Saturday, October 6, 2012

അടിസ്ഥാനമില്ലാത്ത അവകാശവാദം

1991ല്‍ പാളംതെറ്റി നീങ്ങിയ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ശരിയായ ട്രാക്കിലേക്ക് കൊണ്ടുവരുന്നതില്‍ താന്‍ വിജയിച്ചു എന്ന് രാഷ്ട്രത്തോട് ചെയ്ത പ്രസംഗത്തില്‍ പ്രധാനമന്ത്രി അവകാശപ്പെടുകയുണ്ടായി. ഈ അവകാശവാദത്തിന് പക്ഷേ, വസ്തുതകളുടെ പിന്‍ബലമില്ല. എന്തായിരുന്നു 1991ലെ സ്ഥിതി? ഇറക്കുമതിക്കും വായ്പയുടെ മുതലും പലിശയും തിരിച്ചടയ്ക്കാനും വിദേശ കറന്‍സി വേണ്ടിയിരുന്നു. രണ്ടിനും സര്‍ക്കാരിന്റെ കൈവശം വിദേശ കറന്‍സി കുറവായിരുന്നു. തിരിച്ചടവിന് ആയാസപ്പെടുന്ന സര്‍ക്കാരിന് ആരാണ് വായ്പ നല്‍കുക?

പക്ഷേ, വായ്പ വാങ്ങി മാത്രമേ തിരിച്ചടവുപോലും സാധ്യമാകൂ എന്ന സ്ഥിതി (കടക്കെണി). ഇറക്കുമതി പ്രയാസകരമായി. ഈ സന്ദര്‍ഭം മുതലെടുത്താണ് ഐഎംഎഫും ലോകബാങ്കും സഹായിക്കാനെന്ന വ്യാജേന മുന്നോട്ടുവന്നത്. നിബന്ധനകള്‍ക്കു വഴങ്ങി ഇന്ത്യ വായ്പ സ്വീകരിച്ചു. കടക്കെണി സൃഷ്ടിച്ചത് രാജ്യത്തെ തൊഴിലാളികളോ കൃഷിക്കാരോ അല്ല, കോണ്‍ഗ്രസ് സര്‍ക്കാര്‍തന്നെയാണ്. ഇറക്കുമതി സാധനങ്ങള്‍ രാജ്യത്തുതന്നെ നിര്‍മിക്കുന്ന ഇറക്കുമതി ബദല്‍നയം പ്രധാനമന്ത്രിപദമേറ്റ രാജീവ്ഗാന്ധിക്ക് സ്വീകാര്യമായില്ല. സാധനങ്ങള്‍ ഇറക്കുമതിചെയ്ത് അവ ഉപയോഗിച്ച് കയറ്റുമതിവസ്തുക്കള്‍ ഉണ്ടാക്കിവില്‍ക്കുന്നതിലായിരുന്നു അദ്ദേഹത്തിന് താല്‍പ്പര്യം. ഇലക്ട്രോണിക് സാധനങ്ങളും യന്ത്രസാമഗ്രികളും മറ്റും ധാരാളമായി ഇറക്കുമതിചെയ്തു. അതിനായി വിദേശവായ്പകള്‍ സ്വീകരിച്ചു. സര്‍ക്കാരുകളുമായി വിലപേശി കുറഞ്ഞ പലിശനിരക്കില്‍ ദീര്‍ഘകാലവായ്പകള്‍ സംഘടിപ്പിക്കുന്നതിന് അദ്ദേഹം മിനക്കെട്ടില്ല. ലണ്ടനിലെയും ന്യൂയോര്‍ക്കിലെയും ടോക്യോയിലെയും സ്വകാര്യ മൂലധന കമ്പോളങ്ങളില്‍നിന്ന് ഉയര്‍ന്ന പലിശയ്ക്ക് ഹ്രസ്വകാലവായ്പ ധാരാളം വാങ്ങി. ഇറക്കുമതി കൂടി. വിദേശകടബാധ്യത ഏറി. രാജ്യം കടക്കെണിയിലായി. 1991ലെ സ്ഥിതിയില്‍നിന്ന് രാജ്യത്തെ രക്ഷിച്ചു എന്നുപറയുമ്പോള്‍ അത് രാജീവ് ഗാന്ധിക്കെതിരായ കുത്താണ്. ആ കുത്ത് മന്‍മോഹന്‍സിങ്ങിനെ തിരിഞ്ഞുകുത്തുന്നു എന്നതാണ് വൈപരീത്യം.

2012ലെ സ്ഥിതിയിലേക്ക് രാജ്യത്തെ എത്തിച്ചതാരാണ്? അത്യന്തം ദുര്‍ഘടകരമായ സ്ഥിതി എന്നാണല്ലോ പ്രസംഗത്തില്‍ പറഞ്ഞത്. 1991ലെ വ്യവസായ പ്രഖ്യാപനം സാമ്പത്തികപരിഷ്കരണ നടപടികളുടെ ഉദ്ഘാടനമായിരുന്നു. നാലുകാര്യങ്ങളിലാണ് നയപ്രഖ്യാപനം ഊന്നിയത്. 1) സര്‍ക്കാര്‍ ഇടപെടലുകളില്‍നിന്ന് സമ്പദ്വ്യവസ്ഥയെ സ്വതന്ത്രമാക്കുക. 2) ഇന്ത്യയെ ആഗോളസമ്പദ്വ്യവസ്ഥയുടെ ഭാഗമാക്കുക. 3) വിദേശമൂലധന നിക്ഷേപം നിയന്ത്രണ വിമുക്തമാക്കുക, കുത്തക നിയന്ത്രണ നിയമം മാറ്റിയെഴുതുക. 4) പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കുക. പിന്നീട് കൈക്കൊണ്ട നിയമഭേദഗതികളും നടപടികളും മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും വിപുലീകരിക്കുന്നതിലും ഊന്നി. അടുത്തകാലത്ത് നടന്ന ഒരു ആരോഗ്യസര്‍വേ പുറത്തുവിട്ട ഞെട്ടിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കി "എന്തൊരു ദേശീയ നാണക്കേട്" എന്ന് പ്രധാനമന്ത്രി പ്രതികരിച്ചത് ദേശീയ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തു.

2005-06ലെ നാഷണല്‍ ഫാമിലി പ്ലാനിങ് ആന്‍ഡ് ഹെല്‍ത്ത് സര്‍വേ പ്രകാരം അഞ്ചുവയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങളില്‍ 48 ശതമാനത്തിന് പ്രായത്തിനൊത്ത വളര്‍ച്ചയില്ല, 20 ശതമാനത്തിന് ആവശ്യമായ തൂക്കമില്ല, 43 ശതമാനത്തിന് പ്രായത്തിനൊത്ത പൊക്കമില്ല, 79 ശതമാനം കുഞ്ഞുങ്ങളും വിളര്‍ച്ച ബാധിച്ചവരാണ്. 2011ലെ സെന്‍സസ് റിപ്പോര്‍ട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്നു. 46.6 ശതമാനം കുടുംബങ്ങള്‍ക്കേ കുടിവെള്ളം ലഭിക്കുന്നുള്ളൂ. 53.1 ശതമാനം കുടുംബങ്ങള്‍ക്ക് കക്കൂസില്ല, 32.7 ശതമാനം കുടുംബങ്ങള്‍ക്ക് വൈദ്യുതി കിട്ടാക്കനിയാണ്. കുടിവെള്ളവും വൈദ്യുതിയും കക്കൂസുമില്ലെങ്കിലും 63.2 ശതമാനം കുടുംബങ്ങള്‍ക്കും ടെലിഫോണ്‍ സൗകര്യം നേടിക്കൊടുത്തിട്ടുണ്ട്.

