Monday, March 28, 2011

വൈലോപ്പിള്ളിയും ചങ്ങമ്പുഴയും ചൊല്‍ക്കാഴ്ചയുടെ വെളിച്ചത്തില്‍

കവിത ചൊല്ലലിനും അതിന്റെ ദൃശ്യാവിഷ്‌ക്കാരത്തിനും പ്രാചീന കാലത്തോളം പഴക്കമുണ്ട്. കൃഷിപ്പാട്ടുകളിലധികവും ദൃശ്യാവിഷ്‌ക്കാരത്തിന് അനുയോജ്യമാണ്. വയലിനും വരമ്പിനും അപ്പുറത്തുള്ള വീട്ടുമുറ്റത്തും വെളിമ്പ്രദേശത്തും ഇവ അരങ്ങേറിയിരുന്നു. നിങ്ങളുടെ നാട്ടിലെല്ലാം എന്തു പണിയാടോ എന്ന പാട്ട് അഭിനയ സാധ്യതയുള്ളതും രസാവഹവുമാണ്. ചക്കീയെന്നൊരു ചെമ്പരുന്ത് എന്നപാട്ടും ശരീരഭാഷ പ്രകടിപ്പിക്കുവാന്‍ അവസരമുണ്ടാക്കുന്നതാണ്.

അസംബന്ധ കവിതയ്ക്ക് ഉദാഹരണമായി പറയാവുന്ന വെള്ളാരം നാട്ടില്‍ വെളുത്തേടത്തുവീട്ടില്‍ എന്ന പാട്ടും അഭിനയത്തിന് ഇടം നല്‍കുന്നതാണ്. ഇങ്ങനെ നിരവധി പാട്ടുകളാല്‍ സമൃദ്ധമാണ് നമ്മുടെ അമ്മ മലയാളം.

മലയാള കവിതയ്ക്ക് ജനശ്രദ്ധക്കുറവു സംഭവിച്ച എഴുപതുകളുടെ ആദ്യപാദത്തില്‍ കവിത ചൊല്ലലിനും അതിന്റെ ദൃശ്യാവിഷ്‌ക്കാരത്തിനും ഒഴിവാക്കാന്‍ കഴിയാത്ത സന്ദര്‍ഭങ്ങളുണ്ടായി. ഡോ. അയ്യപ്പപ്പണിക്കര്‍, കാവാലം നാരായണപ്പണിക്കര്‍, കടമ്മനിട്ട രാമകൃഷ്ണന്‍ തുടങ്ങിയവരുടെ ശ്രദ്ധയിലാണ് കവിയരങ്ങ് എന്ന ആശയം പുഷ്പിച്ചുവന്നത്. ഡോ. അയ്യപ്പപ്പണിക്കരും അടൂര്‍ ഗോപാലകൃഷ്ണനും അടങ്ങുന്ന കൂട്ടായ്മയില്‍ നിന്ന് ചൊല്‍ക്കാഴ്ച എന്ന ആശയവും വികസിച്ചുവന്നു.

വര്‍ണ വിളക്കുകളുടെ സാന്നിധ്യത്തില്‍ കണ്ണും ചെവിയും മനസ്സും തുറന്നിരിക്കുന്ന ജനങ്ങളുടെ മുന്നില്‍ കവികള്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. തിരുവനന്തപുരത്തെ ഹസ്സന്‍ മരയ്ക്കാര്‍ ഹാളില്‍ ജി അരവിന്ദന്റെ സംവിധാനത്തില്‍ അവതരിപ്പിച്ച ചൊല്‍ക്കാഴ്ചയാണ് ആദ്യം ശ്രദ്ധേയമായത്. തൊപ്പിയണിഞ്ഞ കുഞ്ഞുണ്ണി മാസ്റ്ററെയാണ് അരവിന്ദന്‍ വേദിയിലിരുത്തി കവിതചൊല്ലിച്ചത്.

നെടുമുടിവേണു, ഭരത്‌ഗോപി, ഭരത് മുരളി തുടങ്ങിയവര്‍ സച്ചിദാനന്ദന്റേയും അയ്യപ്പപ്പണിക്കരുടേയും കടമ്മനിട്ട രാമകൃഷ്ണന്റേയും കവിതകള്‍ അസാധാരണ ഭാവതീവ്രതയോടെ രംഗത്ത് അവതരിപ്പിച്ചു. കൂട്ടപ്പന്റേയും ചിറ്റപ്പന്റേയും സംഭാഷണരീതിയില്‍ ജി കുമാരപിള്ള രചിച്ച കവിതയും അക്കാലത്തെ അരങ്ങിലെ ചൊല്‍ക്കാഴ്ചയില്‍ പൊലിമ നേടി. എം കെ ഗോപാലകൃഷ്ണന്‍, എം ആര്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ നടന ചാതുരി ചൊല്‍ക്കാഴ്ചയെ ഉന്നതങ്ങളിലെത്തിച്ചു.

വിളക്കെല്ലാം കെടുത്തിയ വേദികയില്‍ എരിയുന്ന പന്തവുമായി ഉടുപ്പിടാതെ കടന്നുവന്ന് കിരാതവൃത്തം ചൊല്ലിയ കടമ്മനിട്ട രാമകൃഷ്ണന്‍ മലയാള കവിതയിലെ പൈങ്കിളി നിദ്രയ്ക്ക് തീകൊടുക്കുക തന്നെ ചെയ്തു.

പാലക്കാടു വിക്‌ടോറിയ കോളജും കായംകുളം എം എസ് എം കോളജും അടക്കം കേരളത്തിലെ പലകലാലയ വേദികളിലും പ്രഫ അലിയാരിന്റെയും മറ്റും നേതൃത്വത്തില്‍ ചൊല്‍ക്കാഴ്ച അരങ്ങേറി. കൊല്ലം ഫാത്തിമ കോളജിന്റെ അരങ്ങില്‍ തലേക്കെട്ടുമായി കടന്നുവന്ന് മുതുവേലിപ്പാച്ചന്റെ മകന്‍ പെറ്റ റോസിലിക്ക് മുതുവാന്‍കുളങ്ങര നിന്നൊരു മണവാളന്‍ വന്നേ എന്നുനീട്ടി ചൊല്ലിയ ഡോ. അയ്യപ്പപ്പണിക്കര്‍ ചൊല്‍ക്കാഴ്ചയ്ക്ക് പുതിയ ഉണര്‍വു നല്‍കി. ഡി വിനയചന്ദ്രന്റെ കോലങ്ങളും ചൊല്‍ക്കാഴ്ച വേദികളില്‍ നല്ല അനുഭവമായി. ഇടക്കാലത്തുണ്ടായ കാവ്യഅവതരണ തളര്‍ച്ചയെ കോഴിക്കോട്ട് ഗുരുവായൂരപ്പന്‍ കോളജിലെ വിദ്യാര്‍ഥികള്‍ കീഴാളന്‍, ചാര്‍വ്വാകന്‍ എന്നീ കവിതകളുടെ ചൊല്‍ക്കാഴ്ചയിലൂടെ അതിലംഘിച്ചിരുന്നു.

ചൊല്‍ക്കാഴ്ചയെന്നാല്‍ കവിതയുടെ നൃത്താവിഷ്‌ക്കാരമോ നാടകാവിഷ്‌ക്കാരമോ അല്ല. അത് പല ഘടകങ്ങള്‍ ചേര്‍ന്ന ഒരു സൗന്ദര്യ സങ്കേതമാണ്. കൊല്‍ക്കത്ത മലയാളികളവതരിപ്പിച്ച പൂതപ്പാട്ട് ഈ അര്‍ഥത്തില്‍ മികച്ച അനുഭവമായിരുന്നു.

വൈലോപ്പിള്ളിയുടേയും ചങ്ങമ്പുഴയുടേയും നൂറാം പിറന്നാളാഘോഷിക്കുന്ന ഇക്കാലത്ത് തിരുവനന്തപുരത്തെ വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ ചൊല്‍ക്കാഴ്ച മത്സരം സംഘടിപ്പിക്കുകയുണ്ടായി. കോളജു തലത്തിലായിരുന്നു മത്സരം. പങ്കെടുത്ത എല്ലാ സംഘങ്ങള്‍ക്കും അവതരണച്ചെലവിനായി രണ്ടായിരം രൂപവീതം സംഘാടകര്‍ നല്‍കി. ഒന്നുമുതല്‍ മൂന്നുവരെ സ്ഥാനങ്ങളിലെത്തിയ സംഘങ്ങള്‍ക്ക് പതിനയ്യായിരം, പതിനായിരം, ഏഴായിരം എന്നീ രൂപാ ക്രമത്തിലായിരുന്നു സമ്മാനം. മഹാകവി വൈലോപ്പിള്ളിയുടെ കന്നിക്കൊയ്ത്തും പന്തങ്ങളും സമന്വയിപ്പിച്ച് അവതരിപ്പിച്ച സംഘമാണ് ഒന്നാം സ്ഥാനത്തെത്തിയത്. കാര്‍ഷിക വൃത്തിയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍പ്പിലേയ്ക്ക് ചുവടുവയ്ക്കുന്ന ഒരു ജനതയെ ചൊല്‍ക്കാഴ്ചയുടെ സൗന്ദര്യ പഥങ്ങളിലൂടെ ആവിഷ്‌ക്കരിക്കാന്‍ ആ വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്ക് കഴിഞ്ഞു. മഹാകവി ചങ്ങമ്പുഴയുടെ കാവ്യനര്‍ത്തകിയും ആ പൂമാലയും സമന്വയിപ്പിച്ച് അവതരിപ്പിച്ച സംഘം രണ്ടാം സ്ഥാനത്തും ചങ്ങമ്പുഴയുടെ തന്നെ പച്ച എന്ന കവിതയെ പച്ചകെടാതെ അവതരിപ്പിച്ച സംഘം മൂന്നാം സ്ഥാനത്തുമെത്തി. വൈലോപ്പിള്ളിയുടെ മാമ്പഴം, പടയാളികള്‍ എന്നീ കവിതകളും രംഗത്ത് അവതരിപ്പിക്കപ്പെട്ടു.

കവിതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഇനിയും അവലംബിക്കാവുന്ന ഒരു മാര്‍ഗമാണ് ചൊല്‍ക്കാഴ്ചയെന്ന് ഈ മത്സരവേദി തെളിയിച്ചു.

*
കുരീപ്പുഴ ശ്രീകുമാര്‍ കടപ്പാട്: ജനയുഗം ദിനപത്രം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കവിത ചൊല്ലലിനും അതിന്റെ ദൃശ്യാവിഷ്‌ക്കാരത്തിനും പ്രാചീന കാലത്തോളം പഴക്കമുണ്ട്. കൃഷിപ്പാട്ടുകളിലധികവും ദൃശ്യാവിഷ്‌ക്കാരത്തിന് അനുയോജ്യമാണ്. വയലിനും വരമ്പിനും അപ്പുറത്തുള്ള വീട്ടുമുറ്റത്തും വെളിമ്പ്രദേശത്തും ഇവ അരങ്ങേറിയിരുന്നു. നിങ്ങളുടെ നാട്ടിലെല്ലാം എന്തു പണിയാടോ എന്ന പാട്ട് അഭിനയ സാധ്യതയുള്ളതും രസാവഹവുമാണ്. ചക്കീയെന്നൊരു ചെമ്പരുന്ത് എന്നപാട്ടും ശരീരഭാഷ പ്രകടിപ്പിക്കുവാന്‍ അവസരമുണ്ടാക്കുന്നതാണ്.

അസംബന്ധ കവിതയ്ക്ക് ഉദാഹരണമായി പറയാവുന്ന വെള്ളാരം നാട്ടില്‍ വെളുത്തേടത്തുവീട്ടില്‍ എന്ന പാട്ടും അഭിനയത്തിന് ഇടം നല്‍കുന്നതാണ്. ഇങ്ങനെ നിരവധി പാട്ടുകളാല്‍ സമൃദ്ധമാണ് നമ്മുടെ അമ്മ മലയാളം.