Wednesday, March 16, 2011

ലാവ്‌ലിന്‍: പിണറായി പ്രതിയായിരുന്നില്ല- ഉമ്മന്‍ചാണ്ടി

എസ്എന്‍സി ലാവ്‌ലിന്‍ കേസ് അന്വേഷിച്ച വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതിയായിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അന്ന് മുഖ്യമന്ത്രിയായിരുന്ന തനിക്കായിരുന്നു വിജിലന്‍സിന്റെ ചുമതല. ഈ റിപ്പോര്‍ട്ട് സ്വീകരിച്ച് കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ മാധ്യമങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചതിനാലാണ് കേസ് സിബിഐക്ക് വിട്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ഒരു പത്രം 'എല്ലാവരും കള്ളന്‍മാര്‍' എന്ന് പ്രധാന വാര്‍ത്ത കൊടുത്തു. മറ്റ് പത്രങ്ങളും ഇതേ രീതിയില്‍ വാര്‍ത്ത കൊടുത്തു. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും പലതും മറച്ചുവെക്കാനുള്ളതുകൊണ്ടാണ് പിണറായി വിജയനെ ഒഴിവാക്കിയതെന്നും എഴുതി. തെരഞ്ഞെടുപ്പ് മുന്നിലെത്തിയ സമയത്ത് ഭരണപക്ഷവും പ്രതിപക്ഷവും ഒരേപോലെ എന്ന ആക്ഷേപം ഉയര്‍ന്നതിനാലാണ് മാര്‍ച്ച് ഒന്നിന് ചേര്‍ന്ന മന്ത്രിസഭാ യോഗം ലാവ്‌ലിന്‍ കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചത്.

വിജിലന്‍സ് കേസ് വിശദമായി അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഒരു പൊതുതാല്‍പര്യ ഹര്‍ജി വന്നശേഷമാണ് ഹൈക്കോടതി അന്വേഷണം സിബിഐക്ക് വിട്ടത്. ആ തീരുമാനത്തിനു പിന്നില്‍ നടന്ന കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു എന്ന് അഞ്ചു വര്‍ഷത്തിനുശേഷം ഉമ്മന്‍ചാണ്ടി സമ്മതിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ച 2006 മാര്‍ച്ച് ഒന്നിന്റെ മന്ത്രിസഭാ യോഗത്തില്‍ അജണ്ടയ്ക്കു പുറത്തുള്ള വിഷയമായി പരിഗണിച്ചാണ് ലാവലിന്‍ കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചത്. അന്നുതന്നെ ഇതിനുപിന്നിലെ ഗൂഡാലോചന സിപിഐ എം തുറന്നുകാട്ടിയിരുന്നു. ഒരുവിഭാഗം മാധ്യമങ്ങള്‍ കൂടി പങ്കാളികളായി അന്നു നടത്തിയ ആ രാഷ്ട്രീയ കുതന്ത്രമാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി സ്ഥിരീകരിച്ചത്. പിന്നീട് ഹൈക്കോടതി കേസ് സിബിഐക്ക് വിട്ടതിനുപിന്നിലും 'ചില കാര്യങ്ങള്‍ നടന്നതായി' ഉമ്മന്‍ചാണ്ടി പറയുന്നു. അത് എന്താണെന്ന് വെളിപ്പെടുത്താന്‍ തയാറായിട്ടില്ല. ആ രഹസ്യം കൂടി പുറത്തുവരുന്നതോടെ ലാവലിന്‍ കേസിനുപിന്നിലെ ഗൂഡാലോചനയുടെയും ഗൂഢാലോചകരുടെയും മുഖംമൂടി അഴിഞ്ഞുവീഴും.

*****

ദേശാഭിമാനി 16-03-2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...