ഒടുവില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും കേരളീയര്‍ പലപാട് കേട്ട് തഴമ്പിച്ച ആ വികല പ്രസ്താവം ആവര്‍ത്തിച്ചിരിക്കുന്നു. ഇത്തവണ അത് നരിക്കാട്ടേരി ബോംബ് സ്ഫോടന സംഭവത്തിന്റെ പശ്ചാത്തലത്തിലാണെന്നുമാത്രം. ഹൈദരലി ശിഹാബ് തങ്ങളുടെ ഉദ്ദീരണം ഇങ്ങനെ: "സമാധാനത്തിനുവേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണ് മുസ്ളിം ലീഗ്. നിര്‍ണായകമായ പലഘട്ടങ്ങളിലും ലീഗിന്റെ നിലപാടുകളാണ് സമൂഹത്തില്‍ ശാശ്വത സമാധാനത്തിന് രംഗമൊരുക്കിയത്.'' ഏതൊക്കെയാണ് ഈ നിര്‍ണായകമായ പല ഘട്ടങ്ങള്‍? മുസ്ളിംലീഗുകാരും അവരെ പ്രീതിപ്പെടുത്താന്‍ ഒരവസരവും പാഴാക്കാത്ത ചില ബുദ്ധിജീവികളും പേര്‍ത്തും പേര്‍ത്തും പറയുന്ന ഒരു 'നിര്‍ണായകഘട്ട'മുണ്ട്. 1992 ഡിസംബര്‍ ആറിന് ഹിന്ദുത്വനരമേധസംഘം ബാബറി മസ്‌ജിദ് തകര്‍ത്ത ഘട്ടത്തില്‍ കേരളം സംയമനത്തിന്റെ അത്യുജ്വല മാതൃക കാഴ്ചവച്ചത് ലീഗിന്റെ വിവേകപൂര്‍ണമായ നിലപാടിന്റെ പരിണതഫലമായിരുന്നു എന്നതാണ് അത്. അന്ന് ഇന്ത്യ മുഴുവന്‍ കത്തിയപ്പോള്‍ കേരളം ശാന്തിയുടെ തുരുത്തായി നിലകൊണ്ടു എന്നും അതിന് ചുക്കാന്‍ പിടിച്ചത് മുസ്ളിംലീഗ് നേതൃത്വമാണെന്നും ഇക്കൂട്ടര്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യും. ഇത്രയും പറഞ്ഞുവച്ചതിനു ശേഷം മുസ്ളിംലീഗ് എന്ന മതാധിഷ്ഠിത വര്‍ഗീയകക്ഷി ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മഹാപ്രഘോഷകരാണെന്നും അതുകൊണ്ടുതന്നെ ഈ പാര്‍ടി കേരളത്തില്‍ നിലനില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും സ്ഥാപിക്കാനുള്ള ഭഗീരഥപ്രയത്നം നടത്തും.
എന്നാല്‍, എന്താണ് യാഥാര്‍ഥ്യം? ബാബറി മസ്‌ജിദ് ഹിന്ദുത്വ ഫാസിസ്‌റ്റുകള്‍ തകര്‍ത്തപ്പോള്‍ കേരളത്തിലെ മുസ്ളിങ്ങള്‍ മാത്രമാണ് ഇന്ത്യയില്‍ മാതൃകാപരമായ സംയമനം പാലിച്ചതെന്നാണ് ലീഗ് നേതാക്കളുടെ പൊങ്ങച്ചവര്‍ത്തമാനം കേട്ടാല്‍ തോന്നുക. കേരളമൊഴികെയുള്ള മറ്റെല്ലാ സംസ്ഥാനങ്ങളിലെയും മുസ്ളിങ്ങള്‍ രണോത്സുകരായി തെരുവിലിറങ്ങി കലാപങ്ങള്‍ അഴിച്ചുവിട്ടു എന്നാണോ നാം മനസ്സിലാക്കേണ്ടത്. വാസ്തവം എന്താണെന്ന് അറിയുമ്പോള്‍ ലീഗിന്റെ വാദം ഒരു ജനതയെ മുഴുവന്‍ കബളിപ്പിക്കാനുള്ള സൃഗാല സൂത്രമാണെന്നു മനസ്സിലാകും. ബാബറി മസ്‌ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ കേരളത്തിലെന്നല്ല, ഇന്ത്യയിലൊരിടത്തും മുസ്ളിങ്ങള്‍ കലാപോന്മുഖരായി തെരുവിലിറങ്ങിയിരുന്നില്ല. ഉത്തരേന്ത്യയില്‍ പലയിടത്തും ഹിന്ദുത്വശക്തികള്‍ അഴിച്ചുവിട്ട ഏകപക്ഷീയ നരമേധത്തില്‍ മുസ്ളിങ്ങള്‍ വെട്ടിനുറക്കപ്പെടുകയായിരുന്നു. 1992 ഡിസംബര്‍ മുതല്‍ 1993 ജനുവരി വരെ നടന്ന മുംബൈ കലാപം ഒരു ഉദാഹരണംമാത്രം. കേരളത്തിലും ബംഗാളിലും ത്രിപുരയിലും ഹിന്ദുത്വഭീകരര്‍ക്ക് തീക്കളി നടത്താന്‍ കഴിയാതിരുന്നത് മതനിരപേക്ഷതയുടെയും ഫാസിസ്‌റ്റ് വിരുദ്ധ രാഷ്‌ട്രീയത്തിന്റെയും ചൂട്ടുമായി ഇടതുപക്ഷശക്തികള്‍ നിതാന്ത ജാഗ്രത പുലര്‍ത്തിയതുകൊണ്ടാണ്. അല്ലാതെ തങ്ങന്മാരുടെ മന്ത്രവും തന്ത്രവും കൊണ്ടല്ല.
