Wednesday, October 31, 2012

സ്ത്രീകളോട് കോണ്‍ഗ്രസ് പെരുമാറുന്ന വിധം

കേന്ദ്രമന്ത്രി ശശി തരൂരിനെ സ്വീകരിക്കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവേശത്തിരക്ക് വിമാനത്താവളത്തില്‍ ഉന്തും തള്ളുംവരെ എത്തിയെന്നും മന്ത്രിയും ഭാര്യ സുനന്ദ പുഷ്കറും തിക്കില്‍ നന്നേ വിഷമിച്ചുവെന്നും "മലയാളമനോരമ" എഴുതുന്നു. വിവാദങ്ങള്‍ക്കു വിട എന്ന ഉറപ്പാണ് വിമാനമിറങ്ങുമ്പോള്‍ കേന്ദ്രമന്ത്രിക്കു നല്‍കാനുണ്ടായതെങ്കിലും തിക്കിത്തിരക്കിയ പ്രവര്‍ത്തകര്‍ അതു സമ്മതിക്കുന്ന മട്ടിലായിരുന്നില്ല എന്നും പറയുന്ന മനോരമ, അതു പരിധികടക്കുന്ന സ്ഥിതിവരെ എത്തിയെങ്കിലും അതൊന്നും ആവേശകരമായ വരവേല്‍പ്പിന്റെ ശോഭ കുറച്ചില്ല എന്നാണ് ആശ്വസിക്കുന്നത്. "പുറത്തേക്കു വന്നതോടെ ആവേശം പാരമ്യത്തിലായി. മുദ്രാവാക്യങ്ങള്‍ മുഴങ്ങി. ഷാളുകളും കിരീടവുമൊക്കെ തരൂരിന്റെ മേലേക്ക് പറന്നുവീണു. കുറെനേരം കേന്ദ്രമന്ത്രി അന്തരീക്ഷത്തില്‍ത്തന്നെ നിന്നു.

കാറിനടുത്തേക്ക് അദ്ദേഹത്തിനു വരാന്‍പോലും കഴിഞ്ഞില്ല. സുനന്ദയും ഈ ബഹളത്തില്‍പ്പെട്ടു. തരൂരിന്റെ സ്റ്റാഫില്‍പ്പെട്ടവര്‍ വലയം തീര്‍ത്ത് അവരെ കാറിനടുത്തേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചു" എന്നുകൂടി ചൊവ്വാഴ്ച മനോരമ എഴുതിയിരിക്കുന്നു. ആവേശമല്ലാതെ അസാധാരണത്വമൊന്നും അവരുടെ കണ്ണില്‍പ്പെട്ടില്ല; അഥവാ പെട്ടുവെങ്കില്‍ തട്ടിമാറ്റി. സത്യപ്രതിജ്ഞ ചെയ്തയുടന്‍ കേരളത്തിലേക്ക് കുടുംബസമേതം തിരിച്ച മന്ത്രി കോണ്‍ഗ്രസുകാരുടെ നടുവില്‍ പെട്ടപ്പോള്‍ യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് മനോരമയുടെ വാര്‍ത്ത വായിച്ചാല്‍ മനസ്സിലാകില്ല. മുഖ്യധാരയില്‍ മത്സരിക്കുന്ന വാര്‍ത്താ ചാനലുകള്‍ കണ്ടാലും എന്തുനടന്നു എന്ന് തിട്ടപ്പെടുത്താനാകില്ല. ഭര്‍ത്താവിനെ സ്വീകരിക്കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സുനന്ദ പുഷ്കറിന് തെണ്ടികളേ, പട്ടികളേ എന്ന് വിളിക്കേണ്ടിവന്നു. ആഭാസകരമായ ആക്രമണം സഹിക്കാനാകാതെ ഒരു ഖദര്‍ധാരിയുടെ കരണത്തടിക്കേണ്ടിവന്നു. കോണ്‍ഗ്രസ് നേതാക്കളും യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകരും തിക്കിത്തിരക്കിയെത്തിയതിന്റെ ആവേശം സ്വന്തം ശരീരത്തിലേക്ക് പതിച്ചപ്പോള്‍ ഒച്ചവച്ചും നിലവിളിച്ചും രക്ഷപ്പെടാന്‍ നോക്കിയ സുനന്ദ എല്ലാ മാര്‍ഗങ്ങളും പരാജയപ്പെട്ടപ്പോഴാണ് കോണ്‍ഗ്രസുകാരന്റെ കരണത്തടിച്ചത്. ആ അടികൊണ്ടും അടങ്ങാതെ വെറിപൂണ്ട ഖദര്‍സംഘം അതിക്രമം തുടര്‍ന്നപ്പോള്‍ ഏതാനും മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സുനന്ദയുടെ രക്ഷയ്ക്കെത്തിയത്. ഏറ്റവും പ്രയാസകരമായത് അനുഭവിച്ചറിഞ്ഞ അവര്‍ പിന്നെ, ഡിസിസിയുടെ സ്വീകരണ പരിപാടിയിലേക്ക് എത്തിനോക്കാന്‍പോലും തയ്യാറാകാതെ വീടണയുകയായിരുന്നു.

ഖദര്‍വസ്ത്രമിട്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയന്ത്രിക്കുന്ന പൊലീസ് സംഘം ഇതെല്ലാം നോക്കിനില്‍ക്കുകയായിരുന്നു എന്നത് മറ്റൊരു വശമാണ്. ഭൃത്യന്മാരായാണ് കോണ്‍ഗ്രസുകാര്‍ പൊലീസിനെ കാണുന്നത്. യജമാനന്റെ അതിക്രമത്തിന് ചൂട്ടുപിടിക്കുന്നതാണ് ഭൃത്യന്റെ ജോലിയെന്ന് ധരിച്ചിട്ടാകണം സുനന്ദ അപമാനിക്കപ്പെടുന്നത് പൊലീസ് നോക്കിനിന്നത്. കോണ്‍ഗ്രസിന് ഇത് പുതിയ അനുഭവമല്ല. നയന സാഹ്നി എന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ചാരിത്ര്യം സംശയിച്ച് തന്തൂരി അടുപ്പിലിട്ട് കൊന്നത് യൂത്ത് കോണ്‍ഗ്രസിന്റെതന്നെ സമുന്നതനായ നേതാവുകൂടിയായിരുന്ന ഭര്‍ത്താവ് സുശീല്‍ ശര്‍മ ആയിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാകാര്യം നോക്കാന്‍ വന്ന അംബിക സോണി അപമാനിക്കപ്പെട്ടതും അനുയായികള്‍ ശരീരത്തില്‍ ഏല്‍പ്പിച്ച ക്ഷതങ്ങള്‍ കാണിച്ച് മാധ്യമങ്ങള്‍ക്കുമുന്നില്‍ പൊട്ടിത്തെറിച്ചതും ഈ കേരളത്തിലാണ്്. സ്ത്രീകളെ ലൈംഗിക ഉപകരണങ്ങളായി കാണുന്ന അധമ സംസ്കാരം കോണ്‍ഗ്രസ് എന്ന പാര്‍ടിയെ അടിമുടി ഗ്രസിച്ചിരിക്കുന്നു. സ്ത്രീകള്‍ക്കെതിരെ രാജ്യത്താകെ ഉയര്‍ന്നുവരുന്ന ആക്രമണങ്ങളുടെ ഭാഗംതന്നെയാണിതും. സ്ത്രീയുടെ ശരീരത്തെ ഉപഭോഗവസ്തുവായിമാത്രം കാണുന്നവര്‍ക്ക് അതിനപ്പുറം കാണാന്‍ ശേഷിയില്ല. ഇന്ത്യയിലാകെയും കേരളത്തില്‍ വിശേഷിച്ചും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പെരുകുന്ന സാഹചര്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഈ കൂട്ട അതിക്രമങ്ങളെ ചേര്‍ത്തുവായിക്കണം. സ്ത്രീയുടെ മാന്യതയ്ക്ക് കോട്ടംതട്ടുന്ന വാച്യമോ വ്യംഗ്യമോ ആയ പെരുമാറ്റംപോലും ഐപിസി 509 പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണെന്നിരിക്കെ കോണ്‍ഗ്രസിനെ സ്ത്രീവിരുദ്ധ കുറ്റവാളികളുടെ കൂടാരമായേ കാണാനാകൂ. അവരാണ് രാജ്യം ഭരിക്കുന്നത്.

ഒരു മന്ത്രിയുടെ കുടുംബത്തിന് പൊതുവേദിയില്‍ ഇത്തരമൊരാക്രമണം നേരിടേണ്ടിവന്നിട്ടുണ്ടെങ്കില്‍, ആ ആഭാസന്മാര്‍ ഭരിക്കുന്ന നാടിന്റെ ഗതി എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. സ്ത്രീകള്‍ ബഹുമുഖ വെല്ലുവിളിയാണ് നേരിടുന്നത്. ചൂഷിതയായി, വര്‍ഗ വിവേചനത്തിനിരയായി, പൗരാവകാശങ്ങളില്‍ രണ്ടാംതരക്കാരിയായി, ആഗോളവല്‍ക്കരണത്തിന്റെ കെടുതിയും വര്‍ഗീയതയുടെയും വംശീയ അസ്പൃശ്യതയുടെയും കൊടിയ പീഡനങ്ങളും ഏറ്റുവാങ്ങി, തൊഴിലിടങ്ങളില്‍ പിച്ചിച്ചീന്തപ്പെട്ട് സ്ത്രീജീവിതം കൂരിരുട്ടിലാഴുമ്പോള്‍ അവശേഷിക്കുന്ന വെളിച്ചവും തല്ലിക്കെടുത്തുകയാണ് ഭരണവര്‍ഗ രാഷ്ട്രീയം. അതിന്റെ പ്രയോഗമാണ് സ്ത്രീകള്‍ക്കെതിരായ കടന്നാക്രമണങ്ങളായി നാമിന്ന് കാണുന്നത്. പിഞ്ചുപെണ്‍കുട്ടികള്‍പോലും ബലാത്സംഗംചെയ്യപ്പെടുന്ന, സ്ത്രീയുടെമേല്‍ കാമാര്‍ത്തിയുടെ ആയിരം കണ്ണുകള്‍ ഒരുമിച്ച് പതിയുന്ന, ഒളിഞ്ഞുനോട്ടക്കാരും സദാചാര പൊലീസും അരങ്ങുവാഴുന്ന ഇന്നത്തെ അവസ്ഥയ്ക്ക് സ്ത്രീവിരുദ്ധമായ ബൂര്‍ഷ്വാ രാഷ്ട്രീയമാണുത്തരവാദി. അതിന്റെ പതാകാവാഹകരില്‍നിന്ന് സ്ത്രീക്ക് മാന്യതയോ നീതിയോ മര്യാദയോ ലഭിക്കില്ല. സ്ത്രീകള്‍ക്കുനേരെ ആഭാസകരമായി ഓങ്ങുന്ന കൈകള്‍ തച്ചുതകര്‍ക്കുകയും ചൊരിയുന്ന അസഭ്യത്തിന്റെ മുഖംപൊളിക്കുകയും ചെയ്യുന്നതിനൊപ്പം സ്ത്രീവിരുദ്ധ സമീപനങ്ങള്‍ക്ക് വെള്ളവും വളവും നല്‍കുന്ന മുതലാളിത്ത വ്യവസ്ഥിതിക്കെതിരെ; അതിന്റെ അതിജീവന തന്ത്രമായ ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തലാണ് അനിവാര്യം. തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നയങ്ങള്‍ തങ്ങളുടെ ജീവിതത്തില്‍ത്തന്നെയാണ് കരിനിഴല്‍വീഴ്ത്തുന്നത് എന്ന തിരിച്ചറിവ്, വലതുപക്ഷ രാഷ്ട്രീയത്തിന്റെ പതാകയേന്തുന്നവരെയും ഈ സമരത്തിലേക്ക് നയിക്കുമെന്ന് പ്രത്യാശിക്കാം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ കര്‍ശനമായി തടയാനുള്ള നിയമനിര്‍മാണത്തിനൊപ്പം സമൂഹത്തില്‍ ആധിപത്യം നേടുന്ന സ്ത്രീവിരുദ്ധ മൂല്യങ്ങള്‍ക്കെതിരായ ആശയസമരവും ശക്തമാക്കേണ്ടതുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ സിപിഐ എം സംഘടിപ്പിച്ച ദേശീയ ദിനാചരണം ഈ സന്ദേശമാണ് ഉയര്‍ത്തിപ്പിടിച്ചത്.

No comments: