ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഏകദേശരൂപം നല്‍കുന്ന സാമ്പത്തിക സര്‍വേ (2011) യും തുടര്‍ന്ന് കേന്ദ്ര ബജറ്റ് 2011-12 ഉം അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞു. ഇവ രണ്ടിനും മുമ്പ് തന്നെ പ്രസിഡന്റ് പ്രതിഭാ പാട്ടീലിന്റെ പ്രസംഗവും പ്രഫ ആര്‍ രംഗരാജന്‍ അധ്യക്ഷനായ നാഷണല്‍ ഇക്കണോമിക്‌സ് അഡൈ്വസറി കൗണ്‍സിലിന്റെ റിപ്പോര്‍ട്ടും നമ്മുടെ മുന്നിലെത്തി. ഇവ ഓരോന്നിലും പറയുന്ന സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ (ജി ഡി പി) തന്നെ വ്യത്യാസമാണ് കാണുന്നത്. എന്തടിസ്ഥാനത്തിലാണ് ജനങ്ങളോട് ഈ പ്രസ്‌താവനകള്‍ ചെയ്യുന്നത് ? ഇവയില്‍ ഏത് വളര്‍ച്ചാനിരക്കാണ് യഥാര്‍ഥമായത് ? സത്യാവസ്ഥ മനസ്സിലാക്കണമെങ്കില്‍ റിവൈസ്‌ഡ് എസ്റ്റിമേറ്റുകള്‍ വരാന്‍ കുറെ കാത്തിരിക്കണം. ഒരു വര്‍ഷം കൂടി പിന്നിട്ടാല്‍ മാത്രമേ സത്യാവസ്ഥ അറിയാന്‍ പറ്റൂ.
സാധാരണ ജനങ്ങള്‍ക്ക് ജി ഡി പി വളര്‍ച്ചാനിരക്ക് അത്ര പ്രാധാന്യമുള്ള ഒന്നല്ല. തന്റെയും കുടുംബത്തിന്റെയും വരും ദിവസങ്ങളിലെ ജീവിതം കഴിഞ്ഞതിനേക്കാള്‍ ഒരു അണുവെങ്കിലും മെച്ചപ്പെടുമോ, തന്റെ പ്രാരാബ്ധങ്ങള്‍ക്ക് കുറച്ചെങ്കിലും കുറവ് വരുമോ എന്നതിനാണ് സാധാരണക്കാരന്‍ വില കല്‍പിക്കുക. എന്നാല്‍ ജി ഡി പി നിരക്കിലുള്ള വളര്‍ച്ചാനിരക്കുകള്‍ ഉയരുന്ന അവസരത്തില്‍ തന്നെ ജനങ്ങളെ ആശങ്കാകൂലരാക്കുന്ന പ്രശ്‌നങ്ങളാണ് പരിഹാരം കാണാതെ അവശേഷിക്കുന്നത്. മറ്റൊരു തരത്തില്‍ നോക്കിയാല്‍ ഇന്ത്യയെ നേരിടുന്ന വിപത്തുകള്‍ നിരവധിയാണ്. ഇവയെ കേന്ദ്രഭരണകൂടം എങ്ങിനെ കൈകാര്യം ചെയ്യുന്നുവെന്നറിയാനാണ് ജനങ്ങള്‍ക്ക് ആഗ്രഹം. 2011-12 ലെ കേന്ദ്ര ബജറ്റ് ഇതിന് വഴിയൊരുക്കുമോ?
വിലക്കയറ്റമാണ് ഏറ്റവും വലിയ വിപത്ത്. സാമ്പത്തിക വളര്‍ച്ചയുടെ ഭാഗമായി വിലക്കയറ്റം കുറെയൊക്കെ പ്രതീക്ഷിക്കാവുന്നതാണ്. എന്നാലിവിടെ സംഭവിക്കുന്നത് വിചിത്രമായ ഒരു വിലക്കയറ്റമാണ്. സമ്പന്നര്‍ വാങ്ങുന്ന ചരക്കുകളുടെ വിലക്കയറ്റത്തേക്കാള്‍ എത്രയോ ഭീകരമാണ് നിത്യേപയോഗ ചരക്കുകളുടെ വിലക്കയറ്റം. ഇതിനെ പ്രതിരോധിക്കാനാണ് മൊത്തവില സൂചികയിലെ വര്‍ധനവ് സാരമാക്കാനില്ല; ഇവിടെയുണ്ടായിരിക്കുന്നത് ഭാഗികമായ വിലക്കയറ്റമാണ് എന്നൊക്കെ പറയുന്നത്. അതിന് ''ഫുഡ് ഇന്‍ഫ്‌ളേഷന്‍'' എന്ന ഓമനപ്പേരും നല്‍കി. ഇത് കുറയുന്ന ലക്ഷണമില്ല. ഇതില്‍ സാധാരണ ജനങ്ങള്‍ക്ക് ആശങ്കയുണ്ട്.
വിലക്കയറ്റം ഭീകരമായി നിലനില്‍ക്കുമ്പോള്‍ തന്നെ കുംഭകോണങ്ങളുടെ ഒരു ഘോഷയാത്രയാണ് ജനങ്ങള്‍ ദര്‍ശിക്കുന്നത്. പഴയ ബൊഫോഴ്‌സ് കുംഭകോണത്തേക്കാള്‍ എത്രയോ വലുതാണ് പുതിയവ. ഓഹരി കമ്പോളത്തില്‍ വന്‍ തട്ടിപ്പ് നടത്തിയ ഹര്‍ഷദ് മേത്തയെ വെല്ലുന്നതാണ് ചില കുംഭകോണങ്ങള്‍. രാഷ്ട്രീയത്തിലും ഭരണസിരാകേന്ദ്രങ്ങളിലും എന്നുവേണ്ട ജുഡീഷ്യറിയില്‍ തിളങ്ങിനിന്ന പലരും ഈ കുംഭകോണങ്ങളുടെ മുന്‍നിരക്കാരായിരിക്കുന്നു. 1991 ല്‍ തുടങ്ങിയ പുത്തന്‍ സാമ്പത്തിക പരിഷ്‌ക്കരണങ്ങളാണ് ഇതിനൊക്കെ പറ്റിയ വളക്കൂറുള്ള മണ്ണുണ്ടാക്കിയത്. 2 ജി സ്‌പെക്‌ട്രം അഴിമതി പരിശോധിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെ പി സി) വരുന്നുണ്ട്. എന്നാല്‍ ഹര്‍ഷദ് മേത്തയുടെ കുംഭകോണം വിലയിരുത്തിയ ജെ പി സി കൊണ്ട് എന്തുണ്ടായി? അതിന്റെ നിര്‍ദേശങ്ങളോട് ഭരണകൂടം നീതിപുലര്‍ത്തിയോ? ഏത് സമയത്തും ഓഹരി കമ്പോളത്തില്‍ എന്തും ഉണ്ടാകുമെന്ന സ്ഥിതിയാണിന്നും. കറുത്ത പണം അളവില്ലാതെ കുമിഞ്ഞുകൂടുന്നുണ്ട്. നാട്ടില്‍ മാത്രമല്ല വിദേശബാങ്കുകളിലും അത് കുമിഞ്ഞുകൂടുന്നുണ്ട്. ഇതിന്റെ ഫലം വരുമാന വിതരണത്തിലുണ്ടാകുന്ന ഭീകരമായ അസമത്വവും അസന്തുലിതാവസ്ഥയുമാണ്.
വിലക്കയറ്റത്തിന് മുഖ്യ കാരണമായി സാമ്പത്തിക ശാസ്‌ത്രം പറയുന്നത് ഫിസ്‌ക്കല്‍ ടാപ്പ് വഴിയും മോണിറ്ററി ടാപ്പ് വഴിയും സമ്പദ്‌വ്യവസ്ഥയില്‍ ഒഴുകിയെത്തുന്ന പണമാണ്. ഇതുമായി സമരസപ്പെടുന്ന ചരക്ക് സപ്ലൈയും പ്രധാനമാണ്. ചരക്ക് സപ്ലൈയുടെ വര്‍ധനയേക്കാള്‍ കൂടുതലായി പണത്തിന്റെ വര്‍ധന കൂടിയാല്‍ വിലക്കയറ്റം അനിവാര്യമാണ്. 2010-11 ല്‍ ഫിസ്‌ക്കല്‍ കമ്മി 5.5 ശതമാനമാണ്. പൊതുകടം കഴിഞ്ഞ നാലു വര്‍ഷത്തെ മൊത്ത റവന്യു വരുമാനത്തേക്കാള്‍ കൂടുതലും. വരും വര്‍ഷങ്ങളിലും പദ്ധതി - പദ്ധതിയിതര ചെലവുകള്‍ വര്‍ധിക്കുമെന്നാണ് സൂചന. പതിനൊന്നാം പദ്ധതിയുടെ അവസാന വര്‍ഷമാണ് 2011-12. അതു കഴിഞ്ഞാല്‍ 12-ാം പദ്ധതിയായി. കഴിഞ്ഞ പദ്ധതിയേക്കാളും വലുപ്പം കൂടിയത് വേണമല്ലോ ഇനി വരാനുള്ളത്. എന്നാല്‍ ചിലവിടുന്ന പണത്തിന്റെ നല്ലകാലം സാധാരണക്കാരില്‍ എത്തുന്നില്ല. അത് എത്തണമെങ്കില്‍ തൊഴില്‍ സൃഷ്ടിച്ചുണ്ടാകണം. ജനസംഖ്യയില്‍ 25 വയസിന് കീഴില്‍ വരുന്നവരുടെ സംഖ്യ 52 ശതമാനം വരും. ഇത്രയും വരുന്ന തൊഴില്‍ ശക്തി കൈയ്യും മെയ്യും ചേര്‍ത്ത് അധ്വാനിച്ചാല്‍ ഇന്ത്യ ലോകത്ത് ഏറ്റവും സമ്പന്നമായ രാജ്യമാകും. ബജറ്റില്‍ തൊഴില്‍ സൃഷ്ടിക്ക് ഉത്തേജനം നല്‍കുന്ന പരിപാടികള്‍ വിരളം. തൊഴിലുറപ്പ് പദ്ധതി തൊഴില്‍ സൃഷ്ടിച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതല്ല. മറിച്ച് സാമൂഹ്യ പരിരക്ഷ ലാക്കാക്കി നല്‍കുന്ന ഒരു ചെറിയ സഹായമായി പരിണമിച്ചിരിക്കുന്നു. അതു തന്നെ കേരളം പോലെയുള്ള ചുരുക്കം ചില സംസ്ഥാനങ്ങളില്‍ മാത്രം നന്നായി നടപ്പാക്കിവരുന്നുയെന്ന ആശ്വാസം മാത്രം.
തൊഴില്‍ സൃഷ്ടിക്ക് മുഖ്യ തടസം പണത്തിന്റെ ലഭ്യതയാണെന്നാണ് കേന്ദ്രത്തിന്റെ വാദം. ഇത് സ്വീകാര്യമല്ല. കറുത്ത പണത്തെക്കുറിച്ച് മുമ്പ് സൂചിപ്പിക്കുകയുണ്ടായി. ഒരു എസ്റ്റിമേറ്റ് പ്രകാരം നികുതിവെട്ടിപ്പ്, നിയമത്തിലെ പഴുതുകളുപയോഗിച്ചുള്ള നികുതി കൊടുക്കാതിരിക്കുക, രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍, ഭരണസംവിധാനത്തിലും കോര്‍പ്പറേറ്റ് ലോകത്തുമുള്ള അഴിമതികള്‍ എന്നിവവഴി മാത്രം ഏതാണ്ട് 21 ലക്ഷം കോടി രൂപയുടെ കറുത്ത പണവും സമ്പാദ്യവും ഉണ്ട്. ഇന്ത്യയുടെ ആകെ ജി ഡി പി 48.79 ലക്ഷം കോടി രൂപയാണെന്ന് കുടി ഓര്‍ക്കുക. കാര്‍ഷിക-വ്യവസായമേഖലയുടെ ജി ഡി പി പങ്ക് മാത്രം 14.68 ലക്ഷം കോടി രൂപയാണ്. കറുത്ത പണത്തിന്റെ അളവിനേക്കാള്‍ കുറവാണിത്. ചുരുക്കത്തില്‍ കറുത്ത പണത്തിന്റെ ഒരു ഭാഗം പിടിച്ചെടുത്താല്‍ തന്നെ അത് കൂടുതല്‍ തൊഴില്‍ സൃഷ്ടിക്ക് വേണ്ടി വിനിയോഗിക്കാന്‍ കഴിയും. തൊഴില്‍ സൃഷ്ടിക്ക് പുറമെ, അടിസ്ഥാന സൗകര്യമേഖല, സാമൂഹ്യമേഖല (വിദ്യാഭ്യാസം, ആരോഗ്യം) എന്നിവയ്ക്കും കൂടുതല്‍ പണം വേണ്ടിവരും. ഇതൊക്കെ കണ്ടെത്താന്‍ 2011-12 ലെ കേന്ദ്ര ബജറ്റിന് കഴിയുമെന്ന് തോന്നുന്നില്ല. ആഗോള ''ഹംഗര്‍ സൂചിക'' യനുസരിച്ച് 2015 ഓടുകൂടി ഇന്ത്യയിലെ ദരിദ്രരുടെയെണ്ണം 279 ദശലക്ഷമാകുമെന്നാണ് കണക്ക്. ഇവരുടെ മുഖ്യ പ്രശ്‌നം വിശപ്പ്, വസ്‌ത്രം, കിടപ്പാടം, തൊഴില്‍ എന്നിവയാണ്. ഇത് പരിഗണിക്കുന്ന മനുഷ്യമുഖമുള്ള ഒരു ബജറ്റല്ലാ കേന്ദ്ര ധനമന്ത്രി ഇപ്പോള്‍ അവതരിപ്പിച്ചിട്ടുള്ളത്.
ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലും സാമ്പത്തിക ഉത്തേജന പാക്കേജ് നടപ്പാക്കി. എന്നാലിത് ഇനി തുടരേണ്ടയെന്നാണ് രംഗരാജന്‍ സമിതി നിര്‍ദേശിച്ചിട്ടുള്ളത്. എന്നാലിതു നടപ്പാക്കിയാല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുമെന്ന് മാത്രമല്ല അത് ഓഹരി കമ്പോളത്തില്‍ ചില തെറ്റായ സൂചനകള്‍ സൃഷ്ടിക്കുകയും ചെയ്യും. കുറച്ചുകാലമായി ഓഹരിക്കമ്പോളത്തില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ് ഐ ഐ) വന്‍ ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. 2011 ജനുവരിക്ക് ശേഷം 7 ലക്ഷം കോടി രൂപയുടെ മൂല്യ ഇടിവാണ് മുംബൈ ഓഹരി കമ്പോളത്തിലുണ്ടായത്.
കേന്ദ്ര ബജറ്റില്‍ ഭക്ഷ്യസുരക്ഷക്കുള്ള വിഹിതം തുലോം കുറവാണ്. ഭക്ഷ്യസുരക്ഷയ്ക്ക് നീക്കിവയ്ക്കുന്ന സബ്‌സിഡി തുകയില്‍ കുറവുവരുത്തണമെന്ന സൂചനയാണ് പ്രധാനമന്ത്രി ഈയിടയ്ക്ക് നടത്തിയ ഓപ്പണ്‍ഫോറം പത്രസമ്മേളനം. അതേസമയത്ത് കൂടുതല്‍ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന സൂചനയും നല്‍കിയിട്ടുണ്ട്. കോര്‍പ്പറേറ്റ് മേഖലയ്ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍, വിദേശ ബാങ്കുകള്‍ക്ക് ഇന്ത്യയില്‍ പ്രവേശനം, വിദേശ നിക്ഷേപത്തിന് ചില്ലറ വ്യാപാരമേഖലയും പ്രതിരോധമേഖലയും തുറന്നിടല്‍ എന്നിവയും കേന്ദ്രത്തിന്റെ അജന്‍ഡയിലുണ്ട്.
2013 ആകുമ്പോള്‍ പ്രത്യക്ഷ നികുതി കോഡ് (ഡി ടി സി), ജി എസ് ടി സമ്പ്രദായം എന്നിവയും പ്രാവര്‍ത്തികമാകും. പൊതുമേഖല ഓഹരി വില്‍പന (40,000 കോടി രൂപ) സബ്‌സിഡി ചെലവുകളില്‍ വരുത്തിയ കുറവ് (20000 കോടി രൂപ-ഇന്ധനം, രാസവളം, ഭക്ഷ്യമേഖലകളില്‍) സാമൂഹ്യമേഖലയില്‍ വരുത്തിയ നാമമാത്രമായവര്‍ധന, തുറന്നിടുന്ന അടിസ്ഥാന സൗകര്യമേഖലയിലേയ്ക്ക് വിദേശ മൂലധനം ആകര്‍ഷിക്കുമെന്ന നടപടി, എഫ് ഐ ഐകള്‍ക്ക് ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യം, കള്ളപ്പണ ഉടമകള്‍ക്ക് ആശ്വാസം പകരുന്ന ആമ്‌നെസ്റ്റി സ്‌കീം കൊണ്ടുവരുമെന്ന സൂചന, നിലവിലുള്ള സബ്‌സിഡികള്‍ക്ക് പകരം നേരിട്ടുള്ള ക്യാഷ് ട്രാന്‍സ്ഫര്‍ സമ്പ്രദായവും ഭക്ഷ്യ സബ്‌സിഡിക്ക് പകരം കൂപ്പണും, ബജറ്റിലെ സുപ്രധാന നിര്‍ദേശങ്ങളാണ്. ഇത് വ്യക്തമായി നല്‍കുന്ന സൂചന ധനമന്ത്രി പ്രണാബിന്റെ 2011-12 ലെ ബജറ്റ് തികച്ചും ഒരു റിഫോം ബജറ്റാണെന്നതാണ്.
പതിനൊന്നാം പദ്ധതിയുടെ അവസാന വര്‍ഷത്തെ ബജറ്റ് വരാന്‍ ഇരിക്കുന്ന പന്ത്രണ്ടാം പദ്ധതിയുടെ ദിശയെ തീര്‍ച്ചയായും സ്വാധീനിക്കും. ഇത്തവണ പ്രത്യക്ഷ നികുതിയിനത്തില്‍ 11,500 കോടി രൂപയുടെ ആശ്വാസം പ്രഖ്യാപിച്ച കേന്ദ്ര ധനമന്ത്രി പരോക്ഷ നികുതിയിനത്തില്‍ 11,300 കോടി രൂപ അധികമായി സമാഹരിക്കുമെന്ന് പറയുന്നു. അതായത് വെറും 200 കോടി രൂപയുടെ അറ്റ ആശ്വാസം മാത്രം പ്രതീക്ഷിച്ചാല്‍ മതി.
ചില ബജറ്റ് കണക്കുകള്‍ കൂടി ശ്രദ്ധിക്കുക. എല്ലായ്‌പ്പോഴും ആദ്യം അവതരിപ്പിക്കുന്ന ബജറ്റ് എസ്റ്റിമേറ്റിനേക്കാള്‍ വ്യത്യസ്‌തമായിരിക്കും അടുത്ത വര്‍ഷം കൊടുക്കുന്ന റിവൈസ്‌ഡ് എസ്റ്റിമേറ്റ്. 2010-11 വര്‍ഷത്തെ റിവൈസ്‌ഡ് എസ്റ്റിമേറ്റനുസരിച്ച് കേന്ദ്രത്തിന്റെ റവന്യു വരുമാനം 7.84 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍ ഈയിനത്തില്‍ 2011-12 കാലത്ത് പ്രതീക്ഷിക്കുന്ന റവന്യു വരുമാനം വെറും 7.90 ലക്ഷം കോടി രൂപ മാത്രമാണ്. അതായത് വെറും 6000 കോടി രൂപയുടെ വരുമാന വര്‍ധനവ്. അതേസമയത്ത് മൂലധന വരുമാനത്തില്‍ 35,000 കോടി രൂപയാണ് വര്‍ധനവ് പ്രതീക്ഷിക്കുന്നത്. നികുതി വരുമാനത്തേക്കാള്‍ കമ്പോള വായ്പകള്‍ക്കാണ് ധനമന്ത്രി മുന്‍ഗണന നല്‍കുന്നത് എന്ന് വ്യക്തം. മൂലധന വരുമാനസ്രോതസുകളില്‍ പ്രധാനം പൊതുമേഖലാ ഓഹരി വില്‍പന വഴി സ്വരൂപിക്കുമെന്ന് പ്രതീക്ഷിക്കുന്ന 40,000 കോടി രൂപയായിരിക്കാം. പദ്ധതി ചെലവുകള്‍ 46,000 കോടി കണ്ട് വര്‍ധിക്കുമ്പോള്‍ പദ്ധതിയിതര ചെലവുകളില്‍ 4000 കോടി രൂപയുടെ വര്‍ധനവാണ് ബജറ്റ് കണക്കുകളില്‍ കാണുന്നത്. ഇതൊരിക്കലും നടക്കാത്ത കാര്യമാണ്.
പ്രതിരോധമേഖലക്ക് 2011-12 ല്‍ മാറ്റിവച്ചിട്ടുള്ളത് 1,64,415 കോടി രൂപയാണ്. എന്നാല്‍ വിദ്യാഭ്യാസം (54,057 കോടി രൂപ), ആരോഗ്യമേഖല 26,760 കോടി രൂപ) എന്നിവയ്ക്ക് രണ്ടും കൂടി മാറ്റിവച്ചിരിക്കുന്നത് വെറും 80817 കോടി രൂപയാണ്, പ്രതിരോധമേഖലയ്ക്ക് മാറ്റിവച്ചതിന്റെ നേര്‍പകുതി. പ്രതിരോധമേഖലയുടെ മുന്‍ഗണന കുറച്ചു കാണുന്നില്ല. എന്നാലതേസമയത്ത് വിദ്യാഭ്യാസം, ആരോഗ്യമേഖലയിലേയ്ക്ക് കൂടുതല്‍ പണം മാറ്റിവയ്‌ക്കേണ്ടിയിരുന്നു എന്ന് സൂചിപ്പിക്കാനാണിത്.
വിലക്കയറ്റം, പണപ്പെരുപ്പം, തൊഴിലില്ലായ്മ, ദാരിദ്ര്യനിര്‍മാര്‍ജനം എന്നിവ എങ്ങിനെ കൈകാര്യം ചെയ്യുമെന്നുള്ളതിനെക്കുറിച്ച് 2011-12 ലെ ബജറ്റ് നിശബ്ദമാണെന്ന് പറയുന്നതില്‍ തെറ്റില്ല. ആം ആദ്മി നാളെ എങ്ങിനെ ജീവിക്കുമെന്ന് ആശങ്കയിലാണ്. ഇന്ന് കഴിഞ്ഞുകിട്ടിയാല്‍ മാത്രം മതിയോ? ഏതിനൊക്കെ വിലകൂടും, വില കുറയും എന്ന ചര്‍ച്ചയില്‍ ആം ആദ്മി പങ്കാളിയല്ല. കാരണം ആ ചരക്കുകളൊന്നും അയാളുടെ ഉപഭോഗത്തില്‍വരാത്തവയാണ്. ഇവിടെയാണ് ബജറ്റിന്റെ മുഖം എന്താണ് എന്ന ചോദ്യം ഉയരുന്നത്. അതേതായാലും ആം ആദ്മിയുടെ മുഖമല്ല.
*****
പ്രഫ. കെ രാമചന്ദ്രന്‍ നായര്‍, കടപ്പാട് : ജനയുഗം
Subscribe to:
Post Comments (Atom)
1 comment:
വിലക്കയറ്റം, പണപ്പെരുപ്പം, തൊഴിലില്ലായ്മ, ദാരിദ്ര്യനിര്‍മാര്‍ജനം എന്നിവ എങ്ങിനെ കൈകാര്യം ചെയ്യുമെന്നുള്ളതിനെക്കുറിച്ച് 2011-12 ലെ ബജറ്റ് നിശബ്ദമാണെന്ന് പറയുന്നതില്‍ തെറ്റില്ല. ആം ആദ്മി നാളെ എങ്ങിനെ ജീവിക്കുമെന്ന് ആശങ്കയിലാണ്. ഇന്ന് കഴിഞ്ഞുകിട്ടിയാല്‍ മാത്രം മതിയോ? ഏതിനൊക്കെ വിലകൂടും, വില കുറയും എന്ന ചര്‍ച്ചയില്‍ ആം ആദ്മി പങ്കാളിയല്ല. കാരണം ആ ചരക്കുകളൊന്നും അയാളുടെ ഉപഭോഗത്തില്‍വരാത്തവയാണ്. ഇവിടെയാണ് ബജറ്റിന്റെ മുഖം എന്താണ് എന്ന ചോദ്യം ഉയരുന്നത്. അതേതായാലും ആം ആദ്മിയുടെ മുഖമല്ല.
Post a Comment