ബി ജെ പിയുടെ സഹായത്തോടുകൂടി കഴിഞ്ഞ ദിവസം യു പി എ സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച 'പങ്കാളിത്ത പെന്‍ഷന്‍ ബില്ല്' വളരെ അപകടകരമായ ഒരു ഭാവിയാണ് വൃദ്ധജനങ്ങളുടെ മുന്നില്‍ തുറക്കുന്നത്. നമ്മുടെ നാട്ടില്‍ സാമൂഹ്യസുരക്ഷയ്ക്കുള്ള ഉറപ്പായ ഉപാധി പെന്‍ഷനാണല്ലോ. അത് സ്ഥിരജോലിയുള്ള ചെറിയൊരു വിഭാഗത്തിനു മാത്രമേ ലഭിക്കുകയുള്ളൂ എന്നതാണ് നമ്മുടെ പ്രശ്‌നം. കൂടുതല്‍ വിഭാഗങ്ങളിലേയ്ക്ക് പെന്‍ഷന്‍ വ്യാപിപ്പിച്ച് സാമൂഹ്യസുരക്ഷാവല വിസ്തൃതമാക്കുക എന്നതായിരിക്കണമല്ലോ സദ്ഭരണത്തിന്റെ ലക്ഷ്യം. എന്നാല്‍ അതിനു പകരം പെന്‍ഷന്‍ നല്‍കുക എന്ന ബാധ്യതയില്‍ നിന്നും തൊഴില്‍ ദാതാക്കളെ മോചിതരാക്കാനും അതുംകൂടി ഊഹ നിക്ഷേപക്കാരുടെ വിഹാരരംഗമാക്കാനുമുള്ള പുറപ്പാടിലാണ് യു പി എ സര്‍ക്കാര്‍. അതിനു കൂട്ടുനില്‍ക്കുന്നതിലൂടെ ഉദാരവത്ക്കരണ-സ്വകാര്യവത്കരണ അജണ്ടയുടെ കാര്യത്തില്‍ തങ്ങള്‍ തമ്മില്‍ കാതലായ യാതൊരു വ്യത്യാസവും ഇല്ലെന്ന് ഭാ. ജ. പ ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ്.
സ്ഥിരം ജോലിക്കാരുടെ എണ്ണം കുറയ്ക്കുക, കൂടുതല്‍ ജോലികളും പുറം കരാറുകാരെ ഏല്‍പ്പിക്കുക, സ്ഥിര ജോലിക്കാര്‍ക്കു കൊടുക്കുന്ന ദീര്‍ഘകാല സുരക്ഷകള്‍ ഒഴിവാക്കി ഉയര്‍ന്ന ഹ്രസ്വകാല ആനുകൂല്യങ്ങള്‍ നല്‍കുക മുതലായ നയങ്ങള്‍ സ്വകാര്യമേഖല കുറച്ചുകാലമായി നടപ്പാക്കിപ്പോരുകയാണ്. തങ്ങള്‍ക്കു മത്സരിക്കാനുള്ള ബഹുരാഷ്ട്ര കമ്പനികള്‍ ഇങ്ങനെയൊക്കെയാണ് അവരുടെ മത്സരക്ഷമത പുലര്‍ത്തുന്നത്, അതുകൊണ്ട് തങ്ങള്‍ക്കും ഇങ്ങനെയൊക്കെ ചെയ്‌തെങ്കിലേ പിടിച്ചു നില്‍ക്കാന്‍ പറ്റൂ എന്ന അവരുടെ വാദത്തില്‍ കഴമ്പില്ലാതില്ല. അതുകൊണ്ടുതന്നെയാണ് പെന്‍ഷനുപകരം കോണ്‍ട്രിബ്യൂട്ടറി പ്രോവിഡന്റ് ഫണ്ട് എന്ന സ്‌കീമിന് സാമൂഹ്യമായ അംഗീകാരം നേടാന്‍ കഴിഞ്ഞതും. പിരിഞ്ഞുപോകുന്ന സമയത്തു കിട്ടുന്ന തുക തൊഴിലാളിക്കു യുക്തമെന്നു തോന്നുന്ന വിധത്തില്‍ ചെലവാക്കാം. വേണമെങ്കില്‍ ബാങ്കിലോ എല്‍ ഐ സിയിലോ സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിലോ നിക്ഷേപിക്കാം. അത് ആ വ്യക്തിയുടെ സ്വാതന്ത്ര്യം, അവകാശം.
