Tuesday, October 9, 2012

എപ്പോഴും മുന്നോട്ട്, വിജയത്തിലേക്ക്

ചരിത്രത്തെ ചുവപ്പിച്ച ഉജ്വല വിപ്ലവകാരി ഏണസ്റ്റോ ചെ ഗുവേരയുടെ രക്തസാക്ഷിത്വദിനമായ ഒക്ടോബര്‍ ഒമ്പത് ഇത്തവണ പുലരുന്നത് ഹ്യൂഗോ ഷാവേസ് നാലാംതവണയും വെനസ്വേലന്‍ ജനതയുടെ അപ്രതിരോധ്യ നായകനായി തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്തയോടെയാണ്. ചെ ഗുവേരയുടെ വിപ്ലവപൈതൃകം ഏറ്റെടുത്ത് പുതിയ ചെറുത്തുനില്‍പ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന ഷാവേസിന്റെ തുടര്‍ച്ചയായ വിജയം വെനസ്വേലയിലെയോ ലാറ്റിനമേരിക്കയിലെയോ മാത്രമല്ല- ലോകത്താകെയുള്ള സാമ്രാജ്യ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ആവേശം പകരുന്നതാണ്. ചെയുടെ സ്മരണ നെഞ്ചിലുറപ്പിച്ചുള്ള ധീരമായ ഇടപെടലിലൂടെയാണ് വെനസ്വേലന്‍ ജനതയുടെ ഹൃദയത്തില്‍ ഷാവേസ് അജയ്യനായത്. ചെ കണ്ട ചുവന്ന സ്വപ്നങ്ങള്‍ ലാറ്റിന്‍ അമേരിക്കന്‍ ജനത ഏറ്റെടുത്തതിന്റെ വിളംബരം കൂടിയാണ് വെനസ്വേലയടക്കമുള്ള രാഷ്ട്രങ്ങളിലെ ഇടതുപക്ഷമുന്നേറ്റം. ത്രസിപ്പിക്കുന്ന ജനമുന്നേറ്റത്തിന്റെ, ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായ സുശക്തമായ ബദലിന്റെ, സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ നെടുങ്കോട്ടയായി മാറുന്ന ലാറ്റിന്‍ അമേരിക്ക ചെ എന്ന വിപ്ലവനക്ഷത്രത്തെ അനശ്വരമാക്കുകയാണ്.

സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിനെതിരായി നടക്കുന്ന ലോകവ്യാപകമായ സമരത്തെ ശക്തിപ്പെടുത്തുന്നതില്‍ വെനസ്വേലയടക്കമുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ നിര്‍ണായക പങ്കുവഹിക്കുന്നു. സൈനിക കടന്നാക്രമണത്തിനും സൈനിക ഇടപെടലിനും എതിരായ പ്രസ്ഥാനങ്ങളെയും യുദ്ധവിരുദ്ധ- സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങളെയും ആഗോളവല്‍ക്കരണത്തിനെതിരായ പ്രസ്ഥാനങ്ങളുമായി കൂട്ടിയോജിപ്പിക്കുന്നതിലെ പ്രധാന കണ്ണിയായി അവയ്ക്ക് പ്രവര്‍ത്തിക്കാനാകുന്നു. വിപ്ലവകരമായ പരിവര്‍ത്തനത്തിന് സാധ്യതയുള്ള പ്രസ്ഥാനമായി വളരാനുള്ള ഈ ഐക്യത്തിന്റെ നായകസ്ഥാനത്താണ് ഫിദല്‍ കാസ്ട്രോയോടൊപ്പം ഷാവേസ്. ഷാവേസിന്റെ നാലാംവിജയത്തിന്റെ പ്രാധാന്യം അതിലാണ്. ഷാവേസിന്റെ തെരഞ്ഞെടുപ്പുപ്രചാരണത്തില്‍ ആവര്‍ത്തിച്ചുയര്‍ന്ന വാക്കുകള്‍, ചെ യില്‍ നിന്ന് കടംകൊണ്ട, "എപ്പോഴും മുന്നോട്ട്, വിജയത്തിലേക്ക്" എന്നായിരുന്നു. 1967 ഒക്ടോബര്‍ ഒമ്പതിനാണ് സിഐഎയുടെയും അമേരിക്കന്‍ ചോറ്റുപട്ടാളത്തിന്റെയും തീയുണ്ടകളേറ്റ് ചെ പിടഞ്ഞുവീണത്. 39 വയസ്സ് അപ്പോഴും തികഞ്ഞിരുന്നില്ല ആ വിപ്ലവകാരിക്ക്. മെക്സിക്കോയിലെ ചെ- ഫിദല്‍ കൂടിക്കാഴ്ചയാണ് സാമ്രാജ്യത്വത്തിനെതിരായ പടപ്പുറപ്പാടില്‍ ചെയെ ക്യൂബയിലെത്തിച്ചത്. 82 ഒളിപ്പോരാളികളുമായി ഗ്രാന്മ എന്ന നൗകയില്‍ 1956 നവംബര്‍ 25ന് അവര്‍ ക്യൂബയിലേക്ക് പുറപ്പെട്ടു. ഉറങ്ങിക്കിടക്കുന്ന മകളുടെ കവിളില്‍ ഉമ്മ വച്ചിറങ്ങിയ ചെ പൊരുതി മുന്നേറി.

ബാറ്റിസ്റ്റയുടെ കരാളഹസ്തങ്ങളില്‍ ജനങ്ങളെ വരിഞ്ഞുകെട്ടിയ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞപ്പോള്‍ ക്യൂബയില്‍ സ്വാതന്ത്ര്യത്തിന്റെ പതാക ഉയര്‍ന്നു. സ്വതന്ത്ര ക്യൂബയുടെ തലവനായി ഫിദലും വ്യവസായ ധനമന്ത്രിയും നാഷണല്‍ ബാങ്കിന്റെ പ്രസിഡന്റുമായി ചെ ഗുവേരയും ചുമതലയേറ്റു. അധികാരം ഒരിക്കലും ചെയ്ക്ക് അഭയസ്ഥാനമായിരുന്നില്ല. ആ മനസ്സില്‍ വിപ്ലവത്തിന്റെ അഗ്നി ഒരിക്കലും അണഞ്ഞില്ല. പോര്‍മുഖങ്ങളിലേക്ക് ആ മനസ്സ് കുതിച്ചുകൊണ്ടിരുന്നു. മന്ത്രിയുടെ ക്യാബിനിലിരിക്കുമ്പോഴും ചുമലില്‍ തിര നിറച്ച ഒരു തോക്ക് തൂങ്ങിക്കിടക്കുമായിരുന്നു.

1965ല്‍ സര്‍ക്കാര്‍ ആസ്ഥാനത്തുനിന്ന് ചെ അപ്രത്യക്ഷനായി. ബൊളീവിയന്‍ കാടുകളില്‍ വിപ്ലവത്തിന്റെ തീപ്പന്തവുമായി നടന്ന് സാമ്രാജ്യത്വത്തിനെതിരെ പടനയിച്ച് ബൊളീവിയയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുകയായിരുന്നു ആ വിപ്ലവകാരി. എന്നാല്‍, കൊലവാളുകളും തീയുണ്ടകളുമൊരുക്കി വര്‍ഷങ്ങളായി ചെയുടെ ജീവനുവേണ്ടി അവര്‍ കാത്തിരുന്നു. മരണത്തെ മുഖാമുഖം കണ്ട ചെയോട് തലവന്‍ ചോദിച്ചു, ഇപ്പോള്‍ എന്ത് തോന്നുന്നുവെന്ന്. "വിപ്ലവത്തിന്റെ അനശ്വരതയെക്കുറിച്ച്" എന്ന് മറുപടി നല്‍കി. വര്‍ധിതാവേശത്തോടെയാണ് ചെയുടെ തുടിക്കുന്ന സ്മരണലോകം ഏറ്റുവാങ്ങുന്നത്. ലാറ്റിനമേരിക്കയില്‍ ചരിത്രം വീണ്ടും ഇതിഹാസം രചിക്കുകയാണ്. ചെ രക്തസാക്ഷിത്വം വരിച്ച ബൊളീവിയയില്‍ സോഷ്യലിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഈവാ മൊറൈല്‍സാണ് ഭരിക്കുന്നത്. ചെ ഗുവേരയെയും കാസ്ട്രോയെയും ആദരവോടെ കാണുന്ന മൊറൈല്‍സിന്റെ ബൊളീവിയ ചെയുടെ സ്വപ്നത്തിനരികിലെത്തിയിരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്തുനിന്ന് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബുഷ് പിശാചാണെന്ന് പരസ്യമായി പ്രസംഗിച്ച ഷാവേസാണ്് വെനസ്വേലയില്‍ നാലാംവട്ടവും തെരഞ്ഞെടുക്കപ്പെട്ടത് എന്നുകൂടി ഓര്‍ക്കണം. ബ്രസീലില്‍ ഇടതുപക്ഷക്കാരിയായ ദില്‍മ റൗസെഫ് തെരഞ്ഞെടുക്കപ്പെട്ടു. നിക്കരാഗ്വയില്‍ ഡാനിയേല്‍ ഒര്‍ട്ടേഗയാണ് പ്രസിഡന്റ്. ഇക്വഡോറില്‍ ഇടതുപക്ഷക്കാരന്‍ രാഫേല്‍ക്വാറി അധികാരത്തിലെത്തി. ഉറുഗ്വേയിലും ജോസ് മുജീക്കയുടെ നേതൃത്വത്തില്‍ ഇടതുപക്ഷം അധികാരത്തിലാണ്.

ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളുടെ കൂട്ടായ്മയുണ്ടാക്കി അമേരിക്കയുടെ മുന്നില്‍ മുട്ടുകുത്താന്‍ മനസ്സില്ലെന്നു പ്രഖ്യാപിച്ച് ഷാവേസ് മുന്നേറിക്കൊണ്ടിരിക്കുന്നു. ചെ ഗുവേരയുടെ ചിത്രം ആലേഖനംചെയ്ത പതാകകളുമായാണ് ചില സംഘങ്ങള്‍ വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന് എത്തിയത്. ചെയുടെ സ്മരണകള്‍ സാമ്രാജ്യത്വ അധിനിവേശത്തിനെതിരായ സമരം കരളുറപ്പോടെ മുന്നോട്ടുപോകാനാണ് ലോകജനതയെ പ്രചോദിപ്പിക്കുന്നത്. ചെ ഉള്‍പ്പെടെയുള്ള ധീരരായ രക്തസാക്ഷികളുടെ ഓര്‍മകള്‍ ഇന്ത്യയുടെ മോചനപ്രസ്ഥാനത്തെ മുന്നോട്ടേക്ക്, ഉയരത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു. സിപിഐ എമ്മിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ചെ ഗുവേരയുടെ സ്മരണ കരുത്താകും. രണഭൂമികളില്‍ വീഴുന്ന ഓരോ ചോരത്തുള്ളിയും ബൊളീവിയന്‍ കാടുകളില്‍ വിടര്‍ന്ന ആ രക്തപുഷ്പത്തെ കൂടുതല്‍ ചുവപ്പിക്കും.

*
എം സുരേന്ദ്രന്‍ ദേശാഭിമാനി 09 ഒക്ടോബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...