Thursday, March 17, 2011

ആണവ നവോത്ഥാനത്തിന്റെ ആദ്യകിരണങ്ങള്‍

പ്രകൃതിദുരന്തങ്ങളുടെ പാരിസ്ഥിതിക കാരണങ്ങള്‍ ഉടനടി ചര്‍ച്ച ചെയ്യാന്‍ മടികാട്ടാത്ത നമ്മള്‍ അവയുടെ രാഷ്‌ട്രീയ മാനങ്ങള്‍ തല്‍സമയം പരിശോധിക്കാന്‍ എന്തുകൊണ്ടോ അറയ്‌ക്കുന്നു. അത്തരമൊരു പരിശോധന അമാന്യവും മനുഷ്യത്വരഹിതവുമായി പൊതുസമൂഹം തെറ്റിദ്ധരിക്കുമോ എന്നാണ് നമ്മുടെ അകാരണമായ ആശങ്ക. ഇങ്ങനെ നമ്മള്‍ അറിഞ്ഞുകൊണ്ട് ഒഴിഞ്ഞുകൊടുക്കുന്ന ഇടത്താണ് എല്ലാ മനുഷ്യദുരിതങ്ങളും പ്രകൃതി നിശ്ചയമോ ദൈവകോപമോ ആണെന്ന അന്ധവിശ്വാസം അനായാസം കടന്നുകയറി പുരപണിയുന്നതും അതിന്റെ പുറമ്പോക്കില്‍ മരണത്തിന്റെ മൊത്തക്കച്ചവടക്കാര്‍ യഥേഷ്‌ടം ലാഭംകൊയ്യുന്നതും.

ജപ്പാനെപ്പോലെ കണ്ണഞ്ചിപ്പിക്കുന്ന സാങ്കേതിക സാമ്പത്തിക വളര്‍ച്ച കൈവരിച്ച ഒരു രാജ്യം ഞൊടിയിടയില്‍ ഭീമന്‍ ഭൂമികുലുക്കത്തിന്റെയും സുനാമിയുടെയും അണുപ്രസരണത്തിന്റെയും ആക്രമണത്തില്‍ ആടിയുലയുമ്പോള്‍ രക്ഷപ്പെട്ടെന്ന് സ്വയം ആശ്വസിക്കുന്ന സാധാരണക്കാര്‍ ഏതു വിധിചിന്തയ്‌ക്കും വഴങ്ങുന്നതില്‍ അത്ഭുതമില്ല. അത്രകണ്ട് ശിഥിലമാണ് ഒരേ സമയം നിഷ്‌ഠൂരവും നിര്‍ജീവവുമായ ആധുനിക ആഗോള ധനമൂലധന വ്യവസ്ഥയ്‌ക്കകത്ത് അവരുടെ ദൈനംദിന ജീവിതവും സാമൂഹ്യ ബന്ധങ്ങളും.“നിര്‍ഭാഗ്യവശാല്‍ ദൈവം സാമ്പത്തിക ശാസ്‌ത്രത്തില്‍ ഇടപെടുന്നില്ല. നിങ്ങളുടെ ദുരിതങ്ങള്‍ക്ക് തീര്‍ച്ചയായും അറുതിയുണ്ട്. കാരണം അവ തീര്‍ത്തും അനാവശ്യമാണ്. ലോകത്തിലെ ദുരിതമനുഭവിക്കുന്ന എല്ലാവരെയും ഇത്ര ആത്മവിശ്വാസത്തോടെ ആശ്വസിപ്പിക്കാന്‍ നമുക്കിടയില്‍ ഒരു ബെട്രോള്‍ ബ്രഹ്ത് ഇല്ലെന്ന യാഥാര്‍ഥ്യം നാം മറ്റൊരു മനുഷ്യ മഹാദുരന്തത്തിന്റെ നടുക്ക് ഒരു ഞെട്ടലോടെ തിരിച്ചറിയുന്നു.

ജപ്പാനിലെ വടക്കുകിഴക്കന്‍ തീരങ്ങളില്‍ അസാധാരണമായ പ്രകൃതി പ്രതിഭാസങ്ങള്‍ എണ്ണമറ്റ മരണവും കണക്കറ്റ നാശവും വിതച്ചുകൊണ്ടിരിക്കുമ്പോള്‍ ഇങ്ങ് ഇന്ത്യയുടെ തലസ്ഥാനത്ത് ഡല്‍ഹിയില്‍ ജനറല്‍ ഇലക്‌ട്രിക് എന്ന അമേരിക്കന്‍ ആസ്ഥാനമായുള്ള ബഹുരാഷ്‌ട്ര കമ്പനിയുടെ ആഗോള മേധാവികളുടെ വാര്‍ഷിക സമ്മേളനം നടക്കുകയായിരുന്നു. ഫ്രാന്‍സിലെയും റഷ്യയിലെയും പൊതുമേഖലയ്‌ക്കു പുറത്ത് ആണവ റിയാക്‌ടറുകള്‍ നിര്‍മിക്കുന്ന രണ്ടോ മൂന്നോ സ്വകാര്യ കുത്തകകളിലൊന്നാണ് ഇപ്പോള്‍ ജിഇ, ഹിറ്റാച്ചി സംയുക്ത സംരംഭമായ ജിഇ-ഹിറ്റാച്ചി എനര്‍ജി ലിമിറ്റഡ് എന്ന വന്‍ കമ്പനി. ജിഇയുടെ കോര്‍പറേറ്റ് ചരിത്രത്തില്‍ ആദ്യമായി അമേരിക്കയ്‌ക്കു പുറത്ത് അവരുടെ വാര്‍ഷിക ആഗോള ഉന്നതതലം നടക്കുമ്പോഴാണ് ജപ്പാനിലെ ജനത ഹിരോഷിമയെയും നാഗസാക്കിയെയും ഓര്‍മിപ്പിക്കുന്ന മറ്റൊരു ആണവ ദുരന്തത്തിന് ഇരയാവുന്നത്. ഇത് തികച്ചും യാദൃച്ഛികമായിരുന്നു.

ഇതിലും യാദൃച്ഛികമായിരുന്നു ഡല്‍ഹിയില്‍ ജിഇ സമ്മേളനം നടക്കുമ്പോള്‍ ജപ്പാനിലെ ഫുക്കുഷിമയില്‍ പൊട്ടിത്തെറിച്ച ദായ് ഇച്ചി ആണവകേന്ദ്രത്തിലെ 40 വര്‍ഷം പഴക്കമുള്ള മാര്‍ക്ക് 1 മോഡല്‍ ഒന്നാം നമ്പര്‍ ആണവ റിയാക്‌ടറിന്റെ നിര്‍മാതാക്കള്‍ ഇതേ ജിഇ തന്നെയായിരുന്നു എന്ന വസ്‌തുത. യാദൃച്ഛികതയുടെ സൌജന്യം അവകാശപ്പെടാനാവാത്ത ഒരൊറ്റക്കാര്യം ജിഇ ഉച്ചകോടിയുടെ യഥാര്‍ഥലക്ഷ്യമായിരുന്നു. അവരുടെകൂടി പരിശ്രമത്തിന്റെ ഫലമായി ജോര്‍ജ് ബുഷും മന്‍മോഹന്‍സിങ്ങും 2008ല്‍ ഒപ്പിട്ട ഇന്തോ-അമേരിക്കന്‍ ആണവ കരാര്‍ തുറന്നുകൊടുത്ത ഇന്ത്യയിലെ ആണവ കമ്പോളത്തില്‍ വൈകിയെങ്കിലും തങ്ങളുടെ റിയാക്‌ടറുകള്‍ വില്‍ക്കുക എന്ന ലക്ഷ്യം.

ആണവോര്‍ജത്തിന്റെ ആഗോള നവോത്ഥാനം എന്ന് ആണവ പ്രേമികള്‍ ആഘോഷിക്കുന്ന 21-ാം നൂറ്റാണ്ടില്‍ ഇന്തോ-യുഎസ് കരാര്‍ പ്രകാരം ജിഇ ഹിറ്റാച്ചിക്കും വെസ്‌റ്റിങ്ഹൌസ് തോഷിബയ്‌ക്കും ഇന്ത്യയില്‍ മാത്രം തുറന്നുകിട്ടുന്നത് 170 ലക്ഷം കോടി അമേരിക്കന്‍ ഡോളറിന്റെ കമ്പോളമാണ്. ഈ ഇന്ത്യന്‍ കമ്പോളം കൈക്കലാക്കുന്നതിന് ആണവ കരാര്‍ ഒപ്പിട്ടതിനുശേഷവും അവശേഷിക്കുന്ന തടസ്സങ്ങള്‍ നീക്കുന്നതിനാണ് ജിഇ മേധാവികള്‍ തങ്ങളുടെ സമ്മേളനത്തിന് നമ്മുടെ രാജധാനി തെരഞ്ഞെടുത്തത്.

സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ ദേശാഭിമാന ശക്തികളുടെ കടുത്ത എതിര്‍പ്പിനെ അധാര്‍മികമായ രാഷ്‌ട്രീയ ബാന്ധവങ്ങളിലൂടെ മറികടന്നുകൊണ്ടാണ് ഒന്നാം മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ആണവകരാറില്‍ ഒപ്പിട്ടത്. കരാര്‍ നടപ്പാക്കുന്നതിനാവശ്യമായ ആണവ അപകടങ്ങളെ സംബന്ധിച്ച് ബാധ്യത ബില്ലിലെ വ്യവസ്ഥകള്‍ വെള്ളംചേര്‍ത്ത് ബഹുരാഷ്‌ട്ര ആണവ കരാര്‍ നിര്‍മാതാക്കളെ സഹായിക്കാനുള്ള രണ്ടാം മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ ശ്രമങ്ങളെയും ഒരളവോളം ചെറുക്കാന്‍ കഴിഞ്ഞ ആഗസ്‌തില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ആണവ അപകട ബാധ്യതാ ബില്ലിലൂടെ ഇന്ത്യന്‍ ഇടതുപക്ഷത്തിനുകഴിഞ്ഞു.

തിരിച്ച് വിലപേശിയില്ലെങ്കില്‍ ഇന്ത്യന്‍ ജനങ്ങളുടെ ജീവന് ഈച്ചയുടെ വിലപോലും ബഹുരാഷ്‌ട്ര ഭീമന്മാര്‍ കല്‍പ്പിക്കുകയില്ലെന്നതിന് യൂണിയന്‍ കാര്‍ബൈഡിന്റെ ഉദാഹരണം നമുക്ക് മുന്‍പിലുണ്ട്. ഇതിനെ വീണ്ടും സാക്ഷ്യപ്പെടുത്തുന്നതായിരുന്നു ജിഇ അധ്യക്ഷനും സിഇഒയുമായ ജെഫ്രി ഇമ്ളെറ്റ് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനം. “നമ്മള്‍ ദുരന്തത്തിന്റ ആദ്യ ദിവസങ്ങളിലല്ലേ. വിവരങ്ങള്‍ ശേഖരിച്ചുവരുന്നതേയുള്ളൂ.” ഇങ്ങനെപോയി തങ്ങള്‍ നിര്‍മിച്ച് ജപ്പാനിലെ സ്വകാര്യ കമ്പനിക്ക് നടത്തുവാന്‍ വിറ്റ ദായ് ഇച്ചി ഒന്നാം നമ്പര്‍ റിയാക്‌ടറിന്റെ സുരക്ഷയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ വിടാതെയുള്ള ചോദ്യങ്ങള്‍ക്കുള്ള ജിഇ അധ്യക്ഷന്റെ മറുപടി. നിവൃത്തിയില്ലാതെ വന്നപ്പോള്‍ കമ്പനി ജപ്പാന് അടിയന്തര ആദ്യഘട്ട സഹായമായി 5 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ (22.5 കോടി രൂപ) കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്ന് സ്വല്‍പ്പം ജാള്യത്തോടെ ജെഫ്രി ഇമ്ളെറ്റ് വെളിപ്പെടുത്തി.

ഇന്ത്യയിലെ തങ്ങളുടെ പുത്തന്‍ മുതല്‍മുടക്കിന്റെ ഭാഗമായി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന 225 കോടി രൂപയുടെ എന്‍ജിനിയറിങ് ഉല്‍പ്പന്ന യൂണിറ്റില്‍ 3000 ഇന്ത്യക്കാര്‍ക്കും 2000 അമേരിക്കക്കാര്‍ക്കും ജോലി ലഭിക്കുമെന്ന പ്രഖ്യാപനം ലോക മാധ്യമശ്രദ്ധ ജപ്പാനില്‍നിന്ന് ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ഒരു ദുര്‍ബല ശ്രമമായിരുന്നു. ഇന്ത്യയിലെ ആണവോര്‍ജ മേഖലയിലെ മുതല്‍മുടക്കു പരിപാടികളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുമുമ്പില്‍ പരുങ്ങിയ അദ്ദേഹത്തിന് ഒടുവില്‍ തന്റെയും തന്റെ കമ്പനിയുടെയും അടിയന്തര ഇന്ത്യന്‍ ദൌത്യത്തെക്കുറിച്ച് വാ തുറക്കേണ്ടിവന്നു. പ്രശ്‌നം ബാധ്യത തന്നെ. ആണവാപകടങ്ങള്‍ സംഭവിച്ചാല്‍ റിയാക്‌ടര്‍ നിര്‍മാതാക്കളും യുറേനിയം തുടങ്ങിയ ആണവ വസ്‌തു വില്‍പ്പനക്കാരും വഹിക്കേണ്ട ബാധ്യത. തങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ആണവ റിയാക്‌ടറുകളില്‍ നിര്‍മാണ സംബന്ധമായ തകരാറുമൂലം എന്തെങ്കിലും അപകടം സംഭവിച്ചാല്‍ അതിന്റെ ഇരകള്‍ക്ക് നഷ്‌ടപരിഹാരം നല്‍കാന്‍ തങ്ങള്‍ ബാധ്യസ്ഥരല്ല എന്ന വിചിത്രമായ ‘ആഗോള മാനദണ്ഡം’ പാലിക്കാതെ ഇന്ത്യക്ക് ആണവ റിയാക്‌ടറുകള്‍ വില്‍ക്കാന്‍ വിഷമമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷത്തിന്റെ സമ്മര്‍ദംകൊണ്ട് ബാധ്യത വ്യവസ്ഥാ ബില്ലില്‍ അവസാന നിമിഷം എഴുതിച്ചേര്‍ത്ത കര്‍ശന വ്യവസ്ഥകളില്‍ എങ്ങനെയും വെള്ളം ചേര്‍ക്കുക എന്നതായിരുന്നു തങ്ങളെ ഇവിടെക്കൊണ്ട് എത്തിച്ച ലക്ഷ്യമെന്ന് അദ്ദേഹം പറയാതെ പറഞ്ഞു. ആഗോള ആണവ നവോത്ഥാനത്തിന്റെ ആദ്യകിരണങ്ങള്‍ ഫുക്കുഷിമയുടെ ആണവ പ്രസരണ ധൂളിയില്‍ അസ്‌തമിക്കുമെന്ന് ആശ്വസിക്കുക വയ്യ. ആണവ മരണത്തിന്റെ മൊത്തവ്യാപാരികളുടെ വംശാവലി അവസാനിക്കുംവരെ, യാങ് പോള്‍ സാര്‍ത്ര് സൂചിപ്പിച്ചതുപോലെ മനുഷ്യന്റെ ചരിത്രം ഉറുമ്പുകളുടെ ചരിത്രമല്ലെന്ന് കമ്പോള ശക്തികള്‍ മനസിലാക്കുംവരെ അനിശ്ചിതമായ ഒരു ലോകത്ത് സ്വയം സംഘടിച്ചുകൊണ്ടല്ലാതെ സ്വരക്ഷ ഉറപ്പാക്കാനാവില്ല എന്ന മുന്നറിയിപ്പാണ് ജപ്പാനിലെ മഹാദുരന്തം മനുഷ്യരാശിക്ക് നല്‍കുന്നത്.


*****


എൻ. മാധവൻ‌കുട്ടി, കടപ്പാട് : ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇടതുപക്ഷത്തിന്റെ സമ്മര്‍ദംകൊണ്ട് ബാധ്യത വ്യവസ്ഥാ ബില്ലില്‍ അവസാന നിമിഷം എഴുതിച്ചേര്‍ത്ത കര്‍ശന വ്യവസ്ഥകളില്‍ എങ്ങനെയും വെള്ളം ചേര്‍ക്കുക എന്നതായിരുന്നു തങ്ങളെ ഇവിടെക്കൊണ്ട് എത്തിച്ച ലക്ഷ്യമെന്ന് അദ്ദേഹം പറയാതെ പറഞ്ഞു. ആഗോള ആണവ നവോത്ഥാനത്തിന്റെ ആദ്യകിരണങ്ങള്‍ ഫുക്കുഷിമയുടെ ആണവ പ്രസരണ ധൂളിയില്‍ അസ്‌തമിക്കുമെന്ന് ആശ്വസിക്കുക വയ്യ. ആണവ മരണത്തിന്റെ മൊത്തവ്യാപാരികളുടെ വംശാവലി അവസാനിക്കുംവരെ, യാങ് പോള്‍ സാര്‍ത്ര് സൂചിപ്പിച്ചതുപോലെ മനുഷ്യന്റെ ചരിത്രം ഉറുമ്പുകളുടെ ചരിത്രമല്ലെന്ന് കമ്പോള ശക്തികള്‍ മനസിലാക്കുംവരെ അനിശ്ചിതമായ ഒരു ലോകത്ത് സ്വയം സംഘടിച്ചുകൊണ്ടല്ലാതെ സ്വരക്ഷ ഉറപ്പാക്കാനാവില്ല എന്ന മുന്നറിയിപ്പാണ് ജപ്പാനിലെ മഹാദുരന്തം മനുഷ്യരാശിക്ക് നല്‍കുന്നത്.