Monday, March 21, 2011

തൊഴിലെടുക്കുന്നവന്റെ ആത്മാഭിമാനമുയര്‍ത്തി....

അടിസ്ഥാനജനവിഭാഗങ്ങളുടെ ക്ഷേമത്തിനും ജീവിതസാഹചര്യം ഉയര്‍ത്തുന്നതിനുമുള്ള നിരവധി പദ്ധതികള്‍ നടപ്പാക്കി ലക്ഷങ്ങള്‍ക്കാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തുണയായത്. സംഘടിതരും അസംഘടിതരുമായ തൊഴിലാളികള്‍ക്കായി നിരവധി ക്ഷേമപദ്ധതികള്‍ ഈ കാലയളവില്‍ നടപ്പാക്കി. പ്രശ്നരഹിത തൊഴില്‍മേഖല സൃഷ്ടിച്ചും തൊഴില്‍തര്‍ക്കങ്ങള്‍ പരിഹരിച്ചും ഉല്‍പ്പാദനവും ഉല്‍പ്പന്ന ഗുണനിലവാരവുമുയര്‍ത്തിയും തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു. തൊഴിലാളികളുടെ പെന്‍ഷന്‍ വര്‍ധിപ്പിച്ചും ക്ഷേമപദ്ധതികള്‍ ആവിഷ്കരിച്ചും അവരോടൊപ്പം നില്‍ക്കുകയായിരുന്നു തൊഴില്‍മന്ത്രി പി കെ ഗുരുദാസനും എല്‍ഡിഎഫ് സര്‍ക്കാരും.

രൂക്ഷമായ പ്രതിസന്ധികളില്‍പെട്ട് തകര്‍ച്ചയുടെ വക്കിലായിരുന്ന തോട്ടംമേഖലയെ പ്രത്യേകം പരിഗണിച്ച് പുതിയ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കിയതോടെ പുത്തന്‍ ഉണര്‍വാണ് മേഖലയിലുണ്ടായത്. ചെറുകിടതോട്ടം തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി തെല്ലൊന്നുമല്ല അവര്‍ക്കാശ്വാസമാകുന്നത്. കുടിയേറ്റതൊഴിലാളികള്‍ക്കും ക്ഷേമപദ്ധതി ആവിഷ്കരിച്ചു. വന്‍കിടതോട്ടങ്ങള്‍ തുറപ്പിക്കുകയും തേയില തോട്ടങ്ങളിലെ പുനരുദ്ധാരണത്തിനുള്ള പാക്കേജ് കേന്ദ്രത്തിനു സമര്‍പ്പിക്കുകയും ചെയ്തു.

കടകളിലും വാണിജ്യസ്ഥാപനങ്ങളിലും തൊഴിലെടുക്കുന്നവര്‍ക്കായി ക്ഷേമനിധി ആരംഭിച്ചു. മറ്റേതെങ്കിലും ക്ഷേമനിധിയില്‍ അംഗങ്ങളാണെന്നതിനാല്‍ ഇവര്‍ക്ക് പ്രത്യേക ക്ഷേമനിധിയില്‍ അംഗത്വം നിഷേധിച്ചിരുന്നു. ഈ നിയമം മാറ്റി. പാചകത്തൊഴിലാളികള്‍ക്കും ഗാര്‍ഹികത്തൊഴിലാളികള്‍ക്കും സ്വകാര്യ ക്ഷേത്രജീവനക്കാര്‍ക്കും പ്രത്യേക ക്ഷേമനിധി നടപ്പാക്കി. സംസ്ഥാന കൈത്തറിത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വരുമാനം കൂട്ടാന്‍ കൈത്തറിത്തൊഴിലാളി ക്ഷേമനിയമം കൊണ്ടുവന്നു. പെന്‍ഷന്‍ കുടിശ്ശിക തീര്‍ത്തുനല്‍കി. 2002 ലെ കയറ്റിറക്ക് നിയമം റദ്ദാക്കി. ചുമട്ടുതൊഴിലാളി മേഖലയിലെ നിയമവിരുദ്ധനടപടികള്‍ നിയന്ത്രിക്കാനും വേതനം ക്രമപ്പെടുത്താനുമായി ചുമട്ടുതൊഴിലാളി നിയമത്തില്‍ ഭേദഗതിവരുത്തി.

തയ്യല്‍തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ ആനുകൂല്യം ഉയര്‍ത്തി. അനധികൃത കുടിവറുപ്പ് നടത്തുന്നവരുടെ ശിക്ഷ കര്‍ശനമാക്കാന്‍ കശുവണ്ടിയുടെ കുടിവറുപ്പ് നിരോധന നിയമത്തില്‍ മാറ്റം വരുത്തി. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 18.75 ലക്ഷത്തോളം കുടുംബങ്ങളെയാണ് അംഗങ്ങളാക്കിയത്. കുടുംബങ്ങള്‍ക്ക് സൌജന്യചികിത്സ ഒരുക്കുന്നതിനായി 'ചിയാക്' ഏജന്‍സിക്ക് രൂപം നല്‍കി. 'ആം ആദ്മി യോജന'യില്‍ 3.5 ലക്ഷത്തോളം കുടുംബങ്ങള്‍ക്കാണ് അംഗത്വം നല്‍കിയത്.

കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ സഹായം ലഭ്യമാക്കി. കെട്ടിടനിര്‍മാണ ക്ഷേമനിധി ബോര്‍ഡ് അംഗമായ തൊഴിലാളി മരണമടഞ്ഞാല്‍ ആശ്രിതര്‍ക്ക് സഹായം നല്‍കാന്‍ 'സാന്ത്വനം പദ്ധതി'യും വിധവകള്‍ക്കും ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ക്കും പട്ടികവര്‍ഗത്തിലെ അവിവാഹിതരായ അമ്മമാര്‍ക്കും അവിവാഹിതകള്‍ക്കും സ്വയംതൊഴിലിന് ധനസഹായം നല്‍കുന്ന 'ശരണ്യ പദ്ധതി'യും ഈ കാലയളവില്‍ നടപ്പാക്കി.

സംസ്ഥാനത്ത് വ്യവസായ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനായി വിവിധമേഖലകളിലെ വ്യവസായബന്ധ സമിതികളും വ്യവസായ ബന്ധബോര്‍ഡും പുനഃസംഘടിപ്പിച്ചു. കുടുംബ പെന്‍ഷനുകള്‍ ഉയര്‍ത്തി. വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് ഇരട്ടിയാക്കി. പുതിയ ഐടിഐകള്‍, പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് വിദഗ്ധ പരിശീലനത്തിന് ഫിനിഷിങ് സ്കൂള്‍, എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേന 58,000ത്തിലധികം നിയമനം, 20 കോടിയുടെ തൊഴില്‍സഹായം, ചാലക്കുടിയില്‍ പുതിയ എംപ്ളോയ്മെന്റ് ഓഫീസ്, പാരപള്ളിയിലെ ഇഎസ്ഐ മെഡിക്കല്‍ കോളേജ് നിര്‍മാണം എന്നിവ സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ ചിലതാണ്.

എറണാകുളത്ത് കെമിക്കല്‍ ഏജന്‍സി റെസ്പോണ്‍സ് സെന്റര്‍, തൊഴില്‍ വൈദഗ്ധ്യം നേടാന്‍ എറണാകുളത്ത് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വെല്‍ഡിങ് ആന്‍ഡ് റിസര്‍ച്ച്, തൊഴില്‍ജന്യ രോഗങ്ങള്‍ ഒഴിവാക്കാന്‍ കൊല്ലത്ത് ഒക്യുപേഷണല്‍ ഹെല്‍ത്ത് സെന്റര്‍ എന്നിവ ഉണ്ട്. നിര്‍മാണപദ്ധതിയില്‍ തൊഴിലാളികളുടെ വൈദഗ്ധ്യം ഉയര്‍ത്താന്‍ കണ്‍സ്ട്രക്ഷന്‍ അക്കാദമിക്ക് രൂപം നല്‍കി. തൊഴിലാളികളെ പരിശീലിപ്പിക്കാന്‍ ഐഐടികളില്‍ സെന്റര്‍ഫോര്‍ എക്സലന്‍സ് പദ്ധതിയും നടപ്പില്‍ വരുത്തി.

മദ്യം ദുരന്തമാകാതിരിക്കാന്‍ ഉണര്‍വോടെ

സ്പിരിറ്റ് കള്ളക്കടത്തുകാരും വ്യാജമദ്യ മാഫിയയും പിടിമുറുക്കിയ എക്സൈസ് വകുപ്പിനെ അതില്‍നിന്നും മോചിപ്പിക്കുകയായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍. എക്സൈസ് വകുപ്പില്‍ സമൂലമായ മാറ്റമാണ് മന്ത്രി പി കെ ഗുരുദാസന്റെ നേതൃത്വത്തില്‍ നടന്നത്. അബ്കാരി കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കി. നൂറുകണക്കിന് സ്പിരിറ്റ് വാഹനങ്ങള്‍ പിടികൂടി. ലക്ഷക്കണക്കിന് ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു. കേസുകള്‍ കൈകാര്യം ചെയ്യുന്നത് വേഗത്തിലാക്കി. സ്പിരിറ്റ് കള്ളക്കടത്തുകാരെ ജയിലിലാക്കുകയും ചെക്ക്പോസ്റ് സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്തു. അന്യസംസ്ഥാനത്തുനിന്നും കേരളത്തിലേക്കുള്ള സ്പിരിറ്റൊഴുക്ക് തടയുന്നതിനും ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു.

2010 സെപ്തംബറില്‍ മലപ്പുറത്ത് നടന്ന വ്യാജമദ്യദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കും ദുരന്തത്തിനിരയായവര്‍ക്കും അടിയന്തര സഹായം നല്‍കുന്നതിനും ദുരന്തത്തിനുത്തരവാദികളായവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതിനും ദ്രുതഗതിയിലുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്്്. അബ്കാരി ആക്ട് പരിഷ്കരിക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിച്ചു. കള്ളുവ്യവസായത്തില്‍ ബിനാമികളെ ഒഴിവാക്കി. 2002-03ല്‍ അടച്ചിട്ട 1610 ഷാപ്പുകളില്‍ 852 എണ്ണം പുനഃസ്ഥാപിച്ചു.

പുതിയ റേഞ്ചുകളും പുതിയ തസ്തികകളും സൃഷ്ടിച്ചു. ഉദ്യോഗസ്ഥരുടെ മുടങ്ങികിടന്ന പരിശീലനം പുനരാംരംഭിച്ചു. എല്ലാ ജീവനക്കാര്‍ക്കും പരിശീലനം നല്‍കി എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ശക്തമാക്കി. ജില്ലകളുടെ ചുമതല കാര്യക്ഷമമായി നിര്‍വഹിക്കാന്‍ ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍മാരെ നിയമിച്ചു. ഡിഇസിമാര്‍ക്ക് ഭരണനിര്‍വഹണത്തിന്റെയും എഇസിമാര്‍ക്ക് എന്‍ഫോഴ്സ്മെന്റിന്റെയും പൂര്‍ണ ചുമതല നല്‍കി. അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പെട്ട ജില്ലകളില്‍ മൊബൈല്‍ പട്രോളിങ്ങ് യൂണിറ്റ് ഏര്‍പ്പെടുത്തി. പത്തുവര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ക്കുപകരം പുതിയവ നല്‍കി.

2004 മുതല്‍ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാര്‍ക്ക് നിഷേധിക്കപ്പെട്ട പ്രൊമോഷന്‍ നല്‍കി. തിരുവന്തപുരത്തെ എക്സൈസ് കോംപ്ളക്സിന്റെ നിര്‍മാണം ഈ കാലയളവില്‍ പൂര്‍ത്തിയാക്കി. മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള ബോധവല്‍ക്കരണ പരിപാടി ഏറെ ജനശ്രദ്ധയാകര്‍ഷിച്ചു. വ്യാജമദ്യം തടയുന്നതിനായി ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനത്തിനു തുടക്കം കുറിച്ചു.

ചിറ്റൂരിലെ ചിക്കോപ്സ്, തിരുവല്ലയിലെ ടിഎസ്സിഎല്‍ എന്നീ സ്ഥാപനങ്ങള്‍ എക്സൈസ് വകുപ്പിനുകീഴില്‍ കൊണ്ടുവന്നു. മലബാര്‍ ഡിസ്റ്റലറീസ് എന്നപേരില്‍ പുതിയ കമ്പനിയും പ്രവര്‍ത്തനം തുടങ്ങി.

*
കടപ്പാട്: ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അടിസ്ഥാനജനവിഭാഗങ്ങളുടെ ക്ഷേമത്തിനും ജീവിതസാഹചര്യം ഉയര്‍ത്തുന്നതിനുമുള്ള നിരവധി പദ്ധതികള്‍ നടപ്പാക്കി ലക്ഷങ്ങള്‍ക്കാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തുണയായത്. സംഘടിതരും അസംഘടിതരുമായ തൊഴിലാളികള്‍ക്കായി നിരവധി ക്ഷേമപദ്ധതികള്‍ ഈ കാലയളവില്‍ നടപ്പാക്കി. പ്രശ്നരഹിത തൊഴില്‍മേഖല സൃഷ്ടിച്ചും തൊഴില്‍തര്‍ക്കങ്ങള്‍ പരിഹരിച്ചും ഉല്‍പ്പാദനവും ഉല്‍പ്പന്ന ഗുണനിലവാരവുമുയര്‍ത്തിയും തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു. തൊഴിലാളികളുടെ പെന്‍ഷന്‍ വര്‍ധിപ്പിച്ചും ക്ഷേമപദ്ധതികള്‍ ആവിഷ്കരിച്ചും അവരോടൊപ്പം നില്‍ക്കുകയായിരുന്നു തൊഴില്‍മന്ത്രി പി കെ ഗുരുദാസനും എല്‍ഡിഎഫ് സര്‍ക്കാരും.