Tuesday, October 2, 2012

വൈദ്യുതിരംഗത്തെ പകല്‍ക്കൊള്ള

''പണം മരത്തില്‍ കായ്ക്കില്ല. ഭരണച്ചിലവിന്റെ ക്രമാതീതമായ  വര്‍ധനവിനെതിരെ നടപടി എടുത്തില്ലെങ്കില്‍ ധനകമ്മി കൂടും, അതുവഴി ദേശീയ വരുമാനത്തില്‍ കുറവുണ്ടാവുകയും ചെയ്യും. ഒരു സര്‍ക്കാരും ജനങ്ങളുടെ മേല്‍ ഭാരം അടിച്ചേല്‍പ്പിക്കാന്‍ ആഗ്രഹിക്കില്ല. സാധാരണക്കാരന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് രണ്ടാംവട്ടവും യു പി എ സര്‍ക്കാരിനെ ജനങ്ങള്‍ അധികാരത്തിലേറ്റിയത്.'' സെപ്റ്റംബര്‍ 21 ന് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പറഞ്ഞ കാര്യങ്ങളാണിത്. ''നിങ്ങള്‍ ഞങ്ങളുടെ പരിഷ്‌ക്കാര നടപടികളില്‍ വിശ്വാസമര്‍പ്പിച്ചാല്‍ അത് വേണ്ടവിധം ഞങ്ങള്‍ നടപ്പിലാക്കാം.'' പ്രധാനമന്ത്രി തുടര്‍ന്നു പറഞ്ഞു.

എന്നാല്‍ ഈ വാഗ്ദാനത്തിന്റെ യഥാര്‍ഥ അര്‍ഥം പിടികിട്ടിയത് പിന്നീടാണ്. രാഷ്ട്രത്തോടുള്ള പ്രഖ്യാപനം കഴിഞ്ഞ് കേവലം മൂന്നുദിവസം കഴിയുമ്പോഴേക്കും അതായത് സെപ്റ്റംബര്‍ 24 ന് നഷ്ടത്തിലായ വൈദ്യുതി വിതരണ കമ്പനികളെ സംരക്ഷിക്കാനുള്ള ഒരു പാക്കേജ് പ്രഖ്യാപിക്കുകയാണുണ്ടായത്. പണം മരത്തില്‍ കായ്ക്കാന്‍ തുടങ്ങിയതുപോലെ തോന്നി. വോട്ടുചെയ്ത് അധികാരത്തിലേറ്റിയ സാധാരണ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ കാറ്റില്‍ പറത്തുന്ന തീരുമാനമാണിത്. ഇവിടെ ധനകമ്മിയുണ്ട്, ഇപ്പോള്‍ വിശ്വാസകമ്മിയുമായി. യു പി എയുടെയും പ്രധാനമന്ത്രിയുടെയും വാഗ്ദാനങ്ങളും പ്രവൃത്തിയും തമ്മില്‍ ഒരു പൊരുത്തവുമില്ലെന്ന് വന്നാല്‍ സാധാരണജനങ്ങള്‍ എങ്ങനെ ഇവരെ വിശ്വാസത്തിലെടുക്കും?

സംസ്ഥാന വൈദ്യുതി വിതരണ കമ്പനികളുടെ (ഡിസ്‌കോംസ്) നഷ്ടം നികത്തി അവ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള പരിഷ്‌ക്കാരങ്ങള്‍ക്ക് കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി ഒരു പാക്കേജ് അംഗീകരിച്ചിരിക്കുന്നു. 1.9 ലക്ഷം കോടി രൂപയാണ് നഷ്ടകമ്പനികള്‍ക്ക് ഈ സാമ്പത്തിക പുനര്‍നിര്‍മ്മാണ പാക്കേജിനായി അനുവദിച്ചിരിക്കുന്നത്. കടബാധ്യതയില്‍പ്പെട്ട കമ്പനികളുടെ ബാധ്യത ഒരു സാമ്പത്തിക അഴിച്ചുപണിയിലൂടെ കേന്ദ്രത്തിന്റെ സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങളാണ് ഇതിലുള്ളത്. പദ്ധതി ഡിസംബര്‍ 31 നകം ആരംഭിക്കും. കാലാവധി നീട്ടണമെങ്കില്‍ കേന്ദ്രാനുമതി വേണം.

''പല സംസ്ഥാനങ്ങളിലും വൈദ്യുതിബോര്‍ഡ് പിരിച്ചുവിട്ട് സ്വകാര്യകമ്പനികളെ ഏല്‍പ്പിച്ചിരിക്കയാണ്. വൈദ്യുതി ഉല്‍പ്പാദനവും പ്രസരണവും ഇവിടങ്ങളില്‍ നടത്തുന്നത് സ്വകാര്യ കമ്പനികളായ റിലയന്‍സ് (അംബാനി ഗ്രൂപ്പ്), ടാറ്റ പോലുള്ളവരാണ്. വളരെ കുറച്ച് കമ്പനികള്‍ ഹോള്‍ഡിംഗ് കമ്പനികളായുമുണ്ട്. നഷ്ടം നികത്തി കമ്പനികളെ പുനരുജ്ജീവിപ്പിക്കുക എന്നതുകൊണ്ട് ലക്ഷ്യംവെക്കുന്നത് സ്വകാര്യ വിതരണകമ്പനികളുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കികൊടുക്കുക എന്നതാണ്'' സി പി ഐ ദേശീയ നേതാവും അഖിലേന്ത്യാ വിദ്യുച്ഛക്തി എംപ്ലോയീസ് ഫെഡറേഷന്‍ പ്രസിഡന്റും കൂടിയായ എ ബി ബര്‍ധന്‍ വ്യക്തമാക്കി.

ഈ പദ്ധതിയനുസരിച്ച് 2012 മാര്‍ച്ച് 31,  വരെയുള്ള ഹ്രസ്വകാല ബാധ്യതകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏെറ്റടുക്കണം. ആദ്യം ഇവ ബോണ്ടുകളായി മാറ്റും. ഈ ബോണ്ടുകള്‍ക്ക് ഈട് നില്‍ക്കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ ഇവയ്ക്ക് എസ് എല്‍ ആര്‍ പദവി ഉണ്ടായിരിക്കുന്നതല്ല. അടുത്ത ഘട്ടമെന്ന നിലയില്‍ 2 മുതല്‍ 5 വര്‍ഷത്തിനകം ഇവയുടെ പൂര്‍ണ്ണ ബാധ്യതയും സര്‍ക്കാര്‍ ഏറ്റെടുക്കണം. ഇത് പ്രതേ്യക സെക്യൂരിറ്റികള്‍ വഴിയായിരിക്കണം നടപ്പിലാക്കേണ്ടത്.

കഴിഞ്ഞ  10 വര്‍ഷത്തിനിടയില്‍ ഈ ദിശയിലേക്കുള്ള രണ്ടാമത്തെ നീക്കമാണ് ഇത്. പാക്കേജനുസരിച്ച് വാര്‍ഷിക വൈദ്യുതി നിരക്ക് വര്‍ധന സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയിരിക്കണം. വൈദ്യുതി ഉല്‍പ്പാദന ചെലവ്, ഉപഭോക്തൃകണക്കുകള്‍, ബജറ്റിലെ നീക്കിയിരിപ്പ് തുക എന്നിവയില്‍ കൃത്യതയുണ്ടെങ്കില്‍ മാത്രമേ വൈദ്യുതി നിരക്ക് വര്‍ധന സുതാര്യമായ ഒരു പ്രക്രിയയാകുകയുള്ളൂ. വൈദ്യുതി നിരക്ക് നിയന്ത്രണ സമിതിക്ക് (റഗുലേറ്ററി കമ്മിഷന്‍) ഉപഭോക്താവിന്റെ താല്‍പ്പര്യം സംരക്ഷിക്കണമെങ്കില്‍ ഈ സുതാര്യത ആവശ്യമാണ്. അടിക്കടിയുള്ള നിരക്ക് വര്‍ധനക്കു പുറമെ വിതരണക്കാര്‍ തങ്ങളുടെ നഷ്ടം നികത്താന്‍ വര്‍ഷങ്ങളായി കടമെടുക്കുന്നുണ്ട്.  തിരിച്ചടവൊട്ട് സമയത്ത് നടക്കാറുമില്ല.

ബാധ്യത പരിഹരിക്കല്‍ നടപടിയനുസരിച്ച് കമ്പനികളുടെ കടബാധ്യതയുടെ പകുതി ദീര്‍ഘകാല വായ്പകളാക്കി മാറ്റും. മാത്രമല്ല മുതല്‍ തിരിച്ചടയ്ക്കുന്നതിന് മൂന്നുവര്‍ഷത്തേക്ക് മോറട്ടോറിയം ഏര്‍പ്പെടുത്തും. ഇവ സൂക്ഷ്മനിരീക്ഷണം നടത്തി നടപ്പിലാക്കാന്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമായി രണ്ടു കമ്മിറ്റികള്‍ രൂപീകരിക്കാനും നിര്‍ദ്ദേശമുണ്ട്. നിരക്ക് വര്‍ധന നടത്തി ഉപഭോക്താവിനെ കൊള്ളയടിക്കുന്നത് കൂടാതെ മുതലിന്റെ തിരിച്ചടവിന് താല്‍ക്കാലിക വിരാമമിടല്‍ വഴി നിക്ഷേപകരുടെ പണം കൂടി കൊള്ളയടിക്കാനാണ്  ഉദ്ദേശിക്കുന്നത്.
പുതിയ പരിഷ്‌ക്കാരങ്ങള്‍ വൈദ്യുതി വിതരണ കമ്പനികളെ നിരക്ക്‌വര്‍ധനയ്ക്ക് പ്രേരിപ്പിക്കും. മാത്രമല്ല ഇതനുസരിച്ചുള്ള വാര്‍ഷിക നിരക്ക് വര്‍ധന ഉടന്‍ പ്രഖ്യാപിക്കുകയും ചെയ്യും. തുടര്‍ന്നുവരുന്ന എല്ലാവര്‍ഷവും സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ 30 ന് മുമ്പായി നിശ്ചയമായും വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിക്കേണ്ടതുമുണ്ട്. സര്‍ക്കാര്‍വക ഉപഭോഗത്തിനും വന്‍കിട ഉപഭോഗത്തിനും (ഒരു മെഗാവാട്ടില്‍ കൂടുതല്‍  ഉപയോഗിക്കുന്നവര്‍) പ്രീപെയ്ഡ് മീറ്റര്‍ നിര്‍ബന്ധമാക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകത.

ഇതൊക്കെതന്നെ ആര്‍ക്കാണ് ഗുണമുണ്ടാക്കികൊടുക്കുന്നത് എന്നത് സംബന്ധിച്ച് അറിയാന്‍ വലിയ ഗവേഷണമൊന്നും ആവശ്യമില്ല. ഇന്ത്യയിലെ ഊര്‍ജ്ജ ഉല്‍പ്പാദകരുടെ അസോസിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അശോക് ഖുറാന സര്‍ക്കാരിന്റെ പരിഷ്‌ക്കാര നടപടികളെ സഹര്‍ഷം സ്വാഗതം ചെയ്തിരിക്കുന്നത് അതിന് തെളിവാണ്. നഷ്ടകണക്കില്‍ ഇളവ് അനുവദിച്ചുകൊടുക്കുന്നതും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ അന്തരീക്ഷമൊരുക്കി കൊടുക്കുന്നതും കര്‍ശനമായി നിരീക്ഷിച്ച് നടപടി കൈെകാണ്ടാല്‍ വരുന്ന മൂന്നുനാലു വര്‍ഷത്തിനകം വിതരണക്കാര്‍ക്ക് നേട്ടമുണ്ടാക്കാനും ആവശ്യത്തിന് ധനസമാഹരണം അതിനകം നടത്തിയെടുക്കാനും സഹായകമാകും എന്നാണ് ഖുറാന ഇതുസംബന്ധിച്ച് അഭിപ്രായപ്പെട്ടത്.
പാപ്പരായ വൈദ്യുതി വിതരണ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നടപടി നല്‍കിയ ആശ്വാസത്തിന്റെ നെടുവീര്‍പ്പാണ് ഖുറാന പുറപ്പെടുവിച്ചത്. അവരുടെ എല്ലാ ബാധ്യതകളും സര്‍ക്കാര്‍ ഏറ്റെടുക്കുക എന്ന് പറഞ്ഞാല്‍ അതിനര്‍ഥം ഉപഭോക്താക്കളില്‍ അധികഭാരം ചുമത്തുക എന്നാണ്. നിങ്ങള്‍ വിശ്വാസമര്‍പ്പിച്ചാല്‍ പദ്ധതികള്‍ നടപ്പിലാക്കിത്തരാം എന്ന പ്രധാനമന്ത്രിയുടെ ഉറപ്പിന്റെ പൊരുള്‍ ഇതായിരുന്നു.

വായ്പ സംബന്ധിച്ച് പദ്ധതി മുന്നോട്ടുവെച്ച പുനര്‍നിര്‍മ്മാണ-പുനര്‍വിന്യാസ നടപടികളോടൊപ്പം തന്നെ വിതരണകമ്പനിക്കാരും സംസ്ഥാനങ്ങളും വൈദ്യുതി ഉപഭോഗം അടക്കമുള്ള കാര്യങ്ങളില്‍ ശുഷ്‌കാന്തി പ്രകടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് നിര്‍ദ്ദേശിക്കുന്നത്. എങ്കില്‍ ഇതുവഴി ഉല്‍പ്പാദിപ്പിക്കുന്ന അധികം വൈദ്യുതിക്ക് തുല്യമായ ധനസഹായം കേന്ദ്രം അനുവദിക്കും. ഒപ്പം മുതലിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തേണ്ട തിരിച്ചടവിന്റെ 25 ശതമാനവും കേന്ദ്രം നല്‍കും.

വൈദ്യുതി വിതരണ കമ്പനികള്‍ 2,46,000 കോടി രൂപയുടെ നഷ്ടം വരുത്തിവെച്ചതായി കേന്ദ്ര ഊര്‍ജ്ജവകുപ്പുമന്ത്രി വീരപ്പ മൊയ്‌ലി നടത്തിയ പ്രസ്താവന ഇതുമായി കൂട്ടിവായിക്കേണ്ടതുണ്ട്.

സ്വകാര്യ കമ്പനികള്‍ വരുത്തിവെച്ച കടബാധ്യതകള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുത്ത് വൈദ്യുതി രംഗത്ത് കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി പൊതുഖജനാവ് കൊള്ളയടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സാധാരണക്കാരന്റെ നികുതിപ്പണം കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുക മാത്രമല്ല അവരുടെ കടബാധ്യത തീര്‍പ്പാക്കാനെന്ന പേരില്‍ വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് ജനങ്ങളെ ഇരുട്ടിലേക്ക് തള്ളിവിടുകയുമാണ് ഇവര്‍. പ്രധാനമന്ത്രിയുടെ ഉറപ്പിന് ഇങ്ങനെയും ഒരര്‍ഥമുണ്ടെന്ന് ഇപ്പോഴാണ് ബോധ്യമായത്.

*
എന്‍ ചിദംബരം ജനയുഗം 01 ഒക്ടോബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

''പണം മരത്തില്‍ കായ്ക്കില്ല. ഭരണച്ചിലവിന്റെ ക്രമാതീതമായ വര്‍ധനവിനെതിരെ നടപടി എടുത്തില്ലെങ്കില്‍ ധനകമ്മി കൂടും, അതുവഴി ദേശീയ വരുമാനത്തില്‍ കുറവുണ്ടാവുകയും ചെയ്യും. ഒരു സര്‍ക്കാരും ജനങ്ങളുടെ മേല്‍ ഭാരം അടിച്ചേല്‍പ്പിക്കാന്‍ ആഗ്രഹിക്കില്ല. സാധാരണക്കാരന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് രണ്ടാംവട്ടവും യു പി എ സര്‍ക്കാരിനെ ജനങ്ങള്‍ അധികാരത്തിലേറ്റിയത്.'' സെപ്റ്റംബര്‍ 21 ന് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പറഞ്ഞ കാര്യങ്ങളാണിത്. ''നിങ്ങള്‍ ഞങ്ങളുടെ പരിഷ്‌ക്കാര നടപടികളില്‍ വിശ്വാസമര്‍പ്പിച്ചാല്‍ അത് വേണ്ടവിധം ഞങ്ങള്‍ നടപ്പിലാക്കാം.'' പ്രധാനമന്ത്രി തുടര്‍ന്നു പറഞ്ഞു.