"സമാധാനത്തിന്റെ ധ്വജവാഹകരാണ് '' മുസ്ളിംലീഗ് എന്ന ഹൈദരലി തങ്ങളുടെ പ്രസ്താവം വെറും വാചാടോപം മാത്രമാണെന്ന് നരിക്കാട്ടേരി സംഭവം ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. ഏതൊക്കെ സന്ദര്‍ഭങ്ങളില്‍ ലീഗുകാര്‍ അധികാരരഹിതായിരുന്നുവോ, ഏതൊക്കെ ഘട്ടങ്ങളില്‍ ആ പാര്‍ടി പ്രതിസന്ധി നേരിട്ടിട്ടുണ്ടോ അപ്പോഴെല്ലാം തീവ്രവര്‍ഗീയതയുടെ പന്തം ആളിക്കത്തിക്കാനും കലാപജ്വരം പടര്‍ത്താനും അവര്‍ ശ്രമിച്ചിട്ടുണ്ട്. അധികാരമില്ലാത്ത ലീഗ് മദ്യം കിട്ടാത്ത തീവ്രാസക്തനെപ്പോലെയാണ്. അധികാരമെന്ന മധുചഷകം മുമ്പിലില്ലെങ്കില്‍ ലീഗിന് 'പിന്‍വാങ്ങല്‍ ലക്ഷണ'ങ്ങള്‍ തുടങ്ങും. ലീഗിന്റെ ഈ പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ 'വര്‍ഗീയ വിറ'കളായും 'കലാപപ്പനി'യുമായാണ് പുറത്തുവരാറുള്ളത്. 2001ല്‍ കേരളം അതുകണ്ടതാണ്. അന്നും നാദാപുരംതന്നെയായിരുന്നു കലാപജ്വരത്തിന്റെ രംഗഭൂമി. തെരുവന്‍പറമ്പത്തെ ഒരു യുവതിയെ മാനഭംഗപ്പെടുത്തി എന്ന ഇല്ലാക്കഥ ലീഗും കോൺഗ്രസും നാടുനീളെ പാടി നടന്നു. അങ്ങനെ ബിനു എന്ന നിരപരാധിയെ എന്‍ഡിഎഫുകാര്‍ നടുറോഡില്‍ വെട്ടിക്കൊന്നു. ബിനുവധത്തില്‍ പ്രത്യക്ഷത്തില്‍ കുറ്റക്കാര്‍ എന്‍ഡിഎഫാണെങ്കിലും യഥാര്‍ഥ കുറ്റവാളികള്‍ ലീഗ് നേതൃത്വംതന്നെയാണ്.
