ഇന്ന് ഞങ്ങളുടെ നാട്ടില്‍ പൂരമാണ്. ഏറ്റവും വലിയ ദേവമേള എന്നറിയപ്പെടുന്ന ആറാട്ടുപുഴ പൂരം. ഇന്നു ഞങ്ങളെല്ലാവരും ആറാട്ടുപുഴപ്പാടത്ത് ഒത്തുചേരുന്നു.
പഴയ ഒരു പൂരദിവസം ഓര്‍മ്മ വരുന്നു. അറുപതുകളുടെ ആദ്യത്തിലാണെന്നു തോന്നുന്നു തൃശ്ശൂര്‍ ജില്ലയിലെ കണ്ണപുരത്തുള്ള ഒരാല്‍മരത്തില്‍ ഒരു മായാകൃഷ്ണന്‍ പ്രത്യക്ഷമാവുകയുണ്ടായി. ആറാട്ടുപുഴ പൂരത്തിന്റെ അന്ന് ഉച്ച തിരിഞ്ഞ് അമ്മയുടെ ഏടത്തി വീട്ടില്‍ വന്നു. പൂരം കാണാനല്ല കണ്ണപുരത്തേയ്ക്ക് അമ്മയെ കൂട്ടിക്കൊണ്ടു പോവാന്‍. അമ്മ അവിടെനിന്നു മടങ്ങിവന്നപ്പോഴേയ്ക്കും ശാസ്താവിന്റെ എഴുന്നെള്ളിപ്പ് പകുതിയും കഴിഞ്ഞിരുന്നു. കണ്ണപുരത്തെ കൃഷ്ണനെ കാണാന്‍ പോയെങ്കിലും മനസ്സു മുഴുവനും ഇവിടെയായിരുന്നു എന്ന് അമ്മ പറഞ്ഞു.
എന്തോ എനിയ്ക്കതു വിശ്വാസമായില്ല. അങ്ങനെ ഒരു പൂരപ്രാന്ത് ആറാട്ടുപുഴയുടെ ഒരറ്റത്തു കിടക്കുന്ന ഞങ്ങളുടെ വീട്ടിലുള്ളവര്‍ക്കാര്‍ക്കെങ്കിലുമുണ്ട് എന്ന് എനിയ്ക്കു തോന്നിയിട്ടില്ല. അച്ഛനായാലും അമ്മയ്ക്കായാലും മക്കള്‍ക്കായാലും.
ആറാട്ടുപുഴ ദേശത്തെ സ്ഥിതി പക്ഷേ അതല്ല. അവിടെ പൂരത്തിനെത്രയോ മുമ്പു തന്നെ പൂരജ്വരം തുടങ്ങിയിട്ടുണ്ടാവും. മകയിരനാളില്‍ കൊടികയറിയാല്‍പ്പിന്നെ പൂരത്തില്‍ക്കുറഞ്ഞുള്ള ഒന്നും അവിടെ വിഷയമല്ല. തിരുവാതിരവിളക്കു കഴിഞ്ഞാല്‍പ്പിന്നെ പറയാനുമില്ല. അതിനു മുമ്പു തന്നെ വീടിനും മതിലിനും ചായമടിക്കുക, മുറ്റം തല്ലി പാകമാക്കി ചാണകം മെഴുകുക തുടങ്ങിയ കലാപരിപാടികള്‍ തുടങ്ങിയിട്ടുണ്ടാവും. പൂരത്തിന്റെ അന്ന് വീടുകള്‍ കണ്ടാലറിയില്ല. വിളക്കുകള്‍ കൊണ്ടും അലങ്കാരങ്ങള്‍ കൊണ്ടും അതു പാടേ മാറിയിട്ടുണ്ടാവും. പുറത്തുള്ളവര്‍ അവധിയ്ക്കു നാട്ടിലെത്തുന്നത് ഓണത്തിനും ക്രിസ്തുമസ്സിനുമല്ല. വിരുന്നുകാരാവട്ടെ നാലു ദിവസം മുമ്പുതന്നെ എത്തിത്തുടങ്ങും. (അതിഥികളെ സല്‍ക്കരിക്കുന്ന ആറാട്ടുപുഴക്കാര്‍ക്ക് ശാസ്താവിന്റെ പൂരം കാണാന്‍ വേണ്ടി പൂരത്തലേന്ന് തറയ്ക്കല്‍പ്പൂരം പതിവുണ്ട്. പണ്ട് ഒരാനയെ മാത്രം എഴുന്നെള്ളിച്ച് നടത്തിയിരുന്ന പൂരം ഇന്ന് ഒമ്പതാനയെ വെച്ച് ഗംഭീരമായി നടത്തുന്നു. ആറാട്ടുപുഴ പൂരത്തിന്റെ പ്രൗഢിയുടെ പകുതിയോളം ഇന്ന് അതിനുമുണ്ട്.)
ഞങ്ങളുടെ വീടിന് ഇതൊന്നും ബാധകമല്ല. പൂരത്തിന്റെ അന്ന് ഉച്ച തിരിയുമ്പോഴാണ് പൂരമായല്ലോ എന്നു ഞങ്ങളറിയുക. അപ്പോഴാണ് അതിഥികള്‍ ഓരോരുത്തരായി എത്തിത്തുടങ്ങുക. പിന്നെ അവര്‍ക്ക് ചക്ക വറുത്തതും കാപ്പിയും കൊടുത്ത് പൂരത്തിനയയ്ക്കുകയായി ഞങ്ങളുടെ ആതിഥ്യം. രാത്രി ഒരു വക പൂരം കണ്ട് കുറച്ചതിഥികള്‍ മടങ്ങിവരും. കുളിച്ച് മാമ്പഴക്കൂട്ടാനും ചക്ക മെഴുക്കുപുരട്ടിയും കൂട്ടിയുള്ള ഊണും കഴിഞ്ഞ് അവര്‍ വീണ്ടും പാടത്തേയ്ക്കിറങ്ങും. എല്ലാ അതിഥികളേയും ഊട്ടിക്കഴിഞ്ഞാണ് അച്ഛനും അമ്മയും മക്കള്‍ ഞങ്ങളെല്ലാവരും കൂടി പൂരത്തിനു പോവുക. അപ്പോഴേയ്ക്കും ശാസ്താവിന്റെ പൂരം പകുതി കഴിഞ്ഞിരിക്കും. മേളം കൊട്ടിക്കലാശിക്കുന്നതോടെ വെടിക്കെട്ട്. ആറാട്ടുപുഴപ്പാടത്ത് അതോടെ പകുതി തിരക്കൊഴിയുന്നു.
ശാസ്താവിന്റെ പൂരം കഴിഞ്ഞാല്‍ അന്നു പാടത്തെത്തുന്ന എല്ലാ ദേവീദേവന്മാരെയും സ്വീകരിയ്ക്കാന്‍ ശാസ്താവ് നിലപാടുതറയില്‍ എഴുന്നെള്ളി നില്‍ക്കുന്നു. കോലവും കുടയും ആലവട്ടവും വെണ്‍ചാമരവും ഉപേക്ഷിച്ച് ചെറിയ ഒരു തിടമ്പുമായി ആതിഥേയന്റെ ആ നില്‍പു കാണുമ്പോള്‍ എനിയ്‌ക്കെന്തോ സങ്കടമാണ് വരാറ്. തുടര്‍ന്ന് തെക്കുനിന്ന് ചാത്തക്കുടം ശാസ്താവും അതു തീരുംമുമ്പ് വടക്കുനിന്ന് എടക്കുന്നി ഭഗവതിയും പുറപ്പെടുന്നു. വാടകയ്‌ക്കെടുത്ത കട്ടിലില്‍ അമ്മയുടെ മടിയില്‍ക്കിടന്ന് പകുതി മയക്കത്തിലാണ് ഇതെല്ലാം ഞാനറിയുക. ഇടയ്‌ക്കെപ്പോഴോ ഉണരുമ്പോള്‍ മൂന്നോ നാലോ നിലകളുള്ള ആകാശപ്പൂവും പൂരം കാണുന്ന തലകളെ ചുവപ്പിച്ചു കൊണ്ടൊരു മത്താപ്പും. അപ്പോഴും പാടത്തില്‍ അവിടവിടെയായി നെട്ടിശ്ശേരി ശാസ്താവിന്റേയും