Saturday, March 26, 2011

ടി വി: അവിസ്മരണീയനായ കമ്മ്യൂണിസ്റ്റ് നേതാവ്

കേരള രാഷ്ട്രീയ ചരിത്രത്തില്‍ അനിഷ്യേധ്യ സ്ഥാനമുള്ള കമ്മ്യൂണിസ്റ്റ് നേതാവാണ് ടി വി തോമസ്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെയും വളര്‍ച്ചയില്‍ നിസ്തുലമായ പങ്കുവഹിച്ച നേതാവായിരുന്നൂ അദ്ദേഹം. കിടയറ്റ പാര്‍ലമെന്റേറിയനും ക്രാന്തദര്‍ശിയായ ഭരണാധികാരിയുമായിരുന്നു അദ്ദേഹം. 1977 മാര്‍ച്ച് 26 നാണ് ടി വി നമ്മെ വിട്ടുപിരിഞ്ഞത്.

തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അവരെ രാഷ്ട്രീയ പ്രബുദ്ധരാക്കുന്നതിലും അനിതര സാധാരണമായ പാടവമുണ്ടായിരുന്ന നേതാവായിരുന്നു ടി വി. ഐതിഹാസികമായ പുന്നപ്ര വയലാര്‍ സമരത്തിന്റെ നായകന്മാരിലൊരാളായ ടി വി, തൊഴിലാളികളെ നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരങ്ങളില്‍ അണിനിരത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ആലപ്പുഴ കയര്‍ ഫാക്ടറി തൊഴിലാളികളുടെ അനിഷേധ്യ നേതാവായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി വീറുറ്റ നിരവധി സമരങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. മാറ്റിവച്ച വേതനമായി ബോണസ് അംഗീകരിപ്പിച്ചത് ടി വി യുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന്റെ ഫലമായാണ്. കൂലിക്കും മറ്റ് ആനുകൂല്യങ്ങള്‍ക്കും വേണ്ടിയുള്ള പ്രക്ഷോഭ സമരങ്ങള്‍ക്ക് ഒപ്പം നാടിന്റെയും ജനങ്ങളുടെയും പൊതുവായ ആവശ്യങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും വേണ്ടി പൊരുതാന്‍ തൊഴിലാളികളെ സജ്ജരാക്കണം. തൊഴിലാളികളെ രാഷ്ട്രീയ പ്രബുദ്ധരാക്കിയാല്‍ മാത്രമെ ഇതു സാധ്യമാകൂ. ഈ ദൗത്യം നിറവേറ്റുന്നതില്‍ ടി വി ഉത്തമ മാതൃകയായിരുന്നു.

സി പി രാമസ്വാമി അയ്യര്‍ സ്വതന്ത്ര തിരുവിതാംകൂറിനും അമേരിക്കന്‍ മോഡലിനും വേണ്ടി കൊണ്ടുപിടിച്ചു യത്‌നിക്കുന്ന ഘട്ടം. ഭീഷണിയും പ്രലോഭനങ്ങളുമെല്ലാം ഇതിനായി ഉപയോഗിച്ചു. സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ പ്രാമാണികരായ പല നേതാക്കന്മാരും രാമസ്വാമി അയ്യരുടെ വലയില്‍ വീണു. രാമസ്വാമി അയ്യരുടെ ദേശീയ വിരുദ്ധമായ ഗൂഢ പദ്ധതിക്ക് എതിരെ അചഞ്ചലമായ നിലപാടെടുത്തത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ട്രേഡ്‌യൂണിയന്‍ പ്രസ്ഥാനവുമായിരുന്നു. അമേരിക്കന്‍ മോഡലിനോടുള്ള എതിര്‍പ്പ് ഉപേക്ഷിക്കാന്‍ തയ്യാറായാല്‍ ബോണസ് ഉള്‍പ്പെടെ തൊഴിലാളികളുന്നയിക്കുന്ന എല്ലാ സാമ്പത്തിക ആവശ്യങ്ങളും അനുവദിക്കാമെന്ന് രാമസ്വാമി അയ്യര്‍ പറഞ്ഞപ്പോള്‍ ''സ്വതന്ത്ര തിരുവിതാംകൂര്‍'' മുദ്രാവാക്യത്തിന് എതിരായ നിലപാടില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ട് ഒരു ആനുകൂല്യവും വേണ്ടെന്ന് ടി വി അദ്ദേഹത്തിന്റെ മുഖത്തുനോക്കി പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുക തൊഴിലാളി പ്രസ്ഥാനത്തിന്റെ മുഖ്യമായ കടമയാണെന്ന് ടി വി ചൂണ്ടിക്കാണിച്ചു. തിരുവിതാംകൂറിനെ സ്വതന്ത്ര ഇന്ത്യയില്‍ നിന്നും അടര്‍ത്തിയെടുക്കാനുള്ള രാമസ്വാമി അയ്യരുടെയും അദ്ദേഹത്തിനു സഹായം നല്‍കിയ സാമ്രാജ്യത്വ ശക്തികളുടെയും പദ്ധതികള്‍ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തൊഴിലാളി പ്രസ്ഥാനവുമായിരുന്നു.

കയര്‍, ട്രാന്‍സ്‌പോര്‍ട്ട്, ബോട്ട് ക്രൂ തുടങ്ങി നിരവധി മേഖലകളിലെ ട്രേഡ് യൂണിയനുകളുടെ നേതാവായിരുന്നു ടി വി. 1954 ലെ ചരിത്ര പ്രസിദ്ധമായ ട്രാന്‍സ്‌പോര്‍ട്ട് സമരത്തിന്റെ സംഘാടകരിലൊരാള്‍ അദ്ദേഹമായിരുന്നു.

തിരു കൊച്ചി നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന ടി വി സമര്‍ഥനായ പാര്‍ലമെന്റേറിയനായിരുന്നു. നിയമ സഭയില്‍ ടി വി യുടെ മറുപടികളും ഇടപെടലുകളും എതിരാളികളെ നിരായുധരാക്കും. 1957 ല്‍ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്ന ടി വി 1967 ല്‍ വ്യവസായ വകുപ്പുമന്ത്രിയായി. പിന്നീട് അച്യുതമേനോന്‍ മന്ത്രിസഭയിലും വ്യവസായ വകുപ്പു കൈകാര്യം ചെയ്തത് ടി വി യായിരുന്നു. ക്രാന്തദര്‍ശിയായ ഭരണാധികാരിയായ ടി വി യാണ് കേരളത്തിന്റെ വ്യവസായവല്‍ക്കരണത്തിനു അടിത്തറ പാകിയത്. കയര്‍, കശുഅണ്ടി, കൈത്തറി, ബീഡി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളുടെ പുനരുദ്ധാരണത്തിനും പുനസ്സംഘടനയ്ക്കും ടി വി ആവിഷ്‌ക്കരിച്ച പദ്ധതികള്‍ അവയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റി. കേരളത്തില്‍ ഇന്നുള്ള മിക്ക പൊതുമേഖലാ വ്യവസായങ്ങള്‍ക്കും തുടക്കം കുറിച്ചത് ടി വി വ്യവസായ മന്ത്രിയായിരുന്നപ്പോഴാണ്. ഇലക്‌ട്രോണിക് വ്യവസായത്തിന്റെ സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് കെല്‍ട്രോണ്‍ തുടങ്ങിയതും ടി വി വ്യവസായ മന്ത്രിയായിരുന്ന ഘട്ടത്തിലാണ്. പൊതുമേഖല വളര്‍ത്തുന്നതോടൊപ്പം വ്യവസായ വല്‍ക്കരണത്തിന് സ്വകാര്യ മൂലധനം ആകര്‍ഷിക്കാനും അദ്ദേഹം ദീര്‍ഘ വീക്ഷണത്തോടെ പരിപാടികള്‍ തയ്യാറാക്കി.

ഏതു പ്രതിസന്ധി ഘട്ടത്തെയും ചങ്കുറപ്പോടെ നേരിട്ട നേതാവായിരുന്നു ടി വി. രാഷ്ട്രീയ മാറ്റങ്ങളുടെ മര്‍മ്മം മനസ്സിലാക്കി അടവുകള്‍ ആവിഷ്‌ക്കരിക്കാന്‍ അദ്ദേഹത്തിന് സവിശേഷമായ കഴിവുണ്ടായിരുന്നു.

ആധുനിക കേരളം കെട്ടിപ്പടുക്കുന്നതിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെയും വളര്‍ച്ചയിലും നിര്‍ണായക സംഭാവന നല്‍കിയ ടി വി യുടെ ദീപ്തസ്മരണ വരാനിരിക്കുന്ന കാലത്തെ പോരാട്ടങ്ങള്‍ക്കും ചെറുത്തു നില്‍പ്പുകള്‍ക്കും ശക്തി പകരും.

*
സി കെ ചന്ദ്രപ്പന്‍ കടപ്പാട്: ജനയുഗം ദിനപത്രം 26 മാര്‍ച്ച് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരള രാഷ്ട്രീയ ചരിത്രത്തില്‍ അനിഷ്യേധ്യ സ്ഥാനമുള്ള കമ്മ്യൂണിസ്റ്റ് നേതാവാണ് ടി വി തോമസ്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെയും വളര്‍ച്ചയില്‍ നിസ്തുലമായ പങ്കുവഹിച്ച നേതാവായിരുന്നൂ അദ്ദേഹം. കിടയറ്റ പാര്‍ലമെന്റേറിയനും ക്രാന്തദര്‍ശിയായ ഭരണാധികാരിയുമായിരുന്നു അദ്ദേഹം. 1977 മാര്‍ച്ച് 26 നാണ് ടി വി നമ്മെ വിട്ടുപിരിഞ്ഞത്.