മുമ്പ് ധനത്തെപ്പറ്റി എഴുതാന്‍ (ധനക്കുറവാണെങ്കിലും) എനിക്ക് ധൈര്യക്കുറവ് ഒട്ടും ഇല്ലായിരുന്നു. എത്ര വലിയ സംഖ്യയായാലും അക്കത്തിലും അക്ഷരത്തിലും എഴുതാന്‍ കഴിയുമെന്ന അഹങ്കാരം ഉള്ളകാലം. 1951ല്‍ ആരംഭിച്ച ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആകെ അടങ്കല്‍ തുക 2378 കോടി രൂപ. പുല്ലുപോലെ എഴുതാം! ഇന്ന് ആ ധൈര്യം ആകെ പോയി. കേന്ദ്രത്തിലെ ഒരു രണ്ടാംകിട മന്ത്രി വകവരുത്തിയത് 1.76 ലക്ഷം കോടി രൂപ! ആല്‍ബര്‍ട്ട് ഐന്‍സ്റീനുപോലും എഴുതുമ്പോള്‍ തെറ്റുവന്നേക്കാം.
ഇന്ത്യയുടെമേല്‍ ഭാഗ്യലക്ഷ്‌മിയുടെ കൃപാദൃഷ്‌ടി വേണ്ടുവോളം പതിഞ്ഞിരിക്കുന്നതിന്റെ തെളിവാണ് കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ കുബേരപ്രഭുക്കളില്‍ രണ്ടുപേര്‍- അംബാനിയും മിത്തലും ഇന്ത്യക്കാരാണെന്ന് ലോകം മുഴുവന്‍ ഫോര്‍ബ്‌സ് പത്രത്തിന്റെ ഉടമ സ്റീവ് ഫോര്‍ബ്‌സ് കൊട്ടിഘോഷിച്ചത്. ഇപ്പോഴത്തെ ഫോര്‍ബിന്റെ അച്ഛന്‍ ഫോര്‍ബ് (മാല്‍കോം സ്‌റ്റീവന്‍സന്‍) ആണ് അതിന് ധനികലോകത്തിന്റെ പ്രചാരണായുധം എന്ന സ്ഥാനം ഉണ്ടാക്കിക്കൊടുത്തത്.
ഈ പണക്കാരെല്ലാം സൂപ്പര്‍ ബില്യണയര്‍മാരാണ്. മില്യണ്‍ വരെ കണക്കു പറയാന്‍ ഞാനും കൂടാം. പക്ഷേ, ബില്യണ്‍ കുറച്ച് കടുപ്പമാണ്, ചിന്തിച്ചാല്‍. മില്യണ്‍ പത്തുലക്ഷമാണെങ്കില്‍ ബില്യണ്‍ 1000 മില്യണ്‍ ആണ്. നൂറുകോടി. തെറ്റായാലും ശരിയായാലും എന്റെ കണക്കിന്റെ തോണി സംഖ്യക്കടലില്‍ മുങ്ങിപ്പോകും! ലോകത്തിലുള്ള ശതകോടിപതികളില്‍ അഞ്ചുശതമാനം ഇന്ത്യയിലാണ്.
പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പാര്‍ലമെന്റിലെ പല ഏറ്റുപറച്ചിലുകളും അഴിമതിക്കഥകളുംകൊണ്ട് പരിക്ഷീണനായിരിക്കെ, ഈ ശതകോടികളുടെ ഇന്ത്യന്‍ പങ്കിനെപ്പറ്റി കേട്ട് ആഹ്ളാദംകൊണ്ട് പരവശനായിത്തീര്‍ന്നിരിക്കുന്നു. അദ്ദേഹത്തിന്റെ സ്വര്‍ണസ്വപ്‌നം മെല്ലെമെല്ലെ പൂത്തുലഞ്ഞുവരികയാണ് - ഇന്ത്യയെ പരമധനികരുടെ പറുദീസയാക്കുക എന്ന സ്വപ്‌നം. ദാരിദ്ര്യത്തെ നിര്‍മാര്‍ജനം ചെയ്‌തുകൊണ്ട് ദരിദ്രരെ ഇല്ലാതാക്കുകയല്ല സിങ്ങിന്റെ പരിപാടി. അത് ആ ഗാന്ധിജിയുടെ പഴഞ്ചന്‍ പരിപാടി. സിങ് യുഗത്തില്‍ ദാരിദ്ര്യത്തെ ഇല്ലാതാക്കുന്നത് ദരിദ്രരെ ഇല്ലാതാക്കിയിട്ടാണ്. ദരിദ്രര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാക്കുകയാണ് പരിപാടിയുടെ കാതലായ വശം. ആകാവുന്നത്ര വിലക്കയറ്റം വര്‍ധിപ്പിക്കുക; പെട്രോള്‍വില ദിവസേന (ഇപ്പോള്‍ ആഴ്‌ചതോറുമല്ലേ?) വര്‍ധിപ്പിക്കുക, ബാങ്കുകളില്‍നിന്ന് സഹായം നേടാന്‍ കഴിച്ച വെള്ളം പുറത്തെടുക്കുന്നതിലേറെ പ്രയാസം ഉണ്ടാക്കുക - അങ്ങനെ ദരിദ്രരുടെ ഉന്മൂലനാശത്തിന് പല വിദ്യകളും പ്രധാനമന്ത്രിയും പ്രണബ് മന്ത്രിയും ചേര്‍ന്ന് പ്രയോഗിച്ചുവരുന്നുണ്ട്.
ദരിദ്രര്‍ക്കുള്ള സഹായങ്ങള്‍ ലഭ്യമാക്കാതിരിക്കുകയോ പ്രയാസങ്ങള്‍ കടക്കാതെ ലഭ്യമാവില്ലെന്നു വരുത്തുകയോ ചെയ്യുന്നതോടൊപ്പം കുബേരവര്‍ഗത്തിന്റെ വഴി സുഗമമാക്കുകയും സിങ്ങിന്റെ സമര്‍ഥമായ നയമാണ്. വന്‍ കമ്പനികള്‍ക്ക് ആദായനികുതിയില്‍ വലിയ ഇളവുകള്‍ വരുത്തിയിരിക്കുന്നു. ഇന്ത്യയെ നിക്ഷേപകസൌഹൃദത്തിന് പേരുകേട്ട ഒരു ഉദാത്തനാട് ആക്കിത്തീര്‍ക്കുകയാണ് ലക്ഷ്യം.
അംബാനി-മിത്തല്‍മാരുടെ സമ്പാദ്യം രേഖകളില്‍ ഉള്ളതിന്റെ എത്രയോ മടങ്ങ് കവിയുന്നതായിരിക്കും എന്ന് വായനക്കാര്‍ ഊഹിച്ചിരിക്കും.രേഖപ്പെടുത്താത്ത ഗൂഢധനവും വിദേശബാങ്കുകളില്‍ നിക്ഷേപവും ഇല്ലാത്ത ഒരു കോടിപതിയും ഇന്ത്യയിലില്ല. അവരുടെ വരുമാനം കണക്കാക്കി എല്ലാറ്റിന്മേലില്‍നിന്നും ആദായനികുതി ഈടാക്കിയാല്‍ ഇന്ത്യയുടെ ഭരണച്ചെലവിന്റെ വലിയൊരു ഭാഗം അതുകൊണ്ട് നടത്താന്‍ കഴിയുമെന്ന് ഒരു പത്രപ്രവര്‍ത്തകന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു.
പാര്‍ലമെന്റില്‍ കോടതിപതികള്‍ വലിയൊരു ഭാഗം ഇപ്പോള്‍ത്തന്നെയുണ്ട്. റഷ്യയില്‍ കമ്യൂണിസം തകര്‍ന്നെന്ന് പറയുന്നുണ്ടെങ്കിലും അവിടെ ഇതിനിടെ ജയിലിലാക്കപ്പെട്ട ഭീമകുബേരന്മാര്‍ നൂറിലേറെ വരും. ഇന്ത്യയുടെ ഭരണം കുബേരഭരണം ആക്കുകയാണ് മന്‍മോഹന്‍ സിങ്ങിന്റെയും ടീമിന്റെയും അതിഗൂഢമായ ലക്ഷ്യം. ഇവര്‍ ആഗോളീകരണം, ഉദാരീകരണം, നിക്ഷേപ പ്രോത്സാഹനം എന്നൊക്കെ നവസംജ്ഞകള്‍ ഉപയോഗിക്കുന്നതിനെല്ലാം ഒരു ലക്ഷ്യമേയുള്ളൂ - ഇന്ത്യയെ ഒരു മുതലാളിത്തഭരണമാക്കി മാറ്റിത്തീര്‍ക്കുക. ഇന്ത്യ ജനാധിപത്യപരവും സോഷ്യലിസ്‌റ്റും ആയ രാജ്യമാണെന്ന് എടുത്തുപറയുന്നുണ്ട് ഭരണഘടനയുടെ ആമുഖത്തില്‍. അതൊന്നും ഇന്ത്യയുടെ നവോദാരചക്രവാളത്തിലേക്കുള്ള കുതിപ്പില്‍ പ്രതിബന്ധമല്ല. 'സോഷ്യലിസ്‌റ്റ് ' എന്ന വാക്ക് ഇരിക്കെ, സിങ്ജി ഇവിടത്തെ പൊതുമേഖലാസ്ഥാപനങ്ങള്‍ എല്ലാം ഓരോന്നായി വിറ്റുതുലയ്‌ക്കാന്‍ നടപടികളെടുത്തുകഴിഞ്ഞല്ലോ.
പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്‌ടത്തിലായാല്‍, ലാഭമുണ്ടാക്കാന്‍ സ്വകാര്യസ്ഥാപനങ്ങളാക്കുകയോ സ്വകാര്യ മൂലധനക്കാരെ ഏല്‍പ്പിക്കുകയോ ചെയ്യുക എന്ന നയം എത്ര സുഗമമായാണ് പ്രവൃത്തിയില്‍ കൊണ്ടുവന്നത്. നഷ്‌ടത്തിലായത് പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വാഭാവികമായ ദോഷമാണെന്നാണ് വാദം. അപ്പോള്‍ സോഷ്യലിസം നഷ്‌ടക്കച്ചവടവും മുതലാളിത്തം ലാഭക്കച്ചവടവും ആണെന്ന സിദ്ധാന്തം സ്ഥാപിക്കപ്പെടുന്നു. നെഹ്റുവിന്റെ പിന്മുറക്കാരുടെ പൈതൃകസംരക്ഷണത്തിന്റെ വിരുത് നോക്കിയാലും!
ഈ നഷ്‌ടവിരോധികളോട് ഒരു ചോദ്യം ചോദിച്ചോട്ടെ. നഷ്‌ടമുണ്ടാക്കുന്നത് സ്ഥാപനം മാറുന്നതിന് ഹേതുവായെടുക്കാമെങ്കില്‍, ഈ അര്‍ധഭൂഖണ്ഡത്തില്‍ കേന്ദ്രഗവണ്‍മെന്റിനെപ്പോലെ നഷ്‌ടമുണ്ടാക്കിയതും ഭരിക്കാനറിയാത്തതും അഴിമതിയില്‍ മുങ്ങിയതുമായ ഒരേര്‍പ്പാട് ഇതുവരെ ഉണ്ടായിട്ടില്ല എന്ന വസ്‌തുതയും പരിഗണിക്കപ്പെടേണ്ടതാണ്. അങ്ങനെയാണെങ്കില്‍ ഈ ഗവമെന്റിനെയും പിരിച്ചുവിടേണ്ടതല്ലേ! പൊതുസ്ഥാപനങ്ങളെ അവസാനിപ്പിച്ചിട്ട് ഇവര്‍ തുടരുന്നതിന്റെ യുക്തി പിടികിട്ടുന്നില്ല.
ഇന്ത്യയുടെ ഭരണഘടനയെപ്പറ്റി ആഴത്തില്‍ ചിന്തിച്ച ഭരണഘടനാ വിദഗ്ധരും സുപ്രീം കോടതിയും ഒക്കെ ഒരുകാര്യം എപ്പോഴും ആവര്‍ത്തിക്കാറുണ്ട്. ഇന്ത്യയുടെ ഭരണരീതിയില്‍ എന്തെല്ലാം മാറ്റം വരുത്തിയാലും അതിന്റെ 'മൌലിക ഘടന' (bsic structure) ഒരിക്കലും മാറ്റാന്‍ പാടില്ലെന്ന്. മനോമോഹനമായ രീതിയില്‍ സിങ് ഭരണകൂടം ചെയ്‌തുവരുന്നത് ഈ മൌലികസ്വഭാവം മാറ്റുക എന്നതാണ്. ഇന്ത്യയുടെ സോഷ്യലിസ്‌റ്റ് സ്വഭാവം നഷ്‌ടപ്പെടുത്തുന്നതും പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലാതാക്കുന്നതും സ്വകാര്യ-വിദേശ മൂലധനസ്രോതസ്സുകളെ ഇന്ത്യയില്‍ തുറന്നുവിടുന്നതും, ഒരതിരു വിട്ടാല്‍, മൌലികഘടന മാറ്റുന്നതായിത്തീരുന്നു. ഈ കുറ്റത്തിന് ഇക്കൂട്ടരെ ഭരണത്തില്‍നിന്ന് പുറത്താക്കാവുന്നതാണ്.
ഒരു നിലയ്‌ക്ക് ചിന്തിച്ചുവരുമ്പോള്‍ 'സിങ് ഗവമെന്റ്' എന്ന പേര് അന്വര്‍ഥമാണ്. സിങ് എന്നുള്ളതിന്റെ സ്‌പെല്ലിങ് മാറ്റിയാല്‍ sing എന്നായിത്തീരും- പാടുക എന്നര്‍ഥം. സിങ് ഗവമെന്റ് അമേരിക്കയുടെ മുതലാളിത്ത-സ്വകാര്യ സാമ്പത്തികരീതിക്കുവേണ്ടി ഗാനം പാടിക്കൊണ്ടുകഴിയുന്ന ഗവണ്‍മെന്റാണ്. രാജ്യം നിലവിളിക്കുമ്പോള്‍ ഗവണ്‍മെന്റ് പാടിക്കൊണ്ടിരിക്കുന്നു.
നീറോ ചക്രവര്‍ത്തിയെപ്പറ്റി കേട്ടിട്ടില്ലേ? റോം നഗരം അഗ്നിയിലെരിയുമ്പോള്‍ നീറോ ചക്രവര്‍ത്തി വീണവായിച്ചുവത്രേ. നീറോയുടെ വംശം കുറ്റിയറ്റിട്ടില്ല!
ഇന്ത്യ ഇങ്ങനെയൊരു നാടായിത്തീരുമെന്ന് നാമാരും ഉറക്കത്തില്‍പ്പോലും കണ്ടിരുന്നില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ആദര്‍ശങ്ങളും മൂല്യങ്ങളും നിലനിര്‍ത്തുക എന്നത് ഇന്ത്യക്കാരുടെയെല്ലാം മൌലിക കര്‍ത്തവ്യങ്ങളില്‍ ഒന്നാണെന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്. നമ്മുടെ മന്ത്രിമാര്‍ക്ക് ഇതൊന്നും ബാധകമല്ലേ? നമ്മളൊക്കെ സാധാരണ പൌരന്മാരും ഇവര്‍ കിംപുരുഷന്മാരുമാണോ!
ഇങ്ങനെപോയാല്‍, ഏത് നിരുത്തരവാദപരമായ സ്വേച്ഛാധിപത്യവും ഏറെക്കാലം വാഴുകയില്ല. ഈജിപ്ത്, ടുണീഷ്യ, ലിബിയ തുടങ്ങിയ മോചനസമരങ്ങള്‍ അസാധ്യമെന്ന് കരുതിയ രാജ്യങ്ങളില്‍പ്പോലും, വ്യാപകമായ ജനകീയമുന്നേറ്റങ്ങളുണ്ടായി, പലതും തകിടംമറിച്ചു. അമേരിക്കയുടെ പിന്തുണയുള്ള രാജ്യങ്ങളില്‍ ഇവ പലതും പെടുന്നു. അമേരിക്കയ്‌ക്ക് സ്‌തുതിപാടുന്ന വേല തുടര്‍ന്നാല്‍ ഭവിഷ്യത്ത് ഈ സ്‌തുതിഗായകര്‍ കരുതുന്നതിനേക്കാള്‍ അപ്പുറത്തായെന്നുവന്നേക്കാം.
ശതകോടിപതികള്‍ വര്‍ധിക്കുമ്പോള്‍ സമൂഹത്തില്‍ ഉച്ചനീചത്വം പെരുത്തുവരും.ഭരണഘടന ഇതിനെ എതിര്‍ക്കുന്നു. സാമ്പത്തികമായും സാമൂഹികമായും ഔന്നത്യവും താഴ്ചയും പ്രകടമായില്ലാത്ത തുല്യനീതിയുടെ ഒരു സമൂഹമാണ് നമ്മുടെ ലക്ഷ്യം.
അഴിമതി നടത്തുമ്പോഴും ബജറ്റ് ഉണ്ടാക്കുമ്പോഴും കേന്ദ്രസ്ഥരായ വന്‍തോക്കുകള്‍ ഇതൊക്കെ മറക്കാതിരിക്കട്ടെ!
*****
സുകുമാര്‍ അഴീക്കോട്, കടപ്പാട് : ദേശാഭിമാനി
Subscribe to:
Post Comments (Atom)
1 comment:
ഇന്ത്യയുടെ ഭരണഘടനയെപ്പറ്റി ആഴത്തില്‍ ചിന്തിച്ച ഭരണഘടനാ വിദഗ്ധരും സുപ്രീം കോടതിയും ഒക്കെ ഒരുകാര്യം എപ്പോഴും ആവര്‍ത്തിക്കാറുണ്ട്. ഇന്ത്യയുടെ ഭരണരീതിയില്‍ എന്തെല്ലാം മാറ്റം വരുത്തിയാലും അതിന്റെ 'മൌലിക ഘടന' (bsic structure) ഒരിക്കലും മാറ്റാന്‍ പാടില്ലെന്ന്. മനോമോഹനമായ രീതിയില്‍ സിങ് ഭരണകൂടം ചെയ്‌തുവരുന്നത് ഈ മൌലികസ്വഭാവം മാറ്റുക എന്നതാണ്. ഇന്ത്യയുടെ സോഷ്യലിസ്‌റ്റ് സ്വഭാവം നഷ്‌ടപ്പെടുത്തുന്നതും പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലാതാക്കുന്നതും സ്വകാര്യ-വിദേശ മൂലധനസ്രോതസ്സുകളെ ഇന്ത്യയില്‍ തുറന്നുവിടുന്നതും, ഒരതിരു വിട്ടാല്‍, മൌലികഘടന മാറ്റുന്നതായിത്തീരുന്നു. ഈ കുറ്റത്തിന് ഇക്കൂട്ടരെ ഭരണത്തില്‍നിന്ന് പുറത്താക്കാവുന്നതാണ്.
Post a Comment