Wednesday, March 30, 2011

പുതിയ പെന്‍ഷന്‍ ബില്‍ ഗ്രാറ്റുവിറ്റിയും ഇല്ലാതാക്കും

കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപകമായി നടപ്പാക്കുന്ന പങ്കാളിത്ത പെന്‍ഷന്‍പദ്ധതി ജീവനക്കാരുടെ നിലവിലുള്ള പ്രൊവിഡന്റ് ഫണ്ടിനു പുറമെ ഗ്രാറ്റുവിറ്റിയും ഇല്ലാതാക്കും. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയായി പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എറണാകുളം ജില്ലാസെക്രട്ടറി എസ് എസ് അനില്‍ നല്‍കിയ അപേക്ഷയിലാണ് വെളിപ്പെടുത്തല്‍.

പാര്‍ലമെന്റിന്റെ ഇരുസഭയിലും അവതരിപ്പിച്ച പെന്‍ഷന്‍ബില്‍ നിയമമാകുന്നതോടെ വിരമിക്കുന്നവര്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ നഷ്ടമാകും. നിലവില്‍, ജീവനക്കാര്‍ക്ക് സേവനകാലയളവനുസരിച്ച് വിരമിക്കുമ്പോള്‍ ഒരുതുക ഗ്രാറ്റുവിറ്റിയായി ലഭിക്കുമെങ്കില്‍ പുതിയ പെന്‍ഷന്‍പദ്ധതിയില്‍ ഇത് ഇല്ലാതാകും. ഒപ്പം ജനറല്‍ പ്രൊവിഡന്റ് ഫണ്ടും ഇല്ലാതാകുമെന്ന് പിഎഫ്ആര്‍ഡിഎ വെളിപ്പെടുത്തി. നിലവില്‍, ശമ്പളത്തിന്റെ 50 ശതമാനത്തോളം തുക പെന്‍ഷനായി ലഭിക്കുമെങ്കില്‍ പുതിയ പദ്ധതി പ്രകാരം ഈ തുക കിട്ടുമെന്ന് പറയാനാകില്ല. ഡിഎ മാനദണ്ഡമാക്കി പെന്‍ഷനിലുണ്ടാകുന്ന വര്‍ധനവും ആഘോഷ അലവന്‍സും നിഷേധിക്കപ്പെടും. പെന്‍ഷന്‍ കമ്യൂട്ട് ചെയ്യുന്നതിനുള്ള അവസരവും ഇല്ലാതാകും. പിഎഫില്‍നിന്ന് വായ്പയും എടുക്കാനാകില്ല.

വിരമിക്കുന്ന ജീവനക്കാരന്റെ അവസാന മാസത്തെ ശമ്പളത്തുകയില്‍നിന്ന് എച്ച്ആര്‍എയും ഇതര ചെറുആനുകൂല്യങ്ങളും ഒഴിവാക്കിയ തുകയെ പ്രവൃത്തിദിനങ്ങളായ 26 കൊണ്ട് ഹരിച്ചശേഷം ഈ തുകയെ 15 കൊണ്ടും സേവനവര്‍ഷംകൊണ്ടും ഗുണിച്ചാണ് ഗ്രാറ്റുവിറ്റി കണക്കാക്കുന്നത്. അതായത്, 10,000 രൂപ ശമ്പളമുള്ളയാള്‍ക്ക് ഒരുവര്‍ഷത്തേക്ക് 5760 രൂപ ഗ്രാറ്റുവിറ്റിയായി ലഭിക്കും. ഇയാള്‍ക്ക് 20 വര്‍ഷത്തെ സര്‍വീസുണ്ടെങ്കില്‍ 1,15,200 രൂപയാണ് ഗ്രാറ്റുവിറ്റി. ഇതാണ് പുതിയ പെന്‍ഷന്‍പദ്ധതിപ്രകാരം ഇല്ലാതാകുന്നത്. പുറമെ നിലവിലുള്ള പ്രൊവിഡന്റ് ഫണ്ടുകളും ഇല്ലാതാകും.

പെന്‍ഷന്‍ നല്‍കാനുള്ള ഉത്തരവാദിത്വത്തില്‍നിന്ന് സര്‍ക്കാര്‍ പൂര്‍ണമായി പിന്മാറും എന്നതാണ് പദ്ധതിയുടെ മറ്റൊരു പ്രധാന ദോഷം. പകരം ജീവനക്കാരില്‍നിന്ന് പെന്‍ഷന്‍ഫണ്ട് ശേഖരിച്ചാകും പെന്‍ഷന്‍വിതരണം. പ്രൊവിഡന്റ് ഫണ്ടില്‍നിന്ന് വിഭിന്നമായി പെന്‍ഷന്‍ഫണ്ടിലേക്ക് സ്വീകരിക്കുന്ന തുകയുടെ 60 ശതമാനം മാത്രമേ വിരമിക്കുന്ന വേളയില്‍ തിരിച്ചുനല്‍കൂ. ബാക്കി തുക കടപ്പത്രത്തിലോ, ഓഹരിവിപണിയിലോ നിക്ഷേപിച്ച് ഇതില്‍നിന്നു ലഭിക്കുന്ന വരുമാനമാകും പെന്‍ഷനായി നല്‍കുക. ഓഹരിവിപണി തളര്‍ന്നാല്‍ പെന്‍ഷനും കുറയും. ഈ മേഖലയില്‍ വിദേശപങ്കാളിത്തത്തിനും അവസരമൊരുക്കും. ഇടതുപക്ഷം ഭരിക്കുന്ന കേരളം, ബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളൊഴികെ 2004 ഏപ്രില്‍ ഒന്നുമുതല്‍ പുതിയ പെന്‍ഷന്‍പദ്ധതി നടപ്പാക്കും. തൊഴിലാളിവിരുദ്ധമായതിനാലാണ് ഇടതുസര്‍ക്കാരുകള്‍ പദ്ധതിയെ എതിര്‍ത്തത്. എന്നാല്‍, പാര്‍ലമെന്റില്‍ ബില്‍ പാസാക്കി ഇത് രാജ്യമാകെ അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ഇതിനെതിരെ സംഘടനകളുടെ പ്രതിഷേധം വ്യാപകമാണ്.

*
ഷഫീഖ് അമരാവതി ദേശാഭിമാനി ദിനപത്രം 30 മാര്‍ച്ച് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപകമായി നടപ്പാക്കുന്ന പങ്കാളിത്ത പെന്‍ഷന്‍പദ്ധതി ജീവനക്കാരുടെ നിലവിലുള്ള പ്രൊവിഡന്റ് ഫണ്ടിനു പുറമെ ഗ്രാറ്റുവിറ്റിയും ഇല്ലാതാക്കും. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയായി പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എറണാകുളം ജില്ലാസെക്രട്ടറി എസ് എസ് അനില്‍ നല്‍കിയ അപേക്ഷയിലാണ് വെളിപ്പെടുത്തല്‍.