Tuesday, March 8, 2011

ഭാരത സെന്‍സസ് ഒരു വിചിന്തനം

ഭാരത സെന്‍സസ് 2011 നടക്കുകയാണല്ലോ. ഇത്തവണ കുറെയധികം മാറ്റങ്ങളോടെയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. പരിശീലനം ലഭിച്ച അധ്യാപകര്‍ താല്‍പ്പര്യത്തോടെ ഈ ദൌത്യം നിര്‍വഹിക്കുന്നു. വിദ്യാഭ്യാസമുള്ള ജനത എന്യൂമറേറ്ററുമായി നന്നായി സഹകരിക്കുന്നുമുണ്ട്. എങ്കിലും ചില അപാകതകളുണ്ട്. നടത്തിപ്പിലോ പരിശീലനത്തിലോ അല്ല, മറിച്ച് ചോദ്യാവലിയിലാണ് ഈ അപാകതകള്‍. അത്തരത്തിലുള്ള ചില പ്രശ്‌നം ചൂണ്ടിക്കാണിക്കാം. മൊത്തത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ മനസ്സില്‍ കണ്ടുകൊണ്ടാണ് ചോദ്യങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. അവ പല നിര്‍ദേശങ്ങളിലും കാണാം.

1. സാക്ഷരതയുടെ വിവരശേഖരണത്തില്‍ 'ആറു വയസ്സോ, അതില്‍ താഴെയോ പ്രായംവരുന്ന എല്ലാ കുട്ടികളെയും അവര്‍ സ്‌കൂളില്‍ പോയി എഴുതാനും വായിക്കാനും പഠിച്ചിട്ടുണ്ടെങ്കില്‍പ്പോലും നിരക്ഷരരായി (കോഡ്-2) കണക്കാക്കേണ്ടതാണ്.' (പേജ് 64, നിര്‍ദേശ പുസ്‌തകം).

കേരളത്തെ സംബന്ധിച്ചിടത്തോളം മൂന്നുവയസ്സുമുതല്‍തന്നെ അങ്കണവാടിയിലോ പ്ളേ സ്‌കൂളിലോ പോകുന്ന കുട്ടികളെ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നുണ്ട്. മാത്രമല്ല, അഞ്ചു വയസ്സില്‍ സ്‌കൂളില്‍ ചേര്‍ക്കുന്ന രീതിയാണ് ഇവിടെയുള്ളത്. മലയാളവും ഇംഗ്ളീഷും അക്ഷരങ്ങള്‍ മുഴുവനായും എഴുതാനും വായിക്കാനും അറിയുന്ന കുട്ടികളെ 'നിരക്ഷരരാ'ക്കുന്നത് ശരിയായ രീതിയല്ല. അങ്കണവാടിയോ പ്രൈമറി സ്‌കൂളോ ശരിയായി നടക്കാത്ത, ഐസിഡിഎസ് പരിപാടികള്‍ വിജയകരമല്ലാത്ത ഉത്തരേന്ത്യന്‍ഗ്രാമങ്ങളെ ഉദ്ദേശിച്ചാണ് ഈ ചോദ്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2. മതത്തിന്റെ വിശദാംശങ്ങളെക്കുറിച്ച് പറയുമ്പോള്‍ 1. ഹിന്ദു, 2. മുസ്ളിം, 3. ക്രിസ്‌ത്യന്‍, 4. സിക്ക്, 5. ബുദ്ധമതം, 6. ജൈനമതം എന്നിങ്ങനെയാണ് കാണുന്നത്. നമ്മുടെ ഭരണഘടന അനുവദിച്ചിരിക്കുന്ന ഏതു മതത്തിലും വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള അവകാശത്തിന്റെ ലംഘനമാണ് ഇത്. 'മതമില്ലാത്തവര്‍' എന്ന കോഡും ഗണവുംകൂടി വേണമായിരുന്നു.

3. തൊഴിലിന്റെ കാര്യത്തില്‍ നിരവധി ആശയക്കുഴപ്പമുണ്ട്. തൊഴിലുകളെ ഉല്‍പ്പാദനപരം, ഉല്‍പ്പാദനപരമല്ലാത്തത് എന്ന് രണ്ടായി തിരിച്ചിരിക്കുന്നു. ഉല്‍പ്പാദനപരം എന്ന കോളത്തില്‍ കര്‍ഷകന്‍, കര്‍ഷകത്തൊഴിലാളി, കുടുംബവ്യവസായത്തില്‍ ജോലിയുള്ള ആള്‍, മറ്റു ജോലിയുള്ളവര്‍ എന്നിവരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ഥി, വീട്ടുജോലിക്കാര്‍, പരാശ്രയി, പെന്‍ഷന്‍ പറ്റിയ ആള്‍, വാടകവരുമാനക്കാരന്‍, യാചകന്‍, മറ്റുള്ളവര്‍ എന്നിവരാണ് ഉല്‍പ്പാദനപരമല്ലാത്ത കോളത്തിലുള്ളത്.

2001ലെ സെന്‍സസ് കഴിഞ്ഞ ഉടന്‍വന്ന കേസും സുപ്രീംകോടതിവിധിയും പത്രവാര്‍ത്തയും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. 'വീട്ടമ്മമാര്‍ക്ക് സെന്‍സസില്‍ യാചകസ്ഥാനം- സര്‍ക്കാരിന് സുപ്രീംകോടതി വിമര്‍ശനം' എന്ന തലക്കെട്ടില്‍ പത്രവാര്‍ത്ത വന്നിരുന്നു. വാര്‍ത്തയില്‍ പറയുന്നത്:

"പാചകം, അലക്ക്, പാത്രംകഴുകല്‍, കുട്ടികളുടെ പരിചരണം, വെള്ളംകോരല്‍, വിറകുശേഖരണം എന്നിങ്ങനെയുള്ള ജോലികള്‍ചെയ്യുന്ന വീട്ടമ്മമാരെ 'തൊഴിലില്ലാത്ത സ്‌ത്രീകള്‍' എന്ന നിലയില്‍ യാചകരുടെയും വേശ്യകളുടെയും തടവുകാരുടെയും ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. ഇവയൊന്നും സാമ്പത്തികമായി ഉല്‍പ്പാദനമായ ജോലികളല്ലെന്ന കാഴ്ചപ്പാടിലായിരുന്നു ഇത്. 36 കോടി സ്‌ത്രീകളെയാണ് ഈ ഗണത്തില്‍ പെടുത്തിയത്.''

"അമ്മയും ഭാര്യയും ക്ളോക്കിലേക്ക് നോക്കിയല്ല പണിയെടുക്കുന്നത്. ഉദ്യോഗസ്ഥയല്ലെങ്കിലും കുടുംബത്തിനുവേണ്ടി നിരന്തരം പ്രവര്‍ത്തിക്കുകയാണവര്‍. ഭര്‍ത്താവിന്റെയും കുട്ടികളുടെയും കാര്യങ്ങള്‍ നോക്കി നടത്തുന്നവര്‍. ഭാവിജീവിതത്തിലേക്ക് കുട്ടികളെ വഴിനടത്തുന്നവരുടെ മാര്‍ഗനിര്‍ദേശംതന്നെ അമൂല്യമാണ്'' എന്നാണ് ഇത് സംബന്ധിച്ചുണ്ടായ സുപ്രീംകോടതി വിധിയില്‍ പറഞ്ഞിരുന്നത്.

ഭാര്യ വാഹനാപകടത്തില്‍ മരണമടഞ്ഞപ്പോള്‍ നാമമാത്രമായ നഷ്‌ടപരിഹാരം കൊടുത്ത ട്രിബ്യൂണലിനെതിരെ ഭര്‍ത്താവ് അഗര്‍വാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി ഈ പ്രസ്‌താവന നടത്തിയത്.

ഇത്രയധികം പരാമര്‍ശങ്ങളും ചര്‍ച്ചകളും വന്നശേഷവും വീണ്ടും അതേപടി തെറ്റുകള്‍ ആവര്‍ത്തിച്ചിരിക്കുന്നു. 'വീട്ടുജോലികള്‍' എന്നതില്‍ വീട്ടുജോലിക്കാരെയും വീട്ടമ്മയെയും എങ്ങനെ വേര്‍തിരിക്കണമെന്നത് കൈപ്പുസ്‌തകത്തില്‍ പറയുന്നുണ്ടെങ്കിലും വേതനം പറ്റുന്ന വീട്ടുജോലിക്കാരിയുടെ അധ്വാനം 'ഉല്‍പ്പാദനപരമല്ല' എന്നാണ് മനസ്സിലാക്കേണ്ടത്.
വിദ്യാര്‍ഥികള്‍ ഉല്‍പ്പാദനപരമായ പ്രവര്‍ത്തനം നടത്തുന്നില്ലെങ്കിലും അവരെയും യാചകന്റെ കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അതേസമയം, ഫെലോഷിപ് വാങ്ങുകയോ സ്‌കോളര്‍ഷിപ് ലഭിക്കുകയോ ചെയ്ത് പഠിക്കുന്ന വിദ്യാര്‍ഥി ഉല്‍പ്പാദനപരമായ പ്രവര്‍ത്തനം നടത്തുന്നു എന്നത് അംഗീകരിക്കാം- പക്ഷേ, തൊഴിലാളിയായി രേഖപ്പെടുത്താനാണ് പറയുന്നത്. അധ്വാനത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചും സെന്‍സസുകളില്‍ ഇത്രയുംകാലം നിലനിന്നുവന്ന അവ്യക്തത ഇപ്പോഴും തുടരുന്നു.

ഒരാള്‍ വില്‍പ്പനയ്‌ക്കു വേണ്ടിയല്ലാതെ തന്റെ കുടുംബത്തിന്റെ ആവശ്യത്തിനുമാത്രം എന്തെങ്കിലും ഉല്‍പ്പാദിപ്പിക്കുകയോ സേവിക്കുകയോ ചെയ്യുന്നുണ്ടായിരിക്കാം. അത് ഉല്‍പ്പാദനപരമായ പ്രവര്‍ത്തനമാണെന്ന് അയാള്‍ അവകാശപ്പെട്ടാലും ആ വ്യക്തിയെ ജോലിചെയ്യുന്ന ആളായി കണക്കാക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. എന്നാല്‍, സ്വന്തം ആവശ്യത്തിനായി കൃഷിചെയ്യുകയോ (തോട്ടവിള ഒഴിച്ച്) വിളകള്‍ ഉല്‍പ്പാദിപ്പിക്കുകയോ ചെയ്യുന്നവരെയും സ്വന്തം വീട്ടാവശ്യത്തിനുള്ള പാല്‍ ഉല്‍പ്പാദനത്തിനായി മൃഗങ്ങളെ വളര്‍ത്തുന്നതും ജോലിചെയ്യുന്നവരായി പരിഗണിക്കും. സ്വന്തം വീട്ടുപറമ്പില്‍ കുറ്റിമുല്ല കൃഷിചെയ്യുന്ന കുടുംബശ്രീയിലെ ഉല്‍പ്പാദനം തൊഴിലായി അംഗീകരിക്കുകയില്ല. ഇത്തരത്തില്‍ ഉല്‍പ്പാദനപരം, ഉല്‍പ്പാദനപരമല്ലാത്തത് എന്ന വിഭാഗത്തിനു പകരം, പഴയ സെന്‍സസിലുണ്ടായിരുന്നപോലെ, കൃഷിക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍, മൃഗപരിപാലനം, ക്വോറി, കാര്‍ഷികേതരം, അസംഘടിതം എന്നിങ്ങനെയായിരുന്നെങ്കില്‍ കണക്കുതിരിച്ചെടുക്കാന്‍ എളുപ്പമായേനേ. കുടിയേറ്റത്തെക്കുറിച്ചും ഇതേ ആശയക്കുഴപ്പം നിലവിലുണ്ട്.

ഒരു സ്‌ത്രീ പ്രസവത്തിനായി താമസസ്ഥലത്തുനിന്നു മാറി ആശുപത്രിയിലോ മറ്റോ പോകുകയോ അവിടെവച്ച് പ്രസവിക്കുകയാണെങ്കില്‍, ആശുപത്രിയോ, മാതാപിതാക്കളുടെ വീടോ, ബന്ധുഗൃഹമോ ഉള്ളസ്ഥലം സാധാരണ താമസിച്ചിരുന്ന സ്ഥലത്തുനിന്നു വിഭിന്നമാണെങ്കില്‍, കുട്ടികളെ സംബന്ധിച്ച് ആശുപത്രി / മാതാപിതാക്കളുടെ വീട് / ബന്ധുഗൃഹം' മുമ്പ് താമസിച്ച 'സ്ഥല'മായിത്തന്നെ പരിഗണിക്കണം (പേജ് 99). ഇത് പറയുമ്പോള്‍ രണ്ടുതരം കുടിയേറ്റക്കാരുണ്ടെന്നും ഒന്ന്, ജനനസ്ഥലം ആസ്പദമാക്കിയുള്ളതും മറ്റൊന്ന്, മുമ്പുള്ള താമസസ്ഥലത്തെ ആസ്പദമാക്കിയുള്ളതും- എന്നും പറയുന്നുണ്ട് (പേജ് 95).

ഉല്‍പ്പാദിപ്പിക്കുന്ന വിളകളുടെ അടിസ്ഥാനത്തിലാണ് ഒരാളെ കര്‍ഷകനോ കര്‍ഷകത്തൊഴിലാളിയോ ആയി തരംതിരിക്കുന്നത്. എണ്ണക്കുരുക്കളായി കൊടുത്തിരിക്കുന്നത് എള്ള്, സൂര്യകാന്തി, സോയാബീന്‍, നിലക്കടല, ആവണക്ക്, കടുക്, ചെറുചണവിത്ത് മുതലായവ. തെങ്ങും കവുങ്ങുമില്ല. തോട്ടവിളയില്‍ റബറില്ല എന്നുമാത്രമല്ല, 'തോട്ടവിളകളുടെ ഉല്‍പ്പാദനം കൃഷിയായി പരിഗണിക്കുന്നില്ല' എന്നും പറഞ്ഞിരിക്കുന്നു (പേജ് 78).

റബര്‍മാത്രമല്ല, തേയില, കാപ്പി, തേങ്ങ, അടയ്‌ക്ക എന്നിവയുടെ ഉല്‍പ്പാദനം കൃഷിയുടെ നിര്‍വചനത്തില്‍ വരുന്നില്ല. അതായത്, അടുത്ത സെന്‍സസ് റിപ്പോര്‍ട്ട് വരുമ്പോള്‍, കേരളത്തില്‍ നാമമാത്രമായി കുറച്ചു നെല്ലുല്‍പ്പാദകരൊഴികെ കൃഷിക്കാരായി ആരുമുണ്ടാവുകയില്ല. (അതേസമയം, കഞ്ചാവ്, സിങ്കോണ, കറുപ്പ്, ഔഷധച്ചെടി കൃഷിചെയ്യുന്നവര്‍ കര്‍ഷകരുമാണ്).

ലോകബാങ്ക് അംഗീകരിച്ച മൈക്രോ ക്രെഡിറ്റ് സംരംഭങ്ങള്‍ ഒരു ഭാഗത്തും ഉള്‍പ്പെടുത്താന്‍ കഴിയാത്ത രീതിയാണ് കാണുന്നത്. ഉല്‍പ്പാദനപരവും അല്ലാത്തതുമായതില്‍ പെടാത്തതിനാല്‍, ക്രെഡിറ്റ് സംരംഭങ്ങള്‍ പൂര്‍ണമായും സെന്‍സസ് കണക്കുകളില്‍ 'ഏക ജോലിക്കാരന്‍' എന്ന രീതിയിലാണ് വരിക. കുടുംബശ്രീയും 'ഏകജോലിക്കാരന്‍' എന്ന കാറ്റഗറിയിലാണ്. കൂട്ടായ്‌മയുടെ ഭാഗമായി നടത്തുന്ന കുടുംബശ്രീ പ്രവര്‍ത്തനം എങ്ങനെയാണ് 'ഏകജോലി'യാവുക?

സന്താനോല്‍പ്പാദനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്‌ത്രീകളോടുമാത്രമായി ചോദിക്കാന്‍ പറഞ്ഞിട്ടുണ്ട്. അതില്‍, വിവാഹബന്ധം നിലവിലുള്ളവര്‍, പിരിഞ്ഞവര്‍, വേര്‍പെടുത്തിയവര്‍ എന്നിവര്‍ പൂരിപ്പിക്കേണ്ടതാണ് എന്നാണ്. കുട്ടികളുടെ കണക്കെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കായാണ് ഈവിഭജനം. ആദിവാസിമേഖലയില്‍ കൂടുതലായി കാണുന്ന അവിവാഹിതകളായ അമ്മമാരുടെ കുട്ടികളെ എവിടെ ഉള്‍പ്പെടുത്തും?

സ്‌ത്രീപക്ഷത്തു നിന്നു നോക്കുമ്പോഴുള്ള പ്രത്യേകത, ചോദ്യങ്ങൾക്ക് പ്രതികരിക്കേണ്ടവർ മുഴുവൻ പുരുഷന്മാരാണ് എന്ന രീതിയിലാണ് കാണുന്നത്. യാചകൻ, കർഷകൻ, അധ്യാപകൻ, കുടിയേറ്റക്കാരൻ, ഏകജോലിക്കാരൻ, കുടുംബജോലിക്കാരൻ, വടക വരുമാനക്കാരൻ എന്നിങ്ങനെ പോകുന്നു.- ഇതൊന്നും കൂടാതെ തുല്യതയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ഒരു രാജ്യത്തിൽ, കുടുംബത്തിൽ കയറി ( Household survey) ഗൃഹനാഥൻ, ഗൃഹനാഥ എന്നിങ്ങനെ ഭാഗിക്കുന്നത് bread winner, dependent എന്ന വിഭജനം സൃഷ്‌ടിക്കാൻ തന്നെയാണെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു.

തർജമയിൽ വന്ന ഒരു പാകപ്പിഴയായിട്ട് ഇതിനെക്കാണാം. ഉദാഹരണത്തിന് ‘Beggar’ എന്ന ഇംഗ്ലീഷ് പദം ‘യാചകർ’ എന്നതിനു പകരം യാചകൻ എന്നു മാറുന്ന രീതിയിലാണ് തർജമ. അതും ശ്ര്ദ്ധിക്കേണ്ടതായിരുന്നില്ലേ?

തൊഴിലെടുക്കുന്നവരുടേയും കുടുംബശ്രീ പൊതുസേവനം നടത്തുന്നവരുടേയും കുടിയേറ്റക്കാരായ കുട്ടികളുടേയും കണക്കുകൾ (മേൽ വിവരിച്ച പ്രകാരം) വഹിച്ചുകൊണ്ടു വരുന്ന സെൻസസ് റിപ്പോർട്ട് എത്രമാത്രം ആധികാരികമായി ഉപയോഗിക്കാൻ കഴിയും എന്നത് ഗവേഷകരേയും പോളിസി നിർമ്മാതാക്കളേയും പൊതുപ്രവർത്തകരെയും സംബന്ധിച്ചിടത്തോളം ഒരു പ്രശ്‌നമാണ്.


*****


ഗിരിജ, ഡോ. ആനന്ദി ടി കെ, കടപ്പാട് ദേശാഭിമാനി മാർച്ച് 8 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഭാരത സെന്‍സസ് 2011 നടക്കുകയാണല്ലോ. ഇത്തവണ കുറെയധികം മാറ്റങ്ങളോടെയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. പരിശീലനം ലഭിച്ച അധ്യാപകര്‍ താല്‍പ്പര്യത്തോടെ ഈ ദൌത്യം നിര്‍വഹിക്കുന്നു. വിദ്യാഭ്യാസമുള്ള ജനത എന്യൂമറേറ്ററുമായി നന്നായി സഹകരിക്കുന്നുമുണ്ട്. എങ്കിലും ചില അപാകതകളുണ്ട്. നടത്തിപ്പിലോ പരിശീലനത്തിലോ അല്ല, മറിച്ച് ചോദ്യാവലിയിലാണ് ഈ അപാകതകള്‍. അത്തരത്തിലുള്ള ചില പ്രശ്‌നം ചൂണ്ടിക്കാണിക്കാം. മൊത്തത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ മനസ്സില്‍ കണ്ടുകൊണ്ടാണ് ചോദ്യങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. അവ പല നിര്‍ദേശങ്ങളിലും കാണാം.