Friday, October 26, 2012

പ്രവാചകനിന്ദയുടെ മാനങ്ങള്‍

പ്രകോപനങ്ങള്‍ അര്‍ഹിക്കുന്നത് അവഗണന മാത്രമാണ്. വിശ്വാസികള്‍ പ്രകോപിതരാവുന്നില്ല എന്നുകണ്ടാല്‍ പിന്നെ അത്തരം പണിയെടുക്കാന്‍ ആളുണ്ടാവില്ല


പല രാജ്യങ്ങളില്‍ പ്രതിഷേധത്തിനും തര്‍ക്കത്തിനും വഴിവെച്ച 'മുസ്‌ലിങ്ങളുടെ നിരപരാധിത്വം' (ഇന്നസന്‍സ് ഓഫ് മുസ്‌ലിംസ്: 2012) എന്ന സിനിമയുടെ ചില ഭാഗങ്ങള്‍ ഇന്റര്‍നെറ്റില്‍ കണ്ട അനേകലക്ഷം ആളുകളില്‍ ഞാനും പെടും. ആ ഭാഗംവെച്ച് തന്നെ സിനിമ ദുരുദ്ദേശ്യപൂര്‍വം ഉണ്ടാക്കിയതാണ് എന്ന് ഏത് പൊട്ടനും മനസ്സിലാവും. മുഹമ്മദ് നബിയെ നിന്ദിക്കുന്നതിലൂടെ മുസ്‌ലിങ്ങളെ പ്രകോപിപ്പിക്കുക; സമുദായങ്ങള്‍ തമ്മില്‍ കലഹം ഉണ്ടാക്കുക എന്നതുതന്നെയാണ് ഉദ്ദേശ്യം.

ചെറിയൊരു വിഭാഗം വിശ്വാസികള്‍ പ്രകോപിതരായി. ആ കൂട്ടത്തില്‍ ഒരു വിഭാഗമാണ് ലിബിയയിലെ അമേരിക്കന്‍ സ്ഥാനപതിയെ കൊന്നുകളഞ്ഞത്; മറ്റൊരു വിഭാഗമാണ് പാകിസ്താനില്‍ അക്രമാസക്തമായി ജാഥ നടത്തി നിരവധി മരണത്തിന് ഇടയാക്കിയത്.

അങ്ങനെ ഹാലിളകിയതിലൂടെ അവര്‍ സിനിമയെ സഹായിച്ചു. ''മുസ്‌ലിങ്ങള്‍ മതവികാരത്തിന്റെ പേരില്‍ എന്തക്രമവും കാണിക്കാന്‍ മടിക്കാത്ത ക്രൂരന്മാരാണ്'' എന്ന സിനിമയുടെ തെറ്റായ സന്ദേശം ശരിയാവാന്‍ സാധ്യതയുണ്ട് എന്ന തോന്നലുണ്ടാക്കി.

ഈ സിനിമക്കാരനെപ്പോലെ മനോവൈകൃതമുള്ള ആളുകള്‍ ഇടയ്ക്ക് നബിയെ നിന്ദിച്ച് കാര്‍ട്ടൂണ്‍ വരയ്ക്കും; അല്ലെങ്കില്‍ ഖുര്‍ആന്‍ കത്തിക്കും; അതുമല്ലെങ്കില്‍ പ്രകോപനമുണ്ടാക്കുന്ന വേറെ വല്ലതും ചെയ്യും. അവയൊക്കെ അര്‍ഹിക്കുന്നത് അവഗണന മാത്രമാണ്; പ്രതിഷേധം പോലുമല്ല എന്ന് തിരിച്ചറിയാനുള്ള വിവേകം വിശ്വാസികള്‍ക്ക് വേണം. വിശ്വാസികള്‍ പ്രകോപിതരാവുന്നില്ല എന്നുകണ്ടാല്‍ പിന്നെ അത്തരം പണിയെടുക്കാന്‍ ആളുണ്ടാവില്ല.

ഒരു കാര്‍ട്ടൂണിസ്റ്റോ സിനിമക്കാരനോ വിചാരിച്ചാല്‍ മുഹമ്മദ് നബിയെ അവമാനിക്കാന്‍ സാധിക്കുകയില്ല; മനുഷ്യസംസ്‌കാരത്തിന്റെ ചരിത്രത്തില്‍ അദ്ദേഹത്തിനുള്ള ഉന്നതമായസ്ഥാനം നഷ്ടപ്പെടുത്താനാവുകയില്ല. ഈ ഉറപ്പുള്ള ആരും ഇങ്ങനെ വിരോധംകൊണ്ട് കത്തിക്കാളുകയില്ല.

