Friday, October 19, 2012

അഴിമതി മൂടാന്‍ പരസ്പര സഹകരണം?

വന്‍ കുംഭകോണങ്ങള്‍ നടത്തുകയും അത് പൂഴ്ത്തിവയ്ക്കാന്‍ ഏതറ്റംവരെ പോവുകയും ചെയ്തുപോരുന്ന കോണ്‍ഗ്രസ് സംസ്കാരം, അതിന്റെ വളര്‍ച്ചയിലെ പുതിയ ഒരു ഘട്ടത്തിലേക്ക് ഈ ആഴ്ച കടന്നിരിക്കുന്നു. അതിന്റെ പ്രതീകങ്ങളാണ് ദിഗ്വിജയ്സിങ്ങും സല്‍മാന്‍ ഖുര്‍ഷിദും. ഉന്നതങ്ങളിലെ അഴിമതി കോണ്‍ഗ്രസും ബിജെപിയും പരസ്പര സഹകരണത്തോടെ മറച്ചുവയ്ക്കണമെന്ന പുതിയ സൂത്രവാക്യം മുമ്പോട്ടുവയ്ക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ്സിങ് ചെയ്തതെങ്കില്‍ അഴിമതി പുറത്തുകൊണ്ടുവരുന്നവരെ വധിക്കുമെന്ന് പരസ്യമായി ഭീഷണിയുയര്‍ത്തുകയാണ് മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ചെയ്തത്. ഭരണരാഷ്ട്രീയത്തിന്റെ ഏതെങ്കിലും ഭാഗത്ത് എന്തെങ്കിലും ധാര്‍മികതയുടെ അംശം അവശേഷിച്ചിട്ടുണ്ടെങ്കില്‍ അതിനെക്കൂടി അഴിമതിയുടെ ജീര്‍ണത നശിപ്പിക്കുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് രണ്ടും. അഴിമതി രാജ്യത്തെ വിപല്‍ക്കരമായ പുതിയ ഒരു ഘട്ടത്തിലെത്തിച്ചിരിക്കുന്നുവെന്ന് വ്യക്തം.

അഴിമതി ദേശീയഭരണ രാഷ്ട്രീയത്തിന് പുതുതല്ല. അമ്പതുകളിലെ ജീപ്പ്-മുണ്‍റോ കുംഭകോണങ്ങള്‍ മുതല്‍ക്കിങ്ങോട്ട് 2012ലെ കല്‍ക്കരിപ്പാട കുംഭകോണം വരെയായി അത് അനുക്രമമായി വളര്‍ന്നുപോരുകയായിരുന്നു ഭരണ രാഷ്ട്രീയത്തില്‍. എന്നാല്‍ ഇന്ന്, അത് അത്യന്തം അപകടകരമായ ഒരു പുതിയ രാഷ്ട്രീയ സമവാക്യം മുമ്പോട്ടുവയ്ക്കുന്നു. ഉന്നത രാഷ്ട്രീയ നേതാക്കളുടെ തലത്തിലെ അഴിമതികള്‍ പരസ്പര സഹകരണത്തോടെ ഭരണ- പ്രതിപക്ഷഭേദമില്ലാതെ ഒതുക്കിവയ്ക്കുക എന്നതാണ് ഈ സമവാക്യം. കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങാണ് ഇത് മുമ്പോട്ടുവച്ചിട്ടുള്ളത്. രാഷ്ട്രീയവും ജനാധിപത്യംതന്നെയും സമ്പൂര്‍ണമായി നശിക്കാന്‍ ഇനി ഇതുകൂടിയേ വേണ്ടൂ. രാഷ്ട്രീയ നേതാക്കളിലാരും രാഷ്ട്രീയ നേതൃതലത്തിലുള്ള മറ്റൊരാളെയോ അയാളുടെ ബന്ധുവിനെയോ അഴിമതി മുന്‍നിര്‍ത്തി ആക്രമിക്കരുത് എന്നതാണ് അദ്ദേഹം മുമ്പോട്ടുവച്ചിട്ടുള്ള സൂത്രവാക്യം. ബിജെപി നേതാക്കളുടെ വമ്പന്‍ അഴിമതികള്‍ തങ്ങളുടെ ശ്രദ്ധയില്‍പെട്ടിട്ടും തങ്ങള്‍ വിമര്‍ശിക്കാന്‍ നിന്നിട്ടില്ലല്ലോ എന്നുകൂടി അദ്ദേഹം പറഞ്ഞുവയ്ക്കുന്നുണ്ട്. ദിഗ്വിജയ്സിങ് മുന്നോട്ടുവയ്ക്കുന്ന ഈ അനാക്രമണക്കരാര്‍ നിര്‍ദേശം തങ്ങള്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുകയാണെന്നതിന്റെ പ്രത്യക്ഷവിളംബരമാണ്. തങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന അഴിമതിയാരോപണങ്ങളെ യുക്തിസഹമായ മറുപടികള്‍കൊണ്ട് നേരിടാനാവില്ല എന്ന ബോധ്യമാണ് ദിഗ്വിജയ്സിങ്ങിനെയും കൂട്ടരെയും നയിക്കുന്നത് എന്നുവ്യക്തം. ഞങ്ങള്‍ നിങ്ങളുടെ അഴിമതികള്‍ കണ്ടില്ലെന്നു നടിക്കാം; നിങ്ങള്‍ ഞങ്ങളുടെ അഴിമതിയും കണ്ടില്ലെന്നു നടിക്കണമെന്ന് ദിഗ്വിജയ്സിങ് പറയുന്നത് ബിജെപിയോടാണ്. ഒളിക്കാന്‍ ഏറെയുള്ള ബിജെപി ഇത് സ്വീകരിക്കുമായിരിക്കും. എന്നാല്‍, അതിനപ്പുറത്ത് ഇടതുപക്ഷമുണ്ട്. അവര്‍ക്ക് ഒളിക്കാന്‍ ഒന്നുമില്ല. അതുകൊണ്ടുതന്നെ ഈ പരസ്പരസഹായസഹകരണ തത്വം അവര്‍ക്ക് അംഗീകരിക്കേണ്ട കാര്യവുമില്ല. അങ്ങനെയുള്ള ഒരു ശക്തിയെങ്കിലും ഇന്നത്തെ അന്ധകാരഗ്രസ്തമാവുന്ന രാഷ്ട്രീയാന്തരീക്ഷത്തില്‍ ഉണ്ടെന്നതുമാത്രമാണ് ഉന്നതങ്ങളിലെ അഴിമതികള്‍ ഇനിയുള്ള കാലത്തും തമസ്കരിക്കപ്പെടുകയില്ല എന്നുറപ്പുതരുന്ന പ്രത്യാശയുടെ ഏക രജതരേഖ.

അഴിമതി നടക്കുന്നുവെന്നതിനേക്കാള്‍ ആപല്‍ക്കരമാണ് ആ അഴിമതികള്‍ മൂടിവയ്ക്കാന്‍ പ്രമുഖ രാഷ്ട്രീയപാര്‍ടികള്‍ പരസ്പര സഹായത്തോടെ ശ്രമിക്കണമെന്ന് പ്രമുഖനായ ഒരു കോണ്‍ഗ്രസ് നേതാവ് പരസ്യമായി പറയാന്‍ ധൈര്യപ്പെടുന്നുവെന്നത്. നമ്മുടെ ഭരണ രാഷ്ട്രീയം ഏത് താഴ്ന്നതലത്തിലേക്കാണ് തലകുത്തിവീണിരിക്കുന്നത് എന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണിത്. 1,76,643 കോടിയുടെ 2ജി സ്പെക്ട്രം കുംഭകോണമോ അതേക്കാള്‍ വലിയ കല്‍ക്കരിപ്പാട കുംഭകോണമോ പുറത്തുവന്നപ്പോഴൊന്നും പുറത്തെടുക്കാതിരുന്ന ഈ പരസ്പരസഹായ സഹകരണ സൂക്തം ഇപ്പോള്‍ പുറത്തെടുത്തിരിക്കുന്നത് സോണിയ ഗാന്ധിയുടെ മകള്‍ പ്രിയങ്കയുടെ ഭര്‍ത്താവായ റോബര്‍ട്ട് വധേരയുടെ ഭൂമി കുംഭകോണങ്ങള്‍ പുറത്തായതുകൊണ്ടാണ്. മന്‍മോഹന്‍സിങ്ങിനെ രക്ഷിക്കാനെടുക്കാത്ത ആയുധം വധേരയെ രക്ഷിക്കാന്‍ പുറത്തെടുത്തിരിക്കുന്നു. ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങള്‍ കോണ്‍ഗ്രസിനെ എത്രമാത്രം ഉല്‍ക്കണ്ഠപ്പെടുത്തുന്നുവെന്നത് ഇതില്‍നിന്ന് തെളിയുന്നുണ്ട്; കോണ്‍ഗ്രസ് എത്രമേല്‍ ജീര്‍ണിച്ചിരിക്കുന്നുവെന്നതും. പരസ്പരം കണ്ടില്ലെന്നുനടിച്ച് നമുക്കെല്ലാം അഴിമതിയിലൂടെ ലക്ഷക്കണക്കിന് കോടികള്‍ കൊയ്യാം എന്ന് നേതാക്കള്‍ പരസ്പരം പറയുന്ന ഒരു രാഷ്ട്രീയ സംസ്കാരം ഇവിടെ ഉയര്‍ന്നുവരികയാണ് എന്നത് രാഷ്ട്രത്തിന്റെ സമ്പൂര്‍ണ നാശത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകളാണ് ജനമനസ്സില്‍ ഉണര്‍ത്തുന്നത്. അഴിമതി തുറന്നുകാട്ടിയപ്പോള്‍ സിഎജിക്കുമേല്‍ കുതിരകയറുന്നതിന് പ്രധാനമന്ത്രിതന്നെ നേതൃത്വംനല്‍കുന്നത് നാം കണ്ടു. സാമ്പത്തിക അഴിമതിക്കേസുകളില്‍ കോടതി എങ്ങനെ പെരുമാറിക്കൂടാ എന്ന് പ്രധാനമന്ത്രിതന്നെ കല്‍പ്പിക്കുന്നത് നാം കണ്ടു. 2ജി സ്പെക്ട്രം കേസില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ഒഴിവാക്കാന്‍ യുപിഎ സര്‍ക്കാര്‍ പെടാപ്പാടുപെടുന്നത് നാം കണ്ടു. ഒടുവില്‍ അന്വേഷണം വന്നപ്പോള്‍ പരിഗണനാവിഷയങ്ങള്‍ പരിമിതപ്പെടുത്തിയും മറ്റും അതിനെ പ്രഹസനമാക്കാന്‍ കഠിനപ്രയത്നം നടത്തുന്നതും നാം കണ്ടു. എല്ലാം അഴിമതി പുറത്തുവരുന്നതിലുള്ള പരിഭ്രാന്തിയുടെ വിളംബരങ്ങള്‍. ഏഴരക്കോടി രൂപയ്ക്ക് വില താഴ്ത്തിവച്ച് വാങ്ങിയ ഭൂമി മൂന്നുമാസത്തിനുള്ളില്‍ 58 കോടിക്ക് ഡിഎല്‍എഫിന് വില്‍ക്കുന്ന മായാജാലം റോബര്‍ട്ട് വധേര കാട്ടിത്തന്നു. വധേര-ഡിഎല്‍എഫ് ഭൂമി കുംഭകോണം സംബന്ധിച്ച് അന്വേഷണമാരംഭിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ അശോക് ഖേംകയെ രായ്ക്കുരാമാനം സ്ഥലംമാറ്റി ഹരിയാനാ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഓടിക്കുന്നത് നാം കണ്ടു. ഇതൊക്കെ അഴിമതി സ്ഥിരീകരിക്കുന്ന ഘടകങ്ങളാണെന്നത് അറിയാത്തവരല്ല ഇന്ത്യയിലെ ജനങ്ങള്‍.

അരവിന്ദ് കെജ്രിവാളിനെ പരസ്യമായി വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ് സല്‍മാന്‍ ഖുര്‍ഷിദ്. പേനയില്‍ രക്തം നിറയ്ക്കേണ്ട കാലമായി എന്നും ഫറുഖാബാദില്‍ വന്നാല്‍ കെജ്രിവാള്‍ വന്നപോലെ തിരിച്ചുപോകില്ല എന്നുമൊക്കെ ഈ മന്ത്രി ആക്രോശിക്കുന്നത് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നു. പ്രോസിക്യൂട്ട് ചെയ്യപ്പെടേണ്ട കുറ്റകൃത്യമാണ് നിയമവാഴ്ചയെ വെല്ലുവിളിച്ചുകൊണ്ട് ഈ മന്ത്രി നടത്തിയിട്ടുള്ളത്. എന്നിട്ടും ഇയാള്‍ മന്ത്രിസഭയില്‍ തുടരുന്നു. ഇവിടെ രാജ്യം ചിന്തിക്കേണ്ട ഗൗരവതരമായ ഒരു കാര്യമുണ്ട്- അഴിമതി പരമ്പരകളിലൂടെ കോണ്‍ഗ്രസ് രാഷ്ട്രീയം രാജ്യത്തിന്റെ സാമ്പത്തികനിലയെ മാത്രമല്ല, രാഷ്ട്രീയ ധാര്‍മികതയെക്കൂടി സമ്പൂര്‍ണ നാശത്തിലേക്ക് നയിക്കുകയാണെന്ന കാര്യം!

*
ദേശാഭിമാനി  മുഖപ്രസംഗം 19 ഒക്ടോബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വന്‍ കുംഭകോണങ്ങള്‍ നടത്തുകയും അത് പൂഴ്ത്തിവയ്ക്കാന്‍ ഏതറ്റംവരെ പോവുകയും ചെയ്തുപോരുന്ന കോണ്‍ഗ്രസ് സംസ്കാരം, അതിന്റെ വളര്‍ച്ചയിലെ പുതിയ ഒരു ഘട്ടത്തിലേക്ക് ഈ ആഴ്ച കടന്നിരിക്കുന്നു. അതിന്റെ പ്രതീകങ്ങളാണ് ദിഗ്വിജയ്സിങ്ങും സല്‍മാന്‍ ഖുര്‍ഷിദും. ഉന്നതങ്ങളിലെ അഴിമതി കോണ്‍ഗ്രസും ബിജെപിയും പരസ്പര സഹകരണത്തോടെ മറച്ചുവയ്ക്കണമെന്ന പുതിയ സൂത്രവാക്യം മുമ്പോട്ടുവയ്ക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ്സിങ് ചെയ്തതെങ്കില്‍ അഴിമതി പുറത്തുകൊണ്ടുവരുന്നവരെ വധിക്കുമെന്ന് പരസ്യമായി ഭീഷണിയുയര്‍ത്തുകയാണ് മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ചെയ്തത്. ഭരണരാഷ്ട്രീയത്തിന്റെ ഏതെങ്കിലും ഭാഗത്ത് എന്തെങ്കിലും ധാര്‍മികതയുടെ അംശം അവശേഷിച്ചിട്ടുണ്ടെങ്കില്‍ അതിനെക്കൂടി അഴിമതിയുടെ ജീര്‍ണത നശിപ്പിക്കുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് രണ്ടും. അഴിമതി രാജ്യത്തെ വിപല്‍ക്കരമായ പുതിയ ഒരു ഘട്ടത്തിലെത്തിച്ചിരിക്കുന്നുവെന്ന് വ്യക്തം.