Sunday, March 13, 2011

കടന്നുപോയത് ശാന്തിയുടെയും സമാധാനത്തിന്റേയും അഞ്ചു വര്‍ഷങ്ങള്‍

'ദൈവത്തിന്റെ സ്വന്തം നാട്' എന്ന കേരളത്തിന്റെ അംഗീകാരം അക്ഷരാര്‍ഥത്തില്‍ പ്രാവര്‍ത്തികമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷത്തോളം ആഭ്യന്തര വകുപ്പ് സംസ്ഥാനത്ത് നടത്തിയത്. യു ഡി എഫ് ഭരണ കാലത്ത് വര്‍ഗീയ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തമായിരുന്ന സംസ്ഥാനമായിരുന്ന കേരളത്തെ അതില്‍ നിന്നു വിമുക്തമാക്കാന്‍ ആഭ്യന്തര വകുപ്പിന്റെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ മൂലം സാധിച്ചിട്ടുണ്ട്. നിയമങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ട് പൊലീസ്, ജയില്‍ വിഭാഗങ്ങളെ പൂര്‍ണമായും ആധുനികവല്‍ക്കരിക്കുന്നതിന് സാധിച്ചപ്പോള്‍ നിരവധിപ്പേര്‍ക്ക് പുതുതായി നിയമനം നല്‍കാനും കഴിഞ്ഞു. ജനമൈത്രി പൊലീസ് സംവിധാനം നടപ്പാക്കി രാജ്യത്തിന് പുതിയൊരു മാതൃക സൃഷ്‌ടിക്കാന്‍ സാധിച്ചു. പൊലീസ് നിയമം അടിമുടി പരിഷ്‌കരിച്ചത് ദേശീയ തലത്തില്‍ തന്നെ ഏറെ ശ്രദ്ധ നേടി.

കാലഹരണപ്പെട്ട അന്വേഷണ രീതികള്‍ ഒഴിവാക്കി ശാസ്‌ത്രീയമായ അന്വേഷണ രീതികള്‍ അവലംബിച്ചു. ഇതിന്റെ ഭാഗമായി പ്രധാന നഗരങ്ങളില്‍ കുറ്റാന്വേഷണവും ക്രമസമാധാനപാലനവും വേര്‍തിരിച്ചു. ക്രൈംബ്രാഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പ്രത്യേക വിഭാഗങ്ങളായി പുനസ്സംഘടിപ്പിച്ചു. ഹോമിസൈഡ് ആന്‍ഡ് ഹര്‍ട്ട് വിംഗ്, ഓര്‍ഗണൈസ്‌ഡ് ക്രൈം വിംഗ്, ഇക്കണോമിക് ഒഫന്‍സ് വിംഗ് എന്നിങ്ങനെയാണ് പുനസ്സംഘടിപ്പിച്ചത്. കൊച്ചി നഗരത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്ത് കൊച്ചിയുടെ സുരക്ഷയ്ക്കായി കൊച്ചി സെക്യുരിറ്റി ആക്ഷന്‍ ഫോറം രൂപീകരിക്കാന്‍ തീരുമാനിച്ചു. സേനയെ നവീകരിക്കുന്നതിന്റെ ഭാഗമായി ബി എസ് എന്‍ എല്ലിന്റെ സഹകരണത്തോടെ സേനാംഗങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കി. പൊലീസുകാരുടെ ഡ്യൂട്ടി സമയം 8 മണിക്കൂറായി നിജപ്പെടുത്തി.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി, 2006 ല്‍ ബിനാനിപുരത്ത് നടന്ന സിമി ക്യാമ്പിനെപ്പറ്റിയും 2008 ല്‍ നടന്ന വാഗമണ്‍ ക്യാമ്പിനെപ്പറ്റിയും സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡി ഐ ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയാണ് ഈ കേസ് അന്വേഷണങ്ങള്‍ക്കായി ചുമതലപ്പെടുത്തിയത്. ശാസ്‌ത്ര സാങ്കേതിക വിദ്യ കുറ്റാന്വേഷണ മേഖലയില്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറികള്‍ നവീകരിച്ചു. 13 കോടിയിലധികം രൂപ ഇതിനായി മാത്രം ചെലവഴിച്ചിട്ടുണ്ട്. കേരളത്തില്‍ ആദ്യമായി സൈബര്‍ ഫോറന്‍സിക് ആന്‍ഡ് ഡിജിറ്റല്‍ അനാലിസിസ് സെല്‍ തലസ്ഥാനത്ത് ആരംഭിച്ചു. അത്യാധുനിക സൗകര്യങ്ങളുള്ള ഫിംഗര്‍ പ്രിന്റ് ലാബ് തിരുവനന്തപുരത്ത് ആരംഭിച്ചു. ഫോറന്‍സിക് സയന്‍സ് ലാബിന് കൂടുതല്‍ സൗകര്യങ്ങള്‍ ആരംഭിച്ചു. സ്‌ഫോടക വസ്‌തുക്കള്‍, മയക്കുമരുന്നുകള്‍ എന്നിവ പരിശോധിക്കുന്നതിനായി അത്യധുനിക ഉപകരണങ്ങള്‍ വാങ്ങി. തൃശൂരില്‍ റീജണല്‍ ഫോറന്‍സിക് സയന്‍സ് ലാബ് ആരംഭിച്ചു. ഫോറന്‍ലിക് ലാബില്‍ ഡി എന്‍ എ, ഫിംഗര്‍പ്രിന്റ്, പോളിഗ്രാഫ്, സ്‌പെക്‌ട്രോ സ്‌കോപ്പ്, ക്രോമാറ്റോഗ്രാഫ് തുടങ്ങിയ ആധുനിക ഉപകരണങ്ങള്‍ സ്ഥാപിച്ചു.

പൊലീസ് സേനയിലെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്വീകരിച്ചത്. 12000 ത്തോളം പേരെ പുതുതായി സേനയില്‍ നിയമിച്ചു. നിയമനത്തിലെ കാലതാമസം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഒഴിവുകള്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യുന്ന സംവിധാനം ആവിഷ്‌കരിച്ചു. ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ ആരംഭിച്ചു. പ്രകൃതിക്ഷോഭം, ഗതാഗത നിയന്ത്രണം, ഉല്‍സവ/ആഘോഷ വേളകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവയില്‍ പൊലീസിനെ സഹായിക്കുന്നതിനായി ഹോം ഗാര്‍ഡുകളെ നിയമിച്ചു. പൊലീസ് സേനയിലെ വനിതാ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സേനയില്‍ 10 ശതമാനം വനിതകളെ ഉള്‍പ്പെടുത്തുന്നതിന് തീരുമാനിച്ചു. ഇത് രാജ്യത്തിനാകെ മാതൃകയാണ്. എസ് ഐ തസ്‌തികയിലേയ്ക്ക് വനിതകളെ നേരിട്ട് നിയമിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

ഗുണ്ടാ നിയമം പാസാക്കാന്‍ സാധിച്ചത് ആഭ്യന്തര വകുപ്പിന്റെ സുപ്രധാന നേട്ടങ്ങളില്‍ ഒന്നാണ്. ഗുണ്ടകളുടെ കണക്കെടുത്തതല്ലാതെ ഇവരെ തടങ്കലില്‍ വയ്ക്കുന്നതിനുള്ള യാതൊരു നടപടികളും യു ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നില്ല. എന്നാല്‍ സമഗ്രമായൊരു ഗുണ്ടാ നിയമത്തിനാണ് സര്‍ക്കാര്‍ രൂപം നല്‍കിയത്. ഗുണ്ടകളെ ആറ് മാസം വരെ കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിച്ചു. തിരുവനന്തപുരത്ത് സൈബര്‍ പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. എസ് പിമാരുടെ നിയന്ത്രണത്തില്‍ എല്ലാ ജില്ലകളിലും ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ എസ് പിമാരുടെ നിയന്ത്രണത്തില്‍ സൈബര്‍ സെല്ലുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിരവധി കേസുകളാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ തെളിയിക്കപ്പെട്ടത്.

പൊലീസ് നിയമം നവീകരിച്ചതാണ് പ്രധാന നേട്ടമായി ആഭ്യന്തര വകുപ്പ് നോക്കിക്കാണുന്നത്. പ്രതിപക്ഷ നേതാവിനെക്കൂടി ഉള്‍പ്പെടുത്തി സ്റ്റേറ്റ് സുരക്ഷ കമ്മിഷന്‍ രൂപീകരിച്ചു. പൊലീസിനെ സംബന്ധിച്ച പരാതികള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുന്നതിനായി സംസ്ഥാന, ജില്ലാ തലങ്ങളില്‍ കംപ്ലയിന്റ് അതോറിറ്റികള്‍ രൂപീകരിച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ കേള്‍ക്കുന്നതിനായി എസ്റ്റാബ്ലിഷ്‌മെന്റ് ബോര്‍ഡിന് രൂപം നല്‍കി. പൊലീസിന്റെ സേവനം ജനങ്ങളിലേയ്ക്ക് കൂടുതല്‍ എത്തിക്കുന്നതിനായി ജനമൈത്രി പൊലീസ് സുരക്ഷാ പദ്ധതി ആരംഭിച്ചു. ഈ പദ്ധതി ഇപ്പോള്‍ 143 സ്റ്റേഷനുകളിലേയ്ക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. പൂര്‍ണമായും ജനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നടപ്പാക്കിയ പ്രദേശങ്ങളിലെല്ലാം കുറ്റകൃത്യങ്ങളില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

പൊലീസ് സ്റ്റേഷനുകളില്‍ പരാതികള്‍ സ്വീകരിക്കുന്നതിനായി ഇ-മെയില്‍ സംവിധാനം ആരംഭിച്ചു. പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി പെണ്‍കുട്ടികള്‍ക്കായി ജാഗ്രതാ സമിതികള്‍ ഏര്‍പ്പെടുത്തി. എല്ലാ പൊലീസ് ജില്ലകളോടും അനുബന്ധമായി പൊലീസ് വനിതാ ഹെല്‍പ്പ്‌ലൈനുകള്‍ ആരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് ഹെല്‍പ് ലൈന്‍. വിദ്യാര്‍ഥികള്‍ക്ക് പൊലീസിന്റെ അടിസ്ഥാന പാഠങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി സ്റ്റുഡന്റ് പൊലീസ് സംവിധാനം ഏര്‍പ്പെടുത്തി. തീരദേശങ്ങള്‍ തീവ്രവാദികളില്‍ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായി കടലോര ജാഗ്രതാ സമിതികള്‍ ആരംഭിച്ചു. ഇതിനോടൊപ്പം തന്നെ തീരദേശ പൊലീസ് സ്റ്റേഷനും പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യത്തെ തീരദേശ പൊലീസ് സ്റ്റേഷന്‍ നീണ്ടകരയിലാണ് പ്രവര്‍ത്തനം തുടങ്ങിയത്.

ജയില്‍ നിയമം സമഗ്രമായി പരിഷ്‌കരിക്കുന്നതിനുള്ള നിയമം ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ സാധിച്ചത് ജയില്‍ ചരിത്രത്തില്‍ തന്നെ സുപ്രധാന നേട്ടമാണ്. തടവുകാര്‍ക്ക് അവകാശങ്ങള്‍ ഉണ്ടെന്നും തടവു കഴിഞ്ഞ് പുറത്തുവരുന്നവരെ ഉത്തമ പൗരന്‍മാര്‍ ആക്കി മാറ്റാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. തടവുകാര്‍ക്കായി ക്ഷേമനിധി എന്ന പുതിയ ആശയം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. ജയിലുകളില്‍ തടവുകാര്‍ക്ക് എഫ് എം റേഡിയോയും കോയിന്‍ ഫോണും ഉപയോഗിക്കുന്നതിന് അനുവാദം നല്‍കി. തടവുകാരുടെ എണ്ണത്തിനനുസരിച്ചുള്ള സൗകര്യങ്ങള്‍ ജയിലില്‍ ഇല്ലാത്തതിനാല്‍ പുതിയതായി ഒന്‍പത് ജയിലുകള്‍ കൂടി ആരംഭിച്ചു. നാല് ജയിലുകളുടെ പണി പൂര്‍ത്തീകരിച്ചുവരികയാണ്.

വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ പ്രവര്‍ത്തനങ്ങള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിച്ചു. കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തി. കോട്ടയത്ത് പുതിയ വിജിലന്‍സ് കോടതി ആരംഭിച്ചു.

നീതിനിര്‍വഹണ രംഗത്തും മികച്ച പുരോഗതിയാണ് ഉണ്ടാക്കിയത്. 133.50 കോടി രൂപ കോടതികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ചെലവഴിച്ചു. 30 ഗ്രാമീണ കോടതികള്‍ ആരംഭിച്ചു. അഞ്ച് സായാഹ്ന കോടതികള്‍ ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ക്രമസമാധാന രംഗത്തെ നേട്ടത്തിന് നിരവധി പുരസ്‌കാരങ്ങള്‍ സംസ്ഥാനത്തിനു ലഭിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച ക്രമസമാധാന പാലനത്തിനുള്ള ഇന്ത്യാ ടുഡെയുടെ അവാര്‍ഡ് മൂന്ന് തവണ സംസ്ഥാനത്തിന് ലഭിച്ചു. കമ്യൂണിറ്റി പൊലീസിംഗ് പ്രവര്‍ത്തനത്തിലൂടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞതിന് ഇന്റര്‍നാഷണ്‍ അസോസിയേഷന്‍ ഓഫ് ചീഫ് ഓഫ് പൊലീസിന്റെ അന്താരാഷ്‌ട്ര പുരസ്‌കാരം ലഭിച്ചു. കൂടാതെ ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനായി പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷന്‍ തിരഞ്ഞെടുക്കപ്പെട്ടു. രാത്രികാലങ്ങളിലും സ്ത്രീകള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാവുന്ന സംസ്ഥാനമാണ് കേരളമെന്ന് സുപ്രിം കോടതിയും നിരീക്ഷിച്ചു. ഇവയൊക്കെ ക്രമസമാധാന പാലനത്തില്‍ സര്‍ക്കാരിന് ലഭിച്ച അംഗീകാരമാണ്.


*****


കോടിയേരി ബാലകൃഷ്ണന്‍, കടപ്പാട് : ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

'ദൈവത്തിന്റെ സ്വന്തം നാട്' എന്ന കേരളത്തിന്റെ അംഗീകാരം അക്ഷരാര്‍ഥത്തില്‍ പ്രാവര്‍ത്തികമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷത്തോളം ആഭ്യന്തര വകുപ്പ് സംസ്ഥാനത്ത് നടത്തിയത്. യു ഡി എഫ് ഭരണ കാലത്ത് വര്‍ഗീയ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തമായിരുന്ന സംസ്ഥാനമായിരുന്ന കേരളത്തെ അതില്‍ നിന്നു വിമുക്തമാക്കാന്‍ ആഭ്യന്തര വകുപ്പിന്റെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ മൂലം സാധിച്ചിട്ടുണ്ട്. നിയമങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ട് പൊലീസ്, ജയില്‍ വിഭാഗങ്ങളെ പൂര്‍ണമായും ആധുനികവല്‍ക്കരിക്കുന്നതിന് സാധിച്ചപ്പോള്‍ നിരവധിപ്പേര്‍ക്ക് പുതുതായി നിയമനം നല്‍കാനും കഴിഞ്ഞു. ജനമൈത്രി പൊലീസ് സംവിധാനം നടപ്പാക്കി രാജ്യത്തിന് പുതിയൊരു മാതൃക സൃഷ്‌ടിക്കാന്‍ സാധിച്ചു. പൊലീസ് നിയമം അടിമുടി പരിഷ്‌കരിച്ചത് ദേശീയ തലത്തില്‍ തന്നെ ഏറെ ശ്രദ്ധ നേടി.