Sunday, March 27, 2011

ഡോ. പി കെ ആർ വാര്യർ വിടവാങ്ങി

ജനകീയ ആരോഗ്യരംഗത്ത് മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ഡോ. പി കെ ആർ വാര്യർ ഇനി ഓർമ.ശനിയാഴ്ച ( 2011 മാർച്ച് 26)പകൽ 11ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. ആരോഗ്യസംരക്ഷണത്തിനുള്ള സേവകരാണ് ഡോക്ടർമാരെന്ന് അദ്ദേഹം സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചു. പാവങ്ങളുടെ ഡോക്ടർ എന്ന് അറിയപ്പെട്ട പ്രഗത്ഭ ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ പി കെ ആർ വാര്യർ കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യകാല പ്രവർത്തകനുമായിരുന്നു.

ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ ശനിയാഴ്ച വൈകിട്ട് സംസ്കരിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം കണ്ണുകൾ ദാനംചെയ്തു. സംസ്കാരച്ചടങ്ങ് ഒഴിവാക്കി.ആദ്യകാല സാമൂഹ്യപരിഷ്കർത്താവ് ആര്യ പള്ളത്തിന്റെ മകളും മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന പരേതയായ ദേവകി വാര്യരാണ് ഭാര്യ. മക്കൾ: ഡി കൃഷ്ണവാര്യർ (ബാബു, റിട്ട. ഇആർ ആൻഡ് ഡിസി), അനസൂയ. മരുമക്കൾ: ചലച്ചിത്രസംവിധായകൻ ഷാജി എൻ കരുൺ, ഷീല (റിട്ട. ഉദ്യോഗസ്ഥ, എസ്‌യുടി ഹോസ്പിറ്റൽ, തിരുവനന്തപുരം).

1921 ആഗസ്ത് 13നാണ് ഡോ. വാര്യർ ജനിച്ചത്. പിതാവ് ഡോ. പി കെ വാര്യർ മദിരാശി സംസ്ഥാന ആരോഗ്യവകുപ്പിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. 1940-46ൽ മദ്രാസ് മെഡിക്കൽ കോളേജിൽനിന്ന് എംബിബിഎസ് ബിരുദം. തുടർന്ന് സർജറിയിൽ ബിരുദാനന്തരബിരുദത്തിന് മൂന്നുതവണ മദ്രാസ് സർവകലാശാലയിൽ അപേക്ഷിച്ചെങ്കിലും കമ്യൂണിസ്‌റ്റുകാരനായതിനാൽ നിരസിച്ചു.

1946ൽ മദ്രാസ് മെഡിക്കൽ കോളേജിൽ അനാട്ടമി വിഭാഗത്തിൽ ഡെമോൺസ്ട്രേറ്ററായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. പിന്നീട് കോയമ്പത്തൂർ ജില്ലാ ആശുപത്രിയിലേക്ക് മാറി. കമ്യൂണിസ്റ് പാർടിയുമായുള്ള ബന്ധത്തിന്റെപേരിൽ 1952ൽ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. പ്രതിഷേധത്തെ തുടർന്ന് രണ്ടുവർഷത്തിനുശേഷം തിരിച്ചെടുത്തു. പിന്നീട് ഫോർട്ട്കൊച്ചിയിൽ മെഡിക്കൽ ഓഫീസറായി. 1960ൽ ഇംഗ്ളണ്ടിലെ എഡിൻബറോയിലെ ന്യൂഫീൽഡ് കോളേജിൽനിന്ന് തൊറാസിക് സർജറിയിൽ എഫ്ആർസിഎസും നേടി.

1962ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കാർഡിയോ തൊറാസിക് സർജറി വിഭാഗത്തിൽ അസോസിയറ്റ് പ്രൊഫസറായി നിയമിതനായി. ബിരുദ, ബിരുദാനന്തരബിരുദ സർജറി കോഴ്സുകളിൽ അധ്യാപകൻ എന്ന നിലയിൽ വലിയ ശിഷ്യസമ്പത്തിന്റെ ഉടമയാണ്. നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസ് ഉൾപ്പെടെ വിവിധ സർവകലാശാലകളിൽ പരീക്ഷാനടത്തിപ്പിന്റെ ചുമതല വഹിച്ചു. അൽപ്പകാലം മിനിക്കോയിലും ജോലിചെയ്തു. മൂന്ന് ദശാബ്ദക്കാലത്തെ സർവീസിനുശേഷം 1977ലാണ് വിരമിച്ചത്. തുടർന്ന് മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളേജിൽ സർജറി വിഭാഗം പ്രൊഫസർ, കണ്ണൂർ എ കെ ജി ആശുപത്രിയിൽ സർജിക്കൽ കൺസൾട്ടന്റ് എന്നീ ചുമതലകളും വഹിച്ചു. വർക്കല എസ്എൻ മിഷൻ ആശുപത്രി, ഒറ്റപ്പാലം സെമാൾക്ക് ആശുപത്രി എന്നിവിടങ്ങളിലും പ്രവർത്തിച്ചു. 1990ൽ ആതുരസേവന രംഗത്തുനിന്ന് പൂർണമായും പിന്മാറി.

ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ച ഒരു സർജന്റെ ഓർമക്കുറിപ്പുകൾ, അനുഭവങ്ങൾ അനുഭാവങ്ങൾ, വിഗ്രഹത്തിലെ തകർച്ച (കഥാസമാഹാരം) തുടങ്ങിയ പുസ്തകങ്ങളും രചിച്ചു.

ആ കണ്ണുകൾ‍ ഇനിയൊരു സുമനസ്സിന്

വർ‍ഷങ്ങൾ‍ക്കുമുമ്പുള്ള ഓപ്പറേഷന്‍ തിയറ്റർ‍. നൂലുകൾ‍ കോർ‍ത്ത സൂചിയുമായി മിടിക്കുന്ന ഹൃദയത്തെ സമീപിക്കുന്ന ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍. ആ കണ്ണുകളിലെ തിളക്കം ഒരു ജീവന്റെ തിളക്കമാണ്. മിന്നിമറയുന്ന ചിന്തയെ കൈയുമായി കൂട്ടിയോജിപ്പിച്ച് ലക്ഷ്യത്തിന്റെ വിജയത്തിനായി അഹോരാത്രം പ്രവർ‍ത്തിച്ചിരുന്ന ദീപ്‌തമായ കണ്ണുകൾ‍ ഇനിയൊരു സുമനസ്സിന് കാഴ്ചയേകും. കേരളത്തിന്റെ ജനകീയ ഡോക്ടർ‍ പി കെ ആർ‍ വാര്യരുടെ കണ്ണുകളാണ് ഒരു അന്ധന് വെളിച്ചമേകുക.

തന്റെ മരണാനന്തരം ചെയ്യേണ്ട കാര്യങ്ങളും വ്യക്തമായി എഴുതി മക്കളെ ഏൽപ്പിച്ചശേഷമാണ് അദ്ദേഹം ശനിയാഴ്ച വിടപറഞ്ഞത്. കണ്ണും ഹൃദയവും ദാനംചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർ‍മാർ‍ അദ്ദേഹത്തിന്റെ കണ്ണുകൾ‍ ഏറ്റുവാങ്ങി. മരണശേഷം കഴിയുമെങ്കിൽ ഒരു മണിക്കൂറിനകം സംസ്കാരം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഭൌതികശരീരം അവസാനമായി ഒരുനോക്ക് കാണണമെന്ന അടുത്ത ചില ബന്ധുക്കളുടെ ആഗ്രഹത്തിനുമുന്നിൽ കുടുംബാംഗങ്ങൾ‍ കീഴടങ്ങി. ഒറ്റപ്പാലത്തുനിന്ന് അവർ‍ എത്തിയശേഷം രാത്രിയിലായിരുന്നു സംസ്കാരം. ആദരാഞ്ജലി അർ‍പ്പിക്കാനെത്തുന്നവർ‍ പുഷ്പചക്രം അടക്കമുള്ള ഉപചാരം ഒഴിവാക്കണമെന്ന അദ്ദേഹത്തിന്റെ നിർ‍ദേശവും പാലിക്കപ്പെട്ടു.

ആരുടെയും മുന്നിൽ മുട്ടുമടക്കിയിട്ടില്ലാത്ത ഈ ജനകീയന്‍ ഒരിക്കൽ തന്റെ വിദ്യാർ‍ഥികളുടെ മുന്നിൽ അടിയറവ് പറഞ്ഞു. സൈക്കിൾ‍ ചവിട്ടി മെഡിക്കൽ കോളേജിലേക്ക് എത്തുന്ന പ്രൊഫസറെ കാണുമ്പോൾ‍ പല ശിഷ്യർ‍ക്കും ചൂളലായിരുന്നു. കാരണം അവരിൽ മിക്കവരും എത്തിയിരുന്നത് കാറിലായിരുന്നു. അവരുടെ നിരന്തര പ്രതിഷേധത്തിന്റെ ഫലമായി കോളേജിലേക്കുള്ള സൈക്കളിലെ വരവ് ഡോക്ടർ‍ ഒഴിവാക്കി.

തിരുവനന്തപുരവുമായുള്ള ഡോക്ടറുടെ ബന്ധം തുടങ്ങുന്നതെങ്ങനെയെന്ന് ദേശാഭിമാനി വാരികയിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ഓർ‍മക്കുറിപ്പുകളിൽ (പിന്നീട് സാഹിത്യ പ്രവർ‍ത്തക സഹകരണ സംഘം 'ഒരു സർ‍ജ്ജന്റെ ഓർ‍മ്മക്കുറിപ്പുകൾ‍' എന്ന പേരിൽ പുസ്തകമാക്കി) വിവരിക്കുന്നു. 1962 ഡിസംബറിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ട്യൂട്ടറായാണ് അദ്ദേഹം തലസ്ഥാനത്തെത്തുന്നത്. അക്കാലത്ത് പേട്ടയിൽ വാടക വീട്ടിൽ താമസം ആരംഭിച്ചു. 1990ൽ വഴുതക്കാട് ഉദാരശിരോമണി റോഡിൽ പിറവിയിൽ താമസം തുടങ്ങി.

