കേരള രാഷ്ട്രീയഹൃദയം ഊഞ്ഞാല്‍ മനസ്സാകുമോ ദൃഢമനസ്സാകുമോ? നിയമസഭാ മത്സരാര്‍ഥികളുടെ അവസാന പട്ടികയായതോടെ ഈ ചോദ്യത്തിന് കനമേറി. ഉത്തരത്തിന് ഫലപ്രഖ്യാപനംവരെ കാത്തിരിക്കേണ്ടവിധം പോരാട്ട വീറിലാണ് സംസ്ഥാനം. പക്ഷേ, ഇതിനകമുള്ള അടിയൊഴുക്കുകള്‍ നല്‍കുന്ന സൂചന ഊഞ്ഞാലാട്ടത്തില്‍നിന്ന് ഇടതുപക്ഷത്തിന് അനുകൂലമായി ദൃഢമനസ്സിലേക്ക് നാട് മാറുമെന്നാണ്. ഒരു തവണ മുന്നോട്ടെങ്കില്‍ അടുത്ത തവണ പിന്നോട്ട് എന്ന ഊഞ്ഞല്‍ രീതിയിലായിരുന്നു സംസ്ഥാനത്ത് പൊതുവില്‍ ഭരണമാറ്റം. അതിന് അറുതി വരുത്തി പുതിയ ചരിത്രം രചിക്കാന്‍ എല്‍ഡിഎഫിന് അനുകൂലമായി കളമൊരുങ്ങുകയാണ്.
കമ്യൂണിസ്റുകാര്‍ക്ക് ഭരിക്കാന്‍ അറിയില്ലെന്നായിരുന്നു 2000 വരെ യുഡിഎഫുകാര്‍ ഘോഷിച്ചത്. എന്നാല്‍ 1996-2001 ലെ നായനാര്‍ സര്‍ക്കാര്‍ ആ അന്ധവിശ്വാസം കാറ്റില്‍ പറത്തി. ഇപ്പോള്‍ വി എസ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കി. മാത്രമല്ല തുടര്‍ഭരണത്തിനുള്ള അന്തരീക്ഷവും ഒരുക്കി. ഭരണം ഇടതുപക്ഷക്കാരെ ഏല്‍പ്പിക്കുന്നതാണ് സംസ്ഥാനത്തിന് നല്ലതെന്ന ചിന്ത വളര്‍ന്നുവെന്നതിന് തെളിവാണ് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നാട് നല്‍കുന്ന വികാരനിര്‍ഭരമായ വരവേല്‍പ്പ്. അതേസമയം യുഡിഎഫിനെ നയിക്കുന്ന ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും തണുപ്പന്‍ സ്വീകരണമാണ് ലഭിക്കുന്നത്.
എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ തമ്മില്‍ മാത്രമല്ല, രണ്ട് നയങ്ങളുടെ ഏറ്റുമുട്ടലുമാണ് ഈ തെരഞ്ഞെടുപ്പ്. എല്‍ഡിഎഫ് ജയിച്ചാല്‍ കേരളം വളരും, യുഡിഎഫ് ജയിച്ചാല്‍ കേരളം തകരും-എന്ന തിരിച്ചറിവിലേക്ക് വോട്ടര്‍മാരെ എത്തിക്കുന്ന പുത്തന്‍ രാഷ്ട്രീയകോളിളക്കങ്ങളാണ് യുഡിഎഫ് ചേരിയില്‍നിന്ന് അടിക്കടിയുണ്ടാകുന്നത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ആരോഗ്യ മന്ത്രിയായിരുന്ന കെ കെ രാമചന്ദ്രന്‍ മാസ്റര്‍ പൊട്ടിക്കരഞ്ഞുകൊണ്ട് വെളിപ്പെടുത്തിയ വിവരങ്ങള്‍ യുഡിഎഫ് പിടിച്ചുനിന്ന വിശ്വാസ്യതയുടെ അവസാനത്തെ കച്ചിത്തുരുമ്പിനെയും ഇല്ലാതാക്കി.
പാമൊലിന്‍ കേസില്‍ പ്രതിപ്പട്ടികയുടെ തുമ്പത്ത് നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയുടെ ഖദര്‍വസ്ത്രത്തില്‍ 256 കോടി രൂപയുടെ ട്രാവന്‍കൂര്‍ ടൈറ്റാനിയം അഴിമതിയുടെ ദുര്‍ഗന്ധം പരത്തുന്ന കറയുണ്ടെന്ന് രാപ്പാര്‍ത്ത ചങ്ങാതി ചൂണ്ടിക്കാട്ടിയിരിക്കയാണ്. അതുപോലെ കോൺഗ്രസില്‍ പേമെന്റ് സീറ്റുണ്ടെന്നും കോൺഗ്രസ് നേതാവായ മുന്‍മന്ത്രി വെളിപ്പെടുത്തി. ഇതെല്ലാം ചേര്‍ന്ന് തെരഞ്ഞെടുപ്പിന് മുമ്പേ കോൺഗ്രസും യുഡിഎഫും തോല്‍ക്കുന്ന അവസ്ഥ രൂപപ്പെട്ടിരിക്കയാണ്.
ആര്‍ ബാലകൃഷ്ണപിള്ളയുടെ ജയില്‍വാസം, കുഞ്ഞാലിക്കുട്ടി കേസ്, റൌഫ് കേസ്, മുനീര്‍ കേസ്, ടി എം ജേക്കബ് കേസ്, അടൂര്‍ പ്രകാശ് കേസ്, സീറ്റ് പങ്കിടല്‍-സ്ഥാനാര്‍ഥിപ്പട്ടിക കലഹം-ഇങ്ങനെ യുഡിഎഫില്‍ ഉരുള്‍പൊട്ടലും അണപൊട്ടലും ഒന്നിന് പുറകെയൊന്നായി സംഭവിക്കുമ്പോള്‍ ജനങ്ങള്‍ യുഡിഎഫിനെ പരിഹസിക്കുകയാണ്. ഇതിന്റെ സംഭ്രാന്തിയകറ്റാന്‍ രാമചന്ദ്രന് എതിരെ കെപിസിസി വിശദീകരണനോട്ടീസയച്ച് അച്ചടക്കത്തിന്റെ വാള്‍ വീശിയിട്ടുണ്ട്. മറുവശത്ത് പുതിയ വെളിപ്പെടുത്തലുകള്‍ ഭയന്ന് അദ്ദേഹത്തെ നിശബ്ദനാക്കാന്‍ അണിയറയില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയും നടത്തുന്നു.
യുഡിഎഫിനെ ചൂഴ്ന്ന അഗാധമായ പ്രതിസന്ധി മുറിച്ചു കടക്കുകയെന്ന ഉദ്ദേശ്യത്തോടെ എല്‍ഡിഎഫിനെതിരെ മാധ്യമ സഹായത്തോടെ കള്ളക്കഥ പരത്തുന്നത് പതിവാക്കി. ഇതിന്റെ ഭാഗമാണ് മന്ത്രി സി ദിവാകരന്‍ വോട്ടറെയും സിപിഐ എം നേതാവ് പി ജയരാജന്‍ മാധ്യമപ്രവര്‍ത്തകനെയും കൈയേറ്റം ചെയ്തെന്ന നട്ടാല്‍കുരുക്കാത്ത നുണ. പക്ഷേ, ഇത്തരം കള്ളപ്രചാരണങ്ങള്‍കൊണ്ടൊന്നും യുഡിഎഫിന് എതിരായ ജനരോഷത്തെ തടുക്കാന്‍ കഴിയില്ല. വോട്ടെടുപ്പിന് 12 ദിവസം ശേഷിക്കെ, ദേശീയ നേതാക്കളുടെയടക്കം പര്യടനം തുടങ്ങി. എല്‍ഡിഎഫിന് വേണ്ടി എ ബി ബര്‍ദന്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ സഞ്ചരിച്ചു. പ്രകാശ് കാരാട്ട്, പിണറായി, എസ് രാമചന്ദ്രന്‍പിള്ള എന്നിവരടക്കമുള്ള നേതാക്കളുടെ പര്യടനം വെള്ളിയാഴ്ച മുതലാണ്. യുഡിഎഫ് പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് എ കെ ആന്റണി ബുധനാഴ്ച രാത്രി തിരുവനന്തപുരത്തെത്തി. ഇനി വോട്ടെടുപ്പ് കഴിഞ്ഞേ ഡല്‍ഹിക്കുള്ളു.
*****
ആര്‍ എസ് ബാബു, കടപ്പാട്:ദേശാഭിമാനി
Subscribe to:
Post Comments (Atom)
1 comment:
കേരള രാഷ്ട്രീയഹൃദയം ഊഞ്ഞാല്‍ മനസ്സാകുമോ ദൃഢമനസ്സാകുമോ? നിയമസഭാ മത്സരാര്‍ഥികളുടെ അവസാന പട്ടികയായതോടെ ഈ ചോദ്യത്തിന് കനമേറി. ഉത്തരത്തിന് ഫലപ്രഖ്യാപനംവരെ കാത്തിരിക്കേണ്ടവിധം പോരാട്ട വീറിലാണ് സംസ്ഥാനം. പക്ഷേ, ഇതിനകമുള്ള അടിയൊഴുക്കുകള്‍ നല്‍കുന്ന സൂചന ഊഞ്ഞാലാട്ടത്തില്‍നിന്ന് ഇടതുപക്ഷത്തിന് അനുകൂലമായി ദൃഢമനസ്സിലേക്ക് നാട് മാറുമെന്നാണ്. ഒരു തവണ മുന്നോട്ടെങ്കില്‍ അടുത്ത തവണ പിന്നോട്ട് എന്ന ഊഞ്ഞല്‍ രീതിയിലായിരുന്നു സംസ്ഥാനത്ത് പൊതുവില്‍ ഭരണമാറ്റം. അതിന് അറുതി വരുത്തി പുതിയ ചരിത്രം രചിക്കാന്‍ എല്‍ഡിഎഫിന് അനുകൂലമായി കളമൊരുങ്ങുകയാണ്.
Post a Comment