര്‍ക്കും, ജനതകള്‍ക്ക് തന്നെയും എതിരായിത്തീരുന്നു. സ്ഥിതി വിവരകണക്കുകള്‍ തയ്യാറാക്കുന്നതിനും സാഹചര്യവര്‍ണനക്കും മാത്രമായി അവ സ്വയം പരിമിതപ്പെടുത്തുന്നു.

ഡബ്ളിയു. എഫ്.ടി.യുപരിപാടികള്‍


മേല്‍പറഞ്ഞ കാര്യങ്ങള്‍ മുന്‍നിര്‍ത്തി2012 ഒക്ടോബര്‍ 3 അന്താരാഷ്ട്ര പ്രക്ഷോഭദിനമായി ആചരിക്കാന്‍ ഡബ്ളിയു. എഫ്.ടിയുവിന്റെ പ്രസിഡന്‍ഷ്യല്‍ കൌണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. ഡബ്ളിയു.എഫ്.ടിയുവിന്റെ അംഗങ്ങളും സുഹൃത്തുക്കളും സവിശേഷമായി ഈ ദിനം ആചരിക്കണം. ധൈര്യത്തോടെ, ക്രിയാത്മകമായി ചില പരിപാടികള്‍ തയ്യാറാക്കി  ഒരു ലക്ഷ്യത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കണമെന്ന്  ഡബ്ളിയു.എഫ്.ടി.യു ആവശ്യപ്പെടുന്നു.

തൊഴിലാളികളെയും പാവപ്പെട്ട കര്‍ഷകരെയും ആദിവാസി ജനവിഭാഗങ്ങളെയും ഒരു പൊതു ഉശിരന്‍ പ്ളാറ്റ്ഫോം വഴി യോജിപ്പിക്കാന്‍ നമുക്കാവണം.

പണിയെടുക്കുന്നവരെയാകെ ഇക്കാര്യം അറിയിക്കാനുള്ള പ്രഖ്യാപനങ്ങള്‍, പോസ്ററുകള്‍, ലേഖനങ്ങള്‍, മെമ്മോറാണ്ടങ്ങള്‍ പ്രതിഷേധക്കത്തുകള്‍ എന്നിവ നാം തയ്യാറാക്കണം.

തൊഴിലിടങ്ങളിലെല്ലാം ഈ പരിപാടികള്‍ സംഘടിപ്പിക്കാന്‍ നമുക്കാവണം.

പ്രശ്നങ്ങളുടെ മൂര്‍ത്തമായ പരിഹാരത്തിനുള്ള ഏകമാര്‍ഗം മുതലാളിത്ത ചൂഷണ വ്യവസ്ഥയെ മറിച്ചിട്ടുകൊണ്ടു മാത്രമേ സാധിക്കൂ എന്ന കാര്യത്തില്‍ നാം അടിവരയിടണം.

നമ്മുടെ ഡിമാന്റുകള്‍ ഗവണ്‍മെന്റുകള്‍ക്ക് മുന്നിലും അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്ക് മുന്നിലും നാം അവതരിപ്പിക്കണം. അവയുടെ അടിയന്തര പരിഹാരത്തിനായി ആവശ്യപ്പെടണം.

No comments: