Tuesday, March 29, 2011
എ കെ ജി-പോരാട്ടത്തിന്റെ കനല്‍ വഴികള്‍
(ഒന്ന്)
അടിയന്തരാവസ്ഥയുടെ അബോധത്തില്‍നിന്ന് രാജ്യം പതുക്കെ ഉണര്‍ന്നുതുടങ്ങുകയും ഏകാധിപതികളുടെ പതനം തുടങ്ങുകയും ചെയ്ത ദിവസങ്ങളില്‍ എ കെ ജി അബോധാവസ്ഥയിലായിക്കഴിഞ്ഞിരുന്നു. ഖിലാഫത്തിലൂടെ ദേശീയസമരത്തിന്റെ ഭാഗമായിത്തീര്‍ന്ന ആയില്യത്ത് കുറ്റ്യേരി ഗോപാലന്‍ നമ്പ്യാര്‍ എ കെ ജി എന്ന ത്രയാക്ഷരിയായി, സഹ്യനും വിന്ധ്യനും പലപ്പോഴും ഹിമവാനുമപ്പുറം വളര്‍ന്നതിന്റെ കഥ ഒരു വാക്കില്‍ സംഗ്രഹിക്കാനാവും: കമിറ്റ്മെന്റ്. ഷാജി എന്‍ കരുണ്‍ തന്റെ സിനിമയിലൂടെ പ്രക്ഷേപിക്കുന്നതും ഇതാണ്. ആ സിനിമയുടെ ശീര്‍ഷകം എ കെ ജി യുടെ ജീവിതത്തെ രണ്ടു പദങ്ങളില്‍ വിവരിക്കാന്‍ ശ്രമിക്കുന്നുണ്ട്-അതിജീവനത്തിന്റെ കനല്‍വഴികള്‍. പക്ഷേ, അതിലെ അതിജീവനം എന്നപദം എത്രമാത്രം ശരിയാണെന്ന് എനിക്കറിഞ്ഞുകൂടാ. അതൊരു ഭാഷാശാസ്ത്രപ്രഹേളികയായി അവശേഷിക്കട്ടെയെന്ന് തീരുമാനിക്കാനാണെനിക്കിഷ്ടം. കാരണം എ കെ ജി അതിജീവനസമരങ്ങള്‍ നടത്തിയതായി ഞാന്‍ കരുതുന്നില്ല.
എഴുപത്തിമൂന്ന് വര്‍ഷത്തെ സാര്‍ഥകമായ ആ ജീവിതത്തിന്റെ ഓരോ നിമിഷവും താന്‍ തിളങ്ങി ജീവിക്കുന്നതിന്റെ നക്ഷത്രബിന്ദുവായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. അതിജീവനം ആവശ്യമായ അശരണജന്മമമായിരുന്നില്ല എ കെ ജി യുടേത്, അദ്ദേഹം വിമോചനം നല്കാനാഗ്രഹിച്ച പണിയാളന്മാരുടേത്. എന്തിന്, ഇന്ത്യന്‍ കോഫി ഹൌസ് പോലും അതിജീവനത്തിന്റെ ആയുധമായിരുന്നില്ല. ബ്രിട്ടീഷ് കമ്പനിയുടമകള്‍ പൂട്ടിയിട്ട കോഫീ ഹൌസുകള്‍ പുനര്‍ജീവിപ്പിക്കുകമാത്രമല്ല സഖാവ് എ കെ ജി ചെയ്തത്. പോരാട്ടത്തിന്റെ വഴിയിലൂടെ പുതിയൊരു ജീവനസംഗീതം സൃഷ്ടിക്കാന്‍ കഴിയുമെന്ന്, തൊഴിലെടുക്കുന്ന മനുഷ്യര്‍ക്ക് കഴിയുമെന്ന് ഇന്ത്യയെയാകമാനം ബോധ്യപ്പെടുത്തുകയായിരുന്നു. ഇന്ത്യന്‍ കോഫീഹൌസും ഒരു സമരമായിരുന്നു എ കെ ജി ക്ക്.
(രണ്ട്)
1904 ഒക്ടോബര്‍ ഒന്നിന് ഭൂജാതനാവുകയും ഐതിഹാസികസമരങ്ങളുടെ നേതൃ-ജേതൃ പദവിയില്‍ കര്‍മജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുകയും 1977 മാര്‍ച്ച് 22ന് തിരുവനന്തപുരം മെഡിക്കല്‍കോളേജാശുപത്രിയില്‍ നിര്യാതനാവുകയുംചെയ്തു. അദ്ധ്യാപകനായിരിക്കെ 1927ലാണ് എ കെ ജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേരുന്നത്. സ്വദേശിപ്രസ്ഥാനത്തിലും ഖാദിപ്രചാരണത്തിലും ഹരിജനോദ്ധാരണപ്രസ്ഥാനത്തിലും അദ്ദേഹം സജീവമായിപ്രവര്‍ത്തിച്ചു. അതിനിടയിലാണ് ഉപ്പുസത്യഗ്രഹമാരംഭിച്ചത്. പയ്യന്നൂരിലേക്ക് കെ കേളപ്പന്റെ നേതൃത്വത്തില്‍ പ്രയാണം ചെയ്യുന്ന കാല്‍നടയാത്രയ്ക്ക് ചൊവ്വയില്‍ എ കെ ജി ഒരു സ്വീകരണമൊരുക്കി. ഈ കാല്‍നടജാഥ എ കെ ജി യെ ആവേശഭരിതനാക്കി. അതായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവ്. ആത്മകഥയില്‍ എ കെ ജി എഴുതുന്നു: 'ആ രാത്രി എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. രണ്ടു ചിന്താധാരകള്‍ എന്നില്‍ പരസ്പരം ഏറ്റുമുട്ടി. എല്ലാം വിട്ടെറിഞ്ഞ് സമരത്തില്‍ പങ്കെടുക്കണമെന്ന് മനസ്സാക്ഷി എന്നോട് ആവശ്യപ്പെട്ടു. ഇതിനര്‍ഥം പ്രിയപ്പെട്ടവരില്‍നിന്നെല്ലാം വേര്‍പെടണമെന്നും പിതാവിന്റെ അസന്തുഷ്ടിക്ക് പാത്രമാവണമെന്നുമായിരുന്നു. അമ്മയും കുടുംബവും കഷ്ടപ്പെടേണ്ടിവരും, അവര്‍ക്ക് സുഖഭോഗങ്ങളൊന്നും പിന്നെയുണ്ടാവില്ല. ഒരുപക്ഷേ, അവര്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരും, മുഷിഞ്ഞ പെരുമാറ്റത്തിനു പാത്രമാവും. എനിക്ക് തൊഴില്‍ നഷ്ടമാവും. പലവിധ വൈഷമ്യങ്ങള്‍ക്കും വിധേയനാവും. മറിച്ച്, അടിച്ചമര്‍ത്തലിനും ആത്മനാശത്തിനും കൊള്ളയ്ക്കും കൊള്ളിവയ്പിനും കൊലയ്ക്കും വിധേയരായ ഒരു ജനതയുടെ മോചനത്തിനായുള്ള പോരാട്ടത്തില്‍ പങ്കെടുക്കുന്നതിന്റെ ചാരിതാര്‍ഥ്യം എനിക്കുണ്ടാവും. ഞാന്‍ ഭാരതമാതാവിന്റെ അഭിമാനപുത്രനായിത്തീരും, ഒടുവില്‍ എ കെ ജി യിലെ പോരാളി വിജയം വരിച്ചു. ഉപ്പു സത്യഗ്രഹത്തില്‍ പങ്കെടുത്തതിന് 1930ല്‍ അദ്ദേഹം ആദ്യമായി അറസ്റ് വരിച്ചു. കണ്ണൂര്‍ ജയിലില്‍ അദ്ദേഹം തടവിലായി.
(മൂന്ന്)
ജയിലിലാണ് എ കെ ജി രാഷ്ട്രീയവും ദാര്‍ശനികവുമായ വിമോചനത്തിന് വിധേയനാവുന്നത്. വലിയൊരു ഭാവാന്തരമായിരുന്നു അത്. സത്യഗ്രഹിയില്‍നിന്ന് വിപ്ളവകാരിയിലേക്കുള്ള പരിവര്‍ത്തനം ജയിലിലാണ് സംഭവിച്ചത്. രണ്ടുവര്‍ഷത്തെ ജയില്‍വാസം അദ്ദേഹത്തെ സമ്പൂര്‍ണമായ സമഷ്ടിചിന്തയിലേക്ക് വളര്‍ത്തി. ജയിലാണ് എ കെ ജി യെ രൂപപ്പെടുത്തിയത്. തൊഴിലുപേക്ഷിക്കാനും മുഴുവന്‍സമയരാഷ്ട്രീയപ്രവര്‍ത്തകനാവാനും എ കെ ജി തീരുമാനിച്ചു. സ്വദേശിപ്രസ്ഥാനത്തിന് എ കെ ജി യിലൂടെ സവിശേഷമായ ഒരുണര്‍വുണ്ടായി. ഇന്ത്യ എന്നും സ്വതന്ത്രയാണ്, എന്തിന് നാം ബ്രിട്ടീഷ് വസ്തുക്കള്‍ ഉപയോഗിക്കരുതെന്ന് വീട് വീടാന്തരം കയറിയിറങ്ങി പ്രചാരവേല നടത്തുന്നതിനുള്ള സ്ക്വാഡുകള്‍ അദ്ദേഹം രൂപീകരിച്ചു. വിശപ്പറിയാതെ ദാഹമറിയാതെ മൈലുകള്‍ നടന്നുള്ള പ്രചാരണപരിപാടിയായിരുന്നു അത്. അഭൂതപൂര്‍വമായ ഒരു സംഘാടന രീതിയായിരുന്നു അത്.
