ആണവ കരാറിന്റെ പേരില്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ച 2008ല്‍ യുപിഎ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയത് വന്‍തോതില്‍ പണം നല്‍കി എംപിമാരെ വിലക്കെടുത്താണെന്ന് വിക്കിലീക്സ് വെളിപ്പെടുത്തല്‍. 2008 ജൂലൈ 17ന് ഇന്ത്യയിലെ യുഎസ് എംബസ്സി യുഎസ് ആഭ്യന്തര വകുപ്പിന് അയച്ച സന്ദേശത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നു. വിക്കിലീക്സ് ചോര്‍ത്തിയരേഖ ഹിന്ദു പുറത്തുവിട്ടു.
എംബസ്സിയിലെ നയതന്ത്രപ്രതിനിധി സ്റ്റീവന്‍ വൈറ്റ് സോണിയ കുടുംബവുമായി അടുത്തിടപഴകുന്ന കോണ്‍ഗ്രസ്സ് എംപി സതീഷ് ശര്‍മയെ സന്ദര്‍ശിച്ചിരുന്നു. ശര്‍മയുടെ സഹായിയായ നചികേത കപൂറാണ് പണംനല്‍കിയ വിവരം പറഞ്ഞത്. അജിത് സിങ്ങിന്റെ ആര്‍എല്‍ഡിയിലെ നാല് എംപിമാര്‍ക്ക് 10 കോടി രൂപ വീതം നല്‍കി. അന്ന് രണ്ടു പെട്ടിയിലായി സൂക്ഷിച്ച 50-60 കോടി രൂപ നയതന്ത്രപ്രതിനിധിയെ ഇയാള്‍ കാണിക്കുകയും ചെയ്തു.
അകാലിദളിന്റെ എട്ട് വോട്ടു നേടാന്‍ പ്രധാനമന്ത്രിയും മറ്റും പണമിടപാടുകാരനായ സന്ത് ചത്വാള്‍ വഴി ശ്രമിച്ചുവെന്നും ഫലിച്ചില്ലെന്നും ശര്‍മ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. വിശ്വാസവോട്ടു വേളയില്‍ പ്രതിപക്ഷമായ ബിജെപി പാര്‍ലമെന്റില്‍ നോട്ടുകെട്ടുകള്‍ ഹാജരാക്കിയിരുന്നു. വന്‍ തുക നല്‍കിയാണ് വിശ്വാസം നേടിയതെന്ന് പ്രതിപക്ഷം അന്നേ പറഞ്ഞു. എന്നാല്‍ അതേക്കുറിച്ചുള്ള അന്വേഷണം എങ്ങുമെത്തിയില്ല.
പണം നല്‍കിയിട്ടുണ്ടെങ്കിലും 273 വോട്ടിനടുത്തേ സര്‍ക്കാരിനു ലഭിക്കൂ എന്നാണ് യുഎസ് എംബസ്സി വാഷിങ്ടണിന് നല്‍കിയ വിലയിരുത്തല്‍. പറഞ്ഞതുപോലെ 275 വോട്ടിനാണ് മന്‍മോഹന്‍ സിങ് വിശ്വാസവോട്ട് നേടിയത്. യുഎസ് പ്രതിനിധി സ്റ്റീവന്‍ വൈറ്റിനെ പണപ്പെട്ടി കാണിച്ച നചികേത കപൂറിനെ 2008ല്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിരീക്ഷകനായി അമേരിക്ക കൊണ്ടുപോയിരുന്നു എന്നതാണ് വിചിത്രം.
ചിദംബരവും അഴഗിരിയും വോട്ടിന് പണം നല്‍കി
കഴിഞ്ഞ ലോക് സഭാതെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും രാഷ്ട്രീയ പാര്‍ടികള്‍ വോട്ടിനുവേണ്ടി വ്യാപകമായി പണമൊഴുക്കിയെന്ന് വിക്കിലീക്സ് വെളിപ്പെടുത്തല്‍. ചെന്നൈയിലെ അമേരിക്കന്‍ കോൺസുലേറ്റ് ആക്ടിങ് പ്രിന്‍സിപ്പല്‍ ഓഫീസര്‍ ഫെഡറിക് ജെ കാപ്ളാന്‍ അമേരിക്കന്‍ വിദേശകാര്യവകുപ്പിനെ ഇക്കാര്യം അറിയിച്ചതായുള്ള വിക്കിലീക്സ് രേഖകള്‍ ദി ഹിന്ദു ദിനപത്രമാണ് പ്രസിദ്ധീകരിച്ചത്.
ചിദംബരവും അഴഗിരിയും വോട്ടിന് പണം നൽകി
തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ മകനും കേന്ദ്രമന്ത്രിയുമായ എം കെ അഴഗിരി, കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം എന്നിവര്‍ തെരഞ്ഞെടുപ്പ് വേളയില്‍ പണം നല്‍കി വോട്ടുപിടിച്ചെന്ന് 2009 മെയ് 13ന് കാപ്ളര്‍ അയച്ച സന്ദേശത്തില്‍ വ്യക്തമാക്കുന്നു. സ്ഥാനാര്‍ഥികള്‍ നേരിട്ട് പണം നല്‍കുന്നതിനുപുറമെ വോട്ടര്‍മാര്‍ക്ക് പണമെത്തിക്കുന്നതിന് മറ്റ് വഴികളും തേടുന്നുണ്ട്. പൊതു കിണര്‍ നിര്‍മാണം തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തുന്നു. ദിനപത്രത്തിനകത്ത് കവറിലാക്കിയും പണം വീടുകളിലെത്തിച്ചു. ഗ്രാമപ്രദേശങ്ങളും ചേരി പ്രദേശങ്ങളുമാണ് ഇവര്‍ ലക്ഷ്യമിട്ടത്.
തെരഞ്ഞെടുപ്പിന് ഏതാനും ദിവസംമുന്‍പ് ഏജന്റുമാര്‍ പണം ചാക്കിലാക്കി ഗ്രാമങ്ങളിലെത്തി വോട്ടര്‍പട്ടിക നോക്കി ഓരോരുത്തര്‍ക്കും വിതരണം ചെയ്യുകയാണ് പതിവ്. പുലര്‍ച്ചെ രണ്ട് മുതല്‍ നാലുവരെയാണ് പണം വിതരണം. തമിഴ്‌നാട് ഇതേവരെ ദര്‍ശിക്കാത്ത തരത്തിലുള്ള ക്രമക്കേടാണ് മധുരയില്‍ അഴഗിരി നടത്തിയതെന്നാണ് കാപ്ളര്‍ പറയുന്നത്. 2009ല്‍ തിരുമംഗലത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഓരോ വോട്ടര്‍മാര്‍ക്കും 5000 രൂപ വീതം നല്‍കിയെന്ന് അഴഗിരിയുടെ വിശ്വസ്‌തനും പണം വിതരണത്തിന് ചുക്കാന്‍ പിടിച്ചയാളുമായ പട്ടുരാജന്‍ വെളിപ്പെടുത്തുന്നു. ദിനപത്രത്തിനകത്ത് വച്ചാണ് തുക വോട്ടര്‍മാര്‍ക്ക് എത്തിച്ചത്. പണത്തോടൊപ്പം ഡിഎംകെയുടെ വോട്ടിങ് സ്ളിപ്പും നല്‍കി.
5000 രൂപ വീതം വിതരണം ചെയ്‌തത് തിരുമംഗലത്തിന്റെ സ്ഥിതിഗതി മാറ്റിമറിച്ചതായി മധുരയിലെ കോൺഗ്രസ് പ്രവര്‍ത്തകന്‍ കണ്ണന്‍ കോൺസുലേറ്റിനെ അറിയിച്ചതായും പറയുന്നു. നേരത്തെ 500 രൂപയായിരുന്നു പരമാവധി വോട്ടര്‍മാര്‍ക്ക് നല്‍കിയിരുന്ന തുകയെന്നും അദ്ദേഹം പറഞ്ഞു. 2009ല്‍ അഴഗിരി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പണവിതരണത്തിന് പരമ്പരാഗതശൈലിയിലേക്ക് തിരിയാന്‍ നിര്‍ബന്ധിതനായെങ്കിലും ദിനപത്രത്തിലൂടെയുള്ള വിതരണം തുടരാനും ആലോചന നടത്തി.
മധുരയില്‍ സിപിഐ എം സ്ഥാനാര്‍ഥി പി മോഹനനെയാണ് അഴഗിരി പരാജയപ്പെടുത്തിയത്. പണം വിതരണം ചെയ്‌ത് ജനാധിപത്യം പൂര്‍ണമായും അട്ടിമറിച്ചാണ് അഴഗിരി വിജയിച്ചതെന്ന് സിപിഐ എം അന്ന് വ്യക്തമാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.
പി ചിദംബരം മത്സരിച്ച ശിവഗംഗയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് മകന്‍ കാര്‍ത്തി ചിദംബരമാണ്. ഗ്രാമങ്ങള്‍ ചിതറിക്കിടക്കുന്നതിനാല്‍ നേരിട്ടുള്ള പണം വിതരണം പ്രായോഗികമായിരുന്നില്ല. എങ്കിലും ചിലര്‍ക്ക് കാര്‍ത്തി പണം നല്‍കിയതായി പേര് വെളിപ്പെടുത്താത്ത തമിഴ്‌നാട് കോൺഗ്രസ് പ്രസിഡന്റ് വെളിപ്പെടുത്തുന്നതായി കോൺസുലേറ്റ് പറയുന്നു. ക്ഷേത്രത്തിനും കമ്യൂണിറ്റി ഹാളിന്റെ നിര്‍മാണത്തിനും എന്ന പേരിലാണ് കാര്‍ത്തി വലിയതോതില്‍ പണം നല്‍കിയത്.
തെരഞ്ഞെടുപ്പ് പ്രചാരണവേളയിലാണ് കോൺസുലേറ്റ് സംഘം ആന്ധ്രയിലെ മജ്‌ലിസ് ഇ ഇത്തെഹാദുല്‍ മുസ്ലിമീന്‍ എംപി അസ്സാദുദ്ദീന്‍ ഒവയ്‌സിയെ കണ്ടത്. താന്‍ പണം നല്‍കിയത് മറ്റുള്ളവരെ പോലെയല്ലെന്ന് ഒവയ്‌സി പറഞ്ഞു. കിണര്‍ നിര്‍മിക്കാന്‍ ഒരാള്‍ക്ക് 25,000 രൂപ നല്‍കി. അനാഥ പെൺകുട്ടിയുടെ വിവാഹത്തിന് 35,000 രൂപ വീതവും ചെലവഴിച്ചു. ഇത് അനധികൃതമല്ലേ എന്ന ചോദ്യത്തിന് ഇതാണ് ജനാധിപത്യത്തിന്റെ മഹത്വമെന്നായിരുന്നു മറുപടിയെന്നാണ് കപ്ളാന്റെ സന്ദേശത്തില്‍ അവകാശപ്പെടുന്നത്.
*****
അധിക വായനയ്‌ക്ക് :
Satish Sharma aide showed U.S. Embassy employee cash to be used as ‘pay-offs' in confidence vote
2. ‘Cash for votes a way of political life in South India’
Subscribe to:
Post Comments (Atom)
1 comment:
ആണവ കരാറിന്റെ പേരില്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ച 2008ല്‍ യുപിഎ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയത് വന്‍തോതില്‍ പണം നല്‍കി എംപിമാരെ വിലക്കെടുത്താണെന്ന് വിക്കിലീക്സ് വെളിപ്പെടുത്തല്‍. 2008 ജൂലൈ 17ന് ഇന്ത്യയിലെ യുഎസ് എംബസ്സി യുഎസ് ആഭ്യന്തര വകുപ്പിന് അയച്ച സന്ദേശത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നു. വിക്കിലീക്സ് ചോര്‍ത്തിയരേഖ ഹിന്ദു പുറത്തുവിട്ടു.
Post a Comment