Saturday, October 20, 2012

പോരാട്ടങ്ങള്‍ക്ക് കരുത്താകും

സ. സി എച്ച് കണാരന്‍ അന്തരിച്ചിട്ട് 40 വര്‍ഷം പിന്നിടുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബര്‍ 20 നാണ് സി എച്ച് അന്തരിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കരങ്ങളില്‍നിന്ന് നാടിനെ മോചിപ്പിക്കുന്നതിന് ത്യാഗനിര്‍ഭരമായി പോരാടിയ സി എച്ച്, അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങളുടെ അവകാശസംരക്ഷണത്തിനായി അഹോരാത്രം വിയര്‍പ്പൊഴുക്കിയ മഹാനായ ജനനേതാവ് കൂടിയായിരുന്നു. സാമൂഹ്യ പരിഷ്കര്‍ത്താവിന്റെ അവധാനതയോടെ സമൂഹത്തിലെ അനീതിക്കും അനാചാരങ്ങള്‍ക്കുമെതിരെ പോരടിച്ചു; ബോധവല്‍ക്കരണം നടത്തി.

മാഹിക്കടുത്ത് അഴിയൂരില്‍ സാധാരണ കുടുംബത്തില്‍ ജനിച്ച സി എച്ച് സ്കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ മികച്ച കായികതാരമെന്നും സമര്‍ഥനായ വിദ്യാര്‍ഥിയെന്നും അംഗീകാരം നേടി. മെട്രിക്കുലേഷന്‍ പരീക്ഷ നല്ല മാര്‍ക്കോടെ ജയിച്ചശേഷം രാഷ്ട്രീയരംഗത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സജീവമായി. 1932ല്‍ കതിരൂരില്‍ ബ്രിട്ടീഷ് വാഴ്ചയ്ക്കെതിരെ പ്രസംഗിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ടു. 13 മാസം ജയിലില്‍ കഴിഞ്ഞു. ജയില്‍മോചിതനായി 1933-35 കാലത്ത് എലിമെന്ററി സ്കൂളുകളില്‍ അധ്യാപകനായി. കോണ്‍ഗ്രസ് പ്രവര്‍ത്തനം തുടര്‍ന്നു. ജാതി- മത വികാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ പ്രവര്‍ത്തനത്തിലായിരുന്നു ഈ കാലയളവില്‍ പ്രധാന ശ്രദ്ധ പതിപ്പിച്ചത്. 1933ല്‍ കണ്ണൂര്‍ ജയിലില്‍നിന്ന് പുറത്തുവരുമ്പോള്‍ ബംഗാളിലെ വിപ്ലവകാരികളുമായുള്ള സഹവാസം പകര്‍ന്നുനല്‍കിയ പുതിയ ജ്ഞാനമണ്ഡലമായിരുന്നു സി എച്ചിന്റെ മനസ്സില്‍. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തിവാണ സാമൂഹ്യാവസ്ഥയ്ക്ക് മാറ്റംവരുത്താന്‍ നിര്‍ഭയമായ മുന്നേറ്റമുണ്ടാകണമെന്ന് സി എച്ച് ആഗ്രഹിച്ചു; അതിനായി പ്രവര്‍ത്തിച്ചു. കോട്ടയം താലൂക്ക് സ്വതന്ത്ര ചിന്താസമാജം എന്ന പേരില്‍ ഒരു സംഘടനയ്ക്ക് രൂപംനല്‍കിയത് ഈ സാഹചര്യത്തിലാണ്. 1939 നവംബറില്‍ ആരംഭിച്ച തലശേരി ന്യൂ-ഡര്‍ബാര്‍ ബീഡി കമ്പനി പണിമുടക്കുമായി ബന്ധപ്പെട്ട് സി എച്ചിനെ അറസ്റ്റുചെയ്ത് ജയിലിലടച്ചു. ഒരു വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചത്. ജയിലില്‍നിന്ന് പുറത്തുവന്ന സി എച്ച് നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ടി സംഘടിപ്പിക്കുന്നതിന് ഒളിവിലിരുന്ന് നേതൃത്വംനല്‍കി. 1942ല്‍ നടന്ന ബോംബെ പാര്‍ടി പ്ലീനത്തിലും പങ്കെടുത്തു. 1952ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചു. 1957ല്‍ കോഴിക്കോട് നാദാപുരം മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട സി എച്ച് ഭൂപരിഷ്കരണ ബില്ലിന്റെ ശില്‍പ്പികളില്‍ പ്രമുഖനാണ്. പാര്‍ടിക്കകത്ത് പ്രത്യക്ഷപ്പെട്ട ഇടത്- വലത് വ്യതിയാനങ്ങള്‍ക്കെതിരെ അദ്ദേഹം ശക്തമായ നിലപാട് സ്വീകരിച്ചു. സിപിഐ എം രൂപംകൊണ്ട 1964 മുതല്‍ 1972ല്‍ മരിക്കുന്നതുവരെ പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു. മാഹി വിമോചന പ്രസ്ഥാനത്തിലും സി എച്ച് സജീവമായി ഇടപെട്ടു. 1955ല്‍ നടന്ന ഗോവ വിമോചന സമരത്തില്‍ മലബാറില്‍ നിന്ന് രണ്ട് തവണയായി രണ്ട് സംഘങ്ങള്‍ പോയി. അവരെ അയക്കുന്നതിന് നേതൃപരമായ പങ്ക് അദ്ദേഹം വഹിച്ചു. എല്ലാം നഷ്ടപ്പെടുന്ന ജനതയ്ക്ക് സര്‍വതും നേടാനുള്ള ആയുധം ഉരുക്കുപോലെ അടിയുറച്ച സംഘടന മാത്രമാണെന്ന് തിരിച്ചറിഞ്ഞ സി എച്ച്, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ എക്കാലത്തെയും മികച്ച സംഘാടകരിലൊരാളാണ്. സി എച്ചിന്റെ സംഘാടന സവിശേഷതയെ സംബന്ധിച്ച് എ കെ ജി പറഞ്ഞ വാക്കുകള്‍ ഈ അവസരത്തില്‍ ശ്രദ്ധേയമാണ്: ""എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇത്ര സമര്‍ഥനായ ഒരു സംഘാടകനെ ഞാനെവിടെയും കണ്ടിട്ടില്ല. ഒരു പ്രത്യേക സംഭവം ഒരു പ്രദേശത്തുണ്ടായാല്‍ എന്നെപ്പോലെയുള്ളവര്‍ പെട്ടെന്ന് ഓടിയെത്തും.

സ: സി എച്ച് അവിടെ എത്തുമെന്ന് മാത്രമല്ല, എത്തിക്കേണ്ടവരെയെല്ലാം അവിടെ എത്തിക്കും. അവിടെ ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ച്, അതിന്റെ പ്രസിദ്ധീകരണത്തെ സംബന്ധിച്ച് എല്ലാം പ്ലാന്‍ചെയ്തിട്ടാവും സി എച്ച് അവിടെ എത്തുക. അവിടത്തെ പാര്‍ടിയെയാകെ കോര്‍ത്തിണക്കി രംഗത്തിറക്കാന്‍ ഓരോ സഖാവിന്റെയും കഴിവിനുസൃതമായ ജോലി വിശദമായി സഖാവ് പ്ലാന്‍ ചെയ്യും"". (1974ല്‍ എ കെ ജി എഴുതിയ ലേഖനത്തില്‍നിന്ന്) സംഘടനാരംഗത്തെ ഈ അസാമാന്യ പാടവത്തെ ഏവരും അംഗീകരിച്ചതാണ്. സമരപോരാട്ടങ്ങളെ ജീവവായുകണക്കെ സ്വാംശീകരിച്ച എ കെ ജിയും സി എച്ചും ആ കാലഘട്ടങ്ങളില്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ത്തന്നെ നിര്‍ണായകമായ ഒന്നാണ്. കര്‍ഷകസംഘത്തിന്റെ സെക്രട്ടറി എന്ന നിലയില്‍ സി എച്ചും അഖിലേന്ത്യാ പ്രസിഡന്റ് എന്ന നിലയില്‍ എ കെ ജിയും നേതൃത്വം നല്‍കി നടത്തിയ പ്രക്ഷോഭങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ നിര്‍ണായകമായ പല മുന്നേറ്റങ്ങള്‍ക്കും കാരണമായി. കേരളത്തിന്റെ ഭൂസമര ചരിത്രത്തില്‍ ഉജ്വലമായ അധ്യായം തീര്‍ത്ത ആലപ്പുഴ പ്രഖ്യാപനവും തുടര്‍ന്നുനടന്ന പോരാട്ടവും തങ്കലിപികളില്‍ എഴുതപ്പെട്ടിട്ടുള്ളതാണ്. സി എച്ചിന്റെ കാലത്തെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് ഇ എം എസ് ഇങ്ങനെ വിലയിരുത്തി: ""ഇക്കാലത്ത് നടന്ന ബഹുജനസമരങ്ങളുടെ ഹൈക്കമാന്‍ഡായിരുന്നു പാര്‍ടി. സി എച്ച് അതിന്റെ ചീഫ് ഓഫ് സ്റ്റാഫും"".

കാര്‍ഷിക പരിഷ്കരണ ബില്ലിന്റെ ശില്‍പ്പികളിലൊരാളായ സി എച്ചിന്റെ സ്മരണ പുതുക്കുന്ന ഈ ഘട്ടത്തില്‍ കേരളത്തിന്റെ ഭൂപരിഷ്കരണത്തെ അട്ടിമറിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ യുഡിഎഫ് മുഴുകിയിരിക്കുകയാണ്. തോട്ടഭൂമിയുടെ അഞ്ചുശതമാനം മറ്റാവശ്യങ്ങള്‍ക്ക് വിട്ടുകൊടുക്കാനുള്ള തീരുമാനം 90,000 ഏക്കര്‍ ഭൂമി റിസോര്‍ട്ട് മാഫിയകളുടെ കൈകളിലേക്ക് എത്തിക്കുന്നതിനുള്ളതാണ്. കശുമാവ് തോട്ടത്തെ ഭൂപരിധിയില്‍നിന്ന് മാറ്റാനുള്ള നീക്കം ഭൂരഹിതര്‍ക്ക് മിച്ചഭൂമി ലഭിക്കുന്നതിനുള്ള സാധ്യതകളെ ഇല്ലാതാക്കുന്നതിനാണ്. യുഡിഎഫ് കൊണ്ടുവന്ന നെല്‍വയല്‍ സംരക്ഷണനിയമഭേദഗതി നെല്‍വയലുകളെ സംരക്ഷിക്കാനല്ല, മറിച്ച്, അത് നികത്തിയവരെ മുന്‍കാല പ്രാബല്യത്തോടെ രക്ഷപ്പെടുത്താനുള്ളതാണ്. ഈ സാഹചര്യത്തിലാണ്, ഭൂപരിഷ്കരണത്തെ സംരക്ഷിക്കുന്നതിനും ഭൂരഹിതര്‍ക്ക് ഭൂമി ലഭിക്കുന്നതിനും വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് പാര്‍ടി നേതൃത്വം നല്‍കുന്നത്.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നയം ജനജീവിതം ഏറെ ദുസ്സഹമാക്കി. രാജ്യത്തിന്റെ കാര്‍ഷികമേഖല തകരുകയാണ്. വ്യാവസായിക ഉല്‍പ്പാദനവും മുരടിച്ചു. വിലക്കയറ്റം അതിന്റെ എല്ലാ സീമകളെയും ലംഘിച്ച് മുന്നോട്ടുപോകുന്നു. കേന്ദ്ര സര്‍ക്കാരാവട്ടെ, വിപണിയിലെ എല്ലാ നിയന്ത്രണങ്ങളും ഒന്നിനുപുറകെ ഒന്നായി എടുത്തുമാറ്റുന്നു. പെട്രോളിന്റെയും രാസവളത്തിന്റെയും വിലനിയന്ത്രണം എടുത്തുമാറ്റിയതിന്റെ ഫലമായി അനുദിനമെന്നോണം ഇവയ്ക്ക് വില കയറിക്കൊണ്ടിരിക്കുന്നു. പാചകവാതക സിലിണ്ടര്‍പോലും ജനങ്ങള്‍ക്ക് ലഭിക്കാത്ത നിലയിലേക്ക് ഈ നയങ്ങള്‍ വളര്‍ന്നു. കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ നയങ്ങള്‍ വന്‍ അഴിമതിയിലേക്ക് രാജ്യത്തെ എത്തിക്കുന്നു. പ്രകൃതിവിഭവങ്ങളും തരംഗങ്ങളും ഉള്‍പ്പെടെ സ്വകാര്യമേഖലയ്ക്ക് കൈമാറുന്ന രീതി വലിയ അഴിമതിയിലേക്കാണ് നയിച്ചത്. 2ജി സ്പെക്ട്രം മുതല്‍ കല്‍ക്കരിപ്പാടങ്ങള്‍വരെ നീളുന്ന അഴിമതിയുടെ പട്ടിക ഈ യാഥാര്‍ഥ്യമാണ് വെളിപ്പെടുത്തുന്നത്.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഈ നയങ്ങള്‍ക്കെതിരായി വലിയ പ്രതിഷേധം ജനങ്ങളില്‍നിന്ന് ഉയര്‍ന്നുവന്നിരിക്കുകയാണ്. ഈ പ്രതിഷേധത്തെ വഴിതിരിച്ചുവിടുന്നതിന് ജാതി- മത വികാരങ്ങളെ കുത്തിപ്പൊക്കി ജനങ്ങളെ തമ്മിലടിപ്പിക്കുന്നതിനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. യുഡിഎഫ് അധികാരത്തിലെത്തുന്ന ഘട്ടങ്ങളിലെല്ലാം ഇത്തരം ശക്തികള്‍ക്ക് ലഭിക്കുന്ന സംരക്ഷണവും പരിഗണനയും അതിന്റെ എല്ലാ സീമകളെയും മറികടന്നു. മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിപദം സാമുദായിക സന്തുലിതാവസ്ഥ തകര്‍ത്തു എന്ന് പ്രഖ്യാപിച്ചത് കോണ്‍ഗ്രസിന്റെ നേതാക്കള്‍തന്നെയാണ്. ഇത്തരം പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് തങ്ങളുടെ അജന്‍ഡ നടപ്പാക്കാനാകുമോ എന്നാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. അതിനായി ഹിന്ദു ഏകീകരണത്തിന്റെ മുദ്രാവാക്യങ്ങളും മുന്നോട്ടുവയ്ക്കുന്നു. കേരളത്തില്‍ പരീക്ഷിച്ച് പരാജയപ്പെട്ട പരിപാടികളാണ് ഇപ്പോള്‍ പുതിയ പേരില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്ന് നാം തിരിച്ചറിയണം. എന്‍ഡിപിയും എസ്ആര്‍പിയും പോലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുകയും അവസാനം സ്വയം മരണം വരിക്കുകയും ചെയ്യേണ്ട സാഹചര്യമുണ്ടായി. ഇതു രണ്ടും യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ചരിത്രം കേരളീയര്‍ മറന്നിട്ടില്ല. ഏത് മതത്തിലും ജാതിയിലും വിശ്വസിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരും ആകട്ടെ, അല്ലാത്തവരാകട്ടെ, അവരെല്ലാം തൊഴിലാളികള്‍, കര്‍ഷകര്‍, ഇടത്തരക്കാര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ടവരാണ്. ഇവരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്താണ് കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ, ജാതിക്കും മതത്തിനുമെല്ലാം അതീതമായി ജനങ്ങളെ സംഘടിപ്പിക്കുന്നതിനും അവരുടെ ജീവല്‍പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും പാര്‍ടിക്ക് കഴിഞ്ഞു. അതാണ് കേരളത്തിന്റെ വികസനത്തിന് അടിസ്ഥാനമായിത്തീര്‍ന്നത്. ജനങ്ങളെ അവരുടെ ജീവിതപ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ യോജിപ്പിക്കുന്നതിനും മതനിരപേക്ഷ സമൂഹത്തിന്റെ നിലനില്‍പ്പിന് ആധാരമായി പ്രവര്‍ത്തിക്കുന്നതിനും നേതൃപരമായ പങ്കുവഹിക്കാന്‍ പാര്‍ടിക്ക് കഴിയുന്നതും അതിനാലാണ്.

മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടാതെ പ്രവര്‍ത്തിക്കുന്ന കാഴ്ചപ്പാടാണ് പാര്‍ടി മുന്നോട്ടുവയ്ക്കുന്നത്. അതേ അവസരത്തില്‍ ഓരോ മതവിശ്വാസിക്കും അവരുടെ വിശ്വാസങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനും വിശ്വസിക്കാത്തവര്‍ക്ക് അങ്ങനെ ജീവിക്കുന്നതിനും സാഹചര്യം ഉണ്ടാവണമെന്നും പാര്‍ടി ഉറച്ച നിലപാടെടുക്കുന്നു. എല്ലാവിധ അടിച്ചമര്‍ത്തലുകളും അവസാനിപ്പിക്കുന്നതിനുള്ള പോരാട്ടമാണ് പാര്‍ടി നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് സാമൂഹ്യമായ അവശതകള്‍ അനുഭവിക്കുന്ന എല്ലാവിധ ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ പൊതുപ്രശ്നമായി ഏറ്റെടുത്ത് മുന്നോട്ടുപോകുന്ന നയം പാര്‍ടി ആവിഷ്കരിച്ചത്. സ്ത്രീവിമോചനം സമൂഹത്തിന്റെ മൊത്തം വിമോചനമാണെന്ന കാഴ്ചപ്പാട് മുന്നോട്ടുവച്ച് സ്ത്രീകളുടെ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ ഏറ്റെടുക്കാന്‍ പാര്‍ടിക്ക് കഴിയുന്നതും അതിനാലാണ്.

ജാതിയുടെയും മതത്തിന്റെയും പേരില്‍ നടക്കുന്ന അടിച്ചമര്‍ത്തലുകളെ പ്രതിരോധിക്കാന്‍ കഴിയുന്നതും അതിനാലാണ്. ജനങ്ങളെ യോജിപ്പിച്ചുനിര്‍ത്തുന്ന രാഷ്ട്രീയത്തെ ഇല്ലാതാക്കി ജാതിയുടെയും മതത്തിന്റെയും പേരില്‍ അവരെ പരസ്പരം ഏറ്റുമുട്ടിച്ച് തങ്ങളുടെ ജനവിരുദ്ധ നയം നടപ്പാക്കാന്‍ ശ്രമിക്കുന്ന വലതുപക്ഷ ശക്തികളുടെ കുടിലതന്ത്രങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തിക്കൊണ്ടേ കേരളത്തിന്റെ ഉജ്വലമായ മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കാനാവൂ. അതിനായി ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയ അജന്‍ഡകളെ മുഴുവനും തുറന്നുകാട്ടി മുന്നോട്ടുപോവുക എന്നതും ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പോരാട്ടത്തില്‍ ഏറെ പ്രധാനമാണ്. ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പോരാട്ടങ്ങളെ ഏറെ പ്രധാനമായിക്കണ്ട സി എച്ചിന്റെ ഓര്‍മകള്‍ ഇത്തരം സമരങ്ങള്‍ക്ക് നമുക്ക് കരുത്തുപകരും.

*
പിണറായി വിജയന്‍ ദേശാഭിമാനി 20 ഒക്ടോബര്‍ 2012

No comments: