
മലബാറിലെ ജനങ്ങളുടെ ചിരകാലാഭിലാഷം സാക്ഷാല്‍ക്കരിച്ചുകൊണ്ടാണ് ദേവസ്വം ബോര്‍ഡ് സ്ഥാപിച്ചത്. തനത് ഫണ്ട് കണ്ടെത്താന്‍ കഴിയുന്നതുവരെ സര്‍ക്കാരാണ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നത്. ഒമ്പത് അംഗങ്ങളുള്ള ബോര്‍ഡില്‍ രണ്ടുപേര്‍ വനിതകളും ഒരാള്‍ വീതം പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിലും പെടുന്നു. തീര്‍ഥാടന ടൂറിസത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞുള്ള പരിഷ്കരണങ്ങളാണ് ഈ മേഖലയില്‍ നടപ്പാക്കുന്നത്.

അച്ചടി, സ്റ്റേഷനറി വകുപ്പുകളിലും നിരവധി വികസനപ്രവര്‍ത്തനങ്ങളാണ് അഞ്ചുവര്‍ഷത്തിനിടെയുണ്ടായത്. സര്‍ക്കാര്‍ ഗസറ്റ് പൊതുജനങ്ങള്‍ക്ക് പെട്ടെന്ന് ലഭിക്കാനായി ഇ-ഗസറ്റ് സംവിധാനം ഏര്‍പ്പെടുത്തി. വയനാട്ടിലെ ജില്ലാ ഫോറം സ്റ്റോര്‍, വാഴൂര്‍, ഷൊര്‍ണൂര്‍ പ്രസുകളില്‍ വേസ്റ്റ് പേപ്പര്‍ ഗോഡൌണ്‍ നിര്‍മാണം, സര്‍ക്കാര്‍ പ്രസുകള്‍ക്ക് ആധുനികയന്ത്രങ്ങള്‍ തുടങ്ങിയവയും അച്ചടി വകുപ്പിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍പെടുന്നു. സ്റ്റേഷനറി വകുപ്പിന്റെ പൌരാവകാശരേഖ 2009 നവംബറില്‍ പ്രസിദ്ധീകരിച്ചു. വയനാട്, തൃശൂര്‍, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, കാസര്‍കോട് എന്നിവിടങ്ങളിലെ ഓഫീസുകള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മിച്ചു. കൊച്ചി കാക്കനാട്ടുള്ള കെബിപിഎസ് അച്ചടിശാലയില്‍ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി അഞ്ച് ഷീറ്റ്ഫെഡ് ഓഫ്സെറ്റ് മെഷീനുകളും ഒരു വെബ് ഓഫ്സെറ്റ് മെഷീനും സ്ഥാപിച്ചു.
പ്രസാദമണിഞ്ഞ് തിരുനടയിലെ ജീവിതം
കണ്ണൂര്‍: 'കണ്ണ് തുറക്കാത്ത ദൈവങ്ങള്‍' വാഴുന്ന ശ്രീകോവിലുകളില്‍ നിത്യപൂജചെയ്തിരുന്നവരുടെ ജീവിതം ചൂടിയെറിഞ്ഞ തുളസിക്കതിര്‍ പോലെയായിരുന്നു. ദൈവങ്ങള്‍ക്ക് നിവേദ്യവും ഭക്തര്‍ക്ക് പ്രസാദവും നല്‍കിയിരുന്ന ക്ഷേത്രജീവനക്കാര്‍ക്കുനേരെ ഭരണാധികാരികളും പ്രസാദിച്ചിരുന്നില്ല. അവരുടെ മുഖവും മനസ്സുംതെളിഞ്ഞത് ഇപ്പോഴാണ്.
എല്‍ഡിഎഫ് സര്‍ക്കാര്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ച് സേവന-വേതന വ്യവസ്ഥകള്‍ നിശ്ചയിച്ചതോടെയാണ് പടുതിരി കത്തിയിരുന്ന ആയിരങ്ങളുടെ ജീവിതത്തിന് സുരക്ഷിതത്വവും ഐശ്വര്യവും കൈവന്നത്.
'ഇത്ര സന്തോഷമുണ്ടായ കാലം വേറെയില്ല. മാസം 150 രൂപ മുതല്‍ 2000 വരെമാത്രം ശമ്പളമുണ്ടായിരുന്നിടത്ത് പതിനായിരം രൂപ ലഭിക്കുന്നുണ്ട്' കണ്ണൂര്‍ പള്ളിക്കുളം മൂകാംബികക്ഷേത്രത്തിലെ മേല്‍ശാന്തി പി ടി നാരായണന്‍ നമ്പൂതിരി നിറഞ്ഞ മനസ്സോടെ പറഞ്ഞു.
കാസര്‍കോട് ജില്ലയിലെ പുതുക്കെ തെക്കില്ലത്ത് നാരായണന്‍ നമ്പൂതിരി (59)ബാല്യം മുതല്‍ പൂജാദികാര്യങ്ങളുമായാണ് ജീവിച്ചത്. തലശേരി, കാഞ്ഞങ്ങാട്, കുണ്ടംകുഴി എന്നിവിടങ്ങളിലെ നിരവധി ക്ഷേത്രങ്ങളില്‍ ശാന്തിക്കാരനായിരുന്നു. 20 വര്‍ഷം മുമ്പാണ് പള്ളിക്കുളം മൂകാംബികാ ക്ഷേത്രത്തിലെത്തിയത്.
150രൂപ പലതവണയായി വര്‍ധിച്ച് 2217 രൂപയായി. സര്‍ക്കാര്‍ ഓഫീസിലെ തൂപ്പുകാര്‍ക്കുപോലും ഇതിലും കൂടിയ പ്രതിഫലം കിട്ടിയിരുന്നു. ഒന്നരവര്‍ഷം മുമ്പ് മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ചതോടെ ശമ്പളം പുതുക്കി നിശ്ചയിച്ചു. നിര്‍ത്തലാക്കിയ വഴിപാടിന്റെ വിഹിതം കുടിശ്ശിക തീര്‍ത്ത് നല്‍കാനും നടപടിയായി.
പയ്യന്നൂര്‍ പുത്തൂര്‍ മഹാദേവക്ഷേത്രത്തിലെ വാദ്യക്കാരന്‍ വാരിക്കരയിലെ നാരായണ (56)നും ഇതേ അഭിപ്രായം. പന്ത്രണ്ടു വയസ്സു മുതല്‍ അമ്പലനടയിലെ വാദ്യവായനക്കാരനാണ്്. 840 രൂപയായിരുന്ന ശമ്പളം ബോര്‍ഡ് നിലവില്‍ വന്നതോടെ 3400 രൂപയായി. ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ വിവിധ ക്ഷേത്രജോലികള്‍ ചെയ്യുന്നവര്‍, പരമ്പരാഗത കാവുകളിലെ കോയ്മക്കാര്‍, അന്തിത്തിരിയന്മാര്‍ തുടങ്ങിയവരും ബോര്‍ഡിന്റെ പരിഷ്കാരങ്ങളുടെ സദ്ഫലം അനുഭവിക്കുന്നവരാണ്.
ഹിന്ദുമത ധര്‍മസ്ഥാപനവകുപ്പിന്റെ കീഴിലുണ്ടായിരുന്ന 1348 ക്ഷേത്രങ്ങളാണ് 2008ല്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ചപ്പോള്‍ ഏറ്റെടുത്തത്. ഇതോടെ ആയിരത്തിലധികം താല്‍ക്കാലികജീവനക്കാരെ സ്ഥിരപ്പെടുത്തി. എല്ലാവര്‍ക്കും സ്കെയില്‍ നിശ്ചയിച്ച് ശമ്പളപരിഷ്കരണവും നടപ്പാക്കി. ഇന്ന് സ്പെഷ്യല്‍ ഗ്രേഡ് ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാര്‍ക്ക് 14000 രൂപ ലഭിക്കും. ക്ഷേത്രങ്ങളുടെ ഗ്രേഡ് അനുസരിച്ചാണ് പ്രതിഫലം. പെന്‍ഷന്‍, ക്ഷേമനിധി, ചികിത്സാസഹായം, വിദ്യാഭ്യാസപുരസ്കാരം തുടങ്ങിയവയും നടപ്പാക്കി. ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് നടപ്പുവര്‍ഷം എട്ടരക്കോടി രൂപ നല്‍കി. പെന്‍ഷനും മറ്റുമായി മൂന്നരക്കോടിരൂപയും വിതരണം ചെയ്തു.
(സതീഷ് ഗോപി)
വികസന കൊടുമുടിയില്‍ ശബരിമല
പത്തനംതിട്ട: അഞ്ച് വര്‍ഷം മുമ്പുവരെ ശബരിമല വികസനമെന്നാല്‍ ചില നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമായിരുന്നു. ദേശീയ പ്രധാന്യമുള്ള ഈ തീര്‍ഥാടനകേന്ദ്രത്തെ ഗൌരവത്തോടെ സമീപിച്ചതും സമഗ്രമായ ശബരിമല വികസനനയം രൂപീകരിച്ചതും പ്രാവര്‍ത്തികമാക്കിയതും എല്‍ഡിഎഫ് സര്‍ക്കാരാണ്.

ശബരിമല മാസ്റ്റര്‍പ്ളാന്‍ ആദ്യഘട്ടത്തിന് 100 കോടി രൂപയുടെ പാക്കേജ് ബജറ്റില്‍ അനുവദിച്ചു. നിലയ്ക്കലില്‍ 15,000ല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്ന സംവിധാനമുള്‍പ്പെടെയുള്ള ആദ്യഘട്ടം അടുത്ത തീര്‍ഥാടനകാലത്തിന് മുമ്പ് പൂര്‍ത്തിയാക്കും.
പമ്പ മുതല്‍ സന്നിധാനം വരെ പെപ്പ് ലൈന്‍, സന്നിധാനത്ത് ശസ്ത്രക്രിയാ സംവിധാനത്തോടുകൂടിയ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 20 കിടക്കകളും ഐസിയു ഉള്‍പ്പെടെ ആധുനിക സംവിധാനങ്ങളുമുള്ള ശബരിമല വാര്‍ഡ്, സിടി സ്കാന്‍ തുടങ്ങി നിരവധി വികസനപദ്ധതികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയത്.
സ്ഥിരം സുരക്ഷാസംവിധാത്തിന് ശബരിമലയില്‍ സ്ഥാപിച്ച സിസിടിവി സംവിധാനമാണ് മറ്റൊരുനേട്ടം.
(വി കെ രഘുപ്രസാദ്)
ക്ഷേത്രജീവനക്കാരുടെ അഭിമാനമുയര്‍ത്തി
ക്ഷേത്രജീവനക്കാര്‍ക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള അവസരമൊരുക്കിയതാണ് ഇടതുപക്ഷ സര്‍ക്കാര്‍ ദേവസ്വം മേഖലയിലുണ്ടാക്കിയ ഏറ്റവും വലിയ മാറ്റമെന്ന് മലബാര്‍ ദേവസ്വം എംപ്ളോയീസ് യൂണിയന്‍ സെക്രട്ടറി എ വേണുഗോപാല്‍ പറയുന്നു. അഞ്ചുവര്‍ഷം മുമ്പുവരെ ക്ഷേത്രജീവനക്കാര്‍ക്ക് തുച്ഛ ശമ്പളമാണ് ലഭിച്ചിരുന്നത്. 2003ലെ ശമ്പളപരിഷ്കരണം പ്രകാരം മലബാറിലെ ക്ഷേത്രജീവനക്കാരന്റെ പരമാവധി ശമ്പളം 3050 രൂപയായിരുന്നു. ശാന്തിക്കാരനും മറ്റ് ജീവനക്കാരും അര്‍ധപട്ടിണിയിലായിരുന്നു.

ദേവസ്വം ബോര്‍ഡിലെ അഴിമതി ഇല്ലാതാക്കിയതാണ് ഈ സര്‍ക്കാരിന്റെ നേട്ടങ്ങളിലൊന്ന്. വിശ്വാസികളില്‍നിന്ന് കിട്ടുന്ന വരുമാനം സര്‍ക്കാര്‍ എടുക്കുന്നുവെന്ന ചില സംഘടനകളുടെ ആരോപണം തീര്‍ത്തും തെറ്റാണെന്നും വേണുഗോപാല്‍ പറയുന്നു. വരുമാനം ക്ഷേത്രത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തന്നെ ചെലവഴിക്കാനുള്ള പൂര്‍ണമായ അധികാരം ബോര്‍ഡിന് നല്‍കിയിട്ടുണ്ട്. വരുമാനം കുറവുള്ള ക്ഷേത്രങ്ങള്‍ക്ക് ഗ്രാന്റ് നല്‍കുകയും ചെയ്യുന്നു.
ക്ഷേത്രജീവനക്കാരുടെ പെന്‍ഷന്‍ കാര്യത്തിലാണ് ഇനി നടപടിയുണ്ടാകേണ്ടത്. സേവന വ്യവസ്ഥ നിശ്ചയിക്കേണ്ടതും അത്യാവശ്യമാണ്.
ഇരവിപുരത്തിന് തിലകക്കുറിയായി അച്ചടിശാല
കൊല്ലം: ഇരവിപുരത്തിന്റെ തിലകക്കുറിയായി തലയുയര്‍ത്തി നില്‍ക്കുകയാണ്് ഉമയനല്ലൂര്‍ ഗവണ്‍മെന്റ് പ്രസ്. മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ മൈലാപ്പൂര്‍ നിവാസികളുടെ സ്വപ്‌നം സാക്ഷാത്ക്കരിച്ച് ഉയര്‍ന്ന ഈ പ്രസിന്റെ പൂര്‍ത്തീകരണത്തിന്റെ ക്രെഡിറ്റ് ഇടതുസര്‍ക്കാരിന് മാത്രം സ്വന്തം.
ഉമയനല്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് വളപ്പില്‍ 2 കോടി രൂപ ചെലവിലാണ് സര്‍ക്കാര്‍ ബഹുനില ഗവണ്‍മെന്റ് പ്രസ് നിര്‍മ്മിച്ചത്. 1982 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഇരവിപുരത്തെ പ്രധാന സര്‍ക്കാര്‍ സ്ഥാപനമായിട്ടു കൂടിയും വാടക കെട്ടിടത്തില്‍ കഴിയേണ്ട അവസ്ഥയായിരുന്നു. ഇതിന് ശാശ്വത പരിഹാരമായി ഇരവിപുരത്തുകാരുടെ അഭിമാന പ്രശ്‌നമായ പ്രസ് ഉയര്‍ന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തി മൂലമായിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് ഉമയനല്ലൂരിലെ ഗവണ്‍മെന്റ് പ്രസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സെക്യൂരിറ്റി പ്രസിനുള്ള സംവിധാനങ്ങളോടെ ആധുനിക രീതിയിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.
1981 ല്‍ ആര്‍എസ് ഉണ്ണി മന്ത്രി ആയിരുന്നപ്പോഴാണ് തന്‍രെ മണ്ഢലമായ ഇരവിപുരത്ത് ഗവ.പ്രസ് സ്ഥാപിക്കുന്നതിനായി ഉമയനല്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് വളപ്പില്‍ നാലര ഏക്കര്‍ സ്ഥലം അനുവദിച്ചത്. എന്നാല്‍ പിന്നീട് പ്രസിന്റെ ആവശ്യത്തിനായി ആരും മുന്നോട്ട് വന്നില്ല. തുടര്‍ന്ന് ഇരവിപുരം എംഎല്‍എ ആയ എഎ അസീസ് സര്‍ക്കാര്‍ പ്രസിനായി ആവശ്യം ഉന്നയിച്ചു. തുടര്‍ന്ന് 2 കോടി രൂപയ്ക്ക് ഗവണ്‍മെന്റ് പ്രസ്സ്സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുകയായിരുന്നു. കെട്ടിടം പണി ആരംഭിച്ചപ്പോള്‍ ആവശ്യത്തിന് വെള്ളം ലഭിക്കാതെ വന്നപ്പോള്‍ മൂന്ന് ലക്ഷം രൂപ ചെലവില്‍ ട്യൂബ് വെല്‍ നിര്‍മ്മിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുത ഗതിയില്‍ പൂര്‍ത്തീകരിക്കുകയുമാണ് ചെയ്തത്.
അച്ചടിമേഖലയില്‍ നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും സര്‍ക്കാര്‍ പ്രസുകള്‍ സ്ഥാപിക്കുവാനും നിലവിലുള്ളവ ആധുനിക വല്‍ക്കരിക്കുവാനുമുള്ള നടപടികള്‍ക്കും എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കം കുറിച്ചു. ഗവണ്‍മെന്റ് പ്രസിനായുള്ള പുതിയ കെട്ടിട നിര്‍മ്മാണം, കണ്ണൂര്‍, വയനാട് പ്രസ്സുകള്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മാണം, വാഴൂര്‍ ഷൊര്‍ണ്ണൂര്‍ പ്രസുകളില്‍ വേസ്റ്റ് പേപ്പര്‍ ഗോഡൗണ്‍ നിര്‍മ്മാണം കൂടാതെ വിവിധ പ്രസുകളിലായി സ്ഥാപിക്കപ്പെട്ട ഷീറ്റ്‌ഫെഡ് വെബ്ഓഫ്‌സെറ്റ് മെഷീനുകള്‍, മണ്ണന്തല പ്രസില്‍ സിടിപി യൂണിറ്റ് തുടങ്ങി അച്ചടിമേഖലയില്‍ വിവിധ നൂതന സാങ്കേതിക വിദ്യകളിലൂടെ നിരവധി വികസനപ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ സര്‍ക്കാര്‍ പൂര്‍ത്തീകകരിച്ചത്. സര്‍ക്കാരിന്റെ സേവന പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള മാധ്യമമെന്ന നിലയില്‍ അച്ചടി വകുപ്പിനെ ശക്തമാക്കുകയും ഇവയുടെ ഗുണമേന്മയും ഉല്‍പ്പാദന ക്ഷമതയും വര്‍ദ്ധിപ്പിക്കുവാന്‍ കഴിഞ്ഞുവെന്നതും സര്‍ക്കാരിന്റെ ശക്തമായ ഇടപെടലിലൂടെയാണ്.
*
കടപ്പാട്: ദേശാഭിമാനി, ജനയുഗം
1 comment:
യുഡിഎഫ് ഭരണകാലത്ത് കേരളത്തിലെ ദേവസ്വം ബോര്‍ഡുകള്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയായിരുന്നു. ഭണ്ഡാരത്തില്‍ കൈയിട്ടുവാരാന്‍ മത്സരിക്കുകയായിരുന്നു യുഡിഎഫ് നോമിനികളായ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍. എന്നാല്‍, എല്‍ഡിഎഫ് ഭരണമേറ്റെടുത്തതോടെ ദേവസ്വം അഴിമതിമുക്തമായി. ജി സുധാകരനും പിന്നീട് ചുമതലയേറ്റ കടന്നപ്പള്ളി രാമചന്ദ്രനും വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് ദേവസ്വത്തെ ശുദ്ധീകരിക്കാന്‍ സ്വീകരിച്ചത്. ദേവസ്വം നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടത് അഴിമതി തടയാന്‍ ഏറെ സഹായകമായി.
Post a Comment