ഒന്നാലോചിച്ചുനോക്കൂ: അമേരിക്കയിലെ ഒരു മുസ്‌ലിംവിരോധി സിനിമയുണ്ടാക്കിയതിന് പാകിസ്താനില്‍ മുസ്‌ലിങ്ങള്‍ പരസ്​പരം വെട്ടിക്കൊല്ലുന്നതെന്തിനാണ്? അതുകൊണ്ട് പ്രവാചകനോ മതത്തിനോ ദോഷമല്ലാതെ ഗുണം വല്ലതുമുണ്ടോ? സിനിമ നബിക്ക് ദുഷ്‌പ്പേരുണ്ടാക്കി എന്നാണെങ്കില്‍ ഈ അക്രമങ്ങള്‍ ആ ദുഷ്‌പ്പേര് ഇല്ലാതാക്കുമോ? സല്‍പ്പേര് ഉണ്ടാക്കിക്കൊടുക്കുമോ? ഇത് പ്രവാചകന് പുതിയ ദുഷ്‌പ്പേരുണ്ടാക്കും. കഷ്ടം! വെറുപ്പ് ഉത്പാദിപ്പിക്കുന്ന ആ സിനിമയും അക്രമം ഉത്പാദിപ്പിക്കുന്ന ഈ പ്രതിഷേധവും പ്രവാചകന് ചീത്തപ്പേരുണ്ടാക്കുക എന്ന ഒറ്റപ്പണിയാണ് രണ്ടു വഴിക്ക് ചെയ്തുകൊണ്ടിരിക്കുന്നത്.

സല്‍മാന്‍ റുഷ്ദിയുടെ 'പൈശാചികപദ്യങ്ങള്‍' (സാത്താനിക് വേഴ്‌സസ്: 1988) എന്ന നോവലിന് ലോകശ്രദ്ധ നേടിക്കൊടുത്തതും കോടിക്കണക്കിന് കോപ്പികളുടെ പ്രചാരം ഉണ്ടാക്കിക്കൊടുത്തതും അനവധി നാടുകളില്‍ ഉയര്‍ന്ന വന്‍പ്രതിഷേധമാണ്. റുഷ്ദിക്ക് മരണം വിധിച്ചുകൊണ്ട് ഇറാനികളുടെ ആത്മീയനേതാവ് ആയത്തുല്ലാ ഖുമൈനി പുറപ്പെടുവിച്ച മതവിധി (ഫത്‌വ: 14 ഫിബ്രവരി 1989) അത് ആളിക്കത്താന്‍ കാരണമായി. ഇന്ത്യയും പാകിസ്താനുമടക്കം എത്രയോ രാജ്യങ്ങളില്‍ അക്രമം മുറ്റിയ വന്റാലികള്‍ നടന്നു. എത്രയോ മനുഷ്യജീവന്‍ നഷ്ടമായി; എത്രയോ കോടി രൂപയുടെ സ്വത്ത് നശിച്ചു. ഇതുകൊണ്ടൊക്കെ എന്താണ് ഫലം എന്ന് ആലോചിച്ചില്ല. പില്‍ക്കാലത്ത് ആലോചിച്ചുവോ? കണക്കില്ലാത്ത പേരും പണവും കിട്ടി എന്നല്ലാതെ റുഷ്ദിക്ക് വല്ല ദോഷവും ഉണ്ടായോ? ഇസ്‌ലാമികസംസ്‌കാരത്തിനും മുഹമ്മദ് നബിക്കും അതുകൊണ്ട് ഉണ്ടായത് സല്‍ക്കീര്‍ത്തിയോ ദുഷ്‌ക്കീര്‍ത്തിയോ?

ആ ചരിത്രത്തില്‍നിന്ന് മതത്തിന്റെ പേരില്‍ വികാരംകൊള്ളുന്ന കൂട്ടര്‍ കാര്യമായൊന്നും പഠിച്ചില്ല എന്ന് ഇപ്പോഴത്തെ സിനിമാബഹളം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.

വികാരമല്ല, വിവേകമാണ് മതം.

ഇപ്പറഞ്ഞതിലേക്ക് സമീപകാല ചരിത്രത്തില്‍നിന്ന് ഒരനുഭവം:

കുറച്ചുകാലം അഫ്ഗാനിസ്താനില്‍ വാഴ്ചകൊണ്ടിരുന്ന താലിബാന്‍ എന്ന ഭീകരസംഘം അവിടെ ബാമിയാന്‍ കുന്നുകളില്‍ നൂറ്റാണ്ടുകളായി നിലനിന്നുപോന്ന ബുദ്ധപ്രതിമകള്‍ ഡയനാമിറ്റ് വെച്ച് തകര്‍ത്തു (2001). ആലോചിച്ച്, പദ്ധതി തയ്യാറാക്കി, മുന്‍കൂട്ടി പ്രഖ്യാപിച്ച് നടത്തിയ ആ നശീകരണം ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്കിടയിലെ തീവ്രവാദികള്‍ ബാബ്‌റിപള്ളി തകര്‍ത്തതു (1992) പോലുള്ള ഹീനകൃത്യമാണ്. സാമുദായികകലാപം ഉണ്ടാക്കാനുള്ള പ്രകോപനം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. ഇന്ത്യ, ചൈന, ജപ്പാന്‍, തായ്‌ലന്‍ഡ്, ശ്രീലങ്ക മുതലായ അനേകം രാജ്യങ്ങളില്‍ അധിവസിച്ചുവരുന്ന കോടിക്കണക്കായ ബുദ്ധമതവിശ്വാസികളില്‍ ഒരാള്‍പോലും അതിനെതിരായി ഒരക്രമവും പ്രവര്‍ത്തിക്കുകയുണ്ടായില്ല. ഒരു മുസ്‌ലിമിന്റെ സ്റ്റേഷനറിപ്പീടികപോലും ഒരു രാജ്യത്തും ഒരു ബുദ്ധമതക്കാരനും എറിഞ്ഞു തകര്‍ത്തില്ല! ആ പ്രതിമയാണ് ബുദ്ധന്‍ എന്നാണ് താലിബാന്‍ വിചാരിച്ചത്. ബുദ്ധന്‍ പ്രതിമയല്ല എന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ക്കറിയാമായിരുന്നു. പ്രകോപനമുണ്ടാക്കുന്നതില്‍ താലിബാന്‍ പരാജയപ്പെട്ടത് ബുദ്ധമതക്കാരുടെ വിവേകം കൊണ്ടാണ്. അങ്ങനെ താലിബാന്‍ തോല്‍ക്കുകയും ബുദ്ധന്റെ മൗനമന്ദഹാസം വിജയിക്കുകയും ചെയ്തു!


***

ഇത്തരം പ്രതിഷേധങ്ങളില്‍, ഭാഗ്യവശാല്‍, കേരളത്തില്‍ അക്രമങ്ങളൊന്നും പതിവില്ല. യോഗം, ലേഖനം, പ്രകടനം മുതലായവ മാത്രമേ ഉണ്ടാകാറുള്ളൂ. ഇപ്പോഴും അതേ ഉണ്ടായുള്ളൂ. അതിനിടയില്‍ ഉയര്‍ന്നുകേട്ട ''സിനിമ നിരോധിക്കണം'', ''അതിന്റെ ചില ഭാഗങ്ങള്‍ കാണിക്കുന്ന യൂട്യൂബ് നിരോധിക്കണം'' തുടങ്ങിയ പതിവ് ആവശ്യങ്ങള്‍ നമുക്ക് അവഗണിക്കാം എന്നുവെക്കുക.

അക്രമം പാടില്ലെന്നുപറഞ്ഞ സമുദായനേതാക്കന്മാരും മതപണ്ഡിതന്മാരും പത്രാധിപന്മാരും ഉന്നയിച്ച ഒരാവശ്യം പ്രവാചകനിന്ദ, മതനിന്ദ തുടങ്ങിയവ കുറ്റകൃത്യമായി പ്രഖ്യാപിക്കണമെന്നും അത് ചെയ്യുന്നവരെ നിയമവ്യവസ്ഥയുടെ മുമ്പില്‍ കൊണ്ടുവന്ന് ശിക്ഷിക്കണം എന്നും ആണ്.

വളരെ ലളിതം എന്ന് തോന്നാനിടയുള്ള ഈ നിലപാട് സങ്കീര്‍ണമാണ്. പ്രവാചകനിന്ദ, മതനിന്ദ മുതലായവ നിര്‍വചിക്കുന്നതും മനസ്സിലാക്കുന്നതും അത്ര എളുപ്പമല്ല. കാര്യം തിരിയാന്‍ സഹായിക്കുന്ന ഒരൊറ്റ ഉദാഹരണം പറയാം-

കേരളത്തിലെ സുന്നിമുസ്‌ലിങ്ങളില്‍ ഒരു വിഭാഗം മുഹമ്മദ് നബിയുടെ തിരുമുടി സ്ഥാപിക്കാന്‍ വേണ്ടി കോഴിക്കോട് ജില്ലയില്‍ വലിയൊരു പള്ളി പണിയാന്‍ പോവുകയാണ്.

ആ 'മുടിപ്പള്ളി' അന്ധവിശ്വാസങ്ങള്‍ക്ക് പ്രചാരം നല്‍കും എന്ന് ചില രാഷ്ട്രീയ നേതാക്കന്മാര്‍ വിമര്‍ശിച്ചപ്പോള്‍ 'പ്രവാചകനിന്ദ' എന്ന് ആക്ഷേപിക്കപ്പെട്ടു.

സുന്നികളിലെ തന്നെ മറ്റൊരു വിഭാഗം മുടി വ്യാജമാണ് എന്നും അത് സ്ഥാപിക്കുന്നതിലൂടെ പ്രവാചകന്‍ നിന്ദിക്കപ്പെടുകയാണ് എന്നും വാദിക്കുന്നു.

മുജാഹിദ് വിഭാഗം വാദിക്കുന്നു: മുടി പ്രവാചകന്റേതാണെങ്കില്‍ത്തന്നെ സ്ഥാപിക്കരുത്; അത്തരം തിരുശേഷിപ്പുകള്‍ പുണ്യവസ്തുക്കളാക്കുന്നത് പ്രവാചകന്‍ എതിര്‍ത്ത ബിംബാരാധനയ്ക്ക് മുസ്‌ലിങ്ങള്‍ക്കിടയില്‍ സ്ഥാനം നല്‍കും. അത് പ്രവാചകനിന്ദയാണ്.

ഇതില്‍ ആരാണ് പ്രവാചകനെ നിന്ദിക്കുന്നത് എന്ന് എങ്ങനെ തീര്‍പ്പാക്കും? ഒരു കൂട്ടരുടെ വന്ദനമാണ് വേറെ കൂട്ടരുടെ നിന്ദനം! ഇതിലൊന്നും സര്‍ക്കാറിനോ കോടതിക്കോ വിധികല്പിക്കാന്‍ ആവുകയില്ല. എല്ലാ അഭിപ്രായഭേദങ്ങളെയും ഒരേപോലെ പുലരാന്‍ വിടുക എന്നതുമാത്രമേ ജനാധിപത്യവ്യവസ്ഥയ്ക്ക് സാധ്യമാവുകയുള്ളൂ.

***

ആര്‍ക്കും മനസ്സിലാവുന്നപോലെ, താലിബാന്റെ ആ പ്രതിമാനശീകരണം പ്രവാചകനെയും ഇസ്‌ലാംമതത്തെയം നിന്ദിക്കുന്ന പ്രവൃത്തിയാണ്. അന്യമതസ്ഥരുടെ ആരാധനാരീതികളെ പുച്ഛിക്കരുത് എന്നും അവരുടെ ആരാധനാലയങ്ങളെ മാനിക്കണം എന്നും പഠിപ്പിക്കുന്ന ഖുര്‍ആന്റെ പേരിലാണ് അത് ചെയ്തത് എന്നതുതന്നെ കാരണം. ഈ മതനിന്ദയ്‌ക്കെതിരായി കേരളത്തിലെ വിശ്വാസികള്‍ വല്ലതും ചെയ്തിരുന്നുവോ?

ഇസ്‌ലാമിക ശരീഅത്ത് നടപ്പാക്കിയ താലിബാന്‍ കാലത്ത് (സപ്തംബര്‍ 1996- ഒക്ടോബര്‍ 2001) അഫ്ഗാനിസ്താനില്‍ സ്ത്രീകള്‍ക്ക് വിദ്യയും തൊഴിലും സാമൂഹികജീവിതവും എല്ലാം നിഷേധിച്ചു. അതൊക്കെ 'അനിസ്‌ലാമികം' ആണ് എന്നായിരുന്നു ആ ഭീകരഭരണകൂടത്തിന്റെ വിധി. 'വായിക്കുക' എന്നു പറഞ്ഞുകൊണ്ടാണ് ഖുര്‍ആന്‍ ആരംഭിക്കുന്നത്. ''വിദ്യ അഭ്യസിക്കല്‍ നിര്‍ബന്ധമാണ്'' എന്ന് വിധിച്ചേടത്ത് ഖുര്‍ആന്‍ ആണ്‍ പെണ്‍ഭേദം കല്പിച്ചിട്ടില്ല. യുദ്ധയാത്രയില്‍പ്പോലും ഭാര്യ ആയിശാബീവിയെ മുഹമ്മദ് നബി ഒപ്പം കൂട്ടിയിരുന്നു. ഇതൊക്കെയായിട്ടും ഈ മതനിന്ദയ്‌ക്കെതിരില്‍ പ്രതിഷേധിക്കാന്‍ നമ്മുടെ നാട്ടില്‍ വിശ്വാസികളുണ്ടായില്ല!

ഏറ്റവും പുതിയ അനുഭവം നോക്കൂ - പാകിസ്താനിലെ പഴയ സാംസ്‌കാരികകേന്ദ്രമായ സ്വാത് താഴ്‌വാരത്തിലെ സ്ത്രീവിദ്യാലയങ്ങള്‍ താലിബാന്‍ ബോംബിട്ട് തകര്‍ത്തു. ഇപ്പോള്‍ സ്ത്രീവിദ്യാഭ്യാസത്തിനുവേണ്ടി നടക്കുന്ന പൗരാവകാശശ്രമങ്ങളെ പിന്തുണച്ച് ബ്ലോഗും ഡയറിയും എഴുതിയ മലാല യൂസഫ് സായി എന്ന പെണ്‍കുട്ടിയുടെ തല താലിബാന്‍ വെടിവെച്ച് തകര്‍ത്തിരിക്കുന്നു. ബ്രിട്ടനിലെ ചികിത്സാലയത്തില്‍ സ്വന്തം ജീവനുവേണ്ടി പിടയുകയാണ് പതിന്നാല് വയസ്സുമാത്രം പ്രായമുള്ള ആ പാവം പെണ്‍കുട്ടി...

ആരുടെ മതമാണ് ഇസ്‌ലാം? താലിബാന്റെയോ, മലാലയുടെയോ?

സ്ത്രീവിദ്യാഭ്യാസത്തെ ഹറാമാക്കിയതിലൂടെയും സ്ത്രീവിദ്യാലയങ്ങള്‍ ബോംബിട്ട് നശിപ്പിച്ചതിലൂടെയും മലാലയെ വെടിവെച്ചതിലൂടെയും താലിബാന്‍ ആവിഷ്‌കരിച്ച 'മതനിന്ദ' എന്തുകൊണ്ടാണ് നമ്മുടെ നാട്ടിലെ വിശ്വാസികളെ ഇളക്കിമറിക്കാത്തത്?

തമാശതന്നെ, താലിബ്' എന്ന അറബിവാക്കിന് വിദ്യാര്‍ഥി' എന്നാണര്‍ഥം. തുര്‍ക്കി ഭാഷയിലെ ബഹുവചനപ്രത്യയം കൂട്ടിച്ചേര്‍ത്താണ് 'വിദ്യാര്‍ഥികള്‍' എന്ന അര്‍ഥത്തില്‍ 'താലിബാന്‍' എന്ന് പ്രയോഗിക്കുന്നത്. വനിതാവിദ്യാഭ്യാസത്തെ നിരോധിക്കുന്ന സംഘം എങ്ങനെയാണാവോ 'വിദ്യാര്‍ഥികളാ'വുക?

അഫ്ഗാനിസ്താനിലെ കമ്യൂണിസ്റ്റ് വാഴ്ച (1979)യെ ആയുധംകൊണ്ട് തുരത്തുന്നതിന് യുവാക്കള്‍ക്ക് പരിശീലനം നല്‍കാന്‍ വേണ്ടി അമേരിക്കയുടെ മുന്‍കൈയില്‍ ആരംഭിച്ച 'മതപാഠശാലകള്‍' ഉത്പാദിപ്പിച്ച ഭീകരവാദികളാണ് താലിബാന്‍. അവര്‍ ഇസ്‌ലാം മതം പഠിച്ചത് ഖുര്‍ആനില്‍നിന്നോ നബിചര്യയില്‍നിന്നോ അല്ല; അമേരിക്കയില്‍ നിന്നാണ്. യാഥാസ്ഥിതികതയും മരണസന്നദ്ധതയും ഹിംസയും ഇസ്‌ലാമികജിഹാദിന്റെ പേരില്‍ അവരെ പഠിപ്പിച്ചെങ്കില്‍ മാത്രമേ അന്ന് അമേരിക്കയുടെ കാര്യം നടക്കുമായിരുന്നുള്ളൂ. അതു നടന്നു. എന്തു ചെയ്യാം, മൂന്നു പതിറ്റാണ്ടായിട്ടും താലിബാന്റെ ആ കലി ഇറങ്ങിയിട്ടില്ല.

മതഭീകരവാദിക്ക് മറ്റെന്തു മനസ്സിലായാലും മതം മനസ്സിലാവുകയില്ല.


*****

എം.എന്‍. കാരശ്ശേരി , കടപ്പാട് : മാതൃഭൂമി

No comments: