Saturday, March 12, 2011

ഐസ്‌ക്രീമില്‍ വഴുതി വീരനും വീരഭൂമിയും

കേരളത്തിലെ രാഷ്‌ട്രീയ, സാംസ്‌കാരിക രംഗങ്ങളില്‍ മുഴങ്ങിയിരുന്ന ധാര്‍മികതയുടെ 'വീര'ഗര്‍ജനം ഇപ്പോള്‍ നിലച്ചമട്ടാണ്. കാലം ചിലപ്പോള്‍ വീരേന്ദ്രകുമാറിനെയും ഐസ്‌ക്രീം ആരാധകനാക്കും.

'ഇത്രമേല്‍ ധാര്‍മിക മൂല്യച്യുതി സംഭവിച്ച അവസ്ഥ മുമ്പുണ്ടായിട്ടില്ല' എന്ന് ഐസ്‌ക്രീം കേസിനെക്കുറിച്ച് 2004ല്‍ പ്രതികരിച്ചിരുന്ന ശ്രീമാനിപ്പോള്‍, പെണ്‍വാണിഭക്കേസിനെ ന്യായീകരിക്കാന്‍ അത്യുത്സാഹത്തോടെയാണ് രംഗത്തിറങ്ങിയിരിക്കുന്നത്. കുഞ്ഞാലിക്കുട്ടി മന്ത്രിസ്ഥാനം രാജിവയ്‌ക്കണമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പറഞ്ഞയാള്‍, ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിക്ക് കീ ജയ് വിളിക്കുന്ന പാവം ലീഗണികളില്‍ ഒരാളായി. ലീഗിനെ നയിക്കാന്‍ കുഞ്ഞാലിക്കുട്ടിതന്നെയാണ് യോഗ്യനെന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറത്ത് ഇ അഹമ്മദ് ആര്‍ത്തുവിളിച്ചപ്പോള്‍ കൈ ചേര്‍ത്തുപിടിച്ച് ഏറ്റുവിളിച്ചവരില്‍ ഈ വില്ലാളിവീരനെയും കണ്ടപ്പോള്‍ മാതൃഭൂമിയുടെ പഴയതാളുകളില്‍നിന്ന് അക്ഷരങ്ങള്‍ നിലവിളിച്ചു കാണും.

ഐസ്‌ക്രീം കേസിലെ മൊഴി മാറ്റാന്‍ പണം നല്‍കിയതിനെക്കുറിച്ചാണ് പീഡനത്തിലെ ഇരയായ റജീന 2004ല്‍ വെളിപ്പെടുത്തിയത്. വീരേന്ദ്രകുമാര്‍ ധാര്‍മിക മൂല്യച്യുതിയില്‍ മനംനൊന്ത് അന്നു നടത്തിയ നെടുങ്കന്‍ പ്രസ്‌താവനകള്‍ മാതൃഭൂമിയുടെ പഴയ താളുകളില്‍ നീണ്ടുനിവര്‍ന്ന് കിടപ്പുണ്ട്. മാതൃഭൂമിയും പ്രസ്‌താവനകളും പ്രസംഗങ്ങളും മുഖപ്രസംഗങ്ങളുമായി കുഞ്ഞാലിക്കുട്ടിയെ അതിനിശിതമായി ആക്രമിച്ചതും ചരിത്രം.

ഐസ്‌ക്രീം കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ കുഞ്ഞാലിക്കുട്ടി നടത്തിയ ശ്രമങ്ങളെയും അതിന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഒത്താശ ചെയ്‌തതിനെയും പത്രവും വീരേന്ദ്രകുമാറും വിമര്‍ശിക്കുന്നതും ഈ വാര്‍ത്തകളിലുണ്ട്. 'ഐസ്‌ക്രീം കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം, ഉമ്മന്‍ചാണ്ടി ആഭ്യന്തരം ഒഴിയണം' എന്നിങ്ങനെ പോയി വീരന്റെ വീരസ്യങ്ങള്‍. എന്നിട്ടും അരിശം തീരാഞ്ഞിട്ട് ക്രൈം ഫെയിം നന്ദകുമാറിനെക്കൊണ്ടുവരെ എഡിറ്റ് പേജില്‍ ലേഖനം എഴുതിച്ചിരുന്നു.അന്ന് വീരേന്ദ്രകുമാറും മാതൃഭൂമിയും ആരോപിച്ച കാര്യങ്ങളുടെ തെളിവുകളാണ് റൌഫ് വാര്‍ത്താസമ്മേളനത്തിലും പിന്നീട് അന്വേഷണോദ്യോഗസ്ഥരുടെ ചോദ്യംചെയ്യലിലും പുറത്തുവിട്ടതെന്ന് ഓര്‍ക്കണം.

ഐസ്‌ക്രീം കേസ് അട്ടിമറിക്കാന്‍ കുഞ്ഞാലിക്കുട്ടിയും കൂട്ടാളികളും ഇരകളെയും സാക്ഷികളെയും അന്വേഷണോദ്യോഗസ്ഥരെയും മുതല്‍ ജുഡീഷ്യറിയെവരെ പണമെറിഞ്ഞും പ്രലോഭിപ്പിച്ചും സ്വാധീനിച്ചുവെന്നതിന്റെ തെളിവുകളും നാള്‍വഴിയുമാണ് റൌഫിന്റെ വെളിപ്പെടുത്തലിലുള്ളത്. മനഃസാക്ഷി സൂക്ഷിപ്പുകാരനും ഐസ്‌ക്രീം കറ കഴുകിവെളുപ്പിക്കാനുള്ള വഴിവിട്ട പ്രവര്‍ത്തനങ്ങളിലെല്ലാം വിശ്വസ്‌തനായി കൂടെ നിന്നയാളും മാത്രമല്ല, കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധുവുമാണ് ഇദ്ദേഹം. കേരളം ഞെട്ടലോടെയാണ് ഈ വെളിപ്പെടുത്തല്‍ ശ്രവിച്ചത്.

ആശങ്കയും അലയൊലിയും രാഷ്‌ട്രീയ, സാമൂഹ്യ രംഗത്ത് ഒതുങ്ങിനില്‍ക്കുന്നതായിരുന്നില്ല. ജുഡീഷ്യറിയെയും കാശ് കൊടുത്ത് സ്വാധീനിക്കുന്നതിലൂടെ നിയമസംവിധാനത്തെത്തന്നെ അട്ടിമറിക്കുന്നതിന്റെ ഞെട്ടിക്കുന്ന സംഭവപരമ്പരകളാണ് റൌഫിന്റെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നത്. ജുഡീഷ്യറിയുടെ വിശ്വാസ്യതയും ചോദ്യംചെയ്യപ്പെട്ടതോടെ ഐസ്‌ക്രീം കേസ് കേവലമൊരു പെണ്‍വാണിഭമെന്നതിനപ്പുറം, അതീവഗൌരവമായ ചോദ്യങ്ങളുയര്‍ത്തുന്നുവെന്നതാണ് നേര്.

എന്നാല്‍, മുമ്പ് ഐസ്‌ക്രീം കേസില്‍ ധാര്‍മിക- നിയമ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഗര്‍ജിച്ചിരുന്ന സാക്ഷാല്‍ ശ്രീമാന്‍ വീരേന്ദ്രകുമാറിന്റെ പ്രതികരണങ്ങള്‍ സഹതാപാര്‍ഹമാണ്. മാതൃഭൂമിയാകട്ടെ കുഞ്ഞാലിക്കുട്ടിയെ വെള്ളപൂശാനുള്ള മത്സരത്തില്‍ ലീഗുകാരെപ്പോലും തോല്‍പ്പിച്ചുകളഞ്ഞു.

റൌഫിന്റെ വെളിപ്പെടുത്തലില്‍ പഴയ കഥകള്‍മാത്രമേ വീരന് കണ്ടെത്താനായുള്ളൂ. മുമ്പ് പുറത്തുവന്ന കാര്യങ്ങളില്‍നിന്ന് വ്യത്യസ്‌തമായി ഒന്നുമില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. എന്നാല്‍, റൌഫ് ഇപ്പോള്‍ പറഞ്ഞ പല സംഗതിയുടെയും സൂചനകള്‍ മാതൃഭൂമി 2004ല്‍തന്നെ വാര്‍ത്തയാക്കിയിരുന്നു. കോഴിക്കോട് സെഷന്‍സ് കോടതിയിലെ വിചാരണ അട്ടിമറിക്കാനുള്ള ഗൂഢശ്രമങ്ങളെക്കുറിച്ച് 2004 നവംബര്‍ നാലിന്റെ മാതൃഭൂമി വാര്‍ത്തയില്‍ 'മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനെ കാണാന്‍ നടത്തിയ ശ്രമവും പുറത്തുവന്നു. കേസ് അട്ടിമറിക്കാന്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയും അദ്ദേഹവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ അഭിഭാഷകനും ഗൂഢാലോചന നടത്തിവരികയാണെന്നും ആരോപിക്കപ്പെടുന്നു' എന്നാണ് പറഞ്ഞത്.

റൌഫിന്റെ വെളിപ്പെടുത്തലുകളുടെ വിശ്വാസ്യതയ്‌ക്ക് ഈ വാര്‍ത്തതന്നെ ഒന്നാന്തരം സാക്ഷ്യപത്രമാണ്. പക്ഷേ, എന്തുചെയ്യാന്‍ ഗതികെട്ട വീരന് കുഞ്ഞാലിക്കുട്ടിയും ശരണം.


*****


ഇ കെ പത്മനാഭന്‍, കടപ്പാട് : ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തിലെ രാഷ്‌ട്രീയ, സാംസ്‌കാരിക രംഗങ്ങളില്‍ മുഴങ്ങിയിരുന്ന ധാര്‍മികതയുടെ 'വീര'ഗര്‍ജനം ഇപ്പോള്‍ നിലച്ചമട്ടാണ്. കാലം ചിലപ്പോള്‍ വീരേന്ദ്രകുമാറിനെയും ഐസ്‌ക്രീം ആരാധകനാക്കും.

'ഇത്രമേല്‍ ധാര്‍മിക മൂല്യച്യുതി സംഭവിച്ച അവസ്ഥ മുമ്പുണ്ടായിട്ടില്ല' എന്ന് ഐസ്‌ക്രീം കേസിനെക്കുറിച്ച് 2004ല്‍ പ്രതികരിച്ചിരുന്ന ശ്രീമാനിപ്പോള്‍, പെണ്‍വാണിഭക്കേസിനെ ന്യായീകരിക്കാന്‍ അത്യുത്സാഹത്തോടെയാണ് രംഗത്തിറങ്ങിയിരിക്കുന്നത്. കുഞ്ഞാലിക്കുട്ടി മന്ത്രിസ്ഥാനം രാജിവയ്‌ക്കണമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പറഞ്ഞയാള്‍, ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിക്ക് കീ ജയ് വിളിക്കുന്ന പാവം ലീഗണികളില്‍ ഒരാളായി.