തൊട്ടിപ്പാള്‍ ഭഗവതിയുടേയും മറ്റുമായി ചെറുപൂരങ്ങള്‍ നടക്കുന്നുണ്ടാവും. വീണ്ടും മയക്കത്തിലേയ്ക്കു മടങ്ങുന്ന ഞാന്‍ ഉണരുക തൃപ്രയാറ്റു തേവര്‍ കൈതവളപ്പില്‍ എത്തുമ്പോഴുള്ള വെടിക്കെട്ടു കേള്‍ക്കുമ്പോഴാണ്. തേവര്‍ കൈതവളപ്പിലെത്തിയാല്‍ ദുഷ്ടാത്മക്കളെല്ലാം പേടിച്ച് സ്ഥലം വിടുെമന്നൊരു വിശ്വാസമുണ്ട്. അതിന്റെ ശരി എന്തായാലും പൂരപ്പാടത്ത് അപ്പോഴേയ്ക്കും തിരക്കു കുറഞ്ഞിട്ടുണ്ടാവും.
അതിനുശേഷമുള്ള കൂട്ടിയെഴുന്നെള്ളിപ്പ് ഭക്തിനിര്‍ഭരമാണ്. ഒരു കാലത്ത് നൂറ്റൊന്ന് ആനകള്‍ നിരന്നിരുന്നു എന്നു പറയുന്നു. ഇപ്പോള്‍ ഏറിവന്നാല്‍ എഴുപത്. ചിലപ്പോള്‍ അത്രയും ആനകളെ കിട്ടില്ല. കിട്ടിയാല്‍ത്തന്നെ നിരന്നുനില്‍ക്കാന്‍ സ്ഥലമില്ല. പാടം നികത്തി വീടുവെച്ചതുകൊണ്ട്. തൃപ്രയാറ്റു തേവരുടെ ഇരുവശവുമായി ചേര്‍പ്പ് ഭഗവതിയും ഊരകത്തമ്മ തിരുവടിയും അണിനിരക്കും. മറ്റു ദേവീദേവന്മാര്‍ പുറമേ. പാടത്തെ ഇരുട്ട് പുലരിയുടെ നേര്‍ത്ത വെളിച്ചവുമായി ഇടകലരുന്ന മാസ്മരമുഹൂര്‍ത്തത്തില്‍ തേവരെ പ്രദക്ഷിണം വെച്ചുതൊഴുത് ഞങ്ങള്‍ മടങ്ങും.
തുടര്‍ന്നു നടക്കുന്ന ചടങ്ങുകളെ വികാരഭരിതമെന്നുതന്നെ വിശേഷിപ്പിയ്ക്കണം. ശാസ്താവ് പുറത്തെഴുന്നള്ളി ചേര്‍പ്പു ഭഗവതിയേയും ഊരകത്തമ്മ തിരുവടിയേയും തൃപ്രയാറ്റു തേവരേയും ഉപചാരം പറഞ്ഞു യാത്രയാക്കുന്നു. ഏഴുകണ്ടം അനുയാത്ര. ഇതിനിടയ്ക്ക് അതിഥിയുടെ ആന മൂന്നു പ്രാവശ്യം പിന്നാക്കം തിരിയുന്നു. അതിഥിയുടേയും ആതിഥേയന്റേയും ആനകള്‍ ഒരേ സമയം തുമ്പിക്കയ്യുയര്‍ത്തി ഉപചാരം പറയുന്നു. അതിനുശേഷം അതിഥി പടിഞ്ഞാട്ടും ആതിഥേയന്‍ കിഴക്കോട്ടും നടന്നു നീങ്ങുന്നു.
എന്റെ പൂരം അതുകൊണ്ടു തീരില്ല. പുഴക്കടവില്‍ ഉറക്കച്ചടവോടെ പല്ലു തേയ്ക്കാനിരിയ്ക്കുമ്പോള്‍ കടലാശ്ശേരിയ്ക്കുള്ള വരമ്പിലൂടെ എഴുന്നെള്ളിപ്പു കഴിഞ്ഞ ആനകള്‍ ചങ്ങലയും കുടമണിയും കിലുക്കിക്കൊണ്ട് കിഴക്കോട്ടു പോവുന്നതു കാണാം. പൂരം കണ്ടു മടങ്ങുന്ന ചെറിയ ചെറിയ സംഘങ്ങളും. അവരില്‍ കുട്ടികള്‍ ശബ്ദമുണ്ടാക്കിക്കൊണ്ട് വിളിയ്ക്കുന്ന പീപ്പികള്‍. ആകാശപ്പുലരിയ്ക്കു ലംബമായി അവര്‍ പറപ്പിയ്ക്കുന്ന ബലൂണുകള്‍. എന്റെ കണ്ണില്‍ വെള്ളം നിറയും. പീപ്പിയും ബലൂണും കളിവാച്ചുമൊക്കെ അന്ന് വിലമതിക്കാനാവാത്ത മോഹങ്ങളായിരുന്നു ഞങ്ങള്‍ക്ക്. അനാവശ്യമെന്ന് വിലക്കപ്പെട്ടതുമായിരുന്നു.
പിന്നെ പതിവില്ലാത്ത പകലുറക്കം. എപ്പോഴോ ഉണര്‍ന്ന് സ്ഥലകാലബോധം നഷ്ടപ്പെട്ട് ഉമിക്കരിയും ഈര്‍ക്കിലയുമായി കടവിലേയ്ക്കു പുറപ്പെടുമ്പോള്‍ മാധവിയുടെ കൗതുകം നിറഞ്ഞ ചിരിയിലാണ് സ്ഥലജലഭ്രാന്തിയൊടുങ്ങുക. അതോടെ അക്കൊല്ലത്തെ എന്റെ പൂരം തീരുന്നു.
വലുതായപ്പോഴും മേളത്തില്‍ കമ്പവും ഗ്രഹിതവും ഇല്ലാത്തതുകൊണ്ട് പൂരം ഒരു ലഹരിയായില്ല എനിയ്ക്ക്. മൂന്നാംകാലം വരെ കണ്ണടച്ചു നിന്നു മേളം കേട്ട് നിശ്ശബ്ദം സ്ഥലം വിടുന്ന ആറ്റൂര്‍ രവിവര്‍മ്മയെ ഞാന്‍ ആദരത്തോടെ നോക്കി നില്‍ക്കാറുണ്ട്. മേളം കേള്‍ക്കാന്‍ വേണ്ടി മാത്രമെത്തുന്നവര്‍ വേറെയുമുണ്ടെങ്കിലും അവര്‍ ന്യൂനപക്ഷമാണ്. അവരില്‍ത്തന്നെ അധികം പേരും ചെലുത്തിയ മദ്യത്തിന്റെ ആനുകൂല്യത്തില്‍ മുറുകിയ മേളത്തിനൊപ്പം ചാടിത്തുള്ളി മേളലഹരി പ്രകടിപ്പിയ്ക്കുന്നവരുമാണ്.
ഇന്ന് ഭൂരിഭാഗവും പൂരങ്ങള്‍ക്കു വരുന്നത് വെടിക്കെട്ടു കാണാനാണ്. ആറാട്ടുപുഴ പൂരത്തിന് വെടിക്കെട്ട് ഉപായത്തിലേയുള്ളു. മോഹിച്ചു പൂരം കാണാനെത്തി വെടിക്കെട്ടു കഴിഞ്ഞപ്പോള്‍ ''ഇതെന്തു പൂരമാണപ്പാ'' എന്നു പറഞ്ഞു നിരാശയോടെ മടങ്ങിയ ബന്ധുക്കളെനിയ്ക്കുണ്ട്. ഏതാനും കൊല്ലം മുമ്പ് വേണ്ടതില്‍ക്കൂടുതല്‍ മരുന്നു ശേഖരിച്ചു എന്ന കുറ്റത്തിന് വെടിക്കെട്ടുകാരനെ പൂരത്തിനു മുമ്പ് അറസ്റ്റു ചെയ്തുകൊണ്ടു പോയതുകൊണ്ട് വെടിക്കെട്ട് പേരിനു മാത്രമായി. അതു നേരത്തെ അറിഞ്ഞതുകൊണ്ട് പൂരത്തിന് തിരക്കു വളരെ കുറഞ്ഞുംപോയി.
അറുപതുകളില്‍ ഭൂപരിഷ്‌ക്കരണം നടപ്പിലായ കാലത്ത് ഒരു കൊല്ലം ഒന്നൊളി മങ്ങിയെങ്കിലും പിന്നീട് കൊല്ലംതോറും കൂടുതല്‍ക്കൂടുതല്‍ ഗംഭീരമായിട്ടാണ് പൂരം നടത്തിപ്പോരുന്നത്. ഞങ്ങളുടെ നാട്ടില്‍ ഒരു പറച്ചിലുണ്ട്. ആറാട്ടുപുഴയില്‍ ശാസ്താവും വെള്ളവും (കരുവന്നൂര്‍പ്പുഴ) മാത്രമേ നല്ലതുള്ളു എന്ന്. നാട്ടില്‍ എന്തെങ്കിലും ചീത്തത്തമുണ്ടാവുമ്പോഴാണ് ഇങ്ങനെ പറയാറ്. രാവിലെ പുഴയില്‍ കുളിച്ച് ഈറന്‍ വസ്ത്രങ്ങളുമായി അമ്പലത്തില്‍ തൊഴാന്‍ വരുന്നവര്‍ പരിശുദ്ധിയുടെ ഒരു കാഴ്ചയാണ് ഇന്നും. ശാസ്താവിലുള്ള ഈ അചഞ്ചലവിശ്വാസമാണ് ഞങ്ങളുടെ നാട്ടുകാരെ ഒന്നിച്ചു നിര്‍ത്തുന്നത് എന്നെനിയ്ക്കു തോന്നുന്നു. അതുകൊണ്ടുതന്നെ ശാസ്താവിന്റെ കാര്യം വന്നാല്‍ നാട്ടുകാര്‍ ജാതിവൈരവും രാഷ്ട്രീയഭിന്നതയും പിണക്കങ്ങളും മറക്കുന്നു. പൂരത്തിന് നിര്‍ലോഭമായ സംഭാവനകളും സഹകരണവുമായി അവര്‍ ഇറങ്ങുകയായി. മറ്റെല്ലാ കാര്യത്തിലും ഒരു ചുവടു പിന്നിലാണെങ്കിലും ആറാട്ടുപുഴയുടെ യുവത്വം ഇക്കാര്യത്തില്‍ സജീവമാണ്.
ആയിരത്തിനാനൂറിലധികം കൊല്ലത്തെ പാരമ്പര്യമഹിമയുണ്ടത്രേ ആറാട്ടുപുഴ പൂരത്തിന്. തൃശ്ശൂര്‍ പൂരത്തിലെ ഒമ്പതു ദേവീദേവന്മാര്‍ ആറാട്ടുപുഴയ്ക്കു വരാതായതും തൃശ്ശൂരില്‍ വേറെ പൂരം തുടങ്ങിയതും ശക്തന്‍ തമ്പുരാന്റെ കാലത്തു മാത്രമാണല്ലോ. ആറാട്ടുപുഴ പൂരദിവസം ഇന്നും വടക്കുന്നാഥനില്‍ പകലെത്തന്നെ അത്താഴപ്പൂജ കഴിഞ്ഞ് നടയടയ്ക്കും. കാശീവിശ്വനാഥന്റെ അമ്പലത്തിലും അന്ന് പൂജ സന്ധ്യയ്ക്കു മുമ്പാണ്. ഗംഗാദേവിയുടെ സാന്നിദ്ധ്യം അന്ന് ആറാട്ടുപുഴപ്പാടത്താണു പോല്‍.
യക്ഷകിന്നരഗന്ധര്‍വാദികളും പിശാചരക്ഷോഗണങ്ങളും മാത്രമല്ല പരേതാത്മക്കളും പൂരദിവസം ആറാട്ടുപുഴപ്പാടത്തെത്തുമെന്നാണ് വിശ്വാസം. മരിച്ചു കഴിഞ്ഞ് ആദ്യത്തെ പൂരത്തിന് അവര്‍ എന്തായാലും എത്തുമെന്നും അന്ന് അവര്‍ക്കു കാണാന്‍ തക്കവണ്ണം ബന്ധുക്കള്‍ പാടത്ത് നിന്നുകൊടുക്കണമെന്നും പറയാറുണ്ട്. അങ്ങെനയാണെങ്കില്‍ 1998-ല്‍ അച്ഛന്‍ പൂരത്തിനു വരേണ്ടതായിരുന്നു. ചെവി തിന്ന ഒരു കൂട്ടുകാരന്റെ ശല്യം സഹിയ്ക്കാനാവാതെ ശാസ്താവിന്റെ പൂരം കഴിഞ്ഞ ഉടനെ ഞാന്‍ മടങ്ങിപ്പോന്നു. പരേതാത്മാക്കള്‍ പൂരത്തിനെത്തുന്നതെപ്പോഴാണെന്ന് ആര്‍ക്കറിയാം. പൂരത്തിരക്കില്‍ അച്ഛന്‍ എന്നെ തിരഞ്ഞിട്ടുണ്ടാവുമോ ആവോ!
വര്‍ണപ്പകിട്ടുകളോ ശബ്ദബഹളമോ ഇനിയും ബാധിയ്ക്കാത്ത കുഗ്രാമമാണ് ഇപ്പോഴും ആറാട്ടുപുഴ. സിനിമാക്കൊട്ടകകളോ പൂരപ്രദര്‍ശനശാലകളോ ഇവിടെയില്ലാത്തതുകൊണ്ട് തനി കച്ചവടപ്പൂരമായിട്ടില്ല ഇതിനിയും. ഓരോ ദിവസത്തേയും പൂരപ്പറമ്പുകള്‍ താണ്ടിയെത്തുന്ന പീപ്പി-ബലൂണ്‍ വില്‍പനക്കാരും പാടത്തെ മണ്ണില്‍ ചമ്രം പടിഞ്ഞിരിയ്ക്കുന്ന പാവം പായ-വിശറിക്കച്ചവടക്കാരുമാണ് തലമുറകളായുള്ള വാണിഭക്കാര്‍. വാങ്ങുന്നവര്‍ പക്ഷേ പണ്ടേപ്പോലെയല്ല. അവര്‍ക്ക് സാങ്കേതികമികവുള്ള സാധനങ്ങള്‍ തന്നെ വേണം. അല്ലെങ്കിലിപ്പോള്‍ ആര്‍ക്കുവേണം പായയും വിശറിയും പീപ്പിയും കളിവാച്ചും?
പോകെപ്പോകെ ഞങ്ങളുടെ പൂരത്തിനും സാങ്കേതികത നിറഞ്ഞ സംവിധാനങ്ങളായി. കഴിഞ്ഞ കുറച്ചുകൊല്ലങ്ങളായി പൂരപ്പാടത്ത് ഹൈമാസ്റ്റ് വിളക്കുകള്‍ പ്രഭാപൂരം പരത്തിനില്‍പ്പു തുടങ്ങിയിട്ടുണ്ട്. പൂരം നടക്കുന്നത് പകലാണോ എന്നു സംശയം തോന്നും. ഈ വെളിച്ചപ്രളയം അനാശാസ്യപ്രവര്‍ത്തനത്തിനു തടയിടാന്‍ വേണ്ടിയാണെന്നു പറയുന്നു. പൂരത്തിന്റെ തത്സമയസംപ്രേഷണത്തിനുവേണ്ടിയുമാവാം. ഇക്കൊല്ലം പൂരം ഇന്റര്‍നെറ്റിലുമുണ്ട് തത്സമയം. ലോകത്തെമ്പാടുമുള്ള പൂരപ്രേമികള്‍ക്ക് എല്ലാം തെളിഞ്ഞുകാണണമല്ലോ. എന്നാലും സങ്കടം തോന്നുന്നു. കാഴ്ചകളില്‍ ഇരുട്ടും വെളിച്ചവും ഇടകലരുമ്പോഴുള്ള ചാരുതയ്ക്ക് ക്ഷതം വന്നില്ലേ? ഈ പാല്‍വെളിച്ചത്തില്‍ പന്തങ്ങളുടെ ചന്തത്തിന് ഭംഗം വന്നില്ലേ?
