ഇന്ത്യയില്‍നിന്ന് അയച്ച രഹസ്യ അമേരിക്കന്‍ നയതന്ത്രസന്ദേശങ്ങള്‍ പുറത്തുവന്നത് സുപ്രധാനമായ ചോര്‍ച്ചയാണ്. എന്‍ഡിഎ ഭരിച്ചപ്പോഴും ഇപ്പോള്‍ യുപിഎ ഭരണത്തിലും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം ഒറ്റയടിക്ക് ഇത് വെളിപ്പെടുത്തി. വിക്കിലീക്സ് വഴി ലഭിച്ച അമേരിക്കന്‍ നയതന്ത്രസന്ദേശങ്ങളുടെ പ്രസിദ്ധീകരണവും വിശകലനവും "ദി ഹിന്ദു"" പത്രം തുടരുകയാണ്, പക്ഷേ ഇതുവരെ ലഭിച്ചത് അസ്വസ്ഥജനകമായ ചിത്രമാണ്. നമ്മുടെ രാജ്യത്തിന്റെ തന്ത്രപ്രധാനമേഖലകളിലും വിദേശനയത്തിലും സാമ്പത്തികനയങ്ങളിലും അമേരിക്ക സ്വാധീനം ചെലുത്തുന്നു. ഉന്നതഉദ്യോഗസ്ഥരിലും സൈന്യത്തിലും സുരക്ഷാമേഖലയിലും രഹസ്യാന്വേഷണ ഏജന്‍സികളിലും അമേരിക്ക വിജയകരമായി കടന്നുകയറിയിരിക്കുന്നു. യുപിഎ സര്‍ക്കാര്‍ അമേരിക്കയുമായി തന്ത്രപരമായ സഖ്യമുണ്ടാക്കുന്നതില്‍ മുന്നോട്ടുപോയ 2005-2009 കാലത്തെ സന്ദേശങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
സ്വതന്ത്രവിദേശനയം പിന്തുടരുമെന്ന് പൊതുമിനിമം പരിപാടിയില്‍ നല്‍കിയ വാഗ്ദാനത്തില്‍നിന്ന് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ പിന്തിരിഞ്ഞുവെന്ന് പൊതുവെ ബോധ്യമുള്ള സംഗതിയാണ്. വിദേശനയത്തിന്റെ കാര്യത്തില്‍ നടത്തിയ മലക്കംമറിച്ചിലിനെ സിപിഐ എമ്മും മറ്റ് ഇടതുപക്ഷപാര്‍ടികളും തുടക്കത്തിലേ എതിര്‍ത്തിരുന്നു. അമേരിക്കന്‍ എംബസിയുടെയും ബുഷ് ഭരണകൂടത്തിലെ പ്രമുഖരുടെയും ശ്രമഫലമായി ഉണ്ടായ ഈ മലക്കംമറിച്ചില്‍ ഏതു വിധത്തിലാണ് നടപ്പായതെന്ന് നയതന്ത്രസന്ദേശങ്ങള്‍ വ്യക്തമാക്കുന്നു. 2005 സെപ്തംബറില്‍ ഐഎഇഎയില്‍ ഇറാനെതിരെ നടന്ന വോട്ടെടുപ്പില്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഇതിന് വ്യക്തമായ ഉദാഹരണമാണ്. ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് മാറ്റിമറിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ എത്രത്തോളം സമ്മര്‍ദം ചെലുത്തിയെന്ന് സന്ദേശങ്ങള്‍ വിവരിക്കുന്നു. ഇറാനെതിരെ ഇന്ത്യന്‍സര്‍ക്കാര്‍ ഉറച്ച നിലപാട് എടുത്തില്ലെങ്കില്‍ ആണവകരാര്‍ അംഗീകരിക്കാനുള്ള നിയമനിര്‍മാണം അമേരിക്കന്‍ കോണ്‍ഗ്രസ് അംഗീകരിക്കില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് പറഞ്ഞു. ന്യൂയോര്‍ക്കില്‍ സെപ്തംബര്‍ 13ന് നടന്ന യുഎന്‍ പൊതുസഭ സമ്മേളനത്തിനിടെ മന്‍മോഹന്‍സിങ്ങും ബുഷും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് യുപിഎ സര്‍ക്കാരിനുമേല്‍ കടുത്ത സമ്മര്‍ദമുണ്ടായി. ഈ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഐഎഇഎയില്‍ അമേരിക്കയോടൊപ്പം നീങ്ങാന്‍ വിയന്നയിലെ ഇന്ത്യന്‍ പ്രതിനിധിക്ക് നിര്‍ദേശം നല്‍കിയത്. ഐഎഇഎ വോട്ടെടുപ്പിനുശേഷം അമേരിക്കന്‍ സ്ഥാനപതി അയച്ച സന്ദേശത്തില്‍ ഇതിനെ "ശക്തമായ ഇന്ത്യ-അമേരിക്ക ബന്ധം കെട്ടിപ്പടുക്കുന്നതില്‍ യുപിഎ സര്‍ക്കാരിനുള്ള പ്രതിബദ്ധതയുടെ പ്രധാന സൂചനയായി" വിശേഷിപ്പിച്ചു.
ദക്ഷിണേഷ്യയിലെ മറ്റ് രാജ്യങ്ങളായ നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവയോടുള്ള നയങ്ങള്‍ രൂപീകരിക്കുന്നതില്‍ അമേരിക്ക ഇന്ത്യയെ എത്രത്തോളം സ്വാധീനിക്കുന്നുവെന്ന് മറ്റ് സന്ദേശങ്ങള്‍ വെളിപ്പെടുത്തുന്നു. അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ഇസ്രയേലുമായുള്ള അടുത്ത സഹകരണവും പുറത്തുവന്നിരിക്കുന്നു. ഇന്ത്യയുടെ വിദേശനയത്തെ അമേരിക്കയുടെ നയവുമായി "പൊരുത്തമുള്ളതാക്കുന്നതില്‍" അവര്‍ നേടിയ വിജയം "ഇരുരാജ്യത്തിന്റെയും വിദേശനയങ്ങള്‍ ഏകോപിപ്പിച്ചുനീങ്ങാമെന്ന് ഇന്ത്യന്‍ അധികൃതര്‍ ഉറപ്പുനല്‍കിയെന്ന" സന്ദേശങ്ങളിലെ പ്രസ്താവന വഴി വ്യക്തമായി.
അമേരിക്കന്‍ സ്വാധീനം വളര്‍ന്നുവരുന്ന മറ്റൊരു രംഗം സൈനിക-സുരക്ഷ മേഖലകളാണ്. അമേരിക്കയുമായി പ്രതിരോധ സഹകരണത്തിനുള്ള ചട്ടക്കൂട് കരാര്‍ യുപിഎ സര്‍ക്കാര്‍ 2005 ജൂണില്‍ ഒപ്പിട്ടു. അന്നത്തെ പ്രതിരോധമന്ത്രി പ്രണബ് മുഖര്‍ജി യാത്രയ്ക്ക് മുമ്പ് മാധ്യമങ്ങളോട് പറഞ്ഞത് പ്രാഥമികചര്‍ച്ചകള്‍ക്കുള്ള സന്ദര്‍ശനം മാത്രമാണെന്നാണ്. എന്നാല്‍, അമേരിക്കന്‍ സ്ഥാനപതി അവരുടെ പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫെല്‍ഡിന് അയച്ച സന്ദേശങ്ങള്‍ പ്രണബിന്റെ സന്ദര്‍ശനമധ്യേ നേടിയെടുക്കാന്‍ കഴിയുമെന്ന് അമേരിക്ക പ്രതീക്ഷിച്ച കാര്യങ്ങളുടെ പട്ടിക വെളിപ്പെടുത്തി. പ്രതിരോധ ചട്ടക്കൂട് കരാര്‍ ഇന്ത്യ ഇത്തരത്തില്‍ ഏതെങ്കിലും രാജ്യവുമായി ഒപ്പുവച്ച കരാറുകളില്‍ ആദ്യത്തേതാണ്. ഇരുരാജ്യത്തിന്റെയും പ്രതിരോധസേനകള്‍ തമ്മില്‍ സര്‍വതലസ്പര്‍ശിയായ സഹകരണം ഇത് വിഭാവന ചെയ്യുന്നു. ഇത്തരത്തിലുള്ള കരാറിനായി എന്‍ഡിഎ സര്‍ക്കാരിന്റെ കാലംമുതല്‍ക്കേ അമേരിക്കയും പെന്റഗണും ചര്‍ച്ചയും ആസൂത്രണവും നടത്തിയിരുന്നതായി സന്ദേശങ്ങള്‍ വ്യക്തമാക്കുന്നു. ഇരുരാജ്യത്തിന്റെയും സുരക്ഷാ ഏജന്‍സികള്‍ തമ്മിലുള്ള സഹകരണം മുംബൈ ഭീകരാക്രമണത്തിനുശേഷം ഉയര്‍ന്ന തലത്തില്‍ എത്തിയതായി സന്ദേശങ്ങള്‍ കാട്ടിത്തരുന്നു. അന്നത്തെ ദേശീയസുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്‍ എഫ്ബിഐ, സിഐഎ തുടങ്ങിയ ഏജന്‍സികളുടെ പങ്കാളിത്തത്തോടെ തീവ്രസഹകരണത്തില്‍ മുഴുകാന്‍ വ്യഗ്രത പ്രകടിപ്പിച്ചിരുന്നതായി അമേരിക്കക്കാര്‍ കരുതി. രഹസ്യാന്വേഷണ-സുരക്ഷാ സംവിധാനങ്ങളില്‍ കടന്നുകയറാന്‍ അമേരിക്കക്കാര്‍ക്ക് കഴിഞ്ഞതിന്റെ ചിത്രം സന്ദേശങ്ങള്‍ നല്‍കുന്നു. ബ്രിട്ടീഷ് ദിനപത്രം "ദി ഗാര്‍ഡിയന്‍"" തുടക്കത്തില്‍ പ്രസിദ്ധീകരിച്ച 40 സന്ദേശങ്ങളില്‍ വഴിവിട്ട ബന്ധത്തിന്റെ രണ്ട് ഉദാഹരണങ്ങള്‍ വിവരിച്ചിരുന്നു. ദേശീയ സുരക്ഷാബോര്‍ഡിലെ ഒരംഗം അമേരിക്കന്‍ എംബസി സന്ദര്‍ശിച്ച്, ഇന്ത്യയിലെ ഇറാന്‍ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരം നല്‍കുകയും പകരം തനിക്ക് അമേരിക്കയിലേക്ക് ഉടന്‍ സന്ദര്‍ശനം തരപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയുംചെയ്തതാണ് ആദ്യത്തേത്. ഔദ്യോഗിക സംവിധാനം വഴിയല്ലാതെ, ഡല്‍ഹി പൊലീസിലെ ഒരു ഉദ്യോഗസ്ഥനില്‍നിന്ന് ഭീകരവാദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചതായി അമേരിക്കന്‍ എംബസി നല്‍കിയ റിപ്പോര്‍ട്ടാണ് മറ്റൊരു സംഭവം.
ഇപ്പോള്‍ പുറത്തുവന്ന സന്ദേശങ്ങളില്‍ ഒരെണ്ണം 2006ല്‍ നടന്ന കേന്ദ്രമന്ത്രിസഭ വികസനത്തെക്കുറിച്ചുള്ളതാണ്. ഇതില്‍ വിവരിക്കുന്നത് ഇതേപ്പറ്റി വിവരം നല്‍കിയ വ്യക്തികളില്‍ ഒരാള്‍ കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്നാണ്. മാധ്യമങ്ങളില്‍നിന്ന് മാത്രമല്ല, വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നും അവര്‍ക്ക് വിവരങ്ങള്‍ ലഭിക്കുന്നതായി ഇത് വ്യക്തമാക്കുന്നു. ഇരുരാജ്യത്തിന്റെയും രഹസ്യാന്വേഷണ-സുരക്ഷാ ഏജന്‍സികള്‍ തമ്മിലുള്ള പങ്കാളിത്തം അമേരിക്കയുടെ കടന്നുകയറ്റത്തില്‍ എത്തിയിരിക്കുന്നു.
ചാരവൃത്തിയുടെ രണ്ട് ഉദാഹരണങ്ങള്‍ പറയാം. എന്‍ഡിഎ ഭരണകാലത്ത് റോ ഉദ്യോഗസ്ഥനായ രബീന്ദര്‍സിങ്ങിനെ സിഐഎ പാട്ടിലാക്കി. ഈ രഹസ്യബന്ധം പുറത്തായപ്പോള്‍ രബീന്ദര്‍സിങ്ങിനെ അമേരിക്കയിലേക്ക് കടക്കാന്‍ സിഐഎ സഹായിച്ചു. യുപിഎ ഭരണത്തില്‍, ദേശീയ സുരക്ഷാ സെക്രട്ടറിയറ്റിലെ കംപ്യൂട്ടര്‍ വിദഗ്ധനെ സിഐഎ റിക്രൂട്ട് ചെയ്തു; ഇന്ത്യ-അമേരിക്ക സൈബര്‍ സുരക്ഷാഫോറം വഴിയാണ് ഈ ബന്ധം സ്ഥാപിച്ചത്. 2005-2008 കാലത്ത് വിദേശനയത്തിലും സാമ്പത്തികനയങ്ങളിലും അമേരിക്കന്‍ അനുകൂല തീരുമാനങ്ങളുടെ കുത്തൊഴുക്കുതന്നെ ഉണ്ടായെന്ന് സന്ദേശങ്ങള്‍ വെളിപ്പെടുത്തുന്നു. ആണവകരാറിന് പകരമായി ഏതു കാര്യത്തിലും തങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാനുള്ള തീരുമാനം അമേരിക്ക ഇന്ത്യയെക്കൊണ്ട് എടുപ്പിച്ചു. 2005 സെപ്തംബറിലും 2006 ഫെബ്രുവരിയിലും ഐഎഇഎയില്‍ ഇറാനെതിരെ തുടര്‍ച്ചയായി രണ്ട് വോട്ടെടുപ്പ് നടന്നതിനു പിന്നാലെ 2006ല്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അമേരിക്കയുടെ അഭിലാഷപ്രകാരമുള്ള തുര്‍ക്ക്മെനിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്‍-ഇന്ത്യ പൈപ്പ്ലൈന്‍ പദ്ധതിയില്‍ ചേരാന്‍ തീരുമാനിച്ചു. അമേരിക്ക ആവശ്യപ്പെട്ടപ്രകാരം ഇറാന്‍-പാകിസ്ഥാന്‍-ഇന്ത്യ പൈപ്പ്ലൈന്‍ പദ്ധതി അട്ടിമറിച്ചതിനുള്ള വ്യക്തമായ സൂചനയാണിത്. സംയുക്ത സൈനികാഭ്യാസത്തിലും പ്രതിരോധ സഹകരണത്തിന്റെ മറ്റ് മേഖലകളിലും ഗണ്യമായ വര്‍ധന ഇക്കാലത്തുണ്ടായി. ലോജിസ്റ്റിക്സ് സപ്ലൈ കരാര്‍ എന്ന് അറിയപ്പെടുന്ന അക്വിസിഷന്‍ ആന്‍ഡ് ക്രോസ് സര്‍വീസിങ് കരാര്‍ അമേരിക്കയുമായി ഒപ്പിടാന്‍ യുപിഎ സര്‍ക്കാര്‍ നല്‍കുന്ന മുന്‍ഗണന സന്ദേശങ്ങള്‍ വ്യക്തമാക്കുന്നു. ഇതുവഴി അമേരിക്കന്‍ പടക്കപ്പലുകള്‍ക്കും പോര്‍വിമാനങ്ങള്‍ക്കും ഇന്ധനം നിറയ്ക്കാനായും അറ്റകുറ്റപ്പണികള്‍ക്കായും ചരക്കുകള്‍ കൊണ്ടുവരാനായും ഇന്ത്യന്‍ താവളങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. ഇപ്പോള്‍ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലുള്ള ഈ കരാര്‍ ഒപ്പിടുന്നതിനെ ഇടതുപക്ഷം ശക്തമായി എതിര്‍ത്തുവരികയാണ്.
2006ലെ കേന്ദ്രമന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച് അയച്ച സന്ദേശം അമേരിക്ക പുലര്‍ത്തുന്ന രാഷ്ട്രീയ സ്വാധീനത്തിനുള്ള തെളിവാണ്. പുനഃസംഘടനയെക്കുറിച്ച് അമേരിക്കന്‍ സ്ഥാനപതിയുടെ വിലയിരുത്തല്‍ ഇങ്ങനെ: "മന്ത്രിസഭ പുനഃസംഘടനയുടെ മൊത്തത്തിലുള്ള ഫലം ഇന്ത്യയിലും(ഇറാനിലും) അമേരിക്കന്‍ ലക്ഷ്യങ്ങള്‍ നേടാന്‍ അങ്ങേയറ്റം ഉപകരിക്കുമെന്നതാണ്". ശക്തമായ അമേരിക്കന്‍ പക്ഷപാതമുള്ള അഞ്ച് മന്ത്രിമാരെ-മുരളി ദേവ്റ, കപില്‍ സിബല്‍, ആനന്ദ് ശര്‍മ, അശ്വിനി കുമാര്‍, സെയ്ഫുദീന്‍ സോസ്-നിയമിച്ചതായി സന്ദേശത്തില്‍ പറയുന്നു. ഈ പുനഃസംഘടന ഇടതുപക്ഷത്തെ പ്രകോപിപ്പിച്ചതായി സന്ദേശത്തില്‍ തുടരുന്നു; മാത്രമല്ല ഇത്തരത്തില്‍ പ്രവചിക്കുകയും ചെയ്യുന്നു: ""ഈ പുനഃസംഘടനയെ അമേരിക്കന്‍പക്ഷത്തേക്കുള്ള വ്യതിയാനമായി കണ്ട് ഇടതുപക്ഷം കോണ്‍ഗ്രസില്‍നിന്ന് കൂടുതല്‍ അകലുകയും വരുംനാളുകളില്‍ യുപിഎ സര്‍ക്കാരിന്റെ സാമ്പത്തിക-വിദേശനയങ്ങളെ എതിര്‍ക്കാന്‍ കൂടുതല്‍ വീറോടെ പ്രവര്‍ത്തിക്കുകയും ചെയ്യും." പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയത്തില്‍നിന്ന് മണിശങ്കര്‍ അയ്യരെ മാറ്റി പകരം മുരളി ദേവ്റയെ നിയോഗിച്ചതിലുള്ള ആഹ്ലാദം അമേരിക്കന്‍ സ്ഥാനപതി മറച്ചുവയ്ക്കുന്നില്ല. ഇന്ത്യ-ഇറാന്‍ പൈപ്പ്ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ സ്വീകരിച്ച നിലപാടും ചൈനാ സന്ദര്‍ശനവുമാണ് അയ്യരെ നോട്ടപ്പുള്ളിയാക്കിയത്. മറിച്ച് അമേരിക്കന്‍ അനുകൂല നിലപാടും വന്‍കിട ബിസിനസുകാരുമായുള്ള ചങ്ങാത്തവും ദേവ്റയെ സ്വീകാര്യനാക്കി.
മന്‍മോഹന്‍ഭരണത്തില്‍ സര്‍ക്കാരിന്റെ എല്ലാ മേഖലയിലും കടന്നുകയറാനും സ്വാധീനം ചെലുത്താനും അമേരിക്കക്കാര്‍ക്ക് അവസരം നല്‍കി. ഈ അവസരം പ്രയോജനപ്പെടുത്തിയതിന് അമേരിക്കക്കാരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. എല്ലാ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും സേവനകാലയളവിനിടെ അമേരിക്കന്‍ സര്‍വകലാശാലകളില്‍ പരിശീലനം നല്‍കാന്‍ 2007ല്‍ തീരുമാനിച്ചത് ഇതേ യുപിഎ സര്‍ക്കാരാണ്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരായാലും സൈനിക ഉദ്യോഗസ്ഥരായാലും മുന്നോട്ടുപോകാനുള്ള വഴി അമേരിക്കയില്‍ പരിശീലനം നേടുകയെന്നതാണ്. ഇന്ത്യന്‍ രാഷ്ട്രീയ സംവിധാനത്തിന്റെ ഉന്നതതലത്തില്‍ നടമാടുന്ന അഴിമതിയുടെ നിരീക്ഷകരാണ് അമേരിക്കയെന്ന് സന്ദേശങ്ങള്‍ വ്യക്തമാക്കുന്നു. 2008ല്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കാന്‍ എംപിമാരെ കോഴ നല്‍കി വിലയ്ക്കെടുത്തതിന്റെ സ്ഥിരീകരണമായി പുറത്തുവന്ന സന്ദേശങ്ങള്‍ വന്‍ പ്രതിഷേധം സൃഷ്ടിച്ചിരിക്കുന്നു. മന്‍മോഹന്‍സിങ് സര്‍ക്കാരിനെ വോട്ടെടുപ്പില്‍ വിജയിപ്പിക്കാന്‍ എന്തുംചെയ്യാന്‍ അമേരിക്ക തയ്യാറായിരുന്നു. ഏതു തരത്തിലും ആണവകരാര്‍ നടപ്പാകണം. അതിന് ന്യായമോ അന്യായമോ ആയ ഏതു മാര്‍ഗവും അമേരിക്കയ്ക്ക് സ്വീകാര്യമായിരുന്നു. തിരുമംഗലം നിയമസഭ ഉപതെരഞ്ഞെടുപ്പിലും മധുര ലോക്സഭ തെരഞ്ഞെടുപ്പിലും ഡിഎംകെ സ്ഥാനാര്‍ഥികള്‍ പണം വിതരണം ചെയ്തതിന്റെ കൃത്യവും വിശദവുമായ വിവരണം അമേരിക്കയുടെ ചെന്നൈ കോണ്‍സുലേറ്റില്‍നിന്നുള്ള സന്ദേശം നല്‍കുന്നു. ഇത്തരം അറിവുകള്‍ വഴി അമേരിക്കയ്ക്ക് അഴിമതിക്കാരായ രാഷ്ട്രീയക്കാരെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുന്നു, അവരെ എങ്ങനെ വിലയ്ക്കെടുക്കാന്‍ കഴിയുമെന്നും മനസിലാകുന്നു.
ആണവകരാറിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ നടന്ന രാഷ്ട്രീയപോരാട്ടം സന്ദേശങ്ങളില്‍ വിവരിക്കുന്നു, ആണവകരാര്‍ നടപ്പാക്കുന്നതില്‍ അമേരിക്ക എത്രത്തോളം തല്‍പ്പരരായിരുന്നുവെന്നും തെളിയുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ഏറ്റവും സുപ്രധാനസംഭവമായി ആണവകരാറിനെ അവതരിപ്പിച്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും അദ്ദേഹത്തിന്റെ ഇഷ്ടക്കാരായി ചുറ്റുമുള്ള ഉദ്യോഗസ്ഥവൃന്ദവും രാജ്യതാല്‍പ്പര്യം സംരക്ഷിക്കുന്നതിനേക്കാള്‍ അമേരിക്കയുടെ താല്‍പ്പര്യങ്ങളാണ് മുന്നോട്ടുകൊണ്ടുപോയത്. സന്ദേശങ്ങള്‍ വ്യക്തമാക്കുന്നതുപോലെ, ആണവറിയാക്ടറുകളുടെ വില്‍പ്പന വഴി ഏതാനും ശതകോടി ഡോളറുകളുടെ സാമ്പത്തികലാഭം മാത്രമല്ല അമേരിക്കയ്ക്ക് ലഭിച്ചത്, ഇന്ത്യയെ ഉറച്ച തന്ത്രപ്രധാന പങ്കാളിയായി കിട്ടിയതാണ് മുഖ്യം.
ഈ വെളിപ്പെടുത്തലുകളെ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും ഒട്ടും ലജ്ജയില്ലാതെയാണ് നേരിടുന്നത്. സന്ദേശങ്ങളുടെ വസ്തുത പരിശോധിച്ചിട്ടില്ലെന്നും അതുകൊണ്ട് ആധികാരികമല്ലെന്നും അവര്‍ അവകാശപ്പെടുന്നു. സന്ദേശങ്ങളുടെ ചോര്‍ച്ചയെക്കുറിച്ചും ഇത് സൃഷ്ടിച്ചേക്കാവുന്ന അങ്കലാപ്പ് സംബന്ധിച്ചും അമേരിക്കന്‍ വിദേശസെക്രട്ടറി ഹിലരി ക്ലിന്റണ്‍തന്നെ വിദേശമന്ത്രിയെ ഫോണില്‍ വിളിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതില്‍നിന്നുതന്നെ യുപിഎ നേതൃത്വത്തിന്റെ വിശദീകരണം പൊളിയുന്നു. മന്‍മോഹന്‍സിങ്ങും കോണ്‍ഗ്രസ് നേതൃത്വവും ചേര്‍ന്ന് രാജ്യത്തെ എവിടെയാണ് എത്തിച്ചിരിക്കുന്നതെന്നതിന്റെ വ്യസനജനകമായ വിവരണമാണ് വിക്കിലീക്സ് പുറത്തുവിട്ട സന്ദേശങ്ങള്‍.
*
പ്രകാശ് കാരാട്ട് കടപ്പാട്: ദേശാഭിമാനി 26 March 2011
Subscribe to:
Post Comments (Atom)
1 comment:
ഇന്ത്യയില്‍നിന്ന് അയച്ച രഹസ്യ അമേരിക്കന്‍ നയതന്ത്രസന്ദേശങ്ങള്‍ പുറത്തുവന്നത് സുപ്രധാനമായ ചോര്‍ച്ചയാണ്. എന്‍ഡിഎ ഭരിച്ചപ്പോഴും ഇപ്പോള്‍ യുപിഎ ഭരണത്തിലും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം ഒറ്റയടിക്ക് ഇത് വെളിപ്പെടുത്തി. വിക്കിലീക്സ് വഴി ലഭിച്ച അമേരിക്കന്‍ നയതന്ത്രസന്ദേശങ്ങളുടെ പ്രസിദ്ധീകരണവും വിശകലനവും "ദി ഹിന്ദു"" പത്രം തുടരുകയാണ്, പക്ഷേ ഇതുവരെ ലഭിച്ചത് അസ്വസ്ഥജനകമായ ചിത്രമാണ്. നമ്മുടെ രാജ്യത്തിന്റെ തന്ത്രപ്രധാനമേഖലകളിലും വിദേശനയത്തിലും സാമ്പത്തികനയങ്ങളിലും അമേരിക്ക സ്വാധീനം ചെലുത്തുന്നു. ഉന്നതഉദ്യോഗസ്ഥരിലും സൈന്യത്തിലും സുരക്ഷാമേഖലയിലും രഹസ്യാന്വേഷണ ഏജന്‍സികളിലും അമേരിക്ക വിജയകരമായി കടന്നുകയറിയിരിക്കുന്നു. യുപിഎ സര്‍ക്കാര്‍ അമേരിക്കയുമായി തന്ത്രപരമായ സഖ്യമുണ്ടാക്കുന്നതില്‍ മുന്നോട്ടുപോയ 2005-2009 കാലത്തെ സന്ദേശങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
Post a Comment