Saturday, October 6, 2012

ഇത് ജനാധിപത്യമല്ല പണാധിപത്യം

സാമ്പത്തികപരിഷ്കാരം എന്ന് ഓമനപ്പേരിട്ട് രണ്ടു പതിറ്റാണ്ടുമുമ്പ് നരസിംഹറാവു സര്‍ക്കാരിന്റെകാലത്ത് ഇന്ത്യയില്‍ നടപ്പാക്കാന്‍ തുടങ്ങിയ സാമ്രാജ്യത്വ സാമ്പത്തികനയം അതിന്റെ തനിരൂപം ജനങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന രൂപത്തില്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. സാമ്രാജ്യത്വശക്തികളുടെ ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കിയ മന്‍മോഹന്‍ സര്‍ക്കാര്‍ അവര്‍ പറയുന്നതെന്തും അനുസരണയോടെ അനുവദിച്ചുകൊടുക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയുടെ സാമാന്യനിയമങ്ങളും മര്യാദകളും ധിക്കാരത്തോടെ ലംഘിക്കാനും ജനഹിതം ചവിട്ടിമെതിക്കാനും അസാമാന്യ ധൈര്യമാണ് കാണിക്കുന്നത്. പെട്രോളിന്റെ വിലനിയന്ത്രണം നീക്കുകയും 14 തവണ തുടരെ പെട്രോള്‍വില വര്‍ധിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ ഡീസല്‍വില ലിറ്ററിന് അഞ്ചുരൂപ ഒറ്റയടിക്ക് വര്‍ധിപ്പിച്ചു. സബ്സിഡിയോടെ നല്‍കുന്ന പാചകവാതക സിലിണ്ടര്‍ വര്‍ഷത്തില്‍ ആറായി കുറച്ചു.

രണ്ടാം യുപിഎയിലെ രണ്ടാമത്തെ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യത്തില്‍നിന്ന് പുറത്തുപോയി, അവരുടെ മന്ത്രിമാര്‍ രാജിവച്ചു. എന്നിട്ടും പ്രധാനമന്ത്രിക്ക് ഒരു കുലുക്കവും ഉണ്ടായില്ല. സഖ്യത്തിലെ മറ്റൊരു പ്രമുഖ കക്ഷിയായ ഡിഎംകെ ഡീസല്‍ വിലവര്‍ധനയ്ക്കെതിരെ പരസ്യമായി സമരംചെയ്യാന്‍ തയ്യാറായി. സര്‍ക്കാരിന് പുറമെനിന്ന് പിന്തുണ നല്‍കുന്ന സമാജ്വാദി പാര്‍ടിയും വിലക്കയറ്റത്തില്‍ പ്രതിഷേധിച്ചു. ഇതൊക്കെയായിട്ടും ജനവിരുദ്ധനീക്കത്തില്‍നിന്ന് ഒരിഞ്ചുപോലും പിറകോട്ടുപോകാന്‍ മന്‍മോഹന്‍സിങ് തയ്യാറായില്ല. ലോക്സഭയില്‍ കോണ്‍ഗ്രസിന് 205 സീറ്റാണുള്ളത്. യുപിഎയ്ക്ക് മൊത്തം 260 മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭൂരിപക്ഷത്തിന് 272 വേണം. ലോക്സഭയില്‍ രണ്ടാം യുപിഎ സഖ്യത്തിന് ഭൂരിപക്ഷമില്ലെന്ന് വ്യക്തമാണ്. പുറമെനിന്നുള്ള പിന്തുണ പ്രതീക്ഷിച്ച് മാത്രമാണ് ഭരണം തുടരുന്നത്. ചെറുകിട വ്യാപാരമേഖലയില്‍ വാള്‍മാര്‍ട്ട് ഉള്‍പ്പെടെയുള്ള ബഹുരാഷ്ട്ര കുത്തകകളെ ക്ഷണിച്ചുവരുത്താന്‍ ഇതോടൊപ്പം തീരുമാനിച്ചതാണ്. ഈ തീരുമാനത്തെയും തൃണമൂല്‍ കോണ്‍ഗ്രസ് എതിര്‍ത്തതാണ്. എന്നാല്‍, സഖ്യകക്ഷികളുടെ എതിര്‍പ്പല്ല, സാമ്രാജ്യത്വശക്തിയുടെ ഭീഷണിയും സമ്മര്‍ദവുമാണ് പ്രധാനമന്ത്രി വിലമതിക്കുന്നതെന്ന് സ്വന്തം നടപടിയിലൂടെ തെളിയിച്ചുകഴിഞ്ഞു.

അമേരിക്കയിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഇന്ത്യയിലെ നാലുകോടിയോളം ചെറുകിടവ്യാപാരികളെ തെരുവിലേക്ക് വലിച്ചെറിയാന്‍ ഇടവയ്ക്കുന്ന തീരുമാനം കൈക്കൊള്ളാന്‍ പ്രധാനമന്ത്രിക്ക് തെല്ലും മടിയുണ്ടായില്ല. ഇത്തരം ജനവിരുദ്ധ നടപടികളെ സഖ്യകക്ഷികളും പ്രതിപക്ഷവും ഒറ്റക്കെട്ടായി എതിര്‍ക്കുന്ന വേളയിലാണ് കൂടുതല്‍ ദേശദ്രോഹ- ജനവിരുദ്ധനയങ്ങള്‍ ധൃതിപിടിച്ച് നടപ്പാക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിരിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാര്‍തന്നെയാണ് സ്വകാര്യമേഖലയിലെ ഇന്‍ഷുറന്‍സ് ദേശസാല്‍ക്കരിക്കാന്‍ തയ്യാറായത്. ഇന്ദിര ഗാന്ധിയുടെ ഭരണത്തില്‍ത്തന്നെയാണ് 14 ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചതും ഇടതുപക്ഷം ഈ നടപടിക്ക് നിരുപാധിക പിന്തുണ നല്‍കിയതും. എന്നാല്‍, അതേ കോണ്‍ഗ്രസ്, നെഹ്റുവിന്റെ കാലത്ത് വളര്‍ത്തിയെടുത്ത പൊതുമേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള വ്യഗ്രതയിലാണിപ്പോള്‍. ഇന്‍ഷുറന്‍സ് മേഖലയില്‍നിന്നുള്ള മൂലധനവും ലാഭവും ഇന്ത്യയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് വിനിയോഗിക്കുന്നത്.

ഇന്‍ഷുറന്‍സ് കമ്പനികളെ ഇന്നത്തെ രീതിയില്‍ വളര്‍ത്തിയെടുത്തത് ഈ മേഖലയില്‍ ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കുന്ന ഇന്‍ഷുറന്‍സ് ഏജന്റുമാരും ജീവനക്കാരുമാണ്. അവരെ അവജ്ഞയോടെ അവഗണിച്ചാണ് വിദേശകുത്തകകള്‍ക്ക് 49 ശതമാനം ഓഹരി നല്‍കാന്‍ തീരുമാനിച്ചത്. ഇന്‍ഷുറന്‍സ് ജീവനക്കാരും ഏജന്റുമാരും രാജ്യസ്നേഹികളായ ജനങ്ങളും സ്വകാര്യവല്‍ക്കരണനയത്തെ അടിമുടി എതിര്‍ക്കുന്ന ഘട്ടത്തിലാണ് എല്ലാവരെയും വെല്ലുവിളിച്ച് ഇത്തരം ഒരു നടപടിക്ക് മന്‍മോഹന്‍ സര്‍ക്കാര്‍ തയ്യാറായത്. അതോടൊപ്പം തൊഴിലാളികളുടെയും ജീവനക്കാരുടെയും പ്രോവിഡന്റ് ഫണ്ടും ലാഭക്കൊതിയരായ വിദേശ കുത്തകകള്‍ക്ക് തുറന്നുകൊടുക്കാന്‍ തയ്യാറായിരിക്കുന്നു. ഇതിന്റെ പ്രത്യാഘാതം ചെറുതായി കാണാനാകില്ല. അമേരിക്കയില്‍ സാമ്പത്തികപ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പെന്‍ഷന്‍ ഫണ്ട് നഷ്ടപ്പെട്ടതാണ്. പതിനായിരക്കണക്കിനു പെന്‍ഷന്‍കാര്‍ അതിന്റെ ദുരിതം നേരിട്ടനുഭവിച്ചതാണ്. ഈ അനുഭവം അവഗണിച്ചാണ് പെന്‍ഷന്‍ ഫണ്ട് ചൂതാട്ടക്കാര്‍ക്കായി വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്. തൊഴില്‍ചെയ്ത് ജീവിച്ച കാലത്ത് കഷ്ടപ്പെട്ട് സ്വരൂപിച്ച സമ്പാദ്യമായ പ്രോവിഡന്റ് ഫണ്ട് മന്‍മോഹന്‍ സര്‍ക്കാരിന് ചൂതാടാനുള്ളതല്ല; വിദേശ കുത്തകകള്‍ക്ക് യഥേഷ്ടം കട്ടുമുടിക്കാനുള്ളതുമല്ല. ലോക്സഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട ഒരു സര്‍ക്കാര്‍ രണ്ടും കല്‍പ്പിച്ച് സ്വീകരിക്കുന്ന ഇത്തരം ജനവിരുദ്ധനയങ്ങള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഇതൊക്കെ നടപ്പാക്കണമെങ്കില്‍ പാര്‍ലമെന്റിന്റെ അനുമതി വേണം.

പണക്കാരുടെ സഹായത്തോടെ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തട്ടിപ്പടച്ചുണ്ടാക്കിയ പാരമ്പര്യമാണ് നരസിംഹറാവുവിനും മന്‍മോഹന്‍സിങ്ങിനുമുള്ളത്. സാമ്രാജ്യത്വശക്തികളുടെ സ്വാധീനവും സഹായവും സമ്മര്‍ദവും ഉപയോഗിച്ച് ശതകോടീശ്വരന്മാരുടെ ഒത്താശയോടെ പാര്‍ലമെന്റിലെ ന്യൂനപക്ഷം ഭൂരിപക്ഷമാക്കി മാറ്റാന്‍ കഴിയുമെന്നാണ് മന്‍മോഹന്‍സിങ്ങും സോണിയ ഗാന്ധിയും കരുതുന്നതെങ്കില്‍ അവര്‍ നിരാശപ്പെടേണ്ടിവരും. മന്‍മോഹന്‍ സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ പാര്‍ലമെന്റില്‍ പരാജയപ്പെടുത്താന്‍ കഴിയാവുന്നതൊക്കെ ചെയ്യുമെന്ന് പ്രതിപക്ഷകക്ഷികള്‍ മാത്രമല്ല, ഭരണസഖ്യത്തില്‍പ്പെട്ട പാര്‍ടികളും പ്രഖ്യാപിച്ചുകഴിഞ്ഞതാണ്. സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെയുള്ള യോജിപ്പ് ശക്തിപ്പെട്ടുവരികയാണ്. ജനങ്ങള്‍ തികച്ചും അസംതൃപ്തരാണ്. ജനരോഷം അനുദിനം ശക്തിപ്പെടുന്ന കാഴ്ചയാണ് എല്ലായിടത്തും കാണുന്നത്. അതുകൊണ്ടുതന്നെ ജനങ്ങള്‍ അടങ്ങിയിരിക്കാന്‍ പോകുന്നില്ല.

ധനികര്‍ അധികാരം കൈയാളുന്ന, ധനികര്‍ക്കുവേണ്ടിയുള്ള, ധനികരുടെ സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞു. കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കാന്‍ പോകുന്ന ജനരോഷത്തില്‍ മന്‍മോഹന്‍ സര്‍ക്കാര്‍ കടപുഴകി വീഴുമെന്നതില്‍ സംശയം വേണ്ട. ചെറുകിട വ്യാപാരമേഖല ബഹുരാഷ്ട്ര കുത്തകകള്‍ക്ക് തീറെഴുതാനുള്ള, ഡീസല്‍, പാചകവാതകവില വര്‍ധിപ്പിക്കാനുള്ള, ഇന്‍ഷുറന്‍സ് മേഖല ബഹുരാഷ്ട്ര കുത്തകകള്‍ക്ക് അടിയറവയ്ക്കാനുള്ള, പെന്‍ഷന്‍ ഫണ്ട് കൊള്ളയടിക്കാനുള്ള അറുപിന്തിരിപ്പന്‍ നയങ്ങളില്‍നിന്ന് മന്‍മോഹന്‍ സര്‍ക്കാര്‍ പിന്തിരിഞ്ഞേ മതിയാകൂ. അതാണ് ജനഹിതം. അത് മറന്നാല്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കും.

*
ദേശാഭിമാനി മുഖപ്രസംഗം 06 ഒക്ടോബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സാമ്പത്തികപരിഷ്കാരം എന്ന് ഓമനപ്പേരിട്ട് രണ്ടു പതിറ്റാണ്ടുമുമ്പ് നരസിംഹറാവു സര്‍ക്കാരിന്റെകാലത്ത് ഇന്ത്യയില്‍ നടപ്പാക്കാന്‍ തുടങ്ങിയ സാമ്രാജ്യത്വ സാമ്പത്തികനയം അതിന്റെ തനിരൂപം ജനങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന രൂപത്തില്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. സാമ്രാജ്യത്വശക്തികളുടെ ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കിയ മന്‍മോഹന്‍ സര്‍ക്കാര്‍ അവര്‍ പറയുന്നതെന്തും അനുസരണയോടെ അനുവദിച്ചുകൊടുക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയുടെ സാമാന്യനിയമങ്ങളും മര്യാദകളും ധിക്കാരത്തോടെ ലംഘിക്കാനും ജനഹിതം ചവിട്ടിമെതിക്കാനും അസാമാന്യ ധൈര്യമാണ് കാണിക്കുന്നത്. പെട്രോളിന്റെ വിലനിയന്ത്രണം നീക്കുകയും 14 തവണ തുടരെ പെട്രോള്‍വില വര്‍ധിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ ഡീസല്‍വില ലിറ്ററിന് അഞ്ചുരൂപ ഒറ്റയടിക്ക് വര്‍ധിപ്പിച്ചു. സബ്സിഡിയോടെ നല്‍കുന്ന പാചകവാതക സിലിണ്ടര്‍ വര്‍ഷത്തില്‍ ആറായി കുറച്ചു.