Thursday, October 25, 2012

മെട്രോ റെയില്‍ അഴിമതി ഖനിയോ?

 ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊച്ചി മെട്രോ റെയില്‍ പദ്ധതി പാളത്തില്‍ കയറുംമുമ്പേ അതിനു പിന്നില്‍ ചിറകുവിരിച്ച അഴിമതിയുടെ ഞെട്ടിപ്പിക്കുന്ന കഥകള്‍ പുറത്തുവരികയാണ്. കേന്ദ്ര-സംസ്ഥാന ഭരണനേതൃത്വവും ഉന്നത ഐഎഎസ് ലോബിയും ഉദ്യോഗസ്ഥവൃന്ദവും കൈകോര്‍ത്ത് ബൃഹത്തായ ഒരു പദ്ധതിയുടെ പിന്നാമ്പുറത്ത് അനധികൃത സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ ആസൂത്രണം ചെയ്ത ഗൂഢപദ്ധതികളാണ് ഇതിനകം വെളിപ്പെട്ടിട്ടുള്ളത്. ഇതിന്റെ ഏറ്റവുമൊടുവിലത്തെ ദൃഷ്ടാന്തമാണ് രാജ്യം ആദരവോടെ കാണുന്ന ടെക്നോക്രാറ്റ് ഇ ശ്രീധരനെതിരെ ടോം ജോസ് എന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ എഴുതിയ അപമാനകരമായ കത്ത്.

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) എംഡി സ്ഥാനത്തു നിന്ന് പുറത്തുപോകേണ്ടി വന്ന ഒരു ഉദ്യോഗസ്ഥന്റെ വഴിവിട്ട രോഷപ്രകടനമായി ഇതിനെ കാണാനാകില്ല. കെഎംആര്‍എല്ലിന്റെ എംഡി സ്ഥാനത്തിരിക്കെ കേന്ദ്ര- സംസ്ഥാന ഭരണനേതൃത്വത്തിനു വേണ്ടി ചെയ്തുവന്ന കങ്കാണി പ്പണിയുടെ തുടര്‍ച്ച തന്നെയാണ് ഇത്. ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന കൊച്ചി നഗരത്തിന് ഒരുപരിധിവരെ ആശ്വാസമാകുന്ന മെട്രോ പദ്ധതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിലേറെയായി. 2005ല്‍ ഇ ശ്രീധരന്റെ നേതൃത്വത്തില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍(ഡിഎംആര്‍സി) തയ്യാറാക്കി സമര്‍പ്പിച്ച പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാന്‍ 2012 വരെ കാത്തിരിക്കേണ്ടിവന്നു. അപ്പോഴേക്കും പദ്ധതിച്ചെലവ് 2000 കോടിയില്‍ നിന്ന് 5146 കോടിയായി ഉയര്‍ന്നതല്ലാതെ മെച്ചമൊന്നുമുണ്ടായില്ല. നിരവധി കടമ്പ കടന്ന് ജൂലൈ മൂന്നിന് കേന്ദ്രാനുമതി ലഭിച്ച പദ്ധതിയുടെ നിര്‍മാണോദ്ഘാടനം കഴിഞ്ഞ സെപ്തംബര്‍ 13നു പ്രധാനമന്ത്രി നിര്‍വഹിച്ചു. അതിനുശേഷം ഒന്നരമാസം കടന്നുപോയിട്ടും മെട്രോ നിര്‍മാണത്തിന്റെ ഭാഗമായി ഒരു കല്ല് പോലും എടുത്തുവയ്ക്കാനായിട്ടില്ലെന്നത് യാദൃശ്ചികമല്ല. ഇതിനിടെ, മെട്രോ നിര്‍മാണം വൈകുന്ന ഓരോ ദിവസവും 40 ലക്ഷം രൂപ നഷ്ടപ്പെടുന്നുവെന്ന് ഇ ശ്രീധരന്‍ ഓര്‍മിപ്പിച്ചു.