ഒരു ദശാബ്ദം കഴിഞ്ഞ് 2011ല്‍ വീണ്ടും നാദാപുരത്തെ രക്തക്കളമാക്കാനുള്ള ലീഗിന്റെ ഗൂഢപദ്ധതിയാണ് നരിക്കാട്ടേരി സംഭവത്തോടെ ചീറ്റിപ്പോയത്. ബോംബ് നിര്‍മാണത്തിനിടെ ചിതറിത്തെറിച്ച് ദാരുണമരണം സംഭവിച്ച അഞ്ച് ചെറുപ്പക്കാരോടോ അവരുടെ കുടുംബത്തോടോ ഒരു വിദ്വേഷവുമില്ലാതെ പറയട്ടെ, നരിക്കാട്ടേരിയില്‍ അത് സംഭവിച്ചില്ലായിരുന്നെങ്കില്‍ അഞ്ചല്ല, അതിന്റെ അഞ്ചിരട്ടി ജീവനെങ്കിലും നാദാപുരംമേഖലയില്‍ പൊലിഞ്ഞുവീഴുമായിരുന്നു. നൂറുകണക്കിനു വീട് ബോംബേറില്‍ ഛിന്നഭിന്നമാകുമായിരുന്നു. കേരളംതന്നെ വര്‍ഗീയതയുടെയും ഭീകരതയുടെയും അഗ്നികുണ്ഠത്തിലേക്ക് ഒരുപക്ഷേ വലിച്ചിഴയ്ക്കപ്പെടുമായിരുന്നു. ഇത്തരം ഭാവിസാധ്യതകള്‍ കണക്കിലെടുക്കുമ്പോള്‍ നരിക്കാട്ടേരിയില്‍ സംഭവിച്ചത് ദൌര്‍ഭാഗ്യകരമാണെങ്കിലും നിസ്സാര ദുരന്തമാണ് എന്നാണ് ഈ ലേഖകന്റെ മതം. ഒരു പ്രദേശത്ത് അഗ്നിതാണ്ഡവം നടത്തി വര്‍ഗീയവികാരം ജ്വലിപ്പിച്ച് അതിനെ വോട്ടാക്കി മാറ്റാനുള്ള ലീഗിന്റെ കുത്സിതനീക്കമാണ് അഞ്ചുപേരുടെ ജീവന്‍ കവര്‍ന്നത്.
ഇത്തവണ ലീഗിന് തെരഞ്ഞെടുപ്പുനേട്ടം മാത്രമായിരുന്നില്ല ഉന്നം. ഇനിയും അലിഞ്ഞുതീരാത്ത 'കോഴിക്കോടന്‍ ഐസ്‌ക്രീം' ലീഗുകാര്‍ 'രാഷ്‌ട്രീയ ചാണക്യന്‍' എന്നുവിളിക്കുന്ന നേതാവിന്റെ ഉറക്കം കെടുത്തിയ നാളുകളാണ് കടന്നുപോയത് (ആനുഷിംഗകമായി പറയട്ടെ, റൌഫ് ആണ് യഥാര്‍ഥ ചാണക്യനെന്നാണ് ഇപ്പോള്‍ കോഴിക്കോട്ടുകാര്‍ പറയുന്നത്). മാര്‍ച്ച് ആറിന് 'ഇടതുഗൂഢാലോചനയ്ക്കെതിരെ' ലീഗ് കോഴിക്കാട്ട് ഒരു സമ്മേളനമഹാമഹം നടത്തുന്നുണ്ട്. ചുണ്ടിലും കവിളിലും കൈയിലുമൊക്കെ ഐസ്‌ക്രീം പുരണ്ട നേതാവിനു പിന്നില്‍ അണികള്‍ പാറപോലെ ഉറച്ചുനില്‍ക്കുന്നു എന്ന് തെളിയിക്കാനുള്ള ഈ റാലിക്ക് ആദ്യം 'പ്രതിഷേധറാലി' എന്ന പേരാണ് നിര്‍ദേശിച്ചിരുന്നത്.
ഐസ്‌ക്രീം എന്ന മൃദുവും രുചികരവുമായ ഭക്ഷണപദാര്‍ഥത്തെ പതിനെട്ടടവും പ്രയോഗിച്ച് പ്രതിരോധിക്കാന്‍ ലീഗ് നേതൃത്വം തുടങ്ങിയിട്ട് ഒരു വ്യാഴവട്ടമായി. കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരിയുടെ ഭര്‍ത്താവുമാത്രമല്ല ലീഗിലെ ഒരു വിഭാഗംതന്നെ സക്രിയമായി ഇതിനു പിന്നിലുണ്ടെന്ന വസ്തുത കോഴിക്കോട്ടങ്ങാടിയില്‍ പാട്ടാണ്. വസ്തുത ഇതായിരിക്കെ 'ഇടതുഗൂഢാലോചന' എന്ന് നൂറ്റൊന്നാവര്‍ത്തി പറഞ്ഞാലൊന്നും അത് എവിടെയും ഏശാന്‍ പോകുന്നില്ല. ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്ന കാര്യങ്ങളെല്ലാം മഞ്ഞുമലയുടെ അഗ്രംമാത്രമാണെന്ന് കോഴിക്കോട്ടുകാര്‍ക്കറിയാം. തൊണ്ണൂറുകളുടെ മധ്യത്തില്‍ രണ്ടു കോളേജ് വിദ്യാര്‍ഥിനികള്‍ കോഴിക്കോട്ടുവച്ച് തീവണ്ടിക്കു മുന്നില്‍ ചാടി മരിച്ചത് ഏത് ഫ്ളാറ്റില്‍നിന്ന് കണ്ണീര്‍ പൊഴിച്ച് ഇറങ്ങിവന്നതിനുശേഷമാണെന്ന കാര്യംകൂടി കോഴിക്കോട്ടുകാര്‍ക്കറിയാം. ഏറ്റവും അപഹാസ്യമായ കാര്യം, ധാര്‍മികതയെക്കുറിച്ചും സദാചാരനിഷ്ഠയെക്കുറിച്ചും സന്മാര്‍ഗ ജീവിതത്തെക്കുറിച്ചും നാഴികയ്ക്ക് നാല്‍പ്പതുവട്ടം ഗിരിപ്രഭാഷണം നടത്തുന്ന ചില മുസ്ളിംസംഘടനകള്‍ ഐസ്‌ക്രീംവിഷയത്തില്‍ ഐസ്‌ക്രീമിനേക്കാള്‍ തണുപ്പന്‍ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത് എന്നതാണ്. അവര്‍ ഇതേവരെ കുഞ്ഞാലിക്കുട്ടിക്കെതിരെ പരോക്ഷമായിപ്പോലും കമാ എന്നൊരക്ഷരം ഉരിയാടിയിട്ടില്ല.
നരിക്കാട്ടേരി സംഭവം ലീഗിലെ ഒരുവിഭാഗം ചില തീവ്രവാദ സംഘടനകളുമായി പുലര്‍ത്തുന്ന രഹസ്യബന്ധത്തിലേക്ക് ശക്തമായി വിരല്‍ചൂണ്ടുന്നു. 1993ല്‍ 'ഇരകളുടെ പ്രതിരോധസേന'യായി സ്വയം ഉദ്ഘോഷിച്ച് രംഗത്തുവന്ന എന്‍ഡിഎഫ് ദേശത്തും വിദേശത്തും വിധ്വംസകബന്ധങ്ങളുള്ള വേട്ടക്കാരുടെ ക്രിമിനല്‍ കൂട്ടമാണെന്ന് ഏറെ വൈകാതെ തെളിയിച്ചു. കുഞ്ഞാലിക്കുട്ടിയില്‍നിന്ന് ഇന്നേവരെ മലയാളികള്‍ എന്‍ഡിഎഫിനെതിരെയുള്ള രൂക്ഷവിമര്‍ശം കേട്ടിട്ടില്ല. എന്‍ഡിഎഫിനെതിരെ അദ്ദേഹത്തിന് സംസാരിച്ച് ശീലമില്ല. എന്‍ഡിഎഫിനെ സഹായിച്ചേ ശീലമുള്ളൂ. ഇതിനര്‍ഥം കുഞ്ഞാലിക്കുട്ടിയോ മറ്റ് ചില ലീഗ് നേതാക്കളോ തീവ്രവാദ ചിന്താഗതിക്കാരാണ് എന്നല്ല. എന്‍ഡിഎഫിനെ ലീഗിലെ ഒരു വിഭാഗവും അവരെ എന്‍ഡിഎഫും പരസ്പരം സമര്‍ഥമായി ഉപയോഗിക്കുന്നു എന്നാണ് പറഞ്ഞുവരുന്നത്. ഒരുതരം 'ക്രിമിനല്‍ സംബയോസിസ്' എന്നു പറയാം. പട്ടാപ്പകല്‍ ലീഗും നട്ടപ്പാതിരയ്ക്ക് എന്‍ഡിഎഫുമായി വേഷംമാറുന്ന ഒരുപാട് ഉഭയരാഷ്‌ട്രീയ ജന്മങ്ങള്‍ ലീഗില്‍ ഇപ്പോഴുമുണ്ട്. അത്തരക്കാര്‍ ബോംബ് നിര്‍മാണ വിദഗ്ധരും ആയോധനകലയില്‍ നിപുണരുമാണ്. ഇവരെ ലീഗിലെ ഒരുവിഭാഗം തങ്ങളുടെ ഹീനരാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഏതൊക്കെ 'നിര്‍ണായകഘട്ട'ങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട് എന്ന തിക്തസത്യം മാത്രമേ ഇനി പുറത്തുവരാനുള്ളൂ.
*****
എ എം ഷിനാസ്
Subscribe to:
Post Comments (Atom)
5 comments:
നരിക്കാട്ടേരി സംഭവം ലീഗിലെ ഒരുവിഭാഗം ചില തീവ്രവാദ സംഘടനകളുമായി പുലര്‍ത്തുന്ന രഹസ്യബന്ധത്തിലേക്ക് ശക്തമായി വിരല്‍ചൂണ്ടുന്നു. 1993ല്‍ 'ഇരകളുടെ പ്രതിരോധസേന'യായി സ്വയം ഉദ്ഘോഷിച്ച് രംഗത്തുവന്ന എന്‍ഡിഎഫ് ദേശത്തും വിദേശത്തും വിധ്വംസകബന്ധങ്ങളുള്ള വേട്ടക്കാരുടെ ക്രിമിനല്‍ കൂട്ടമാണെന്ന് ഏറെ വൈകാതെ തെളിയിച്ചു. കുഞ്ഞാലിക്കുട്ടിയില്‍നിന്ന് ഇന്നേവരെ മലയാളികള്‍ എന്‍ഡിഎഫിനെതിരെയുള്ള രൂക്ഷവിമര്‍ശം കേട്ടിട്ടില്ല. എന്‍ഡിഎഫിനെതിരെ അദ്ദേഹത്തിന് സംസാരിച്ച് ശീലമില്ല. എന്‍ഡിഎഫിനെ സഹായിച്ചേ ശീലമുള്ളൂ. ഇതിനര്‍ഥം കുഞ്ഞാലിക്കുട്ടിയോ മറ്റ് ചില ലീഗ് നേതാക്കളോ തീവ്രവാദ ചിന്താഗതിക്കാരാണ് എന്നല്ല. എന്‍ഡിഎഫിനെ ലീഗിലെ ഒരു വിഭാഗവും അവരെ എന്‍ഡിഎഫും പരസ്പരം സമര്‍ഥമായി ഉപയോഗിക്കുന്നു എന്നാണ് പറഞ്ഞുവരുന്നത്. ഒരുതരം 'ക്രിമിനല്‍ സംബയോസിസ്' എന്നു പറയാം. പട്ടാപ്പകല്‍ ലീഗും നട്ടപ്പാതിരയ്ക്ക് എന്‍ഡിഎഫുമായി വേഷംമാറുന്ന ഒരുപാട് ഉഭയരാഷ്‌ട്രീയ ജന്മങ്ങള്‍ ലീഗില്‍ ഇപ്പോഴുമുണ്ട്. അത്തരക്കാര്‍ ബോംബ് നിര്‍മാണ വിദഗ്ധരും ആയോധനകലയില്‍ നിപുണരുമാണ്. ഇവരെ ലീഗിലെ ഒരുവിഭാഗം തങ്ങളുടെ ഹീനരാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഏതൊക്കെ 'നിര്‍ണായകഘട്ട'ങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട് എന്ന തിക്തസത്യം മാത്രമേ ഇനി പുറത്തുവരാനുള്ളൂ.
? ? ? !
ലേഖനം ഏകപക്ഷീയമായ വായനക്ക് മകുടോദാഹരണം!
ബോംബുണ്ടാക്കാന്‍ അറിയാത്തവര്‍ ആരാണ് കേരളത്തില്‍ ഉള്ളത്...അത് പൊട്ടിക്കാത്തവര്‍ ഉണ്ടോ... ഇതുപോലെ മുമ്പും അബദ്ധത്തില്‍ പൊട്ടി ഉണ്ടാക്കിയവര്‍ മരിച്ചിട്ടില്ലേ..അരിവാള്‍, വടിവാള്‍, കുറുവടി ഒക്കെ വീശാന്‍ അറിയാത്തവര്‍ ആരാണുള്ളത്...എന്തിനാണ് ഇങ്ങനെ കണ്ണടച്ച് ഇരുട്ടാക്കുന്നത് ?
അതുകൊണ്ട് ഐക്കരപ്പടിയനും വിചാരിച്ചു ഒന്നുണ്ടാക്കിക്കളയാമെന്നു.
അതുകൊണ്ട് ഐക്കരപ്പടിയനും വിചാരിച്ചു ഒന്നുണ്ടാക്കിക്കളയാമെന്നു.
Post a Comment