Monday, March 21, 2011

ഒരുപിടി മണ്ണ് തലചായ്ക്കാനൊരിടം

സുസ്ഥിരവികസനത്തിനും അടിസ്ഥാനവര്‍ഗത്തിന്റെ ഉന്നമനത്തിനും വേണ്ടിയാണ് കഴിഞ്ഞ അഞ്ചുവര്‍ഷവും റവന്യൂ വകുപ്പ് നിലകൊണ്ടത്. യുഡിഎഫ് ഏറ്റെടുക്കാന്‍ പോലും തയ്യാറാകാതിരുന്ന നിരവധി വിഷയങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ മന്ത്രി കെ പി രാജേന്ദ്രന്റെ നേതൃത്വത്തില്‍ വകുപ്പിന് കഴിഞ്ഞു. യുഡിഎഫ് ഭരണകാലത്ത് കേരളത്തില്‍ നിരവധി കര്‍ഷകരാണ് കടംകയറി ആത്മഹത്യ ചെയ്തത്. എല്‍ഡിഎഫ് അധികാരത്തിലെത്തിയ ശേഷം കടങ്ങള്‍ എഴുതിത്തള്ളിക്കൊണ്ട് കര്‍ഷകരെ രക്ഷിച്ചു. ഇതിനായി ഉണ്ടാക്കിയ കര്‍ഷക കടാശ്വാസ കമീഷന്‍ നിയമത്തിന് രൂപം നല്‍കിയത് റവന്യൂ വകുപ്പാണ്. പരിസ്ഥിതിസംരക്ഷണവും ഭക്ഷ്യസുരക്ഷയും ലക്ഷ്യമാക്കിയുള്ള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം കൊണ്ടുവന്നു. സര്‍ക്കാര്‍ ഭൂമി കൈയ്യേറുന്നവര്‍ക്കും കൈയ്യേറ്റത്തിന് കൂട്ടുനില്‍ക്കുന്നവര്‍ക്കും കര്‍ശന നടപടിയെടുക്കാന്‍ വ്യവസ്ഥ ചെയ്യുന്ന വിധത്തില്‍ ഭൂസംരക്ഷണനിയമത്തില്‍ ഭേദഗതി വരുത്തി.

ഭൂരഹിതര്‍ക്ക് മുഴുവന്‍ ഭൂമി നല്‍കുകയാണ് റവന്യൂ വകുപ്പ് പ്രധാന ദൌത്യമായി കണ്ടത്. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം വിവിധ ഘട്ടങ്ങളിലായി നടന്ന നൂറുറോളം പട്ടയമേളകളിലൂടെ ഒന്നരലക്ഷത്തിലധികം പേരാണ് ഭൂമിയുടെ അവകാശികളായത്. 14,658 പേര്‍ക്ക് മിച്ചഭൂമി പട്ടയവും 31,500 പേര്‍ക്ക് കൈവശരേഖയും 63,500 പേര്‍ക്ക് മറ്റു വിവിധ പട്ടയങ്ങളും നല്‍കി. 14,048 ആദിവാസി സെറ്റില്‍മെന്റ് കോളനി കൈവശരേഖകളും നല്‍കി. കണ്ണൂര്‍ ജില്ലയിലെ ആറളം, ആലക്കോട് എസ്റേറ്റുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലായി 6000 ആദിവാസികള്‍ക്കും ഭൂമിയുടെ അവകാശം നല്‍കി. ആദിവാസി വനാവകാശനിയമത്തിന്റെ അടിസ്ഥാനത്തില്‍ 21,000ത്തോളം വനാവകാശരേഖകള്‍ വിതരണംചെയ്തു. ഇടുക്കിയില്‍ കൈയ്യേറ്റമൊഴിപ്പിച്ച ഭൂമി 3344 പേര്‍ക്ക് പതിച്ചുനല്‍കി. 9965 അനധികൃത കൈയ്യേറ്റങ്ങള്‍ കണ്ടെത്തി അവയില്‍ 4020 എണ്ണം ഒഴിപ്പിക്കുകയുംചെയ്തു. കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചെടുത്തതിലൂടെ ലഭിച്ച ഭൂമിയും ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നതിന് നടപടിയെടുത്തു. ഇടുക്കി ജില്ലയില്‍ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചെടുത്ത ഭൂമി 1044 പേര്‍ക്ക് വിതരണം ചെയ്തുകൊണ്ട് ഇതിനു തുടക്കം കുറിച്ചു.

രാജ്യത്ത് ഭൂരഹിത ആദിവാസികളില്ലാത്ത ആദ്യ ജില്ലയായി കൊല്ലം മാറി. തൃശൂര്‍, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ 1977 ജനുവരി ഒന്നിന് മുമ്പ് കുടിയേറിയ മലയോര കര്‍ഷകരുടെ 28,558 ഹെക്ടര്‍ ഭൂമിയ്ക്ക് പട്ടയം നല്‍കി.

വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി വിതരണം ചെയ്യുന്ന കാര്യത്തില്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് നടത്തിയത്. സര്‍ക്കാരിന്റെ കൈവശമുള്ള ഭൂമിയും കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചെടുത്ത ഭൂമിയും സംരക്ഷിക്കുന്നതിന് ലാന്‍ഡ് ബാങ്ക് രൂപീകരിച്ചു. വിവിധ ജില്ലകളില്‍നിന്ന് കൈയ്യേറ്റമൊഴിപ്പിച്ചെടുത്ത 13,153.57 ഏക്കര്‍ ഉള്‍പ്പെടെ ഇതുവരെയായി 1,39,000 ഏക്കര്‍ ഭൂമിയാണ് ലാന്‍ഡ് ബാങ്കില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭൂമി ഏറ്റെടുക്കുമ്പോള്‍ ഒഴിപ്പിക്കപ്പെടുന്നവര്‍ക്കായി പുനരധിവാസ പദ്ധതി നടപ്പിലാക്കി. ഭൂമി ഇടപാടുകള്‍ സുതാര്യവും അഴിമതി രഹിതവുമാക്കുക എന്ന ലക്ഷ്യത്തോടെ റവന്യൂ വകുപ്പിന്റെ ഐടി സെല്‍ വെബ്സൈറ്റ്, ടോള്‍ഫ്രീ കാള്‍ സെന്റര്‍ എന്നിവ പ്രവര്‍ത്തനമാരംഭിച്ചു. വില്ലേജ് തല ജനകീയ സഭകള്‍, കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ എന്നിവ രൂപീകരിച്ചു.

സംസ്ഥാന ദുരന്ത നിവാരണനയം പ്രഖ്യാപിക്കുകയും ജില്ലാതല പ്ളാനുകള്‍ തയ്യാറാക്കുകയുംചെയ്തു. ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചു. കേന്ദ്രസഹായത്തിനു കാത്തു നില്‍ക്കാതെ കെടുതിക്കിരയായവര്‍ക്കും കൃഷിനാശം സംഭവിച്ചവര്‍ക്കും അടിയന്തര സഹായമെത്തിച്ച് മാതൃകകാട്ടി. എല്ലാ സ്കൂളുകളിലും സുരക്ഷാ ക്ളബ്ബുകള്‍ സ്ഥാപിക്കുകയും വില്ലേജ് തലത്തില്‍ യുവ കര്‍മസേന രൂപീകരിക്കുകയുംചെയ്തു. തീരദേശത്ത് 400 കോടി രൂപമുതല്‍ മുടക്കി സ്ഥിരം സുരക്ഷാ ഷെല്‍ട്ടറുകള്‍ പണിയുന്ന പ്രവര്‍ത്തനം തുടങ്ങി.
നദീസംരക്ഷണത്തിനും അനധികൃത മണലെടുപ്പ് തടയുന്നതിനുമായി ജില്ലാതല വിദഗ്ധസമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം സജീവമാക്കുകയും ചെയ്തു. നദികളുടെയും തീരങ്ങളുടെയും സംരക്ഷണത്തിനായി നദീസംരക്ഷണസേന രൂപീകരിച്ചു. ഭൂമിയുടെ ജലസംഭരണശേഷി വര്‍ധിപ്പിക്കുന്നതിനുകൂടി സഹായകരമാകുന്ന വിധത്തില്‍ 250 കോടി രൂപ വിനിയോഗിച്ച് ചെറുതും വലുതുമായ അറുനൂറോളം പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി.

മലനാടിന്റെ മക്കളും ഭൂമിയുടെ അവകാശികള്‍

ഇടുക്കി: മലയോര കുടിയേറ്റ കര്‍ഷകര്‍ക്ക് ഉപാധികളില്ലാത്ത പൂര്‍ണാധികാര പട്ടയം നല്‍കി ഭൂമിയുടെ അവകാശികളാക്കിയത് അരനൂറ്റാണ്ടിനുള്ളിലെ നാഴികക്കല്ലാണ്. കുടിയേറ്റവും കൈയേറ്റവും ചേര്‍ന്ന് സങ്കീര്‍ണമായ ഭൂപ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നിയമപോരാട്ടങ്ങള്‍ എതിരാളികളും അംഗീകരിക്കുന്നു. അഞ്ചുവര്‍ഷത്തിനുള്ളില്‍ അര്‍ഹതപ്പെട്ട 28,017 കര്‍ഷക കുടുംബത്തിന്് പട്ടയം നല്‍കി. ഭൂരഹിതര്‍ക്കും ആദിവാസികള്‍ക്കും ഭൂമിയും സര്‍ക്കാര്‍ ഉറപ്പാക്കി. ഉപാധിരഹിതമായി മാത്രം 14,797 കര്‍ഷകര്‍ക്ക് പട്ടയം ലഭിച്ചു. വനാവകാശ നിയമപ്രകാരം 5,312 ആദിവാസികള്‍ക്ക് കൈവശാവകാശ രേഖയും മറ്റുള്ളവര്‍ക്ക് പട്ടയവും നല്‍കി. മൂവായിരത്തിലധികം തോട്ടം തൊഴിലാളികള്‍ക്ക് അഞ്ചുസെന്റ് വീതമാണ് നല്‍കിയത്.

യുഡിഎഫ് സര്‍ക്കാരുകള്‍ ഒളിച്ചുകളിച്ച പട്ടയപ്രശ്നത്തില്‍ ഇടപെട്ട് കര്‍ഷകര്‍ക്ക് അനുകൂലമായി സുപ്രീംകോടതിവിധി നേടിയെടുക്കുകയായിരുന്നു എല്‍ഡിഎഫ്. ചരിത്രത്തില്‍ ആദ്യമായി പട്ടയക്കേസില്‍ വനം-റവന്യൂവകുപ്പുകളുടെ യോജിച്ച സത്യവാങ്മൂലം നല്‍കിയത് ഈ സര്‍ക്കാരാണ്. കൂട്ടായ സത്യവാങ്മൂലം നല്‍കാതെ കെ എം മാണിയും ഉമ്മന്‍ചാണ്ടിയും രൂപപ്പെടുത്തിയ നിയമക്കുരുക്കഴിക്കാന്‍ വി എസ് സര്‍ക്കാര്‍ ഏറെ പണിപ്പെട്ടു. 1977 ജനുവരി ഒന്നുവരെയുള്ള എല്ലാ കുടിയേറ്റ ഭൂമിക്കും പട്ടയം നല്‍കണമെന്ന് നിയമസഭയുള്‍പ്പെടെ അംഗീകരിച്ചതാണ്. ഇതിനെതിരെ പരിസ്ഥിതി സംഘടനകള്‍ നല്‍കിയ അപ്പീലില്‍ ഇടപെടാന്‍ യുഡിഎഫിനായില്ല. തുടര്‍ന്ന് സുപ്രീംകോടതിവിധിക്ക് വിധേയമായി മാത്രമേ പട്ടയം വിതരണം നടത്താവൂവെന്ന് ഉപാധി വന്നത് 1993ല്‍ കെ എം മാണി റവന്യൂമന്ത്രിയായിരിക്കുമ്പോഴാണ്. ഒരു കുടുംബത്തിന് അഞ്ചേക്കര്‍ പരിധി ഒഴിവാക്കി ഒരേക്കറിനേ പട്ടയം നല്‍കാന്‍ പാടുള്ളൂവെന്ന വ്യവസ്ഥ കൊണ്ടുവന്നത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും കെ എം മാണി റവന്യൂമന്ത്രിയും ആയിരുന്ന 2005ലാണ്. സര്‍ക്കാരിന്റെ അഭിപ്രായംതേടി സുപ്രീംകോടതി പലതവണ അയച്ച കത്തുകളും യുഡിഎഫ് സര്‍ക്കാര്‍ മറുപടി നല്‍കിയില്ല. മലയോരകര്‍ഷകര്‍ക്ക് പട്ടയം നല്‍കുന്നതിന് കടുത്ത എതിര്‍പ്പ് വനം മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രകടിപ്പിച്ചു.

അര്‍ഹരായ എല്ലാ കര്‍ഷകര്‍ക്കും 2011 ജനുവരി മുതല്‍ പല ഘട്ടത്തിലായി പട്ടയം നല്‍കിവരുന്നു. ഇതോടെ പതിറ്റാണ്ടുകളായി നിലനിന്ന കര്‍ഷകരുടെ ജീവത്തായ പ്രശ്നത്തിനു പരിഹാരമായി.
(കെ ടി രാജീവ്)

മൂന്നാറില്‍ തിരിച്ചുപിടിച്ചത് 17,066.49 ഏക്കര്‍
ഇടുക്കി: ഹരിതസമൃദ്ധിയുടെയും ജൈവവൈവിധ്യത്തിന്റെയും കലവറയായി ഹൈറേഞ്ചിനെ സംരക്ഷിക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത് ഐതിഹാസിക നടപടി. മൂന്നാര്‍ കണ്ണന്‍ദേവന്‍ മലനിരയിലെ 17,066. 49 ഏക്കര്‍ ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി വനഭൂമിയായി പ്രഖ്യാപിച്ചത് 2011 ജനുവരി ഏഴിനാണ്. ടാറ്റ കൈയടക്കി വച്ച 1200 ഏക്കര്‍ ആദ്യംതന്നെ തിരിച്ചുപിടിച്ചു. മൂന്നു പതിറ്റാണ്ടായി അനിശ്ചിതത്വത്തിലായിരുന്ന ഭൂപ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനായി. വനം വെട്ടി നശിപ്പിച്ചും കുന്നുകള്‍ ഇടിച്ചുനിരത്തിയും മൂന്നാറിലെ പരിസ്ഥിതി സന്തുലിതാവസ്ഥ തകര്‍ത്തെറിഞ്ഞ കൈയേറ്റ ലോബികള്‍ക്ക് കനത്ത പ്രഹരമായിരുന്ന വനഭൂമി പ്രഖ്യാപനം. മൂന്നാറിലെ മനോഹാരിത സംരക്ഷിച്ച് ടൂറിസം കേന്ദ്രമായി നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും ഇതു പ്രതീക്ഷയായി.

*
കടപ്പാട്: ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സുസ്ഥിരവികസനത്തിനും അടിസ്ഥാനവര്‍ഗത്തിന്റെ ഉന്നമനത്തിനും വേണ്ടിയാണ് കഴിഞ്ഞ അഞ്ചുവര്‍ഷവും റവന്യൂ വകുപ്പ് നിലകൊണ്ടത്. യുഡിഎഫ് ഏറ്റെടുക്കാന്‍ പോലും തയ്യാറാകാതിരുന്ന നിരവധി വിഷയങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ മന്ത്രി കെ പി രാജേന്ദ്രന്റെ നേതൃത്വത്തില്‍ വകുപ്പിന് കഴിഞ്ഞു. യുഡിഎഫ് ഭരണകാലത്ത് കേരളത്തില്‍ നിരവധി കര്‍ഷകരാണ് കടംകയറി ആത്മഹത്യ ചെയ്തത്. എല്‍ഡിഎഫ് അധികാരത്തിലെത്തിയ ശേഷം കടങ്ങള്‍ എഴുതിത്തള്ളിക്കൊണ്ട് കര്‍ഷകരെ രക്ഷിച്ചു. ഇതിനായി ഉണ്ടാക്കിയ കര്‍ഷക കടാശ്വാസ കമീഷന്‍ നിയമത്തിന് രൂപം നല്‍കിയത് റവന്യൂ വകുപ്പാണ്. പരിസ്ഥിതിസംരക്ഷണവും ഭക്ഷ്യസുരക്ഷയും ലക്ഷ്യമാക്കിയുള്ള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം കൊണ്ടുവന്നു. സര്‍ക്കാര്‍ ഭൂമി കൈയ്യേറുന്നവര്‍ക്കും കൈയ്യേറ്റത്തിന് കൂട്ടുനില്‍ക്കുന്നവര്‍ക്കും കര്‍ശന നടപടിയെടുക്കാന്‍ വ്യവസ്ഥ ചെയ്യുന്ന വിധത്തില്‍ ഭൂസംരക്ഷണനിയമത്തില്‍ ഭേദഗതി വരുത്തി.