കേരളത്തിന്റെ നെല്ലറയായ കുട്ടനാട്. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പുഞ്ചപ്പാടം. വയലേലകളുടെ ഒത്ത നടുക്കായി പുതുതായി ടാര്‍ചെയ്ത വഴിയിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വികസന മുന്നേറ്റ ജാഥ കടന്നുവരികയാണ്. മങ്കൊമ്പില്‍നിന്ന് ഹരിപ്പാട്ടേക്ക്. ഓരോ സ്വീകരണകേന്ദ്രത്തിനും കിലോമീറ്ററുകള്‍ അകലെ വച്ചുതന്നെന്ന വലിയ ജനക്കൂട്ടം സ്വീകരിക്കാന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ജാഥാ വാഹനത്തിന്റെ ജനാലയിലൂടെ വഴിയോരങ്ങളിൽ കാത്തുനില്‍ക്കുന്നവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് നീങ്ങുമ്പോഴാണ് ഞാന്‍ അതു ശ്രദ്ധിച്ചത്. ജാഥയുടെ അനൌൺസ്‌മെന്റ് കേട്ട് പാടത്ത് പണിചെയ്തുകൊണ്ടുനിന്ന ഒരുകൂട്ടം തൊഴിലാളിസ്‌ത്രീകള്‍ വരമ്പത്തുകൂടി ഓടി വരുന്നു. ചെങ്കൊടി പുതച്ച വാഹനങ്ങള്‍ കണ്ട് ആവേശത്തോടെ വരികയാണവര്‍. അവര്‍ക്കായി വാഹനം നിര്‍ത്തി. വളരെ പ്രായംചെന്ന ഒരു കര്‍ഷകത്തൊഴിലാളി മാതാവും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ആള്‍ക്കൂട്ടത്തിനിടയിലൂടെ അടുത്തെത്തി അവര്‍ തന്റെ മെല്ലിച്ച കൈവിരലുകള്‍ എന്റെ കൈയോടു ചേര്‍ത്തുപിടിച്ചു. പണിസ്ഥലത്തുനിന്ന് വന്നതിനാല്‍ ചെങ്കൊടി എടുക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ എന്നോടു പറഞ്ഞു. പക്ഷേ, ആ വൃദ്ധമാതാവിന്റെ മനസ്സില്‍ ചെങ്കൊടി പാറുന്നത് എനിക്ക് കാണാമായിരുന്നു.
വികസന മുന്നേറ്റ ജാഥ കടന്നുവന്നന്നവഴികളിലെല്ലാം ഹൃദയ സ്‌പൃക്കായ ഇത്തരം അനുഭവങ്ങളാണ് ഞങ്ങളെ കാത്തിരുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അഭയവും ആവേശവുമായി കേരള ജനത ഒറ്റക്കെട്ടായി നെഞ്ചേറ്റിയിരിക്കുന്നു എന്ന സത്യം വിളിച്ചോതുന്നതായിരുന്നു ഓരോ സ്വീകരണവും. എറണാകുളത്ത് ആരംഭിച്ച് തിരുവനന്തപുരത്ത് സമാപിച്ച തെക്കന്‍ മേഖലാ ജാഥ 67 നിയോജക മണ്ഡലത്തിലാണ് പര്യടനം നടത്തിയത്. മന്ത്രിമാരായ മുല്ലക്കര രത്നാകരന്‍, എന്‍ കെ പ്രേമചന്ദ്രന്‍, ജോസ് തെറ്റയില്‍, സുരേന്ദ്രന്‍പിള്ള എന്നിവര്‍ക്കൊപ്പം എന്‍സിപിയുടെ പ്രതിനിധിയായ മാമ്മന്‍ ഐപ്പും കോൺഗ്രസ് (എസ്) പ്രതിനിധിയായ പി എം ജോയിയും ജാഥാംഗങ്ങളായിരുന്നു.
കേരളം നിരവധി ജാഥകള്‍ക്കും മാര്‍ച്ചുകള്‍ക്കുമെല്ലാം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇതില്‍നിന്നെല്ലാം വ്യത്യസ്തമായ അനുഭവമാണ് വികസന മുന്നേറ്റ ജാഥ സമ്മാനിച്ചത്. ജനങ്ങള്‍ സ്വമേധയാ ഏറ്റെടുത്തുകൊണ്ട് മുന്നോട്ടുനയിച്ച ജാഥ ഒരു പ്രചാരണ പരിപാടി എന്നതിനപ്പുറം ജനമുന്നേറ്റമായി മാറുകയായിരുന്നു. യോഗങ്ങളും ഹാരാര്‍പ്പണവും പ്രസംഗവും മാത്രമായിരുന്നില്ല അത്. ഇടതുമുന്നണിയുടെ ഭരണനേട്ടങ്ങളുടെ സ്പര്‍ശമറിഞ്ഞ ജനപഥങ്ങളില്‍ അതിന്റെ കൃതജ്ഞത അറിയിക്കാനും ഭരണതുടര്‍ച്ചയ്ക്കുള്ള പിന്തുണ അറിയിക്കാനുമാണ് സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ കാത്തുനിന്നത്.
ജാഥയുടെ ഭാഗമായി വിവിധ വിഭാഗം ജനങ്ങളുമായും പൌര പ്രമുഖരുമായും ആശയവിനിമയം നടത്തുന്ന സ്നേഹസംവാദ സദസ്സുകള്‍ പല സ്ഥലത്തും സംഘടിപ്പിച്ചിരുന്നു. കളമശേരിയിലെ കൊച്ചിന്‍ സര്‍വകലാശാലാ ക്യാമ്പസിലെ സദസ്സിൽ പങ്കെടുത്തവരില്‍ അധികവും അക്കാദമിക് മേഖലയില്‍നിന്നുള്ളവരായിരുന്നു. വിദ്യാഭ്യാസരംഗത്ത് സര്‍ക്കാര്‍ വരുത്തിയ പരിഷ്കാരങ്ങളെക്കുറിച്ചായിരുന്നു അവരില്‍ പലര്‍ക്കും പറയാനുണ്ടായിരുന്നത്. വര്‍ഷങ്ങളായി ഒഴിഞ്ഞുകിടന്നിരുന്ന അധ്യാപക തസ്തികകളില്‍ നിയമനം നടത്തിയതും ക്രെഡിറ്റ് ആന്‍ഡ് സെമസ്‌റ്റര്‍ സംവിധാനവും പുതിയ കോഴ്സുകളും ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്‌സ് സയന്‍സ് ആന്‍ഡ് ടെക്നോളജിപോലുള്ള വന്‍ സ്ഥാപനങ്ങളും ആരംഭിച്ചതുമടക്കമുള്ള നടപടികളെ അവര്‍ അകമഴിഞ്ഞു പുകഴ്ത്തി. ഇന്‍സ്‌റ്റിറ്റ്യൂട്ട് ഫോര്‍ പോളിസി റിസര്‍ച്ചുകൂടി ആരംഭിക്കണമെന്ന് സദസ്യരിലൊരാള്‍ ആവശ്യപ്പെട്ടപ്പോള്‍ അതിന് വീണ്ടും ഇടതുപക്ഷം അധികാരത്തിലെത്തണമെന്ന് ഞാന്‍ ചൂണ്ടിക്കാട്ടി.
പെരുമ്പാവൂരിലെ സൌഹൃദ സദസ്സില്‍ല്‍പങ്കെടുത്തവര്‍ക്കാകട്ടെ ജനമൈത്രി സുരക്ഷാ പദ്ധതിയെപ്പറ്റിയാണ് പറയാനുണ്ടായിരുന്നത്. കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ക്രമസമാധാനനിലയുള്ള സംസ്ഥാനമാക്കി മാറ്റുന്നതിൽ ജനമൈത്രിപദ്ധതിക്ക് വലിയ പങ്കുണ്ടെന്നും അതിനാല്‍ അത് സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കണമെന്നുമായിരുന്നു അവരുടെ അഭിപ്രായം. യുഡിഎഫ് ഭരണകാലത്തെ ക്രമസമാധാന തകര്‍ച്ചയുടെ അനുഭവങ്ങളുള്ള പെരുമ്പാവൂരുകാര്‍ ഇപ്പോള്‍ വന്നിട്ടുള്ള മാറ്റം ആവേശത്തോടെയാണ് പങ്കുവച്ചത്. തോട്ടംതൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടുക്കി ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനസഞ്ചയത്തിനാണ് അടിമാലിയും മുണ്ടക്കയവും വണ്ടിപ്പെരിയാറുമെല്ലാം സാക്ഷ്യംവഹിച്ചത്. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചാണ് കിലോമീറ്ററുകള്‍ നടന്നും വാഹനങ്ങളിലുമായി എത്തി തൊഴിലാളികള്‍ ജാഥയെ വരവേറ്റത്.
ക്ഷേമ പെന്‍ഷനുകള്‍ 100 രൂപയില്‍നിന്ന് 400 രൂപയാക്കി വര്‍ധിപ്പിച്ചതും മിനിമം വേജസ് ആക്ടിന്റെ പരിധിയില്‍ വരുന്നന്ന42 തൊഴില്‍മേഖലയില്‍ കുറഞ്ഞ കൂലി നിശ്ചയിച്ചതും തൊഴിലാളികളിൽ ആത്മവിശ്വാസം വളര്‍ത്തിയിട്ടുണ്ട്. പട്ടികജാതി-പട്ടിക വര്‍ഗ പുനരധിവാസത്തിന് സര്‍ക്കാര്‍ നല്‍കിയ ശ്രദ്ധ അവരില്‍ ചിലര്‍ എടുത്തുപറഞ്ഞു. അമ്പതിനായിരത്തിലേറെ പട്ടികജാതി കുടുംബങ്ങള്‍ക്കും പതിനാറായിരത്തിലേറെ പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്കും ഭവനനിര്‍മാണത്തിന് സഹായം നല്‍കിയതായി ഞാന്‍ അറിയിച്ചു. പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട ചിലര്‍ അവരുടെ കടബാധ്യത എഴുതിത്തള്ളുന്നതിനുള്ള പരാതിയുമായാണ് എത്തിയത്. അവര്‍ക്ക് ആശ്വാസം പകരുന്നതിനുള്ള പദ്ധതി സര്‍ക്കാര്‍ നടപ്പാക്കിക്കഴിഞ്ഞതായും അതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷ നല്‍കിയാല്‍ മതിയെന്നും ഞാന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അവരുടെ മുഖത്ത് പ്രത്യാശ പരന്നു.
കേരള കോൺഗ്രസുകാരും കോൺഗ്രസുകാരും ചേരിതിരിഞ്ഞ് കൂട്ടത്തല്ല് നടത്തിയതിന്റെ പിറ്റേ ദിവസമാണ് ഞങ്ങള്‍ തൊടുപുഴയിലെത്തിയത്. ഇടുക്കി, കോട്ടയം ജില്ലയില്‍ ഈ പ്രശ്നത്തെ തുടര്‍ന്ന് യുഡിഎഫ് നേരിടുന്ന പ്രതിസന്ധിയെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ അവിടെവച്ച് പറയുകയുണ്ടായി. കോട്ടയം നഗരത്തില്‍ നടന്ന സൌഹൃദ സദസ്സ് അവിസ്മരണീയമായിരുന്നു. മത ന്യൂനപക്ഷങ്ങളുടെ പേരില്‍ യുഡിഎഫ് ഒഴുക്കുന്ന മുതലക്കണ്ണീര്‍ വ്യര്‍ഥമാണെന്ന് വെളിപ്പെടുത്തുംവിധം വൈദികരും മുസ്ളിം മതപണ്ഡിതരും അവിടെ എത്തിച്ചേര്‍ന്നു. ഇടതു മുന്നണി സര്‍ക്കാരിന്റെ നടപടികളെ ശ്ളാഘിച്ചുകൊണ്ടാണ് വൈദികര്‍ സംസാരിച്ചത്. മതന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തും അവകാശങ്ങളും സംരക്ഷിക്കുന്നതിൽ ഇടതുപക്ഷം മാത്രമാണ് ശ്രദ്ധ പുലര്‍ത്തുന്നത് എന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തു.
കായംകുളത്ത് എത്തുമ്പോഴേക്കും വികസന മുന്നേറ്റ ജാഥ ചരിത്രമായി മാറിക്കൊണ്ടിരിക്കുകയാണ് എന്ന യാഥാര്‍ഥ്യത്തിന് അടിവരയിടുംവിധം സ്വീകരണ സമ്മേളനങ്ങള്‍ ജനസാഗരങ്ങളായി മാറിയിരുന്നു. പുന്നപ്ര വയലാറിന്റെ സമരഭൂവിലൂടെ പതിനായിരങ്ങള്‍ പകര്‍ന്നുതന്ന ആവേശമേറ്റുവാങ്ങിയാണ് ഞങ്ങള്‍ കായംകുളത്തെത്തിയത്. അവിടെ സൌഹൃദസദസ്സില്‍ പങ്കെടുത്തവരില്‍പലരും പശ്ചാത്തല സൌകര്യവികസനത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളെയാണ് പരാമര്‍ശിച്ചത്. ചില പരാതികളും പരിഹാര നിര്‍ദേശങ്ങളും അവിടെ ഉയരുകയുണ്ടായി. ഗതാഗതക്കുരുക്കായിരുന്നു പലരും ചൂണ്ടിക്കാണിച്ച ഒരുപ്രശ്നം. വര്‍ധിച്ചു വരുന്ന വാഹനപ്പെരുപ്പവും റോഡുകളുടെ കുറവും ഒക്കെ ചര്‍ച്ചാവിഷയമായി. 40,000 കോടിയുടെ റോഡ് വികസനം ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതില്‍ 1000 കോടിരൂപ ഈ വര്‍ഷം നീക്കിവച്ചിട്ടുണ്ടെന്നും ഞാന്‍ മറുപടി പറഞ്ഞു.
കൊല്ലത്തെ കശുവണ്ടി- കയര്‍ മേഖലകള്‍ പുനരുജ്ജീവനത്തിന്റെ ഉന്മേഷത്തിലായിരുന്നു. യുഡിഎഫിന്റെ കാലത്ത് 32 മാസത്തെ പെന്‍ഷന്‍ തുക കുടിശ്ശികയായിരുന്നു. കാഷ്യു കോര്‍പറേഷന്റെ ഫാക്ടറികള്‍ അടഞ്ഞുകിടന്നു. ഓണക്കാലത്തു പോലും തൊഴിലാളികള്‍ക്ക് പട്ടിണി കിടക്കേണ്ടി വന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ പെന്‍ഷന്‍ മുഴുവനും കൊടുത്തുതീര്‍ത്തു. കൂടുതല്‍ല്‍ തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചു. തകര്‍ച്ചയിലേക്കു പതിക്കുകയായിരുന്ന കയര്‍ മേഖലയെ രക്ഷിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് തിരിച്ചറിഞ്ഞ തൊഴിലാളികള്‍ സ്വീകരണസമ്മേളനത്തിന് ഒഴുകിയെത്തുകയായിരുന്നു.
തലസ്ഥാനജില്ലയില്‍ല്‍ജാഥ സമാപിക്കുമ്പോള്‍ കേരളക്കരയാകെ ഇടതുപക്ഷ ജനാധിപത്യമുന്നണി നവതരംഗമായി മാറിയിരുന്നു. വലതുപക്ഷ മാധ്യമങ്ങള്‍ക്കുപോലും പൂര്‍ണമായും അവഗണിക്കാന്‍ കഴിയാത്തവിധം ജാഥ ജനങ്ങളുടെ ഇടയില്‍ ചര്‍ച്ചയായി. യുഡിഎഫിന്റെ ജീര്‍ണതയില്‍ മനംമടുത്ത ഒട്ടനവധി യുഡിഎഫ് അനുഭാവികളും പ്രവര്‍ത്തകരും വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ എത്തി പിന്തുണ അറിയിച്ചു. വന്‍തോതിലുള്ള സ്‌ത്രീപങ്കാളിത്തമാണ് ജാഥയിലുടനീളമുണ്ടായത്. കുട്ടികളും ആവേശത്തോടെ വന്നെത്തി. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ 50 ശതമാനം ഭരണ പങ്കാളിത്തമടക്കം സ്‌ത്രീശാക്തീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമായാണ് വര്‍ധിച്ച സ്‌ത്രീസാന്നിധ്യത്തെ ജാഥാംഗങ്ങള്‍ വിലയിരുത്തിയത്. പുതിയ തലമുറ ഇടതുപക്ഷത്തെ അംഗീകരിക്കുന്നതിന്റെ പ്രതിഫലനമായിരുന്നു കുട്ടികളുടെയും യുവാക്കളുടെയും സാന്നിധ്യം.
ജാഥ കടന്നുപോകുന്ന വഴികളില്‍ രക്തപതാകയും പുഷ്പഹാരങ്ങളുമായി കാത്തുനിന്നത് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രവര്‍ത്തകര്‍ മാത്രമല്ല, ഈ സര്‍ക്കാരിന്റെ ജനോപകാര നടപടികളുടെ ഗുണഫലം അനുഭവിച്ച രാഷ്ട്രീയബന്ധമില്ലാത്ത സാധാരണക്കാരും ഇടത്തരക്കാരും സര്‍ക്കാര്‍ ജീവനക്കാരും വ്യാപാരി വ്യവസായികളും ഒക്കെ ചേര്‍ന്ന ജനസഞ്ചയമാണ്. കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതും എന്നതിന്റെ വിളംബരമാണ് ഈ ജാഥ. ഓരോ മുന്നണിയെയും മാറിമാറി അധികാരത്തിലേറ്റുന്ന മലയാളിയുടെ വോട്ടിങ് സ്വഭാവം മാറ്റാനുള്ള നിശ്ചയദാര്‍ഢ്യം കേരളജനത കൈവരിച്ചതായി ജാഥയിലൂടെ വ്യക്തമായി. നമ്മുടെ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും വികസനത്തിന്റെ പുതിയ ഗാഥ രചിക്കാനും ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് വീണ്ടും അവസരം നല്‍കുമെന്ന ഉറപ്പാണ് വികസന മുന്നേറ്റ ജാഥ നല്‍കുന്നത്.
*****
കോടിയേരി ബാലകൃഷ്ണന്‍
Saturday, March 5, 2011
ജനഹൃദയങ്ങള്‍ കീഴടക്കിയ പ്രയാണം
Subscribe to:
Post Comments (Atom)
1 comment:
കേരളത്തിന്റെ നെല്ലറയായ കുട്ടനാട്. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പുഞ്ചപ്പാടം. വയലേലകളുടെ ഒത്ത നടുക്കായി പുതുതായി ടാര്‍ചെയ്ത വഴിയിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വികസന മുന്നേറ്റ ജാഥ കടന്നുവരികയാണ്. മങ്കൊമ്പില്‍നിന്ന് ഹരിപ്പാട്ടേക്ക്. ഓരോ സ്വീകരണകേന്ദ്രത്തിനും കിലോമീറ്ററുകള്‍ അകലെ വച്ചുതന്നെന്ന വലിയ ജനക്കൂട്ടം സ്വീകരിക്കാന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ജാഥാ വാഹനത്തിന്റെ ജനാലയിലൂടെ വഴിയോരങ്ങളില്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് നീങ്ങുമ്പോഴാണ് ഞാന്‍ അതു ശ്രദ്ധിച്ചത്. ജാഥയുടെ അനൌണ്‍സ്‌മെന്റ് കേട്ട് പാടത്ത് പണിചെയ്തുകൊണ്ടുനിന്ന ഒരുകൂട്ടം തൊഴിലാളിസ്‌ത്രീകള്‍ വരമ്പത്തുകൂടി ഓടി വരുന്നു. ചെങ്കൊടി പുതച്ച വാഹനങ്ങള്‍ കണ്ട് ആവേശത്തോടെ വരികയാണവര്‍. അവര്‍ക്കായി വാഹനം നിര്‍ത്തി. വളരെ പ്രായംചെന്ന ഒരു കര്‍ഷകത്തൊഴിലാളി മാതാവും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ആള്‍ക്കൂട്ടത്തിനിടയിലൂടെ അടുത്തെത്തി അവര്‍ തന്റെ മെല്ലിച്ച കൈവിരലുകള്‍ എന്റെ കൈയോടു ചേര്‍ത്തുപിടിച്ചു. പണിസ്ഥലത്തുനിന്ന് വന്നതിനാല്‍ ചെങ്കൊടി എടുക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ എന്നോടു പറഞ്ഞു. പക്ഷേ, ആ വൃദ്ധമാതാവിന്റെ മനസ്സില്‍ ചെങ്കൊടി പാറുന്നത് എനിക്ക് കാണാമായിരുന്നു.
Post a Comment