തടവുകള്‍ക്ക് പിറകെ തടവുകള്‍ എ കെ ജി യുടെ ജീവിതത്തിലെ സാധാരണ സംഭവമായി. രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വന്‍തോതിലുള്ള ബ്രിട്ടീഷ് വിരുദ്ധവികാരം ജനങ്ങളില്‍ അണപൊട്ടിയൊഴുകി. ഈ ബഹുജനമുന്നേറ്റത്തിന് കാരണക്കാരനെന്ന നിലയില്‍ 1939ല്‍ എ കെ ജി വീണ്ടും തടവിലായി. പിന്നീട് കോണ്‍ഗ്രസ്സ് സര്‍ക്കാറും സ്വതന്ത്രഭാരത സര്‍ക്കാറും എ കെ ജി യെ പലതവണ ജയിലില്‍ പാര്‍പ്പിച്ചു
(നാല്)
ഗാന്ധി-ഇര്‍വിന്‍ സന്ധിയുടെ ഫലമായി 1932ല്‍ എ കെ ജി യും ജയില്‍ മോചിതനായി. ജയിലില്‍ ലഭിച്ച നവബോധത്തിന്റെയും നിരന്തരമായ പ്രായോഗിക പ്രവര്‍ത്തനത്തിന്റെയും വെളിച്ചത്തില്‍ എ കെ ജി കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ് പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയായി പരിണമിച്ചത്. ഈ കാലയളവിലാണ് പട്ടിണി ജാഥനടന്നത്. എ കെ ജിയുടെ നേതൃത്വത്തില്‍ മലബാറിലെ ജനങ്ങളുടെ നേതാക്കള്‍ 750 മൈല്‍ കാല്‍നടയായി മദിരാശിയിലേക്ക് മാര്‍ച്ച് ചെയ്തു. ഐതിഹാസികമായൊരു സംഭവമായിരുന്നു ഇത്. കെ പി ആറും സി എച്ചും ഉള്‍പ്പെടെ പിന്നീട് കേരളത്തിന്റെ സിരാപടലങ്ങളില്‍ കത്തിക്കയറിയ നേതാക്കളധികവും ഈ ജാഥയില്‍ പങ്കെടുത്തു.
എ കെ ജി ജനങ്ങളോട് സംസാരിക്കുമ്പോള്‍ അവരിലൊരാളായി മാറി. അദ്ദേഹത്തിന്റെ വിഖ്യാതമായ പ്രസംഗശൈലി രൂപപ്പെട്ടത് ഈ മഹായാത്രകളിലൂടെയാണ്. സ്നേഹത്തിന്റെ നനുപ്പും സമരചൈതന്യത്തിന്റെ ചൂടും കലര്‍ന്ന പ്രസംഗങ്ങള്‍ ജനങ്ങളില്‍ ആവേശംപടര്‍ത്തി. കത്തിക്കയറുന്ന ഭാഷയോ ജാഡയോ എ കെ ജിയുടെ പ്രസംഗത്തിനുണ്ടായിരുന്നില്ല. ജീവിതത്തിന്റെ ഉപ്പ് ആ പ്രസംഗങ്ങള്‍ക്ക് സ്വതഃസിദ്ധമായ ഒരു ലാവണ്യമേകി. ഇതേ പ്രസംഗശൈലിയാണ് പിന്നീട് പാര്‍ലമെന്റിലും ജനസഞ്ചയങ്ങളിലും എ കെ ജി ഉപയോഗിച്ചത്. മലബാറിലുടനീളം ജനങ്ങളില്‍ രാഷ്ട്രീയബോധം വളര്‍ത്തുന്നതില്‍ ഈ ജാഥ നിര്‍ണായകമായ പങ്ക് വഹിച്ചു. തിരുവിതാംകൂറിലെ ഉത്തരവാദ പ്രക്ഷോഭത്തിന് പിന്തുണയായി എ കെ ജി മലബാര്‍ ജാഥനയിച്ചതും ഈ കാലയളവിലാണ്.
ഏത് ഘട്ടത്തിലും ജനങ്ങളോടൊപ്പംചേര്‍ന്നാണ് എ കെ ജി തന്റെ സമരപരിപാടികള്‍ നടത്തിയിരുന്നത്. ജയിലിന് പുറത്തുവന്നതോടെ അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ വെള്ളത്തില്‍ മീനെന്നപോലെ ഊളിയിട്ടു. ദൂരഗ്രാമങ്ങലിലേക്ക് യാത്രകള്‍ ചെയ്തു. മദ്യശാലകളും തവെര്‍ണകളും പിക്കറ്റ് ചെയ്തു. വിദേശവസ്ത്രശാലകള്‍ക്കുമുന്നില്‍ കുത്തിയിരിപ്പു നടത്തി. കഠിനജീവിതത്തിന്റെ നാളുകളായിരുന്നു അവ. ജനങ്ങളുടെ ചെറുചെറുയോഗങ്ങളില്‍ പ്രസംഗിച്ചു. ഗ്രാമങ്ങളില്‍ ചെന്ന് അവിടെ ദേശീയപതാക നാട്ടി അവരോടൊപ്പം കഴിയുമ്പോള്‍ എ കെ ജി സ്വയം മറന്നു. മാറാന്‍ വസ്ത്രമില്ലാത്തതിനാല്‍ ദിവസങ്ങളോളം തുടര്‍ച്ചയായി ഉടുക്കുന്ന തുണിയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയിരുന്നു. സമ്പന്നരായ ആളുകള്‍ അവരെ കളിയാക്കി. പക്ഷേ ആ ദുര്‍ഗന്ധം രാജ്യത്തിന്റെ പാരതന്ത്ര്യത്തിന്റേയും ദാരിദ്ര്യത്തിന്റേയും നാറ്റമായിരുന്നുവെന്നാണ് ആത്മകഥയില്‍ എ കെ ജി എഴുതുന്നത്. ഇതിനെന്താണ് പോംവഴി? കോണ്‍ഗ്രസ്സ് ഒരു ബഹുജനപ്രസ്ഥാനമാവണം, ജനങ്ങള്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ സഖാക്കളായി കാണണം. അതുവരെ കഷ്ടപ്പെടാതെ നിവൃത്തിയില്ല.
( അഞ്ച്)
അസംതൃപ്തനായ എ കെ ജിക്ക് ആശ്വാസമായി അനുഭവപ്പെട്ട ഒരു സംഭവം ക്ഷേത്രപ്രവേശന പ്രമേയം കോണ്‍ഗ്രസ് അംഗീകരിച്ചതാണ്. വലിയ വിവാദങ്ങള്‍ക്കൊടുവിലാണ് കെ കേളപ്പന്റെ നേതൃത്വത്തില്‍ പ്രമേയമംഗീകരിച്ചത്. എല്ലാമനുഷ്യരും തുല്യരാണെങ്കില്‍ എന്തുകൊണ്ട് ഹരിജനങ്ങള്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനമില്ല? യാഥാസ്ഥിതികന്മാര്‍ പലരീതിയില്‍ ഇതില്‍ നിന്ന് പിന്തിരിയാന്‍ കേളപ്പനേയും എ കെ ജി യേയും ഉപദേശിച്ചു. പയ്യന്നൂരിനടുത്ത കണ്ടോത്ത് ക്ഷേത്രത്തിനടുത്തുള്ള പാതയില്‍ എ കെ ജി യും ഹരിജനങ്ങളും പ്രവേശിച്ചു. യാഥാസ്ഥിതിക ജനക്കൂട്ടം എ കെ ജി യെ ആക്രമിച്ചു. ബോധം നഷ്ടമാവുന്നതുവരെ ആക്രമണം തുടര്‍ന്നു. കണ്ടോത്ത് നടന്ന ആക്രമണം ഗുരുവായൂര്‍ സത്യാഗ്രഹത്തിന് പ്രേരണയായി. മാത്രമല്ല കണ്ടോത്ത് ക്ഷേത്രത്തില്‍ എല്ലാവര്‍ക്കും പ്രവേശനാവകാശമുണ്ടെന്ന് ജില്ലാഭരണാധികാരികള്‍ ബോർഡ് വച്ചു. പിന്നീടദ്ദേഹം ഗുരുവായൂര്‍ സത്യാഗ്രഹത്തിനുള്ള ഒരുക്കങ്ങളിലായിരുന്നു.
കണ്ണൂര്‍ മുതല്‍ ഗുരുവായൂര്‍വരെ അദ്ദേഹം സന്നദ്ധഭടന്മാരോടൊത്ത് കാല്‍നടയായി യാത്രചെയ്തു; നൂറുകണക്കിന് പൊതുയോഗങ്ങളില്‍ പ്രസംഗിച്ചു; ഈ പ്രവര്‍ത്തനത്തിന്റെ ഫലമായി ഹരിജനങ്ങള്‍ വന്‍തോതില്‍ ദേശീയപ്രസ്ഥാനത്തിലേക്കാകര്‍ഷിക്കപ്പെട്ടു. ഗുരുവായൂര്‍സത്യഗ്രഹം അഖിലേന്ത്യാ ശ്രദ്ധ പിടിച്ചുപറ്റി.
(ആറ്)
എപ്പോഴും എവിടെയും ജനങ്ങള്‍ക്കൊപ്പമായിരുന്നു എ കെ ജി. അമരാവതിയിലായാലും കോടതിമുറിയിലായാലും പാര്‍ലമെന്റിലായാലും എ കെ ജി പോരാളിയായിരുന്നു. ഹിപ്പികളോടൊപ്പം നൃത്തം വയ്ക്കാനും ബീറ്റിലുകള്‍ നവസ്വാതന്ത്ര്യഗാതാക്കളാണെന്ന് പറയാനും അദ്ദേഹം മടിച്ചില്ല. സ്വാതന്ത്ര്യം എന്നാല്‍ സ്വാതന്ത്ര്യത്തില്‍ കുറച്ചൊന്നുമല്ല എ കെ ജി ക്ക്. നാലാള്‍ കൂടിനില്ക്കുന്നിടത്ത് എ കെ ഗോപാലന്‍ ഇറങ്ങിച്ചെല്ലും എന്ന് ബൂര്‍ഷ്വാ പത്രങ്ങള്‍ പറഞ്ഞത് ഒരു ബഹുമതിയായി അദ്ദേഹം സ്വീകരിച്ചു. ചിലപ്പോള്‍ അദ്ദേഹം നിയമങ്ങള്‍ മറന്നു. നിയമമാണോ ജനങ്ങളാണോ എന്ന പ്രശ്നം വരുമ്പോള്‍ ജനകീയാവശ്യത്തിന് നിയമം മാറ്റിയെഴുതേണ്ടതാണെന്ന് അദ്ദേഹം ലോകസഭയില്‍ കൊടുങ്കാറ്റായി പ്രതിധ്വനിച്ചു. അവിടെ അദ്ദേഹം മോണ്ടസ്ക്യൂവിനെയല്ല ഉദ്ധരിച്ചത്. സാധാരണമനുഷ്യരെയാണ്. ജവഹര്‍ലാല്‍ നെഹ്റു അതിന്റെ മാനുഷികമായ ഊഷ്മളതയെ പുകഴ്ത്തി. ഭാഷാപാരാവാരമായ ഹിരണ്‍ മുഖര്‍ജി എങ്ങിനെ മനുഷ്യന്റെ ഭാഷയില്‍ എവിടെയും പ്രസംഗിക്കാമെന്ന് മനസ്സിലാക്കി. എ കെ ജി ഇംഗ്ളീഷ് പണ്ഡിതനായിരുന്നില്ല. ജനജീവിതത്തിന്റെ അറിവുകളാണ് എ കെ ജി യുടെ അറിവ്. ജനങ്ങളാണദ്ദേഹത്തിന്റെ സര്‍വകലാശാല.
അമരാവതിയിലെ കര്‍ഷകര്‍ കമ്യൂണിസ്റുകാരായിരുന്നില്ല. അവര്‍ കിസാന്‍ സഭയില്‍ സംഘടിച്ചിരുന്നില്ല. അവരെ സംഘടിപ്പിച്ചിരുന്നത് വടക്കനച്ചനായിരുന്നു. കമ്യൂണിസ്റ് വിരുദ്ധമുന്നണിയുടെ നേതാവും വക്താവുമായ വടക്കനച്ചന്‍, വിമോചനസമരത്തിന്റെ പുണ്യവാളന്‍. സമരം ദയനീയമായ പതനത്തിലേക്ക് കൂപ്പുകുത്തുമ്പോഴാണ് ഒരുപ്രവാചകന്റെ പരിവേഷവുമായി എ കെ ജി അവിടെ ചെന്ന് ഉപവാസസമരം ആരംഭിക്കുന്നത്. അമരാവതി ഒരിതിഹാസമാവുന്നത് എ കെ ജി യുടെ ഇടപെടലോടെയാണ്.
(ഏഴ്)
വെല്ലൂര്‍ ജയിലിലെ തടവിനിടെയാണ് ഗാന്ധിയന്‍ സമരമാര്‍ഗങ്ങളില്‍ സഖാവിന് വിശ്വാസം നഷ്ടമാവുന്നത്. വെല്ലൂരിലെ ആദ്യദിവസം തന്നെ അദ്ദേഹം ജയിലിലെ വര്‍ഗീകരണത്തിനെതിരെ പ്രതികരിച്ചു. സുഖഭോഗസമൃദ്ധമായ എ ക്ളാസ്, ദുരിതപൂര്‍ണമായ ബി ക്ളാസ്. അതെന്ത് ന്യായമാണ്? എ കെ ജി പൊട്ടിത്തെറിച്ചു.
അഹിംസാസമരംവഴി യഥാര്‍ഥമോചനം അസാധ്യമാണെന്ന് അദ്ദേഹം മനസ്സിലാക്കി. രണ്ടരകൊല്ലം ത്യാഗപൂര്‍വം നടത്തിയ സിവില്‍ നിയമലംഘനപ്രസ്ഥാനം എങ്ങിനെ പരാജയപ്പെട്ടു? ധീരമായിരുന്നു ആ സമരം, ബുദ്ധിപൂര്‍വകമായിരുന്നു. എന്നിട്ടും എന്തേ അത് പരാജയപ്പെട്ടു? സമരക്കാര്‍ ജയില്‍ വരിക്കാനും എന്ത് ത്യാഗം സഹിക്കാനും സന്നദ്ധരായിരുന്നു. പക്ഷേ, ധനനഷ്ടം വരുന്ന ഒരു സമരത്തിനും അവര്‍ തയ്യാറായിരുന്നില്ല. സ്വത്ത് കണ്ടുകെട്ടിപ്പോവുക, ദുസ്സഹമായ പിഴശിക്ഷവരിക- ഇവയൊന്നും ധനികരായ സമരക്കാര്‍ക്ക് ആലോചിക്കാന്‍ പോലും കഴിയില്ലായിരുന്നു. ആത്മകഥയില്‍ എ കെ ജി എഴുതുന്നു.' എന്നാല്‍ ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളും പണം കൂമ്പാരിക്കാനോ നഷ്ടപ്പെടാനോ വകയില്ലാത്ത സാധാരണ ജനങ്ങളാണ്. അവരാണ് സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളികള്‍. അവരുടെ ഏക സമ്പത്ത് സ്വന്തം ശരീരമാണ്. അവര്‍ക്കൊന്നും നഷ്ടമാവാനില്ല. അതിനാല്‍ ഏതുതരത്തിലുള്ള ത്യാഗത്തിനും അവര്‍ തയ്യാറായിരിക്കും. ദൈനംദിന ജീവിത ദുരിതങ്ങളുടെ ഒരു നിസാര ശതമാനംപോലും അവര്‍ സ്വാതന്ത്ര്യസമരത്തില്‍ സഹിക്കേണ്ടിവരുന്നില്ല. പിന്നെന്തുകൊണ്ടാണ് അവര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാത്തത്? '
ഇങ്ങനെയാലോചിക്കുന്നവര്‍ ചേര്‍ന്നാണ് 1934ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിരൂപീകരിച്ചത്. ദേശീയപ്രസ്ഥാനത്തില്‍ എന്തുകൊണ്ട് തൊഴിലാളികളും കൃഷിക്കാരും പങ്കെടുക്കുന്നില്ല? ഇതായിരുന്നു എ കെ ജി യുള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ അലട്ടിയ പ്രശ്നം. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയെയും അലട്ടിയ പ്രശ്നമായിരുന്നു ഇത്. വ്യാവസായികതൊഴിലാളികളേയും കൃഷിക്കാരെയും ഏറെക്കുറെ ഒരു ബാധയേറ്റതുപോലുള്ള ആവേശത്തില്‍ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനത്തില്‍ എ കെ ജി മുഴുകി. ഇതിന് തിരുവിതാംകൂറില്‍നിന്ന് വന്ന കൃഷ്ണപിള്ളയുടെ പിന്തുണലഭിച്ചു. എല്ലാ മേഖലകളിലേയും തൊഴിലാളികളെ എ കെ ജി സംഘടിപ്പിച്ചു. കൃഷിക്കാരുടെ കൂട്ടായ്മകള്‍ ക്രമേണ സംഘടനാരൂപം കൈവരിച്ചു. തൊഴിലാളിസമരങ്ങളുണ്ടാവാന്‍ തുടങ്ങി. സമരരംഗങ്ങളിലേക്ക് എ കെ ജി പറന്നെത്തുമായിരുന്നു. ഒരുസമരം കഴിയുമ്പോള്‍ വേറൊരുസമരം, സമരങ്ങളിലൂടെ എ കെ ജി യുടെ ജീവിതം ഒഴുകി. സമരവളണ്ടിയര്‍മാരുടെ ക്ഷേമമന്വേഷിച്ചും അവരുടെ സംശയങ്ങള്‍ ദൂരീകരിച്ചും കരിങ്കാലികളെ തടഞ്ഞും എ കെ ജി പോര്‍ക്കളങ്ങളിലെ സജീവ സാന്നിധ്യമായിത്തീര്‍ന്നു.
എന്താണ് തൊഴിലാളിയുടെ സവിശേഷത? തൊഴിലാണ് സമ്പത്ത് നിര്‍ിക്കുന്നത്. സമ്പത്തിന്റെ ഉടമകളും ധനിക കൃഷിക്കാരും ജന്മിമാരുമെല്ലാം ദേശീയസമരത്തിലുണ്ട്. ദേശീയസ്വാതന്ത്ര്യം എന്ന മുദ്രാവാക്യം മാത്രമായായാല്‍ ശരിയായ സ്വാതന്ത്ര്യ മുദ്രാവാക്യമാവില്ലെന്ന് എ കെ ജി അറിഞ്ഞു. ആ അറിവില്‍ ഒരു വിപ്ളവകാരി വിളക്കിയെടുക്കപ്പെട്ടു. പട്ടിണിക്കും തൊഴിലില്ലായ്മയ്ക്കും പിരിച്ചുവിടലിനുംഎതിരെയും കൂലിക്കൂടുതലിനും കൃഷിഭൂമിക്കും വേണ്ടിയും തൊഴിലാളി കര്‍ഷക സമരങ്ങള്‍ വളര്‍ന്നു വന്നാല്‍ മാത്രമേ സ്വാതന്ത്ര്യസമരമാവൂ എന്ന് എ കെ ജി ക്ക് മനസ്സിലായി.
അങ്ങനെയാണ് പട്ടണിജാഥയുണ്ടായത്. നാലാമതും എ കെ ജി തടവിലായി. നാലാം ജയില്‍ വാസം തിരുച്ചിറപ്പള്ളിയിലായിരുന്നു. ജയില്‍ ശിക്ഷകഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ മലയാളികളായ തൊഴിലാളികളുമായി ബന്ധപ്പെടാന്‍ അദ്ദേഹം സിലോണും സിംഗപ്പൂരും മലയയും ബര്‍മയും സന്ദര്‍ശിച്ചു. തിരിച്ചുവരുമ്പോഴേക്ക് വാര്‍ധാകോണ്‍ഗ്രസ് സമ്മേളനം തുടങ്ങാറായിരുന്നു. നൈരാശ്യജനകമായ ആ സമ്മേളനം എ കെ ജി യെ പാടെ മാറ്റി. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ നോതാക്കള്‍ ഗാന്ധിശിഷ്യരായി തുടര്‍ന്നു. എ കെ ജി യെ പോലുള്ളവര്‍, ഇ എം എസ്സും കൃഷ്ണപിള്ളയുമുള്‍പ്പെടെ കമ്യൂണിസ്റായി. മലബാറില്‍ വാറണ്ടുണ്ടായിരുന്നതിനാല്‍ പ്രവര്‍ത്തനരംഗം അദ്ദേഹം തിരുച്ചിറപ്പള്ളിയിലേക്കുമാറ്റി. ദക്ഷിണ റെയില്‍വേ തൊഴിലാളികള്‍ക്കിടയിലാണ് അന്നത്തെ പ്രവര്‍ത്തനം. അണ്ടര്‍ഗ്രൌണ്ട് പ്രവര്‍ത്തനം തികച്ചും പുത്തനായ അനുഭവങ്ങള്‍ എ കെ ജി ക്ക് സമ്മാനിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ അദ്ദേഹം തടവിലായി. വെല്ലൂര്‍ ജയിലില്‍ നിന്നാണ് ഐതിഹാസികമായ ജയില്‍ ചാടല്‍ നടന്നത്. മലകളും പുഴകളും കടന്ന്, ചതുപരപ്പുകളിലൂടെ നടന്ന്, വെയിലില്‍ വെന്തും മഴയില്‍ മാഴ്കിയും അദ്ദേഹവും സഹപ്രവര്‍ത്തകരും കേരളത്തിലെത്തി. എന്നാല്‍ കേരളത്തിലെ സ്ഥിതി ആപത്കരമായതിനാല്‍ അദ്ദേഹത്തെ പാര്‍ട്ടി ഉത്തരേന്ത്യയിലേക്ക് നിയോഗിച്ചു.
1946ലെ തെരഞ്ഞെടുപ്പുകാലത്ത് അദ്ദേഹം മലബാറില്‍ തിരിച്ചെത്തി. കോഴിക്കോട് പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന എ കെ ജി ആ തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും! 1951 മുതല്‍ അഞ്ച് തെരഞ്ഞെടുപ്പുകളില്‍ ലോകസഭയില്‍ അംഗമായി പ്രവര്‍ത്തിച്ചു.
(എട്ട്)
സ്വാതന്ത്ര്യ ലബ്ധിയുടെ ദിവസം എ കെ ജി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു. എ കെ ജി യുടെ ആത്മകഥയുടെ പേര്: In The Cause Of my People. 'ജനങ്ങള്‍ക്ക് വേണ്ടി'. അതില്‍ എഴുതുകയാണ്:
1947 ആഗസ്ത് 14ന് ഞാന്‍ ഭീമാകാരമായ കണ്ണൂര്‍ ജയിലില്‍ ഏകാന്ത തടവിലായിരുന്നു. വേറെ ഡെറ്റിന്യൂ തടവുകാര്‍ ആരുമുണ്ടായിരുന്നില്ല. സൂര്യോദയത്തിനുശേഷം നടക്കാനിരിക്കുന്ന ആഘോഷം കാത്തിരിക്കുകയായിരുന്നു രാജ്യം മുഴുവനും. അവരിലെത്രയോ പേര്‍ വര്‍ഷങ്ങളായി ഇത് കാത്തുകൊണ്ടിരിക്കുകയായിരുന്നു. അതിനായി അവര്‍ പോരാടിയിരുന്നു, അവരുടേതായ എല്ലാം ഇതിനായി പരിത്യജിച്ചിരുന്നു. എനിക്ക് സന്തോഷവും ദു:ഖവുമുണ്ടായി. എന്റെ യുവത്വം മുഴുവന്‍ ഞാന്‍ പരിത്യജിച്ചത് ഏതൊരു ലക്ഷ്യത്തിനുവേണ്ടിയായിരുന്നുവോ, ഇപ്പോഴും ഞാന്‍ തടവില്‍ കഴിയുന്നത് എന്തിനു വേണ്ടിയാണോ, ആ ലക്ഷ്യം സമാഗതമായിരിക്കുന്നു; അതാണ് എന്റെ സന്തോഷം. പക്ഷേ, ഞാനിപ്പോഴും തടവുകാരനാണ്. എന്നെ തടവിലിട്ടിരിക്കുന്നത് ഇന്ത്യക്കാരാണ്, കോണ്‍ഗ്രസ് ഗവണ്‍മെന്റാണ്, ബ്രിട്ടീഷുകാരല്ല. 1927 മുതലുള്ള സംഭവങ്ങള്‍ എന്റെ മനസ്സിലൂടെ കടന്നുപോയി. കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ ഞാന്‍ വഹിച്ച പങ്കില്‍ എനിക്കഭിമാനം തോന്നി. കേരളത്തിലെ കോണ്‍ഗ്രസിന്റെ സെക്രട്ടറിയായിരുന്ന ഒരാള്‍, കുറച്ചുകാലം അതിന്റെ പ്രസിഡന്റായിരുന്ന ഒരുമനുഷ്യന്‍ ദീര്‍ഘകാലത്ത എഐസിസി മെമ്പര്‍ ആഗസ്ത് 15 ആഘോഷിച്ചത് ജയിലില്‍.
പക്ഷേ, അദ്ദേഹം സ്വാതന്ത്ര്യം തടവറയില്‍ ആഘോഷിച്ചു. ജയില്‍ വളപ്പിലുടനീളം നടന്നു. പക്ഷികളോടും മഴത്തുള്ളികളോടും സ്വാതന്ത്ര്യമെന്തെന്നറിയാമോ എന്ന് ചോദിച്ചു. തുമ്പികള്‍ സ്വതന്ത്രരായി പാറി. ശലഭങ്ങള്‍ പൂവുകളില്‍ തേന്‍ നുകരുന്നതും ഇളം കാറ്റ് വീശുന്നതും അദ്ദേഹം കണ്ടില്ല. ത്രിവര്‍ണപതാകയുമായി അദ്ദേഹം ജയിലില്‍ നടന്നു. ജയില്‍ക്കെട്ടിടത്തിനുമുകളില്‍ അദ്ദേഹം കയറി. എല്ലാതടവുകാരും സമ്മേളിച്ചു, സീതാറാം യെച്ചൂരി എഴുതുകയാണ്. ' എ കെ ജി അവരോട് സംസാരിച്ചു, സ്വാതന്ത്ര്യത്തിന്റെ അര്‍ഥത്തെ പറ്റി. ജീവിതത്തിലുടനീളം യൌവനത്തിന്റേതായ ഈ ആവേശം അദ്ദേഹം നിലനിര്‍ത്തി. എപ്പോഴും എവിടെയും ജനങ്ങള്‍ക്കുവേണ്ടി അദ്ദേഹം പോരാടി.
(ഒമ്പത്)
വിദ്യാര്‍ഥിപ്രവര്‍ത്തകനെന്നനിലയിലാണ് ഞാന്‍ എ കെ ജി യുമായി നേരിട്ട് ബന്ധപ്പെടുന്നത്. സദാ മന്ദഹസിക്കുന്ന കമ്യൂണിസ്റ്റ് നേതാവ്. സുന്ദരന്‍. സുശീലയുമൊത്തുള്ള നില്പും നടപ്പും എല്ലാം ഞങ്ങള്‍ വിദ്യാര്‍ഥികളെ ആകര്‍ഷിച്ചു. ഇടയ്ക്കൊരുപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടിവന്നു എനിക്ക്, നിലമ്പൂരില്‍. എ കെ ജി യും ഇ എം എസ്സുമെല്ലാം പ്രസംഗത്തിനും നേതൃത്വം നല്കുന്നതിനുമായി വന്നു. ചെട്ടിയങ്ങാടിയിലെ സി പി ചന്ദ്രന്റെ വീട്ടില്‍ സുശീലയുമൊത്താണ് എ കെ ജി കഴിഞ്ഞത്. അപ്പോഴേക്കും പലവിധ രോഗങ്ങളുടെ അടിമയായിക്കഴിഞ്ഞിരുന്നു സഖാവ്. സുഖസൌകര്യങ്ങളെല്ലാം ഇന്നത്തേതിനെ അപേക്ഷിച്ച് വളരെ വളരെ കുറവായിരുന്നുവെങ്കിലും അതുപോലും അതിസൌകര്യമാണെന്ന് എ കെ ജി കരുതി.
പിന്നീട് സര്‍ക്കാറില്‍ ഒരു ജോലി തരപ്പെട്ടപ്പോള്‍ ഒരു റെനിഗേഡാവാന്‍ മടിയൊന്നുമുണ്ടാവാത്ത ഞാന്‍ ചിറ്റൂരിലാണ് എ കെ ജി യെ അവസാനമായി കാണുന്നത്. മൌനത്തില്‍ പൊതിഞ്ഞ നിസ്സഹായതയില്‍ ഞാന്‍ ആ മഹാസന്നിധിയില്‍ നില്ക്കുമ്പോള്‍ അദ്ദേഹം പറയുകയായിരുന്നു: വിപ്ളവത്തിനു കേഡര്‍മാര്‍വേണം, ഉള്ളവര്‍ ജോലിനേടി സുഖജീവിതത്തിലേക്ക് പോവുമ്പോള്‍ എന്താ പറയുക? ഒന്നും പറയാനാവാതെ ഞാന്‍ അന്നും ഇന്നും നില്ക്കുകയാണ്.
*****
അശോകൻ, കടപ്പാട് : ദേശാഭിമാനി വാരിക
Subscribe to:
Post Comments (Atom)
1 comment:
അടിയന്തരാവസ്ഥയുടെ അബോധത്തില്‍നിന്ന് രാജ്യം പതുക്കെ ഉണര്‍ന്നുതുടങ്ങുകയും ഏകാധിപതികളുടെ പതനം തുടങ്ങുകയും ചെയ്ത ദിവസങ്ങളില്‍ എ കെ ജി അബോധാവസ്ഥയിലായിക്കഴിഞ്ഞിരുന്നു. ഖിലാഫത്തിലൂടെ ദേശീയസമരത്തിന്റെ ഭാഗമായിത്തീര്‍ന്ന ആയില്യത്ത് കുറ്റ്യേരി ഗോപാലന്‍ നമ്പ്യാര്‍ എ കെ ജി എന്ന ത്രയാക്ഷരിയായി, സഹ്യനും വിന്ധ്യനും പലപ്പോഴും ഹിമവാനുമപ്പുറം വളര്‍ന്നതിന്റെ കഥ ഒരു വാക്കില്‍ സംഗ്രഹിക്കാനാവും: കമിറ്റ്മെന്റ്.
Post a Comment