Saturday, March 12, 2011

സമൃദ്ധിയുടെ പച്ചപ്പിലേക്ക്

കേന്ദ്രസര്‍ക്കാരിന്റെ ഇറക്കുമതിനയവും യുഡിഎഫ് സര്‍ക്കാരിന്റെ പിടിപ്പുകേടും സൃഷ്ടിച്ച വിലത്തകര്‍ച്ചയും കടക്കെണിയും കര്‍ഷക ആത്മഹത്യയും അഭിമുഖീകരിച്ചാണ് ഇടതുപക്ഷ സര്‍ക്കാര്‍ 2006ല്‍ അധികാരത്തിലെത്തുന്നത്. ആശയറ്റ കര്‍ഷക കുടുംബങ്ങളുടെ തീ പുകയാത്ത അടുപ്പുകള്‍ സര്‍ക്കാരിന്റെ മുന്നില്‍ ചോദ്യചിഹ്നമായി. ഈ അവസ്ഥയില്‍നിന്നാണ് കര്‍ഷക ആത്മഹത്യയില്ലാത്ത, കാര്‍ഷിക ഉല്‍പ്പാദനം പതിന്മടങ്ങ് വര്‍ധിപ്പിച്ച, ഉല്‍പ്പന്നങ്ങള്‍ക്ക് നല്ല വില ലഭിക്കുന്ന സംസ്ഥാനമായി കേരളത്തെ അഞ്ചുവര്‍ഷംകൊണ്ട് മാറ്റിയെടുത്തത്. കാര്‍ഷിക മേഖലയുടെ പ്രധാന ശക്തി കര്‍ഷകരാണെന്ന് തിരിച്ചറിഞ്ഞുള്ള വികസനനയമാണ് സംസ്ഥാനത്തെ കരകയറ്റിയത്.

രാജ്യത്ത് ആദ്യമായി കാര്‍ഷിക കടാശ്വാസ നിയമം പാസാക്കി കേരളം സ്വീകരിച്ച നടപടികളാണ് കര്‍ഷക ആത്മഹത്യ ഇല്ലാതാക്കിയത്. ആത്മഹത്യചെയ്ത കൃഷിക്കാരുടെ കടം എഴുതിത്തള്ളിയതിലൂടെ തൊള്ളായിരത്തോളം കുടുംബങ്ങള്‍ക്കാണ് ആശ്വാസം പകര്‍ന്നത്. 25,000 രൂപ വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളിയതിലൂടെ 42,213 പേര്‍ക്ക് പ്രയോജനം ലഭിച്ചു. ആത്മഹത്യചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ സമാശ്വാസം നല്‍കിയും മറ്റ് ക്ഷേമപ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചുമാണ് ഇവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

ഈ കാലയളവില്‍ കാര്‍ഷിക മേഖലയ്ക്കായി പ്രത്യേക കേന്ദ്രസഹായം നേടിയെടുക്കാന്‍ സര്‍ക്കാര്‍ നിരന്തരം ശ്രമിച്ചതിന്റെ ഫലമായി വയനാട്, പാലക്കാട്, കാസര്‍കോട്, ഇടുക്കി, ആലപ്പുഴ ജില്ലകള്‍ക്കായി പ്രത്യേക പാക്കേജുകള്‍ അനുവദിച്ചു. നെല്ലിന് രാജ്യത്ത് ഏറ്റവും വലിയ സംഭരണവില നല്‍കിയും കേരളം മാതൃകയായി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 7 രൂപയായിരുന്ന സംഭരണവില ഇന്ന് 14 രൂപയാണ്.

കര്‍ഷകര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തിയ നടപടി രാജ്യത്തിനുതന്നെ മാതൃകയായി. 25,000ല്‍ അധികം പേര്‍ക്കാണ്് പെന്‍ഷന്‍ ലഭിക്കുന്നത്. നെല്‍കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ, ഇന്‍ഷുറന്‍സ് പരിരക്ഷ, ഇതിനു പുറമെ കര്‍ഷകര്‍ക്കും ആശ്വാസവും പ്രതീക്ഷയും നല്‍കുന്ന നിരവധി പദ്ധതികളും നടപ്പാക്കി. പ്രീമിയം 250ല്‍ നിന്ന് 100 രൂപയാക്കിയാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പാക്കിയത്. കേരശ്രീ സമഗ്ര നാളികേര വികസന പദ്ധതി, കുട്ടനാടിന്റെ നെല്ലുല്‍പ്പാദനത്തിന് നടപ്പാക്കിയ 2.5 കോടിയുടെ പദ്ധതി, യന്ത്രവല്‍ക്കരണത്തിനുള്ള 1.5 കോടിയുടെ പദ്ധതി എന്നിവയും ഏറെ പ്രശംസ നേടി. വേനല്‍മഴയില്‍ കൃഷിനാശം സംഭവിച്ചവര്‍ക്ക് ഹെക്ടറിന് 1000 രൂപ വീതമാണ് ധനസഹായം നല്‍കിയത്. മൊത്തം 25 കോടിയുടെ ദുരിതാശ്വാസം അനുവദിച്ചു.

പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതികള്‍ വന്‍ വിജയമായി. ജൈവ പച്ചക്കറി കൃഷി, തരിശുഭൂമിയിലെ പച്ചക്കറികൃഷി, തേനുല്‍പ്പാദനം തുടങ്ങിയ അനുബന്ധ മേഖലകളും ഇതില്‍പ്പെടുന്നു. തലസ്ഥാനത്ത് കര്‍ഷകര്‍ക്ക് താമസ സൌകര്യം ഒരുക്കാന്‍ ഉദ്ദേശിച്ചുള്ള കര്‍ഷകഭവനം സ്ഥാപിച്ചു. കൊച്ചി വിമാനത്താവളത്തില്‍ 5800 ലക്ഷം രൂപ ചെലവ് വരുന്ന പെരിഷബിള്‍ കാര്‍ഗോ കോംപ്ളക്സ് നിര്‍മാണത്തിലാണ്. ഇത് പൂര്‍ത്തിയായാല്‍ പുഷ്പ ഫല സസ്യങ്ങളുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിപണിയും കയറ്റുമതികേന്ദ്രവും സജ്ജമാകും.

കര്‍ഷകരില്‍നിന്ന് പരമാവധി ഉല്‍പ്പന്നങ്ങള്‍ വാങ്ങി ന്യായവിലയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഹോര്‍ട്ടികോര്‍പ് വന്‍ വിജയമായി. ഹോര്‍ട്ടികോര്‍പിലൂടെയുള്ള പച്ചക്കറി സംഭരണത്തിലും വിതരണത്തിലും 110 ശതമാനം വര്‍ധനയാണ് ഉണ്ടായത്. വിലക്കയറ്റവേളകളില്‍ കോര്‍പറേഷന്റെ ഇടപെടല്‍ ലക്ഷങ്ങള്‍ക്കാണ് ആശ്വാസം പകര്‍ന്നത്.

നൂറുമേനിയുടെ പൊന്‍കതിര്‍

കാര്‍ഷികസമൃദ്ധിയിലേക്കുള്ള മടങ്ങിപ്പോക്കിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളം കണ്ടത്. നെല്‍കൃഷി ജനകീയ ഉത്സവമായി മാറുന്ന കാഴ്ച. നഷ്ടം കാരണം നെല്‍കൃഷി ഉപേക്ഷിച്ച ആയിരക്കണക്കിന് കര്‍ഷകരാണ് വീണ്ടും കൃഷിയിലേക്ക് മടങ്ങിയത്. അതിനുപിന്നില്‍ സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതിഫലനമുണ്ടായിരുന്നു. നെല്‍കൃഷിക്കും കര്‍ഷകര്‍ക്കുംവേണ്ടി നടപ്പാക്കിയ പുതിയ പദ്ധതികളിലൂടെ നെല്‍വയലുകള്‍ നൂറുമേനിയുടെ കതിരണിഞ്ഞു. തരിശുകിടന്ന 60,000 ഏക്കര്‍ സ്ഥലത്താണ്് കൂട്ടായ്മയുടെ കരുത്തില്‍ നെല്‍കൃഷി യാഥാര്‍ഥ്യമായത്. ആയിരത്തിലധികം ഹെക്ടര്‍ കരഭൂമിയലും നെല്ലുവിളഞ്ഞു.

2008-09 വര്‍ഷം 13,000 ഹെക്ടര്‍ ഭൂമിയിലാണ് പുതുതായി നെല്‍ക്കൃഷി ആരംഭിച്ചത്. 2007-08ല്‍ 2,28,938 ഹെക്ടറിലായിരുന്നു കേരളത്തില്‍ നെല്‍ക്കൃഷിയുണ്ടായിരുന്നത്. അടുത്ത വര്‍ഷം അത് 2,72,688 ഹെക്ടറായി വര്‍ധിച്ചു. നെല്ലുല്‍പ്പാദനം 5,28,488 ടണ്‍ ആയിരുന്നത് 10,34,746.64 ടണ്ണായി വര്‍ധിച്ചു. നെല്‍ക്കൃഷി വിസ്തൃതിയിലുണ്ടായ വര്‍ധന 43,750 ഹെക്ടറും ഉല്‍പ്പാദനത്തിലുണ്ടായ വര്‍ധന 5,06,258.64 ടണ്ണുമാണ്. 2008-09ല്‍ നെല്‍ക്കൃഷിക്കു മാത്രമായി 93.01 കോടി രൂപയാണ് പഞ്ചായത്തുകള്‍ ചെലവിട്ടത്. 2009-10ല്‍ 189.80 കോടിയും ചെലവഴിച്ചു. തൃശൂര്‍ ജില്ലയിലെ കോള്‍നിലങ്ങളില്‍ നെല്ലുല്‍പ്പാദനത്തിനായി 173.64 ലക്ഷം രൂപയാണ് അനുവദിച്ചത്.

വിദ്യാലയങ്ങള്‍ക്കടുത്തുള്ള നെല്‍വയലുകളില്‍ കൃഷിചെയ്യാന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനം നല്‍കി. നൂറോളം സ്കൂളുകളിലാണ് നെല്‍കൃഷി ആരംഭിച്ചത്. കണ്ണൂര്‍ ജില്ലയില്‍ രണ്ടര പതിറ്റാണ്ടായി തരിശുകിടന്ന ഉപ്പുപാടങ്ങളും ആലപ്പുഴയിലെ കരിനിലങ്ങളും 15 വര്‍ഷമായി കൃഷിയിറക്കാതിരുന്ന പുതുപ്പറമ്പ, കാട്ടാമ്പള്ളി പാടശേഖരം, ഓണാട്ടുകരയിലെ തഴക്കരപ്പുഞ്ച, ചാവക്കാട് മത്തിക്കായല്‍ തുടങ്ങിയവ ഇന്ന് ഹരിതാഭമാണ്. നെല്ല് സംസ്കരണത്തിന് ആലത്തൂര്‍, തകഴി, വൈക്കം എന്നിവിടങ്ങളില്‍ ആധുനിക റൈസ്മില്‍ പ്രവര്‍ത്തനം തുടങ്ങി. തരിശു ഭൂമി കൃഷിയോഗ്യമാക്കുന്നതിന് ദേശീയ തൊഴിലുറപ്പ് പദ്ധതി, കൃഷി ഉത്സവമാക്കിയ സുവര്‍ണ കേരളം പദ്ധതി, എല്ലാവരും പാടത്തേക്ക് പദ്ധതി എന്നിവയും ഈ കാലയളവില്‍ നടപ്പായി.

കാര്‍ഷികയജ്ഞങ്ങള്‍ക്ക് തുടര്‍ച്ച വേണം

കാര്‍ഷികമേഖലയില്‍ ഏറ്റവും വലിയ ശക്തികേന്ദ്രം കര്‍ഷക സമൂഹമാണെന്ന ഉള്‍കാഴ്ചയോടെയുള്ള വികസനപദ്ധതികള്‍ക്ക് ഇന്ത്യയില്‍ ആദ്യമായി തുടക്കംകുറിച്ചതാണ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ ഏറ്റവും വലിയ നേട്ടമെന്ന് കൃഷി ശാസ്ത്രജ്ഞനും മുന്‍ കാര്‍ഷികോല്‍പ്പാദനകമീഷണറുമായ ആര്‍ ഹേലി വിലയിരുത്തുന്നു. ഇന്ത്യ ഏറ്റവും കൂടുതല്‍ വേദനിച്ച കര്‍ഷക ആത്മഹത്യ കേരളത്തില്‍ പൂര്‍ണമായി ഇല്ലാതാക്കാനായത് ഇതിന്റെ ഫലമായാണ്. സ്വാതന്ത്യ്രംലഭിച്ച് അറുപതുവര്‍ഷമായെങ്കിലും ആദ്യമായാണ് കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന പദ്ധതി യാഥാര്‍ഥ്യമായത്. ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും കേരളത്തിനുള്ളതാണ്. പദ്ധതി ഇതിനകം 25,000 കൃഷിക്കാര്‍ക്ക് ഗുണം ചെയ്തു.

ചെറുകിട കര്‍ഷകരുടെ ശാക്തീകരണമെന്ന ഇന്ത്യയിലെ സാമ്പത്തിക ശാസ്ത്രജ്ഞരുടേയും കൃഷി ശാസ്ത്രജ്ഞരുടേയും ആവശ്യത്തിന് പ്രായോഗിക രൂപം നല്‍കുന്ന നടപടിയാണ്.
കര്‍ഷകര്‍ക്കുള്ള ഇന്‍ഷുറന്‍സും കേരളം യാഥാര്‍ഥ്യമാക്കി. മാത്രമല്ല ചെറുകിട കര്‍ഷകര്‍ നല്‍കേണ്ട പ്രീമിയം സര്‍ക്കാരില്‍നിന്നാണ് ലഭ്യമാക്കുന്നത്. ഇതും ഇന്ത്യന്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ ഒരുസ്വപ്നസാക്ഷാത്കാരമായി വിശേഷിപ്പിക്കപ്പെടാം. അഞ്ചുവര്‍ഷത്തിനുള്ളില്‍ നെല്ലിന്റെ താങ്ങ്വില ഏഴില്‍നിന്ന് 14 രൂപയാക്കി വര്‍ധിപ്പിക്കുകവഴി കൃഷിക്കാര്‍ക്ക് രണ്ടുരീതിയിലാണ് ഗുണം ലഭിച്ചത്. കൂടുതല്‍ വില ലഭിക്കുന്നു എന്ന് മാത്രമല്ല നെല്ല് നല്‍കി രണ്ടാഴ്ചയ്ക്കകം സിവില്‍ സപ്ളൈസ് ഡിപ്പാര്‍ട്മെന്റില്‍നിന്ന് നേരിട്ട് പണം നല്‍കുന്നതുവഴി ഈ രംഗത്ത് അഴിഞ്ഞാടിയിരുന്ന അഴിമതി പൂര്‍ണമായും ഒഴിവാക്കാനും കഴിഞ്ഞു.

25 വര്‍ഷമായി തരിശുകിടന്ന ഭൂമിയിലേക്ക് വീണ്ടും നെല്‍കൃഷി നടപ്പാക്കാനായത് കൃഷി ശാസ്ത്രജ്ഞരെപ്പോലും അത്ഭുതപ്പെടുത്തിയ ജനകീയ മുന്നേറ്റമായിരുന്നു. പലിശ രഹിത വായ്പ, യന്ത്രവല്‍ക്കരണം തുടങ്ങിയവയെല്ലാം പഞ്ചായത്തുകള്‍ വഴി കൃഷിക്കാര്‍ക്ക് ലഭ്യമാക്കിയപ്പോള്‍ 60,000 ഏക്കര്‍ സ്ഥലത്താണ് വീണ്ടും നെല്‍കൃഷി യാഥാര്‍ഥ്യമായത്. ഒരുപക്ഷേ അഞ്ചുലക്ഷം ഹെക്ടര്‍ സ്ഥലത്ത് സ്ഥിരമായി നെല്‍കൃഷി നടത്തണമെന്ന ലക്ഷ്യത്തിലേക്കു കടന്നുചെല്ലാന്‍ വമ്പിച്ച ആത്മവിശ്വാസം കൃഷിക്കാര്‍ക്ക് മാത്രമല്ല ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥ സംവിധാനത്തിനും ഇതുനല്‍കിയിരിക്കുന്നു.

കുട്ടനാട്, ഇടുക്കി പാക്കേജുകള്‍, പച്ചക്കറി കൃഷിക്കും ക്ഷീര വികസനത്തിനുമുള്ള പദ്ധതികള്‍ ഇവയെല്ലാം കേരളത്തിലെ കര്‍ഷകര്‍ക്കും കൃഷിയോട് ബന്ധപ്പെട്ട വിവിധ ഏജന്‍സികളില്‍ പണിയെടുക്കുന്നവര്‍ക്കും ഏറെ ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. പക്ഷേ, ഈ യജ്ഞങ്ങള്‍ക്ക് തുടര്‍ച്ച വേണം. അതു കൃഷിക്കാരുടെ ആവശ്യമാണ്. ജനങ്ങളോട് അവര്‍ ആവശ്യപ്പെടുന്നതും അതുതന്നെ. അല്ലെങ്കില്‍ കാര്‍ഷികരംഗം ഒരുപക്ഷേ വീണ്ടും തളര്‍ന്നുവീഴും.

കടക്കെണിയുടെ ആശങ്കയില്ലാതെ...

വായ്പയെടുത്ത് കൃഷിചെയ്യുന്നതില്‍ ബിജുവിന് ആശങ്കയൊന്നുമില്ല. പലിശ സര്‍ക്കാര്‍ വഹിക്കും. ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് കിലോയ്ക്ക് 14 രൂപ നല്‍കി സര്‍ക്കാര്‍ വാങ്ങുകയും ചെയ്യും. അതുകൊണ്ട് വായ്പ തിരിച്ചടയ്ക്കാനാകുമെന്നു മാത്രമല്ല മാന്യമായി ജീവിക്കാനും കഴിയുമെന്ന് ഉറപ്പുണ്ട്. 'എല്‍ഡിഎഫ് സര്‍ക്കാര്‍ പലിശരഹിത വായ്പ തന്നതുകൊണ്ട് കൃഷിചെയ്യാന്‍ ഉത്സാഹവും താല്‍പ്പര്യവും ഉണ്ടായി'- ആയിരക്കണക്കിനു കര്‍ഷകരുടെ ആത്മവിശ്വാസമാണ് ബിജുവിന്റെ ഈ വാക്കുകള്‍.

കഴിഞ്ഞ കാലങ്ങളില്‍ കാര്‍ഷികവായ്പ എടുത്ത് പലിശയും കൂട്ടുപലിശയുമായി കടക്കെണിയില്‍പ്പെട്ട് ആത്മഹത്യയില്‍ അഭയം തേടേണ്ടി വന്ന നൂറുകണക്കിനു കര്‍ഷകരുടെ ചിത്രം മറക്കാറായിട്ടില്ല.

യുവകര്‍ഷകനായ തത്തമംഗലം നാവുക്കോട്കളത്തില്‍ ബിജുവിനെപ്പോലെ ധാരാളം പേര്‍ക്ക് കൃഷിചെയ്യാന്‍ പ്രചോദനവും പ്രോത്സാഹനവുമായത് എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ രംഗത്ത് നടത്തിയ ഇടപെടലാണ്.

രണ്ടേക്കറിലെ നെല്‍ക്കൃഷിയാണ് ബിജുവിന്റെ ജീവിതമാര്‍ഗം. ഏക്കറിന് 12,500 രൂപയാണ് പലിശരഹിതവായ്പ. ബിജു 25,000 രൂപയാണ് വായ്പ എടുത്തത്. എല്‍ഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ ഒരു കിലോ നെല്ലിന് ഏഴു രൂപയായിരുന്നു താങ്ങുവില. അഞ്ചുവര്‍ഷംകൊണ്ട് ഇത് 14 രൂപയാക്കി. നെല്ല് സംഭരിക്കുമെന്ന ഉറപ്പുമുണ്ട്. അതുകൊണ്ടുതന്നെ ബാങ്ക് വായ്പയെക്കുറിച്ച് വേവലാതിയില്ല.

*
ദേശാഭിമാനി 12 മാര്‍ച്ച് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേന്ദ്രസര്‍ക്കാരിന്റെ ഇറക്കുമതിനയവും യുഡിഎഫ് സര്‍ക്കാരിന്റെ പിടിപ്പുകേടും സൃഷ്ടിച്ച വിലത്തകര്‍ച്ചയും കടക്കെണിയും കര്‍ഷക ആത്മഹത്യയും അഭിമുഖീകരിച്ചാണ് ഇടതുപക്ഷ സര്‍ക്കാര്‍ 2006ല്‍ അധികാരത്തിലെത്തുന്നത്. ആശയറ്റ കര്‍ഷക കുടുംബങ്ങളുടെ തീ പുകയാത്ത അടുപ്പുകള്‍ സര്‍ക്കാരിന്റെ മുന്നില്‍ ചോദ്യചിഹ്നമായി. ഈ അവസ്ഥയില്‍നിന്നാണ് കര്‍ഷക ആത്മഹത്യയില്ലാത്ത, കാര്‍ഷിക ഉല്‍പ്പാദനം പതിന്മടങ്ങ് വര്‍ധിപ്പിച്ച, ഉല്‍പ്പന്നങ്ങള്‍ക്ക് നല്ല വില ലഭിക്കുന്ന സംസ്ഥാനമായി കേരളത്തെ അഞ്ചുവര്‍ഷംകൊണ്ട് മാറ്റിയെടുത്തത്. കാര്‍ഷിക മേഖലയുടെ പ്രധാന ശക്തി കര്‍ഷകരാണെന്ന് തിരിച്ചറിഞ്ഞുള്ള വികസനനയമാണ് സംസ്ഥാനത്തെ കരകയറ്റിയത്.