നാണയപ്പെരുപ്പത്തിന്റെയും ഡോളര്‍ വില നിലവാരത്തിന്റെയും പുതിയ നിരക്കനുസരിച്ച് മെട്രോ വൈകുന്നതിലൂടെയുണ്ടാകുന്ന പ്രതിദിന നഷ്ടം 60-65 ലക്ഷമായി ഉയര്‍ന്നതായും അടുത്തിടെ ഇ ശ്രീധരന്‍ പറഞ്ഞു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന് കഴിഞ്ഞ ഡിസംബറില്‍ ഡിഎംആര്‍സി തയ്യാറാക്കി സമര്‍പ്പിച്ച കരട് ധാരണാപത്രം എത്രയും വേഗം ഒപ്പിടണമെന്ന് അദ്ദേഹം അടിക്കടി ആവശ്യപ്പെട്ടു. കരാര്‍ ഒപ്പിട്ടാല്‍ ഒരാഴ്ചയ്ക്കകം നിര്‍മാണം തുടങ്ങുമെന്നും നിശ്ചിത സമയത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. എന്നിട്ടും അതിനുള്ള നടപടികളെടുക്കാതെ സര്‍ക്കാര്‍ ഒളിച്ചുകളി തുടരുകയാണ്. രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ മാത്രം മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മെട്രോക്ക് കേന്ദ്രാനുമതി വൈകിപ്പിച്ച യുഡിഎഫ്, തങ്ങള്‍ അധികാരത്തിലെത്തിയ ശേഷവും പദ്ധതി അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് നടത്തിയത്. ഇ ശ്രീധരനെയും ഡിഎംആര്‍സിയെയും ഒഴിവാക്കി മെട്രോ നിര്‍മാണം ഏറ്റെടുക്കാനായിരുന്നു നീക്കം. നിര്‍മിച്ച് കൈമാറുന്ന വ്യവസ്ഥയില്‍ പദ്ധതിയൊന്നാകെ ഏറ്റെടുത്ത് പൂര്‍ത്തിയാക്കുന്ന ലോകത്തെ തന്നെ ഒരേയൊരു സ്ഥാപനമായ ഡിഎംആര്‍സി കൊച്ചി മെട്രോയില്‍ ഉള്‍പ്പെടുന്നത്, തങ്ങള്‍ ഉന്നമിടുന്ന അവിഹിത സാമ്പത്തിക ഇടപാടുകള്‍ക്ക് തടസ്സമാകുമെന്ന് ഇവര്‍ക്കറിയാം. ഡിഎംആര്‍സി ഒഴിവായാല്‍ പദ്ധതി ചെലവിന്റെ മുക്കാല്‍ പങ്കും വിനിയോഗിക്കേണ്ടിവരുന്ന വിദേശ പര്‍ച്ചേസിലൂടെയും സ്വകാര്യ കമ്പനികള്‍ക്ക് വീതംവയ്ക്കുന്ന കരാര്‍ ജോലിയിലൂടെയും കൈവരുന്നത് ശതകോടികളുടെ കമീഷനാണ്. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ ടോം ജോസിനെ എംഡി സ്ഥാനത്ത് അവരോധിച്ച് 2011 ആഗസ്തില്‍ കെഎംആര്‍എല്‍ രൂപീകരിച്ചതോടെ ഉദ്യോഗസ്ഥരെ മുന്നില്‍ നിര്‍ത്തിയുള്ള ഈ ഗൂഢനീക്കത്തിനു തുടക്കമായി.

കെഎംആര്‍എല്‍ അക്കൗണ്ടുകള്‍ കൊല്ലത്തെ പുതുതലമുറ ബാങ്കില്‍ നിക്ഷേപിച്ച് ടോം ജോസ് പ്രവര്‍ത്തനം തുടങ്ങി. സംസ്ഥാന പ്രതിനിധികള്‍ മാത്രം ഉള്‍പ്പെട്ട കെഎംആര്‍എല്ലിന്റെ കഴിഞ്ഞ ഡിസംബറില്‍ ചേര്‍ന്ന മൂന്നാമത് യോഗത്തിലായിരുന്നു ഡിഎംആര്‍സിക്കെതിരായ ആദ്യനീക്കം. പദ്ധതിക്ക് ആവശ്യമായ ജപ്പാന്‍ വായ്പ ലഭിക്കാന്‍ ആഗോള ടെന്‍ഡര്‍ വേണമെന്നായിരുന്നു ബോര്‍ഡ് തീരുമാനം. ഉമ്മന്‍ചാണ്ടിയും മന്ത്രി ആര്യാടന്‍ മുഹമ്മദും പങ്കെടുത്ത് കൈക്കൊണ്ട യോഗതീരുമാനപ്രകാരം ആഗോള ടെന്‍ഡറില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ടോം ജോസ് ഇ ശ്രീധരന് കത്തയച്ചത് വിവാദമായി. ഡിഎംആര്‍സി ഉണ്ടെങ്കില്‍ വായ്പ നല്‍കാമെന്ന് ജപ്പാന്‍ ഏജന്‍സിയായ ജൈക്ക ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് ശ്രീധരന്‍ വ്യക്തമാക്കി. ഇതിനിടെ, മന്ത്രിസഭയിലെ അധികാര വടംവലിയില്‍ ടോം ജോസിന് എംഡി സ്ഥാനം തെറിച്ചു. പുതിയ എംഡിയായി ആര്യാടന്‍ മുഹമ്മദിന്റെ കീഴിലുള്ള ഊര്‍ജ വകുപ്പിലെ ഏലിയാസ് ജോര്‍ജ് ചുമതലയേറ്റു. തൊട്ടുപിന്നാലെ കേന്ദ്ര വിജിലന്‍സ് കമീഷന്റെ 2006ലെ ഉത്തരവ് ഉയര്‍ത്തിപ്പിടിച്ച് ഡിഎംആര്‍സിക്കെതിരെ വീണ്ടും കെഎംആര്‍എല്‍ രംഗത്തുവന്നു. രണ്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ തമ്മിലുള്ള കരാറിന് വിജിലന്‍സ് ഉത്തരവ് തടസ്സമല്ലെന്ന തീര്‍പ്പുണ്ടായതോടെ ആ നീക്കത്തിന്റെയും മുനയൊടിഞ്ഞു. തുടര്‍ന്നാണ് കഴിഞ്ഞ 15ന് ഡിഎംആര്‍സിയുടെ ബോര്‍ഡ് യോഗം ചേര്‍ന്നതും ഡല്‍ഹിക്ക് പുറത്ത് നിര്‍മാണമേറ്റെടുക്കുന്നതിന് തടസ്സവാദങ്ങള്‍ ഉന്നയിച്ചതും. മെട്രോ നിര്‍മാണം അഴിമതിയില്ലാതെ, സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഇ ശ്രീധരനും ഡിഎംആര്‍സിയും പദ്ധതിയില്‍ വേണമെന്നാണ് കേരളം കരുതുന്നത്. അതുകൊണ്ടുതന്നെയാണ് ഭരണനേതൃത്വവും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന അച്ചുതണ്ട് പദ്ധതിയെ അടിമുടി അഴിമതിയില്‍ മുക്കാന്‍ നടത്തുന്ന ശ്രമങ്ങളെ പൊതുസമൂഹവും മാധ്യമങ്ങളും പ്രതിപക്ഷകക്ഷികളും ശക്തമായി പ്രതിരോധിക്കുന്നത്.

ഡിഎംആര്‍സിക്കും ശ്രീധരനും ലഭിക്കുന്ന ജനപിന്തുണ ഭയന്നു മാത്രമാണ് അവരെ ഒഴിവാക്കാനുള്ള രാഷ്ട്രീയ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ ധൈര്യപ്പെടാത്തത്. പകരം ഉദ്യോഗസ്ഥരെ മുന്നില്‍ നിര്‍ത്തിയുള്ള ഒളിപ്പോര്‍ തുടരുന്നു. ഡിഎംആര്‍സി തന്നെ മെട്രോ നിര്‍മിക്കുമെന്ന് മന്ത്രിസഭാ യോഗങ്ങളില്‍ തീരുമാനിച്ചതിന്റെ ഉത്തരവ് ഇറക്കാതിരുന്നതും കെഎംആര്‍എല്‍ ബോര്‍ഡിന്റെ രണ്ടു യോഗത്തിലും സംസ്ഥാന പ്രതിനിധികള്‍ മന്ത്രിസഭാ തീരുമാനം ശക്തമായി ഉന്നയിക്കാതിരുന്നതും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഒളിച്ചുകളിയാണ് കാണിക്കുന്നത്. ശ്രീധരന്‍ തന്നെ മെട്രോ നിര്‍മിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതോടൊപ്പമാണ് മെട്രോ നിര്‍മാണ ചര്‍ച്ചകള്‍ക്കായി ചീഫ് സെക്രട്ടറിയെയും ടോം ജോസിനെയും വിദേശത്തേക്ക് അയച്ചത്.

സ്വകാര്യ കരാറുകാരെ കണ്ടെത്താന്‍ മെട്രോ പദ്ധതി എമര്‍ജിങ് കേരളയില്‍ അവതരിപ്പിച്ചതും ഏറ്റവുമൊടുവില്‍ മെട്രോയുടെ ചുമതലകളൊന്നുമില്ലാത്ത പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കൊണ്ട് അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുള്ള കത്ത് ഡിഎംആര്‍സിക്ക് അയച്ചതും ഇതേ ലക്ഷ്യത്തോടെ തന്നെ. പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്ന പ്രസ്താവന നടത്തിയ മുഖ്യമന്ത്രി ഏറ്റവുമൊടുവില്‍ ബുധനാഴ്ച, ഇ ശ്രീധരനുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷവും മെട്രോയുടെ ചുമതല ഡിഎംആര്‍സിക്കും ഇ ശ്രീധരനുമാണെന്ന് ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍, ഈ പ്രസ്താവനകള്‍ ആത്മാര്‍ഥമാണെങ്കില്‍ അടിയന്തരമായി കെഎംആര്‍എല്‍ ബോര്‍ഡ് വിളിച്ചുചേര്‍ക്കുകയും ഡിഎംആര്‍സി മെട്രോ നിര്‍മാണം ഏറ്റെടുക്കണമെന്ന് ബോര്‍ഡ് യോഗം തീരുമാനമെടുക്കുകയുമാണ് വേണ്ടത്. കെഎംആര്‍എല്ലിന്റെ കൂടി ചെയര്‍മാനായ സുധീര്‍കൃഷ്ണ അധ്യക്ഷനായി നവംബര്‍ 15നു ചേരുന്ന ഡിഎംആര്‍സി യോഗത്തെ ഇക്കാര്യം രേഖാമൂലം അറിയിക്കുകയുമാണ് ചെയ്യേണ്ടത്.


*****

ദേശാഭിമാനി മുഖപ്രസംഗം 25-10-2012

No comments: