വളം, മണ്ണെണ്ണ, പാചകവാതകം-പതുക്കെ അരി, പഞ്ചസാര. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഇന്ന് ഇവ വാങ്ങുമ്പോള്‍ ലഭിക്കുന്ന സബ്‌സിഡി എന്നറിയപ്പെടുന്ന വിശേഷാല്‍ സര്‍ക്കാര്‍ സഹായം അനര്‍ഹരായവര്‍ ചോര്‍ത്തിയെടുക്കുന്നുവെന്ന പേരില്‍ ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ളവരെ 'കൃത്യമായി' കണ്ടെത്തി അവര്‍ക്കുമാത്രം ഇനിയങ്ങോട്ട് നേരിട്ട് കാശായി കൈമാറാനുള്ള കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ നീക്കം രാജ്യത്തെ സാധാരണക്കാരുടെ, വിശേഷിച്ച് കേരളത്തിലെ ഇടത്തരക്കാരായ ജനങ്ങളുടെ, നെഞ്ചത്തോങ്ങിയ പട്ടില്‍ പൊതിഞ്ഞ ഒരു കത്തിയാണ്. ഈ കത്തി നീളുന്നത് നീണ്ട അവകാശസമരങ്ങളിലൂടെ സംസ്ഥാനത്ത് വേരുറച്ച സാര്‍വത്രിക പൊതുവിതരണ സംവിധാനത്തിന്റെ കടയ്‌ക്കലേക്കാണ്.
ഒറ്റനോട്ടത്തില്‍ ദരിദ്രര്‍ക്കും നാമമാത്ര കര്‍ഷകര്‍ക്കും ഗുണകരമെന്ന് തോന്നിപ്പിക്കുന്ന കേന്ദ്രബജറ്റിലെ ഈ കൌശലം ധനികരുടെ വളര്‍ച്ചയെ മാത്രം ഭരണകൂടം നേരിട്ട് സഹായിക്കുക, മറ്റെല്ലാം ക്രമേണ കമ്പോളത്തിന്റെ വികൃതിക്കുവിടുക എന്ന രാജീവ് ഗാന്ധി മുതലിങ്ങോട്ടുള്ള എല്ലാ കോൺഗ്രസ് നേതൃത്വവും പിന്തുടരുന്ന ഉദാരവല്‍ക്കരണ ആഗോളവല്‍ക്കരണ നയങ്ങളുടെ നേര്‍സാക്ഷ്യമാണ്. പൊതുവിതരണ സംവിധാനത്തെതന്നെ; അതില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ചോര്‍ച്ചയുടെ പേരില്‍ അവമതിപ്പെടുത്തി ഇല്ലാതാക്കുക എന്ന മന്‍മോഹന്‍സിങ്, മോൺടേക് സിങ് അലുവാലിയ തുടങ്ങിയ പരസ്യമായ അമേരിക്കന്‍ പക്ഷപാതികളുടെ തലയിലുദിച്ച ഈ കുടിലതന്ത്രം ആത്മാഭിമാനികളായ കോൺഗ്രസ് അനുഭാവികള്‍തന്നെ തിരസ്‌കരിക്കുമെന്നുറപ്പാണ്.
ഇത്തരമൊരു നീക്കത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഭാഗമായ എ കെ ആന്റണി, വയലാര്‍ രവി, മുല്ലപ്പള്ളി, ഇ അഹമ്മദ് സാഹിബ് എന്നിവര്‍ പുലര്‍ത്തുന്ന ചെവിടടപ്പിക്കുന്ന മൌനം അവരെ അസ്വസ്ഥരാക്കാതിരിക്കില്ല. അസംബ്ളി തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപനത്തിന് മുമ്പ് ബിപിഎല്‍, എപിഎല്‍ വ്യത്യസമില്ലാതെ കേരളത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും കിലോയ്‌ക്ക് രണ്ട് രൂപ നിരക്കില്‍ അരി വിതരണംചെയ്യാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഇലക്ഷന്‍ കമീഷന് പരാതിയുമായി പോയ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫിന്റെ സമീപനവും കേന്ദ്രത്തിന്റെ പുത്തന്‍ സബ്‌സിഡി നയവുമായുള്ള സാമ്യം അവരെ വരുന്നാളുകളില്‍ സ്വാധീനിക്കുകയുംചെയ്യും.
മൂശയിലുള്ള ഈ നേരിട്ട് കാശുകൊടുപ്പ് പദ്ധതിക്ക് കോൺഗ്രസ് പറയുന്ന ന്യായമെന്താണ്? പാവപ്പെട്ടവര്‍ക്കുവേണ്ടി ഖജനാവ് നഷ്‌ടംസഹിച്ച് സൌജന്യ നിരക്കില്‍ റേഷന്‍ ഷോപ്പുകളിലൂടെ വിതരണംചെയ്യുന്ന മണ്ണെണ്ണ പണക്കാര്‍ വിതരണക്കാരുടെ സഹായത്തോടെ തട്ടിയെടുക്കുന്നു. പൊതുമേഖലാ എണ്ണക്കമ്പനികള്‍ ദണ്ണംസഹിച്ച് എപിഎല്‍ -ബിപിഎല്‍ വ്യത്യാസമില്ലാതെ താഴ്ന്ന വിലയ്‌ക്ക് വിതരണംചെയ്യുന്ന പാചകവാതകക്കുറ്റികള്‍ വിതരണക്കാര്‍ വന്‍കിട ഹോട്ടലുടമകളടക്കമുള്ള അനര്‍ഹര്‍ക്ക് മറിച്ചുവില്‍ക്കുന്നു. വളത്തിന് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ കൊടുക്കുന്ന സബ്‌സിഡി ഫലത്തില്‍ വളനിര്‍മാതാക്കള്‍ക്ക് മാത്രം ഗുണംചെയ്യുന്നു. റേഷനരിയും ഗോതമ്പും സ്വകാര്യ മൊത്തവ്യാപാരികളുടെ ഗുദാമുകളിലേക്ക് നേരിട്ടെത്തുന്നു. കേന്ദസര്‍ക്കാര്‍തന്നെ വലിയ അളവില്‍ ഉത്തരവാദിത്തം പേറേണ്ട ഈ യാഥാര്‍ഥ്യത്തെ മറയാക്കിയാണ് കോൺഗ്രസ് നേതൃത്വം ഭക്ഷ്യസുരക്ഷയടക്കമുള്ള കാര്യങ്ങളില്‍ ഇരിക്കുന്ന കൊമ്പ് മുറിക്കാനൊരുങ്ങുന്നത്.
സിപിഐ എമ്മിന്റെ കഴിഞ്ഞ കേന്ദ്രകമ്മിറ്റിയോഗത്തിനുശേഷം പുറത്തിറക്കിയ കുറിപ്പില്‍ സൂചിപ്പിച്ചതുപോലെ പൊതുവിതരണ സംവിധാനത്തിലെ അവിതര്‍ക്കിതമായ ചോര്‍ച്ചയുടെ പരിഹാരം അത് കൂടുതല്‍ ക്ഷീണിപ്പിക്കുന്നതിലല്ല, ശരിയായ നയസമീപനങ്ങളിലൂടെയും ആധുനിക സാങ്കേതിക വിദ്യയുടെയും സഹായത്തോടെ ചോര്‍ച്ചകള്‍ അടയ്‌ക്കാനുള്ള മാര്‍ഗങ്ങള്‍ തേടുന്നതിലാണ്. ഇതിനു പകരം യുപിഎ സര്‍ക്കാര്‍ വാഗ്ദാനംചെയ്യുന്നത് അതതുകാലത്തെ രൂപയുടെ വിലനിലവാരം കണക്കാക്കി, നിരക്കില്‍ നല്‍കുന്ന ഇളവ് രൂപയില്‍ ഗണിച്ച് ആ തുക ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ളവര്‍ക്ക് മാത്രമായി കൈമാറുമെന്ന ആകാശകുസുമമാണ്.
രാജ്യത്താകമാനം 1993-94ല്‍ നിലവിലിരുന്ന റേഷനിങ് സംവിധാനത്തിനു കീഴില്‍ അരിയുടെ ചോര്‍ച്ച 19 ശതമാനമായിരുന്നു എന്നാണ് ദേശീയ സാമ്പത്തിക സാമ്പിള്‍ സര്‍വേ കാണിക്കുന്നത്. പിന്നീടങ്ങോട്ട് തകൃതിയായി മുന്നേറിയ സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ ഉച്ചിയില്‍, 2004-2005ല്‍ റേഷന്‍ ദാരിദ്ര്യഖേയ്‌ക്ക് താഴെയുള്ളവര്‍ക്കു മാത്രമായി വെട്ടിക്കുറച്ചതിനുശേഷം അരിയുടെ വിതരണത്തിലെ ചോര്‍ച്ച 40 ശതമാനമായാണ് ഉയര്‍ന്നത്. ഗോതമ്പിന്റെ കാര്യത്തിലും ഇതേ കാലയളവില്‍ സ്ഥിതി തഥൈവ.
ഞെട്ടിക്കുന്ന ഒരു വസ്‌തുതകൂടി ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ബിപിഎല്‍കാര്‍ക്കായി റേഷന്‍വിതരണം പരിമിതപ്പെടുത്തിയതിനുശേഷം റേഷന്‍ ഷോപ്പുകളില്‍നിന്നുള്ള ഭക്ഷ്യധാന്യത്തിന്റെ ആളോഹരി ഉപഭോഗം ഒരൌൺസുപോലും കൂടിയിട്ടില്ല. അതേസമയം പൊതുവിതരണ ശൃംഖലയിലൂടെ വിതരണം ചെയ്‌ത അരിയുടെയും ഗോതമ്പിന്റെയും അളവ് ഇരട്ടിക്കുകയും അതേ തോതില്‍ സബ്‌സിഡിത്തുക വളരുകയും ചെയ്‌തു. ഇത് വിശദീകരിക്കുന്നതിന് ജോര്‍ജ് ബുഷ് തൊട്ട് മോൺടേക്ക് സിങ് വരെ പറയുന്ന കുപ്രസിദ്ധമായ ന്യായമാണ്, നാട്ടുമ്പുറത്തെ പാവപ്പെട്ടവര്‍ അതിവേഗം നഗരത്തിലെ പണക്കാരെപ്പോലെ ചോറിനുപകരം പിസ്‌തയും ബര്‍ഗറും മറ്റും കഴിച്ചു കൊഴുക്കുകയാണെന്നത്. കാര്‍ഷിക ആത്മഹത്യയുടെ കാരണം കടമല്ല അമിത ശരീരഭാരമാണെന്ന അന്യായം. ഏറെ ചര്‍ച്ചചെയ്യപ്പെട്ട ദേശീയ ഭക്ഷ്യസുരക്ഷാ ബില്ലിനെക്കുറിച്ച് കോൺഗ്രസിന്റെ ഉന്നതതലങ്ങളില്‍ തന്നെ സമവായമില്ലെന്നിരിക്കെയാണ് ഈ വര്‍ഷത്തെ വാര്‍ഷിക സാമ്പത്തിക അവലോകനത്തില്‍ സബ്‌സിഡിക്കു പകരം നേരിട്ടുള്ള കാശ് കൈമാറ്റം എന്ന കാര്യപരിപാടി കേന്ദ്ര ആസൂത്രണ കമീഷന്‍ അവതരിപ്പിക്കുന്നതും അതിനെ പിന്‍പറ്റി കേന്ദ്ര ബജറ്റില്‍ ഇത് നടപ്പാക്കുമെന്ന് പ്രണബ് മുഖര്‍ജി പ്രഖ്യാപിക്കുന്നതും.
ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ളവരെ കൃത്യമായി കണ്ടുപിടിച്ച് അനര്‍ഹരെ പുറത്താക്കാന്‍ ഉപയോഗിക്കാനുദ്ദേശിക്കുന്നത് വലിയ ജനകീയ എതിര്‍പ്പ് ഇതിനകം വിളിച്ചുവരുത്തിയിട്ടുള്ള ഫോട്ടോ പതിച്ച ആധാര്‍ എന്ന പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകളിലൂടെയാകും. ഈ ദുസ്വപ്‌നത്തോടൊപ്പം ചേര്‍ത്തുവായിക്കേണ്ട ഒരിന്ത്യന്‍ യാഥാര്‍ഥ്യമുണ്ട്. കേരളത്തിനു പുറത്തുള്ള ദരിദ്രരില്‍ മൂന്നില്‍ രണ്ടുഭാഗത്തിനും ഇനിയും ബിപിഎല്‍ കാര്‍ഡോ അന്ത്യോദയ കാര്‍ഡോ ഇല്ല. ഉള്ളവരില്‍തന്നെ 65 ശതമാനം ജീവിക്കുന്നത് റേഷന്‍ കടകളില്‍ പോയി തങ്ങള്‍ക്കുവേണ്ട അരിയും ഗോതമ്പും വാങ്ങുവാന്‍ കഴിയുന്ന പശ്ചാത്തല സൌകര്യങ്ങള്‍ ഇല്ലാത്തിടത്താണ്. റേഷന്‍ കടകള്‍ കൃത്യസമയത്ത് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍പോലും കഴിയാത്ത സംസ്ഥാന സര്‍ക്കാരുകളുടെ ഇടയ്‌ക്ക് കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഛത്തീസ് ഗഢിലെയും വിജയകരമായ പൊതുവിതരണ സംവിധാനങ്ങളില്‍നിന്ന് ഒന്നും പഠിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ തികച്ചും അപ്രായോഗികമായ സബ്‌സിഡി ബദലുകളുമായി ഇറങ്ങിയിരിക്കുന്നത്.
തീര്‍ത്തും അവശ ജനവിഭാഗങ്ങള്‍ക്ക് പ്രാദേശികതലത്തില്‍ പ്രത്യേക സഹായധനം നേരിട്ട് കൈമാറുന്ന ചില പദ്ധതികള്‍ ബ്രസീല്‍പോലുള്ള രാജ്യങ്ങളില്‍ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍, അവിടെയെല്ലാം നിലവിലുള്ള സബ്‌സിഡികള്‍ വെട്ടിച്ചുരുക്കാതെ, കൂടുതലാളുകളെ സുരക്ഷാവലയത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരധിക പദ്ധതിയായിട്ടാണ് അവ വിഭാവനംചെയ്യപ്പെട്ടതും നടപ്പാക്കപ്പെട്ടതും. അവയും ഇവിടെ തിരനോട്ടം നടത്തുന്ന സബ്‌സിഡിക്കു പകരം നേരിട്ട് കാശ് എന്ന പദ്ധതിയും തമ്മിലുള്ള അന്തരം ലുലയെയും മന്‍മോഹന്‍ സിങ്ങിനെയും വേര്‍തിരിക്കുന്ന ചെറുതല്ലാത്ത പ്രത്യയശാസ്‌ത്രപരമായ ദൂരമാണ്. ഇവിടെ കേള്‍ക്കുന്ന കേളികൊട്ട് സാമ്പത്തിക പരിഷ്‌കാരത്തിന്റേതല്ല കഴുത്തറുപ്പന്‍ കമ്പോള ശക്തികളുടെ മുമ്പിലേക്ക് സാധാരണക്കാരെയും കര്‍ഷകരെയും വലിച്ചെറിയുന്ന കലിയവതാരത്തിന്റേതാണ്.
ഏതായാലും കേരളത്തില്‍ കേന്ദ്രത്തിന്റെ കാശുകാട്ടിക്കളി ചെലവാകുമെന്ന് തോന്നുന്നില്ല. തനിക്കര്‍ഹമായ വളം സബ്‌സിഡി തുക സര്‍ക്കാരുദ്യോഗസ്ഥന്‍ കണക്കാക്കി മാസാമാസം വീട്ടിലെത്തിച്ചുതരുമെന്ന് വിശ്വസിക്കാന്‍മാത്രം രാഷ്‌ട്രീയതിമിരം ബാധിച്ചവരല്ല കോട്ടയത്തെയും ഇടുക്കിയിലെയും കെ എം മാണിയുടെ 'അധ്വാനവര്‍ഗം'. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി നടപ്പാക്കിവരുന്ന എണ്ണമറ്റ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ നേട്ടം ഏറ്റവുമധികം നേരിട്ടനുഭവിച്ച സ്‌ത്രീകളുടെ മനോഭാവവും മറ്റൊന്നാകാന്‍ വഴിയില്ല. സ്‌ത്രീകള്‍ അപമാനിക്കപ്പെടുന്നതിനെതിരെയും അവരുടെ സാമ്പത്തിക സുരക്ഷിതത്വത്തിനും വേണ്ടി മറ്റെന്തിലുംമീതെ പ്രയത്നിച്ച ഭരണത്തെ അടുത്തറിഞ്ഞ അവരെ, സബ്‌സിഡികള്‍ ഇല്ലാതാവുന്നതിന്റെ സാമ്പത്തികശാസ്‌ത്രം ആരും പ്രത്യേകം പഠിപ്പിക്കണ്ടതില്ല.
ഇപ്പോഴും പുരുഷാധിപത്യം പിടിയയക്കാന്‍ വിസമ്മതിക്കുന്ന കുടുംബ പശ്ചാത്തലത്തില്‍ പുരുഷന്റെ കീശയിലെത്തുന്ന അധികകാശ് അരിക്കും ഗ്യാസിനും കുട്ടികളുടെ സ്‌കൂള്‍ ഫീസിനും മരുന്നുചെലവിനും കിട്ടണമെന്നില്ലെന്നറിയുന്ന കേരളത്തിലെ സ്‌ത്രീകള്‍ ഇടതുപക്ഷത്തോടൊപ്പം തന്നെയാകും നിലകൊള്ളുക. ഇപ്പോള്‍ ലഭിക്കുന്ന സാമൂഹ്യ സംരക്ഷണത്തിനുപുറമെ സംസ്ഥാനത്തെ ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന കുടുംബങ്ങളില്‍ ജനിച്ചുവീഴുന്ന ഓരോ കുട്ടിക്കും പതിനായിരം രൂപയുടെ ദീര്‍ഘകാല കരുതല്‍ നിക്ഷേപവും അമ്പതു വയസ്സ് പൂര്‍ത്തിയാക്കിയ എല്ലാ അവിവാഹിതകള്‍ക്കും വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും അഞ്ഞൂറുരൂപ വീതം പെന്‍ഷനും നിര്‍ദേശിക്കുന്ന തോമസ് ഐസക്കിന്റെ പൊന്‍തൂവലും പ്രണബ് മുഖര്‍ജിയുടെ പട്ടില്‍ പൊതിഞ്ഞ കത്തിയും തിരിച്ചറിയുന്നതിന് അവര്‍ക്ക് ഒരു പാഴൂര്‍പടിക്കലും പോകേണ്ടിവരില്ല. ആ തിരിച്ചറിവ് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും നയിക്കുന്ന യുഡിഎഫിന്റെ വിഷുഫലം നിര്‍ണയിച്ചാല്‍ ഒരു കണിയാനെയും പഴിപറയാനുമാകില്ല. ഒരു പക്ഷേ പഴിയേല്‍ക്കേണ്ടിവരിക കേന്ദ്രം ഭരിക്കുന്ന എ കെ ആന്റണിയും വയലാര്‍ രവിയും മുല്ലപ്പള്ളിയും ഇ അഹമ്മദ് സാഹിബും മാത്രമായിരിക്കും.
*****
എൻ മാധവൻകുട്ടി, കടപ്പാട് : ദേശാഭിമാനി 10-03-2011
Subscribe to:
Post Comments (Atom)
1 comment:
വളം, മണ്ണെണ്ണ, പാചകവാതകം-പതുക്കെ അരി, പഞ്ചസാര. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഇന്ന് ഇവ വാങ്ങുമ്പോള്‍ ലഭിക്കുന്ന സബ്‌സിഡി എന്നറിയപ്പെടുന്ന വിശേഷാല്‍ സര്‍ക്കാര്‍ സഹായം അനര്‍ഹരായവര്‍ ചോര്‍ത്തിയെടുക്കുന്നുവെന്ന പേരില്‍ ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ളവരെ 'കൃത്യമായി' കണ്ടെത്തി അവര്‍ക്കുമാത്രം ഇനിയങ്ങോട്ട് നേരിട്ട് കാശായി കൈമാറാനുള്ള കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ നീക്കം രാജ്യത്തെ സാധാരണക്കാരുടെ, വിശേഷിച്ച് കേരളത്തിലെ ഇടത്തരക്കാരായ ജനങ്ങളുടെ, നെഞ്ചത്തോങ്ങിയ പട്ടില്‍ പൊതിഞ്ഞ ഒരു കത്തിയാണ്. ഈ കത്തി നീളുന്നത് നീണ്ട അവകാശസമരങ്ങളിലൂടെ സംസ്ഥാനത്ത് വേരുറച്ച സാര്‍വത്രിക പൊതുവിതരണ സംവിധാനത്തിന്റെ കടയ്‌ക്കലേക്കാണ്.
ഒറ്റനോട്ടത്തില്‍ ദരിദ്രര്‍ക്കും നാമമാത്ര കര്‍ഷകര്‍ക്കും ഗുണകരമെന്ന് തോന്നിപ്പിക്കുന്ന കേന്ദ്രബജറ്റിലെ ഈ കൌശലം ധനികരുടെ വളര്‍ച്ചയെ മാത്രം ഭരണകൂടം നേരിട്ട് സഹായിക്കുക, മറ്റെല്ലാം ക്രമേണ കമ്പോളത്തിന്റെ വികൃതിക്കുവിടുക എന്ന രാജീവ് ഗാന്ധി മുതലിങ്ങോട്ടുള്ള എല്ലാ കോണ്‍ഗ്രസ് നേതൃത്വവും പിന്തുടരുന്ന ഉദാരവല്‍ക്കരണ ആഗോളവല്‍ക്കരണ നയങ്ങളുടെ നേര്‍സാക്ഷ്യമാണ്. പൊതുവിതരണ സംവിധാനത്തെതന്നെ; അതില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ചോര്‍ച്ചയുടെ പേരില്‍ അവമതിപ്പെടുത്തി ഇല്ലാതാക്കുക എന്ന മന്‍മോഹന്‍സിങ്, മോണ്‍ടേക് സിങ് അലുവാലിയ തുടങ്ങിയ പരസ്യമായ അമേരിക്കന്‍ പക്ഷപാതികളുടെ തലയിലുദിച്ച ഈ കുടിലതന്ത്രം ആത്മാഭിമാനികളായ കോണ്‍ഗ്രസ് അനുഭാവികള്‍തന്നെ തിരസ്‌കരിക്കുമെന്നുറപ്പാണ്.
Post a Comment