Thursday, March 24, 2011

ജനജാഗ്രതയും ജനാധിപത്യവും

വിഭവസമൃദ്ധമായ ഒരു ജനാധിപത്യ രാഷ്ട്രത്തിന് ഉന്നതിയിലേയ്ക്ക് കുതിക്കാന്‍ സാധിക്കാത്തതെന്തുകൊണ്ട്? തിരഞ്ഞെടുപ്പുകാലത്തു മാത്രം ചിന്തിക്കേണ്ട വിഷയമല്ലിത്. ഓരോ പൗരന്റേയും പൊതുബോധത്തില്‍ അലിഞ്ഞുചേരേണ്ട പ്രശ്‌നമാണിത്.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശോഭ കെട്ടുപോകുന്നതിനു കാരണം ഇവിടുത്തെ ജനങ്ങളുടെ രാജ്യസ്‌നേഹത്തിന്റെ കുറവാണെന്ന് ചിലപ്പോള്‍ അനുഭവപ്പെടുന്നു. വോട്ടു ചെയ്തു പടിയിറങ്ങുന്നതോടെ തന്റെ ചുമതലയവസാനിക്കുന്നു എന്ന് കൊളോണിയല്‍ ഭരണത്തിന്റെ ഹാങ്ഓവറില്‍ ജീവിച്ചിരുന്ന പൗരന്‍മാര്‍ ചിന്തിച്ചിരിക്കും. ആറു ദശകങ്ങള്‍ക്കുശേഷവും അങ്ങനെ തുടരാന്‍ നമുക്കവകാശമില്ല. ഭരണത്തിന്റെ ന്യൂനത കൊട്ടിഘോഷിക്കുന്നതില്‍ നാം എന്നും മുന്നിലായിരുന്നു. ഭരണം ഒരു സംവിധാനം മാത്രമാണ്. അതിനെപ്പറ്റി ചിന്തിക്കുന്നതും ചിന്തിക്കാതിരിക്കുന്നതും അതു കയ്യാളുന്നവര്‍ മാത്രമല്ല. അവരെ തിരഞ്ഞെടുക്കുന്ന വോട്ടര്‍മാരുമാണ്. അല്ലെങ്കില്‍ ഇന്ത്യയ്ക്ക് അതര്‍ഹിക്കുന്ന പുരോഗതി കൈവരിക്കാന്‍ തടസ്സമൊന്നുമില്ല. വമ്പിച്ച ജനശക്തി, പ്രകൃതിവിഭവങ്ങള്‍, കര്‍മശേഷി, ചിന്താശക്തി ഇതെല്ലാം ഇന്ത്യക്കുണ്ട്. എന്നല്ല, താരതമ്യേന അശാന്തി പ്രകടിപ്പിക്കാത്ത ഒന്നാണ് ഇന്ത്യന്‍ മനസ്സ്. ദീര്‍ഘമായ പൈതൃകത്തിനും അപചയം സംഭവിച്ചിരിക്കാം. എന്നാലും ഇന്ത്യന്‍ മനസ്സ് കുലീനമാണ്. മത-ജാതി-സ്പര്‍ധയെ കടിഞ്ഞാണിട്ടു പിടിക്കാന്‍ നമുക്ക് സാധിക്കുന്നുണ്ട്. ഭൗതിക പുരോഗതിയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ജനാധിപത്യത്തിന്റെ സ്പിരിറ്റ് ഉള്‍ക്കൊള്ളാന്‍ ഫ്യൂഡല്‍ ജാഡ്യത്തിന്റെ നിഴല്‍ പലപ്പോഴും നമ്മെ അനുവദിക്കുന്നില്ല. ലൗകികവും ആത്മീയവുമായ ഒരു ദര്‍ശനത്തിന്റെ പ്രായോഗിക മിശ്രമാണ് ഇന്ത്യന്‍ ജനമനസ്സ്. ജനാധിപത്യത്തിന്റെ സത്ത സ്വത്വബോധത്തില്‍ അലിഞ്ഞുചേരാന്‍ നാം അനുവദിക്കുന്നില്ല. സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പിലും തിരഞ്ഞെടുപ്പു പ്രചാരണത്തിലും മത-ജാതി-തരംതിരിവുകള്‍ പ്രത്യക്ഷപ്പെടുന്നതിനെ നാം അറിഞ്ഞുതന്നെ അംഗീകരിക്കുന്നു മതമില്ലാത്ത ആത്മാവിനെ നമുക്ക് മനസ്സിലാവില്ല. അറിഞ്ഞാലും അംഗീകരിക്കാന്‍ ധൈര്യമില്ല. താന്താന്‍ ചെയ്യാത്ത കര്‍മത്തെച്ചൊല്ലി അന്യനെ അപരാധിയാക്കുന്ന ഒരു ദര്‍ശനവ്യവസ്ഥ തന്നെ ഭാരതീയര്‍ സ്വന്തമാക്കിയിട്ടുണ്ട്. മാത്രമല്ല, രാജ്യത്തിന്റെ ശ്രേയസ്സ് തന്റെ തന്നെ ഐശ്വര്യമാണെന്നു അറിയുന്നതേയില്ല. ഒരിന്ത്യക്കാരന് സ്വന്തം രാജ്യത്തോടുള്ള ആത്മബന്ധത്തേക്കാള്‍ ആയിരം മടങ്ങ് ദേശസ്‌നേഹം ഒരു അമേരിക്കനില്‍ കാണാന്‍ കഴിയും. രാജ്യത്ത് അംഗീകരിക്കപ്പെട്ട നിയമാവലി അവര്‍ കണിശമായും ബഹുമാനിക്കുന്നു, പ്രവൃത്തിയില്‍ കൊണ്ടുവരുന്നു.

നമ്മുടെ നാട്ടില്‍ ഇന്നു പൊതുനന്മയ്ക്ക് നിലവില്‍ വരുന്ന ഒരു നിയമത്തെ അന്ന് അസ്തമയത്തിനു മുമ്പുതന്നെ എങ്ങനെ മറികടക്കാം എന്നാണ് ഒരു സാധാരണ ഇന്ത്യാക്കാരന്റെ ചിന്ത. അതിന്റെ തെളിവാണ്, മൊബൈലില്‍ സംസാരിച്ചുകൊണ്ട് റെയിലിന്നു നടുവിലൂടെ നടക്കല്‍, ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കല്‍, വഴിയോരത്തു കാണുന്ന ഏതു പെണ്ണിനേയും സ്വന്തമാക്കാമെന്നു ചിന്തിക്കല്‍ എന്നിവ. അഴിമതിയിലൂടെയല്ലാതെ ഒരു കാര്യവും നിറവേറ്റിക്കൊടുക്കാന്‍ പാടില്ലെന്ന ഒരു സിദ്ധാന്തം തന്നെ നമ്മുടെ ബ്യൂറോക്രസി നെയ്‌തെടുത്തിട്ടുണ്ട്. പൊതുപണം സ്വന്തം കുടുംബത്തിന്റെ അക്കൗണ്ടിലെത്തിക്കാതിരിക്കുന്നവന്‍ പരമ വിഡ്ഢിയാണ് എന്നത് മറ്റൊരു തിയറിയും പ്രയോഗവും. പൗരന്‍മാര്‍ക്ക് രാജ്യസ്‌നേഹവും ജനത്തോടു ബഹുമാനവും ഉണ്ടാവണമെന്നു പറഞ്ഞതുകൊണ്ടു കാര്യമില്ല. സുരക്ഷയോടെ ജീവിക്കാനും സഞ്ചരിക്കാനും ജോലി ചെയ്യാനും സാധിക്കാത്ത ഒരു രാജ്യത്തെ പൗരനു ദേശാഭിമാനം ഉണ്ടാവണം എന്ന് കാഴ്ചക്കാര്‍ നിഷ്‌കര്‍ഷിച്ചതുകൊണ്ടുമാത്രം കാര്യമില്ല.

എന്താണ് നമ്മുടെ ജനാധിപത്യത്തിന്റെ അടിവേര്? ആരും അങ്ങനെ അത്യുന്നതങ്ങളില്‍ എത്തേണ്ട എന്ന ചിന്ത തന്നെ പ്രധാനം. കേരളത്തിന്റെ ചരിത്രത്തിലേയ്‌ക്കൊന്നു നോക്കൂ. നേട്ടങ്ങളൊന്നും കാണാന്‍ പ്രതിപക്ഷവും മീഡിയയും ശ്രമിക്കുകയില്ല. കണ്ടാലും കണ്ടില്ലെന്ന് നടിക്കും. കെട്ടുകഥകള്‍ മെനയുന്ന വലയില്‍ കര്‍മനിരതനായ ഒരാളെ വീഴ്ത്തുക, അവരെ (അവനെ) തേജോവധം ചെയ്യുക എന്നതാണ് ഇന്നത്തെ ചാനലുകളുടെ പൊതു ശൈലി. ഇതു ജനാധിപത്യത്തിന്റെ സ്വഭാവമില്ലായ്മയാണ്. സ്വത്വശക്തിയില്ലാത്ത വെറുമൊരാള്‍കൂട്ടമായി ഇന്ത്യന്‍ ജനത മാറിക്കൊണ്ടിരിക്കുന്നു. ഗ്ലോബലൈസേഷന്‍ ഉണ്ടാക്കാവുന്ന സമഭാവനയോ, സഹിഷ്ണുതയോ പരസ്പര ബഹുമാനമോ കാരുണ്യമോ നമുക്കു വേണ്ട! പ്രതിഭാശാലികളായ യുവാക്കളെ തിരിച്ചറിഞ്ഞ് ആദരിക്കാനും പ്രോത്സാഹിപ്പിക്കാനും ചില 'കെട്ടുകാഴ്ചകള്‍' നടക്കുന്നതൊഴിവാക്കിയാല്‍ കാര്യമായൊന്നും അര്‍ഹിക്കുന്നവര്‍ക്കു ലഭിക്കുന്നില്ല. ഭരിക്കുന്ന സര്‍ക്കാരിന്റെ വൈകാരികഭാവം ഉള്‍ക്കൊള്ളാന്‍ ഒരു ശ്രമമോ, ഒരംഗീകാരത്തിനുള്ള സംരംഭമോ ഇവിടെ വിജയിക്കുകയില്ല. പണത്തിന്റെ മേധാശക്തിയില്‍ എല്ലാം മങ്ങിപ്പോകുന്നു.

ചില വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മുടെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ അനാകര്‍ഷകവും അവഗണിക്കപ്പെടുന്നതും ആയിരുന്നു. പഴയകാലത്ത് ഓരോ ഗ്രാമത്തിലും 'അധികാരിയുടെ ആല' എന്ന ഒരേര്‍പ്പാടുണ്ടായിരുന്നു.

ഗ്രാമത്തില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ തേടിപ്പിടിച്ചു 'ആല'യിലെത്തിക്കാന്‍ നിയുക്തരായ ചില ആളുകളും നിലവിലുണ്ടായിരുന്നു. അത്തരം ഷെഡ്ഡില്‍ കാലികളെ കഴുത്തിറുക്കി കയറുകൊണ്ടു കെട്ടിയിട്ടു ജലം പോലും നല്‍കാതെ പീഡിപ്പിക്കുന്ന ഒരു സമ്പ്രദായം. കുറെ നാള്‍ കഴിയുമ്പോള്‍ ഉടമസ്ഥന്‍ തേടിയെത്തി പിഴയടച്ചു എല്ലും തോലുമായ മിണ്ടാപ്രാണിയെ ആട്ടിത്തെളിച്ച് സ്വന്തം തൊഴുത്തിലേയ്ക്കു കൊണ്ടുപോകും. ഏതാണ്ടീ സ്വഭാവത്തിലുള്ളതായിരുന്നു നമ്മുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ള സര്‍ക്കാര്‍ വിദ്യാലയങ്ങള്‍. സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ ഈ ദുരന്തകാലത്ത് വിദ്യാലയങ്ങള്‍ സവര്‍ണനും അവര്‍ണനുമായി കണക്കാക്കപ്പെട്ടു. അതിരും വേലിയും പടിയുമില്ലാത്ത ചെറുവട്ടത്തില്‍ ചെത്തിത്തേയ്ക്കാത്ത മണ്ണില്‍ മെനഞ്ഞ അരച്ചുമരും കതകടയ്ക്കാന്‍ കഴിയാത്ത പ്രവേശന ദ്വാരങ്ങളും അടപ്പില്ലാത്ത അലമാരയും ചോക്കുപൊടി ചിതറിയ അധ്യാപകമേശയും കാലാടുന്ന ബെഞ്ചുകളും മുക്കാലില്‍പോലും നില്‍ക്കാന്‍ പാങ്ങില്ലാത്ത ചുമരില്‍ ചാരിനില്‍ക്കുന്ന കറുപ്പറ്റ ബ്ലാക്ക് ബോര്‍ഡും എല്ലാം ഉണ്ടായിരുന്ന ഒരു കാലം. പിന്നീട് എയ്ഡഡ് സ്‌കൂള്‍ എന്ന രാജാവും സര്‍ക്കാര്‍ വിദ്യാലയമെന്ന കുചേലനും വന്നു. ഇന്നെന്താണ് സ്ഥിതി കേരളത്തില്‍? എല്ലാ സൗകര്യങ്ങളുമുള്ള കെട്ടിടം, കളിസ്ഥലം, ചുറ്റുമതില്‍, ഗേറ്റ്, പടിപ്പുരവച്ച നെയിംബോര്‍ഡ്! ലാബ്, ലൈബ്രറി, ഐടി-കെട്ടിടച്ചാര്‍ത്തുകള്‍, സദാ പ്രവര്‍ത്തനനിരതരായ അധ്യാപക-വിദ്യാര്‍ഥികള്‍. മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥര്‍. ഈ പുരോഗതിയൊന്നും കണ്ടില്ലെന്നു നടിക്കാന്‍ പഠിക്കലാണ് തിരഞ്ഞെടുപ്പുകാലത്ത് പ്രതിപക്ഷത്തിന്റെ കര്‍ത്തവ്യം. ഇത് ഒരു ജനാധിപത്യത്തിന്റെ സ്വഭാവമല്ല. കുടിപ്പകയുടെ പ്രാകൃത പ്രകൃതിയാണ്. പാലിനു ക്ഷാമമുണ്ടായിരുന്ന കാലം അകലെയല്ല. ഒരു പാക്കറ്റ് പാല് അധികമായി മാര്‍ക്കറ്റില്‍ കിട്ടാനുണ്ടാവില്ല. ഇന്ന് മലബാര്‍ പാലുല്‍പാദനത്തില്‍ സകലകാല റിക്കാര്‍ഡ് തകര്‍ത്തിരിക്കുന്നു. വില കൂടിയാലും ഉപഭോഗം മുന്നോട്ടു തന്നെ.

നമുക്ക് ഗതികിട്ടാത്തത് ഭക്ഷ്യോല്പാദനത്തിന്റെ (ധാന്യം, പരിപ്പ്, പയര്‍ വര്‍ഗങ്ങള്‍) രംഗത്താണ്. വയലുകള്‍ ഉല്‍പ്പാദനത്തിനുള്ളതല്ല, കാടുവളരാനുള്ളതാണെന്നു നാം തിരിച്ചറിഞ്ഞമട്ടാണ്. മണ്ണിലിറങ്ങി വേല ചെയ്യാന്‍ കൂട്ടാക്കാത്ത കര്‍ഷകജനതയുടെ മുമ്പില്‍ ഏതു സര്‍ക്കാരും മുട്ടുകുത്തിപ്പോകും. അരിക്കു ക്ഷാമം വരുന്നത് സര്‍ക്കാരിന്റെ കുറ്റം. തൊഴിലാളികള്‍ കാര്‍ഷികവൃത്തിയില്‍ കാലുകുത്താതിരിക്കുന്നതും സര്‍ക്കാരിന്റെ കുറ്റം. ഇതെങ്ങനെ സംഭവിക്കുന്നു. ചേറ്റിലിറങ്ങി ശരീരത്തില്‍ അഴുക്കുപുരളാതെ ജീവിക്കാന്‍ ഏതു പൗരനും അവകാശമില്ലേ? ഊണുവേണോ, വയലിലിറങ്ങൂ എന്ന് ആര്‍ ആരോടു കല്‍പിക്കും? ഇവിടെയാണ് നമ്മുടെ പ്രതിസന്ധിയിരിക്കുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസം സമം വെള്ളക്കോളര്‍ ഉദ്യോഗം എന്നതാണ് നമ്മുടെ മുദ്രാവാക്യം. അരിയില്ലെങ്കില്‍ ചോറുവേണ്ട. ബിരിയാണിയും കോഴിയും മതി! ഇതു തരാന്‍ ഏതൊരു സര്‍ക്കാരാവട്ടെ അതിനു കഴിയണം! സബ്‌സിഡി നിരക്കായാല്‍ ഏറെ നന്ന്.

നമുക്ക് തെറ്റുപറ്റുന്നത് അധ്വാനിക്കാതെയും ഉണ്ണാം എന്ന പുതു സിദ്ധാന്തം. ആവിഷ്‌കരിച്ചതിലാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാനജ്ഞാനം ഇല്ലാതെ പോയതിലാണ്. അനാരോഗ്യമത്സരം ഏറ്റെടുക്കുന്നതിലാണ്. ഒരിക്കല്‍ തിരഞ്ഞെടുത്ത സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ചു വിലയിരുത്താത്തതിലാണ്. നേരെ നില്‍ക്കുന്നവരെ മറിച്ചിടുക, മറിച്ചിടാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒളിയമ്പെയ്തു കൊല്ലുക! പുതിയ കാലം നിര്‍മിക്കുന്ന പുതുമുദ്രാവാക്യം വിവേകത്തിന്നു ജനാധിപത്യത്തില്‍ സ്ഥാനമില്ലെന്നോ, വേണ്ടെന്നോ എന്ന തീരുമാനം.

ഒരുതരം നിസ്സംഗമായ ഉറക്കത്തില്‍ നിന്നു നമ്മള്‍ ഇനിയും ഉണര്‍ന്നിട്ടില്ല. ചിന്തിക്കാന്‍ ശീലിച്ചുമില്ല. ജനാധിപത്യത്തിന്റെ കാവല്‍ക്കാരെന്നു നടിക്കുന്ന മാധ്യമത്തിന്നു പ്രസക്തി നഷ്ടപ്പെടുകയാണെങ്കില്‍ ജനഭരണം അപകടത്തിലേയ്ക്കു തന്നെ നീങ്ങും. ഏഷ്യയിലെങ്ങും അതിന്റെ നിഴല്‍ പരന്നു തുടങ്ങുന്നു.

*
പി വത്സല ജനയുഗം 23 മാര്‍ച്ച് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വിഭവസമൃദ്ധമായ ഒരു ജനാധിപത്യ രാഷ്ട്രത്തിന് ഉന്നതിയിലേയ്ക്ക് കുതിക്കാന്‍ സാധിക്കാത്തതെന്തുകൊണ്ട്? തിരഞ്ഞെടുപ്പുകാലത്തു മാത്രം ചിന്തിക്കേണ്ട വിഷയമല്ലിത്. ഓരോ പൗരന്റേയും പൊതുബോധത്തില്‍ അലിഞ്ഞുചേരേണ്ട പ്രശ്‌നമാണിത്.