ആളോഹരി ഭക്ഷ്യലഭ്യത (അരിയും ഗോതമ്പും പയറും) 1990-91ല്‍ 510.1 ഗ്രാമായിരുന്നു. സാമ്പത്തിക പരിഷ്കരണം രണ്ടു പതിറ്റാണ്ടു പിന്നിടുമ്പോള്‍ ആളോഹരി ഭക്ഷ്യലഭ്യത 440.4 ഗ്രാമായി കുറഞ്ഞു. റെക്കോഡ് ഭക്ഷ്യധാന്യ ഉല്‍പ്പാദനവും സംഭരണവും നടക്കുമ്പോഴാണിത്. അടിയന്തരാവശ്യങ്ങള്‍ നേരിടാന്‍ 2.5 കോടി ടണ്‍ ഭക്ഷ്യധാന്യങ്ങളുടെ മിനിമം ബഫര്‍ സ്റ്റോക് മതിയാകും. സര്‍ക്കാര്‍ സംഭരിച്ചത് 8.82 കോടി ടണ്‍ ആണ്. 6.4 കോടി ടണ്‍ സംഭരിക്കാനുള്ള ശേഷിയെ എഫ്സിഐക്കുള്ളൂ. അവശേഷിക്കുന്ന 1.8 കോടി ടണ്‍ സൂക്ഷിക്കാനിടമില്ലാതെ നശിക്കുന്നു. എന്നാല്‍, ഇവ സൗജന്യമായോ കുറഞ്ഞ വിലയ്ക്കോ പാവങ്ങള്‍ക്ക് നല്‍കില്ല. പകരം സബ്സിഡി നല്‍കി കുറഞ്ഞ വിലയ്ക്ക് മൊത്തക്കച്ചവടക്കാര്‍ക്കും കയറ്റുമതിക്കാര്‍ക്കും വില്‍ക്കുന്നു. രണ്ടു രൂപയ്ക്ക് പ്രതിമാസം 35 കിലോ അരി നല്‍കാനുള്ള ഭക്ഷ്യസുരക്ഷാനിയമം കേരളത്തില്‍നിന്നുള്ള ഭക്ഷ്യമന്ത്രിയുടെ മേശയ്ക്കുള്ളില്‍ പൊടിപിടിക്കുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രര്‍ അധിവസിക്കുന്ന രാജ്യമാണ് ഇന്ത്യ. 2009-10ലെ കണക്ക് പ്രകാരം 35.46 കോടി ഇന്ത്യക്കാര്‍ (29.8 ശതമാനം) ദാരിദ്ര്യരേഖയ്ക്കു താഴെ കഴിയുന്നവരാണ്. എന്നുവച്ചാല്‍ ഗ്രാമങ്ങളില്‍ പ്രതിദിനം 22.42 രൂപയും പട്ടണങ്ങളില്‍ 28.35 രൂപയും വരുമാനമില്ലാത്തവര്‍. ഇതിനേക്കാള്‍ ഒരു പൈസ അധികം വരുമാനം ഉള്ളവര്‍ സമ്പന്നരാണല്ലോ! സാമ്പത്തികാസമത്വവും തൊഴിലില്ലായ്മയും വിലക്കയറ്റവും ദാരിദ്ര്യം രൂക്ഷമാക്കുന്നു. ഈ മൂന്നു ഘടകവും കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ മൂര്‍ച്ഛിച്ചു. നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് നടത്തിയ സര്‍വേ പ്രകാരം, 1993-94ല്‍ ദേശീയ വരുമാനത്തിന്റെ 36.7 ശതമാനം ഭാഗം സമൂഹത്തിന്റെ മുകള്‍ത്തട്ടിലെ 20 ശതമാനക്കാര്‍ കൈയടക്കി. 2009-10 ആയപ്പോഴേക്കും അവരുടെ വിഹിതം 53.2 ശതമാനമായി വര്‍ധിച്ചു. അതേസമയം, താഴെത്തട്ടിലെ 60 ശതമാനം ജനങ്ങളുടെ വിഹിതം 38.6 ശതമാനത്തില്‍നിന്ന് 27.9 ശതമാനമായി കുറഞ്ഞു. 77 ശതമാനം ജനങ്ങളുടെ പ്രതിദിനവരുമാനം 20 രൂപയില്‍താഴെയാണെന്നും 83.6 കോടി ഇന്ത്യക്കാരെ സാമ്പത്തിക വികസനം സ്പര്‍ശിച്ചിട്ടില്ലെന്നുമുള്ള അസംഘടിതമേഖലയിലെ സ്ഥാപനങ്ങള്‍ സംബന്ധിച്ച ദേശീയ കമീഷന്റെ (2009) വെളിപ്പെടുത്തലുകള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്നവയാണ്. 58 ശതമാനം ജനങ്ങളുടെ ഉപജീവനമാര്‍ഗമാണ് കൃഷിയും അനുബന്ധ തൊഴിലും. കൃഷിഭൂമിയുടെ അസന്തുലിതമായ വിതരണമാണ് ദാരിദ്ര്യത്തിന്റെ അടിസ്ഥാന കാരണം. മൊത്തം കൃഷിക്കാരില്‍ 83.28 ശതമാനം നാമമാത്ര- ചെറുകിട കൃഷിക്കാരാണെങ്കിലും കൃഷിഭൂമിയുടെ 38.9 ശതമാനം മാത്രമാണ് അവര്‍ കൈവശംവയ്ക്കുന്നത്. പത്തു ഹെക്ടറിനുമുകളില്‍ ഭൂമിയുള്ളവര്‍ കൃഷിക്കാരുടെ 6.5 ശതമാനമേ വരൂ എങ്കിലും അവര്‍ കൈവശംവയ്ക്കുന്ന ഭൂമി 37.2 ശതമാനമാണ്. സ്വത്തിലും വരുമാനത്തിലും കടുത്ത അസമത്വം നിലനില്‍ക്കുമ്പോള്‍, ദേശീയ വരുമാനവര്‍ധനയില്‍ പങ്കുപറ്റാന്‍ ദരിദ്രര്‍ക്കാവുന്നതെങ്ങനെ?

ഇന്ത്യയുടെ സാമ്പത്തികാതിര്‍ത്തികള്‍ തുറന്നിട്ടതോടെ വിദേശമൂലധനത്തിന്റെ കുത്തൊഴുക്കുതന്നെ ഉണ്ടായി. 1991-92ല്‍ 11.3 കോടി ഡോളറിന്റെ വിദേശ മൂലധനം എത്തിയപ്പോള്‍ 2011-12ല്‍ എത്തിച്ചേര്‍ന്നത് 3923.10 കോടി ഡോളറാണ്. 2012 ആദ്യത്തെ ഏഴുമാസം ഇന്ത്യന്‍ ഓഹരിക്കമ്പോളത്തില്‍ 14.98 ശതകോടി ഡോളര്‍ നിക്ഷേപിക്കപ്പെട്ടു. വിദേശ മൂലധനപ്രവേശം ജനങ്ങളുടെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ചില്ല; വരുമാനമുയര്‍ത്തിയില്ല; ജീവിതനിലവാരം മെച്ചപ്പെടുത്തിയതുമില്ല. നേട്ടമുണ്ടായത് ഓഹരിക്കമ്പോളത്തിലെ ആഭ്യന്തര വിദേശ ഊഹക്കച്ചവടക്കാര്‍ക്കുമാത്രം. സാമ്പത്തിക പരിഷ്കരണ നടപടികള്‍ സ്ഥിരം തൊഴിലാളികളുടെ എണ്ണം കുറച്ചു. കരാര്‍- കാഷ്വല്‍ തൊഴിലാളികളുടെ എണ്ണം കൂട്ടി. രണ്ടുപതിറ്റാണ്ടിലെ സാമ്പത്തിക പരിഷ്കാരങ്ങള്‍ ജനങ്ങള്‍ക്കു സമ്മാനിച്ചത് രൂക്ഷമായ വിലക്കയറ്റമാണ്. ഉല്‍പ്പാദനവും വിതരണവും കമ്പോള ശക്തികളെ ഏല്‍പ്പിച്ച് സര്‍ക്കാര്‍ പിന്‍വാങ്ങിയതാണ് വിലക്കയറ്റം രൂക്ഷമാകാന്‍ കാരണം. കരിഞ്ചന്ത, പൂഴ്ത്തിവയ്പ്, അവധിവ്യാപാരം, രാസവളം-പെട്രോള്‍-ഡീസല്‍ എന്നിവയുടെ സബ്സിഡി വെട്ടിക്കുറയ്ക്കല്‍ എല്ലാംചേര്‍ന്ന് ജനജീവിതം ദുഷ്കരമാക്കിയിരിക്കുന്നു. റാവു- വാജ്പേയി- മന്‍മോഹന്‍ പ്രഭൃതികളുടെ നേതൃത്വത്തില്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരത്തിന്റെ നീക്കിബാക്കിയുടെ ചില വശങ്ങള്‍ മാത്രമാണ് പരാമര്‍ശിച്ചത്. എന്നാല്‍, രൂക്ഷമായിരിക്കുന്ന സാമ്പത്തികാസമത്വമോ, ദാരിദ്ര്യമോ, തൊഴിലില്ലായ്മയോ, വിലക്കയറ്റമോ, നിരക്ഷരതയോ അല്ല രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന യഥാര്‍ഥ പ്രശ്നങ്ങളെന്നത്രേ കോണ്‍ഗ്രസിന്റെ നിലപാട്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം യാഥാര്‍ഥ പ്രശ്നങ്ങള്‍ മൂന്നാണ്. ഇടിയുന്ന ദേശീയ വരുമാനം, ഉയരുന്ന ധനകമ്മി, വര്‍ധിക്കുന്ന വ്യാപാരകമ്മി. ഈ പ്രശ്നങ്ങള്‍ തുടരുന്നതുകൊണ്ട് വിദേശ-ആഭ്യന്തര നിക്ഷേപകര്‍ക്ക് നിക്ഷേപം നടത്താന്‍ വിമുഖതയാണത്രേ. ഏതുവിധേനയും വിദേശ മൂലധനം ആകര്‍ഷിക്കുകയാണ് പരിഹാരം. വില്‍ക്കാന്‍ ഉല്‍പ്പന്നങ്ങളും നിക്ഷേപിക്കാന്‍ മൂലധനവുമുള്ള സാമ്രാജ്യത്വശക്തികള്‍ക്ക് ഇതിനേക്കാള്‍ കുളിര്‍മയേകുന്ന വാര്‍ത്തയെന്തുണ്ട്?