ആറാട്ടുപുഴപ്പാടത്തെ ഇരുട്ടിനേപ്പറ്റി ഒരു കഥയുണ്ട്. നൂറു കൊല്ലം മുമ്പോ മറ്റോ പഴക്കമുള്ളതാണ്. പെട്രോമാക്‌സുകള്‍ പ്രചാരത്തിലായ കാലം. അക്കാലത്ത് അവയായിരുന്നുവത്രേ പാടത്തെ ഇരുട്ട് അകറ്റിയിരുന്നത്. പെട്രോമാക്‌സ് കത്തിയ്ക്കാന്‍ വശമുള്ളവര്‍ ഊരകത്തു വന്ന് തമ്പടിയ്ക്കും. ഓരോന്നോരോന്നായി കത്തിച്ച് ഓരോരുത്തരുടെ തലയില്‍ വെച്ചുകൊടുക്കും. അവരോട് ഇരുട്ടുള്ള സ്ഥലത്ത് ചെന്നുനില്‍ക്കാന്‍ പറയും. അങ്ങനെ തലയില്‍ പെട്രോമാക്‌സ് പിടിപ്പിച്ച ഒരാള്‍ പാടത്ത് പിറ്റേന്നു പുലര്‍ച്ച വരെ ഇരുട്ടുള്ള സ്ഥലം അന്വേഷിച്ചുനടന്നുപോല്‍!
ആറാട്ടുപുഴ പൂരത്തേക്കുറിച്ച് ഒരു കഥകൂടിയുണ്ടെനിയ്ക്കു പറയാന്‍. കോളേജില്‍ പഠിയ്ക്കുന്ന കാലത്ത് ഒരു കഥെയഴുതി. ഗംഭീരമായിട്ടുണ്ടെന്ന് സ്വയം തീരുമാനിച്ചു. അത് മാതൃഭൂമി ആഴ്ചപ്പതിപ്പിന് അയച്ചു കൊടുത്തു. സഹതാപത്തിന്റെ ആനുകൂല്യം കിട്ടാന്‍ വയസ്സറിയിച്ചും കൊണ്ട് ഒരു കത്തും വെച്ചു. ഫലമുണ്ടായി: കഥ മടങ്ങിവന്നു. ഒപ്പം കുഞ്ഞുണ്ണി മാഷടെ കത്തും: ''രചന നന്ന്. പക്ഷേ പലരും പല മട്ടില്‍ പറഞ്ഞ കഥ. സ്വന്തം അനുഭവങ്ങള്‍ കഥയാക്കൂ. അതിനേ പുതുമയുണ്ടാവൂ.'' കത്തിന് ഒരടിക്കുറിപ്പായി ഇത്രയും കൂടി: ''ആറാട്ടുപുഴ പൂരം നല്ല ഒരു കഥയ്ക്കുള്ള വിഷയമല്ലേ. അതെഴുതാന്‍ നോക്കുക.'' വിശദീകരണം ചോദിച്ചു കൊണ്ടെഴുതിയ കത്തിനും മറുപടി വന്നു: ''പൂരം കഴിഞ്ഞ് ഒഴിഞ്ഞ പാടത്തുനിന്ന് പ്രചോദനം ഉള്‍ക്കൊള്ളുക.''
കുഞ്ഞുണ്ണി മാഷ് പറയുന്നതിനു മുമ്പു തന്നെ പൂരപ്പിറ്റേന്നത്തെ പാടം എന്നെ അസ്വസ്ഥനാക്കാറുണ്ട്. ജോലി കഴിഞ്ഞു വരുമ്പോള്‍, തലേന്ന് അഹോരാത്രം ഓടിത്തളര്‍ന്ന കിസ്സാന്‍ ബസ്സ് ഒഴിഞ്ഞ പാടത്തിനു കുറുകെ നിരങ്ങുമ്പോള്‍, ബാലിശമായിട്ടാണെങ്കിലും അദ്ഭുതത്തോടെ ഞാന്‍ ചിന്തിയ്ക്കാറുണ്ട്: ഇന്നലെ ഈ നേരത്ത് ഇവിടെ എന്തൊരാള്‍ക്കൂട്ടമായിരുന്നു! എവിടെനിന്നാണ് ആ ജനസഞ്ചയം എത്തിച്ചേര്‍ന്നത്? ഏതറിവാണ് അവരെ ഇങ്ങോട്ടു നയിച്ചത്? ഇന്നലെ ഇവിടെക്കണ്ടതെല്ലാം സത്യമായിരുന്നുവോ? ഇന്ന് അവരൊക്കെ എവിടെപ്പോയി മറഞ്ഞു?
ആ അസ്വാസ്ഥ്യം പക്ഷേ ഒരു കഥയ്ക്കുള്ള വിഷയമായില്ല. പലതുെമഴുതിയെങ്കിലും കുഞ്ഞുണ്ണി മാഷ് പറഞ്ഞ ആ കഥ മാത്രം ഇതുവരെ ആയില്ല. ഒരു തരത്തില്‍ ഞാനെഴുതേണ്ടിയിരുന്ന ആ കഥയ്ക്ക് പ്രായശ്ചിത്തമാവട്ടെ ഈ കുറിപ്പ്.
*
അഷ്ടമൂര്‍ത്തി ജനയുഗം ദിനപത്രം
Thursday, March 24, 2011
Subscribe to:
Post Comments (Atom)
1 comment:
ഇന്ന് ഞങ്ങളുടെ നാട്ടില്‍ പൂരമാണ്. ഏറ്റവും വലിയ ദേവമേള എന്നറിയപ്പെടുന്ന ആറാട്ടുപുഴ പൂരം. ഇന്നു ഞങ്ങളെല്ലാവരും ആറാട്ടുപുഴപ്പാടത്ത് ഒത്തുചേരുന്നു.
പഴയ ഒരു പൂരദിവസം ഓര്‍മ്മ വരുന്നു. അറുപതുകളുടെ ആദ്യത്തിലാണെന്നു തോന്നുന്നു തൃശ്ശൂര്‍ ജില്ലയിലെ കണ്ണപുരത്തുള്ള ഒരാല്‍മരത്തില്‍ ഒരു മായാകൃഷ്ണന്‍ പ്രത്യക്ഷമാവുകയുണ്ടായി. ആറാട്ടുപുഴ പൂരത്തിന്റെ അന്ന് ഉച്ച തിരിഞ്ഞ് അമ്മയുടെ ഏടത്തി വീട്ടില്‍ വന്നു. പൂരം കാണാനല്ല കണ്ണപുരത്തേയ്ക്ക് അമ്മയെ കൂട്ടിക്കൊണ്ടു പോവാന്‍. അമ്മ അവിടെനിന്നു മടങ്ങിവന്നപ്പോഴേയ്ക്കും ശാസ്താവിന്റെ എഴുന്നെള്ളിപ്പ് പകുതിയും കഴിഞ്ഞിരുന്നു. കണ്ണപുരത്തെ കൃഷ്ണനെ കാണാന്‍ പോയെങ്കിലും മനസ്സു മുഴുവനും ഇവിടെയായിരുന്നു എന്ന് അമ്മ പറഞ്ഞു.
Post a Comment