Tuesday, October 30, 2012

കോര്‍പറേറ്റ് പ്രീണനത്തിന്റെ പുനഃസംഘടന

യുപിഎ സര്‍ക്കാരിന്റെ വികൃതമായ മുഖം മിനുക്കിയെടുക്കാമെന്ന വ്യാമോഹത്തോടെ നടത്തിയ വൃഥാശ്രമമെന്നല്ലാതെ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയെ വിശേഷിപ്പിക്കാനാവില്ല. കേന്ദ്രമന്ത്രിസഭയുടെയും കോണ്‍ഗ്രസിന്റെയും താല്‍പ്പര്യത്തിനുവേണ്ടിയുള്ള അഴിച്ചുപണിയായിമാത്രം പുനഃസംഘടനയെ ചുരുക്കിക്കണ്ടാല്‍ തെറ്റി. കോണ്‍ഗ്രസിനെയും യുപിഎ സര്‍ക്കാരിനെയും നിര്‍ണായകമായി സ്വാധീനിക്കുന്ന വന്‍ കോര്‍പറേറ്റുകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കണം. അവര്‍ക്ക് ഇഷ്ടമില്ലാത്ത മന്ത്രിമാരെ മാറ്റണം. ചില സംസ്ഥാനങ്ങളിലെ രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കണം. കുറഞ്ഞത് ഈ ലക്ഷ്യങ്ങളോടെയാണ് മന്‍മോഹന്‍സിങ്ങും സോണിയ ഗാന്ധിയും രണ്ടാഴ്ച വിശ്രമമില്ലാതെ ഹോംവര്‍ക്ക് ചെയ്ത് പുനഃസംഘടന സാധ്യമാക്കിയത്. പുനഃസംഘടനയിലൂടെ കോണ്‍ഗ്രസും യുപിഎ സര്‍ക്കാരും നല്‍കുന്ന സന്ദേശം വ്യക്തമാണ്. ജനങ്ങള്‍ എത്രയൊക്കെ എതിര്‍ത്താലും തങ്ങളുടെ ജനദ്രോഹനടപടികളും അഴിമതിയും തുടരുമെന്നതാണ് ആ സന്ദേശം.

അഴിമതി ആരോപണങ്ങള്‍ നേരിടുന്നവര്‍ക്ക് സ്ഥാനക്കയറ്റവും സംരക്ഷണവും നല്‍കി. അഴിമതി ആരോപണത്തിന് വിധേയനായ സല്‍മാന്‍ ഖുര്‍ഷിദിനെ നിയമമന്ത്രിയെന്ന നിലയില്‍നിന്ന് ഉയര്‍ത്തി വിദേശമന്ത്രിയാക്കി. കല്‍ക്കരി ഇടപാടില്‍ അഴിമതി ആരോപണം നേരിടുന്ന മന്ത്രി ശ്രീപ്രകാശ് ജയ്സ്വാളിനെ കല്‍ക്കരിവകുപ്പില്‍ത്തന്നെ തുടരാന്‍ അനുവദിച്ചു. 2ജി ഇടപാടില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന പി ചിദംബരത്തിന്റെ ഇടപെടലുകള്‍ സംബന്ധിച്ച് ആരോപണമുയര്‍ന്നു. ധനവകുപ്പിലേക്ക് വീണ്ടും മടങ്ങിയെത്തിയ ചിദംബരത്തെയും തൊട്ടില്ല. ആരെയൊക്കെയാണ് പുനഃസംഘടനയിലൂടെ ശിക്ഷിച്ചത്. പ്രധാന ശിക്ഷ ലഭിച്ചത് പെട്രോളിയം- പ്രകൃതിവാതക മന്ത്രിയായിരുന്ന എസ് ജയ്പാല്‍റെഡ്ഡിക്കാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില അടിക്കടി വര്‍ധിപ്പിക്കാനും ജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കാനുമൊക്കെ കാര്യമായി പ്രവര്‍ത്തിച്ചയാളാണ് ജയ്പാല്‍ഡ്ഡെിയും. എന്നാല്‍, അതുകൊണ്ടുമാത്രമായില്ല. പ്രകൃതിവാതകത്തിന്റെ വിലനിര്‍ണയകാര്യത്തില്‍ റിലയന്‍സിന് അനുകൂലമായി പ്രവര്‍ത്തിച്ചില്ല എന്നതാണ് ജയ്പാല്‍റെഡ്ഡിക്ക് വിനയായത്. ജയ്പാല്‍റെഡ്ഡിയെ റിലയന്‍സ് സമ്മര്‍ദം ചെലുത്തിയാണ് മാറ്റിയത്. പകരം വീരപ്പ മൊയ്ലിക്ക് പെട്രോളിയം പ്രകൃതിവാതകവകുപ്പ് നല്‍കി. യുപിഎ സര്‍ക്കാരിന്റെ രീതി അതാണ്. ജനങ്ങളുടെ സമ്മര്‍ദത്തിനു വഴങ്ങില്ല, കോര്‍പറേറ്റുകളുടെ സമ്മര്‍ദത്തിന് എളുപ്പം വഴങ്ങും.

അമേരിക്കയുടെയും വികസിത മുതലാളിത്ത രാജ്യങ്ങളുടെയും താല്‍പ്പര്യങ്ങള്‍ നന്നായി സംരക്ഷിക്കാന്‍ മന്‍മോഹന്‍സിങ്ങിന് കൂട്ടുനിന്ന മന്ത്രിമാരെയൊക്കെ പുനഃസംഘടനയില്‍ സംരക്ഷിച്ചു. വാണിജ്യവകുപ്പ് ആനന്ദ് ശര്‍മയില്‍നിന്ന് മാറ്റിയെന്ന് കേട്ടതാണ്. എന്നാല്‍, മന്‍മോഹന്‍സിങ് ഇടപെട്ട് ആനന്ദ് ശര്‍മയെ നിലനിര്‍ത്തി. ധനമേഖലയില്‍ അത്യന്തം അപകടകരമായ പരിഷ്കാര നടപടികള്‍ക്ക് ചുക്കാന്‍പിടിക്കുന്ന പി ചിദംബരത്തിനും നിരവധി ആരോപണങ്ങള്‍ നേരിടേണ്ടിവന്നെങ്കിലും മന്ത്രിസഭയില്‍ പൂര്‍ണ സംരക്ഷണം നല്‍കി. അമേരിക്കയുടെയും ലോകസാമ്പത്തിക സ്ഥാപനങ്ങളുടെയും കോര്‍പറേറ്റ് ലോകത്തിന്റെയും താല്‍പ്പര്യങ്ങളാണ് ചിദംബരം സംരക്ഷിക്കുന്നത്. അതിനാല്‍ ചിദംബരത്തെ തൊടാനാവില്ല. കോര്‍പറേറ്റ് മേഖലയുടെ സ്വന്തം പ്രതിനിധിതന്നെ ഇപ്പോള്‍ മന്ത്രിസഭയിലുണ്ട്. രാജസ്ഥാനിലെ ജോധ്പുരില്‍ രാജകുടുംബത്തില്‍ ജനിച്ച് ഹിമാചലിലെ കാംഗ്ര രാജകുടുംബത്തിലേക്ക് വിവാഹം കഴിച്ചെത്തിയ ചന്ദ്രേഷ്കുമാരി ഖടോജ്. നിരവധി വന്‍ വ്യവസായസ്ഥാപനങ്ങളുടെ നിയന്ത്രണമുള്ള ഇവര്‍ രാജ്യത്തിന്റെ സാംസ്കാരികമന്ത്രിയായാണ് എത്തിയത്.


ജനങ്ങളുടെ വിശ്വാസം നേടാനും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുമാണ് പുനഃസംഘടനയെന്നു തോന്നുന്നില്ല. ജനങ്ങള്‍ക്ക് ഹാനികരമായ നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. വിലക്കയറ്റം രൂക്ഷമാക്കുന്നു. ജനങ്ങളുടെ ജീവിതമാര്‍ഗങ്ങള്‍ തകര്‍ക്കുന്ന പരിഷ്കാരങ്ങളും പരിപാടികളും തുടരുന്നു. ചില്ലറവില്‍പ്പനമേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധമാണുയര്‍ന്നത്. യുപിഎക്കുള്ളില്‍നിന്നുപോലും ശക്തമായ പ്രതിഷേധമുയര്‍ന്നു. ഘടകകക്ഷികള്‍ ഇതിന്റെ പേരില്‍ വിട്ടുപോയി. അതൊന്നും സര്‍ക്കാരിനെ അലട്ടുന്നില്ല. ജനദ്രോഹനടപടികളും പരിഷ്കാരങ്ങളും പിന്‍വലിച്ച് ജനങ്ങളുടെ വിശ്വാസം നേടാമെന്ന രാഷ്ട്രീയബോധമല്ല കോണ്‍ഗ്രസിനെ നയിക്കുന്നത്. ജനങ്ങളുടെ വിശ്വാസവും പിന്തുണയുമില്ലെങ്കിലും വേണ്ടില്ല, അമേരിക്കയുടെയും കോര്‍പറേറ്റ് ശക്തികളുടെയും വാത്സല്യം കിട്ടിയാല്‍ മതിയെന്നാണ് മന്‍മോഹന്‍സിങ്ങിന്റെയും സോണിയയുടെയും മനസ്സിലിരുപ്പ്. നിരവധി യുവാക്കള്‍ക്ക് സുപ്രധാന വകുപ്പുകള്‍ നല്‍കിയെന്നതാണ് അവകാശവാദം. അത് എതിര്‍ക്കപ്പെടേണ്ടതല്ല. ജനങ്ങള്‍ക്ക് എന്ത് സ്ഥാനമാണ് യുപിഎ സര്‍ക്കാര്‍ നല്‍കുന്നത്? ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് എന്ത് പ്രാധാന്യമാണ് നല്‍കുന്നത്?

ഈ ചോദ്യങ്ങള്‍ക്കാണ് മറുപടി നല്‍കേണ്ടത്. ചില സംസ്ഥാനങ്ങളിലെ രാഷ്ട്രീയസാഹചര്യങ്ങള്‍ കണക്കിലെടുത്ത് പുനഃസംഘടനയില്‍ ചില കസര്‍ത്തുകള്‍ കാട്ടിയിട്ടുണ്ട്. യുപിഎ വിട്ടുപോയ തൃണമൂല്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കാന്‍ മമത ബാനര്‍ജിയുടെ പ്രധാന രാഷ്ട്രീയശത്രുക്കളായ ദീപ ദാസ്മുന്‍ഷിയെയും അധീര്‍ രഞ്ജന്‍ ചൗധരിയെയും സഹമന്ത്രിമാരാക്കി. തെലങ്കാന പ്രശ്നത്തിലും ജഗന്‍മോഹന്‍ റെഡ്ഡിയുടെ വെല്ലുവിളിയിലും തളര്‍ന്നുനില്‍ക്കുന്ന ആന്ധ്രപ്രദേശിലെ കോണ്‍ഗ്രസിനെ ഉഷാറാക്കാന്‍ അവിടെനിന്നുള്ള അഞ്ച് എംപിമാരെക്കൂടി മന്ത്രിമാരാക്കി; ആകെ 11 മന്ത്രിമാര്‍. കേന്ദ്രമന്ത്രിസഭയില്‍ കേരളത്തിന് ഏറ്റവും കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുന്നത് ഇപ്പോഴാണ്. രണ്ട് ക്യാബിനറ്റ് മന്ത്രിമാരടക്കം എട്ടു മന്ത്രിമാര്‍. ഒന്നരവര്‍ഷംകൂടിയേ യുപിഎ സര്‍ക്കാരിന് ബാക്കിയുള്ളൂ. ഇത് അവസാന പുനഃസംഘടനയാണെന്നും മന്‍മോഹന്‍സിങ് പറയുന്നു. കേന്ദ്രമന്ത്രിസഭയ്ക്ക് പുതിയ മുഖം നല്‍കാന്‍ ഈ പുനഃസംഘടനകൊണ്ട് കഴിയുമെന്ന് കോണ്‍ഗ്രസും മന്‍മോഹന്‍സിങ്ങും വിശ്വസിക്കുന്നു.

ജനവിശ്വാസം രൂപപ്പെടുന്നത് ജനങ്ങളുടെ ജീവിതാനുഭവങ്ങളില്‍നിന്നാണ്. ജനങ്ങളെ അപ്പാടെ അവഗണിക്കുകയും ദുരിതത്തിലാഴ്ത്തുകയും മൂലധനശക്തികള്‍ക്ക് അടിപണിയുകയും ചെയ്യുന്ന യുപിഎ സര്‍ക്കാരിനെയാണ് രാജ്യം കാണുന്നത്. ഈ കാഴ്ച മറയ്ക്കാനൊന്നും പുനഃസംഘടനകൊണ്ട് കഴിയില്ല. എന്താണ് നയപരിപാടികള്‍ എന്നതുതന്നെയാണ് പ്രധാനം. ജനങ്ങളുടെ ജീവിതത്തെ സഹായിക്കുംവിധത്തില്‍, രാജ്യതാല്‍പ്പര്യം സംരക്ഷിക്കുന്ന വിധത്തില്‍ നയപരിപാടികള്‍ മാറ്റിയില്ലെങ്കില്‍ സര്‍ക്കാരിനെ ജനങ്ങള്‍ മാറ്റും. എത്ര കൊടികെട്ടിയ ഏകാധിപതികള്‍ക്കും ജനങ്ങള്‍ നല്‍കിയിട്ടുള്ള പാഠം ഇതാണ്. ഈ പാഠം പഠിക്കാതെയുള്ള ചെപ്പടിവിദ്യകള്‍ കോണ്‍ഗ്രസിനെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്കെറിയും.


*****

ദേശാഭിമാനി മുഖപ്രസംഗം 30-10-12

No comments: