Tuesday, October 30, 2012

അതിക്രമങ്ങള്‍ക്കെതിരെ പോരാടുക

ഒരു രാജ്യത്തിന്റെ അന്തസ്സും വളര്‍ച്ചയും വിലയിരുത്തുമ്പോള്‍ സ്ത്രീസമൂഹത്തോടുള്ള അതിന്റെ സമീപനം പ്രകടമായ മാനദണ്ഡമാകണം. മനുഷ്യരില്‍ പകുതി വരുന്ന സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടുമ്പോള്‍, അവഗണിക്കപ്പെടുമ്പോള്‍, ഒരു സ്വാതന്ത്ര്യവും പൂര്‍ണമാകുന്നില്ല. ഇന്ന് ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ ഇന്ത്യ നാണം കെടുന്നത്, ഭീതിദമായി വര്‍ധിച്ചുവരുന്ന പട്ടിണിയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളുംമൂലമാണ്. പട്ടിണിയുടെ സാന്ദ്രത കൂടുന്നതിനുസരിച്ച് ദരിദ്രരാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ 70 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 67 ആണ്.

മുതലാളിത്തവും ഫ്യൂഡലിസവും തമ്മില്‍ കൈകോര്‍ത്തുള്ള ഇന്ത്യന്‍ ഭരണക്രമത്തില്‍ ഒരേ സമയം ഫ്യൂഡല്‍ അനാചാരങ്ങളുടെയും മുതലാളിത്ത ചരക്കുവല്‍ക്കരണത്തിന്റെയും ദോഷഫലങ്ങള്‍ സ്ത്രീസമൂഹത്തെ ഭീകരമായി ബാധിക്കുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങള്‍ ഇപ്പോഴും ഫ്യൂഡല്‍ കാലഘട്ടത്തെ ഓര്‍മിപ്പിക്കുന്നു. വര്‍ണഭേദങ്ങള്‍ സമൂഹത്തെ ഭരിക്കുന്നു. ജാതി പഞ്ചായത്ത് നിശ്ചയിക്കുന്ന ദണ്ഡനീതികള്‍ താഴ്ന്ന ജാതിക്കാര്‍ അനുഭവിക്കേണ്ടിവരുന്നു. ജാത്യാഭിമാന കൊലപാതകങ്ങളും ബലാല്‍ക്കാരവും നിത്യസംഭവമാകുന്നു. ജാതിമാറി വിവാഹംചെയ്തതിന് മനോജ്, ബബ്ലി എന്നീ ദമ്പതികളെ തെരുവില്‍ വെട്ടിക്കൊന്നത് അടുത്ത കാലത്താണ്. ഖൈര്‍ ലാഞ്ചിയില്‍ ഒരു ദളിത് കുടുംബത്തിലെ അമ്മയെയും മകളെയും ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ മുഴുവന്‍ കൊന്നുകളയുകയും ചെയ്ത സംഭവം ഇന്ത്യയെ നടുക്കിയതാണ്. യുപിയിലെ വൈശാലി ഗ്രാമത്തിലെ മുഴുവന്‍ സ്ത്രീകളെയും (കര്‍ഷക തൊഴിലാളികള്‍) ഭൂമിയുടെ ഉടമസ്ഥനായ ജന്മി നിരന്തരം ബലാല്‍സംഗംചെയ്യുന്നതായി വാര്‍ത്ത വന്നു. ഉത്തര്‍പ്രദേശിലെ ഒരു അധ്യാപിക ഭൂസ്വാമിക്ക് വഴങ്ങിയില്ലെന്ന് പറഞ്ഞ് ജാതിപഞ്ചായത്ത് ചേര്‍ന്ന് അവര്‍ക്ക് ശിക്ഷ വിധിച്ചു. പരസ്യമായി ജനക്കൂട്ടത്തിന് മുന്നില്‍വച്ച് നാല് ഗുണ്ടകള്‍ അവരെ ബലാല്‍സംഗം ചെയ്യണമെന്നായിരുന്നു ശിക്ഷ. അധ്യാപികയെ പരസ്യവിചാരണ ചെയ്യാന്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ മഹിള അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ബഹളമുണ്ടാക്കുകയും അധ്യാപികയുടെ ഭര്‍ത്താവും നാട്ടുകാരില്‍ ചിലരും പ്രതിഷേധത്തില്‍ പങ്കാളിയാവുകയുംചെയ്തതോടെ ശിക്ഷ മാറ്റിവച്ചു. അധ്യാപിക പിന്നീട് കോടതിയെ സമീപിച്ചു. പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് അല്‍പ്പമെങ്കിലും വേരോട്ടമുള്ള സ്ഥലങ്ങളില്‍മാത്രമേ ഇങ്ങനെ പ്രതിഷേധിക്കാന്‍ കഴിയുന്നുള്ളൂ. സ്ത്രീകളെ വസ്ത്രാക്ഷേപംചെയ്ത് തെരുവില്‍ നടത്തിക്കുക, ബലമായി പിടിച്ചുവച്ച് മലം തീറ്റിക്കുക തുടങ്ങിയ ശിക്ഷാവിധികള്‍ ഗ്രാമങ്ങളില്‍ സര്‍വസാധാരണമാണ്. ബിഹാര്‍പോലുള്ള സംസ്ഥാനങ്ങളില്‍ സ്ത്രീവേട്ട നടക്കാറുണ്ട്. കാലാവസ്ഥ കെടുതികളും പകര്‍ച്ചവ്യാധികളും ഗ്രാമത്തിലെ ചില സ്ത്രീകളുടെ ദോഷം കാരണം ഉണ്ടാവുന്നതാണെന്ന് സ്ഥാപിക്കുകയും സ്ത്രീകളെ ജീവനോടെ ചുട്ടുകൊന്ന് ദൈവങ്ങളെ പ്രീതിപ്പെടുത്തുകയുംചെയ്യുന്ന ദുരാചാരമാണ് ഇത്. ഹരിയാനയില്‍ കൂട്ടബലാല്‍സംഗങ്ങള്‍ വര്‍ധിച്ചുവരുന്നതായി നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുവഹത്തിയില്‍ 19 വയസ്സുള്ള നവവധുവിനെ നാലുപേര്‍ ചേര്‍ന്ന് ആക്രമിച്ചു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ കൂട്ട അതിക്രമത്തിന് വിധേയരാക്കി. അതില്‍ ഒരു പെണ്‍കുട്ടി തീ കൊളുത്തി ആത്മഹത്യചെയ്തു. രോഹ്തക്കില്‍ ഭര്‍ത്താവും സഹോദരനും കൂട്ടുകാരും ചേര്‍ന്ന് യുവതിയെ തുടര്‍ച്ചയായി പീഡിപ്പിച്ചു. യുപി, മധ്യപ്രദേശ്, ഒഡിഷ, ഹരിയാന, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടക്കുന്ന സ്ത്രീപീഡനങ്ങളുടെ ചില ഉദാഹരണങ്ങള്‍മാത്രമാണ് ചൂണ്ടിക്കാട്ടിയത്. മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീകള്‍ കടുത്ത അതിക്രമങ്ങള്‍ക്ക് പാത്രമാകുന്നുണ്ട്. മഹാരാഷ്ട്രയില്‍ തന്റെ ഉടമസ്ഥതയിലുള്ള റേഷന്‍കട വിട്ടുകൊടുക്കാത്തതില്‍ പ്രതിഷേധിച്ച് ഒരു സ്ത്രീയെ ശരീരത്തിലൂടെ ട്രാക്ടര്‍ ഓടിച്ചുകയറ്റി കൊന്നു. പ്രതി സ്ഥലത്തെ പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാവായിരുന്നു. കര്‍ണാടകത്തിലും തമിഴ്നാട്ടിലുമെല്ലാം അതിക്രമങ്ങള്‍ പെരുകുന്നുണ്ട്. തമിഴ്നാട്ടില്‍ അയിത്തമതില്‍ പോലുള്ള ജാത്യാചാരങ്ങള്‍ നിലനില്‍ക്കുന്നു.

ഇന്ത്യയുടെ പ്രധാനപ്പെട്ട വന്‍നഗരങ്ങളെല്ലാം സ്ത്രീകള്‍ക്ക് ഭീതിയുടെ കേന്ദ്രങ്ങളായി മാറി. ചേരികളില്‍ സ്ത്രീകള്‍ നരകതുല്യമായ ജീവിതം തള്ളിനീക്കുകയാണ്. രാജ്യത്ത് നടക്കുന്ന മൊത്തം സ്ത്രീപീഡനങ്ങളുടെ 31.8 ശതമാനം ഡല്‍ഹി നഗരത്തിലാണ് നടക്കുന്നത്. ഇതില്‍ 14 ശതമാനം ബലാല്‍സംഗങ്ങള്‍ ആണത്രെ. ഡല്‍ഹി കഴിഞ്ഞാല്‍ ബംഗളൂരുവിലാണ് അതിക്രമങ്ങള്‍ കൂടുതല്‍. ജയ്പുരും തൊട്ടുപിറകിലുണ്ട്. സംസ്ഥാനങ്ങളില്‍ ഡല്‍ഹി, യുപി കഴിഞ്ഞാല്‍ തൊട്ടടുത്ത് ആന്ധ്രപ്രദേശാണ്. ആന്ധ്രയില്‍ കഴിഞ്ഞ വര്‍ഷം 1899 ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതേവരെ സ്ത്രീപീഡനങ്ങള്‍ ഏറ്റവും കുറവായിരുന്ന പശ്ചിമബംഗാളിന്റെ ചിത്രം മാറിക്കൊണ്ടിരിക്കുകയാണ്. ദേശീയ വനിതാ കമീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് കഴിഞ്ഞ ഒരു വര്‍ഷക്കാലത്ത് ബംഗാളില്‍ സ്ത്രീപീഡനങ്ങള്‍ പതിന്മടങ്ങ് വര്‍ധിച്ചു എന്നാണ്. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ മാനഭംഗത്തിനിരയാവുന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമായി ബംഗാള്‍ മാറി. കൊല്‍ക്കത്ത നഗരത്തില്‍ ഒരു വീട്ടമ്മ കൂട്ട അതിക്രമത്തിന് ഇരയായപ്പോള്‍ പരാതി സ്വീകരിക്കാന്‍പോലും മമത അനുവദിച്ചില്ല. തന്നെ കരിതേച്ചു കാണിക്കാന്‍ കെട്ടിച്ചമച്ച കഥയാണെന്ന് മമത മാധ്യമങ്ങളോട് പറഞ്ഞു.

നവോത്ഥാനമൂല്യങ്ങള്‍ കുറെയേറെ ഉള്‍ക്കൊണ്ട കേരളത്തിലും സ്ത്രീകളോടുള്ള സമീപനം ലജ്ജാകരമാണ്. മുതലാളിത്ത ഉപഭോഗസംസ്കാരം ഏറ്റവും കൂടുതല്‍ പിടികൂടുന്നത് കേരളീയ സമൂഹത്തെയാണ.് പെണ്‍കുട്ടികള്‍ കച്ചവടവസ്തുക്കളായി മാറുന്നു. പറവൂര്‍, കോതമംഗലം കേസുകള്‍ ബന്ധുക്കള്‍തന്നെ പണത്തിനുവേണ്ടി പെണ്‍കുട്ടികളെ വില്‍പ്പന നടത്തിയതാണ്. എല്‍ഡിഎഫ് ഭരണകാലത്ത് പട്ടാനൂരില്‍ ഇതുപോലൊരു സംഭവമുണ്ടായി. ആഭ്യന്തരവകുപ്പും പൊലീസും നടത്തിയ ഇടപെടല്‍ മാതൃകാപരമായിരുന്നു. 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി. ഒരാഴ്ചക്കുള്ളില്‍ കേസ് കോടതിയിലെത്തിച്ചു. ജാമ്യം നേടാന്‍ അവസരം കൊടുക്കാതെ 12 പ്രതികളെയും ശിക്ഷയ്ക്ക് വിധേയരാക്കി. എന്നാല്‍, യുഡിഎഫ് ഭരണകാലത്ത്, മുന്‍പും ഇപ്പോഴും ഇത്തരം കേസുകളിലെ പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കേസന്വേഷണം തുടക്കത്തില്‍ത്തന്നെ അട്ടിമറിക്കപ്പെടുന്നതിനാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുന്നു. സൂര്യനെല്ലി, കിളിരൂര്‍, ഐസ്ക്രീം പാര്‍ലര്‍, പറവൂര്‍, കോതമംഗലം, വൈപ്പിന്‍ കേസുകള്‍ ഉദാഹരണമാണ്. പെണ്‍വാണിഭഭ സംഘങ്ങള്‍ അടുത്ത കാലത്തായി വീണ്ടും പല്ലിളിച്ച് തലപൊക്കിത്തുടങ്ങി. യുഡിഎഫിന്റെ കഴിഞ്ഞ ഒന്നരവര്‍ഷക്കാലത്ത് സ്ത്രീപീഡനങ്ങള്‍ മൂന്ന് ഇരട്ടിയായി വര്‍ധിച്ചുവെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ നിയമസഭയില്‍ അവതരിപ്പിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നു.

കേരളത്തിലെ ആദിവാസി സ്ത്രീകളില്‍ 50 ശതമാനംപേരും ലൈംഗികചൂഷണങ്ങള്‍ക്ക് വിധേയരാകുന്നു. വിവാഹ വാഗ്ദാനം നല്‍കിയും പണം നല്‍കിയും പാവപ്പെട്ട സ്ത്രീകളെ വഞ്ചിക്കുകയാണ്. അവിവാഹിത അമ്മമാരുടെ എണ്ണം പെരുകുകയാണ്. സ്ത്രീകളുടെ ഈ ദുരവസ്ഥ സാമൂഹ്യവ്യവസ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. മുതലാളിത്തരാജ്യമായ അമേരിക്കയില്‍ ലൈംഗിക അരാജകത്വം പെരുകിവരുന്നതായി കണ്ടിട്ടുണ്ട്. അതേസമയം സോഷ്യലിസ്റ്റ് ആസൂത്രണ പ്രക്രിയ നടപ്പാക്കുന്ന രാജ്യങ്ങളില്‍ സ്ത്രീകളുടെ അന്തസ്സ് വര്‍ധിക്കുകയും കുറ്റകൃത്യങ്ങള്‍ കുറഞ്ഞുവരുന്നതായും സൂചനയുണ്ട്. ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കുകയും സാമൂഹ്യാധ്വാന മേഖലയില്‍ സ്ത്രീകളെ വിന്യസിക്കുകയുംചെയ്തപ്പോള്‍ സ്ത്രീപദവിയില്‍ വലിയ മാറ്റമുണ്ടായി. സ്ത്രീപീഡനങ്ങള്‍ക്കെതിരായ സമരം വര്‍ഗസമരത്തിന്റെ ഭാഗമാണെന്ന് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ശക്തിയാര്‍ജിക്കേണ്ടത് പൊരുതുന്ന സ്ത്രീസമൂഹത്തിന് അനുപേക്ഷണീയമായ കാര്യമാണ്.


*****

കെ കെ ശൈലജ

No comments: