Friday, October 5, 2012

ബിജെപിയുടെ നാട്യങ്ങള്‍

കോണ്‍ഗ്രസും ആ പാര്‍ടി നയിക്കുന്ന യുപിഎ സഖ്യവും തല ഉയര്‍ത്താന്‍ പറ്റാത്തവിധം തകര്‍ന്നുനില്‍ക്കുമ്പോള്‍, അതിനേക്കാള്‍ വലിയ പ്രതിസന്ധിയിലാണ് മുഖ്യ പ്രതിപക്ഷകക്ഷിയായ ബിജെപിയും അതിന്റെ മുന്നണിയും എന്നാണ് ഹരിയാനയിലെ സൂരജ്കുണ്ഡില്‍ സെപ്തംബര്‍ അവസാനം നടന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ തെളിഞ്ഞത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ ഏത് കാര്‍ഡ് പുറത്തെടുത്ത് നേരിടണമെന്ന് ബിജെപിക്ക് തീരുമാനിക്കാനായില്ല. വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് അവരോധിതനായ നിധിന്‍ ഗഡ്കരി, സാമുദായിക സൗഹാര്‍ദത്തിനുവേണ്ടി പ്രവര്‍ത്തിക്കാനുള്ള ആഹ്വാനമാണ് മുഴക്കിയത്. മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി അതിനു പിന്നാലെ, മതനിരപേക്ഷതയെക്കുറിച്ച് ഉദ്ബോധനം നടത്തി. ബിജെപി മത സൗഹാര്‍ദത്തിനുവേണ്ടി നിലക്കൊള്ളുന്ന പാര്‍ടിയാണെന്ന് എന്‍ഡിഎ ഘടകകക്ഷികളെ ബോധ്യപ്പെടുത്താന്‍ ആഹ്വാനംചെയ്തു. എഴുതിത്തയ്യാറാക്കിയ പ്രസംഗത്തിലെ ഇത്തരം ഭാഗങ്ങള്‍ സമ്മേളന വേദിയില്‍ അദ്വാനി വായിച്ചില്ലെങ്കിലും പുറത്ത് മാധ്യമങ്ങള്‍ക്ക് വിതരണംചെയ്തു.

സ്വന്തം പാര്‍ടിക്കാരോട് പറയേണ്ടതില്ലാത്ത ചില കാര്യങ്ങള്‍ ഘടകകക്ഷികളോട് പറയേണ്ടതുണ്ട് എന്ന് അദ്വാനിക്ക് തോന്നുന്നത്, എന്‍ഡിഎ സംവിധാനത്തിലെ പരസ്പര വിശ്വാസമില്ലായ്മയുടെയും നയപരമായ ഭിന്നതയുടെയും തിളച്ചുമറിയല്‍ കാരണമാണ്. തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇന്നത്തെ എന്‍ഡിഎ പോരെന്നും എന്‍ഡിഎ പ്ലസ് വേണമെന്നുമുള്ള ബോധ്യം അദ്വാനി മറച്ചുവയ്ക്കുന്നില്ല. ബിജെപി ഉയര്‍ത്തിപ്പിടിക്കുന്ന വര്‍ഗീയ രാഷ്ട്രീയം തല്‍ക്കാലത്തേക്ക് മാറ്റിവയ്ക്കാന്‍ അദ്വാനി തയ്യാറാകുന്നു എന്ന ധ്വനിയാണ് മതസൗഹാര്‍ദത്തിന്റെ തികട്ടലിലൂടെ പുറത്തുവന്നത്. ഒരേയൊരു രഥയാത്രയിലൂടെ രാജ്യത്താകെ വര്‍ഗീയ കലാപത്തിന്റെ വിത്തുവിതയ്ക്കുകയും നൂറുകണക്കിന് മനുഷ്യരുടെ കുരുതിക്ക് കാരണഭൂതനാവുകയുംചെയ്ത എല്‍ കെ അദ്വാനിയില്‍നിന്ന് മതസൗഹാര്‍ദത്തെക്കുറിച്ചുള്ള വാക്കുകള്‍ ഉതിര്‍ന്നുവീഴുന്നത് കൗതുകകരംതന്നെ. നരേന്ദ്രമോഡിയെ ഉയര്‍ത്തിക്കാട്ടി പൊതുതെരഞ്ഞെടുപ്പിനെ നേരിടാനാവില്ല എന്ന ബിജെപിയുടെ തിരിച്ചറിവിന്റെ സൂചനകൂടിയാണ് ഈ "മനംമാറ്റം".

എന്നാല്‍, ബിജെപിയുടെ അടിസ്ഥാനധാരണകളില്‍ എന്തെങ്കിലും മാറ്റം ഇതുകൊണ്ട് വന്നു എന്നോ, വര്‍ഗീയതയുടെ പുള്ളികള്‍ ആ ശരീരത്തില്‍നിന്ന് മാഞ്ഞുപോയി എന്നോ ആരെങ്കിലും കരുതുന്നുവെങ്കില്‍ അവരോട് സഹതപിക്കുകയേ നിവൃത്തിയുള്ളൂ. കാരണം, ആര്‍എസ്എസിന്റെ നിയന്ത്രണത്തിലാണ്, കടുത്ത വര്‍ഗീയ വിദ്വേഷത്താല്‍ നയിക്കപ്പെടുന്ന സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിന്റെ ചൊല്‍പ്പടിയിലാണ് ബിജെപിയുടെ അസ്തിത്വം. അതില്‍നിന്ന് തരിമ്പുപോലും തെന്നിമാറാന്‍ ആ പാര്‍ടിക്ക് കഴിയില്ല. തീവ്ര ഹിന്ദുത്വത്തിന്റെ ആക്രമണോത്സുക നിലപാടുമായി ഇന്ത്യന്‍ജനതയെ സമീപിച്ചാല്‍ തിരസ്കാരത്തിന്റെ കയ്പേറിയ അനുഭവമാണുണ്ടാവുകയെന്ന് ബിജെപിയുടെ "തന്ത്രജ്ഞ" നേതൃത്വത്തിന് ബോധ്യം വന്നിരിക്കുന്നു. ബിഹാറില്‍ നിതീഷ്കുമാര്‍ നരേന്ദ്രമോഡിക്കെതിരെ പരസ്യമായി ശബ്ദിക്കാന്‍ മടിച്ചുനില്‍ക്കുന്നില്ല. ഇതര ഘടകകക്ഷികളും ഒളിഞ്ഞും തെളിഞ്ഞും മുറുമുറുപ്പുയര്‍ത്തുന്നു; അതൃപ്തി പ്രകടിപ്പിക്കുന്നു. പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന അത്തരം പാര്‍ടികള്‍ക്ക് മതന്യൂനപക്ഷങ്ങളെ തള്ളിക്കളഞ്ഞ് നിലനില്‍ക്കാനാവില്ല. അവരെ താല്‍ക്കാലികമായെങ്കിലും പിടിച്ചുനിര്‍ത്തണമെങ്കില്‍, പുതിയ മുഖംമൂടി വേണം എന്നാണ് അദ്വാനി ഏറെക്കുറെ പരസ്യമായിത്തന്നെ പറഞ്ഞുവച്ചത്. ഈ മാറ്റം ബിജെപിയുടെ ഇന്നത്തെ പാപ്പരീകരിക്കപ്പെട്ട അവസ്ഥയുടെ പ്രതിബിംബമാണ്. മോഡിത്വം ഗുജറാത്തില്‍തന്നെ ചോദ്യംചെയ്യപ്പെടുന്നു. സാമ്പത്തിക നയങ്ങളില്‍ കോണ്‍ഗ്രസില്‍നിന്ന് വേറിട്ട് അഭിപ്രായമില്ലാത്ത ബിജെപിക്ക് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തത്തില്‍ വെള്ളംചേര്‍ക്കേണ്ടിവരുന്നു.

മനമോഹന്‍സിങ്ങിനെ ന്യായീകരിച്ച് രംഗത്തുവന്ന അരുണ്‍ഷൂരി ഇപ്പോഴും ബിജെപിയുടെ തലപ്പത്തുതന്നെയാണ്. അത്ഭുതങ്ങള്‍ കാണിക്കാമെന്ന് അഹങ്കരിച്ച കര്‍ണാടകത്തില്‍ തകര്‍ച്ചയുടെയും ജനങ്ങളില്‍നിന്നുള്ള ഒറ്റപ്പെടലിന്റെയും ആഴങ്ങളിലാണ് ഇന്നാ പാര്‍ടി. ആത്മാഭിമാനം ചോദ്യംചെയ്താല്‍ ബിജെപി വിടുമെന്ന കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ ഭീഷണിയോട് ഒന്ന് പ്രതികരിക്കാന്‍പോലും അവര്‍ക്ക് കഴിഞ്ഞില്ല. കടുത്ത അവഗണനയില്‍ പ്രതിഷേധിച്ചാണ് ബിജെപി ദേശീയ എക്സിക്യൂട്ടീവില്‍ പങ്കെടുക്കാത്തതെന്നും 40 വര്‍ഷത്തിനിടെ ആദ്യമായാണ് നേതൃയോഗത്തില്‍ പങ്കെടുക്കാതിരിക്കുന്നതെന്നും പറഞ്ഞ യെദ്യൂരപ്പ, തെറ്റായ ആരോപണങ്ങളുടെ പേരില്‍ നെഹ്റുവും സോണിയയും പ്രവര്‍ത്തകരെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് ബിജെപി നേതൃത്വത്തെ ഓര്‍മിപ്പിക്കുകയുംചെയ്തു.

എന്‍ഡിഎയുടെ അസ്തമനത്തിന്റെ ചിത്രം തെളിയുമ്പോഴുള്ള വെപ്രാളമായേ സൂരജ്കുണ്ഡ് യോഗത്തിന്റെ തീരുമാനങ്ങളെ കാണാനാവൂ. അത് തിരിച്ചറിഞ്ഞ്, ബിജെപിയുടെ വര്‍ഗീയ അജന്‍ഡയ്ക്കെതിരായി ജനങ്ങളെ അണിനിരത്തുന്നതില്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കാനുള്ള ഉത്തരവാദിത്തമാണ് മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കാകെയുള്ളത്. മതസൗഹാര്‍ദ മുഖംമൂടിയിട്ട ബിജെപി ഒളിപ്പിച്ച യഥാര്‍ഥ അജന്‍ഡ; കൊടിയ മതവിദ്വേഷത്തിന്റെ ഹിംസാത്മകമായ അജന്‍ഡ, വലിച്ചു പുറത്തിട്ടേ മതിയാകൂ.

*
ദേശാഭിമാനി മുഖപ്രസംഗം 05 ഒക്ടോബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...