'ഹൃദയമില്ലാത്ത' ഹൃദയനാഥൻ

കേരളത്തിലെ ഏറ്റവും പ്രശസ്തനായ ഹൃദയ ഡോക്ടർ സ്വന്തം ജീവിതം കൊണ്ടും സമൂഹത്തെ ചിലത് പഠിപ്പിച്ചു. ലാളിത്യം എന്നത് പറയാൻ മാത്രമുള്ളതല്ലെന്ന് നമുക്ക് കാണിച്ചു തന്നു ഈ ആതുരസേവകൻ. ഈ 'ഹൃദയ' ഡോക്ടർ ഹൃദയമില്ലാത്തവനാണെന്നും ആളുകൾ പറഞ്ഞു. ഇങ്ങനെ പറഞ്ഞിരുന്നത് രണ്ട് കൂട്ടർ മാത്രമാണ്. ഇതിലൊരു കൂട്ടർ അദ്ദേഹത്തിന്റെ കൈകൊണ്ട് ഹൃദയം സുഖപ്പെട്ടവരോ അവരുടെ ബന്ധുക്കളോ ആയിരുന്നു. ഇവരിൽ പലരെയും ഡോക്ടർ കൈകാര്യം ചെയ്തു. അക്കാര്യത്തിൽ അദ്ദേഹത്തിന്റെ ഹൃദയത്തിന് കാഠിന്യം കൂടുതലായിരുന്നു. പലർക്കും അടി തന്നെ കിട്ടി. ഹൃദയതാളം നേരെയാക്കിയതിന് നിർബന്ധമായി പ്രതിഫലം കീശയിൽ വെച്ചുകൊടുത്തതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഇങ്ങനെ അടികിട്ടിയവർ സന്തോഷത്തോടെ കണ്ണീർപൊഴിച്ചു. രോഗം മാറ്റാൻ രോഗികൾ പ്രതിഫലം തരേണ്ടെന്ന് അദ്ദേഹം തീർത്തുപറഞ്ഞു. ചെയ്യുന്ന സേവനത്തിന് സർക്കാർ പ്രതിഫലം നൽകുന്നുണ്ട്. ജോലിക്ക് തക്ക പ്രതിഫലം തന്നിൽലെങ്കിൽ സർക്കാരിനെതിരെ സമരം ചെയ്യുമെന്നും അദ്ദേഹം രോഗികളോടു പറയുമായിരുന്നു.

ഹൃദയമില്ലാത്ത ഡോക്ടറെന്ന് രണ്ടാമത് അദ്ദേഹത്തെ വിശേഷിപ്പിച്ചത് വൈദ്യസമൂഹം തന്നെയാണ്. അവർ അങ്ങനെ പറഞ്ഞതിന് കാരണവും മറ്റൊന്നായിരുന്നില്ല. അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സഹപ്രവർത്തകർക്ക് രുചിച്ചില്ല. പ്രതിഫലം നൽകിയതിന് രോഗിയുടെ ബന്ധുക്കളെ അടിച്ചവൻ, ബന്ധുക്കളെപോലും വീട്ടിൽ ചികിത്സിക്കാത്തവൻ.... പന്നിയമ്പള്ളി കൃഷ്ണരാഘവ വാരിയർ എന്ന കാർഡിയോ തൊറാസിക്ക് സർജൻ ഒരു സത്യമായിരുന്നു.

എഴുപതുകളിൽ തിരുവനന്തപുരത്തെ പത്രപ്രവർത്തകർ മെഡിക്കൽ കോളേജിൽ ഒരു കാഴ്ച എപ്പോഴും പ്രതീക്ഷിച്ചു. ഡോ. പി കെ ആർ വാര്യർ ആശുപത്രിയിലേക്ക് സ്വന്തം കാറിൽ വരുന്നത് കാണണം. ഇതായിരുന്നു അവർ ആഗ്രഹിച്ച കാഴ്ച. അങ്ങനെ വരികയാണെങ്കിൽ അതീവമൂല്യമുള്ള ഒരു ന്യൂസ് ഫോട്ടോ ആയിരിക്കുമത്. എന്നാൽ അത്തരമൊരു ഫോട്ടോ ആർക്കും എടുക്കാനായില്ല. അതൊരു സങ്കൽപചിത്രം മാത്രമായി. കാരണം സർക്കാർ സർവീസിനിടക്ക് അദ്ദേഹം കാർ വാങ്ങിയതേയില്ല. അന്ന് കേരളത്തിലെ ഏറ്റവും പ്രശസ്തനായ ഈ 'ഹൃദയ' ഡോക്ടർ ജോലിക്ക് വന്നത് സൈക്കിളിലായിരുന്നു. കുമാരപുരത്തുനിന്ന് മെഡിക്കൽ കോളേജിലേക്ക് ചിലപ്പോൾ നടന്നും അദ്ദേഹം ജോലിക്കെത്തി. സർവീസിൽ നിന്നും പിരിഞ്ഞപ്പോൾ കിട്ടിയ പണം കൊണ്ടാണ് ഡോ. വാര്യർ സ്വന്തമായി വീടും കാറും വാങ്ങിയത്. അതുവരെ വാടക വീടുകളിലായിരുന്നു ഇന്ത്യയാകെ അറിയപ്പെടുന്ന വാര്യർ ഡോക്ടറുടെ താമസം.

പിതാവിന്റെ വഴിയിൽ

'അപ്പു ഇപ്പോൾ പ്രലോഭനങ്ങളും ദൌർബല്യങ്ങളും നിറഞ്ഞ ഒരു ലോകത്തിലേക്ക് കാലുകുത്തുകയാണ്. രോഗികളുടെ ദീനരോദനങ്ങളിൽ നിന്നും ലാഭം കൊയ്യാതിരിക്കുക'....... എംബിബിഎസ് നേടിയതറിഞ്ഞപ്പോൾ ഡോ. പി കെ ആർ വാര്യർക്ക് അദ്ദേഹത്തിന്റെ അച്ഛൻ എഴുതിയ കത്തിലെ വരികളാണിത്. സമാന സ്വഭാവം തന്നെയായിരുന്നു അമ്മയുടെ കത്തിനും. അതിങ്ങനെയായിരുന്നു 'അപ്പു ഇന്ന് അച്ഛന്റെ പാരമ്പര്യം ഏറ്റെടുക്കുകയാണ്. ആ മഹാൻ എക്കാലവും പുലർത്തിപ്പോന്ന ധാർമികമൂല്യം ഏറ്റെടുത്ത് പതറാതെ മുന്നേറുക.' ജീവിതാന്ത്യം വരെ ഡോ. പി കെ ആർ വാര്യർ കാത്തുസുക്ഷിച്ച വാക്കുകൾ ഇവയായിരുന്നു. ഇന്ത്യയിലെ തന്നെ മികച്ച തൊറാസിക് സർജന്മാരിൽ ഒരാളായ അദ്ദേഹത്തിന് ജീവിതത്തിൽ മാർഗദർശനം നൽകിയത് ഈ വാക്കുകളും പിതാവിന്റെ ആദർശനിഷ്ഠമായ പ്രവൃത്തികളുമായിരുന്നു. ജീവിതത്തിൽ കൂടുതൽ സമയവും അദ്ദേഹം പാവപ്പെട്ട രോഗികളോടൊപ്പം ചെലവഴിച്ചു. അതിനദ്ദേഹം കണ്ടെത്തിയ വഴി സർക്കാർ ആശുപത്രികളിൽ മാത്രം ജോലിചെയ്യുക എന്നതായിരുന്നു. ആതുരസേവനജീവിതത്തിന്റെ സിംഹഭാഗവും സർക്കാർ സർവീസിൽ കഴിച്ചു കൂട്ടി. സ്വകാര്യ പ്രാക്ടീസ് പൂർണമായും ഒഴിവാക്കി.

സഹോദരി ജാനകിയോടൊപ്പമാണ് വാര്യർ ചെറുപ്പത്തിൽ കോൺഗ്രസ് സമ്മേളനത്തിനും മറ്റും പോയിരുന്നത്. മെഡിക്കൽ വിദ്യാഭ്യാസരംഗത്തെത്തുമ്പോഴേക്കും അത് ഇടതുപക്ഷരാഷ്ട്രീയത്തിലേക്ക് വഴിമാറി. മദിരാശി മെഡിക്കൽ കോളേജിലെ സഹപാഠികളാണ് വാര്യരിലെ കമ്യൂണിസ്‌റ്റുകാരനെ ഉണർത്തിയത്. പിൽക്കാലത്ത് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമായ പി രാമചന്ദ്രനോടൊത്ത് വിദ്യാർഥി ഫെഡറേഷൻ ഓഫീസിലായിരുന്നു മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ അവസാനകാലങ്ങളിൽ താമസം. അക്കാലത്തെ സഹപാഠിയും വിദ്യാർഥി ഫെഡറേഷനിൽ സഹപ്രവർത്തകയുമായിരുന്ന ദേവകി വാര്യരാണ് പിന്നീട് വാര്യരുടെ ജീവിതസഖിയായത്.

പ്രത്യയശാസ്ത്രനിബദ്ധമായിരുന്നു വാര്യരുടെ ജീവിതം. ജീവിതത്തിൽ മുഴുവൻ താൻ വിശ്വസിച്ചുപോന്ന തത്വസംഹിതകൾ അനുസരിച്ചു പ്രവർത്തിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. മക്കളുടെ വിവാഹകാര്യമായാലും പിതാവിന്റെയും മാതാവിന്റെയും മരണാനന്തരചടങ്ങായായാലും ഒക്കെ ഈ കണിശത അദ്ദേഹത്തിന്റെ പ്രവൃത്തികളിൽ ദർശിക്കാൻ കേരളത്തിന് കഴിഞ്ഞു. ആർഭാടങ്ങൾ ഒഴിവാക്കിയുള്ള മക്കളുടെ വിവാഹവും, മക്കൾക്ക് സ്കൂളിലും മറ്റും ജാതിയോ മതമോ ചേർക്കാതിരുന്നതും അദ്ദേഹത്തിന്റെ നിർബന്ധബുദ്ധിയുടെ ഉദാഹരണങ്ങളായിരുന്നു. ഇക്കാര്യങ്ങളിലൊക്കെയും അദ്ദേഹത്തെ നയിച്ചത് പിതാവിന്റെ ജീവിതം തന്നെയായിരുന്നു.

വാര്യരുടെ ജീവിതത്തിലെ നന്മകളുടെ നേർപതിപ്പു തന്നെയായിരുന്നു ഭാര്യ ദേവകി വാര്യർ. സാമൂഹ്യ പരിഷ്കരണപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന ആര്യാ പള്ളത്തിന്റെ മകളായിരുന്നു ദേവകി. സിപിഐ എമ്മിന്റെയും പുരോഗമന മഹിളാ പ്രസ്ഥാനത്തിന്റെയും നേതാക്കളിലൊരാളായി ഉയർന്ന അവർ വൈദ്യവിദ്യാഭ്യാസം പാതി വഴിയിൽ ഉപേക്ഷിച്ചു. മഹിളാ പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം വരെയെത്തിയ അവർ തിരുവനന്തപുരം കോർപറേഷൻ കൌൺസിലറുമായിരുന്നു. പട്ടാമ്പി മണ്ഡലത്തിൽ നിന്നും അവർ നിയമസഭയിലേക്കും മൽസരിച്ചു. വാര്യർ ഡോക്ടർ മണിപ്പാലിൽ പ്രവർത്തിക്കുമ്പോൾ ദേവകി വാര്യർ മഹിളാപ്രസ്ഥാനത്തിന്റെ കർണാടക സംസ്ഥാന പ്രസിഡന്റ് ആയും പ്രവർത്തിച്ചു.


വേറിട്ടൊരു ഡോക്ടർ

വാക്കുകൾക്ക് വരച്ചെടുക്കാനാകാത്ത പ്രതിഭാസമായിരുന്നു വാര്യർ ഡോക്ടർ. ആതുരസേവനം പണമുണ്ടാക്കുന്നതിനുള്ള മാർഗം മാത്രമായി കാണുന്ന സമകാലിക ജീവിതത്തിൽ നിന്നും ഡോ. വാര്യർ മാറിനടന്നു. തന്റേതായ തന്റേടത്തോടെ. വിശ്വസിച്ച പ്രത്യയശാസ്ത്ര നിലപാടുകളിൽ നിന്നും അണുകിട വ്യതിചലിക്കാൻ അദ്ദേഹം തയ്യാറായില്ല. കമ്യൂണിസത്തിലുള്ള വിശ്വാസം ഭാവിപോലും അനിശ്ചിതത്വത്തിലാക്കുമെന്ന സ്ഥിതി വന്നിട്ടും മറ്റൊന്ന് ചിന്തിക്കാനുണ്ടായില്ല. ശരി മാത്രം ചിന്തിക്കാനും ശരിയിൽ ഉറച്ചുനിന്ന് പ്രവർത്തിക്കാനും ജീവിതകാലം മുഴുവൻ ധൈര്യം നൽകിയത് കർക്കശമായ ഈ നിലപാടുകളായിരുന്നു.

മദിരാശി സംസ്ഥാന ആരോഗ്യ വകുപ്പിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന പിതാവ് ഡോ. പി കെ വാര്യർക്ക് ഇടക്കിടെ സ്ഥലം മാറ്റം ഉണ്ടായിരുന്നതിനാൽ പല സ്ഥലങ്ങളിലുമായാണ് കുടുംബം താമസിച്ചത്. വീട്ടിൽ ട്യൂഷൻ മാസ്‌റ്റ്റെ വെച്ചാണ് വാര്യർക്കും സഹോദരങ്ങൾക്കും ആദ്യകാലത്ത് വിദ്യാഭ്യാസം നൽകിയത്. പി എൻ എന്ന പേരായിരുന്നു ട്യൂഷൻ മാസ്‌റ്റർക്ക്. പി എൻ എന്നറിയപ്പെട്ട പി നാരായണൻ നായർ പിന്നീട് കെപിസിസി സെക്രട്ടറി, മാതൃഭൂമി പത്രാധിപർ, ദേശാഭിമാനി പത്രാധിപർ എന്നീ നിലകളിലും പ്രവർത്തിച്ചു. ഇ എം എസും എ കെ ജി യും ഒക്കെ രാഷ്ട്രീയ വിദ്യാഭ്യാസം പകർന്നു നൽകിയെങ്കിലും പി എൻ ആണ് വാര്യരുടെയും സഹോദങ്ങുടെയും മനസ്സിൽ രാഷ്ട്രീയത്തിന്റെ വിത്തുപാകിയത്.

ഒമ്പതാം ക്ളാസിൽ പഠിക്കുമ്പോൾ സഹോദരി ജാനകിയോടൊപ്പം കോൺഗ്രസ് യോഗത്തിൽ പങ്കെടുത്തതാണ് ജീവിതത്തിലെ ആദ്യ രാഷ്ട്രീയപ്രവർത്തനം. 1936 ലെ തെരഞ്ഞെടുപ്പിനു മുമ്പുള്ള പൊതുയോഗമായിരുന്നു അത്. കോഴിക്കോട് സാമൂതിരി കോളേജിൽ ഇന്റർമീഡിയറ്റിന് പഠിക്കുമ്പോൾ കോൺഗ്രസ് അംഗമായി. 17-ആം വയസ്സിൽ കോട്ടക്കൽ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തു. അന്ന് വാര്യരെയും കൂട്ടി സമ്മേളനത്തിനു പോയ സഹോദരി ജാനകി പിന്നീട് ഗാന്ധിജിയോടൊപ്പം പ്രവർത്തിച്ചു.

മദ്രാസ് മെഡിക്കൽ കോളേജിൽ എംബിബിഎസിന് പഠിക്കുന്നതിനിടെയാണ് വിദ്യാർഥി സംഘടനാ പ്രവർത്തനവുമായി വാര്യർ ബന്ധപ്പെടുന്നത്. മികവുറ്റ പ്രവർത്തനങ്ങളിലൂടെ വിദ്യാർഥി ഫെഡറേഷന്റെ നേതൃസ്ഥാനത്തേക്കുയർന്ന അദ്ദേഹം 1944ൽ മദിരാശി കമ്യൂണിസ്‌റ്റ് പാർടിയിൽ അംഗമായി. 1942ൽ ബംഗാൾ യുദ്ധത്തിന്റെ ഫലമായി ക്ഷാമവും രോഗങ്ങളും പടർന്നുപിടിച്ചു. ഇതിനെ പ്രതിരോധിക്കാൻ വൈദ്യവിദ്യാർഥികളുടെ സംഘം യാത്രതിരിച്ചു. പാർടി നിർദ്ദേശപ്രകാരം സംഘത്തിന് നേതൃത്വം നൽകിയത് പി കെ ആർ വാര്യരായിരുന്നു. 1945ൽ കണ്ണൂരിലും പരിസരപ്രദേശങ്ങളിലും വസൂരി പടർന്നുപിടിച്ചപ്പോൾ മദിരാശിയിൽ നിന്നെത്തിയ സംഘത്തിലും വാര്യർ അംഗമായിരുന്നു.

1943ൽ മെഡിക്കൽ കോളേജിൽ വിദ്യാർഥികൾക്ക് ആവശ്യമായ സൌകര്യങ്ങൾക്ക് വേണ്ടി വിദ്യാർഥി ഫെഡറേഷൻ നടത്തിയ സമരങ്ങൾക്ക് നേതൃത്വം നൽകി. ഹോസ്‌റ്റൽ ബസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് 22 കാളവണ്ടികൾ പങ്കെടുത്ത ഘോഷയാത്രയാണ് വാര്യരുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തത്. പുതിയ രീതിയിലെ സമരമുറ അധികാരികളുടെ കണ്ണു തുറപ്പിക്കാൻ ഉതകുന്നതായിരുന്നു. സൌത്ത് ഇന്ത്യൻ റെയിൽവെ തൊഴിലാളികൾ അക്കാലത്ത് നടത്തിയ പ്രക്ഷോഭത്തിന് പിന്തുണ നൽകി പ്രചാരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. 1945ൽ ആദ്യമായി മദിരാശി വിദ്യാർഥി ഫെഡറേഷൻ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. പി കെ ആർ വാര്യരായിരുന്നു സ്ഥാനാർഥി. 1946 ജൂൺ 24ന് സഹപ്രവർത്തക ദേവകി പള്ളവുമായുള്ള വിവാഹം നടന്നു.

മദ്രാസ് മെഡിക്കൽ കോളേജിൽ അനാട്ടമി വിഭാഗം ട്യൂട്ടറായി 1946 ജൂലായ് 17 നാണ് പികെ ആർ വാര്യരുടെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1947ൽ ദൽഹിയിൽ ചേർന്ന എഐഎസ്എഫ് ദേശീയസമ്മേളനത്തിൽ പ്രതിനിധിയായി. കോയമ്പത്തൂർ ജില്ലാ ആശുപത്രിയിൽ ജോലിചെയ്യുന്നതിനിടെ 1952ൽ പിരിച്ചു വിടപ്പെട്ടു. സി രാജഗോപാലാചാരി മുഖ്യമന്ത്രി ആയതിനെത്തുടർന്ന് കമ്യൂണിസ്‌റ്റുകാരെ ഒന്നടങ്കം സർവീസിൽ നിന്നും പിരിച്ചുവിടുകയായിരുന്നു. പി കെ ആർ വാര്യരടക്കം എട്ടുപേരെയാണ് മദിരാശി സംസ്ഥാനത്ത് ഇക്കാരണത്താൽ പിരിച്ചു വിട്ടത്. ശക്തമായ പ്രതിഷേധമുണ്ടായതിനെത്തുടർന്ന് 54 ൽ തിരിച്ചെടുത്തു.

ഫോർട് കൊച്ചി ആശുപത്രിയിൽ കുറേക്കാലം ആർഎംഒ ആയി സേവനമനുഷ്ഠിച്ചു. ഇക്കാലത്ത് നാടകപ്രവർത്തനങ്ങളിലും സജീവമായി. 1959ൽ ഇംഗ്ളണ്ടിൽ തൊറാസിക് സർജറി പരിശീലനത്തിന് പോകാനുള്ള അപേക്ഷ സർക്കാർ അംഗീകരിച്ചു. ഇംഗ്ളണ്ടിലെ റോയൽ കോളേജ് ഓഫ് സർജൻസിൽ നിന്ന് 1960ൽ എഫ്ആർസിഎസ് കരസ്ഥമാക്കി. ഇംഗ്ളണ്ടിലെ പഠനത്തിനിടെ ബ്രിട്ടിഷ് കമ്യൂണിസ്‌റ്റ് പാർടിയിലും അംഗത്വം നേടി. 1964ൽ ഇന്ത്യൻ കമ്യൂണിസ്‌റ്റ് പാർടി പിളർന്നപ്പോൾ പാർടി അംഗമല്ലെങ്കിലും സിപിഐ എമ്മിനൊപ്പം ഉറച്ചുനിന്നു. 1948-51 കാലത്ത് നഷ്ടപ്പെട്ട പാർടി കാർഡ് തിരിച്ചു കിട്ടിയിരുന്നില്ല. സർക്കാർ സർവീസിലായതിനാൽ മെമ്പർഷിപ്പും പുതുക്കിയിരുന്നില്ല. ഇക്കാലത്ത് ഇന്ത്യൻ സ്കൂൾ ഓഫ് സോഷ്യൽ സയൻസിന്റെ പ്രവർത്തക സമിതിയിലും മുഖ്യ സംഘാടകനായും പ്രവർത്തിച്ചു.

1969ൽ ഇ എം എസിനെ ചികിൽസക്കായി ബർലിനിൽ അയച്ചപ്പോൾ പാർടി നിർദ്ദേശപ്രകാരം വാര്യരും അനുഗമിച്ചു. മൂന്നു പതിറ്റാണ്ടു കാലത്തെ സർക്കാർ ആശുപത്രികളിലെ ആതുരസേവനത്തിനുശേഷം 1977 ഏപ്രിൽ 30 ന് വിരമിച്ചു. പിന്നീട് മണിപ്പാലിലും കണ്ണൂർ എ കെ ജി ആശുപത്രിയിലും പ്രവർത്തിച്ചു. ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച ശേഷം കുറച്ചുകാലം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എമിരേറ്റഡ് പ്രൊഫസർ ആയി പ്രവർത്തിച്ചു. പത്താം പാർടി കോൺഗ്രസിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിലും 1978 ൽ ജലന്ധറിൽ ചേർന്ന പാർടി കോൺഗ്രസിലും വാര്യരും ദേവകിയും പ്രതിനിധികളായിരുന്നു. 11-ആം പാർടി കോഗ്രസിന്റെ ഭാഗമായുള്ള കർണാടക സംസ്ഥാന സമ്മേളനത്തിലും ഇരുവരും പ്രതിനിധികളായിരുന്നു. മണിപ്പാലിൽ ജോലി ചെയ്യുമ്പോഴായിരുന്നു ഇത്.

കമ്യൂണിസ്‌റ്റ് മൂല്യങ്ങളിൽ ഉറച്ചുനിന്ന ജനകീയ ഡോക്ടർ: പിണറായി

കമ്യൂണിസ്‌റ്റ് മൂല്യങ്ങളിൽ അടിയുറച്ച് ജീവിതാന്ത്യംവരെ പ്രവർത്തിച്ച ആതുരസേവകനായിരുന്നു ഡോ. പി കെ ആർ വാര്യരെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ അനുസ്മരിച്ചു. വൈദ്യവൃത്തിയെ എങ്ങനെ മാനവികമുഖമുള്ളതാക്കാമെന്ന് ജീവിതത്തിലൂടെ കാണിച്ചുതരികയാണ് ഡോ. വാര്യർ ചെയ്തത്. ഒരേസമയം മികച്ച ഡോക്ടറായും മികച്ച രാഷ്ട്രീയപ്രവർത്തകനായും സമൂഹത്തെ സേവിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അമൂല്യമായ സാന്നിധ്യത്തെയാണ് അദ്ദേഹത്തിന്റെ വേർപാടിലൂടെ പുരോഗമനപ്രസ്ഥാനത്തിന് നഷ്ടമാകുന്നത്.

സ്കൂൾ, കോളേജ് വിദ്യാർഥിയായിരിക്കെ കോൺഗ്രസ് പ്രവർത്തനം തുടങ്ങിയ ഡോ. വാര്യർ 1940കളിൽ മദിരാശിയിൽ വൈദ്യപഠനം നടത്തുന്ന കാലത്താണ് സജീവമായി രാഷ്ട്രീയപ്രവർത്തനത്തിൽ ഇടപെടുന്നത്. സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായ ഡോ. വാര്യർ, വിദ്യാർഥി ഫെഡറേഷന്റെയും കമ്യൂണിസ്‌റ്റ് പാർടിയുടെയും മുഖ്യസംഘാടകനും നേതാവുമായി മാറി. 1942ൽ ക്ഷാമകാലത്ത് പടർന്നുപിടിച്ച പകർച്ചവ്യാധി പ്രതിരോധിക്കാനായി ബംഗാളിലേക്ക് പുറപ്പെട്ട വൈദ്യവിദ്യാർഥികളുടെ സംഘത്തിന്റെ തലവനായിരുന്നു ഡോ. വാര്യർ. 1945ൽ കണ്ണൂരിൽ വസൂരി പടർന്നപ്പോഴും അദ്ദേഹത്തിന്റെ നേതൃത്വത്തിലെത്തിയ വൈദ്യസംഘമായിരുന്നു പ്രതിരോധപ്രവർത്തനത്തിന് ചുക്കാൻപിടിച്ചത്.

മദിരാശിയിൽ അക്കാലത്ത് നടന്ന തൊഴിലാളിസമരങ്ങൾക്ക് വിദ്യാർഥികളെ സംഘടിപ്പിച്ച് പിന്തുണ നൽകി. കമ്യൂണിസ്‌റ്റ് ബന്ധം തന്റെ വ്യക്തിജീവിതത്തിനും ഔദ്യോഗിക ജീവിതത്തിനും ആപൽക്കരമായി മാറിയ കാലത്തും പ്രത്യയശാസ്ത്രദാർഢ്യം കൈവിടാതെ അദ്ദേഹം മാതൃക കാണിച്ചു. കേരളത്തിലെ ഔദ്യോഗികജീവിതം പൂർണമായും പാവങ്ങൾക്കുവേണ്ടി സമർപ്പിക്കുകയായിരുന്നു അദ്ദേഹം. തിരിച്ചടികളെ സമചിത്തതയോടെ നേരിട്ട് അന്ത്യംവരെ പ്രത്യയശാസ്ത്രം മുറുകെ പിടിച്ച വാര്യരുടെ ജീവിതം ഏവർക്കും മാതൃകയാണെന്ന് പിണറായി അനുസ്മരിച്ചു.

2 comments:

വര്‍ക്കേഴ്സ് ഫോറം said...

'അപ്പു ഇപ്പോൾ പ്രലോഭനങ്ങളും ദൌർബല്യങ്ങളും നിറഞ്ഞ ഒരു ലോകത്തിലേക്ക് കാലുകുത്തുകയാണ്. രോഗികളുടെ ദീനരോദനങ്ങളിൽ നിന്നും ലാഭം കൊയ്യാതിരിക്കുക'....... എംബിബിഎസ് നേടിയതറിഞ്ഞപ്പോൾ ഡോ. പി കെ ആർ വാര്യർക്ക് അദ്ദേഹത്തിന്റെ അച്ഛൻ എഴുതിയ കത്തിലെ വരികളാണിത്. സമാന സ്വഭാവം തന്നെയായിരുന്നു അമ്മയുടെ കത്തിനും. അതിങ്ങനെയായിരുന്നു 'അപ്പു ഇന്ന് അച്ഛന്റെ പാരമ്പര്യം ഏറ്റെടുക്കുകയാണ്. ആ മഹാൻ എക്കാലവും പുലർത്തിപ്പോന്ന ധാർമികമൂല്യം ഏറ്റെടുത്ത് പതറാതെ മുന്നേറുക.' ജീവിതാന്ത്യം വരെ ഡോ. പി കെ ആർ വാര്യർ കാത്തുസുക്ഷിച്ച വാക്കുകൾ ഇവയായിരുന്നു. ഇന്ത്യയിലെ തന്നെ മികച്ച തൊറാസിക് സർജന്മാരിൽ ഒരാളായ അദ്ദേഹത്തിന് ജീവിതത്തിൽ മാർഗദർശനം നൽകിയത് ഈ വാക്കുകളും പിതാവിന്റെ ആദർശനിഷ്ഠമായ പ്രവൃത്തികളുമായിരുന്നു. ജീവിതത്തിൽ കൂടുതൽ സമയവും അദ്ദേഹം പാവപ്പെട്ട രോഗികളോടൊപ്പം ചെലവഴിച്ചു. അതിനദ്ദേഹം കണ്ടെത്തിയ വഴി സർക്കാർ ആശുപത്രികളിൽ മാത്രം ജോലിചെയ്യുക എന്നതായിരുന്നു. ആതുരസേവനജീവിതത്തിന്റെ സിംഹഭാഗവും സർക്കാർ സർവീസിൽ കഴിച്ചു കൂട്ടി. സ്വകാര്യ പ്രാക്ടീസ് പൂർണമായും ഒഴിവാക്കി.

Pradeep Narayanan Nair said...

കൃത്യ നിഷ്ഠ, മാതൃകാപരമായ നേതൃത്വം, സേവനം തുടങ്ങിയ ജീവിതത്തിന്റെ ഭാഗമാക്കി സൂക്ഷിച്ച ഹൃദയത്തിന്റെ ഭിഷഗ്വരന് ...
ആദരാഞ്ജലികള്‍ !