അതേസമയം ഒരു മാതൃകാ തൊഴില്‍ ദാതാവ് എന്ന നിലയില്‍ സര്‍ക്കാരുകള്‍ സ്വന്തം തൊഴിലാളികള്‍ക്ക് പ്രോവിഡന്റ് ഫണ്ടും പെന്‍ഷന്‍ സ്‌കീമും വെവ്വേറെ നടപ്പാക്കിയിരുന്നു. പക്ഷേ പ്രോവിഡന്റ് ഫണ്ടില്‍ തൊഴിലാളിയുടെ സ്വന്തം നിക്ഷേപമേ കാണൂ. തൊഴില്‍ ദാതാവിന്റെ വിഹിതം കാണില്ല. വയസ്സെത്തുമ്പോള്‍ സ്വന്തം പ്രോവിഡന്റ് ഫണ്ട് നിക്ഷേപം പലിശസഹിതം തിരികെക്കിട്ടും. പെന്‍ഷന്‍ വേറെ. സര്‍ക്കാര്‍ പെന്‍ഷനുള്ള മറ്റൊരു ഗുണം കാലാകാലങ്ങളിലുള്ള വിലക്കയറ്റത്തിന് ആശ്വാസമായി പെന്‍ഷന്‍കാര്‍ക്കും ഡി എയും ഭാഗ്യമുണ്ടെങ്കില്‍ ഇടയ്ക്കിടെ പെന്‍ഷന്‍ പരിഷ്‌കരണവും കിട്ടും എന്നതാണ്. ഈ സൗകര്യങ്ങളൊന്നും അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് ഇല്ലാ എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. അവര്‍ക്കും വയസ്സാകുകയോ വയ്യാതാകുകയോ ചെയ്താല്‍, ഒരു മിനിമം പെന്‍ഷന്‍ കൊടുക്കാനുള്ള വഴി എന്താണ് എന്നാണ് ക്ഷേമതത്പരരായ സര്‍ക്കാരുകള്‍ ആലോചിച്ചുവന്നിട്ടുള്ളത്.
ഇതില്‍ നിന്നു വിപരീതമായി സ്വന്തം തൊഴിലാളികള്‍ക്ക് ഇപ്പോള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ എങ്ങനെ കുറയ്ക്കാം എന്നാണ് യു പി എ സര്‍ക്കാര്‍ ആലോചിക്കുന്നത്. അതിന്റെ ആദ്യപടിയായി 2004 മുതല്‍ സര്‍വീസില്‍ കയറിയവര്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍ ഇല്ലാ എന്ന് പ്രഖ്യാപിച്ചു നടപ്പാക്കിക്കഴിഞ്ഞു. അവര്‍ക്ക് ഇപ്പോള്‍ 'കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ ഫണ്ട്' ആണുള്ളത്. സേവനകാലം മുഴുവന്‍ അതതുകാലത്തെ ശമ്പളത്തിന്റെ പത്ത് ശതമാനം നിര്‍ബന്ധമായും സ്വന്തം പെന്‍ഷന്‍ ഫണ്ടിലേയ്ക്ക് നല്‍കണം. ദോഷം പറയരുതല്ലോ. തുല്യ തുക തൊഴില്‍ ദാതാവായ സര്‍ക്കാരും നല്‍കും. റിട്ടയര്‍മെന്റ് സമയത്ത് സ്വന്തം നിക്ഷേപത്തിന്റെ 60 ശതമാനം തുകയായി കിട്ടും. ബാക്കി തുകയില്‍ നിന്ന് മാസാമാസം പെന്‍ഷന്‍ കിട്ടിക്കൊണ്ടിരിക്കും. (മരിക്കുമ്പോള്‍ ബാക്കി നിക്ഷേപത്തുക അവകാശികള്‍ക്ക് കിട്ടുമോ? അറിയില്ല) ഏതായാലും ഈ സ്‌കീം നടപ്പാക്കിത്തുടങ്ങിക്കഴിഞ്ഞു. ഇതു വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യാനായി ഒരു സംവിധാനവും ഉണ്ടാക്കിയിട്ടുണ്ട്.
ചില്ലറ തുകയൊന്നുമല്ല ഈ വിധത്തില്‍ സമാഹരിക്കുന്നത്. ഇപ്പോള്‍ത്തന്നെ ഇത് പ്രതിവര്‍ഷം 8000 കോടി രൂപ കവിയും എന്നാണ് കണക്ക്. ഓരോ വര്‍ഷവും പുതിയ തൊഴിലാളികള്‍ ചേരുകയും നിലവിലുള്ളവരുടെ ശമ്പളം വര്‍ധിക്കുകയും ചെയ്യുന്നതോടെ നമ്മള്‍ക്കിപ്പോള്‍ സുപരിചിതമായിക്കഴിഞ്ഞ 'ലക്ഷം കോടികള്‍' എന്ന തലത്തിലേയ്ക്ക് പെന്‍ഷന്‍ ഫണ്ട് ഉയരും എന്നതുറപ്പാണ്. പോരെങ്കില്‍ 2009 മുതല്‍ സര്‍ക്കാര്‍ ജോലിക്കാരല്ലാത്തവര്‍ക്കും കൂടി പങ്കാളികളാകാവുന്ന നാഷണല്‍ പെന്‍ഷന്‍ സ്‌കീമും നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്.
ഈ ശ്രമങ്ങളൊക്കെ എല്ലാ കുടുംബങ്ങളെയും ഏതെങ്കിലും തരത്തിലുള്ള ഒരു പെന്‍ഷന്‍ പദ്ധതിയുടെ കുടക്കീഴില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ~ഒരു സമ്പൂര്‍ണ സാമൂഹ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായിരുന്നെങ്കില്‍ അതു തീര്‍ച്ചയായും അഭിനന്ദനീയമാകുമായിരുന്നു. പക്ഷേ അതല്ല ഇപ്പോള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുന്ന ''പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡവലപ്പ്‌മെന്റ് അഥോറിറ്റി'' ബില്ലിന്റെ ലക്ഷ്യം എന്നു വ്യക്തമാണ്. എന്തെന്നാല്‍ അതിലെ സുപ്രധാനമായ ഒരു ഘടകം പെന്‍ഷന്‍ ഫണ്ടിന്റെ ഒരു ഭാഗം സ്വകാര്യ ഓഹരി വിപണനരംഗത്തു നിക്ഷേപിക്കാന്‍ അനുമതി നല്‍കുക എന്നതാണ്. ഇപ്പോള്‍ സര്‍ക്കാര്‍ പെന്‍ഷന്‍ ഫണ്ടു മുഴുവനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും എല്‍ ഐ സിയിലും ആണ് നിക്ഷേപിക്കുന്നത്. ഇങ്ങനെ സഹസ്രകോടിക്കണക്കിനു രൂപ ഈ പൊതുമേഖലാ സ്ഥാപനങ്ങളിലേയ്ക്ക് പോകുന്നത് സ്വകാര്യമേഖലയ്ക്ക് സഹിക്കുന്നില്ല എന്നിടത്താണ് ഇത്തരമൊരു ബില്ലിന്റെ മൂല്യം.
കഴിഞ്ഞ യു പി എ സര്‍ക്കാര്‍ ഇതേ നിയമം നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ ഭരണത്തിനു പിന്തുണ നല്‍കിയ ഇടതുകക്ഷികളുടെ രൂക്ഷമായ എതിര്‍പ്പു മൂലം അതു നടന്നില്ല. ഇപ്പോഴാമാതിരി പ്രശ്‌നങ്ങളൊന്നുമില്ലല്ലോ മാത്രവുമല്ല അവതരണവേളയില്‍ തെളിഞ്ഞതുമാതിരി മുഖ്യ പ്രതിപക്ഷമായ ബി ജെ പിയുടെയും ഉള്ളിലിരിപ്പ് വ്യത്യസ്തവുമല്ല. (ഇരു കൂട്ടരും മാറിമാറി അമേരിക്കന്‍ എംബസിയില്‍ ചെന്ന് ഹാജര്‍ വയ്ക്കുകയും ഉദാരവത്ക്കരണ നയങ്ങളോടു തങ്ങള്‍ക്കുള്ള കൂറ് പ്രഖ്യാപിക്കുകയും ചെയ്യുന്നവരാണെന്നാണല്ലോ 'വിക്കിലീക്‌സ്' കാണിക്കുന്നത്.)
പെന്‍ഷന്‍ ഫണ്ട് സ്വകാര്യ നിക്ഷേപങ്ങള്‍ക്ക് തുറന്നുകൊടുത്താലെന്താ കുഴപ്പം എന്നു ചോദിക്കുന്നവരുണ്ട് എന്നതാണത്ഭുതം. 2008 ലെ ആഗോളവിപണി തകര്‍ച്ചയില്‍ എത്രയെത്ര ബാങ്കുകളും മ്യൂച്വല്‍ ഫണ്ടുകാരും പെന്‍ഷന്‍ ഫണ്ടുകാരും ആണ് തകര്‍ന്നത്? ഓഹരി വിപണിയില്‍ ഇത്തരം തകര്‍ച്ചകള്‍ സ്വാഭാവികം എന്നല്ല അനിവാര്യം തന്നെയാണ്. ഓഹരി വിലകളിലെ ചാഞ്ചാട്ടമാണല്ലോ നിക്ഷേപകരുടെ ലാഭം. ലാഭമുണ്ടാക്കുന്ന കമ്പനികള്‍ ആണ്ടോടാണ്ട് പ്രഖ്യാപിക്കുന്ന ഡിവിഡണ്ട്, മോഹവിലയ്ക്കു വാങ്ങുന്ന ഷെയറുകളുടെ മുടക്കുമുതലിന്റെ എത്രയോ ചെറിയ ശതമാനമല്ലേ വരൂ. അപ്പോള്‍ ഓഹരി വിലകളിലെ ചാഞ്ചാട്ടത്തെ അടിസ്ഥാനമാക്കി നടക്കുന്ന ഒരുതരം ചൂതുകളി മാത്രമാണ് അത് എന്ന് വരുന്നു. ഇതില്‍ കുറേ പേര്‍ക്ക് ലാഭം ഉണ്ടാകും തീര്‍ച്ചയായും. പക്ഷേ അത് വേറെ ആരുടെയൊെക്കയോ നഷ്ടം മാത്രമാണ്. അല്ലാതെ ഓഹരിവിപണി സ്വയം സമ്പത്ത് ഉണ്ടാക്കുന്നില്ലല്ലോ. ഇടയ്ക്കിടെ 'ക്രാഷ്' ഉണ്ടാകുമ്പോള്‍ ഒട്ടുമിക്ക പേരുടെയും കൈ പൊള്ളുകയും ചെയ്യും. അതിനു പിന്നിലുള്ള വമ്പന്‍ സ്രാവുകള്‍ അപ്പോഴും രക്ഷപ്പെടുകയും ചെയ്യും.
ഇത്തരം ചൂതാട്ടത്തിലാണോ ലക്ഷക്കണക്കിനു കുടുംബങ്ങളുടെ സുരക്ഷയ്ക്കായുള്ള പെന്‍ഷന്‍ ഫണ്ട് നിക്ഷേപിക്കേണ്ടത്? അമേരിക്കയിലെ വാള്‍സ്ട്രീറ്റ് തകര്‍ന്നപ്പോള്‍ എത്രയെത്ര കുടുംബങ്ങളാണ് പാപ്പാരായത്. വൃദ്ധജനങ്ങളുടെ മാസവരുമാനമാണ് ചുരുങ്ങിപ്പോയത്? അതിനു പകരം വരുമാനം കുറച്ചു കുറഞ്ഞാലും അതു ഉറപ്പുള്ള സര്‍ക്കാര്‍ ബോണ്ടുകളിലും എല്‍ ഐ സിപോലുള്ള സുസ്ഥാപിത സംവിധാനങ്ങളിലും അല്ലേ നിക്ഷേപിക്കേണ്ടത്? അവിടെ ചെല്ലുന്ന പണം നാടിന്റെ വികസനത്തിനു തന്നെ ഉപയോഗിക്കപ്പെടും എന്ന അധികസംതൃപ്തിയും ചെറുതല്ലല്ലോ.
പക്ഷേ ദൗര്‍ഭൗഗ്യവശാല്‍ ഇത്തരം ചിന്തകളൊന്നുമല്ല നമ്മുടെ കേന്ദ്രഭരണക്കാരെ നയിക്കുന്നത്. സ്വകാര്യമേഖലയെ എങ്ങനെ സഹായിക്കാം? പണം എവിടെ മുടക്കേണ്ടൂ എന്നറിയാതെ ഉഴറുന്ന സ്വകാര്യനിക്ഷേപകര്‍ക്ക് പുതിയ പുതിയ മേഖലകള്‍ എങ്ങനെ തുറന്നു കൊടുക്കാം? ദേശീ സ്രാവുകളുടെ പിന്നാലെ ഊഴം കാത്തു കിടക്കുന്ന വിദേശി തിമിംഗലങ്ങള്‍ക്ക് എങ്ങനെ വഴി സുഗമമാക്കാം? ഇതൊക്കെയാണവരുടെ വ്യാകുലതകള്‍. (അല്ലെങ്കില്‍ അടുത്ത തവണ അമേരിക്കന്‍ അംബാസിഡരുടെ മുമ്പില്‍ റിപ്പോര്‍ട്ടിങ്ങിനു ചെല്ലുമ്പോള്‍ എന്തു പറയും).
ഡല്‍ഹിയില്‍ ഇതൊക്കെ നടക്കുമ്പോള്‍ കേരളം വളരെ പ്രധാനമായ ഒരു തിരഞ്ഞെടുപ്പിലൂടെ കടന്നുപോകുകയാണല്ലോ. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ പത്രമുത്തശ്ശിമാര്‍ക്കൊന്നും ഇതൊരു വിഷയമായിട്ടില്ല. അവര്‍ തിരഞ്ഞെടുപ്പ് മസാലകളുടെ ആഘോഷത്തിലാണ്. പക്ഷേ വോട്ടിനായി നമ്മെ സമീപിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരോട് നമുക്കു ചോദിക്കാം: പെന്‍ഷന്‍കാരുടെ കഞ്ഞിയില്‍ പാറ്റയിടുന്ന ഈ ബില്ലിനെപ്പറ്റി നിങ്ങളുടെ പാര്‍ട്ടിയുടെ നയം എന്താണ്? അതു തിരുത്താന്‍ നിങ്ങള്‍ തയ്യാറുണ്ടോ?
ഇതു മാത്രമല്ല. ഇങ്ങനത്തെ നൂറു നൂറു ചോദ്യങ്ങള്‍ നാം കരുതിവയ്‌ക്കേണ്ടതുണ്ട്.
*
ആര്‍ വി ജി മേനോന്‍
Subscribe to:
Post Comments (Atom)
1 comment:
ഡല്‍ഹിയില്‍ ഇതൊക്കെ നടക്കുമ്പോള്‍ കേരളം വളരെ പ്രധാനമായ ഒരു തിരഞ്ഞെടുപ്പിലൂടെ കടന്നുപോകുകയാണല്ലോ. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ പത്രമുത്തശ്ശിമാര്‍ക്കൊന്നും ഇതൊരു വിഷയമായിട്ടില്ല. അവര്‍ തിരഞ്ഞെടുപ്പ് മസാലകളുടെ ആഘോഷത്തിലാണ്. പക്ഷേ വോട്ടിനായി നമ്മെ സമീപിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരോട് നമുക്കു ചോദിക്കാം: പെന്‍ഷന്‍കാരുടെ കഞ്ഞിയില്‍ പാറ്റയിടുന്ന ഈ ബില്ലിനെപ്പറ്റി നിങ്ങളുടെ പാര്‍ട്ടിയുടെ നയം എന്താണ്? അതു തിരുത്താന്‍ നിങ്ങള്‍ തയ്യാറുണ്ടോ?
ഇതു മാത്രമല്ല. ഇങ്ങനത്തെ നൂറു നൂറു ചോദ്യങ്ങള്‍ നാം കരുതിവയ്‌ക്കേണ്ടതുണ്ട്.
Post a Comment