പക്ഷേ, മന്‍മോഹന്‍സിങ് ഇനിയും തിരിച്ചറിയാത്ത, അല്ലെങ്കില്‍ തിരിച്ചറിഞ്ഞിട്ടും പരിഗണിക്കാത്ത ചില കാര്യങ്ങളുണ്ട്. ലാഭക്കൊതിയരായ കുത്തകകോര്‍പറേഷനുകള്‍ ഇന്ത്യയിലേക്കു വരുന്നത് ഇവിടത്തെ ജനങ്ങള്‍ക്ക് തൊഴിലും രാജ്യത്ത് ഉല്‍പ്പാദനവും വര്‍ധിപ്പിക്കാനല്ല. രൂക്ഷമായ തൊഴിലില്ലായ്മയും ഉല്‍പ്പാദനമാന്ദ്യവും നേരിടുന്ന സാമ്രാജ്യത്വ രാജ്യങ്ങള്‍ രണ്ടു പ്രശ്നങ്ങളും പരിഹരിക്കാന്‍ സ്വന്തം രാജ്യങ്ങളില്‍ നിക്ഷേപം നടത്തുകയാണ് വേണ്ടത്. ഇന്ത്യയെ വളര്‍ത്തി മികച്ച സാമ്പത്തിക ശക്തിയാക്കാന്‍ ഒരിക്കലും അവര്‍ മെനക്കെടുകയില്ല. 1991ല്‍ തെറ്റായ ദിശയില്‍ നീങ്ങിയ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ തെറ്റായ ദിശയിലേക്കാണ് മന്‍മോഹന്‍ നയിക്കുന്നത്. രണ്ടുപതിറ്റാണ്ടുകള്‍ പിന്തുടര്‍ന്ന സാമ്പത്തിക പരിഷ്കാരങ്ങളേക്കാള്‍ കഠിനങ്ങളായ നടപടിയാണ് അദ്ദേഹം സ്വന്തം ജനങ്ങളുടെ മേല്‍ വീണ്ടും അടിച്ചേല്‍പ്പിക്കുന്നത്.

*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍ ദേശാഭിമാനി 06 ഒക്ടോബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കടക്കെണി സൃഷ്ടിച്ചത് രാജ്യത്തെ തൊഴിലാളികളോ കൃഷിക്കാരോ അല്ല, കോണ്‍ഗ്രസ് സര്‍ക്കാര്‍തന്നെയാണ്. ഇറക്കുമതി സാധനങ്ങള്‍ രാജ്യത്തുതന്നെ നിര്‍മിക്കുന്ന ഇറക്കുമതി ബദല്‍നയം പ്രധാനമന്ത്രിപദമേറ്റ രാജീവ്ഗാന്ധിക്ക് സ്വീകാര്യമായില്ല. സാധനങ്ങള്‍ ഇറക്കുമതിചെയ്ത് അവ ഉപയോഗിച്ച് കയറ്റുമതിവസ്തുക്കള്‍ ഉണ്ടാക്കിവില്‍ക്കുന്നതിലായിരുന്നു അദ്ദേഹത്തിന് താല്‍പ്പര്യം. ഇലക്ട്രോണിക് സാധനങ്ങളും യന്ത്രസാമഗ്രികളും മറ്റും ധാരാളമായി ഇറക്കുമതിചെയ്തു. അതിനായി വിദേശവായ്പകള്‍ സ്വീകരിച്ചു. സര്‍ക്കാരുകളുമായി വിലപേശി കുറഞ്ഞ പലിശനിരക്കില്‍ ദീര്‍ഘകാലവായ്പകള്‍ സംഘടിപ്പിക്കുന്നതിന് അദ്ദേഹം മിനക്കെട്ടില്ല. ലണ്ടനിലെയും ന്യൂയോര്‍ക്കിലെയും ടോക്യോയിലെയും സ്വകാര്യ മൂലധന കമ്പോളങ്ങളില്‍നിന്ന് ഉയര്‍ന്ന പലിശയ്ക്ക് ഹ്രസ്വകാലവായ്പ ധാരാളം വാങ്ങി. ഇറക്കുമതി കൂടി. വിദേശകടബാധ്യത ഏറി. രാജ്യം കടക്കെണിയിലായി. 1991ലെ സ്ഥിതിയില്‍നിന്ന് രാജ്യത്തെ രക്ഷിച്ചു എന്നുപറയുമ്പോള്‍ അത് രാജീവ് ഗാന്ധിക്കെതിരായ കുത്താണ്. ആ കുത്ത് മന്‍മോഹന്‍സിങ്ങിനെ തിരിഞ്ഞുകുത്തുന്നു എന്നതാണ് വൈപരീത്യം.