കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന പണരൂപത്തിലുള്ള സബ്സിഡി രാജ്യത്ത് നിലവിലുള്ള പൊതുവിതരണസമ്പ്രദായത്തെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്നതാണ്. സബ്സിഡി അര്‍ഹരുടെ കൈയിലേക്ക് നേരിട്ട് എത്തുമെന്നും അതോടെ ദാരിദ്ര്യം അവസാനിക്കുമെന്നും സാങ്കേതികവിദ്യക്ക് എന്തും കഴിയുമെന്നും വാദിക്കുന്ന ചില പണ്ഡിതര്‍ പ്രശ്നത്തെ ആഴത്തില്‍ സമീപിക്കുന്നില്ല. ഇതെല്ലാം കേട്ട് പിന്തുണയ്ക്കുന്ന മധ്യവര്‍ഗമാണ് ആദ്യം ഈ നയത്തിന്റെ ആഘാതം ഏറ്റുവാങ്ങാന്‍ പോകുന്നത്. വരുന്ന മാര്‍ച്ചോടെ മണ്ണെണ്ണ, എല്‍പിജി, വളം എന്നീ ഇനങ്ങളിലാണ് പണരൂപത്തിലുള്ള സബ്സിഡി സമ്പ്രദായം നടപ്പാക്കാന്‍ പോകുന്നത്. എല്‍പിജി ഇനത്തില്‍ സര്‍ക്കാര്‍ ഇപ്പോള്‍ ചെലവാക്കുന്ന സബ്സിഡി 13,000 കോടി രൂപയാണ്. എല്‍പിജി സിലിണ്ടറിന്റെ വില സര്‍ക്കാരാണ് നിശ്ചയിക്കുന്നത്. എണ്ണക്കമ്പനികള്‍ക്കാണ് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നത്.
ഗാര്‍ഹികാവശ്യത്തിനായി ഉപയോഗിക്കുന്ന പാചകവാതകത്തിന് ഇപ്പോള്‍ എല്ലാവരും നല്‍കുന്നത് ഒരേ വിലയാണ്. ശരാശരി 300 രൂപ മുടക്കിയാല്‍ ഒരു സിലിണ്ടര്‍ ലഭിക്കും. പുതിയ സമ്പ്രദായപ്രകാരം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കുമാത്രമേ സബ്സിഡി ലഭിക്കുകയുള്ളൂ. അവര്‍ക്ക് ഒരു മാസം ഉപയോഗിക്കേണ്ട സിലിണ്ടറിന്റെ എണ്ണം സര്‍ക്കാര്‍ നിശ്ചയിച്ച് അതിനുള്ള സബ്സിഡി അവരുടെ ബാങ്ക് അക്കൌണ്ടിലേക്ക് നല്‍കും. എന്നാല്‍, പാചകവാതകം ഉപയോഗിക്കുന്ന 13 കോടി കുടുംബങ്ങളില്‍ മഹാഭൂരിപക്ഷവും നഗരങ്ങളിലുള്ളവരാണ്. ഇവരില്‍ ഭൂരിപക്ഷവും എപിഎല്‍ വിഭാഗത്തിലാണ് പെടുന്നത്. ഇവര്‍ക്കൊന്നും സര്‍ക്കാരിന്റെ സബ്സിഡി ലഭിക്കുകയില്ല. ഒരു സിലിണ്ടര്‍ പാചകവാതകത്തിന്റെ വില നിശ്ചയിക്കുന്നത് എണ്ണക്കമ്പനികളായിരിക്കും. ഇപ്പോഴത്തെ കണക്കുപ്രകാരം 620 രൂപയിലധികം ഉല്‍പ്പാദനചെലവ് വരുന്ന സിലിണ്ടറാണ് കമ്പനികള്‍ 300 രൂപയ്ക്ക് നല്‍കുന്നത്. പുതിയ സമ്പ്രദായം നടപ്പായിക്കഴിഞ്ഞാല്‍ ഏറ്റവും ചുരുങ്ങിയത് 620 രൂപയെങ്കിലും ഒരു സിലിണ്ടറിന് ഇന്നത്തെ കണക്കില്‍ നല്‍കേണ്ടിവരും. ഇപ്പോള്‍ പെട്രോളിന്റെ വില തുടര്‍ച്ചയായി കമ്പനികള്‍ വര്‍ധിപ്പിക്കുന്നതുപോലെ നാളെ പാചകവാതകത്തിന്റെ വിലയും അവര്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കും. കേരളമാണ് ഇതിന്റെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവരിക.
കേന്ദ്രത്തിന്റെ കണക്കുപ്രകാരം കേരളത്തില്‍ 11 ലക്ഷം കുടുംബങ്ങള്‍മാത്രമേ ദാരിദ്ര്യരേഖയ്ക്ക് താഴെ വരികയുള്ളൂ. ഏറ്റവുമൊടുവില്‍ നിയമസഭയില്‍ ധനമന്ത്രി തോമസ് ഐസക് പറഞ്ഞ കണക്കുപ്രകാരമാണെങ്കില്‍ അത് 40 ലക്ഷം വരും. എന്നാല്‍, പുതിയ സമ്പ്രദായത്തില്‍ കേന്ദ്രത്തിന്റെ കണക്കില്‍ 11 ലക്ഷം കുടംബങ്ങള്‍ മാത്രമേ സബ്സിഡി ലഭിക്കുന്ന പട്ടികയില്‍ ഉള്‍പ്പെടുകയുള്ളൂ. ഏകദേശം 60 ലക്ഷം കുടുംബങ്ങള്‍ കേരളത്തില്‍ ഉണ്ടെന്നാണ് കണക്ക്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ശതമാനം പാചകവാതക കണക്ഷനുള്ള സംസ്ഥാനം കേരളമാണ്. ഇവിടെ ഏകദേശം 83 ശതമാനം കുടുംബങ്ങളും പാചകവാതകം ഉപയോഗിക്കുന്നു. അതില്‍ത്തന്നെ അമ്പതുശതമാനത്തിനും രണ്ടു സിലിണ്ടര്‍ കണക്ഷനാണുള്ളത്. അമ്പതുലക്ഷത്തോളം പാചകവാതക കണക്ഷനുകളില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കു മാത്രമേ സൌജന്യം നല്‍കുകയുള്ളൂ. യഥാര്‍ഥത്തില്‍ പാചകവാതകം ഉപയോഗിക്കുന്ന കുടുംബങ്ങള്‍ ഏകദേശം എല്ലാംതന്നെ കേന്ദ്രസര്‍ക്കാരിന്റെ കണക്കില്‍ എപിഎല്ലില്‍ ഉള്‍പ്പെടുന്നവരാണ്. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കുന്നതോടെ കേരളത്തിലുള്ള മിക്കവാറും എല്ലാ കുടുംബങ്ങളും ഉയര്‍ന്ന വിലയ്ക്ക് പാചകവാതകം വാങ്ങാന്‍ നിര്‍ബന്ധിതമാകും. ഇതാണ് പ്രണബ് കുമാര്‍ മുഖര്‍ജിയും കോണ്‍ഗ്രസും കേരളത്തിനു നല്‍കുന്ന സംഭാവന.
അടുത്ത അടി കിട്ടാന്‍ പോകുന്നത് കര്‍ഷകര്‍ക്കാണ്. ഇപ്പോള്‍ കുറഞ്ഞ വിലയ്ക്കാണ് കമ്പനികള്‍ വളം വില്‍ക്കുന്നത്. എഫ്എസിടി വളം ഉണ്ടാക്കാന്‍ ചെലവാക്കുന്ന പണത്തേക്കാളും കുറഞ്ഞ വിലയ്ക്കാണ് അവര്‍ കര്‍ഷകര്‍ക്ക് വില്‍ക്കുന്നത്. കമ്പനിയുടെ നഷ്ടം സര്‍ക്കാര്‍ സബ്സിഡി നല്‍കി നികത്തും. എന്നാല്‍, പുതിയ സബ്സിഡി സമ്പ്രദായപ്രകാരം സബ്സിഡി കര്‍ഷകന് നേരിട്ടാണ് നല്‍കുന്നത്. കര്‍ഷകന് കമ്പോളത്തില്‍നിന്ന് നേരിട്ട് വളം വാങ്ങാം. വളത്തിന്റെ വില നിശ്ചയിക്കുന്നത് കമ്പനിയായിരിക്കും. കമ്പോളത്തിലെ അതതുസമയത്തെ സാഹചര്യമനുസരിച്ച് വളത്തിന്റെ വിലയില്‍ മാറ്റമുണ്ടാകും. ഇപ്പോഴത്തെ ധാരണയനുസരിച്ച് കര്‍ഷകന് ലഭിക്കുന്ന സബ്സിഡി നിശ്ചിത തുക തന്നെയായിരിക്കും. അതോടെ കര്‍ഷകന്‍ കൂടുതല്‍ പണം വളത്തിനായി ചെലവഴിക്കാന്‍ നിര്‍ബന്ധിതനാകും. പണം നല്‍കുന്നത് കുടുംബനാഥനെന്ന നിലയ്ക്ക് പുരുഷനാണ്. അത് കാര്‍ഷികാവശ്യത്തിനായിത്തന്നെ ചെലവഴിക്കുമെന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ല. ഇപ്പോള്‍ കുറഞ്ഞ വിലയ്ക്ക് വളം ലഭിക്കുന്ന നല്ലൊരു പങ്ക് കര്‍ഷകരും കേന്ദ്രത്തിന്റെ മാനദണ്ഡമനുസരിച്ചുള്ള അര്‍ഹരുടെ പട്ടികയില്‍ ഉള്‍പ്പെടില്ലെന്ന ഭീതിയും ശക്തം. 55,000 കോടി രൂപയാണ് ഇപ്പോള്‍ രാസവളത്തിന് നല്‍കുന്ന സബ്സിഡി. ഇതു കുറയ്ക്കുന്നതിനുള്ള നിര്‍ദേശവും പുതിയ ബജറ്റിലുണ്ട്.
മണ്ണെണ്ണയുടെ കാര്യത്തില്‍ ആദ്യഘട്ടത്തില്‍ത്തന്നെ മത്സ്യത്തൊഴിലാളികള്‍ പുറത്തുപോകും. മത്സ്യബന്ധനത്തിനായി പോകുന്നവര്‍ക്ക് സൌജന്യം നല്‍കുന്ന പദ്ധതിയൊന്നും കേന്ദ്രത്തിനില്ല. ഇപ്പോള്‍ കേരളത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണവും പൂര്‍ത്തീകരിക്കുകയാണ്. അതോടെ കേന്ദ്രത്തിന്റെ സബ്സിഡിനിരക്കില്‍ മണ്ണെണ്ണ നല്‍കുന്ന പദ്ധതിയില്‍നിന്ന് കേരളം പുറത്തുപോകും. മണ്ണെണ്ണയ്ക്കായി മുടക്കുന്ന 18,000 കോടി രൂപയിലും കുറവ് വരുത്താന്‍ ഇതുവഴി കേന്ദ്രത്തിനു കഴിയും.
പുതിയ സബ്സിഡി സമ്പ്രദായത്തിന്റെ അടുത്ത ഘട്ടത്തിലാണ് ഭക്ഷ്യധാന്യങ്ങളെ ഉള്‍പ്പെടുത്തുന്നത്. യുപിഎ ഒന്നാം സര്‍ക്കാരിന്റെ സമയത്ത് അന്നത്തെ ധനമന്ത്രി ചിദംബരം ഫുഡ് സ്റാമ്പ് എന്ന നിര്‍ദേശം മുന്നോട്ടുവയ്ക്കുകയുണ്ടായി. സബ്സിഡിക്ക് സമാനമായ സ്റാമ്പ്് ഉപയോക്താവിന് നല്‍കുകയും കടയില്‍ അത് നല്‍കുമ്പോള്‍ അത്രയും രൂപയ്ക്കുള്ള ഇളവ് ലഭിക്കുകയും ചെയ്യുന്നതാണ് പദ്ധതി. കടയുടമകള്‍ അതിനായി നിശ്ചയിച്ച സര്‍ക്കാര്‍ ഓഫീസിലോ പ്രത്യേകം ചുമതലപ്പെടുത്തിയ ബാങ്കിലോ ഈ സ്റാമ്പ് നല്‍കുമ്പോള്‍ തത്തുല്യമായ തുക അവരുടെ അക്കൌണ്ടിലേക്ക് നല്‍കും. ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ആ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോയില്ല. ഇപ്പോള്‍ പ്രഖ്യാപിച്ച സബ്സിഡി സമ്പ്രദായം അതിന്റെ മറ്റൊരു രൂപമാണ്.
സ്റാറ്റ്യൂട്ടറി റേഷന്‍ സമ്പ്രദായം നിലനില്‍ക്കുന്നെന്ന് ഇപ്പോഴും കരുതുന്ന കേരളത്തില്‍ 11 ലക്ഷത്തിനു മാത്രമായി കേന്ദ്രത്തിന്റെ പദ്ധതി പരിമിതപ്പെടും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കുള്ള സബ്സിഡി സര്‍ക്കാര്‍ അവരുടെ അക്കൌണ്ടിലേക്ക് നല്‍കും. ഇവര്‍ കടയില്‍നിന്ന് അരിയും റേഷന്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മറ്റു അവശ്യസാധനങ്ങളും വാങ്ങുമ്പോള്‍ അവര്‍ക്ക് ഈ പണം കഴിച്ചുള്ള തുക കണ്ടെത്തിയാല്‍ മതിയാകും! ഇഷ്ടമുള്ള കടയില്‍നിന്ന് ഉപയോക്താവിന് റേഷന്‍ സാധനങ്ങള്‍ വാങ്ങാനുള്ള അവകാശമാണ് പുതിയ സംവിധാനം നല്‍കുകയെന്നാണ് ഇതുവരെയുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നത്. വില നിശ്ചയിക്കുന്നത് കമ്പോളമായിരിക്കും. ആളുകള്‍ പണവുമായി കടയില്‍ ചെല്ലുമ്പോള്‍ വില കയറിയിരിക്കും. സബ്സിഡിയാകട്ടെ നിശ്ചിത സംഖ്യയുമായിരിക്കും. ഫലത്തില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കും ഒരു തരത്തിലുള്ള സഹായവും പുതിയ പദ്ധതി നല്‍കില്ല.
കേരളത്തിലാണെങ്കില്‍ റേഷന്‍ കടകളിലൂടെ നല്ല രീതിയില്‍ പൊതുവിതരണസമ്പ്രദായം പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ റേഷന്‍ കടയിലും നിശ്ചിത എണ്ണം കാര്‍ഡുകളാണുള്ളത്. റേഷന്‍ കടകള്‍ ആവശ്യമില്ലാത്ത സമ്പ്രദായമാണ് പുതിയ രീതി വിഭാവനംചെയ്യുന്നത്. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് മൂന്നുരൂപ നിരക്കില്‍ അരിയോ ഗോതമ്പോ നല്‍കുന്ന നിയമം കൊണ്ടുവരുമെന്ന് ഒരുവശത്ത് പ്രഖ്യാപിച്ചുകൊണ്ടിരിക്കുമ്പോഴാണ് നിലവിലുള്ളതിനെപ്പോലും തകര്‍ക്കുന്ന രീതി കൊണ്ടുവരുന്നത്.
പൊതുവിതരണസമ്പ്രദായം ഇല്ലാതായാല്‍ പിന്നെ പൊതുസംഭരണസംവിധാനങ്ങള്‍ ആവശ്യമില്ലാതെ വരും. അങ്ങനെ വന്നാല്‍ പിന്നെ തറവില പ്രഖ്യാപിക്കേണ്ട ആവശ്യവും സര്‍ക്കാരിനില്ലാതാകുമെന്ന ആശങ്കയും പലരും ഉയര്‍ത്തുന്നുണ്ട്. ഇത് കാര്‍ഷിക മേഖലയിലും ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. കോണ്‍ഗ്രസ് നയിക്കുന്ന കേന്ദസര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന പുതിയ പദ്ധതി ഫലത്തില്‍ മുഴുവന്‍ കേരളീയരെയും കഷ്ടപ്പെടുത്താന്‍ പോകുന്ന ഒന്നായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
*
പി രാജീവ് കടപ്പാട്: ദേശാഭിമാനി ദിനപത്രം 18 മാര്‍ച്ച് 2011
Subscribe to:
Post Comments (Atom)
1 comment:
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന പണരൂപത്തിലുള്ള സബ്സിഡി രാജ്യത്ത് നിലവിലുള്ള പൊതുവിതരണസമ്പ്രദായത്തെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്നതാണ്. സബ്സിഡി അര്‍ഹരുടെ കൈയിലേക്ക് നേരിട്ട് എത്തുമെന്നും അതോടെ ദാരിദ്ര്യം അവസാനിക്കുമെന്നും സാങ്കേതികവിദ്യക്ക് എന്തും കഴിയുമെന്നും വാദിക്കുന്ന ചില പണ്ഡിതര്‍ പ്രശ്നത്തെ ആഴത്തില്‍ സമീപിക്കുന്നില്ല. ഇതെല്ലാം കേട്ട് പിന്തുണയ്ക്കുന്ന മധ്യവര്‍ഗമാണ് ആദ്യം ഈ നയത്തിന്റെ ആഘാതം ഏറ്റുവാങ്ങാന്‍ പോകുന്നത്. വരുന്ന മാര്‍ച്ചോടെ മണ്ണെണ്ണ, എല്‍പിജി, വളം എന്നീ ഇനങ്ങളിലാണ് പണരൂപത്തിലുള്ള സബ്സിഡി സമ്പ്രദായം നടപ്പാക്കാന്‍ പോകുന്നത്
Post a Comment