Saturday, October 20, 2012

അഴിമതിയില്‍ പരസ്പരം മത്സരിക്കുന്നു

കോണ്‍ഗ്രസ് പ്രസിഡന്റും യുപിഎ അധ്യക്ഷയുമായ സോണിയ ഗാന്ധി അഴിമതിയുടെ കാര്യത്തില്‍ ബിജെപിയെ കുറ്റപ്പെടുത്തിയിരിക്കുന്നു; രണ്ടു കാലിലും മന്തുള്ളയാള്‍ ഒരു കാലിന് മന്തുള്ളയാളെ മന്തുകാലന്‍ എന്നുവിളിക്കുന്നതുപോലെ. ബിജെപി ഭരിക്കുന്ന കര്‍ണാടകം, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ വര്‍ധിച്ച തോതില്‍ അഴിമതി നടക്കുന്നുണ്ടെന്നും എന്തുകൊണ്ട് ബിജെപി ഇതേപ്പറ്റി ശബ്ദിക്കുന്നില്ല എന്നുമാണ് സോണിയയുടെ ചോദ്യം. മംഗലാപുരത്ത് നെഹ്റു മൈതാനിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടുള്ള പ്രസംഗത്തിലാണ് അവര്‍ ഈ ചോദ്യം ഉന്നയിച്ചത്. ഉടന്‍തന്നെ ബിജെപിയുടെ പ്രതികരണം വന്നു. ഡല്‍ഹി, ഹരിയാന തുടങ്ങി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അഴിമതിയെപ്പറ്റിയും കുറ്റകൃത്യങ്ങളെപ്പറ്റിയും സോണിയ ഗാന്ധി എന്തുകൊണ്ട് മൗനംപാലിക്കുന്നു എന്നാണ് ബിജെപി വക്താവ് നിര്‍മലാ സീതാരാമന് അറിയേണ്ടത്. രണ്ട് ചോദ്യവും വളരെ പ്രസക്തമാണ്. ഇരുപാര്‍ടികളും മറ്റു പല കാര്യങ്ങളിലുമെന്നപോലെ അഴിമതിയുടെ കാര്യത്തിലും പരസ്പരം മത്സരിക്കുന്നവരാണ്.

കോണ്‍ഗ്രസ് ഭരിക്കുന്ന ഹരിയാനയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള പീഡനവും ബലാത്സംഗവും വ്യാപകമായി നടക്കുന്നുവെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതിരിക്കുകയാണെന്നും നിര്‍മലാ സീതാരാമന്‍ പരാതി പറയുന്നു. ഇരുപാര്‍ടികള്‍ക്കും ഒരേവര്‍ഗതാല്‍പ്പര്യമാണുള്ളത്. അത് സംരക്ഷിക്കാനുള്ള മാര്‍ഗം വ്യത്യസ്തമാണെന്നുമാത്രം. മതസ്പര്‍ധയും മതവികാരവും വളര്‍ത്തി തെരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തില്‍വരാനാണ് ബിജെപി നിരന്തരം ശ്രമിക്കുന്നത്. മതന്യൂനപക്ഷങ്ങളെ ഉന്മൂലനംചെയ്യണമെന്നും ഹിന്ദുരാഷ്ട്രം സ്ഥാപിക്കണമെന്നുമാണ് ബിജെപി കാണുന്നത്. പേരിനെങ്കിലും കോണ്‍ഗ്രസ് മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നു. സാമ്രാജ്യത്വ സാമ്പത്തികനയം നടപ്പാക്കുന്നതില്‍ ഇരുപാര്‍ടികളും തമ്മില്‍ കാതലായ അഭിപ്രായവ്യത്യാസമൊന്നുമില്ല. കോണ്‍ഗ്രസിന്റെ ജനവിരുദ്ധനയങ്ങളില്‍നിന്ന് മുതലെടുപ്പ് നടത്തി അധികാരത്തില്‍വരാന്‍ ബിജെപി അരയും തലയും മുറുക്കി കാത്തിരിക്കുകയാണ്. അഴിമതികളിലൂടെ പണം സമ്പാദിക്കുന്നതില്‍ ഇരുപാര്‍ടികളും ഒരേപാതയിലാണ്. കര്‍ണാടകത്തില്‍ ബിജെപി ഭരണത്തില്‍ എല്ലാവര്‍ക്കും ഇത് കാണാന്‍ കഴിഞ്ഞതാണ്.
ഇതില്‍നിന്ന്തികച്ചും വ്യത്യസ്തമായ നിലപാടാണ് ഇടതുപക്ഷകക്ഷികള്‍ സ്വീകരിച്ചിട്ടുള്ളത്. പശ്ചിമബംഗാള്‍, കേരളം, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ ഇടതുപക്ഷം ഭരണം കൈകാര്യംചെയ്ത അനുഭവം ജനങ്ങളുടെ മുന്നിലുണ്ട്. ജനകീയപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് മൂന്ന് സംസ്ഥാനങ്ങളിലും ഇടതുപക്ഷ മതനിരപേക്ഷ കക്ഷികള്‍ ശ്രമിച്ചത്. കോണ്‍ഗ്രസ്- ബിജെപി കക്ഷികളില്‍നിന്ന് തികച്ചും വ്യത്യസ്തമായ ബദല്‍നയം ജനങ്ങള്‍ക്ക് കാണിച്ചുകൊടുക്കാന്‍ ഈ മൂന്ന് സര്‍ക്കാരുകള്‍ക്കും കഴിഞ്ഞിട്ടുണ്ടെന്ന് നിസ്സംശയം പറയാന്‍ കഴിയും. ഈ മൂന്ന് സംസ്ഥാനങ്ങളിലും ഇടതുപക്ഷം ഭരിച്ച ഘട്ടത്തില്‍ ഒരു അഴിമതി ആരോപണവും ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ലെന്നത് വസ്തുതയാണ്. ഇവിടെയാണ് മൂന്നാംബദലിന്റെ പ്രസക്തി.

പിടിച്ചെടുക്കുന്നത് അഴിമതിക്ക്

യുഡിഎഫ് അധികാരത്തില്‍ വന്നതിനെതുടര്‍ന്ന് ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന സ്വയംഭരണസ്ഥാപനങ്ങള്‍ ഓരോന്നായി ഏകാധിപത്യമാര്‍ഗങ്ങളിലൂടെ പിടിച്ചെടുക്കാനുള്ള ശ്രമം തുടങ്ങിയതാണ്. കേരള നിയമസഭ പാസാക്കിയ സര്‍വകലാശാല നിയമത്തിനും ചട്ടങ്ങള്‍ക്കും വിധേയമായാണ് സെനറ്റ്, സിന്‍ഡിക്കറ്റ്, അക്കാദമിക് കൗണ്‍സില്‍ എന്നിവ കാലാകാലങ്ങളില്‍ രൂപീകൃതമായത്. എന്നാല്‍, തെരഞ്ഞെടുക്കപ്പെട്ട സെനറ്റും സിന്‍ഡിക്കറ്റും പിരിച്ചുവിട്ട് സര്‍ക്കാര്‍ നാമനിര്‍ദേശംചെയ്ത സിന്‍ഡിക്കറ്റാണ് ഇപ്പോള്‍ ഭരണം നടത്തുന്നത്. കാലാവധി കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഭാവമില്ല. നാമനിര്‍ദേശംചെയ്ത സിന്‍ഡിക്കറ്റ് തുടരുകയാണ്.

ഇതേമാതൃകയില്‍ സംസ്ഥാന സഹകരണബാങ്ക്, ജില്ലാബാങ്ക് എന്നിവയുടെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളും സ്വേച്ഛാധിപത്യപരമായി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം അടിച്ചേല്‍പ്പിക്കുകയാണ്. നിലവിലുള്ള നിയമമനുസരിച്ച് തെരഞ്ഞെടുപ്പ് നടന്നാല്‍ യുഡിഎഫിന് ജയിക്കാന്‍ സാധ്യമല്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് കടലാസ്സംഘങ്ങള്‍ക്ക് വോട്ടവകാശം നല്‍കി ഈ സ്ഥാപനങ്ങളുടെ ഭരണം കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്നത്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, കൂടല്‍മാണിക്യം എന്നീ ദേവസ്വം ബോര്‍ഡുകളുടെ കാലാവധി കഴിഞ്ഞിട്ടും പുതിയ ബോര്‍ഡ് നിലവില്‍വന്നിട്ടില്ല. പുതിയ ബോര്‍ഡിനെ തെരഞ്ഞെടുക്കാനുള്ള നടപടികളും ആരംഭിച്ചിട്ടില്ല. നിയമാനുസരണം തെരഞ്ഞെടുപ്പ് നടത്തിയാല്‍ ഏതാനും സീറ്റുകള്‍പോലും യുഡിഎഫിന് കൈക്കലാക്കാന്‍ സാധ്യമല്ലെന്ന് കണ്ട് ഇതിലും നിയമഭേദഗതി കൊണ്ടുവരാന്‍ ശ്രമം നടക്കുകയാണ്. ഹിന്ദു എംഎല്‍എമാരുടെ നിര്‍വചനത്തില്‍ മാറ്റംവരുത്തി സ്വാര്‍ഥതാല്‍പ്പര്യം സംരക്ഷിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ഇതേചുവടുപിടിച്ചാണ് സഹകരണമേഖലയില്‍ പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന പരിയാരം സഹകരണ മെഡിക്കല്‍ കോളേജും കൊച്ചിയിലെ കേപ്പിന്റെ മെഡിക്കല്‍ കോളേജും പിടിച്ചെടുക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. യുഡിഎഫിലെ ഒരു ഈര്‍ക്കില്‍പ്പാര്‍ടിയുടെ സമ്മര്‍ദം പരസ്യമായിത്തന്നെ പുറത്തുവന്നതാണ്. തെരഞ്ഞെടുപ്പിലൂടെ പരിയാരം മെഡിക്കല്‍ കോളേജ് സ്വാര്‍ഥതാല്‍പ്പര്യക്കാര്‍ക്കും അഴിമതിക്കാര്‍ക്കും കൈവശപ്പെടുത്താന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ട് ഇക്കാര്യത്തില്‍ പ്രത്യേക ഓര്‍ഡിനന്‍സ്തന്നെ അധികാരദുര്‍വിനിയോഗത്തിലൂടെ കൊണ്ടുവരാനാണ് ശ്രമം.

നീതിന്യായ കോടതിയില്‍ കയറിയിറങ്ങി ഇക്കൂട്ടര്‍ പരാജയപ്പെട്ടതും ഓര്‍ക്കേണ്ടതാണ്. പരിയാരം മെഡിക്കല്‍ കോളേജ്, കോഴിക്കോട് മെഡിക്കല്‍ കോളേജുപോലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായി മാതൃകാപരമായി നടത്തുകയാണെങ്കില്‍ സ്വാഗതാര്‍ഹമാണെന്ന് പരിയാരം മെഡിക്കല്‍ കോളേജിന്റെ ഭരണസമിതി ചൂണ്ടിക്കാണിച്ചതും വളരെ പ്രസക്തമാണ്. ഇത് സര്‍ക്കാരിനുള്ള വെല്ലുവിളിയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ ഇത്തരം സ്വേച്ഛാധിപത്യനടപടികള്‍ ദീര്‍ഘകാലം തുടരാമെന്ന് കരുതേണ്ടതില്ല. ജനങ്ങള്‍ ഇതെല്ലാം കാണുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്ന് ഓര്‍ക്കുന്നത് നല്ലതാണ്.

*
ദേശാഭിമാനി മുഖപ്രസംഗം 20 ഒക്ടോബര്‍ 2012

No comments: