
പ്രതിവര്‍ഷം ഇരുനൂറുദിവസവും ആയിരം മണിക്കൂറും പഠനം ഉറപ്പു വരുത്തി. ക്ളസ്‌റ്റര്‍ പരിശീലനവും മധ്യവേനലവധിക്കാലത്തെ പ്രത്യേക പരിശീലനവും വഴി അധ്യാപകരെ പുതിയ പഠനരീതിക്കനുസരിച്ച് സജ്ജരാക്കി. എസ്എസ്എല്‍സി പരീക്ഷാഫലത്തില്‍ പിന്നോക്കമായ 107 സ്‌കൂളുകള്‍ക്കായി കര്‍മപദ്ധതി തയ്യാറാക്കിയതും 75 ശതമാനത്തില്‍ കുറവ് വിജയശതമാനമുള്ള സ്‌കൂളുകള്‍ക്ക് പ്രത്യേക അക്കാദമിക് സഹായം നല്‍കിയതും ഫലം കണ്ടു. ടേം പരീക്ഷകളുടെ എണ്ണം രണ്ടാക്കി മാസംതോറും കുട്ടികളുടെ നിലവാരം വിലയിരുത്തുന്ന പുതിയ രീതി ആവിഷ്‌ക്കരിച്ചതിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് ഏകജാലക സംവിധാനം, ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ അനുഭവപ്പെടുന്നവര്‍ക്ക് പ്ളസ് വണ്‍ പ്രവേശനം ഉറപ്പാക്കല്‍, സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ വ്യാപനം, ഉച്ചഭക്ഷണപരിപാടി പോഷക സമൃദ്ധമാക്കല്‍, തുടര്‍ വിദ്യാഭ്യാസത്തിനുള്ള ലീപ് കേരള മിഷന്‍, വകുപ്പിന് കീഴിലെ എല്ലാ സ്ഥാപനങ്ങളിലുള്ള 'പൌരാവകാശരേഖ'കള്‍ തുടങ്ങിയവ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഏറ്റെടുത്ത് ദൂരവ്യാപകമായ അനുരണനങ്ങള്‍ ഉണ്ടാക്കിയ അന്യമായ പ്രവര്‍ത്തനങ്ങളാണ്. കുട്ടികളില്‍ പരിസ്ഥിതി അവബോധം വളര്‍ത്താനുതകുന്ന 'എന്റെ മരം' പദ്ധതി ഏറെ പ്രശംസിക്കപ്പെട്ടു. സ്‌കൂള്‍ യൂണിഫോം കഴിയുന്നത്ര ഖാദി, കൈത്തറി ആക്കാനുള്ള നിര്‍ദേശം പരമ്പരാഗത വ്യവസായത്തിനുള്ള കൈത്താങ്ങ് മാത്രമായിരുന്നില്ല, കുട്ടികളില്‍ സാമൂഹ്യബോധം വളര്‍ത്താനുള്ള ശ്രമംകൂടിയായിരുന്നു.
സാമൂഹ്യനീതിയുടെ ഏകജാലകം
ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് ഏകജാലക സമ്പ്രദായം ഏര്‍പ്പെടുത്തിയപ്പോള്‍ പ്രതിപക്ഷം ഉയര്‍ത്തിയ വിമര്‍ശത്തിന് കൈയും കണക്കുമില്ല. മാനേജ്‌മെന്റുകളുടെ അധികാരത്തില്‍ സര്‍ക്കാര്‍ കൈകടത്തുകയാണെന്നു കാണിച്ച് ഏകജാലകത്തിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വിദ്യാഭ്യാസത്തിന്റെ സാമൂഹ്യനീതിയും പ്രവേശനത്തിന്റെ സുതാര്യതയും ഉയര്‍ത്തിപ്പിടിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ ഹൈക്കോടതി പ്രശംസിച്ചു.

ഏകജാലകസംവിധാനത്തെ കേന്ദ്രസര്‍ക്കാരും അംഗീകരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ വിവരസാങ്കേതിക വകുപ്പും ഭരണനവീകരണ വകുപ്പും ചേര്‍ന്ന് ഇ ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ ഏകജാലകത്തെ തേടിയെത്തി, ഒന്നല്ല, രണ്ടുതവണ. രാജ്യത്തെ ഐടി പ്രൊഫഷണലുകളുടെ സംഘടനയായ കംപ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യ (സിഎസ്ഐ)യും പുണെ ആസ്ഥാനമായ കണ്‍സള്‍ട്ടിങ് കമ്പനി നിഹിലന്റും ഏര്‍പ്പെടുത്തിയ ഇ ഗവേണന്‍സ് അവാര്‍ഡിനും ഏകജാലകം അര്‍ഹമായി.
വിജയരഥമേറി രാജാസ്
പത്തുവര്‍ഷംമുമ്പ് ഇവിടെ പഠിച്ചവരില്‍ വിജയസ്‌മിതത്തോടെ പടിയിറങ്ങിയത് 28 ശതമാനം. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കഥ മാറി. ഇപ്പോള്‍ 96 ശതമാനത്തിന്റെ അവിശ്വസനീയമായ കുതിപ്പിലാണ് കോട്ടയ്‌ക്കല്‍ ഗവ. രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. സേ പരീക്ഷയുടെ ഫലംകൂടി ചേര്‍ത്താല്‍ നൂറുമേനിയുടെ തിളക്കം. കൂട്ടായ്‌മയിലൂടെ വളരുന്ന പൊതുവിദ്യാഭ്യാസത്തിന്റെ കുതിപ്പിന്റെ സാക്ഷ്യപത്രമാണിത്. വിജയപാതയില്‍ഇവര്‍ക്ക് കൂട്ടായത് ചിട്ടയായ ആസൂത്രണവും സര്‍ക്കാരിന്റെ ഇടപെടലുമാണ്.

പാഠ്യേതരപ്രവര്‍ത്തനങ്ങളിലും സ്‌കൂള്‍ സജീവമായി. സര്‍ക്കാര്‍ അനുവദിച്ച മുപ്പതോളം കംപ്യൂട്ടര്‍, പത്ത് ലാപ്‌ടോപ്, ഏഴ് നോട്ട്ബുക്ക് ലാപ്‌ടോപ്, വിദ്യാര്‍ഥികള്‍തന്നെ അധ്യാപകരാകുന്ന പിയര്‍ ടീച്ചിങ്, ഏഴുമണിവരെ ലഭ്യമാകുന്ന അധ്യാപക സഹായം, പഠനയാത്രകള്‍, മത്സരങ്ങള്‍, ക്ളബ് പ്രവര്‍ത്തനങ്ങള്‍, പ്രദര്‍ശനങ്ങള്‍. പട്ടിക തീരുന്നില്ല. മൂവായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ അടിയന്തരസഹായത്തിന് സ്ഥിരം നേഴ്‌സും കൌണ്‍സലറുമുണ്ട്.
കുട്ടികള്‍ പൊതുസമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുകയും സമൂഹം വിദ്യാര്‍ഥികള്‍ക്കായി മതില്‍ക്കെട്ട് കടന്നുവരികയും ചെയ്യുന്നു. കൃഷി, മത്സ്യക്കൃഷി, നീന്തല്‍പരിശീലനം, കുളംനിര്‍മാണം തുടങ്ങി നിരവധി പരിപാടി ഇങ്ങനെയൊരു പാരസ്‌പര്യത്തില്‍ കോട്ടയ്‌ക്കലില്‍ നടന്നു. കുട്ടികള്‍ ഗ്രാമങ്ങളിലെത്തി അന്ധവിശ്വാസങ്ങള്‍ക്കെതിരെ ക്ളാസ് നല്‍കി. സ്വന്തമായി ലൈബ്രറി കെട്ടിടമുള്ള സ്‌കൂള്‍ വായനയുടെ ലോകം രക്ഷിതാക്കള്‍ക്കുകൂടി തുറന്നിട്ടു, 'അമ്മ ലൈബ്രറി'കള്‍വഴി.
ഒ വി വിജയനെയും പി കെ വാര്യരെയും യു എ ബീരാനെയും വളര്‍ത്തിയ സ്‌കൂള്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തെ പാഠ്യ-പാഠ്യേതര നിലവാരം കണക്കിലെടുത്തപ്പോള്‍ ഹരിതവിദ്യാലയം റിയാലിറ്റി ഷോയില്‍ രണ്ടാംസ്ഥാനത്തിന് അര്‍ഹത നേടി.
(ഡെസ്‌നി സുല്‍ഹ്)
മലയാളം മരിക്കാതിരിക്കാന്‍
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം മലയാളഭാഷ സംരക്ഷിക്കാനും വ്യാപിപ്പിക്കാനും ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളുണ്ടായി. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കേരളത്തിലെ സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കാനുള്ള തീരുമാനം. മാതൃഭാഷ പഠിക്കാതെതന്നെ പത്താംക്ളാസ് പാസാകാമെന്ന നിലയായിരുന്നു.'മലയാളമറിയാത്ത മലയാളികളാ'യി ഒരു ജനത മാറുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍ വി ജി കമീഷന്‍ ശുപാര്‍ശ സ്വീകരിച്ച് മാതൃഭാഷാ പഠനം നിര്‍ബന്ധമാക്കിയത്.
ഹയര്‍സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ മലയാളം പഠിക്കാനുള്ള അവസരമുണ്ടാക്കുകയും ചെയ്യും. മലയാളഭാഷയുടെ ഭാവിയെക്കുറിച്ച് ഉല്‍ക്കണ്ഠയുള്ളവര്‍ക്ക് തീര്‍ച്ചയായും ആശ്വാസകരമാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ ഈ തീരുമാനം. മലയാളത്തിന് ക്ളാസിക് ഭാഷാപദവി കിട്ടാനുള്ള ശ്രമം തുടരുകയാണ്.
സാങ്കേതികത്തികവിന് ഐടി@സ്‌കൂള്‍
ആധുനിക സാങ്കേതികവിദ്യ വിദ്യാഭ്യാസരംഗത്ത് ഫലപ്രദമായി ഉപയോഗപ്പെടുത്താനും ഗ്രാമീണ വിദ്യാലയങ്ങളിലടക്കം ഇതിന്റെ ഗുണഫലം എത്തിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ വരും തലമുറയുടെ വിദ്യാഭ്യാസ വളര്‍ച്ചയ്‌ക്ക് കുതിപ്പ് പകരുന്ന നടപടിയാണ്.

സമ്പൂര്‍ണ വിദ്യാഭ്യാസചാനലായ വിക്‌ടേഴ്‌സിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി. പാഠ്യവിഷയങ്ങള്‍ക്കൊപ്പം വിജ്ഞാനപ്രദമായ നിരവധി പരിപാടികളും വിക്‌ടേഴ്‌സ് സംപ്രേഷണം ചെയ്യുന്നു. വ്യവസായ സ്ഥാപനങ്ങളെയും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബന്ധിപ്പിച്ച് ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജ് ക്യാമ്പസില്‍ റിസര്‍ച്ച് പാര്‍ക്ക് തുടങ്ങാന്‍ നടപടിയായി.

പിന്നോക്കപ്രദേശങ്ങളിലെ പഠന സൌകര്യം മെച്ചപ്പെടുത്തുന്നതിനായി പത്തോളം അപ്ളൈഡ് സയന്‍സ് കോളേജുകള്‍ അനുവദിച്ചു. ഇന്‍ഫോസിസിന്റെ സഹകരണത്തോടെ ശാസ്‌ത്ര സാങ്കേതിക മ്യൂസിയത്തില്‍ ഫിനിഷിങ് സ്‌കൂള്‍ തുടങ്ങി. രണ്ടാമത്തെ കേന്ദ്രം എറണാകുളത്ത് സ്ഥാപിക്കാനുള്ള നടപടികളും പൂര്‍ത്തിയായി. എന്‍ജിനിയറിങ് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയുംസഹകരണത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനായി തിരുവനന്തപുരം എല്‍ബിഎസില്‍ കണ്‍സ്‌ട്രക്ഷന്‍ വിഭാഗം തുടങ്ങാനും ധാരണയായി. സംസ്ഥാന തുടര്‍ വിദ്യാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പൊന്നാനിയില്‍ കരിയര്‍ സ്‌റ്റഡീസ് ആന്‍ഡ് ഇന്‍സ്‌റ്റിറ്റ്യൂട്ട് ആരംഭിക്കാനും നടപടി സ്വീകരിച്ചു. കുണ്ടറയില്‍ ഫാഷന്‍ ടെക്‌നോളജി ഇന്‍സ്‌റ്റിറ്റ്യൂട്ട് തുടങ്ങാന്‍ ദേശീയ ഫാഷന്‍ ടെക്‌നോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടുമായി ധാരണാപത്രം ഒപ്പുവച്ചു.
വളര്‍ച്ചയുടെ പുതുനാമ്പുകള്‍
ചുറ്റമ്പലത്തിലെ വേണ്ടാത്ത തിക്കും തിരക്കും കാരണം ശ്രീകോവിലിലെ ദേവബിംബം കാണാതെ പോകുന്നതുപോലെയാണ് ഇന്ന് വിദ്യാഭ്യാസരംഗത്തെ നേട്ടങ്ങള്‍ പലതും ശ്രദ്ധിക്കപ്പെടാതെ പോകുന്നത്. വിദ്യാഭ്യാസത്തില്‍ വരേണ്ട മാറ്റം എന്നത് മാനേജ്‌മെന്റിന്റെ പ്രവര്‍ത്തനരീതി മാറ്റാനുള്ള ശ്രമങ്ങള്‍ മാത്രമല്ല.

സാഹിത്യ അക്കാദമി തുടങ്ങിയ എല്ലാ സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കും ഇനി ഒരിക്കലും ഫണ്ട് പോരെന്നു പറഞ്ഞ് പ്രവര്‍ത്തനം കുറയുന്നതിനുള്ള സാഹചര്യവും ഉണ്ടാകില്ല. ഒറ്റയുദാഹരണം സാഹിത്യ അക്കാദമിതന്നെ. വാര്‍ഷിക സഹായധനം ഒന്നരക്കോടി രൂപയാണ്. ഭാവനയും പ്രായോഗികമായ ശേഷിയും ഉള്ള ഒരു പ്രവര്‍ത്തകസമിതിക്ക് പുതിയൊരു പൂക്കാലം സൃഷ്ടിക്കാന്‍ ഇതുമതി. മറ്റ് അക്കാദമികളും കലാമണ്ഡലം മുതലായ വിദ്യാകേന്ദ്രങ്ങളും സാഹിത്യകാരന്മാരുടെ സ്‌മാരകങ്ങളും ഈ പുതിയ സുലഭതയുടെ മേന്മ പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിപ്പിക്കുമ്പോള്‍ വലിയൊരു സാംസ്‌കാരികമുന്നേറ്റം അനുഭവപ്പെടാതിരിക്കില്ല എന്ന് ഞാന്‍ കരുതുന്നു.
(സുകുമാര്‍ അഴീക്കോട്)
ഇത് കലാകാരന്മാരെ പട്ടിണിക്കിടാത്ത സര്‍ക്കാര്‍
'കലാകാരന്മാരെ പട്ടിണിക്കിടാത്ത സര്‍ക്കാരാണ് എല്‍ഡിഎഫിന്റേത്. അര്‍പ്പണബോധത്തോടെ അരങ്ങിലും അണിയറയിലുമായി ജീവിതം സമര്‍പ്പിച്ചവര്‍ക്ക് പെന്‍ഷനും ക്ഷേമനിധിയും ഏര്‍പ്പെടുത്തിയത് ഏറെ ആശ്വാസമാണ്'. 37 വര്‍ഷമായി നാടകരംഗത്ത് സജീവമായ തിരൂര്‍ ജേക്കബ്ബിന്റെ വാക്കുകള്‍. 'കഴിഞ്ഞ രണ്ടുവര്‍ഷമായി 550 രൂപ പെന്‍ഷന്‍ ലഭിക്കുന്നു. പാരമ്പര്യമായി കലാരംഗത്ത് എത്തിയ നിരവധിപേര്‍ നമ്മുടെ സമൂഹത്തിലുണ്ട്, അവര്‍ക്ക് ഇതല്ലാതെ മറ്റൊന്നുമില്ല സഹായം' -അദ്ദേഹം പറഞ്ഞു. കൊച്ചിന്‍ കലാനിലയത്തിലും നാടകവേദിയിലും പ്രവര്‍ത്തിച്ച ജേക്കബ് നാടകാഭിനയം, രചന, സംവിധാനം എന്നിങ്ങനെ എല്ലാ മേഖലയിലും തിളങ്ങി. തൃശൂര്‍ തിരൂര്‍ മുരിങ്ങത്തേരി വീട്ടില്‍ ഭാര്യ എല്‍സിക്കും ഇളയകുട്ടിക്കുമൊപ്പമാണ് താമസം.
"1992 മുതല്‍ അപേക്ഷ എഴുതാന്‍ തുടങ്ങി. ഫലമുണ്ടായില്ല. ഒടുവില്‍ ഈ സര്‍ക്കാര്‍ വന്നശേഷമാണ് പെന്‍ഷന്‍ കിടിയത്. മൂന്നുവര്‍ഷമായി പെന്‍ഷന്‍ മുടങ്ങാതെ ലഭിക്കുന്നു. ഒരുവര്‍ഷം മുമ്പ് ചികിത്സാ സഹായമായി 10,000 രൂപ കിട്ടി'- അയ്യപ്പന്‍പാട്ട് കലാകാരന്‍ ആതങ്കാവില്‍ പി നാരായണന്‍നായര്‍ പറഞ്ഞു. 79 വയസ്സുകാരനായ ഇദ്ദേഹം അറുപതുവര്‍ഷത്തോളമായി കലാരംഗത്തുണ്ട്. ഇവരെപ്പോലെ അഞ്ഞൂറിലധികം പേര്‍ക്കാണ് സംസ്ഥാനത്ത് കലാകാര പെന്‍ഷന്‍ ലഭിക്കുന്നത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ സാംസ്‌കാരികമേഖലയില്‍ വന്‍ പുരോഗതിയാണുണ്ടാക്കിയതെന്ന് കലാകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. രാജ്യത്ത് ആദ്യമായി ഏര്‍പ്പെടുത്തിയ സാംസ്‌കാരിക ക്ഷേമനിധിയാണ് ഇതില്‍ പ്രധാനം.
സംഗീതനാടക അക്കാദമി, സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, ഫോൿലോര്‍ അക്കാദമി തുടങ്ങി എല്ലാ സാംസ്‌കാരിക സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ക്കും വിപുലീകരണത്തിനും വന്‍തോതില്‍ തുകയും ഈ സര്‍ക്കാര്‍ അനുവദിച്ചു.
പുത്തനുണര്‍വുമായി കലയും സംസ്‌കാരവും
ആഗോളവല്‍ക്കരണത്തിന്റെ കടന്നാക്രമണങ്ങളില്‍നിന്ന് കേരളത്തിന്റെ തനതു സംസ്‌കാരവും പൈതൃകവും സംരക്ഷിച്ചു നിര്‍ത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്തം ഫലപ്രദമായി നിര്‍വഹിക്കാന്‍ കഴിഞ്ഞുവെന്നത് സാംസ്‌കാരികവകുപ്പിന്റെ അഭിമാനാര്‍ഹമായ നേട്ടമാണ്. കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനും സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ബദ്ധശ്രദ്ധതന്നെ നല്‍കി. മലയാള ഭാഷയെയും സംസ്‌കാരത്തെയും കലയെയും ഔന്നത്യത്തിലേക്ക് ഉയര്‍ത്താന്‍ എം എ ബേബിയുടെ നേതൃത്വത്തില്‍ സാംസ്‌കാരികവകുപ്പ് നടത്തിയ പ്രവര്‍ത്തനം എണ്ണമറ്റതാണ്.
കലാസംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി തുടങ്ങാന്‍ തീരുമാനിച്ചതും പെന്‍ഷന്‍ വര്‍ധിപ്പിച്ചതും ഇടതുപക്ഷ സര്‍ക്കാരിന്റെ കലാകാരന്മാരോടുള്ള പ്രതിബദ്ധതയ്‌ക്ക് തെളിവാകുന്നു. സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതിവിഹിതം നാലിരട്ടിയായാണ് വര്‍ധിപ്പിച്ചത്.
സ്‌ത്രീകള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കി സാംസ്‌കാരിക സ്ഥാപനങ്ങളെല്ലാം പുനഃസംഘടിപ്പിച്ചു. കേരള കലാമണ്ഡലത്തെ കല്‍പ്പിത സര്‍വകലാശാലയായി ഉയര്‍ത്തി. സാഹിത്യ അക്കാദമിക്കായി സുവര്‍ണജൂബിലി സ്‌മാരക കെട്ടിടം സ്ഥാപിച്ചു.
സംഗീത നാടക അക്കാദമിയിലും വിപുലമായ വികസന, നവീകരണ പ്രവര്‍ത്തമാണ് നടന്നത്. കെ ടി മുഹമ്മദ് തിയറ്റര്‍ നവീകരിച്ചു. ദേശാന്തരതലത്തില്‍ നാടകോത്സവം നടത്തി. അന്തരിച്ച പ്രമുഖ അഭിനേതാവും അക്കാദമിയുടെ മുന്‍ ചെയര്‍മാനുമായിരുന്ന മുരളിയുടെ അക്ഷീണ പ്രയത്നമാണ് അന്തര്‍ദേശീയ നാടകോത്സവം വര്‍ഷംതോറും വിജയകരമായി നടത്താന്‍ അക്കാദമിയെ പ്രാപ്‌തമാക്കിയത്. ലളിതകലാ അക്കാദമി എറണാകുളത്ത് ആധുനിക ലൈബ്രറിയും ഗവേഷണകേന്ദ്രവും തുടങ്ങി. ഫോക് ലോര്‍ അക്കാദമി ഓഫീസിന്റെ കെട്ടിടനിര്‍മാണം പുരോഗമിക്കുകയാണ്.
ഫോക് ലോര്‍ അക്കാദമിയുടെ മുന്‍ ചെയര്‍മാനായിരുന്ന പി കെ കാളന്റെ പേരില്‍ സമഗ്രസംഭാവനയ്‌ക്ക് 50,000 രൂപയുടെ പുരസ്‌കാരം ഏര്‍പ്പെടുത്തി. ഫോക് ലോര്‍ കലാഗ്രാമം, തുളു അക്കാദമി തുടങ്ങിയവയും ഈ സര്‍ക്കാരിന്റെ നിസ്‌തുല നേട്ടങ്ങളില്‍പ്പെടുന്നു.
യുഡിഎഫ് ഭരണകാലത്ത് കേരള ഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ട് നോക്കുകുത്തിയായിരുന്നു. ഇടതുപക്ഷം അധികാരത്തില്‍ വന്നതോടെ ഇന്‍സ്‌റ്റിറ്റ്യൂട്ടിനെ പുനരുദ്ധരിക്കാനുള്ള പദ്ധതി തുടങ്ങി. ചരിത്രത്തില്‍ ഏറ്റവുമധികം പുസ്‌തകങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെയാണ് ഇന്‍സ്‌റ്റിറ്റ്യൂട്ട് പുറത്തിറക്കിയത്. മലയാള ഭാഷാ ചരിത്ര നിഘണ്ടു, ജ്യോതിശാസ്‌ത്ര നിഘണ്ടു എന്നിവ വിദ്യാര്‍ഥികള്‍ക്കും ഗവേഷണകുതുകികള്‍ക്കും ഏറെ പ്രയോജനപ്പെടുന്നതാണ്. ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ സാംസ്‌കാരിക സമുച്ചയത്തിന്റെ പണി ആരംഭിച്ചു. തോന്നയ്‌ക്കല്‍ കുമാരനാശാന്‍ സ്‌മാരകം, തകഴി സ്‌മാരകം, ഗുരു ഗോപിനാഥ നൃത്ത മ്യൂസിയം തുടങ്ങിയവ ആരംഭിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു.
സാംസ്‌കാരിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനായി ഭാവനാപൂര്‍ണമായ പദ്ധതികളാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. ചലച്ചിത്രനഗരി, ശാസ്‌ത്രനഗരി എന്നിവ സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഓരോ വര്‍ഷവും മികവും പങ്കാളിത്തവുംകൊണ്ട് ശ്രദ്ധേയമാകുന്ന കേരള അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക് സ്ഥിരംവേദി നിര്‍മിക്കാന്‍ തീരുമാനിച്ചു. ആധുനിക സംവിധാനങ്ങളോടെയുള്ള തിയറ്റുകളാണ് സ്ഥാപിക്കുക.
*****
കടപ്പാട്: ദേശാഭിമാനി ദിനപത്രം 15 മാര്‍ച്ച് 2011
1 comment:
അഴിമതിയുടെയും പിടിപ്പുകേടിന്റെയും കൂത്തരങ്ങായിരുന്നു യുഡിഎഫ് ഭരണകാലത്ത് വിദ്യാഭ്യാസവകുപ്പ്. സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് അമിത ഫീസിന് ഒത്താശ, ബി എഡ് കേളേജുകള്‍ അനുവദിച്ചതില്‍ കോടികളുടെ അഴിമതി, എന്‍ട്രന്‍സ് പരീക്ഷയില്‍ തിരിമറി, ഒരു തത്വദീക്ഷയുമില്ലാതെ 114 സ്‌കൂളുകള്‍ക്കും 165 ടീച്ചേഴ്‌സ് ട്രെയിനിങ് കോളേജുകള്‍ക്ക് അംഗീകാരം നല്‍കിയത്, എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചേര്‍ച്ച ഇങ്ങനെ വിവാദങ്ങളും അഴിമതിയും നിറഞ്ഞ കാലം. വകുപ്പ് അഴിമതിയുടെ കൂത്തരങ്ങാക്കിയപ്പോള്‍ നാലകത്തു സൂപ്പിയെ മാറ്റി ഇ ടി മുഹമ്മദ് ബഷീര്‍ വന്നു. എന്നിട്ടും കാര്യങ്ങള്‍ പഴേപടി തുടര്‍ന്നു. കേരളത്തിന്റെ അഭിമാനമായിരുന്ന പൊതുവിദ്യാലയങ്ങളും വിദ്യാഭ്യാസനിലവാരവും തകര്‍ന്നു. പൊതുവിദ്യാലയങ്ങളെ, പ്രത്യേകിച്ച് സര്‍ക്കാര്‍ വിദ്യാലയങ്ങളെ രക്ഷിതാക്കളും വിദ്യാര്‍ഥികളും കൈയൊഴിഞ്ഞു. ഈ പരിതാപകരമായ അവസ്ഥയില്‍നിന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയെ കരകയറ്റിയത്. അടിസ്ഥാന സൌകര്യങ്ങളുടെയും വിദ്യാഭ്യാസനിലവാരത്തിന്റെയും കാര്യത്തില്‍ കേരളത്തിലെ സര്‍ക്കാര്‍, എയ്‌ഡഡ് വിദ്യാലയങ്ങള്‍ ഇന്ന് രാജ്യത്തിനു മാതൃകയാണ്.
Post a Comment