കേരളത്തിലെ 54 വര്‍ഷത്തെ സംസ്ഥാനഭരണത്തില്‍ ലിംഗനീതിയുടെയും ലിംഗ തുല്യതയുടെയും ചര്‍ച്ച ഉയര്‍ത്തിയ സര്‍ക്കാര്‍ എന്ന ചരിത്ര ബഹുമതി വി എസ് സര്‍ക്കാരിനു സ്വന്തം. ഉത്പാദനബന്ധങ്ങളെ പൊളിച്ചെഴുതുംവിധമുള്ള അടിസ്ഥാന പരിഷ്കരണങ്ങള്‍ നടപ്പിലാക്കുന്നതിനും സാധാരണ ജനങ്ങള്‍ക്ക് ആരോഗ്യ - വിദ്യാഭ്യാസ - ക്ഷേമ നേട്ടങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് സമൂഹത്തെ ജനാധിപത്യവത്കരിക്കുന്നതിനും കേരളത്തിനു കഴിഞ്ഞത് 1957 മുതലുള്ള കമ്യൂണിസ്റ്റ്-ഇടതുപക്ഷ സര്‍ക്കാരുകളുടെ രാഷ്ട്രീയ ഭരണ ഇച്ഛാശക്തിയുടെ ഫലമായിട്ടാണെന്നത് ചരിത്രത്തിന്റെ ഭാഗമാണ്. ഭൂപരിഷ്കരണം, വിദ്യാഭ്യാസം, ഭക്ഷ്യ സുരക്ഷിതത്വം, സാക്ഷരത, അധികാര വികേന്ദ്രീകരണം, ആരോഗ്യ - സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ മലയാളിയുടെ ജീവിത ഗുണനിലവാരമുയര്‍ത്തിയ സുപ്രധാനമായ ഇടപെടലുകള്‍ക്ക് കേരള സമൂഹം ഇടതുപക്ഷത്തോട് കടപ്പെട്ടിരിക്കുന്നു. ഈ പൊതു നേട്ടങ്ങളുടെ മുഖ്യ ഗുണഭോക്താക്കളായി സ്‌ത്രീകള്‍ക്കു മാറാന്‍ കഴിഞ്ഞതിന്റെ പ്രതിഫലനംതന്നെയാണ് കേരളത്തിന്റെ മെച്ചപ്പെട്ട സ്‌ത്രീ വികസനസൂചകങ്ങള്‍. എന്നാല്‍ കേരളത്തിലെ സ്‌ത്രീകളുടെ മെച്ചപ്പെട്ട ജീവിത അവസ്ഥയും നിലനില്‍ക്കുന്ന താഴ്ന്ന സാമൂഹ്യപദവിയും തമ്മിലുള്ള വൈരുദ്ധ്യത്തിന്റെ പ്രശ്‌നം കേരള വികസനപ്രക്രിയയുടെതന്നെ ദൌര്‍ബല്യമായി ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. ഈ വൈരുദ്ധ്യത്തെ നേരിട്ട് ചോദ്യംചെയ്യാതെ ലിംഗതുല്യതയുടെ ചര്‍ച്ച കേരളത്തില്‍ നടത്താനാവില്ല.
സ്‌ത്രീകളെ സാമൂഹ്യക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളായി മാത്രം പരിഗണിക്കുക എന്നത് ഇന്ത്യന്‍ വികസനാസൂത്രണത്തിന്റെതന്നെ ദൌര്‍ബല്യമാണ്. 1951ല്‍ ആരംഭിച്ച പഞ്ചത്സരപദ്ധതികള്‍ എട്ടെണ്ണം പൂര്‍ത്തിയാകുമ്പോഴും ഈ സമീപനത്തില്‍ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. ഒന്‍പതാം പഞ്ചവത്സരപദ്ധതിയാണ് സ്‌ത്രീശാക്തീകരണത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളും സ്‌ത്രീകളുടെ സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ പരിപാടികളുടെ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ പരമ്പരാഗത സമീപനത്തില്‍നിന്ന് മുക്തമാകാന്‍ 9-ാം പദ്ധതിയിലും കേന്ദ്ര സര്‍ക്കാരിനു കഴിഞ്ഞില്ല. ഇന്ന് 11-ാം പഞ്ചവത്സരപദ്ധതിയുടെ അന്ത്യഘട്ടത്തിലേക്കു കടക്കുമ്പോഴും ജന്‍ഡര്‍ ബഡ്ജറ്റിനെയും സ്‌ത്രീ ശാക്തീകരണത്തെയും കുറിച്ചുള്ള ഉദ്ഘോഷങ്ങളുടെ അണിയറയില്‍ കാണാനാകുന്നത്, സ്‌ത്രീയുടെ പരമ്പരാഗത റോളുകളുടെ ആവര്‍ത്തനങ്ങളില്‍നിന്ന് മുക്തമാകാന്‍ കഴിയാത്ത പതിവുപരിപാടികളാണ്.
ഭരണാധികാരികളുടെയോ ഉദ്യോഗസ്ഥരുടെയോ ലിംഗപദവി ബോധത്തിന്റെ പരിമിതി മാത്രമല്ല ഇതിനു കാരണം. ഇന്ത്യയിലെ മഹാ ഭൂരിപക്ഷം സ്‌ത്രീകളും നേരിടുന്ന രൂക്ഷമായ ജീവിത ക്ളേശങ്ങളെയും അടിയന്തിരമായ ദൈനംദിന ആവശ്യങ്ങളെയും അവഗണിക്കുന്ന ഒരു സര്‍ക്കാരിന് ലിംഗനീതിയുടെ ആവശ്യങ്ങള്‍ പരിഗണിക്കാനും പരിഹരിക്കാനും കഴിയില്ല. ജീവിത ദുരിതങ്ങളുടെ നടുക്കടലിലേക്ക് മഹാഭൂരിപക്ഷം സ്‌ത്രീകളെയും തള്ളിവിടുന്ന കേന്ദ്രസര്‍ക്കാര്‍, സ്‌ത്രീശാക്തീകരണത്തിന്റെ പ്രഖ്യാപനങ്ങള്‍ ഉദാരമായി നടത്തുന്ന പൊള്ളത്തരമാണ് യുപിഎ അവതരിപ്പിക്കുന്ന ജന്‍ഡര്‍ ബഡ്‌ജറ്റ് എന്ന കണക്കിന്റെ കളികള്‍. സ്‌ത്രീകള്‍ക്കായി വകയിരുത്തുന്നു എന്ന് കാണിക്കുന്ന പദ്ധതി വിഹിതംകൊണ്ട് തിരുത്താനാകാത്ത അതിരൂക്ഷമായ ജീവിതപ്രശ്‌നങ്ങളാണ് ഇന്ന് ഇന്ത്യന്‍ സ്‌ത്രീയുടെ വികസന ആവശ്യങ്ങളില്‍ മുഖ്യം. ഈ വൈരുദ്ധ്യത്തെ സൃഷ്ടിക്കുന്നത് കോണ്‍ഗ്രസും ബിജെപിയും അടക്കമുള്ള ഇന്ത്യയിലെ ബൂര്‍ഷ്വാ രാഷ്ട്രീയപാര്‍ടികളുടെ മുതലാളിത്ത സാമ്പത്തികനയങ്ങളും സാമ്രാജ്യത്വ വിധേയത്വവുമാണ് എന്നതിനാല്‍ ഇതൊരു കേവലം വികസന പ്രശ്‌നമായിട്ടല്ല, രാഷ്ട്രീയ പ്രശ്‌നമായിട്ടുതന്നെയാണ് കൈകാര്യംചെയ്യപ്പെടേണ്ടത്. ഭരണഘടനയുടെ വാഗ്ദാനമായ സാമൂഹ്യസമത്വവും ലിംഗതുല്യതയും നിറവേറ്റുന്നതില്‍നിന്ന് പിന്നോക്കംപോകുന്നത് ഭരണഘടനാലംഘനമായിത്തന്നെ വിമര്‍ശിക്കപ്പെടുകയും വേണം.
ഈ പശ്ചാത്തലത്തില്‍വേണം കേരളത്തില്‍ ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന ലിംഗപദവി സമീപനവും അതിന്റെ അടിസ്ഥാനത്തിലുളള ഇടപെടലുകളും വിലയിരുത്തേണ്ടത്. ജീവിതത്തിന്റെ അടിസ്ഥാന ഭൌതിക ആവശ്യങ്ങള്‍ പരമാവധി ജനങ്ങള്‍ക്കുറപ്പുവരുത്തുകയെന്ന ഉത്തരവാദിത്വം ഏറ്റെടുത്തത് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരുകളാണെന്നതില്‍ ആര്‍ക്കും സംശയമില്ല. ഈ പൊതു നേട്ടത്തിനപ്പുറത്തേക്ക് ലിംഗനീതിയുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട് എന്ന കാഴ്ചപ്പാടും ആദ്യമായുയര്‍ത്തിയത് കേരളത്തില്‍ ഇടതുപക്ഷ ഭരണംതന്നെയാണ്. സ്‌ത്രീകള്‍ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളുടെ കേവലം ഗുണഭോക്താക്കള്‍ മാത്രമായി പരിമിതപ്പെടുന്നതിന്റെ പോരായ്മ ചൂണ്ടിക്കാണിക്കുക മാത്രമല്ല, അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി ഗ്രാമസഭവരെ സ്‌ത്രീപദവിയുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് 9-ാം പദ്ധതിയിലൂടെ 1996-2001ലെ ഇടതുപക്ഷ സര്‍ക്കാര്‍ സ്‌ത്രീ വികസനപ്രക്രിയയുടെ പുതിയ അധ്യായം സംസ്ഥാന ഭരണ ചരിത്രത്തില്‍ കുറിച്ചു. വനിതാ ഘടക പദ്ധതിയിലൂടെ പ്രാദേശിക വികസന പദ്ധതിയില്‍ കുറഞ്ഞത് പത്തുശതമാനം വിഹിതം സ്‌ത്രീകള്‍ക്കായി വകയിരുത്തപ്പെട്ടു. അതിലേറെ പ്രധാനം വികസന- ആസൂത്രണ- നിര്‍വ്വഹണപ്രക്രിയയില്‍ കര്‍ത്തൃസ്ഥാനത്തേക്ക് സ്‌ത്രീകള്‍ക്ക് കടന്നുവരാനുള്ള അവസരങ്ങള്‍ നായനാര്‍ സര്‍ക്കാര്‍ സൃഷ്ടിച്ചു എന്നതാണ്. ഇതിന്റെ ഭാഗമായിത്തന്നെ ഉയര്‍ന്നുവന്ന സൂക്ഷ്മതല സംവിധാനമായ കുടുംബശ്രീ എങ്ങനെ കേവലം ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തില്‍നിന്ന് വ്യത്യസ്തമായി സ്‌ത്രീ ശാക്തീകരണത്തിന്റെ ഉപാധിയാക്കി മാറ്റാമെന്ന ചിന്തയും ആ സര്‍ക്കാരിന്റെ സംഭാവനയാണ്. 2001ല്‍ യുഡിഎഫ് സര്‍ക്കാര്‍ ഭരണമേറ്റതോടെ അട്ടിമറിക്കപ്പെട്ട സ്‌ത്രീവികസന നയങ്ങളുടെയും പരിപാടികളുടെയും തുടര്‍ച്ചയും വിപുലീകരണവുമെന്ന വലിയ ഉത്തരവാദിത്വമാണ് 2006ല്‍ അധികാരമേറ്റ ഇടതുപക്ഷ സര്‍ക്കാര്‍ ഏറ്റെടുത്തത്. കേരളത്തിലെ ഒന്നരക്കോടിയിലധികംവരുന്ന സ്‌ത്രീ സമൂഹത്തോടുള്ള ഉത്തരവാദിത്വത്തിന്റെയും ലിംഗതുല്യത സംബന്ധിച്ച രാഷ്ട്രീയ പ്രതിബദ്ധതയുടെയും ഫലപ്രദമായ നിര്‍വഹണംകൂടിയാണ് ഈ സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണം.
ലിംഗതുല്യതയിലേക്ക് കേരള സമൂഹത്തെ നയിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ 2008ല്‍ അംഗീകരിച്ച വനിതാനയം കേരളത്തിലെ സ്‌ത്രീ പ്രശ്‌നങ്ങളുടെ സങ്കീര്‍ണ്ണത തിരിച്ചറിഞ്ഞുകൊണ്ട് അവയെ നേരിടുന്നതിനുള്ള ഇച്ഛാശക്തിയുടെ പ്രഖ്യാപനമാണ്. സംസ്ഥാനസര്‍ക്കാരിന്റെ വാര്‍ഷിക പദ്ധതിയെ സ്‌ത്രീപക്ഷ സമീപനത്തോടെ അവതരിപ്പിക്കുന്നതിനുള്ള ശ്രമം ചരിത്രത്തിലാദ്യമായി സ്വീകരിക്കപ്പെട്ടു എന്നതും ഇടതുപക്ഷ സര്‍ക്കാരിന്റെ നേട്ടമാണ്. 2010-11ലെ സംസ്ഥാന വാര്‍ഷിക പദ്ധതി പ്രകടമായും ജന്‍ഡര്‍ ബഡ്‌ജറ്റ് പ്രസ്താവനകള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു. കേരളത്തിലെ സ്‌ത്രീ ജീവിതത്തിലെ ഗുണപരമായ നേട്ടങ്ങളും പദവിയിലെ പിന്നോക്കാവസ്ഥയും തമ്മിലുള്ള അന്തരവും വൈരുദ്ധ്യങ്ങളും സംസ്ഥാന ആസൂത്രണബോര്‍ഡിന്റെ സാമ്പത്തിക അവലോകനത്തിലും ധനമന്ത്രി അവതരിപ്പിക്കുന്ന ബഡ്‌ജറ്റിലും പരാമര്‍ശിക്കപ്പെടുകയും അത് നേരിടുന്നതിനുള്ള ഇടപെടലുകള്‍ പ്രായോഗികമായി മുന്നോട്ടുവയ്ക്കുകയും ചെയ്തുവെന്നതാണ് 2010-11ലെ ജന്‍ഡര്‍ ബഡ്‌ജറ്റിന്റെ സവിശേഷത. ആ സമീപനത്തെ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ശ്ളാഘനീയമായ ശ്രമമാണ് 2011-12 സംസ്ഥാന ബഡ്‌ജറ്റും.
കേന്ദ്ര സമീപനത്തില്‍നിന്നുള്ള അടിസ്ഥാനപരമായ മാറ്റം സ്‌ത്രീ വികസനത്തെ ഒറ്റപ്പെടുത്തിക്കൊണ്ടല്ല, അത് സമഗ്രസമീപനത്തിന്റെ ഭാഗമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നത് എന്നതാണ്. കേരളത്തിലെ സാധാരണക്കാരായ ബഹുഭൂരിപക്ഷം സ്‌ത്രീകളും നേരിടുന്ന ദൈനംദിന ജീവിതത്തിന്റെ ഭാരം ലഘൂകരിക്കുന്നതിനുള്ള പൊതു സാമൂഹ്യക്ഷേമ പരിപാടികള്‍ക്ക് വലിയ ഊന്നല്‍ നല്‍കുന്നു എന്നതാണ് പ്രധാനം. ഭക്ഷ്യസുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന സ്‌ത്രീ തൊഴിലാളികളുടെ പ്രസവാവധി അടക്കമുള്ള തൊഴില്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തൊഴില്‍ ചുഷണം നേരിടുന്ന മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് ക്ഷേമനിധിയിലൂടെ സര്‍ക്കാര്‍ പിന്തുണനല്‍കുന്നതിനുമുള്ള ശ്രമങ്ങള്‍ സ്‌ത്രീകളുടെ ദൈനംദിനാവശ്യങ്ങളോടുള്ള ശരിയായ സമീപനമാണ്. സ്‌ത്രീകളുടെ അധ്വാനത്തെ വിലകുറച്ചു കാണുന്ന സമീപനത്തിന്റെ ഇരകളാണ്, തുച്ഛമായ വരുമാനത്തിന് പണിയെടുക്കുന്ന അങ്കണവാടി ജീവനക്കാരും കൃത്യമായി ഒരു വരുമാനവും ഉറപ്പില്ലാത്ത ആശ പ്രവര്‍ത്തകരും. അങ്കണവാടി ക്കാരുടെ ശമ്പളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിഹിതം വര്‍ദ്ധിപ്പിച്ചുകൊണ്ടും ആശ പ്രവര്‍ത്തകര്‍ക്ക് 300 രൂപ ആദ്യമായി പ്രതിഫലം ഉറപ്പാക്കിക്കൊണ്ടും സ്‌ത്രീകളുടെ അധ്വാനത്തെ ഇടതുപക്ഷ സര്‍ക്കാര്‍ അംഗീകരിക്കുന്നു. ഇന്ത്യയില്‍ പശ്ചിമബംഗാളിലും ഇപ്പോള്‍ കേരളത്തിലും മാത്രമാണ് ആശ പ്രവര്‍ത്തകര്‍ക്ക് പ്രതിഫലം നല്‍കുന്നത് എന്നും ഓര്‍ക്കേണ്ടതുണ്ട്.
കേരളത്തില്‍ പൊതു ഇടങ്ങളില്‍ സ്‌ത്രീകള്‍ നേരിടേണ്ടിവരുന്ന കയ്യേറ്റങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഒരു പുരോഗമന സമൂഹത്തിന് ഒട്ടും യോജിച്ചതല്ല. പുരുഷാധിപത്യമൂല്യങ്ങള്‍ ഇപ്പോഴും ശക്തമായി വച്ചുപുലര്‍ത്തുന്ന ഒരു സമൂഹത്തില്‍ ഈ പ്രശ്‌നങ്ങളെ പ്രായോഗികമായി നേരിടുന്നതില്‍ സര്‍ക്കാരിനും ഒരു പങ്കുവഹിക്കാനുണ്ട് എന്ന ഉള്‍ക്കാഴ്ചയാണ് യാത്രചെയ്യുന്ന സ്‌ത്രീകള്‍ക്കായിട്ടുള്ള ഭൌതിക സാഹചര്യങ്ങളും പിന്തുണ സംവിധാനങ്ങളും സംബന്ധിച്ച നിര്‍ദ്ദേശങ്ങളില്‍ കാണുന്നത്. ഷൊര്‍ണൂരിലെ സൌമ്യയുടെ ദാരുണമായ കൊലപാതകമുയര്‍ത്തുന്ന സാമൂഹ്യ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സംസ്ഥാന ഭരണം തയ്യാറാകുമ്പോഴും ഒരു ഖേദ പ്രകടനത്തിനുപോലും തയ്യാറാകാത്ത ഒരു വനിതാ മന്ത്രി റെയില്‍വെയുടെ തലപ്പത്തിരിക്കുന്നു.
വിധവകളും അവിവാഹിതരുമായ സ്‌ത്രീകളെ സാമ്പത്തിക സ്വാശ്രയത്വത്തിലേക്കു നയിക്കുന്നതിനും സ്‌ത്രീകളെ പുതിയ തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും ആവശ്യമായ നിരവധി പരിപാടികളാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള 'റീച്ച്' ദേശീയ ശ്രദ്ധതന്നെ ആകര്‍ഷിക്കുന്നതരത്തിലേക്ക് വളരുന്നതിനുള്ള സാഹചര്യമാണുള്ളത്.
കേരളത്തിലെ വിവിധ വനിതാ സംഘടനകളുടെ നിരന്തര ആവശ്യമായിരുന്നു പ്രത്യേക വനിതാ വികസന വകുപ്പ്. കഴിഞ്ഞവര്‍ഷം ജന്‍ഡര്‍ അഡ്വൈസറിബോര്‍ഡ് രൂപീകരിച്ച സര്‍ക്കാര്‍ വനിതാ നയത്തിലെ പ്രഖ്യാപനമനുസരിച്ച് വനിതാവകുപ്പിന് രൂപം നല്‍കിയിരിക്കുന്നു. സ്‌ത്രീകളുടെ പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കുമായി ഇന്ത്യയില്‍തന്നെ ആദ്യത്തെ സംരംഭമെന്നു വിളിക്കാവുന്ന ജെന്‍ഡര്‍ പാര്‍ക്ക് എന്ന പദ്ധതി വലിയ പ്രതീക്ഷയുണര്‍ത്തുന്നുണ്ട്. 'തന്റേടം' എന്ന പേരുകൊണ്ടുതന്നെ, കേരളത്തിലെ സ്‌ത്രീകള്‍ക്ക് സമൂഹത്തില്‍ സ്വന്തം ഇടം കണ്ടെത്തുന്നതിനുള്ള വിപുലമായ അവസരം ഇത് സൃഷ്ടിക്കുമെന്നുതന്നെ കരുതാം. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി മൊത്തം പദ്ധതി അടങ്കലിന്റെ 9.4 ശതമാനം തുക (770 കോടി രൂപ) വനിതാ ഘടക പദ്ധതിക്കായി വകയിരുത്തുകയും സ്‌ത്രീകളുടെ സാമൂഹ്യ-സാമ്പത്തിക-സാംസ്കാരിക ആവശ്യങ്ങളെ സമഗ്രമായി സമീപിക്കുകയും ചെയ്തതിലൂടെ ഇന്ത്യയ്ക്കുതന്നെ ജെന്‍ഡര്‍ ബഡ്‌ജറ്റിംഗിലും സ്‌ത്രീപക്ഷ സമീപനത്തിലും മാതൃകയായി കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ മാറിയിരിക്കുകയാണ്.
ലിംഗാസമത്വം ഭരണപരമായ പരിഷ്കാരങ്ങളിലൂടെ മാത്രം പരിഹരിക്കപ്പെടുന്ന പ്രശ്‌നമല്ല. എന്നാല്‍ സ്‌ത്രീ വിമോചനത്തിലേക്കും ലിംഗ തുല്യതയിലേക്കുമുള്ള പ്രക്രിയയെ ത്വരിതപ്പെടുത്തുന്നതില്‍ സ്‌ത്രീ സമൂഹത്തിന് ഊര്‍ജ്ജം പകരുന്നതിനും പൊതു സമൂഹത്തെ സജ്ജമാക്കുന്നതിനും പര്യാപ്തമായ സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷം ഒരുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് ജനാധിപത്യ ഭരണകൂടത്തിന് നിര്‍വഹിക്കാനാകും. ലിംഗതുല്യത ഒരു ജനാധിപത്യ അവകാശംകൂടിയാണ്. കേരള സമൂഹത്തിലെ ജനാധിപത്യ പ്രക്രിയയെ സാര്‍ഥകമായി മുന്നോട്ടു നയിക്കുന്നതില്‍ ചരിത്രപരമായ പങ്കുവഹിച്ചിട്ടുള്ള ഇടതുപക്ഷത്തിന്റെ ലിംഗതുല്യതയ്ക്കായുള്ള രാഷ്ട്രീയ പ്രതിബദ്ധതയുടെ പ്രഖ്യാപനമായിരുന്നു അഞ്ചുവര്‍ഷത്തെ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണം.
*****
ഡോ. ടി എന്‍ സീമ, കടപ്പാട് : ചിന്ത വാരിക
Thursday, March 3, 2011
ലിംഗനീതി ഭരണത്തിലെഴുതിച്ചേര്‍ത്ത ഒരു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
1 comment:
ലിംഗാസമത്വം ഭരണപരമായ പരിഷ്കാരങ്ങളിലൂടെ മാത്രം പരിഹരിക്കപ്പെടുന്ന പ്രശ്‌നമല്ല. എന്നാല്‍ സ്‌ത്രീ വിമോചനത്തിലേക്കും ലിംഗ തുല്യതയിലേക്കുമുള്ള പ്രക്രിയയെ ത്വരിതപ്പെടുത്തുന്നതില്‍ സ്‌ത്രീ സമൂഹത്തിന് ഊര്‍ജ്ജം പകരുന്നതിനും പൊതു സമൂഹത്തെ സജ്ജമാക്കുന്നതിനും പര്യാപ്തമായ സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷം ഒരുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് ജനാധിപത്യ ഭരണകൂടത്തിന് നിര്‍വഹിക്കാനാകും. ലിംഗതുല്യത ഒരു ജനാധിപത്യ അവകാശംകൂടിയാണ്. കേരള സമൂഹത്തിലെ ജനാധിപത്യ പ്രക്രിയയെ സാര്‍ഥകമായി മുന്നോട്ടു നയിക്കുന്നതില്‍ ചരിത്രപരമായ പങ്കുവഹിച്ചിട്ടുള്ള ഇടതുപക്ഷത്തിന്റെ ലിംഗതുല്യതയ്ക്കായുള്ള രാഷ്ട്രീയ പ്രതിബദ്ധതയുടെ പ്രഖ്യാപനമായിരുന്നു അഞ്ചുവര്‍ഷത്തെ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണം.
Post a Comment