ലോട്ടറിപ്രശ്‌നത്തില്‍ സിബിഐ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാരിന് എന്തുകൊണ്ടാണ് വൈമുഖ്യം എന്ന കേരള ഹൈക്കോടതിയുടെ ചോദ്യം കേന്ദ്രവും കോൺഗ്രസും ഇക്കാര്യത്തില്‍ നടത്തുന്ന കള്ളക്കളിയുടെ നിറുക പൊളിക്കുന്നുണ്ട്. ലോട്ടറിക്കാര്യത്തില്‍ ഇടതുപക്ഷത്തിനും സംസ്ഥാനസര്‍ക്കാരിനും ഗൂഢതാല്‍പ്പര്യങ്ങളുണ്ടെന്ന് കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ തുടര്‍ച്ചയായ ശ്രമം നടത്തുന്ന അതേ ശക്തികള്‍തന്നെയാണ്, ലോട്ടറി സംബന്ധിച്ച ഗൌരവതരമായ അന്വേഷണമൊന്നുമുണ്ടാവരുത് എന്ന കാര്യത്തില്‍ കടുത്ത ശാഠ്യം പുലര്‍ത്തുന്നത്. എന്തിനാണ് ഈ ഇരട്ടത്താപ്പ് എന്ന ചോദ്യം കോൺഗ്രസിനോടും അതിന്റെ നേതാക്കളോടും ചോദിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ട് ഹൈക്കോടതിയുടെ ഈ ഇടപെടല്‍.
സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത് വി ഡി സതീശന്‍ എംഎല്‍എയാണ്. അദ്ദേഹത്തിന്റെ പാര്‍ടിതന്നെയാണ് കേന്ദ്രം ഭരിക്കുന്നത്. ആ കേന്ദ്രത്തോട് ഈ വിഷയത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് കേരളസര്‍ക്കാര്‍തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അന്വേഷണം ഒഴിവാക്കാന്‍ തീവ്രശ്രമം നടത്തുകയാണ് കേന്ദ്രം. ഈ സാഹചര്യത്തിലാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ടിയുടെ നേതാവുതന്നെ സിബിഐ അന്വേഷണം തേടി ഹര്‍ജിയുമായി വന്നത് ആശ്ചര്യജനകമെന്ന് കോടതി വിശേഷിപ്പിച്ചത്. ഇതില്‍ രാഷ്‌ട്രീയമുണ്ടെന്ന് അറിയാമെന്നും അത് മുന്‍നിര്‍ത്തി കോടതിയെ ഉപകരണമാക്കാന്‍ ആരെയും അനുവദിക്കില്ലെന്നുംകൂടി കോടതി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ചിത്രം കൂടുതല്‍ വ്യക്തമായി കിട്ടുന്നുണ്ട്.
ലോട്ടറി തട്ടിപ്പുകള്‍ക്കെതിരെ നിയമസാധ്യതകള്‍ മുഴുവനുപയോഗിച്ച് നടപടികളെടുക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്‌തത്. ചില കാര്യങ്ങള്‍ സംസ്ഥാനസര്‍ക്കാരിന്റെ പരിധിക്കപ്പുറത്താണ്. അതുകൊണ്ട് ആ കാര്യങ്ങളില്‍ കേന്ദ്രത്തില്‍നിന്ന് നടപടിയുണ്ടാവണമെന്ന് അഭ്യര്‍ഥിക്കുകയുംചെയ്‌തു. കേന്ദ്രത്തില്‍നിന്ന് നടപടിയുണ്ടായില്ല. എന്നുമാത്രമല്ല, കേന്ദ്രഭരണത്തെ നയിക്കുന്ന കോൺഗ്രസിന്റെ പ്രമുഖരായ നേതാക്കള്‍തന്നെ ലോട്ടറിത്തട്ടിപ്പിലെ വമ്പന്മാര്‍ക്കുവേണ്ടി കോടതിയിലും പുറത്തും വാദിക്കുന്നതും രാജ്യം കണ്ടു.
ലോട്ടറിതട്ടിപ്പുകാരുടെ വക്കാലത്തേറ്റെടുത്ത് കേരളഹൈക്കോടതിയിലും സുപ്രീംകോടതിയിലുമൊക്കെ ഹാജരായവരാണ് പി ചിദംബരം മുതല്‍ മനു അഭിഷേക് സിങ്‌വി വരെയുള്ള കോൺഗ്രസ് നേതാക്കള്‍. ഇവരൊക്കെയാണ് ലോട്ടറി കാര്യത്തില്‍ കേന്ദ്രം എന്തുചെയ്യണമെന്ന് നിശ്ചയിക്കാന്‍ തക്കവണ്ണം സ്വാധീനവും അധികാരവുമുള്ളവര്‍. ഇങ്ങനെയുള്ളവര്‍ നിര്‍ണായകസ്ഥാനങ്ങളിലിരിക്കുന്ന കോൺഗ്രസില്‍നിന്നും അതിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര യുപിഎ സര്‍ക്കാരില്‍നിന്നും ലോട്ടറിത്തട്ടിപ്പുകാര്‍ക്കെതിരെ ചെറുനടപടികളെങ്കിലുമുണ്ടാവുമെന്ന് ബോധമുള്ള ഒരാളും കരുതില്ല. അതുകൊണ്ടുതന്നെയാണ് കേന്ദ്ര ലോട്ടറിനിയമം ഭേദഗതിപ്പെടുത്തണമെന്നതുമുതല്‍ സിബിഐ അന്വേഷണം വേണമെന്നതുവരെയുള്ള കേരളത്തിലെ ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാരിന്റെ തുടര്‍ച്ചയായ ആവശ്യങ്ങള്‍ക്കുമേല്‍ നടപടിയുണ്ടാവാത്തത്.
ഗൂഢതാല്‍പ്പര്യങ്ങളുള്ളത് കോൺഗ്രസിനും അതിന്റെ നേതാക്കള്‍ക്കുമാണ്. അതിന് മറയിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എല്‍ഡിഎഫ് സര്‍ക്കാരിനും അതിനെ നയിക്കുന്നവര്‍ക്കുമെതിരായി കോൺഗ്രസ് ആരോപണങ്ങളുന്നയിക്കുന്നത്. അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്നാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും ഇവിടെ പ്രചരിപ്പിച്ചത്. എന്നാല്‍, അത്തരം നടപടികള്‍ കൈക്കൊള്ളാന്‍ വേണ്ട അധികാരം സംസ്ഥാനത്തിന് നല്‍കണമെന്ന കേരളത്തിന്റെ നിവേദനത്തില്‍ ഉമ്മന്‍ചാണ്ടിതന്നെയും ഒപ്പുവച്ചിരുന്നുവെന്നു വന്നതോടെ ആ കള്ളം പൊളിഞ്ഞു.
സുപ്രീംകോടതിയിലെ ലോട്ടറി കേസ് കേരളസര്‍ക്കാരിന് അനുകൂലമായി നീങ്ങിയിരുന്ന ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാരാണ് ആ അവസ്ഥ പൊളിക്കാന്‍വേണ്ടി ലോട്ടറി എന്നതില്‍ ഓൺലൈന്‍ ലോട്ടറിയുംപെടുമെന്ന നിര്‍വചനത്തോടെ ലോട്ടറി നിയന്ത്രണച്ചട്ടങ്ങള്‍ ഭേദഗതിപ്പെടുത്തിയത്. കേന്ദ്രം പുറപ്പെടുവിച്ച ആ ചട്ടമാണ് കേരളത്തിന്റെ ഓൺലൈന്‍ ലോട്ടറി നിരോധനത്തെ ത്രിശങ്കുവിലാക്കിയതും ഒരു പ്രൊമോട്ടര്‍ക്ക് ഒരുദിവസം 24 നറുക്കെടുപ്പുവരെ നടത്താമെന്ന അവസ്ഥ ഒരിക്കല്‍ ഉണ്ടാക്കിവച്ചതും. കേരളം ഓൺലൈന്‍ ലോട്ടറി നിരോധിച്ച് ചട്ടമുണ്ടാക്കിയപ്പോള്‍ അതിനെ ചോദ്യംചെയ്‌ത് അത്തരം ലോട്ടറിക്കാര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായത് പി ചിദംബരമാണ്. ആ ചിദംബരം ആഭ്യന്തരമന്ത്രിയായപ്പോഴാണ് ഓൺലൈന്‍ നിയമവിധേയമാക്കുന്ന തരത്തിലുള്ള ചട്ടത്തില്‍ ഭേദഗതി വരുത്തിയത്. അന്യസംസ്ഥാന ലോട്ടറിക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാനത്തിന് അവകാശമില്ല എന്നുമാത്രമല്ല, നടപടിയെടുക്കുന്ന കാര്യം കേന്ദ്രം പരിഗണിക്കണമെന്ന് നിര്‍ദേശിക്കാന്‍ കോടതിക്ക് അവകാശമില്ല എന്നുപോലുമാണ് സുപ്രീംകോടതിയുടെ ഡിവിഷന്‍ ബെഞ്ചിനു മുമ്പില്‍ യുപിഎ സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചത്. ആ വാദമാണ് കേരളത്തെ കേസില്‍ തോല്‍പ്പിച്ചത്.
ഓൺലൈന്‍ ലോട്ടറി നിരോധിച്ചതും അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തിയതും ആ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, രജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ കാണിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസയച്ചതും യുഡിഎഫ് സര്‍ക്കാരല്ല, എല്‍ഡിഎഫ് സര്‍ക്കാരാണ്. ഓൺലൈന്‍ ലോട്ടറിത്തട്ടിപ്പുകാര്‍ക്കെതിരായ നടപടി പിന്‍വലിക്കുമെന്ന് വിശദീകരിക്കുകയും ഇനി നടപടിയെടുക്കില്ല എന്നറിയിക്കുകയുംചെയ്യുന്ന സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്‌തത്. ഈ സത്യവാങ്മൂലം കേരളതാല്‍പ്പര്യങ്ങള്‍ക്ക് അപകടകരമാണെന്ന് കണ്ടെത്തി അത് ഭേദഗതിപ്പെടുത്താന്‍ അനുവദിക്കണമെന്ന് സുപ്രീംകോടതിയോട് അപേക്ഷിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്.
അന്യസംസ്ഥാന ലോട്ടറിക്കെതിരെ നടപടിയെടുക്കാന്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനുള്ള തടസ്സം ഇതുസംബന്ധിച്ച കേന്ദ്രനിയമത്തിന്റെ നാലാംവകുപ്പാണ്. അത് നീക്കം ചെയ്യണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ കേന്ദ്രം തയ്യാറാവാത്തത്, ആ സര്‍ക്കാരിനെ നയിക്കുന്നത് ലോട്ടറിത്തട്ടിപ്പുകാരുടെ വക്താക്കളാണ് എന്നതുകൊണ്ടുതന്നെയാണ്. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് പൂര്‍ണ പ്രതിബദ്ധതയുള്ളതുകൊണ്ടാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. നിയമലംഘനം ചൂണ്ടിക്കാട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇതാണ് ഹൈക്കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടത്. അപ്പോഴാണ് മറ്റൊരു സംസ്ഥാനത്തെ ലോട്ടറിക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രത്തിനേ അധികാരമുള്ളൂവെന്ന് ഹൈക്കോടതിതന്നെ പറഞ്ഞത്. തട്ടിപ്പുലോട്ടറികള്‍ക്കെതിരായി നടപടിയെടുക്കാനുള്ള അധികാരം സ്ഥാപിച്ചുകിട്ടാനായി എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോയി. സുപ്രീംകോടതിയാകട്ടെ, കേന്ദ്രനടപടിയുണ്ടാവുമെന്ന് പ്രത്യാശിച്ചു. പക്ഷേ, നടപടിയുണ്ടായില്ല.
സിബിഐ അന്വേഷണം വന്നാല്‍ ഇക്കാര്യങ്ങളൊക്കെ പുറത്തുവരും. കോടതി ഇതൊക്കെ പരിശോധിക്കും. അത് കേന്ദ്രത്തെയും അതിനെ നയിക്കുന്ന പി ചിദംബരം അടക്കമുള്ളവരെയും പ്രതിക്കൂട്ടിലാക്കും. ഇതറിയാവുന്നതുകൊണ്ടാണ് കേരളം ആവശ്യപ്പെട്ട സിബിഐ അന്വേഷണം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഏതുവിധേനയും ഒഴിവാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നത്. അതിന്റെ ജാള്യം മറയ്‌ക്കാനാണ് കേരളത്തില്‍ കോൺഗ്രസ് വീണ്ടും വീണ്ടും ലോട്ടറി ആരോപണത്തിന്റെ പുകമറ ഉയര്‍ത്തുന്നത്.
*****
ദേശാഭിമാനി മുഖപ്രസംഗം 10-03-2011
Thursday, March 10, 2011
കേന്ദ്രത്തിന്റെ ലോട്ടറിത്തട്ടിപ്പ്
Subscribe to:
Post Comments (Atom)
1 comment:
ലോട്ടറിപ്രശ്‌നത്തില്‍ സിബിഐ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാരിന് എന്തുകൊണ്ടാണ് വൈമുഖ്യം എന്ന കേരള ഹൈക്കോടതിയുടെ ചോദ്യം കേന്ദ്രവും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ നടത്തുന്ന കള്ളക്കളിയുടെ നിറുക പൊളിക്കുന്നുണ്ട്. ലോട്ടറിക്കാര്യത്തില്‍ ഇടതുപക്ഷത്തിനും സംസ്ഥാനസര്‍ക്കാരിനും ഗൂഢതാല്‍പ്പര്യങ്ങളുണ്ടെന്ന് കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ തുടര്‍ച്ചയായ ശ്രമം നടത്തുന്ന അതേ ശക്തികള്‍തന്നെയാണ്, ലോട്ടറി സംബന്ധിച്ച ഗൌരവതരമായ അന്വേഷണമൊന്നുമുണ്ടാവരുത് എന്ന കാര്യത്തില്‍ കടുത്ത ശാഠ്യം പുലര്‍ത്തുന്നത്. എന്തിനാണ് ഈ ഇരട്ടത്താപ്പ് എന്ന ചോദ്യം കോണ്‍ഗ്രസിനോടും അതിന്റെ നേതാക്കളോടും ചോദിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ട് ഹൈക്കോടതിയുടെ ഈ ഇടപെടല്‍.
സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത് വി ഡി സതീശന്‍ എംഎല്‍എയാണ്. അദ്ദേഹത്തിന്റെ പാര്‍ടിതന്നെയാണ് കേന്ദ്രം ഭരിക്കുന്നത്. ആ കേന്ദ്രത്തോട് ഈ വിഷയത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് കേരളസര്‍ക്കാര്‍തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അന്വേഷണം ഒഴിവാക്കാന്‍ തീവ്രശ്രമം നടത്തുകയാണ് കേന്ദ്രം. ഈ സാഹചര്യത്തിലാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ടിയുടെ നേതാവുതന്നെ സിബിഐ അന്വേഷണം തേടി ഹര്‍ജിയുമായി വന്നത് ആശ്ചര്യജനകമെന്ന് കോടതി വിശേഷിപ്പിച്ചത്. ഇതില്‍ രാഷ്‌ട്രീയമുണ്ടെന്ന് അറിയാമെന്നും അത് മുന്‍നിര്‍ത്തി കോടതിയെ ഉപകരണമാക്കാന്‍ ആരെയും അനുവദിക്കില്ലെന്നുംകൂടി കോടതി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ചിത്രം കൂടുതല്‍ വ്യക്തമായി കിട്ടുന്നുണ്ട്.
Post a Comment