Friday, October 12, 2012

വര്‍ഗീയരാഷ്ട്രീയ ചരിത്രത്തിന്റെ സ്കാന്‍ റിപ്പോര്‍ട്ട്

ബാബറി മസ്ജിദ് ധ്വംസനം ഇന്ത്യന്‍രാഷ്ട്രീയത്തിന്റെ ഗതി തിരിച്ചുവിടുകമാത്രമല്ല ചെയ്തത്; ജനതയുടെ മനസ്സിലും ചിന്തയിലും പ്രതിലോമകരമായ ചലനങ്ങളാണത് സൃഷ്ടിച്ചത്. ഇന്ത്യന്‍ മധ്യവര്‍ഗമനസ്സില്‍ പതിറ്റാണ്ടുകളായി തണുത്തുകിടന്ന വര്‍ഗീയ ചിന്തകളുടെ മരുന്നറയ്ക്ക് തിരികൊളുത്തുകയായിരുന്നു ബാബറി മസ്ജിദ് തകര്‍ത്തതിലൂടെ ഇന്ത്യന്‍ ഫാസിസം ചെയ്തത്. ചില സംസ്ഥാനങ്ങളില്‍ മാത്രമൊതുങ്ങിയ വര്‍ഗീയകലാപങ്ങള്‍ രാജ്യമൊട്ടുക്കു പരന്നു. ഇന്ത്യയുടെ മതേതരഗാത്രത്തിന് ഈ സംഭവമേല്‍പ്പിച്ച മുറിവുകള്‍ ചെറുതല്ല. രാഷ്ട്രീയത്തെമാത്രമല്ല, നൂറ്റാണ്ടുകളായി ഇന്ത്യയില്‍ രൂപപ്പെട്ട ബഹുസ്വരതയ്ക്കും അതില്‍ നിന്നുയിര്‍ക്കൊണ്ട സമന്വിതസംസ്കാരത്തിനുമാണ് ആ സംഭവം മുറിവേല്‍പ്പിച്ചത്. മനസ്സുകളില്‍ ഹിംസയുടെ ബീജം വിതച്ച് മൃത്യു വിളയിക്കുകയായിരുന്നു ബാബറി മസ്ജിദ് ധ്വംസനമടക്കമുള്ള സംഭവങ്ങളിലൂടെ ഇന്ത്യന്‍ വര്‍ഗീയത ചെയ്തത്.

1990കളുടെ ആരംഭത്തില്‍ ഇന്ത്യന്‍ ഫാസിസത്തിന് പ്രായപൂര്‍ത്തിയായെന്ന് തെളിയിച്ച ബാബറി മസ്ജിദ് തകര്‍ക്കലിനും തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ക്കും എതിരെ പ്രബലവും പ്രസക്തവുമായ പ്രതിരോധങ്ങളാണ് അക്കാദമിക് രംഗത്തുനിന്നുണ്ടായത്. ഇന്ത്യയുടെ ബഹുത്വത്തെ തകര്‍ക്കുന്ന ഏകാത്മക മാനവീയത എന്ന സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിനെതിരെ റൊമീല ഥാപ്പറും ആര്‍ എസ് ശര്‍മയും ഇര്‍ഫാന്‍ ഹബീബും കെ എന്‍ പണിക്കരും തുടങ്ങിവച്ച അക്കാദമിക് മുന്നേറ്റങ്ങള്‍ ഏറ്റെടുക്കാന്‍ നിരവധി പേര്‍ രാജ്യമെമ്പാടുമുണ്ടായി. പല ചരിത്രകാരന്മാരും അക്കാദമിക് പണ്ഡിതരും തരംപോലെ ഫാസിസത്തിന്റെ ബാന്‍ഡ്വാഗണുപിന്നില്‍ അണിചേര്‍ന്നപ്പോഴായിരുന്നു മതനിരപേക്ഷതയുടെ കൊടിപ്പടം ഉയര്‍ത്തിപ്പിടിക്കല്‍ സാഹസികമാണെന്നറിഞ്ഞിട്ടും ഇന്ത്യയിലെ മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാര്‍ ഈ നിലപാട് സ്വീകരിച്ചത്. ഇവര്‍ തുടങ്ങിവച്ച പഠനങ്ങള്‍ക്ക് സാര്‍ഥകമായ തുടര്‍ച്ച നല്‍കിയവരില്‍ പ്രമുഖനാണ് രാം പുനിയാനി. ചരിത്രത്തില്‍ അക്കാദമിക് പ്രാഗത്ഭ്യം അവകാശപ്പെടാനില്ലാത്ത അദ്ദേഹം മുംബൈ ഐഐടിയിലെ ജോലി 2004ല്‍ രാജിവച്ചാണ് വര്‍ഗീയതക്കെതിരെയുള്ള മതനിരപേക്ഷ-ജനാധിപത്യവാദികളുടെ പോരാട്ടത്തില്‍ പങ്കാളിയാവുന്നത്. പുനിയാനിയുടെ വര്‍ഗീയ രാഷ്ട്രീയം എന്ന പുസ്തകത്തിന്റെ മലയാളം പതിപ്പ് അതുകൊണ്ടുതന്നെ കേരളത്തിലെ രാഷ്ട്രീയ-സാംസ്കാരിക ഭൂമികയില്‍ ഗഹനമായ ചര്‍ച്ചയ്ക്ക് വിധേയമാകേണ്ടതുണ്ട്. ഡി ഡി കൊസാംബിയും എച്ച് ഡി സംഘാലിയയും റൊമില ഥാപ്പറും ഇ എം എസും തുറന്നിട്ട ചിന്തകളെ പ്രഗാഢമാക്കുകയാണ് ഈ കൃതിയിലൂടെ പുനിയാനി ചെയ്യുന്നത്. ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതകള്‍ എന്ന സാമ്പ്രദായിക വേര്‍തിരിവുകള്‍ക്കുപരിയായി വര്‍ഗീയത ഇന്ത്യന്‍ സാഹചര്യത്തില്‍ എങ്ങനെ അപകടകരമായ മാനം കൈവരിച്ചുവെന്നതിനെ തികച്ചും ലളിതമായി പ്രതിപാദിക്കുന്നു ഈ പുസ്തകം.

ലിംഗപരവും സാമൂഹ്യവുമായ അടിച്ചമര്‍ത്തലുകള്‍, നിരക്ഷരത, ദാരിദ്ര്യം, പിന്നോക്കവിഭാഗങ്ങളും പ്രാന്തവല്‍ക്കരിക്കപ്പെട്ടവരും നൂറ്റാണ്ടുകളായി അനുഭവിക്കുന്ന ചൂഷണം, അന്ധവിശ്വാസങ്ങള്‍ എന്നിവയ്ക്കുമേലാണ് ഇന്ത്യന്‍ വര്‍ഗീയത അതിന്റെ സ്ഥാനമുറപ്പിച്ചതെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. വര്‍ഗീയതയുടെ തീവ്രത ഒരിക്കലും ജനസംഖ്യാപരമായ സംജ്ഞകളില്‍ ഒതുങ്ങിനില്‍ക്കുന്നില്ല. മുഗള്‍ കാലഘട്ടങ്ങളിലൂടെയും ഭക്തി-സൂഫി പ്രസ്ഥാനങ്ങളിലൂടെയും ഇന്ത്യയില്‍ വളര്‍ന്നുവന്ന ഐക്യം തകര്‍ക്കുന്നതില്‍ കൊളോണിയല്‍ ഭരണാധികാരികളും കൊളോണിയല്‍ ചരിത്രകാരന്മാരും നടത്തിയ ഇടപെടലുകളിലേക്കും ഈ കൃതി വെളിച്ചം വീശുന്നു.

(എന്‍ എസ് സജിത്)

മറവു ചെയ്യപ്പെടാത്ത ഉടലുകള്‍

പതിനാറാം നൂറ്റാണ്ടില്‍ പാശ്ചാത്യ ക്രിസ്തുമതത്തിനുള്ളില്‍ രൂപംകൊണ്ട മതനവീകരണ പ്രസ്ഥാനം (റിഫോര്‍മേഷന്‍) റോമന്‍ കത്തോലിക്കാസഭയെ ഒരു പിളര്‍പ്പില്‍ കൊണ്ടെത്തിച്ചു. കത്തോലിക്കാസഭയ്ക്കുള്ളിലെ പഴകിയ ആചാരങ്ങളോടും, അധികാരശ്രേണികളോടും, പോപ്പിന്റെ സര്‍വാധിപത്യത്തോടും ഉള്ള എതിര്‍പ്പായിരുന്നു ലോകമെമ്പാടും ഈ കാലഘട്ടത്തില്‍ പ്രൊട്ടെസ്റ്റന്റ് ആശയങ്ങള്‍ രൂപംകൊള്ളാന്‍ കാരണം. മാര്‍ട്ടിന്‍ ലൂഥറിനെപ്പോലുള്ളവര്‍ റോമിനെ വെല്ലുവിളിച്ചുകൊണ്ട് ലാറ്റിന് പകരം ജര്‍മന്‍ നാട്ടുഭാഷകളിലേക്ക് നടത്തിയ ബൈബിള്‍ പരിഭാഷകള്‍ ഈ മത പുനര്‍നിര്‍മാണ പരിശ്രമത്തിന്റെ ഒരു ഉദാഹരണംമാത്രം. എന്നാല്‍, ഇംഗ്ലണ്ടില്‍ തികച്ചും വ്യക്തിപരമായ ചില താല്‍പ്പര്യങ്ങള്‍ ഈ യുഗസംഭവത്തിന്റെ പ്രേരകശക്തിയായതായി ചരിത്രം രേഖപ്പെടുത്തുന്നു.

ഇംഗ്ലണ്ട് ഭരിച്ചിരുന്ന ട്യൂഡര്‍ പരമ്പരയിലെ ഹെന്‍റി എട്ടാമന്‍ എന്ന പ്രഗത്ഭനായ രാജാവിന് ആന്‍ ബോളിന്‍ എന്ന യുവതിയെ വിവാഹം കഴിക്കാനുള്ള അതിമോഹമാണ് ഇംഗ്ലീഷ് മത പരിഷ്കരണത്തിന്റെ പ്രധാന കാരണമായി പറയപ്പെടുന്നത്. ആദ്യ ഭാര്യയായ കാതറിനില്‍നിന്ന് വിവാഹമോചനം നല്‍കാന്‍ വിസമ്മതിച്ച റോമന്‍ കത്തോലിക്കാസഭയെ ഹെന്‍റി എട്ടാമന്‍ തിരസ്കരിക്കുകയും അങ്ങനെ ആംഗ്ലിക്കന്‍ സഭയ്ക്ക് രൂപം നല്‍കുകയുംചെയ്തു. ഇതിന്റെ ചുക്കാന്‍ പിടിച്ചതോ കൂര്‍മ ബുദ്ധിയുള്ള, ഭരണകാര്യങ്ങളില്‍ അതിനിപുണനായ പ്രധാനമന്ത്രി തോമസ് ക്രോംവെല്‍. എന്നാല്‍, പുതിയ റാണിയും പ്രധാനമന്ത്രിയും തമ്മില്‍ ഇടഞ്ഞപ്പോള്‍ ബ്രിട്ടീഷ് ചരിത്രംതന്നെ മാറിമറിഞ്ഞു. ഇതാണ് ഹിലാരി മാന്റെലിന്റെ "ബ്രിങ് അപ്പ് ദി ബോഡീസ്" എന്ന ചരിത്രപരമായ നോവലിന്റെ പ്രമേയം. ചരിത്രനോവലുകള്‍ക്ക് പ്രിയമേറുന്ന ഈ കാലത്ത് ഇംഗ്ലീഷ് ജനതയ്ക്ക് എത്ര പറഞ്ഞാലും മതിവരാത്ത, ഇംഗ്ലണ്ടിന്റെ സുവര്‍ണ കാലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ട്യൂഡര്‍ കാലഘട്ടം ഹിലാരി മാന്റെലിന്റെ തൂലികയില്‍ക്കൂടി വീണ്ടും പീലി വിടര്‍ത്തുന്നു, ഒരു എഴുത്തുകാരിയുടെയോ ചരിത്രകാരിയുടെയോ പാടവത്തേക്കാളേറെ ഒരു ചിത്രകാരിയുടെ മനോഹരമായ ചായക്കൂട്ടുകളിലൂടെ. മണ്‍മറഞ്ഞ കഥാപാത്രങ്ങള്‍ക്ക് മജ്ജയും മാംസവും വയ്ക്കുമ്പോള്‍ അവ ചരിത്രത്തിന്റെ ഇരുണ്ട ഇടനാഴികള്‍ വിട്ട് പഴയകാലത്തിന്റെ പുതിയ കഥകള്‍ പറഞ്ഞുതുടങ്ങുന്നു.

ആണ്‍കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ പറ്റാതെ, ഇനിയും വരാനിരിക്കുന്ന ഭാര്യമാര്‍ക്കായി വധശിക്ഷയ്ക്ക് കീഴ്പ്പെടേണ്ടി വരുന്ന ആന്‍ ബോളിനും ഒട്ടും അകലെയല്ലാത്ത പതനത്തിനു മുമ്പ് ജ്വലിച്ചുനില്‍ക്കുന്ന തോമസ് ക്രോംവെല്ലും ചരിത്രത്തിന്റെ കുമ്പസാരക്കൂട്ടില്‍ തെളിവോടെ, മിഴിവോടെ, നിറഞ്ഞു നില്‍ക്കുന്നു. സ്ത്രീകഥാപാത്രങ്ങളെ കൂടുതല്‍ സൂക്ഷ്മതയോടെ വരച്ചുകാട്ടുന്ന പതിവുരീതി ഈ നോവലിലും കഥാകൃത്ത് പിന്തുടരുന്നതായി കാണാം. ട്യൂഡര്‍ കാലഘട്ടത്തെ പ്രമേയമാക്കുന്ന മാന്റെലിന്റെ നോവല്‍ത്രയത്തില്‍ രണ്ടാമതായി എത്തുന്ന നോവലാണ് ബ്രിങ് അപ്പ് ദി ബോഡീസ്. 2009ല്‍ പ്രശസ്തമായ മാന്‍ ബുക്കര്‍ അവാര്‍ഡ് നേടിയ വുള്‍ഫ് ഹാള്‍ ആണ് പരമ്പരയിലെ ആദ്യത്തെ നോവല്‍. 2012 ലെ ബുക്കര്‍ െ്രപെസിന് ബ്രിങ് അപ്പ് ദി ബോഡീസ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട സാഹചര്യത്തില്‍ അവാര്‍ഡ് നേടിയാല്‍ രണ്ടു തവണ ബുക്കര്‍ജേതാവാകുന്ന ആദ്യ ബ്രിട്ടീഷ് നോവലിസ്റ്റ് ആകും ഹിലാരി മാന്റെല്‍. ഫോര്‍ത്ത് എസ്റ്റേറ്റ് ആണ് നോവലിന്റെ പ്രസാധകര്‍.

(ഡോ. മീന ടി പിള്ള)

ജീവിതത്തിന്റെ ദശാവതാരം

ഞാന്‍ ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്നത് ഒരു പഴയ പുസ്തകമാണ്. കന്നഡ എഴുത്തുകാരനായ ശ്രീകൃഷ്ണ ആലനഹള്ളിയുടെ "ഭുജംഗയ്യന്റെ ദശാവതാരങ്ങള്‍" എന്ന പുസ്തകത്തിന്റെ മലയാളവിവര്‍ത്തനം രണ്ടുതരത്തിലുള്ള ഉന്മേഷമാണ് എനിക്ക് ഇപ്പോള്‍ പകരുന്നത്. എന്റെ വായനയുടെ ആരംഭവുമായി ബന്ധപ്പെട്ടു കിടക്കുന്ന പുസ്തകമാണ് ഇത്. എണ്‍പതുകളുടെ മധ്യത്തില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചപ്പോള്‍ അതിനു വേണ്ട ചിത്രങ്ങള്‍ വരച്ചത് കേരളം ഈ നൂറ്റാണ്ടില്‍ കണ്ട ഏറ്റവും മികച്ച രേഖാചിത്രകാരനായ എ എസ് നായരാണ്. അന്ന് കേരളത്തില്‍ ജനിച്ചുവളര്‍ന്ന, കേരളത്തിനു പുറത്ത് സഞ്ചരിക്കാത്ത ഒരു വിദ്യാര്‍ഥിയെന്ന നിലയില്‍ ഈ കന്നഡ നോവലും അതിന്റെ ഗ്രാമീണ-കാര്‍ഷിക സംസ്കൃതിയും എന്നെ വല്ലാതെ ആകര്‍ഷിച്ചു. വാസ്തവത്തില്‍ അത് സ്കൂളുകളില്‍ നിന്ന് മറുനാടുകളിലേക്ക് ഒരു പഠനയാത്ര നടത്തുന്നതു പോലെയുള്ള അനുഭവമായിരുന്നു.

"ഭുജംഗയ്യന്റെ ദശാവതാരങ്ങള്‍" പാവപ്പെട്ടവരും നിഷ്കളങ്കരും സ്വഭാവത്തില്‍ വൈചിത്ര്യം പുലര്‍ത്തുന്നവരുമായ മനുഷ്യരുടെ കഥയാണ് പറയുന്നത്. ഇതിലെ പ്രധാന കഥാപാത്രം ഭുജംഗയ്യന്‍ ഒരു അമാനുഷസൃഷ്ടിയായി എനിക്കന്ന് തോന്നിയിട്ടുണ്ട്. മനുഷ്യബന്ധങ്ങളിലെ നാടകീയ വഴിത്തിരിവുകളെ കുറിച്ചും സങ്കീര്‍ണ മാനസിക സംഘട്ടനങ്ങളെ കുറിച്ചുമാണ് ഈ നോവല്‍ പ്രതിപാദിക്കുന്നത്. ഭുജംഗയ്യനും നാരായണനും സുശീലയും പാര്‍വതിയും വിക്ടറും അടങ്ങിയ കഥാപാത്രങ്ങളെല്ലാവരും തന്നെ ലോകസമൂഹത്തില്‍ എന്നും പ്രസക്തിയുള്ളവരാണ്. ഇന്ന് "ഭുജംഗയ്യന്റെ ദശാവതാരങ്ങള്‍" വീണ്ടും വായിക്കുമ്പോള്‍ അതില്‍ നിന്ന് ഞാന്‍ പഠിക്കാന്‍ ശ്രമിക്കുന്നത് ഭിന്നരൂപികളായ കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ എഴുത്തുകാരന്‍ കാണിക്കുന്ന മിടുക്കാണ്. മലയാളത്തില്‍ തന്നെ പല പതിപ്പ് വന്നിട്ടുള്ള ഈ നോവലിന് ഇന്നും വായനക്കാര്‍ ഉണ്ടെന്നതില്‍ സംശയമില്ല. ഈ പുസ്തകത്തിനു മുമ്പ് ഞാന്‍ വായിച്ചത്, ഏലീലീസിന്റെ "ദി നൈറ്റ്" എന്ന നോവലിന്റെ മലയാള പരിഭാഷയാണ്. അജയ് പി മങ്ങാട്ടാണ് പരിഭാഷ നിര്‍വഹിച്ചത്. ചിന്തയാണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലെ നരകതുല്യമായ ജീവിതാവസ്ഥകള്‍ പ്രതിപാദിക്കുന്ന അനേകം കൃതികള്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും അവയില്‍ നിന്നെല്ലാം വ്യത്യസ്തമായ വായനാനുഭവം പകര്‍ന്ന കൃതിയാണ് ഇത്. പലപ്പോഴും ഒരു പുസ്തകം ഞാന്‍ മുഴുവനായി വായിക്കാറില്ല. പകുതി വായിച്ച പുസ്തകം പിന്നീട് കുറേക്കാലം കഴിഞ്ഞ് മുഴുമിക്കാറുണ്ട്. മുഴുവന്‍ വായിച്ച പുസ്തകങ്ങള്‍ കുറേക്കാലം കഴിഞ്ഞ് വീണ്ടും വായിക്കുന്ന പതിവുമുണ്ട്. പഴയ പുസ്തകങ്ങള്‍ വീണ്ടും വായിക്കുന്നതിനു പിന്നില്‍ ഒരു കാരണമുണ്ട്. നമ്മുടെ പാരമ്പര്യങ്ങളില്‍ നിന്നും മനുഷ്യരുടെ മുന്‍കാല ജീവിതാനുഭവങ്ങളില്‍ നിന്നും മാത്രമേ പുതിയ സാഹിത്യപ്രമേയങ്ങള്‍ കണ്ടെടുക്കാന്‍ കഴിയുകയുള്ളൂ എന്നത് കൊണ്ടാണത്.

രാജന്‍ കാക്കനാടന്റെ "ഹിമവാന്റെ മുകള്‍തട്ടില്‍" എന്ന പുസ്തകവും ഈ അടുത്തകാലത്ത് വീണ്ടും വായിച്ചു. ഹിമാലയ യാത്രയെ സംബന്ധിച്ച് ഒരുപാട് പുസ്തകം നമ്മുടെ ഭാഷയില്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ഈ പുസ്തകത്തിന്റെ തിളക്കം ഇന്നും നഷ്ടമായിട്ടില്ല.കഴിഞ്ഞ രണ്ടു ദശക കാലത്തിനുള്ളില്‍ മലയാളിയെ കടന്നുകയറി കീഴ്പ്പെടുത്തിയ മാധ്യമം ടിവിയാണ്. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷമായി മലയാളിസമൂഹം ടിവി വച്ച മുറിയില്‍ നിന്നു പുറത്തുചാടി തുടങ്ങി. സീരിയലുകളും റിയാലിറ്റി ഷോകളും കണ്ട് മനസ്സ് മടുത്ത മലയാളികള്‍ കുറേ ഇന്റര്‍നെറ്റിലേക്ക് ചേക്കേറിയിട്ടുണ്ടെങ്കിലും ബാക്കി ഒരുവിഭാഗം പുസ്തകങ്ങളിലേക്കും മറ്റൊരു വിഭാഗം സിനിമാ തിയറ്ററുകളിലേക്കും മടങ്ങിയിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഇത് പ്രതീക്ഷ നല്‍കുന്ന മാറ്റമാണെന്നാണ് എന്റെ വിലയിരുത്തല്‍.
*സുസ്മേഷ് ചന്ദ്രോത്ത്)

*
ദേശാഭിമാനി വാരാന്തപ്പതിപ്പ് 07 ഒക്ടോബര്‍ 2012

No comments: